കഴിഞ്ഞ ദിവസം ബെഞ്ചമിൻ ബെയിലിയുടെ കാർമ്മികത്വത്തിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമത്തിന്റെ (സുവിശേഷങ്ങളും അപ്പൊസ്തൊല പ്രവർത്തികളും മാത്രം ഉള്ളത്) 1834-ൽ ഇറങ്ങിയ രണ്ടാം പതിപ്പിനെ നമ്മൾ പരിചയപ്പെട്ടു. ഈ പൊസ്റ്റിൽ ബെഞ്ചമിൻ ബെയിലി രചിച്ച A Dictionary of High and Colloquial Malayalim and English വിനെ പരിചയപ്പെടുത്തുന്നു. മലയാളത്തിലെ ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവായ A Dictionary of High and Colloquial Malayalim and English-ന്റെ 1846-ൽ കോട്ടയം CMS പ്രസ്സിൽ നിന്നു പുറത്തിറങ്ങിയ ആദ്യത്തെ പതിപ്പിന്റെ സ്കാൻ തന്നെ നമുക്ക് ലഭിച്ചിരിക്കുന്നു.
ബെഞ്ചമിൻ ബെയിലിയെ കുറിച്ചുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ ഞാൻ കൂടുതലും ഉപയോഗിച്ചത് കോട്ടയം CMS കോളേജിലെ പ്രൊഫസ്സർ ആയ ഡോ. ബാബു ചെറിയാൻ ബെഞ്ചമിൻ ബെയിലി എന്ന പേരിൽ എഴുതിയ പുസ്തകം ആണ്. ഈ ബ്ലോഗ് പോസ്റ്റിൽ ആ പോസ്റ്റിൽ നിന്നുള്ള വിവരങ്ങൾ അതേ പോലെ പുനരുപയോഗിച്ചിട്ടൂണ്ട്. അതിനു അനുവാദം തന്ന ബാബു ചെറിയാൻ സാറിനു ഒത്തിരി നന്ദി.
ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും മിഷനറി പ്രവർത്തനത്തിനു കേരളത്തിലെത്തി മലയാളഭാഷയ്ക്കും ലിപിയ്ക്കും വളരെ വിലപിടുപ്പുള്ള സംഭാവനകൾ നൽകിയ വ്യക്തിയാണല്ലോ ബെഞ്ചമിൻ ബെയിലി. മിഷനറി പ്രവർത്തനവുമായി ബന്ധപ്പെട്ട് വന്നതിനാൽ ബൈബിളും സമാന മതഗ്രന്ഥങ്ങളിലുമൊക്കെ ആയിരുന്നു ബെയിലിയുടെ ആദ്യകാലത്തെ താല്പര്യം മൊത്തം. പക്ഷെ അത് ക്രമേണ മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു. ബൈബിൾ പരിഭാഷപ്പെടുത്തി കൊണ്ടിരുന്നപ്പോഴാണ് മലയാളത്തിൽ നല്ല ഒരു നിഘണ്ടു ഇല്ലാത്തതിന്റെ കുറവ് അദ്ദേഹത്തിനു മനസ്സിലായത്.
മലയാളത്തിൽ നിഘണ്ടു ഇല്ലാത്തതിന്റെ കുറവ്
കേരളത്തിലെത്തി മലയാളം പഠിക്കാന്‍ തുടങ്ങിയ നാള്‍മുതലേ നിഘണ്ടുവിന്റെ ആവശ്യകത ബെയിലിക്കു ബോദ്ധ്യപ്പെട്ടിരുന്നു Could I have obtained a Dictionary in the Language I would have preached in it before this time എന്ന് അദ്ദേഹം ഒരിക്കൽ എഴുതി. മലയാളത്തില്‍ ഒരു നിഘണ്ടു ലഭ്യമാകാത്തതിന്റെ ക്ലേശം എത്ര അധികമായി അദ്ദേഹത്തെ അലട്ടിയിരുന്നു എന്നു വ്യക്തമാണ്. പിന്നീട് ബൈബിള്‍ പരിഭാഷയിലേക്കു പ്രവേശിച്ചപ്പോള്‍ നിഘണ്ടു ഒരു അത്യാവശ്യ വസ്‌തുവായും അത് ഇല്ലാത്തത് ഒരു വലിയ ബുദ്ധിമുട്ടായും അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നിരിക്കണം. ഒരു വിവര്‍ത്തകനെ സംബന്ധിച്ചിടത്തോളം ദ്വിഭാഷാ നിഘണ്ടുക്കള്‍ ഒഴിച്ചുകൂടാനാകാത്തതാണ്.
ബെഞ്ചമിന്‍ ബെയിലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിന്റെ പ്രത്യേകതകൾ
ബെഞ്ചമിന്‍ ബെയിലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു അന്നും ഇന്നും ഒരു ബൃഹദ്‌ഗ്രന്ഥമാണ്. ഡമ്മി 1/4 വലിപ്പത്തിൽ, എട്ടു തുടക്കത്താളുകളും 852 താൾ നിഘണ്ടുത്താളുകവും നാല് ഒടുക്കത്താളുകളും ഉൾപ്പെടെ ആകെ 864 പേജുകള്‍ ഈ ഗ്രന്ഥത്തിനുണ്ട്. പുസ്‌തകത്തിന്റെ മുഖപത്രവും തുടക്കത്താളുകളും ഇംഗ്ലീഷിലാണ്. മഹാരാജാവിനുള്ള സമർപ്പണപത്രം, ആമുഖം, നിഘണ്ടുവില്‍ ഉപയോഗിച്ചിട്ടുള്ള സംക്ഷിപ്‌തരൂപങ്ങൾ, നിഘണ്ടുവില്‍ മലയാള അക്ഷരമാലയ്‌ക്കു സമാനമായി നല്‍കുന്ന റോമന്‍ അക്ഷരങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പ്രാരംഭ താളുകളിലുള്ളത്.
ബെയിലി പദശേഖരണത്തിനു സ്വീകരിച്ച മാര്‍ഗങ്ങളെക്കുറിച്ച്, നിഘണ്ടുവിന് High and Colloquial Malayalam and English എന്നു പേരിട്ടിരിക്കു ന്നതില്‍നിന്നുതന്നെ വ്യക്തമാണ്. പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ ബൈബിള്‍ പരിഭാഷയുടെ പശ്ചാത്തലത്തില്‍ ആലോചിക്കുമ്പോള്‍ ഇക്കാര്യം വളരെ വ്യക്തമാകും. സാമൂഹികമായി മുന്നാക്കം നില്‍ക്കുന്നവരും വിദ്യാസമ്പന്നരുമായവരുടെ ഭാഷയും പിന്നാക്കക്കാരായ ബഹുഭൂരിപക്ഷത്തിന്റെ സംസാരഭ ഭാഷയുംകൂടി സമന്വയിപ്പിച്ച് ഒരു മദ്ധ്യമാർഗ്ഗഗദ്യരീതി ആവിഷ്‌കരിച്ച് അതിലേക്കാണു ബെയിലി ബൈബിള്‍ പരിഭാഷപ്പെടുത്തിയത്. ഉല്‍ക്കൃഷ്‌ടഭാഷ അഥവാ ഉച്ചഭാഷ (High) എന്നതുകൊണ്ട് ഉന്നതകുലജാതരുടെ സംസ്‌കൃതബഹുലമായ ഭാഷതന്നെയാണുദ്ദേശിക്കുന്നത്. അപകൃഷ്‌ടഭാഷ അഥവാ നീചഭാഷ (Colloquial) എന്നതുകൊണ്ടുദ്ദേശിക്കുന്നതാകട്ടെ സാമാന്യജനത്തിന്റെ സംഭാഷണഭാഷയും.
കേംബ്രിഡ്‌ജ് നിഘണ്ടു Colloquial എന്ന പദത്തെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു: “informal and conversational, and more suitable for use in speech than in writing.” ഇതില്‍നിന്ന് Colloquial സംഭാഷണഭാഷയാണെന്നു വ്യക്തം. അതിന്റെ വിപരീതാർത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്ന high എഴുത്തുഭാഷ അഥവാ സാഹിത്യഭാഷയെയാണു സൂചിപ്പിക്കുന്നത്. The high Malayalim terms are chiefly derived from the Sanscrit എന്ന് ബെയിലി അദ്ദേഹത്തിന്റെ ആമുഖത്തില്‍ ഇക്കാര്യം ഉറപ്പിച്ചു പറയുന്നുമുണ്ട്.
ബെയിലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിലെ വാക്കുകളെ കുറിച്ച്
അമരകോശത്തിലെ ഒട്ടുമിക്ക വാക്കുകളും ബെയിലി തന്റെ മലയാളം -ഇംഗ്ലീഷ് നിഘണ്ടുവില്‍ ഉൾപ്പെടുത്തി. ആ വാക്കുകള്‍ക്ക് അമരകോശവ്യാഖ്യാതാക്കള്‍ നല്‍കിയിട്ടുള്ളതു കൂടാതെയുള്ള അർത്ഥങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്‌തു. സംസ്‌കൃതനിഷ്‌പത്തിയുള്ള ഒട്ടനവധി വാക്കുകളും ബെയിലി നിഘണ്ടുവില്‍ ഉൾപ്പെടെുത്തിയിട്ടുണ്ട്. അതിനു ബെയിലിക്കു പ്രത്യേകം സഹായകരമായിത്തീര്‍ന്നതു ഡോ. വില്‍സന്റെ സംസ്‌കൃത നിഘണ്ടുവായിരുന്നു. പദതലത്തില്‍ മലയാളത്തിനും സംസ്‌കൃതത്തിനും തമ്മില്‍ വിവേചനം ആവശ്യമില്ലെന്നും സാഹിത്യകൃതികളിലുപയോഗിച്ചിട്ടുള്ള മുഴുവന്‍ സംസ്‌കൃതവാക്കുകളും മലയാളത്തിലും ഉപയോഗിക്കാമെന്നും ബെയിലി കരുതിയിരിക്കണം. ബെയിലി എന്നല്ല, ആരും അങ്ങനെ കരുതത്തക്കവിധത്തില്‍ അത്ര അഗാധവും വ്യാപകവുമായിരുന്നു മലയാളത്തിന്മേലുള്ള സംസ്‌കൃതത്തിന്റെ സ്വാധീനം.
ബെയിലീനിഘണ്ടുവിലെ സംസ്‌കൃതപദബഹുലതയെ സംബന്ധിച്ച് പ്രൊഫ. സി.എൽ. ആന്റണി നല്‍കുന്ന വിശദീകരണം വളരെ ശ്രദ്ധേയവും അര്‍ഥവത്തുമാണ്. ബെയിലീനിഘണ്ടുവിലെ ചില സംസ്‌കൃതപദങ്ങള്‍ അപ്രസിദ്ധവും ഉപയോഗശൂന്യവുമാണെന്നും മറ്റു ചിലവ അപ്രധാനമാണെ ന്നുമുള്ള ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ അഭിപ്രായത്തെ മുന്‍നിര്‍ത്തി പ്രൊഫ. ആന്റണി ഇങ്ങനെ പറയുന്നു:
ലക്ഷ്യത്തെ സംബന്ധിച്ചുള്ള ഒരഭിപ്രായഭേദം മാത്രമാണിത്. ഭാഷാചരിത്രപരമായ മൂല്യമാണ് ഗുണ്ടര്‍ട്ടിന്റെ പ്രധാന ലക്ഷ്യം. ഇക്കാര്യം അദ്ദേഹം നിഘണ്ടുവിന്റെ ആമുഖത്തില്‍ എടുത്തുപറയുന്നുമുണ്ട്. ഈ ചരിത്രലക്ഷ്യത്തിനുവേണ്ടിത്തന്നെ കേരളത്തിലെ സാഹിത്യഭാഷയിലോ സംഭാഷണഭാഷയിലോ ഇന്നൊരിക്കലും പ്രയോഗിക്കാത്ത തമിഴുപദങ്ങള്‍ നിഘണ്ടുവില്‍ ചേര്‍ക്കാന്‍ അദ്ദേഹം സന്നദ്ധനായിട്ടുണ്ട്. കിട്ടാവുന്ന സാഹിത്യകൃതികളും രേഖകളും സമ്പാദിച്ച്, പരിശോധിച്ച് ഓരോ പദത്തിന്റെയും നിഷ്‌പത്തി കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ തീവ്രപരിശ്രമത്തിന്റേയും പിന്നില്‍ ഈ ഭാഷാചരിത്രലക്ഷ്യമാണ് നമുക്കു കാണാന്‍ കഴിയുക. ബെയിലിയുടെ ലക്ഷ്യം അതല്ല. അമരകോശത്തെയും ഡോക്‌ടര്‍ വില്‍സന്റെ സംസ്‌കൃത നിഘണ്ടുവിനെയും ആധാരമാക്കി മലയാളത്തില്‍ പ്രയോഗിക്കാവുന്ന സംസ്‌കൃതപദങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മലയാളഗദ്യത്തിന്റെ പുരോഗതിമാത്രമേ ബെയിലി കണക്കിലെടുത്തിട്ടുള്ളു. പ്രയോഗയോഗ്യങ്ങളല്ലാത്ത ചില സംസ്‌കൃതപദങ്ങള്‍ ഇക്കൂട്ടത്തില്‍ ഉൾപ്പെട്ടെിട്ടുണ്ടെന്നുള്ളതു ശരിതന്നെ. പക്ഷേ ബോധപൂര്‍വമാണു ബെയിലി അതു ചെയ്‌തിട്ടുള്ളത്. അത്തരം സംസ്‌കൃതപദങ്ങള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും ബെയിലി അർത്ഥം കൊടുക്കുന്നത് അതിനു തെളിവാണ്. ഭാഷാഗദ്യത്തിന്റെ വളര്‍ച്ചയ്‌ക്കു സംസ്‌കൃതപദങ്ങള്‍ ഒഴിച്ചുകൂടാത്ത ഒരു ഘടകമാണെന്ന അഭിപ്രായമാണു ബെയിലിക്കുള്ളത്. അദ്ദേഹത്തിന്റെ ബൈബിള്‍ പരിഭാഷയില്‍ ധാരാളം സംസ്‌കൃതപദങ്ങള്‍ സ്വീകരിക്കാന്‍ മുതിര്‍ന്നതും അതുകൊണ്ടു തന്നെയാണ്. ബെയിലിയുടെ ഈ അഭിപ്രായത്തെ പില്‍ക്കാല മലയാളഭാഷാസാഹിത്യചരിത്രം ശരിവെക്കുന്നുമുണ്ട്.
വടക്കന്‍-തെക്കന്‍ ഭാഷാഭേദങ്ങള്‍ക്കും ആചാരഭാഷയ്‌ക്കും ബെയിലീ നിഘണ്ടുവില്‍ ആവശ്യത്തിന് ഇടം കിട്ടിയിട്ടുണ്ട്. വടക്കന്‍ പ്രദേശത്തു പ്രചാരത്തിലുള്ള പദങ്ങള്‍ ബെയിലി ശേഖരിച്ചതെങ്ങനെയെന്നുള്ളതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമല്ല. പക്ഷേ, ധാരാളം വടക്കന്‍ഭാഷാപദങ്ങള്‍ ബെയിലീനിഘണ്ടുവിലുണ്ട്.
സംസ്‌കൃതത്തില്‍നിന്ന് അളവില്ലാതെ പദങ്ങള്‍ സ്വീകരിച്ച് മലയാളത്തിന്റെ പദസമ്പത്തു വർദ്ധിപ്പിക്കാന്‍ ശ്രമിച്ച ബെയിലി, വിദേശഭാഷാപദങ്ങള്‍ക്ക ുനേരെ മുഖം തിരിച്ച പ്രതീതിയാണുള്ളത്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള വൈദേശിക ബന്ധത്തിലൂടെ മലയാളത്തിനു ലഭിച്ച വിദേശഭാഷാ പദങ്ങള്‍ അനവധിയാണ്. മലയാളിയുടെ നിത്യോപയോഗത്തിലായിരുന്ന അത്തരം പേര്‍ഷ്യന്‍, അറബി, പോര്‍ച്ചുഗീസ്, ഹീബ്രു, സുറിയാനി, ഇംഗ്ലീഷ് പദങ്ങള്‍ക്ക് ബെയിലി തന്റെ നിഘണ്ടുവില്‍ പരിമിതപ്രവേശനമേ അനുവദിച്ചുള്ളു.
ബെയിലി നിഘണ്ടുവിലെ വാക്കുകളുടെ നിർവ്വചനത്തിന്റെ ഘടന
ബെഞ്ചമിന്‍ ബെയിലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിലെ ഒരു വാക്കിന്റെ വിശദീകരണത്തിന്റെ ഘടന താഴെപ്പറയും പ്രകാരമാണ്:
- പദം – നാമപദമെങ്കില്‍ സംബന്ധികാവിഭക്തി പ്രത്യയംചേര്‍ന്ന രൂപവും ക്രിയാപദമെങ്കില്‍ ഭൂതകാലപ്രത്യയം, വിനയെച്ചപ്രത്യയം ഇവ ചേര്‍ന്ന രൂപങ്ങളും പദത്തോടുകൂടി നല്‍കുന്നു.
- വ്യാകരണാർത്ഥം
- അർത്ഥങ്ങള്‍ ഇംഗ്ലീഷിൽ-വിവിധ അർത്ഥങ്ങള്‍ അക്കങ്ങളിട്ടു വേര്‍തിരിച്ചു നല്‍കിയിരിക്കുന്നു.
- സംസ്‌കൃതപദങ്ങള്‍ക്ക് മലയാളത്തില്‍ അർത്ഥം-ഈ രീതി ആദ്യത്തെ മുപ്പത്തിരണ്ടു താളുകളില്‍ ഇല്ല; മുപ്പത്തിമൂന്നാം താൾ മുതല്‍ അവസാനം വരെ ഉണ്ട്. പരിചിത സംസ്‌കൃതപദങ്ങള്‍ക്ക് മലയാളത്തില്‍ അർത്ഥം നല്‍കിയിട്ടില്ല.
ബെഞ്ചമിന്‍ ബെയിലിക്ക് ഇംഗ്ലീഷ് മാതൃഭാഷയായിരുന്നു; മലയാളം മാതൃഭാഷപോലെയുമായിരുന്നു. അതുകൊണ്ട് മൂലഭാഷാപദങ്ങളുടെ സത്തയെ ലക്ഷ്യഭാഷാപദങ്ങളില്‍ സാർത്ഥകമായും സമർത്ഥമായും ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. “ചെണ്ട’ക്ക് a musical instrument, a kettle drum, a tomtom “ചെണ്ടകൊട്ടി’ന് Beating a drum എന്നു പറഞ്ഞ് അവസാനിപ്പിക്കുന്നില്ല. “ചെണ്ടകൊട്ടിക്കുന്നു’ എന്നതിന് To cause one to beat a drum എന്നും to deceive എന്നുംകൂടി അർത്ഥം നല്‍കുന്നു.
ബെയിലിയുടെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവില്‍ മുപ്പത്തിമൂന്നാം പേജുമുതല്‍ ഇംഗ്ലീഷ് അര്‍ഥത്തിനുശേഷം ചില പദങ്ങള്‍ക്ക് മലയാളത്തിലും അർത്ഥം കൊടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് ബെയിലി നിഘണ്ടുവിന്റെ ആമുഖത്തില്‍ ഇങ്ങനെ എഴുതി:
The high Malayalim terms are chiefly derived from the Sanscrit, and great pains has been taken to give the renderings in most common use… To most of the words derived from the Sanscrit, not in common use, Malayalim renderings are given in addition to English. This plan was not adopted in the commencement,
and the first thirty-two pages are printed without them. It was then considered that the work would be rendered much more valuable by the introduction of those renderings.
ഈ പതിപ്പിന്റെ പ്രത്യേകതകൾ
നമുക്ക് scanned PDF ലഭ്യമായിരിക്കുന്ന ഈ പതിപ്പ് 1846-ൽ ഇറങ്ങിയതാണ്. അതായത് A Dictionary of High and Colloquial Malayalim and Englishന്റെ ആദ്യത്തെ പതിപ്പ് തന്നെയാണ് ഇത് എന്ന് സാരം. കോട്ടയം CMS പ്രസ്സിൽ ആണ് ഇത് അച്ചടിച്ചിരിക്കുന്നത്.
ഏ, ഓ എന്നീ ദീര്‍ഘസ്വരങ്ങളും സംവൃതോകാരവും ഭാഷയിലന്ന് ഉപയോഗത്തിലില്ലാതിരുന്നതിനാൽ, ബെയിലീനിഘണ്ടുവില്‍ അത് ഉപയോഗിച്ചിട്ടില്ല. എന്നാല്‍ ഏ, ഓ എന്നീ അക്ഷരങ്ങളിലാരംഭിക്കുന്ന പദങ്ങളെ പ്രത്യേകം പ്രത്യേകം വിഭാഗമായി ബെയിലീനിഘണ്ടുവില്‍ ക്രമപ്പെടുത്തി. അന്നു നിലവിലിരുന്ന ലിഖിതഗദ്യത്തിലെ രീതിയും സംസ്‌കൃതത്തിലെ കീഴ്‌വഴക്കവും പിന്‍തുടര്‍ന്നുവെങ്കിലും ഏ, ഓ എന്നിവ അര്‍ഥഭേദത്തിനുതകുന്ന വർണ്ണങ്ങളാണെന്നും അവയ്‌ക്കു പ്രത്യേകം ലിപിയും ഉപലിപിയും ആവശ്യമാണെന്നുമുള്ള ചിന്ത ബെഞ്ചമിന്‍ ബെയിലിക്കുണ്ടായിരുന്നതായി കരുതാം. എ, ഒ എന്നീ അക്ഷരങ്ങളുടെ വ്യാഖ്യാനത്തില്‍നിന്ന് ഇത് വ്യക്തമാണ്. ഒകാരത്തില്‍നിന്നു ഓകാരത്തെ തിരിച്ചറിയുന്നതിഌ ദീര്‍ഘം ചിലപ്പോൾ ഉപയോഗിക്കുമെന്നു പറയുന്നുണ്ടെങ്കിലും ഒകാരംതന്നെ രണ്ടിനും വേണ്ടി ഉപയോഗിച്ചിരിക്കുന്നു. എന്നാല്‍ പേജുതോറും നല്‍കുന്ന സൂചക പദങ്ങളില്‍ ദീര്‍ഘചിഹ്നം (ഉദാ. ഓട, ഓതി) ചേര്‍ത്തിട്ടുണ്ട്.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
Like this:
Like Loading...
You must be logged in to post a comment.