1847 – വെദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ

ഗുണ്ടർട്ട് ലെഗസി പദ്ധതിയുടെ ഭാഗമായി പുറത്ത് വരുന്ന മൂന്നാമത്തെ സ്കാൻ, വെദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ എന്ന പുസ്തകമാണ്.

പൊതുസഞ്ചയരേഖയുടെ വിവരം

  • പേര്: വെദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ
  • താളുകളുടെ എണ്ണം: 8
  • പ്രസിദ്ധീകരണ വർഷം: 1847 
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1847 വെദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ
1847 വെദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ബൈബിളിലെ ഉള്ളടക്കം ചരിത്രവീക്ഷണത്തിലൂടെ കണ്ട്, ബൈബിളിൽ പറയുന്ന സംഭവങ്ങളും അത് നടന്ന വർഷവും ക്രമാനുഗതമായി രേഖപ്പെടുത്തിയിരിക്കുകയാണ് ഈ പുസ്തകത്തിൽ.

ഈ പുസ്തകം രചിച്ച ആളുടെ മറ്റും ഇതിൽ രേഖപ്പെടുത്തിയിട്ടില്ല. പുസ്തകം മിക്കവാറും പരിഭാഷ ആവാനാണ് സാദ്ധ്യത. വർഷം 1847 ആയിരുന്നതിനാൽ ബെഞ്ചമിൻ ബെയിലിയും, ജോസഫ് പീറ്റും, ഹെൻറി ബേക്കറും ഒക്കെയും കേരളത്തിൽ ഉള്ള സമയമാണ്. അതിനാൽ ഇവരിൽ ഒരാളോ അതുമെല്ലെങ്കിൽ കൂട്ടമായോ, ആവോ പുസ്തകം രചിച്ചത്.

പുസ്തകത്തിന്റെ കവർ പേജ് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ഉള്ളടക്കം മൊത്തമായി ലഭ്യമാണ്.

മലയാള പൊതുസഞ്ചയ രേഖ എന്ന നിലയിൽ ഈ പുസ്തകത്തിന്റെ വേറൊരു പ്രത്യേകത കെ.എം. ഗോവി ക്രോഡീകരിച്ച ഗ്രന്ഥസൂചിയിൽ ഇങ്ങനൊരു പുസ്തകത്തെ പറ്റി സൂചന ഇല്ല എന്നതാണ്. അതിനാൽ ഗ്രന്ഥസൂചി വിപുലീകരിക്കാനുള്ള ഒരു പുസ്തകം ലഭ്യമായി.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

മറ്റു പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായി ട്യൂബിങ്ങൻ സ്കാനുകൾ ഞാൻ സ്വന്തമായി പ്രോസസ് ചെയ്ത്  ആർക്കൈവ്.ഓർഗിൽ അപ്‌ലോഡ് ചെയ്യുന്നില്ല. നേരിട്ട് ട്യൂബിങ്ങൻ യൂണി‌വേഴ്സിറ്റി ഡിജിറ്റൽ ലൈബ്രറിയിലെ സ്കാനുകൾ ലഭ്യമാക്കുകയാണ് ചെയ്യുന്നത്.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

ഗുണ്ടർട്ട് ലെഗസി പദ്ധതി – സ്കാനുകളുടെ റിലീസ് തുടങ്ങുന്നു

2013 സെപ്റ്റംബറിൽ ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യാൻ “Gundert legacy – a digitization project of the University of Tuebingen”എന്ന പേരിൽ ഒരു പദ്ധതി തുടങ്ങുന്ന കാര്യം സൂചിപ്പിച്ചിരുന്നുവല്ലോ. ആ പദ്ധതി തുടങ്ങുന്നതിന്റെ പ്രതീകമായി 1845-ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ച പഴഞ്ചൊൽ മാല, 1850-ൽ തലശ്ശേരി ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ച ഒരആയിരം പഴഞ്ചൊൽ എന്നിവ നമുക്ക് കൈമാറുക ഉണ്ടായി. അതിനെ പറ്റി വിശദമായ പൊസ്റ്റുകൾ അക്കാലത്ത് തന്നെ ഞാനിട്ടതാണ്. ആ പൊസ്റ്റുകളിലേക്കുള്ള ലിങ്കുകൾ താഴെ കൊടുക്കുന്നു

ഈ സ്കാനുകൾ പുറത്ത് വന്നപ്പോൾ ഇതുമായി ബന്ധപ്പെട്ട് ചില പത്രവാർത്തകളും വന്നിരുന്നു. അങ്ങനെ വന്ന രണ്ട് പത്രവാർത്ത ലിങ്കുകൾ താഴെ കൊടുക്കുന്നു

2013നു ശെഷം കഴിഞ്ഞ മുന്നു മൂന്നര വർഷമായി ഹൈക്കെ മോസറും ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിലെ മറ്റുള്ളവരും ചെർന്ന് ജർമ്മൻ റിസർച്ച് ഫൗണ്ടെഷനിൽ നിന്ന് ഇതിനു ആവശ്യമയ ഫണ്ടിങ് നേടിയെടുക്കുന്നതിലും, ഫണ്ടിങ് ലഭിച്ചതിന്നു ശെഷം ഈ രേഖകൾ സ്കാൻ ചെയ്യുന്നതിന്റേയും മറ്റും തിരക്കിൽ ആയിരുന്നു.

ട്യൂബിങ്ങൻ യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ ചരിത്രമുറങ്ങുന്ന പഴയ കവാടം
ട്യൂബിങ്ങൻ യൂണിവേഴ്‌സിറ്റി ലൈബ്രറിയുടെ ചരിത്രമുറങ്ങുന്ന പഴയ കവാടം

ഗുണ്ടർട്ട് ലെഗസി പദ്ധതിയുടെ ഭാഗമായുള്ള സ്കാനിങ് ഇപ്പൊഴും ട്യൂബിങ്ങൻ യൂണി‌വെഴ്സിറ്റിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. നൂറിൽ പരം അച്ചടിപുസ്തകങ്ങളും പിന്നെ ധാരാളം കൈയെഴുത്തു പ്രതികളും താളിയോലകളും ഒക്കെയായി ഏതാണ്ട് 40,000 ത്തോളം താളുകൾ ആണ് സ്കാൻ ചെയ്തു പൊതുസഞ്ചയത്തിലേക്ക് വരുവാൻ പോകുന്നത്. (ഇത് സ്കാൻ ചെയ്ത് ഡിജിറ്റൽ സ്കാനുകൾ മാത്രം പുറത്തു വിടാതെ വേറെ ചില ബൃഹദ് പദ്ധതികളും കൂടി ട്യൂബിങ്ങൻ സർവ്വകശാല ലൈബ്രറി അധികൃതർ  ആലോചിക്കുന്നുണ്ട്. അതിനു ഈ വിഷയത്തിൽ താല്പര്യമുള്ള ആളുകളുടെ സേവനം അവർ അഭ്യർത്ഥിക്കുന്നുണ്ട്. അതിനെ പറ്റി വിശദമായ ഒരു പൊസ്റ്റ് ഞാൻ അല്പദിവസങ്ങൾക്കു ഉള്ളിൽ പങ്കു വെക്കാം)

സ്കാനിങ് പരിപാടികൾ തുടങ്ങുകയും ഗുണ്ടർട്ട് ശേഖരത്തിലെ ചില പ്രധാന അച്ചടി പുസ്തകങ്ങൾ സ്കാനിങ്  കഴിയുകയും ചെയ്തതിനാൽ ഇപ്പോൾ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി മൂന്നു പുസ്തകങ്ങൾ പുറത്ത് വിടുകയാണ്. താഴെ പറയുന്ന മുന്നു പുസ്തകങ്ങൾ ആണ് തുടക്കമെന്ന രീതിയിൽ പുറത്ത് വന്നിരിക്കുന്നത്

  • 1847ൽ കോട്ടയം സി.എം.എസ് പ്രസ്സിൽ നിന്ന് പുറത്ത് വന്ന വെദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രധാന സംഗതികൾ (ഇത് കെ.എം. ഗോവി സമാഹരിച്ച മലയാളഗ്രന്ഥസൂചിയിൽ ഇല്ലാത്ത പുസ്തകമാണ്). പുസ്തകത്തെ പറ്റിയുള്ള വിശദാംശങ്ങൾക്ക് അതിന്റെ പ്രത്യേക പോസ്റ്റ് കാണുക
  • 1881ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ നിന്ന് പുറത്ത് വന്ന സങ്കീർത്തങ്ങൾ എന്ന പുസ്തകം (പുസ്തകത്തെ പറ്റിയുള്ള വിശദാംശങ്ങൾക്ക് അതിന്റെ പ്രത്യേക പോസ്റ്റ് കാണുക)
  • 1871ൽ പ്രസിദ്ധീകരിച്ച വലിയ പാഠാരംഭം. ഇതും മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ നിന്ന് പുറത്ത് വന്നതാണ്. (പുസ്തകത്തെ പറ്റിയുള്ള വിശദാംശങ്ങൾക്ക് അതിന്റെ പ്രത്യേക പോസ്റ്റ് കാണുക)

ഇത് ഒരു തുടക്കം മാത്രമാണ്. ഇനിയുള്ള നാളുകൾ മലയാളഭാഷ, കേരള സംബന്ധിയായ വിവിധ വിഷയങ്ങളിൽ ഗവെഷണം നടത്തുന്നവർക്ക് ചാകര ആണ് വരാൻ പോകുന്നത്. പക്ഷെ ട്യൂബിങ്ങൻ യൂണിവെഴ്സിറ്റി മലയാളത്തിനായി ചെയ്യുന്ന ഈ പ്രവർത്തനത്തെ എത്ര പേർ ഉപയോഗപ്പെടുത്തും എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

സ്കാനുകൾ എല്ലാം കൂടെ ഒറ്റയടിക്ക് പുറത്ത് വരില്ല ഞാൻ മുകളിൽ സൂചിപ്പിച്ച പോലെ ഡിജിറ്റൽ സ്കാനുകൾ ഉപയോഗിച്ച് വേറെ ചില പദ്ധതികൾ കൂടെ ട്യൂബിങ്ങൻ യൂണിവെഴ്സിറ്റിയുടെ അജണ്ഡയിൽ ഉണ്ട്. അതിൽ പൊതുജനപങ്കാളിത്തം വേണ്ടതുണ്ട്. അതിനെ പറ്റി വേറൊരു പോസ്റ്റ്  ഞാൻ താമസിയാതെ ഇടാം.

ഇപ്പോൾ ഈ സ്കാനുകൾ റിലീസ് തുടങ്ങുമ്പോൾ നന്ദിയോടെ സ്മരിക്കേണ്ട കുറച്ചു പേരുണ്ട്. അവരുടെ പേരുകൾ മാത്രം സൂചിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

  • ഹൈക്കെ മോസർ/ഓബര്‍ലിന്‍ (Heike Oberlin) ഈ പദ്ധതി ഇന്ന് അതിന്റെ ഫലം തരുന്നതിനു ഒരേ ഒരു കാരണം ഹൈക്കെ ആണ്. അവരെ പറ്റി കൂടുതൽ ഇനിയും വരുന്ന നാളുകളിൽ നമ്മൾ അറിയും.
  • ഗുണ്ടർട്ട് ലെഗസി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൽ കൊർഡിനേറ്റ് ചെയ്യുന്ന എലീന (Elena Mucciarelli).
  • ട്യൂബിങ്ങൻ യൂണിവെഴ്സിറ്റി ലൈബ്രറിയിലെ ഇൻഡോളജി വിഭാഗം ടെക്നിക്കൽ ഓഫീസർ   ഗബ്രിയേല സെല്ലർ (ഈ പദ്ധതിക്കായുള്ള ഫണ്ടിങ് നേടിയെടുക്കുന്നതിൽ ഗബ്രിയേല വഹിച്ച പങ്കു വലുതായിരുന്നു)
  • ട്യൂബിങ്ങൻ യൂണിവെഴ്സിറ്റി ലൈബ്രറി ഡയറക്ടറായ  Dr. Marianne Dörr

ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്ന എല്ലാവരും വനിതകൾ ആയത് യാദൃശ്ചികം ആയിരുന്നോ!

ഇപ്പോൾ റിലീസ് ചെയ്യുന്ന സ്കാനുകളെ പറ്റിയുള്ള വിശദാംശങ്ങൾക്ക് അതിന്റെ പ്രത്യേക പോസ്റ്റുകൾ കാണുക.