1910 – മലങ്കര സഭാതാരക – വാല്യം ആറിന്റെ അവസാന ഏഴു ലക്കങ്ങൾ

ആമുഖം

മലങ്കര സഭാതാരക എന്ന മാസികയുടെ 1910-ാം ആണ്ടിലെ വാല്യം ആറിന്റെ 7 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശേഷമുള്ള പതിനെട്ടാം വർഷത്തെ ലക്കങ്ങൾ ആണിത്. പക്ഷെ ഈ മാസികയുടെ തുടക്കം വളരെ ക്രമരഹിതം ആയതിനാൽ 1910 ആയിട്ടും ആറാമത്തെ വാല്യം എത്താനേ കഴിഞ്ഞുള്ളൂ.

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര സഭാതാരക –  1910-ാം ആണ്ടിലെ (കൊല്ലവർഷം 1085-1086) മകരം തൊട്ട്  കർക്കടകം വരെയുള്ള 7 ലക്കങ്ങൾ
  • താളുകളുടെ എണ്ണം: ഏകദേശം 24 പേജുകൾ വീതം. 
  • പ്രസിദ്ധീകരണ വർഷം: 1910
  • പ്രസ്സ്: Vicar General Press, Kottayam
1910 - മലങ്കര സഭാതാരക - വാല്യം ആറിന്റെ അവസാന ഏഴു ലക്കങ്ങൾ
1910 – മലങ്കര സഭാതാരക – വാല്യം ആറിന്റെ അവസാന ഏഴു ലക്കങ്ങൾ

മലങ്കര സഭാതാരകയുടെ ചരിത്രം

മലങ്കര സഭാതാരകമലങ്കര മാർത്തോമ്മ സഭയുടെ ഔദ്യോഗിക മുഖപത്രമാണ്.  1893 ജനുവരിയിലാണ് ഇതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. ഒരു പിടി മാവ്, അസാരം എണ്ണ എന്നായിരുന്നു ആദ്യകാലത്തെ ആപ്തവാക്യം. താരകയുടെ ലഘുചരിത്രത്തിന്റെ ഈ മാസികയുടെ 1909 ാം ആണ്ടിലെ കുറച്ചു ലക്കങ്ങൾ റിലീസ് ചെയ്തപ്പോൾ എഴുതിയ ഈ പോസ്റ്റിലെ മലങ്കര സഭാതാരകയുടെ ചരിത്രം എന്ന വിഭാഗം കാണുക.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി. ഇതിനു മുൻപ് മലങ്കര ഇടവക പത്രികയുടെ ലക്കങ്ങളും  “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ് എന്നോർക്കുക. ഈ പുരാരേഖകൾ ഒക്കെ എന്നെ ഏൽപിച്ച് ഇപ്പം തിരിച്ചു കിട്ടും എന്ന് വെച്ച് ആഗ്രഹിച്ച് ഇരിക്കുന്ന അദ്ദേഹത്തിന്റെ ക്ഷമയ്ക്ക് നന്ദി പറയുന്നു. എല്ലാം ഡിജിറ്റൈസ് ചെയ്ത് എത്രയും പെട്ടെന്ന് ഈ രേഖകൾ ഉടമസ്ഥനെ തിരിച്ചേൽപ്പിക്കണം എന്ന് ആശിക്കുന്നു.

ചില ചെറു പ്രശ്നങ്ങൾ ഒഴിച്ചു നിർത്തിയാൽ പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ലക്കത്തിന്റേയും തനിമ നിലനിർത്താൻ ഓരോ ലക്കത്തിനും വ്യത്യസ്തമായി തന്നെ സ്കാനുകൾ ലഭ്യമാക്കിയിട്ടൂണ്ട്.

ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്ന 1910ലെ ലക്കങ്ങളുടെ പ്രത്യേകത

1910-ാം ആണ്ടിലെ ആറാം വാല്യത്തിന്റെ അവസാന 7 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ മാസികയുടെ ഉള്ളടക്കത്തിൽ പല ലേഖനങ്ങളും യാക്കോബായക്കാരുടെ പ്രസിദ്ധീകരണം ആയിരുന്ന മലങ്കര ഇടവക പത്രികയ്ക്ക് (ഈ മാസിക ഏകദേശം 1909-1912 കാലഘട്ടത്തിൽ പ്രസിദ്ധീകരണം നിലച്ചു) ഉള്ള മറുപടി ആണെന്ന് കാണാം. മലങ്കര സഭാ താരകയുടെ ആദ്യ പതിപ്പുകൾ തൊട്ടു ലഭിച്ചാലേ അതും ഇടവകപത്രികയിലെ ലക്കങ്ങളും താരതമ്യം ചെയ്ത് അക്കാലത്ത് ഈ മാസികകൾ കൈകാര്യം ചെയ്തിരുന്ന പല വിഷയങ്ങളും പൂർണ്ണമായി മനസ്സിലാകൂ. ഈ മാസികയിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

സമയ പരിമിതി മൂലം സ്കാനുകൾ ഓരോന്നായി പൊകാൻ സമയം കിട്ടിയിട്ടില്ല. അത് ഈ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

ഈ 7 സ്കാനുകൾ ലഭിച്ചതോടെ ആറാം വാല്യത്തിന്റെ 12 ലക്കങ്ങളും നമുക്ക് ലഭിച്ചു.

ഡൗൺലോഡ് വിവരങ്ങൾ

1910-ാം ആണ്ടിലെ ആറാം വാല്യത്തിന്റെ 7 ലക്കങ്ങളുടെ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ: കളർ സ്കാൻ മാത്രമേ ലഭ്യമാക്കിയിട്ടൂള്ളൂ. പരമാവധി ഡൗൺലോഡ് സൈസ് 14 MB ആണ്.

1910 ലെ
ലക്കങ്ങൾ
വാല്യം പ്രധാന കണ്ണി
(ഓൺലൈൻ റീഡിങ്)
ഡൗൺലോഡ്
(കളർ സ്കാൻ)
1 വാല്യം 6 ലക്കം 6 ലക്കം 6
2 വാല്യം 6 ലക്കം 7 ലക്കം 7
3 വാല്യം 6 ലക്കം 8 ലക്കം 8
4 വാല്യം 6 ലക്കം 9 ലക്കം 9
5 വാല്യം 6 ലക്കം 10 ലക്കം 10
6 വാല്യം 6 ലക്കം 11 ലക്കം 11
7 വാല്യം 6 ലക്കം 12 ലക്കം 12

 

1909 – മലങ്കര സഭാതാരക – വാല്യം ആറിന്റെ ആദ്യ അഞ്ചു ലക്കങ്ങൾ

ആമുഖം

മലങ്കര സഭാതാരക എന്ന മാസികയുടെ 1909-ാം ആണ്ടിലെ 5 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലങ്കര സഭാതാരകയുടെ കോപ്പി റൈറ്റ് കഴിഞ്ഞ പതിപ്പുകളുടെ ഡിജിറ്റൽ പതിപ്പിന്റെ റിലീസിന്റെ തുടക്കമാണിത്. ഇനിയുള്ള നാളുകൾ കൂടുതൽ ലക്കങ്ങൾ കിട്ടുന്നതിനു അനുസരിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം.

മലങ്കര സഭാതാരക
മലങ്കര സഭാതാരക

ഈ മാസിക പ്രസിദ്ധീകരണം തുടങ്ങിയതിനു ശേഷമുള്ള പതിനേഴാം വർഷത്തെ ലക്കങ്ങൾ ആണിത്. പക്ഷെ ഈ മാസികയുടെ തുടക്കം വളരെ ക്രമരഹിതം ആയതിനാൽ 1909 ആയിട്ടും ആറാമത്തെ വാല്യം എത്താനേ കഴിഞ്ഞുള്ളൂ.

ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ

  • പേര്: മലങ്കര സഭാതാരക –  1909-ാം ആണ്ടിലെ (കൊല്ലവർഷം 1085) ചിങ്ങം തൊട്ട് ധനുവരെയുള്ള 5 ലക്കങ്ങൾ
  • താളുകളുടെ എണ്ണം: ഏകദേശം 24 പേജുകൾ വീതം. 
  • പ്രസിദ്ധീകരണ വർഷം: 1909
  • പ്രസ്സ്: Vicar General Press, Kottayam
1909 - മലങ്കര സഭാതാരക - വാല്യം ആറിന്റെ അഞ്ചു ലക്കങ്ങൾ
1909 – മലങ്കര സഭാതാരക – വാല്യം ആറിന്റെ അഞ്ചു ലക്കങ്ങൾ

മലങ്കര സഭാതാരകയുടെ ചരിത്രം

മലങ്കര സഭാതാരക, മലങ്കര മാർത്തോമ്മ സഭയുടെ ഔദ്യോഗിക മുഖപത്രമാണ്. 1893 ജനുവരിയിലാണ് ഇതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. ഒരു പിടി മാവ്, അസാരം എണ്ണ എന്നായിരുന്നു ആദ്യകാലത്തെ ആപ്തവാക്യം.

മലങ്കര സഭാതാരക
മലങ്കര സഭാതാരക

മലങ്കര സഭാതാരക, മലങ്കര ഇടവക പത്രിക എന്നീ മാസികകളുടെ ചരിത്രം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. അത് 1889ൽ റോയൽ കോടതി വിധിയിലൂടെ മലങ്കര സുറിയാനി സഭയിൽ ഔദ്യോഗിക പിളർപ്പുണ്ടായി രണ്ട് വിഭാഗങ്ങൾ ഉടലെടുത്തതോടെ തുടങ്ങുന്നു.

യാക്കോബായവിഭാഗം 1892ൽ മലങ്കര ഇടവക പത്രിക എന്ന പേരിൽ ഔദ്യോഗിക മാസിക ആരംഭിച്ചു അതിലൂടെ ആശയസംവാദം തുടങ്ങി. എന്നാൽ മാർത്തോമ്മ വിഭാഗത്തിനു അക്കാലത്ത് കാര്യങ്ങൾ എളുപ്പമായിരുന്നില്ല.

റോയൽ കോടതി വിധിയിലൂടെ നവീകരണ സുറിയാനി വിഭാഗം തോറ്റതൊടെ, നവീകരണ വിഭാഗത്തിന്റെ മെത്രാപോലീത്ത ആയിരുന്ന തോമസ് മാർ അത്താനാസ്യോസ് പഴയ സെമിനാരിയിൽ നിന്ന് ഇറങ്ങി മാരാമണ്ണ് താമസമായി. പിളർപ്പിനെ തുടർന്ന് ഇരു വിഭാഗവും തമ്മിൽ വിവിധ പള്ളികളുടെ ഉടമാസ്ഥവകാശത്തെ സംബന്ധിച്ച് കോടതി കേസുകളിൽ ഏർപ്പെട്ടു. മാരമണ്ണ്, കോഴഞ്ചേരി പോലുള്ള അപൂർവ്വം ചില പള്ളികൾ ഒഴിച്ച് മിക്ക പള്ളികളും നവീകരണവിഭാഗത്തിന്നു നഷ്ടപ്പെട്ടു. സ്വാഭാവികമായി നവീകരണപക്ഷക്കാർ നിരാശരായി. സഭയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട് നിന്ന ഈ അവസരത്തിൽ ആണ് “മലങ്കര സഭാതാരക” ആരംഭിക്കുന്നത്. മലങ്കര സഭാതാരകയുടെ ആരംഭത്തെ പറ്റി സഭാ ചരിത്രകാരനായ റ്റി.സി. ചാക്കോ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനാണ്:

സമുദായത്തിന്റെ ആവശ്യങ്ങൾ ജനങ്ങളെർ അറിയിക്കുന്നതിനും, അകമേയും പുറമേയുമുള്ള ശത്രുക്കളിൽ നിന്ന് സഭയെ രക്ഷിക്കുന്നതിനും, സഭാംഗങ്ങൾക്കു സദുപദേശം നൽകുന്നതിനും മറ്റുമായി സമുദായത്തിന്റെ നാവായി ഒരു പത്രം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപറ്റി ബോദ്ധ്യമായതിന്റെ ഫലമായിട്ടത്രേ 1068 മകരത്തിൽ മലങ്കര സഭാ താരക ആരംഭിച്ചത് (സഭാചരിത്ര സംഗ്രഹം ഭാഗം രണ്ട്)

1893 ജനുവരിയിലാണ് മലങ്കര സഭാതാരക എന്ന പേരിൽ മാസിക ആരംഭിക്കുന്നത്.

യാക്കോബായ വിഭാഗത്തിന്റെ മലങ്കര ഇടവകപത്രിക എന്ന മാസികയുടെ 1892 മുതൽ 1909 വരെയുള്ള നൂറിൽ പരം ലക്കങ്ങളിലെ 3300 ഓളം താളുകൾ ഡിജിറ്റൈസ് ചെയ്ത് ഇതിനകം പങ്കു വെച്ചതാണ്. അതിനെ പറ്റിയുള്ള അവസാന പൊസ്റ്റിൽ നിന്ന് എല്ലാ വർഷങ്ങളിലേക്കും ഉള്ള കണ്ണി കിട്ടും. അത് ഇവിടെ കാണാം. ഇതിനകം നമുക്ക് ലഭ്യമായ മലങ്കര ഇടവക പത്രികയുടെ ഉള്ളടക്കത്തിലൂടെ സഞ്ചരിച്ചാൽ, അതിലെ പല ലേഖനങ്ങളും മലങ്കര സഭാതാരകയ്ക്കുള്ള മറുപടി ആണെന്ന് കാണാം. എന്നാൽ മലങ്കര സഭാതാരകയുടെ പഴയ ലക്കങ്ങൾ നമുക്ക് ലഭ്യമല്ലാത്തതിനാൽ പല വിഷയങ്ങളുടെയും പൂർണ്ണചിത്രം നമുക്ക് ലഭ്യമല്ല. ആ പ്രശ്നം ഒരു പരിധി വരെ പരിഹരിച്ചാണ് ഇനിയുള്ള പോസ്റ്റുകളിൽ മലങ്കര സഭാതാരകയുടെ കുറച്ചു ലക്കങ്ങൾ പങ്കു വെക്കുന്നത്.

1893 ജനുവരിയിൽ കോട്ടൂരേത്ത് യൗസേഫ് കശ്ശിശയുടെ പത്രാധിപത്യത്തിൽ ആണ് സഭാതാരക ആരംഭിക്കുന്നത്. കോട്ടയം സി.എം.എസ്. പ്രസ്സിൽ ആയിരുന്നു ആദ്യകാലത്തെ അച്ചടി.

കോട്ടൂരേത്ത് യൗസേഫ് കശ്ശിശ
കോട്ടൂരേത്ത് യൗസേഫ് കശ്ശിശ

കോട്ടൂരേത്ത് യൗസേഫ് കശ്ശിശയെ തുടർന്ന് സി.എം.എസ്. കോളേജ് അദ്ധ്യാപകനായിരുന്ന കുരുടാമണ്ണിൽ പീറ്റർ മാത്യു ആശാൻ, തെങ്ങുമണ്ണിൽ റ്റി.സി. വർക്കി തുടങ്ങി പല പത്രാധിപർമാർ വന്നു. പക്ഷെ ഇതിന്റെ അർത്ഥം മലങ്കര സഭാതാരക ക്രമമായി പ്രസിദ്ധീകരിച്ചു എന്നല്ല. പലപ്പോഴും മാസങ്ങളോളം, ചിലപ്പോൾ ഒരു വർഷത്തിന്നു മീതെ, ഒക്കെ മലങ്കര സഭാതാരകയുടെ പ്രസിദ്ധീകരണം മുടങ്ങി. മലങ്കര സഭാതാരകയും (മാർത്തോമ്മ സഭ പൊതുവായും) വളരെ പ്രതിസന്ധിയിലൂടെ കടന്നു പോയിരുന്ന ആ കാലഘട്ടത്തിൽ പ്രസിദ്ധീകരണം ക്രമമല്ലാത്തതിനു വേറെ കാരണം ഒന്നും വേണ്ടല്ലോ. എന്നാൽ ഇക്കാലത്ത് യാക്കോബായ വിഭാഗത്തിന്റെ മലങ്കര ഇടവക പത്രിക ക്രമമായി പുറത്തിറങ്ങിയത് നമുക്ക് കാണാവുന്നതാണ്. അതിലെ പല ലക്കങ്ങളിലും മലങ്കര സഭാതാരക പുറത്ത് ഇറങ്ങാത്തതിനെ പറ്റിയുള്ള പരാമർശങ്ങൾ കാണാവുന്നതും ആണ്.

മലങ്കര സഭാതാരകയുടെ ആദ്യഘട്ടത്തെ ക്രമരാഹിത്യത്തിനു മാറ്റമുണ്ടാകുന്നത് 1907ൽ ശ്രീ. കെ.എൻ. ദാനിയേൽ താരകയുടെ പത്രാധിപ സ്ഥാനം ഏറ്റെടുക്കുന്നതോടെ ആണ്. അദ്ദേഹം തുടർന്ന് ദീർഘവർഷങ്ങൾ മലങ്കര സഭാതാരകയുടെ പത്രാധിപർ ആയിരുന്നു. കെ.എൻ. ദാനിയേലിന്റെ പത്രാധിപകാലഘട്ടം സഭാതാരകയുടെ സുവർണ്ണ വർഷങ്ങളായി ഇന്നു വിലയിരുത്തപ്പെടുന്നു. (പക്ഷെ ശ്രീ കെ.എൻ. ദാനിയേൽ തന്നെ പിൽക്കാലത്ത് മാർത്തോമ്മ സഭയിൽ നിന്ന് ഒരു വിഭാഗം പിളർന്ന് മാറി ഇവാഞ്ചലിക്കൽ സഭ രൂപീകരിക്കുന്നതിനു കാരണമായി തീർന്നു)

1893ൽ തുടങ്ങി തുടക്ക കാലഘട്ടത്തിലെ പ്രതിസന്ധികൾ മറികടന്ന് 1907ൽ തുടർന്ന യാത്ര മലങ്കര സഭാതാരക ഇന്നും തുടരുന്നു. മാർത്തോമ്മ സഭയുടെ ഔദ്യോഗിക മുഖപത്രമായി അത് നിലകൊള്ളുന്നു. കഴിഞ്ഞ വർഷം (2018) മലങ്കര സഭാതാരക പ്രസിദ്ധീകരണത്തിന്റെ 125-ാം വർഷം ആഘോഷിച്ചു.

ഇത്ര പ്രസിദ്ധീകരണ ചരിത്രമൊക്കെ ഉണ്ടെങ്കിലും കോപ്പിറൈറ്റ് ഒക്കെ കഴിഞ്ഞ് പൊതുസഞ്ചയത്തിൽ ആയ ഇത്തരം രേഖകൾ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വിടാൻ മറ്റു സുറിയാനി സഭകളെ പോലെ മാർത്തോമ്മ സഭയും തയ്യാറല്ല. അതിനാൽ മറ്റു അനേകം പണികൾ ഉണ്ടെങ്കിലും കൈയ്യിൽ വന്ന കുറച്ചു ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വിടാൻ ഞാൻ ഇറങ്ങുന്നു.

മലങ്കര സഭാതാരക, മലങ്കര ഇടവക പത്രികയിൽ നിന്നു വ്യത്യസ്തമായി മലയാള മാസക്രമം ആണ് വാല്യങ്ങൾ നമ്പർ ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത്. അതിനാലാണ് ചിങ്ങം 1നു വാല്യം ആറിന്റെ ഒന്നാം ലക്കം തുടങ്ങിയിരിക്കുന്നത്. എന്നാൽ ഇടവക പത്രിക ഈ കാര്യത്തിനു (വാല്യങ്ങൾ നമ്പർ ചെയ്യാൻ) ഗ്രിഗോറിയൻ കലണ്ടർ ആണ് ഉപയോഗിച്ചിരിക്കുന്നത്.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി. ഇതിനു മുൻപ് മലങ്കര ഇടവക പത്രികയുടെ ലക്കങ്ങളും  “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ് എന്നോർക്കുക. ഈ പുരാരേഖകൾ ഒക്കെ എന്നെ ഏൽപിച്ച് ഇപ്പം തിരിച്ചു കിട്ടും എന്ന് വെച്ച് ആഗ്രഹിച്ച് ഇരിക്കുന്ന അദ്ദേഹത്തിന്റെ ക്ഷമയ്ക്ക് നന്ദി പറയുന്നു. എല്ലാം ഡിജിറ്റൈസ് ചെയ്ത് എത്രയും പെട്ടെന്ന് ഈ രേഖകൾ ഉടമസ്ഥനെ തിരിച്ചേൽപ്പിക്കണം എന്ന് ആശിക്കുന്നു.

ഈ പോസ്റ്റിൽ കാണുന്ന ചില വിവരങ്ങൾക്കും 1909നു മുൻപുള്ള താരകയുടെയും കോട്ടൂരേത്ത് യൗസേഫ് കശ്ശിശയുടെയും ചിത്രങ്ങൾക്ക് കടപ്പാട് മലങ്കരദൂതൻ എന്ന ഫേസ് ബുക്ക് പേജ് ഹാന്റിലിനോട്.

മാസികകൾ എല്ലാം കൂടെ ബൈന്റ് ചെയ്തപ്പോൾ ബൈന്റ് ചെയ്തവർ അരികു കൂട്ടി മുറിച്ചതിനാൽ ചില പേജുകളിൽ ഉള്ളടക്കത്തിന്റെ ഭാഗവും നഷ്ടമായിട്ടൂണ്ട്. അതൊക്കെ ഒഴിച്ചു നിർത്തിയാൽ പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ലക്കത്തിന്റേയും തനിമ നിലനിർത്താൻ ഓരോ ലക്കത്തിനും വ്യത്യസ്തമായി തന്നെ സ്കാനുകൾ ലഭ്യമാക്കിയിട്ടൂണ്ട്.

ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്ന 1909ലെ ലക്കങ്ങളുടെ പ്രത്യേകത

1909-ാം ആണ്ടിലെ 5 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. . ഈ മാസികയുടെ ഉള്ളടക്കത്തിൽ പല ലേഖനങ്ങളും യാക്കോബായക്കാരുടെ പ്രസിദ്ധീകരണം ആയിരുന്ന മലങ്കര ഇടവക പത്രികയ്ക്ക് (ഈ മാസിക ഏകദേശം 1909ൽ പ്രസിദ്ധീകരണം നിലച്ചു) ഉള്ള മറുപടി ആണെന്ന് കാണാം. മലങ്കര സഭാ താരകയുടെ ആദ്യ പതിപ്പുകൾ തൊട്ടു ലഭിച്ചാലേ അതും ഇടവകപത്രികയിലെ ലക്കങ്ങളും താരതമ്യം ചെയ്ത് അക്കാലത്ത് ഈ മാസികകൾ കൈകാര്യം ചെയ്തിരുന്ന പല വിഷയങ്ങളും പൂർണ്ണമായി മനസ്സിലാകൂ. ഈ മാസികയിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

മുന്നാം ലക്കത്തിൽ കാണുന്ന തീത്തൂസ് ഒന്നാമൻ മെത്രാപോലീത്തയുടെ ദേവവിയോഗത്തെ പറ്റിയുള്ള ലേഖനത്തിൽ വിവരിച്ചിരിക്കുന്ന പൂർവ്വ ചരിത്രം, നാലാം ലക്കത്തിൽ കാണുന്ന തീത്തൂസ് രണ്ടാമൻ മെത്രാപോലീത്തയുടെ സ്ഥാരോഹണത്തെ പറ്റിയുള്ള ലേഖനം എന്നിവയൊക്കെയാണ് ശ്രദ്ധേയമായി തോന്നിയത്.

മലങ്കര ഇടവകപത്രികയുമായുള്ള സംവാദലേഖനങ്ങൾ പല ലക്കങ്ങളിലും കാണുന്നുണ്ട്. പക്ഷെ 1909 ആയപ്പോഴേക്ക് മലങ്കര ഇടവക പത്രിക പതുക്കെ അണയാൻ തുടങ്ങുന്ന സമയമാണ്. അതിനു ശേഷം ആണല്ലോ യാക്കോബായ-ഓർത്തഡോക്സ് കക്ഷി വഴക്ക് ആരംഭിക്കുന്നത്.

1893 മുതൽ പ്രസിദ്ധീകരിച്ച് തുടങ്ങിയെങ്കിലും ആദ്യകാലത്തെ ലക്കങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. അതൊക്കെ ഇനി മുൻപോട്ട് പോകുമ്പോൾ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കണം എന്ന് ആലോചിക്കുന്നു

ഡൗൺലോഡ് വിവരങ്ങൾ

1909-ാം ആണ്ടിലെ ആറാം വാല്യത്തിന്റെ 5 ലക്കങ്ങളുടെ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ:

1909 ലെ
ലക്കങ്ങൾ
വാല്യം പ്രധാന കണ്ണി/ഓൺലൈൻ റീഡിങ് ഡൗൺലോഡ് (കളർ സ്കാൻ)
1 വാല്യം 6 ലക്കം 1 ലക്കം 1
2 വാല്യം 6 ലക്കം 2 ലക്കം 2
3 വാല്യം 6 ലക്കം 3 ലക്കം 3
4 വാല്യം 6 ലക്കം 4 ലക്കം 4
5 വാല്യം 6 ലക്കം 5 ലക്കം 5