1981 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 1

1980കളിൽ ഒന്നാം ക്ലാസ്സിൽ പഠിച്ചവർ (ഞാനടക്കം) ഉപയോഗിച്ച മലയാള പാഠപുസ്തകമായ കേരള പാഠാവലി മലയാളം –  സ്റ്റാൻഡേർഡ് 1 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മലയാള അക്ഷരപഠനത്തിനു ഉപയോഗിക്കാനാവുന്ന ഒരു പാഠപുസ്തകം മാതൃഭാഷാ ദിനമായ ഇന്നു തന്നെ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നതിൻ അതിയായ സന്തോഷമുണ്ട്. ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന ഈ പുസ്തകം 1981ൽ ഇറങ്ങിയതാണ്.

തറ-പറ പാഠപുസ്തകം എന്ന പേരിൽ സാധാരണക്കാരുടെ ഇടയിൽ അറിയപ്പെടുന്ന ഇത്തരം മലയാള പാഠപുസ്തകം സ്വന്തമായി മക്കളെ അക്ഷരം പഠിപ്പിക്കുന്ന പ്രവാസി മലയാളികൾക്ക് വളരെ പ്രയോജനപ്രദമാണ്. എൻ്റെ പിള്ളാരെ മലയാള അക്ഷരങ്ങൾ പഠിപ്പിക്കാൻ ഞാൻ പിന്തുടർന്ന ഒരു മലയാള പാഠപുസ്തകം ഇതാണ്.

ഒന്നാം ക്ലാസ്സിൽ ചേരുന്ന കുഞ്ഞു പിള്ളാരെ മലയാള അക്ഷരം പഠിപ്പിക്കാൻ ഈ പാഠപുസ്തകത്തിൽ പിന്തുടരുന്ന ഗാർത്തുവേറ്റ് രീതിയെ പറ്റിയും അതിൻ്റെ ചരിത്രവും എല്ലാം ഞങ്ങൾ മുന്നു പേർ (സിബു സി.ജെ., സുനിൽ വി.എസ്., ഷിജു അലക്സ്) ചേർന്ന് എഴുതിയ “പന നനച്ച് മലയാള അക്ഷരപഠനത്തെ പരിഷ്കരിച്ച ഒരാൾ” എന്ന ലേഖനത്തിൽ കൈകാര്യം ചെയ്തിരുന്നു. അത് ഇവിടെ കാണാം.

ഞാൻ പഠിച്ച പാഠപുസ്തകം ആയതിനാൽ ഇതിൻ്റെ ഒരു ഹാർഡ് കോപ്പി ഡിജിറ്റൈസേഷനായി ലഭിക്കാനായി ഞാൻ പല വഴിക്കും ശ്രമിച്ചിരുന്നു. പക്ഷെ ലഭിച്ചില്ല.  ഒടുവിൽ എൻ്റെ ഡിജിറ്റൈസേഷൻ പദ്ധതികളിൽ സഹകരിക്കുന്ന റൂബിൻ ഡിക്രൂസ് ആണ് ആ കാലഘട്ടത്തിലെ പാഠപുസ്തകങ്ങൾ എനിക്കു സംഘടിപ്പിച്ചു തന്നത്.

പുനരുപയോഗസാദ്ധ്യത കൂടുതൽ ആയതിനാൽ പതിവിൽ നിന്നു വ്യത്യസ്തമായി, 300 dpi യിലും 600 dpi യിലും കളർ സ്കാൻ ചെയ്തെടുത്ത രണ്ട് വ്യത്യസ്ത പതിപ്പുകൾ ഈ പാഠപുസ്തകത്തിനു ലഭ്യമാക്കിയിട്ടുണ്ട്. 300 dpi യുടെ പതിപ്പിനു 26 MB ആണ് സൈസെങ്കിൽ 600 dpi യുടേതിനു 166 MB ആണ് സൈസ്. സാധാരണ പരിപാടികൾക്ക് 300 dpi യുടേത് തന്നെ ധാരാളമാണ്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

 

1981 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 1
1981 – കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 1

കടപ്പാട്

റൂബിൻ ഡിക്രൂസ് ആണ് ഈ പാഠപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കേരളപാഠാവലി മലയാളം – പുസ്തകം 1
  • പ്രസിദ്ധീകരണ വർഷം: 1981
  • താളുകളുടെ എണ്ണം: 136
  • അച്ചടി: Text Book Press, Thrikkakara, Kochi
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
  • ഡൗൺലോഡ്, 300 dpi കളർ സ്കാൻ (26 MB): കണ്ണി
  • ഡൗൺലോഡ്, 600 dpi കളർ സ്കാൻ (166 MB): കണ്ണി

1921-ശ്രീ അഷ്ടാംഗസംഗ്രഹഭാഷ്യംത്രൈമാസിക പത്രഗ്രന്ഥത്തിന്റെ മൂന്ന് ലക്കങ്ങൾ

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

പി എം ഗോവിന്ദൻ വൈദ്യരുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന അഷ്ടാംഗസംഗ്രഹഭാഷ്യം എന്ന ത്രൈമാസിക പത്രഗ്രന്ഥത്തിന്റെ ആദ്യ മൂന്ന് ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1921 -ൽ അക്കാലത്തെ പ്രസിദ്ധരായ ആയുർവേദ പണ്ഢിതന്മാർ ചേർന്ന് തയാറാക്കിയതാണ് ഈ ഭാഷ്യം എന്ന് തോന്നുന്നു. സഹായാധികാരികള്‍ എന്ന നിലയിൽ അവരെ പരാമർശിച്ച് കാണുന്നുണ്ട്.

1921-അഷ്ടാംഗസംഗ്രഹഭാഷ്യം - പുസ്തകം 1 ലക്കം 1
1921-അഷ്ടാംഗസംഗ്രഹഭാഷ്യം – പുസ്തകം 1 ലക്കം 1

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ മാസികയുടെ നാല് ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

രേഖ 1

  • പേര്: 1921-അഷ്ടാംഗസംഗ്രഹഭാഷ്യം പുസ്തകം 1 ലക്കം 1
  • പ്രസിദ്ധീകരണ വർഷം: 1921 (മലയാള വർഷം 1101ചിങ്ങം)
  • താളുകളുടെ എണ്ണം: 76
  • അച്ചടി:കമലാലയം അച്ചുകൂടം തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 2

  • പേര്: 1921-അഷ്ടാംഗസംഗ്രഹഭാഷ്യം പുസ്തകം 1 ലക്കം 2
  • പ്രസിദ്ധീകരണ വർഷം: 1921 (മലയാള വർഷം 1101 വൃശ്ചികം )
  • താളുകളുടെ എണ്ണം: 84
  • അച്ചടി:കമലാലയം അച്ചുകൂടം തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

രേഖ 3

  • പേര്: 1921-അഷ്ടാംഗസംഗ്രഹഭാഷ്യം പുസ്തകം 1 ലക്കം 3
  • പ്രസിദ്ധീകരണ വർഷം: 1930 (മലയാള വർഷം 1101 കുംഭം)
  • താളുകളുടെ എണ്ണം: 94
  • അച്ചടി: കമലാലയം അച്ചുകൂടം തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

2021 – ഗാർത്തുവേറ്റ് സായിപ്പിനെ ഓസ്ട്രേലിയലിൽ കണ്ടെത്തിയ കഥ

ഇന്നത്തെ (17 ജനുവരി 2021) ദേശാഭിമാനി വാരാന്തപതിപ്പിൽ ഞങ്ങളുടെ (സിബു സി.ജെ., സുനിൽ വി. എസ്, ഷിജു അലക്സ്) ഗവേഷണകൂട്ടായ്മ കൂടെ പങ്കാളി ആയ ഒരു അന്വേഷണത്തെ സംബന്ധിച്ചുള്ള വാർത്ത പ്രധാന ഫീച്ചർ ആയി റീപ്പോർട്ട് ചെയ്തിട്ടുണ്ട് മലയാള പാഠ്യപദ്ധതി പരിഷ്കരണത്തിലും പൊതുവെ കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയിൽ ആദ്യകാല പാഠ്യപദ്ധതികൾ രൂപകല്പന ചെയ്യുന്നതിൽ നിസ്തുല്യമായ സംഭാവനകൾ നൽകിയ ഗാർത്തുവേറ്റ് സായിപ്പിനെ ഓസ്ട്രേലിയയിൽ കണ്ടെത്തിയ കഥ ആണ് ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ഫീച്ചർ. ഈ അന്വേഷണത്തിൽ പ്രധാന പങ്കു വഹിച്ചത് ബാംഗ്ലൂരിൽ ഐടി മേഖലയിൽ ജോലിയും മലയാളം മിഷൻ അടക്കമുള്ള വിവിധ പ്രവാസി മലയാള കൂട്ടായ്മകളുടെ സജീവ പ്രവർത്തകനുമായ ജിസ്സോ ജോസ് ആണ്.

ഗാർത്തുവേറ്റ് സായിപ്പിനെ ഓസ്ട്രേലിയയിൽ കണ്ടെത്തിയ കഥ
ഗാർത്തുവേറ്റ് സായിപ്പിനെ ഓസ്ട്രേലിയയിൽ കണ്ടെത്തിയ കഥ

 

ഗാർത്തുവേറ്റ് സായിപ്പിൻ്റെ മലയാള പാഠ്യപദ്ധതി പരിഷ്കരണത്തെ പറ്റി 2020 നവംബർ ആദ്യ ആഴ്ച ഇറങ്ങിയ മാധ്യമം ആഴ്ചപതിപ്പിൻ്റെ കേരളപ്പിറവി പതിപ്പിൽ പന നനച്ച് മലയാള അക്ഷരരപഠനത്തെ പരിഷ്കരിച്ച ഒരാൾ എന്ന പേരിൽ ഞങ്ങൾ ഗവേഷണ സ്വഭാവമുള്ള ഒരു ലേഖനം ഞങ്ങൾ മൂന്നു പേർ (സിബു സി.ജെ., സുനിൽ വി. എസ്, ഷിജു അലക്സ്) ചേർന്ന് പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനം മൊത്തമായി ഇവിടെ കാണാം.

പക്ഷെ ഗാർത്തുവേറ്റ് സായ്പ്പിൻ്റെ വിശദാംശങ്ങൾ തേടിയുള്ള ഞങ്ങളുടെ ഗവേഷണക്കൂട്ടായ്മയുടെ അന്വേഷണം, ഞങ്ങളുടെ തന്നെ ചന്ദ്രക്കല ഉത്ഭവവും പ്രയോഗവും എന്ന മറ്റൊരു ഗവേഷണലേഖനവുമായി ബന്ധപ്പെട്ട് ഏകദേശം 2012ൽ തുടങ്ങിയതാണ്. ആ അന്വേഷണത്തിൻ്റെ ഫലമായി 2013 അവസാനത്തിൽ ഞങ്ങൾ തന്നെ ഒരു ഓസ്ടേലിയൻ പത്രത്തിൻ്റെ ആർക്കൈവിൽ നിന്ന് ഗാർത്തുവേറ്റിൻ്റെ ചരമ വാർത്ത കണ്ടെത്തിയിരുന്നു. ആ ചരമ വാർത്തയിലെ വിവരങ്ങൾ അടിസ്ഥാനമാക്കി ഗാർത്തുവേറ്റ് സായിപ്പിനെ കുറിച്ചുള്ള ഒരു ചെറിയ വൈജ്ഞാനിക ലേഖനത്തിനു ഞങ്ങൾ മലയാളം വിക്കിപീഡിയയിൽ തുടക്കം കുറിച്ചു.

അക്കാലം തൊട്ടു തന്നെ South Australiaയിലെ Adelaideനു അടുത്തുള്ള Glenelg എന്ന പട്ടണത്തിൽ നിന്ന് ഗാർത്തുവേറ്റിൻ്റെ കൂടുതൽ വിവരങ്ങൾ തപ്പിയെടുക്കാമോ എന്ന്  ഓസ്ട്രേലിയയിൽ ഉള്ള എൻ്റെ പല സുഹൃത്തുക്കളോടും അന്വേഷിച്ചിരുന്നു. പക്ഷെ Adelaideനു അടുത്ത് എനിക്കു നേരിട്ട് അറിയുന്ന ആരും അക്കാലത്ത് ഇല്ലാത്തതിനാൽ അത് നടന്നില്ല. എങ്കിലും അതിനായി ശ്രമിച്ചു ഞാൻ പല മെസ്സേജുകളും പലർക്കും അയച്ചിരുന്നു. അത്തരത്തിൽ സഹായം അഭ്യർത്ഥിച്ചു കൊണ്ട് 2018ൽ  ഫേസ് ബുക്കിൽ ഞാൻ ഇട്ട ഒരു പോസ്റ്റ് ഇവിടെ കാണാം.  ആ പൊസ്റ്റ് ഇട്ടത്തിനു ശേഷം Adelaideലെ ഒരു മലയാളി കൂട്ടായ്മയുടെ ഭാരവാഹി എന്നെ ഫേസ് ബുക്കിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ തുടരന്വേഷണത്തിനു അവർ താല്പര്യം കാണിച്ചില്ല. തങ്ങൾ താമസിക്കുന്ന വിദേശരാജ്യത്തെ പ്രദേശത്തിനടുത്ത് മലയാളവും കേരളവുമായി ബന്ധപ്പെട്ട ഒരു പ്രധാനവ്യക്തി താമസിച്ചിരുന്നു എന്നും അതിൻ്റെ വിശദാംശം  അന്വേഷിക്കാനും ഈ മലയാളി കൂട്ടായ്മ താല്പര്യം കാണിച്ചിരുന്നു എങ്കിൽ എത്ര നന്നായേനേ എന്ന് എനിക്കു ഇപ്പോഴും തോന്നുന്നു.

അന്വേഷണം തുടർന്നു കൊണ്ട് ഇരിക്കുന്നതിൻ്റെ ഇടയിൽ ആയിരുന്നു 2019 സെപ്റ്റംബർ ഒടുവിൽ  ബാംഗ്ലൂർ മലയാളിയും എൻ്റെ ഡിജിറ്റൈസേഷൻ പദ്ധതികളെ പലവിധത്തിൽ സപ്പോർട്ട് ചെയ്യുന്ന എൻ്റെ സുഹൃത്ത് കൂടിയായ ജിസ്സോ ജോസ് അഡ്‌ലെയിഡിലേക്ക് പോകുന്ന വിവരം ഞാൻ അറിഞ്ഞത്. അതോടെ ഗാർത്തുവേറ്റ് സായിപ്പിനെ പറ്റിയും Adelaide അടുത്തുള്ള Glenelg പട്ടണത്തിൽ പോയി കണ്ടെത്തേണ്ടതിൻ്റെ എനിക്ക് അക്കാലത്ത് അറിയുന്ന എല്ലാ വിശദാംശങ്ങളും ജിസ്സോ ജോസിനു കൈമാറി. തുടർന്നുള്ള അദ്ദേഹത്തിൻ്റെ അന്വേഷണത്തിൻ്റെ കഥ അദ്ദേഹം തന്നെ വിശദമായി ദേശാഭിമാനിയിലെ ലേഖനത്തിൽ എഴുതിയിട്ടുണ്ട്. അതിൻ്റെ ഓൺ ലൈൻ വേർഷൻ ഇവിടെയും ഇവിടെയുമായി കാണാം.

 

ഗാർത്തുവേറ്റിൻ്റെ കല്ലറയിലെ ഫലകം
ഗാർത്തുവേറ്റിൻ്റെ കല്ലറയിലെ ഫലകം

 

Glenelg പട്ടണത്തിലെ പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് ഗാർത്തുവേറ്റ് സായിപ്പുമായി ബന്ധപ്പെട്ടെ കൂടുതൽ സംഗതികൾ അനാവരണം ചെയ്യാൻ ചെയ്യുമെന്നാണ് ഞങ്ങൾ കരുതുന്നത്.

2019 ഒക്ടോബറിൽ ഈ കണ്ടെത്തൽ നടത്തിയെങ്കിലും വാർത്താ മൂല്യം ഉള്ള ഈ കണ്ടെത്തലിനെ നേരാംവണ്ണം ഡോക്കുമെൻ്റ് ചെയ്യാൻ ജിസ്സോയ്ക്കോ എനിക്കോ കഴിഞ്ഞില്ല. ഈ കണ്ടെത്തലിനെ പത്രഭാഷയിൽ  മര്യാദയ്ക്ക് ഡോക്കുമെൻ്റ് ചെയ്യുന്നതായിരുന്നു പ്രശ്നം. അവസാനം ഞങ്ങളുടെ സുഹൃത്തും സാഹിത്യകാരനും മാതൃഭൂമി പത്രപ്രവർത്തകനും ആയ ബിജു സി.പി. ആണ് അത് ഈ രൂപത്തിൽ ആക്കിയെടുക്കാൻ സഹായിച്ചത്. അതിനു പുറമേ ഈ വാർത്ത ദേശാഭിമാനി വാരാന്തപതിപ്പിൽ വരാനുള്ള കാര്യങ്ങൾക്ക് സഹായിച്ചത് പ്രൊഫസർ ബാബു ചെറിയാനാണ്. ഇവരോട് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു.