1850 – നാരായണീയം പുസ്തകം – മേൽപുത്തൂർ നാരായണഭട്ടതിരി

ആമുഖം

മേൽപുത്തൂർ നാരായണഭട്ടതിരി രചിച്ച നാരായണീയം എന്ന കൃതിയുടെ ആദ്യത്തെ അച്ചടിപതിപ്പിന്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 212-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: നാരായണീയം പുസ്തകം
  • രചയിതാവ്: മേൽപുത്തൂർ നാരായണഭട്ടതിരി
  • പ്രസിദ്ധീകരണ വർഷം:1850
  • താളുകളുടെ എണ്ണം:  ഏകദേശം 171
  • പ്രസ്സ്: സർക്കാർ അച്ചുകൂടം, തിരുവനന്തപുരം
1850 - നാരായണീയം പുസ്തകം - മേൽപുത്തൂർ നാരായണഭട്ടതിരി
1850 – നാരായണീയം പുസ്തകം – മേൽപുത്തൂർ നാരായണഭട്ടതിരി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

സംസ്കൃതത്തിലുള്ള ഹൈന്ദവസാഹിത്യകൃതിയാണ് നാരായണീയം. മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് 1586ൽ രചിച്ചതെന്നു കരുതുന്ന ഈ കൃതി പ്രാർത്ഥനയുടെ രൂപത്തിലാണ്. 1034 ശ്ലോകങ്ങൾ ആണ് നാരായണീയത്തിൽ ഉള്ളത്. നാരായണീയത്തെ പറ്റിയുള്ള ചില പ്രാഥമിക വൈജ്ഞാനിക വിവരങ്ങൾക്ക് നാരായണീയം,  മേല്പുത്തൂർ നാരായണ ഭട്ടതിരി എന്നീ മലയാള വിക്കിപീഡിയ ലേഖനങ്ങൾ കാണുക.

ഇരവിവർമ്മൻ തമ്പി, അരിപ്പാട്ടു രാമവാരിയർ, ജ്യോത്സ്യൻ പപ്പുപിള്ള എന്നിവർ ചേർന്ന് പിഴ തീർത്ത പതിപ്പാണിത്.

നൂറു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പതിപ്പിന്റെ തുടക്കത്തിൽ തന്നെ ഓരോ ഭാഗത്തിന്റെയും ഉള്ളടക്കം എന്താണെന്ന ഉള്ളടക്ക പട്ടിക കൊടുത്തിട്ടുണ്ട്.

പുസ്തകത്തിൽ നാരായണീയത്തിന്റെ പ്രസിദ്ധീകരണചരിത്രം പറഞ്ഞിരിക്കുന്നത് ഇങ്ങനാണ്

ഈ നാരായണീയം ഗ്രന്ഥം മെല്പുത്തൂരു നാരായണഭട്ടതിരി ഗുരുവായൂരു ക്ഷെത്രത്തിൽ മണ്ഡപത്തിൽ ഇരുന്നു ഒണ്ടാക്കി – കൊല്ലവൎഷംഎഴുനൂറ്റ അറുപത്തുരണ്ടാമതു് വൃശ്ചികമാസം ൨൮൹ സമാപ്തി വരുത്തിയതു്.  ആ ദിവസത്തെ കലിദിനസംഖ്യാ – ആയുരാരൊഗ്യസൌഖ്യം എന്നു് ആകുന്നു

നാരായണീയം ഈ ആദ്യത്തെ അച്ചടി പതിപ്പ് 1850ൽ തിരുവനന്തപുരം സർക്കാർ പ്രസ്സിൽ അച്ചടിച്ചു. തിരുവനന്തപുരം സർക്കാർ പ്രസ്സിൽ 1836ൽ തന്നെ അച്ചടി ബെഞ്ചമിൻ ബെയിലി നിർമ്മിച്ച് കൊടുത്ത അച്ച് ഉപയോഗിച്ച് ആരംഭിച്ചിരുന്നു. 1839ൽ സർക്കാർ പ്രസ്സിൽ നിന്ന് പുറത്തിറക്കിയ തിരുവിതാം‌കൂർ സർക്കാർ പഞ്ചാംഗം ഒക്കെ നമ്മൾ ഇതിനകം കണ്ടതും ആണ്.  എന്നാൽ നാരായണീയം അച്ചടിക്കാൻ വേണ്ടി സർക്കാർ പ്രസ്സിൽ പൂർണ്ണമായി പുതിയ അച്ച് നിർമ്മിച്ചിരിക്കുകയാണ്. ബെഞ്ചമിൻ ബെയിലി നിർമ്മിച്ചു കൊടുത്ത അച്ചിനു പകരം, അക്കാലത്തെ താളിയോലകളിലും കൈയെഴുത്തുപ്രതികളിലും കണ്ടിരുന്ന ചതുരവടിവുള്ള അച്ച് നിർമ്മിച്ച് ആ അച്ചാണ് നാരായണീയത്തിന്റെ അച്ചടിച്ച് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒരു പക്ഷ കൈയെഴുത്തിനോട് അടുത്തു നിൽക്കാനോ, ബെഞ്ചമിൻ ബെയിലി മലയാളലിപി ഉരുട്ടിയത് ഇഷ്ടപ്പെടാതിരുന്നവരുടെ എതിർപ്പ് മറികടക്കാൻ വേണ്ടിയോ ആവാം. എന്തായാലും ഈ പുസ്തകത്തിലെ അച്ചിനു ചതുരവടിവാണ്. അതിനാൽ തന്നെ   വായിച്ചെടുക്കാൻ കുറച്ചു പ്രയാസം നേരിട്ടേക്കാം. തയുടെ അച്ച് ഇന്നത്തെ രീതി മാത്രം അറിയുന്നവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം.

മിക്കവാറുമൊക്കെ പഴയ കൈയെഴുത്തിനോടു ഒക്കുന്നതാണ് ഇതിലെ അച്ചടി. എന്നാൽ വാക്കുകൾക്ക് ഇടയിൽ സ്പേസ് ഉപയോഗിക്കുകയും ഖണ്ഡിക തിരിക്കയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനമായി ശുദ്ധിപത്രവും (ശൊധികപത്രിക എന്നു പുസ്തകത്തിൽ) കാണാം.

പുസ്തകത്തിന്റെ വില ഒന്നേമുക്കാൽ രൂപയാണ്. 1850ലെ സ്ഥിതി വെച്ച് ഇത് വലിയ വില തന്നെയാണ്.

ഈ അച്ചടിപ്രതി ഗുണ്ടർട്ടിന്റെ സ്വകാര്യ കോപ്പിയാണ്.  ഗുണ്ടർട്ടിന്റെ കൈപ്പടിയിൽ ഉള്ള ഒരു കുറിപ്പ്  പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ കാണാം. ഇതിൽ രചയിതാവിന്റെ പേര്, എഴുതപ്പെട്ട വർഷം എന്നിവ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

നാരായണീയത്തിന്റെ ഈ ആദ്യ അച്ചടീ പതിപ്പിന്റെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

1849 – സഞ്ചാരിയുടെ പ്രയാണം

ആമുഖം

ജോൺ ബന്യൻ (ജോൺ ബനിയൻ) രചിച്ച Pilgrim’s Progress എന്ന ക്രൈസ്തവസാഹിത്യ കൃതിയുടെ മലയാള പരിഭാഷയായ സഞ്ചാരിയുടെ പ്രയാണം എന്ന കൃതിയുടെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ആധുനിക മലയാള പരിഭാഷയിൽ ഈ കൃതി പരദേശിമോക്ഷയാത്ര എന്ന പേരിലാണ് അറിയപ്പെടുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കല്ലച്ചടി (ലിത്തോഗ്രഫി) പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 211-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: സഞ്ചാരിയുടെ പ്രയാണം (കൃതിയുടെ പൂർണ്ണപേര്ഇഹത്തിൽ നിന്നു പരത്തിൽ പ്രവെശിക്കുന്ന സഞ്ചാരിയുടെ പ്രയാണം)
  • രചയിതാവ്: ജോൺ ബന്യൻ (യൊഹൻ പുനിയൻ എന്ന് ഈ പരിഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നു)
  • പതിപ്പ്: ഒന്നാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം:1849
  • താളുകളുടെ എണ്ണം:  ഏകദേശം 163
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1849 - സഞ്ചാരിയുടെ പ്രയാണം
1849 – സഞ്ചാരിയുടെ പ്രയാണം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽജീവിച്ചിരുന്ന സുവിശേഷപ്രചാരകനും എഴുത്തുകാനുമായിരുന്നു ജോൺ ബന്യൻ. അദ്ദേഹം പ്രൊട്ടസ്റ്റന്റ്കളിലെ തീക്ഷ്ണതയേറിയ കാൽ‌വിനിസ്റ്റ് വിഭാഗത്തിന്റെ വിശ്വാസപ്രമാണങ്ങളിൽ വിശ്വസിച്ച് അവ പ്രചരിപ്പിച്ചു. ആ വിശ്വാസപ്രമാണങ്ങളെ ഗ്രാമ്യ ഭാഷയുടെ ശക്തിയിലും മധുരിമയിലും അവതരിപ്പിച്ച് എഴുതിയ പിൽഗ്രിംസ് പ്രോഗ്രസ് എന്ന അന്യാപദേശകഥ (allegory) യുടെ പേരിലാണ് ബന്യൻ പ്രധാനമായും ഇന്നു സ്മരിക്കപ്പെടുന്നത്‍. രണ്ടുഭാഗങ്ങളുള്ള ഈ കൃതിയുടെ ആദ്യഭാഗം ‘ക്രിസ്ത്യാനി’യുടെ തീർഥാടനകഥയാണ്. രണ്ടാംഭാഗത്തിൽ ആ യാത്രയിൽ അയാളുടെ വഴി പിന്നീട് പിന്തുടർന്ന വന്ന ഭാര്യ ‘ക്രിസ്റ്റിയാന’യുടേയും മക്കളുടേയും കഥയുമാണ്.

ജോൺ ബന്യനെ പറ്റിയും പിൽഗ്രിംസ് പ്രോഗ്രസിനെ പറ്റിയും അത്യാവശ്യം നന്നായി മലയാളം വിക്കിപീഡിയയിൽ ഡോക്കുമെന്റ് ചെയ്തിട്ടുണ്ട്. ജോൺ ബന്യൻപിൽഗ്രിംസ് പ്രോഗ്രസ് എന്നീ മലയാളം വിക്കിപീഡിയ ലേഖനങ്ങൾ വായിക്കുക.

ജോൺ ബന്യന്റെ പിൽഗ്രിംസ് പ്രോഗ്രസിന്റെ മലയാള പരിഭാഷയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1849ൽ തലശ്ശേരിയിലെ കല്ലച്ചുകൂടത്തിലാണ് ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത്. ഈ കൃതി ആരാണ് മലയാളത്തിലേക്ക് പരിഭാഷ ചെയ്തിരിക്കുന്നത് എന്ന് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ല. മറ്റു പല പ്രധാനക്രൈസ്തവകൃതികളും മലയാളത്തിലേക്ക് പരിഭാഷ ചെയ്ത റവ: ജോസഫ് പീറ്റ് ആണ് ഇത് ചെയ്തതെന്ന് ചിലയിടത്ത് രേഖപ്പെടുത്തി കാണുന്നെങ്കിലും അതിനെ പറ്റി പ്രത്യക്ഷ തെളിവുകൾ ഒന്നും ഈ സ്കാനിൽ കാണുന്നില്ല. ഗുണ്ടർട്ടിനു ഇതിന്റെ പരിഭാഷയിൽ പങ്കുണ്ടോ എന്നതും വ്യക്തമല്ല. മലയാള പരിഭാഷയുടെ ചരിത്രം ഒരു ഗവേഷണ വിഷയമാണ്.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1859 – മുദ്രാരാക്ഷസം ഭാഷാഗാനം – കൈയെഴുത്തുപ്രതി

ആമുഖം

മുദ്രാരാക്ഷസം ഭാഷാഗാനം അഥവാ മുദ്രാരാക്ഷസം കിളിപ്പാട്ട് എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കൈയെഴുത്ത് പുസ്തകം ആണിത്.  ട്യൂബിങ്ങൻ ലൈബ്രറിയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 210-ാമത്തെ പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: മുദ്രാരാക്ഷസം ഭാഷാഗാനം
  • താളുകളുടെ എണ്ണം: 157
  • കാലഘട്ടം:  1859നെന്ന് ട്യൂബിങ്ങനിലെ ഈ രേഖയുടെ മെറ്റാഡാറ്റയിൽ കാണുന്നു.
1859 - മുദ്രാരാക്ഷസം ഭാഷാഗാനം - കൈയെഴുത്തുപ്രതി
1859 – മുദ്രാരാക്ഷസം ഭാഷാഗാനം – കൈയെഴുത്തുപ്രതി

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

വിശാഖദത്തൻ സംസ്കൃതത്തിൽ എഴുതിയ ഒരു ചരിത്രനാടകമാണ് മുദ്രാരാക്ഷസം. ചന്ദ്രഗുപ്തമൗര്യന്റെ ഉയർച്ചയും മൗര്യവംശം ആദ്യമായി ഇന്ത്യയിൽ ഒരു വിശാലസാമ്രാജ്യം പടുത്തുയർത്തിയതിന്റെ പ്രാരംഭഘട്ടവുമാണു് ഈ നാടകത്തിന്റെ ഇതിവൃത്തം.

ഇത് മലയാളത്തിലുള്ള കൃതിയാണ്. സംസ്കൃതത്തിലുള്ള മൂലകൃതിയുടെ പരിഭാഷകൻ ആരെന്ന് എനിക്കറിയില്ല. ശാരികത്തരുണീ, പൈങ്കിളിപ്പെണ്ണ് എന്നൊക്കെ ആദ്യവരികളിൽ തന്നെ കാണുന്നതിനാൽ ഇത് കിളിപ്പാട്ട് ശൈലിയിൽ എഴുതിയ ഭാഷാഗാനം ആണെന്ന് ഞാൻ ഊഹിക്കുന്നു.

ഈ കൈയെഴുത്ത് പ്രതി കിട്ടിയതോടെ മുദ്രാരാക്ഷസത്തിന്റെ താളിയോലപതിപ്പും അച്ചടി പതിപ്പും കൈയെഴുത്ത് പ്രതിയും നമുക്ക് കിട്ടി.

ഈ കൈയെഴുത്ത് രേഖയെ  വിലയിരുത്താൻ ഞാൻ ആളല്ല. ഇതിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ സൈസ് കൂടുതൽ ആണ്. അതിനാൽ അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)