1868 – മലയാള ഭാഷാവ്യാകരണം – രണ്ടാം അച്ചടിപ്പു – ഹെർമ്മൻ ഗുണ്ടർട്ട്

ആമുഖം

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു പ്രധാന പുസ്തകമാണ് ഗുണ്ടർട്ടിൻ്റെ മലയാള ഭാഷാവ്യാകരണത്തിൻ്റെ വിവിധ പതിപ്പുകൾ. അതിൽ മലയാള ഭാഷാവ്യാകരണത്തിൻ്റെ ആദ്യത്തെ ലെറ്റർ പ്രസ്സ് അച്ചടി പതിപ്പിൻ്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നുള്ള അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 175-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മലയാള ഭാഷാവ്യാകരണം
  • രചയിതാവ്: ഹെർമ്മൻ ഗുണ്ടർട്ട്
  • പതിപ്പ്: രണ്ടാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം:1868
  • താളുകളുടെ എണ്ണം:  ഏകദേശം 460
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
1868 - മലയാള ഭാഷാവ്യാകരണം - രണ്ടാം അച്ചടിപ്പു - ഹെർമ്മൻ ഗുൻദർത്ത്
1868 – മലയാള ഭാഷാവ്യാകരണം – രണ്ടാം അച്ചടിപ്പു – ഹെർമ്മൻ ഗുൻദർത്ത്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഗുണ്ടർട്ടിൻ്റെ വ്യാകരണത്തിൻ്റെ വിവിധ കൈയെഴുത്ത് പ്രതികൾ നമുക്ക് ഇതിനകം കിട്ടി കഴിഞ്ഞു. അതിൽ പ്രധാനം ഇംഗ്ലീഷിലുള്ള കൈയെഴുത്ത് പ്രതിയാണ്. അതിൻ്റെ സ്കാൻ ഇവിടെ കാണാം. മറ്റൊന്ന് വിവിധ നോട്ടുപുസ്തകങ്ങളിലായി നിരന്നു കിടക്കുന്ന വ്യാകരണകുറിപ്പുകൾ ആണ്. ഇതിൻ്റെ തുടർച്ചയായി അദ്ദേഹം 1851ൽ മലയാളഭാഷാവ്യാകരണം തലശ്ശേരിയിലെ കല്ലച്ചിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. പക്ഷെ അത് അപൂർണ്ണമായിരുന്നു. അതിൻ്റെ ഭാഗമായി തന്നെ ഗുണ്ടർട്ട് വ്യാകരണം ചോദ്യോത്തരരൂപത്തിലാക്കി ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ് സായിപ്പ് മുൻകൈ എടുത്ത് 1867ലും 1870ലും പ്രസിദ്ധീകരിച്ചു. അതിൻ്റെ സ്കാനുകൾ നമ്മൾ ഇതിനകം കണ്ടതാണ്. അത് ഇവിടെ കാണാം.

എന്നാൽ 1851ൽ പ്രസിദ്ധികരിച്ച മലയാളഭാഷാവ്യാകരണം അപൂർണ്ണമായിരുന്നു. 1859ൽ ഗുണ്ടർട്ട് കേരളം വിടുകയും ചെയ്തു. തുടർന്ന് ജർമ്മനിയിൽ ഇരുന്നു കൊണ്ടാണ്  അദ്ദേഹം മലയാളഭാഷാവ്യാകരണം പൂർത്തിയാക്കാനുള്ള കുറിപ്പുകൾ E. Diez എന്ന ബാസൽ മിഷൻ മിഷനറിക്ക് അയച്ചു കൊടുക്കുന്നത്. E. Diez എഡിറ്ററായി  മലയാള ഭാഷാവ്യാകരണത്തിൻ്റെ രണ്ടാം പതിപ്പ് 1868ൽ പുറത്തിറങ്ങി. അതിൻ്റെ സ്കാനാണ് ഇത്. ഇതോടു കൂടി തൻ്റെ മലയാളഭാഷ വ്യാകരണം പൂർണ്ണമാകുന്നു എന്നാണ് ടൈറ്റിൽ പേജിൽ തന്നെയുള്ള Completed എന്ന കുറിപ്പിൽ നിന്ന് മനസ്സിലാക്കേണ്ടത്.

ആമുഖത്തിൽ തന്നെ എഡിറ്ററായ E. Diez മലയാളഭാഷാവ്യാകരണത്തെ പറ്റി സുദീർഘമായ ഒരു കുറിപ്പ് തയ്യാറാക്കിയിട്ടൂണ്ട്. അതിൽ നിന്ന് മലയാളഭാഷാ വ്യാകരണ പ്രസിദ്ധീകരണ ചരിത്രം ഏകദേശം ലഭിക്കും.

ഇതിൻ്റെ മുഖവരയിൽ ഏഡിറ്റർ മലയാള വ്യാകരണത്തെ പറ്റി പറയുന്നത് ഇങ്ങനെ:

വ്യാകരണം​ ഇല്ലാത്ത ഭാഷ ലോകത്തിൽ ഇല്ല; മലയാളഭാഷക്കും വ്യാകരണം ഇല്ലെന്നല്ല. ഇത്രോടം അതിനെ കണ്ടു കിട്ടാഞ്ഞതൊ നമ്മുടെ ഈ ഭാഷയെ തുഛ്ശീകരിച്ചു വ്യാകരണം ചമപ്പാൻ പ്രയാസംനിമിത്തം മടിച്ചു സംസ്കൃതത്തിൽ അധികം രസിച്ചതിന്നാലും അത്രെ. മലയാളിവിദ്വാന്മാർ ഏറിയ ഗ്രന്ഥങ്ങളെ വായിച്ചു കാവ്യാദികളെ പഠിച്ചതിന്നാൽ ഒരു വക അവ്യ
ക്തവ്യാകരണത്തെ മനസ്സിൽ സംഗ്രഹിച്ചിട്ടു ചില പദ്യങ്ങളെ ചമച്ചു പഠിപ്പിച്ചു പോന്നു. ഇങ്ങിനെ മലയാളവിദ്യ വില കുറഞ്ഞു മലയാളവിദ്വാന്മാരും ചുരുങ്ങിയതിന്നാലും വ്യാകരണം സാധാരണ അവകാശം ആകയാലും ബാസൽ ജൎമ്മൻ മിശ്യൊനിലെ ആൎയ്യനായ ഹെൎമ്മൻ ഗുൻദൎത്ത് പണ്ഡിതർ ഇരുപത്തഞ്ചിൽ ചില്വാനം കൊല്ലം അദ്ധ്വാനിച്ചു ഈ ഭാഷാവ്യാകരണ
ത്തെ ചമച്ചത്.

ആമുഖത്തിനു ശേഷം നേരിട്ട് വ്യാകരണത്തിൻ്റെ ഉള്ളടക്കം തുടങ്ങുകയാണ്. ഉള്ളടക്കപ്പട്ടിക അതിനു ശേഷം ആണ് കൊടുത്തിരിക്കുന്നത്.  അതിനു ശേഷം പുസ്തകത്തിൽ ഉപയോഗിച്ച കുറിയക്ഷരങ്ങളുടെ പട്ടിക, തുടർന്ന് ഉദാഹരണങ്ങൾക്കായി ഉപയോഗിച്ച ഗ്രന്ഥങ്ങളുടെ പട്ടിക, അതിനെ തുടർന്ന് ശുദ്ധപത്രം എന്ന രീതിയിൽ ആണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

1990കളിൽ ഡോ: സ്കറിയ സക്കറിയ മലയാളഭാഷാവ്യാകരണത്തിൻ്റെ രണ്ടാം പതിപ്പ് (അതായത് ഈ പതിപ്പ് തന്നെ) അദ്ദേഹത്തിൻ്റെ സുദീർഘമായ പഠനത്തോടു കൂടി പുനഃപ്രസിദ്ധീകരിച്ചിരുന്നു. ആ പഠനം വായിക്കുന്നത് ഇതിൻ്റെ ഉള്ളടക്കം കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അതിനായി ഇതിനകം വിവിധ പണ്ഡിതർ ഈ പുസ്തകത്തെ പറ്റി എഴുതിയ കുറിപ്പുകൾ വായിക്കുക. ഈ പുസ്തകത്തിൻ്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിൻ്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിൻ്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

പഞ്ചതന്ത്രം കിളിപ്പാട്ട് — കുഞ്ചൻ നമ്പ്യാർ — കൈയെഴുത്തുപ്രതി

ആമുഖം

കുഞ്ചൻ നമ്പ്യാർ കിളിപ്പാട്ട് രൂപത്തിൽ ആക്കിയ പഞ്ചതന്ത്രം കിളിപ്പാട്ട്  എന്ന കൃതിയുടെ കൈയെഴുത്ത് പ്രതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 143-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പഞ്ചതന്ത്രം കിളിപ്പാട്ട്
  • രചയിതാവ്: സംസ്കൃതത്തിലുള്ള മൂലകൃതിയുടെ രചയിതാവ് വിഷ്ണുശർമ്മ ആണെന്ന് കരുതപ്പെടുന്നു. കുഞ്ചൻ നമ്പ്യാർ ഇത് കിളിപ്പാട്ട് രൂപത്തിൽ  മലയാളത്തിലാക്കി.
  • താളുകളുടെ എണ്ണം: 63
  • എഴുതപ്പെട്ട കാലഘട്ടം:  1840നും 1860നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ കൈയെഴുത്ത് രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
പഞ്ചതന്ത്രം കിളിപ്പാട്ട് — കുഞ്ചൻ നമ്പ്യാർ — കൈയെഴുത്തുപ്രതി
പഞ്ചതന്ത്രം കിളിപ്പാട്ട് — കുഞ്ചൻ നമ്പ്യാർ — കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ജീവിതവിജയത്തിന് ആവശ്യമായ ധർമ്മതത്വങ്ങളും നീതിസാരങ്ങളും കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണുശർമ്മ  സംസ്കൃതത്തിൽ എഴുതിയ ഗ്രന്ഥമാണ് പഞ്ചതന്ത്രം. കുഞ്ചൻ നമ്പ്യാർ ഇത് പതിനെട്ടാം നൂറ്റാണ്ടിൽ മലയാളത്തിലേക്ക് കിളിപ്പാട്ട് രൂപത്തിൽ പരിഭാഷ ചെയ്തു. കുഞ്ചൻ നമ്പ്യാരുടെ പഞ്ചതന്ത്രം കിളിപ്പാട്ടിന്റെ കൈയെഴുത്ത് രേഖ ആണിത്.

ഇത് ഗുണ്ടർട്ട് താളിയോലയും മറ്റും നോക്കി കടലാസിലേക്ക് പകർത്തിയെഴുതിയതാണ്. ഇങ്ങനെ പകർത്തിയെഴുതിയ പല കൃതികളും അദ്ദേഹം തന്റെ മലയാളവ്യാകരണം, നിഘണ്ടു എന്നിവയുടെ നിർമ്മാണത്തിന്നു സമൃദ്ധമായി ഉപയോഗിക്കുന്നുണ്ട്.

കടലാസ്സിലുള്ള ഈ കൈയെഴുത്ത് പ്രതിയുടെ മാർജ്ജിനിൽ ഗുണ്ടർട്ട് ഇംഗ്ലീഷിൽ വാക്കുകളുടെ അർത്ഥം രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. അദ്ദേഹം നിഘണ്ടുവിനായും മറ്റും വാക്കുകൾ തിരഞ്ഞതിന്റെ ശേഷിപ്പാക്കാം അത്.

ഇത് അപൂർണ്ണവുമാണ്.

ഈ കൃതിയുടെ ഒരു താളിയോല പതിപ്പ് നമുക്ക് ഇതിനകം കിട്ടിയതാണ്. അത് ഇവിടെ കാണാം.

ഈ രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്.  അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.

വ്യവഹാരമാല വ്യാഖ്യാനം – മഴമംഗലം നാരായണൻ നമ്പൂതിരി – താളിയോല പതിപ്പ്

ആമുഖം

മഴമംഗലം നാരായണൻ നമ്പൂതിരി രചിച്ച വ്യവഹാരമാല എന്ന സംസ്കൃത കൃതിയുടെ മലയാളവ്യാഖ്യാനത്തിന്റെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു താളിയോല രേഖയാണ്. ഇത് ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 140-ാമത്തെ  പൊതുസഞ്ചയ രേഖയും 19–മത്തെ താളിയോല രേഖയും ആണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: വ്യവഹാരമാല വ്യാഖ്യാനം
  • രചയിതാവ്: മൂലകൃതിയുടെ രചയിതാവ് മഴമംഗലം നാരായണൻ നമ്പൂതിരി. പരിഭാഷകൻ ആരെന്ന് ട്യൂബിങ്ങനിലെ മെറ്റാ ഡാറ്റയിൽ കാണുന്നില്ല.
  • താളിയോല ഇതളുകളുടെ എണ്ണം: 381
  • കാലഘട്ടം:  1600നും 1859നും ഇടയ്ക്കെന്ന് ട്യൂബിങ്ങനിലെ ഈ താളിയോലയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
വ്യവഹാരമാല വ്യാഖ്യാനം – മഴമംഗലം നാരായണൻ നമ്പൂതിരി – താളിയോല പതിപ്പ്
വ്യവഹാരമാല വ്യാഖ്യാനം – മഴമംഗലം നാരായണൻ നമ്പൂതിരി – താളിയോല പതിപ്പ്

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇത് മലയാളകൃതിയാണെങ്കിലും മൂലം സംസ്കൃതം ആയിരിക്കാനാണ് സാദ്ധ്യത. ആർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി എന്നറിയില്ല. കൃതിക്ക് വളരെ പഴക്കം ഉണ്ടായിരിക്കാം എങ്കിലും ഈ താളിയോല പതിപ്പിന് അത്ര പഴക്കമുണ്ടെന്ന് തോന്നുന്നില്ല.

ബ്രിട്ടീഷുകാർ കേരളത്തിൽ ആധിപത്യം ഉറപ്പിക്കുന്നതിനു മുൻപ്  തിരുവതാംകൂർ കൊച്ചി രാജ്യങ്ങളിലെ നിയമ പുസ്തകമായിരുന്നു വ്യവഹാരമാല ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിൽ കാണുന്നു.  കാണുന്നു. ഒന്നു രണ്ട് രെഫറൻസിൽ വ്യവഹാരമാലയെ മോഹനിയാട്ടവുമായി ബന്ധപ്പെടുത്തി കാണുന്നു. (ഉദാഹരണം) എന്താണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത് എനിക്കു മനസ്സിലായില്ല. പൊതുവായി ഈ കൃതിയെ ആധുനികനിയമ സംഹിതകൾ ബ്രിട്ടീഷുകാർ നടപ്പിലാക്കുന്നതിനു മുൻപ് തിരു-കൊച്ചി പ്രദേശത്ത് ഉപയോഗിച്ചിരുന്ന നിയമസംഹിതയായി കരുതാം. ഏകദേശം പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇതിന്റെ നിർമ്മിതി എന്നതിനാൽ ഏതാണ്ട് 250 വർഷത്തിൽ പരം ഇത്  ഉപയോഗത്തിലിരുന്നു എന്നു കരുതാം.

ഈ വ്യാഖ്യാനം രചിച്ചത് ആരെന്ന് കരുതുന്നില്ല. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിൽ കൊല്ലവർഷം 984ൽ (1809) ഒരു ദ്രാവിഡ ബ്രാഹ്മണൻ (അതെന്ത് ബ്രാഹ്മണൻ ആണാവോ) ഒരു ഗദ്യപരിഭാഷ ഉണ്ടാക്കിയതായി പറയുന്നു. ഒരു പക്ഷെ അതായിരിക്കാം ഈ താളിയോല കൃതി.

ഈ താളിയോലയിലെ എഴുത്ത് വളരെ മനോഹരമയാണ് എനിക്ക് തോന്നിയത്. ഞാൻ തന്നെ അതിന്റെ ആദ്യ ഓലയിലെ രണ്ട് വാചകങ്ങൾ വായിച്ചെടുത്തു. വായിച്ചെടുത്തത് താഴെ പേസ്റ്റ് ചെയ്യുന്നു.

ഹരിഃശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു നമസ്തെ നരസിംഹായ ഭക്താനുഗ്രഹ കാരീണൊ അജായ ബഹുരൂപായ സൎഗ്ഗ സ്ഥിതാങ്ക കാരീണൊ എന്നത വ്യവഹാര മാല എന്ന ഗ്രന്ഥത്തെ ഉണ്ടാക്കെണമെന്ന മനസ്സിൽ സം‌കല്പിച്ച ആ ഗ്രന്ഥത്തിന്നു വിഘ്നം വരാതെ ഗ്രന്ഥസമാപ്തി വരെണ്ടുന്നതിന തനിക്ക അഭീഷ്ട ദെവതയായിട്ടുള്ള നരസിംഹസ്വാമിയെ വന്ദിക്കുന്നൂ ഭക്തന്മാൎക്ക അനുഗ്രഹം ചെയ്യുന്നവനായും ജനനമില്ലാത്തവനായും ലൊകാനുഗ്രഹത്തിനായിട്ട അനെക അവതാരങ്ങളൊടും കൂടിയവനായും ലൊകത്തിന്റെ സൃഷ്ടിയും രക്ഷയും സംഹാരത്തെയം ചെയ്യുന്നവനായും നരസിംഹ സ്വരൂപനായിരിക്കുന്ന അങ്ങെക്കായിക്കൊണ്ട നമസ്കാരം

മൊത്തം 380ത്തോളം ഇതളുകൾ ഉള്ള വലിയ ഒരു താളിയോലക്കെട്ടാണിത്. ഓല ആർ എഴുതി എന്നതിന്റെ വിവരം ഇതിൽ കാണുന്നില്ല.

ഈ താളിയോല രേഖയെ വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള ഗ്രേ സ്കെയിൽ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക.