Malayalam public domain books – പൊതുസഞ്ചയത്തിലുള്ള മലയാളപുസ്തകങ്ങൾ

മലയാളഭാഷയിലെ (അല്ലെങ്കിൽ മലയാളഭാഷ/മലയാള ലിപിയെ കുറിച്ച് മറ്റ് ഭാഷകളിൽ രചിക്കപ്പെട്ട) പൊതുസഞ്ചയത്തിൽ ഉള്ള കൃതികളുടെ സ്കാനുകൾ ഡൗൺലോഡ് ചെയ്യാനുള്ള കണ്ണികളും അനുബന്ധവിവരങ്ങളും ക്രോഡീകരിക്കാനായി ഒരു താൾ ഉണ്ടാക്കിയിരിക്കുന്നു. അത് കാണാനായി https://shijualex.in/list-of-malayalam-public-domain-books/ എന്ന ഈ കണ്ണി സന്ദർശിക്കുക. ഈ പട്ടികകൾ നിരന്തരമായി പുതുക്കികൊണ്ടിരിക്കും.

I have created a page which has a set of lists that provide you the links to download the scan (and other related materials) of the Malayalam public domain books. I will keep on updating these lists as and when I get the new scans of the Malayalam public domain books. The page is here https://shijualex.in/list-of-malayalam-public-domain-books/

Malayalam Selections with Translations, Grammatical Analyses, and Vocabulary – 1851

Malayalam Selections with Translations, Grammatical Analyses, and Vocabulary എന്ന പുസ്തകം പരിചയപ്പെടുത്തുന്നു. പുസ്തകത്തിന്റെ രചന A.J. Arbuthnot. ഇദ്ദേഹം മദ്രാസ് സർക്കാരിന്റെ ഔദ്യോഗിക മലയാളം പരിഭാഷകനായി ജോലി ചെയ്യുക ആയിരുന്നെന്ന് കാണുന്നു.

ഈ പുസ്തകത്തിലെ ഉള്ളടക്കം നാലായി തിരിച്ചിരിക്കുന്നു.

  1. മലയാളം കഥകളും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും. കഥയുടെ പരിഭാഷയ്ക്ക് ശേഷം അതിന്റെ താഴെ കഥയിലെ ഓരോ മലയാളം വാകിന്റെയും ഇംഗ്ലീഷിലുള്ള അർത്ഥങ്ങൾ കൊടുത്തിട്ടുണ്ട്. ഈ വിധത്തിൽ ഈ പുസ്തകം ഒരു കൊച്ചു നിഘണ്ടു കൂടിയായി മാറുന്നു. ഈ വിധത്തിൽ ഏതാണ് 70-നടുത്ത് മലയാളകഥകളും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും ആണ് ഇതിൽ ഉള്ളത്. ഏതാണ് 35 കഥകൾ കഴിഞ്ഞപ്പോൾ ഇംഗ്ലീഷ് പരിഭാഷ ഒഴിവാക്കി പിന്നെ മലയാളം കഥയ്ക്ക് ശേഷം മലയാളം വാക്കുകളുടെ ഇംഗ്ലീഷ് അർത്ഥം മാത്രമായി ചുരുങ്ങുന്നുണ്ട്.
  2. മലയാളത്തിലുള്ള ഹർജികളുടേയും കല്പനകളുടേയും സമാഹാരം. അതും മുകളിലേ പോലെ ആദം മലയാള ഹർജി/കല്പന, പിന്നെ അതിന്റെ ഇംഗ്ലീഷ് പരിഭാഷ, പിന്നെ അതിലുള്ള മലയാള വാക്കുകളുടെ ഇംഗ്ലീഷ് അർത്ഥം ഈ വിധത്തിലാണ് മുന്നേറുന്നത്. 13 ഹർജി/കല്പന ആണ് ഈ വിധത്തിൽ സമാഹരിച്ചിരിക്കുന്നത്
  3. മലയാള സംഭാഷണങ്ങൾ. മലയാളത്തിലെ സംസാരഭാഷയിൽ ഉപയോഗിക്കുന്ന സംഭാഷണങ്ങളും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും ആണ് ഈ വിഭാഗത്തിൽ.
  4. ഈ വിഭാഗത്തിൽ മലയാളവാക്കുകളും അതിന്റെ അർത്ഥവും ആണ്. ഇത് ഏതാണ് 50 താളോളം വരും.

ഇതിന്റെ ആമുഖത്തിൽ പറയുന്ന പോലെ സർക്കാർ ജോലിക്ക് വരുന്ന ഇംഗ്ലീഷുകാർക്ക് മലയാളം പഠിക്കാൻ വേണ്ടി തയ്യാറാക്കിയ പുസ്തകം ആണിത്. (ഇന്നു നമ്മൾ തിരിച്ചു ചെയ്യുന്നു :)) നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സംഭാഷണശകലങ്ങളും പിന്നെ വാക്കുകളും അതിന്റെ അർത്ഥവും ഒക്കെ ആയി ഇംഗ്ലീഷുകാർക്ക് നല്ല ഒരു മലയാളഭാഷാ സഹായി മാറുന്നുണ്ട് ഈ ഗ്രന്ഥം.

1841-ൽ ഇറങ്ങിയ ജോസഫ് പീറ്റിന്റെ മലയാള വ്യാകരണഗ്രന്ഥം ഈ പുസ്തകത്തിന്റെ രചനയിൽ സഹായിച്ചിട്ടുണ്ട് എന്ന് A.J. Arbuthnot പ്രത്യേകം എടുത്ത് പറയുന്നുണ്ട്.

പുസ്തകം ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം. https://archive.org/details/1851_Malayalam_Selections_A_J_Arbuthnot

പുസ്തകം അച്ചടിച്ചത് കോട്ടയം CMS Press -ൽ. അച്ചടിച്ച വർഷം 1851 ആണ്.

1800നു മുൻപ് മലയാള ലിപി അച്ചടിച്ച പുസ്തകങ്ങൾ

ഇന്നു നമുക്ക് ലഭ്യമായ വിവരം അനുസരിച്ച് 1800നു മുൻപ് പൂർണ്ണമായും മലയാളഭാഷയിൽ ഇറങ്ങിയ ഒരേ ഒരു ഗ്രന്ഥം സംക്ഷേപവേദാർത്ഥം മാത്രമാണ്.

എന്നാൽ മലയാളഭാഷയെ കുറിച്ചോ, മലയാളലിപിയെ കുറിച്ചുള്ളതോ, അതുമല്ലെങ്കിൽ മലയാളലിപി അച്ചടിച്ചതോ ആയ വേറെയും കുറച്ച് പുസ്തകങ്ങൾ കൂടി 1800 നു മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങൾ മിക്കതിനേയും കഴിഞ്ഞ ദിവസം വിവിധ ബ്ലോഗ് പൊസ്റ്റുകളിലൂടെ പരിചയപ്പെട്ടു. ഈ പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒക്കെയും കെ.എം. ഗോവിയുടെ ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന പുസ്തത്തിലെ രേഖകൾ അനുസരിച്ച് തിരഞ്ഞ് കണ്ടെത്തിയതാണ്.

താഴെ പറയുന്നവയാണ് ഈ വിധത്തിൽ  കെ.എം. ഗോവിയുടെ ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന പുസ്തകത്തിൽ പരാമർശിക്കുന്നത്.

എന്നാൽ ഇതിനു പുറമേ, കെ.എം. ഗോവിയുടെ പുസ്തകത്തിൽ പരാമർശിക്കാത്തതും എന്നാൽ മലയാളലിപി ഉപയോഗിച്ചിരിക്കുന്നതും ആയ 2 പുസ്തകങ്ങൾ കൂടി എന്റെ തിരച്ചിൽ ഗവേഷണത്തിൽ കണ്ടു.  താഴെ പറയുന്നവ ആണ്

Alphabeta Indica – 1791 – Latin

ചില ഭാരതീയലിപികളെ പരിചയപ്പെടുത്തുന്ന ഒരു ലത്തീൻ ഗ്രന്ഥമാണ് 1791-ൽ പ്രസിദ്ധീകരിച്ച ഈ കൃതി എന്നാണ് എനിക്ക് മനസ്സിലായത്. മലയാളം, ദേവനാഗരി, തെലുങ്ക് എന്നീ ലിപികളെ കുറിച്ചുള്ള പരാമർശം ഇതിൽ കാണാം. (ഭാരതീയലിപികളെ പരിചയപ്പെടുത്തുന്നതാണേൽ ചുരുങ്ങിയ പക്ഷം കന്നഡ, തമിഴ് ലിപികളെ എന്തിനു ഒഴിവാക്കി എന്ന് മനസ്സിലായില്ല താനും )

Alphabeta_Indica-1791

ലിപികളെ കുറിച്ചുള്ള വിവരണത്തിനു പുറമെ മലയാളത്തിലുള്ള പഴഞ്ചൊല്ലുകളും വാക്യങ്ങളും മറ്റും ഈ പുസ്തകത്തിൽ കാണാം. വെറും അമ്പതോളം താളുകൾ മാത്രമുള്ള ഒരു ചെറു കൃതി ആണിത്.  പുസ്തകത്തിന്റെ ഉള്ളടക്കം ശരിയായി അറിയാത്തതിനാൽ ഇതിനെ കുറിച്ച് കൂടുതൽ ഊഹിക്കാൻ ഞാൻ മുതിരുന്നില്ല. എന്തായാലും പുസ്തകത്തിന്റെ സ്കാൻ ഇപ്പോൾ ലഭ്യമായതിനാൽ അത് നിങ്ങൾ തന്നെ വിശകലനം ചെയ്യാൻ താല്പര്യപ്പെടുന്നു. ഈ പുസ്ത്കത്തിന്റെ സ്കാൻ ഇവിടെ കിട്ടും. https://archive.org/details/1791_AlphabetaIndica_Paulinus

Systema Brahmanicum liturgicum mythologi -1797

ഇത് ഹൈന്ദവ ഇതിഹാസങ്ങളേയും മിത്തുകളേയും മറ്റും പരിചയപ്പെടുത്തുന്ന ഒരു ലത്തീൻ കൃതിയാണ്.

Systema Brahmanicum liturgicum mythologi

ഹൈന്ദവസംബന്ധിയായ കൃതിയായതിനാൽ സംസ്കൃതവാക്കുകളും മറ്റും ഈ പുസ്ത്കത്തിൽ ഉടനീളം ഉണ്ട്. സംസ്കൃതവാക്കുകളും വാക്യങ്ങളും ശ്ലോകങ്ങളും ഒക്കെ എഴുതാൻ മലയാളലിപി ആണ് ഉപയൊഗിച്ചിരിക്കുന്നത്. ഇത് മാത്രമാണ് മലയാളവുമായുള്ള ബന്ധം. അത് ഒഴിവാക്കിയാൽ ഇത് പൂർണ്ണമായും ഒരു സംസ്കൃത-ലത്തീൻ ഗ്രന്ഥം ആണെന്ന് പറയുന്നതാവും കൂടുതൽ നല്ലത്. ഈ പുസ്ത്കത്തിന്റെ സ്കാൻ ഇവിടെ കിട്ടും.

https://archive.org/details/1797_Systema_Brahmanicum_Liturgicum_Mythologi_Paulinus

കുറിപ്പ്: Hortus Malabaricus (1678) ൽ മലയാളം അച്ചു നിരത്തിയല്ലല്ലോ അച്ചടിച്ചിരിക്കുന്നത്. അതിനാലാണ് 1800നു മുൻപുള്ള പുസ്തകം ആയിട്ടും അതിനെ മനഃപൂർവ്വം ഈ കണക്കെടുപ്പിൽ ഒഴിവാക്കിയത്.

ചുരുക്കത്തിൽ 1800നു മുൻപ് പ്രസിദ്ധീകരിച്ചതും മലയാളി ലിപി അച്ചടിച്ചതും ആയി ഇന്ന് വിവരമുള്ള ഏകദേശം എല്ലാ കൃതികളുടേയും സ്കാൻ നമുക്ക് കിട്ടിയിരിക്കുന്നു. പൂർണ്ണമായും മലയാളഗ്രന്ഥം എന്ന് പേരുള്ള സംക്ഷേപവേദാർത്ഥം മാത്രമാണ് ഈ പട്ടികയിൽ നിന്ന് ഒഴിവായി പോയിരിക്കുന്നത്.

കുറിപ്പ്:  ചില ഫയലുകൾ അപ്‌ലൊഡ് ചെയ്തപ്പോൽ എറർ കാണിച്ചിരുന്നു. പക്ഷെ പിന്നിടു നോക്കിയപ്പോൾ പ്രശ്നം ഒന്നും കണ്ടില്ല താനും. അതിനാൽ സ്കാനുകളിൽ എന്തെങ്കിലും പ്രശ്നം കാണുന്നു എങ്കിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.