1939 – ക.നി.മൂ.സ. മാണികത്തനാരുടെ പ്‌ശീത്താ പരിഭാഷ

ആമുഖം

ഈ പോസ്റ്റിലൂടെ ക.നി.മൂ.സ. മാണി കത്തനാർ, പ്‌ശീത്ത ബൈബിളിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷ ചെയ്ത പുതിയനിയമം ആണ് പങ്കു വെക്കുന്നത്. ഈ ആദ്യത്തെ വാചകത്തിൽ തന്നെ വിശദീകരണം ആവശ്യമുള്ള നിരവധി കാര്യങ്ങൾ ഉണ്ട്. അതൊക്കെ താഴെയുള്ള വിവിധ വിഭാഗങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. പലവിധ കാരണങ്ങൾ കൊണ്ട് ഈ പുസ്തകം പ്രാധാന്യമുള്ളതാണ്. പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്.

പുസ്തകത്തിന്റെ വിവരം

  • പേര്: വിശുദ്ധഗ്രന്ഥം – പുതിയ നിയമം
  • താളുകൾ: 1110 നടുത്ത്
  • പ്രസിദ്ധീകരണ വർഷം: 1939/1940
  • പ്രസ്സ്: സെന്റ് ജോസഫ് പ്രസ്സ്, മാന്നാനം
1939-മാണികത്തനാർ-പ്‌ശീത്താ ബൈബിൾ
1939-മാണികത്തനാർ-പ്‌ശീത്താ ബൈബിൾ

ക.നി.മൂ.സ.

ക.നി.മൂ.സ. എന്നത് കര്‍മ്മലീത്താ നിഷ്പാദുക മൂന്നാംസഭ എന്നതിന്റെ ചുരുക്കരൂപം ആകുന്നു. ഇത് താഴെ പറയുന്ന വിധം വിശദീകരിക്കാം.

റോമൻ കത്തോലിക്ക സഭയിൽ, കർമ്മലീത്താ സന്യാസ സമൂഹത്തിന്റെ 1st order എന്നത് പുരുഷന്മായ സന്ന്യാസിമാർക്കും, 2nd order എന്നത് കന്യാസ്തീകൾക്കും ആയിരുന്നു. അതുകൊണ്ട് കേരളത്തിൽ സുറിയാനി കത്തോലിക്കർക്കായി പുതിയ സന്യാസ സമൂഹം ആരംഭിച്ചപ്പോൾ അത് 3rd Order (മൂന്നാം സഭ) ആയി പരിഗണിച്ചു. നിഷ്പാദുക എന്നത് കൊണ്ട് ചെരുപ്പ് ഇടാത്തവർ എന്ന് അർത്ഥമാക്കുന്നു. അതാണ് കര്‍മ്മലീത്താ നിഷ്പാദുക മൂന്നാംസഭ ആയി അറിയപ്പെട്ടത്. പോരൂക്കര തോമാ കത്തനാർ, പാലക്കല്‍ തോമ മല്പാന്‍, കുര്യാക്കോസ് ഏലിയാസ് ചവറ അച്ചൻ (ഇപ്പോൾ വിശുദ്ധ ചവറയച്ചൻ എന്ന് അറിയപ്പെടുന്നു) എന്നിവർ ചേർന്നാണ് ഈ സന്ന്യാസസമൂഹം സ്ഥാപിച്ചത്. ഈ സന്ന്യാസസമൂഹം ഇംഗ്ലീഷിൽ Third Order of Discalced Carmelites (TOCD) എന്ന് അറിയപ്പെട്ടിരുന്നു. മലയാളത്തിൽ ചുരുക്കെഴുത്തായി ക.നി.മൂ.സ. എന്നും അറിയപ്പെട്ടു. പിൽക്കാലത്ത് ഈ സന്ന്യാസസമൂഹം CMI (Carmelites of Mary Immaculate) ആയി മാറി. സീറോ-മലബാർ സഭയിലെ ഈ സന്ന്യാസസമൂഹത്തിൽ പെട്ട പുരോഹിതന്മാരാണ് സ്വന്തം പേരിനൊപ്പം CMI എന്നു ചേർക്കുന്നത്. മുൻകാലത്ത് ഇത് പേരിനൊപ്പം TOCD എന്നോ ക.നി.മൂ.സ. എന്നോ ആയിരുന്നു.

(എന്റെ സ്കൂൾ വിദ്യാഭ്യാസം മൊത്തമായി ഈ സന്ന്യാസസമൂഹത്തിന്റെ പാലക്കാട് ജില്ലയിലുള്ള വിവിധ സ്കൂളുകളിൽ ആയിരുന്നു. പക്ഷെ ഇതിന്റെ ചരിത്രമൊക്കെ ഇപ്പോഴാണ് മനസ്സിലാകുന്നത്)

ക.നി.മൂ.സ. മാണികത്തനാർ

ക.നി.മൂ.സ. മാണികത്തനാർ എന്നു പിൽക്കാലത്ത് അറിയപ്പെട്ട ഇമ്മാനുവേൽ, കുടമാളൂർ മുട്ടത്തുപാടത്തു് ആണ്ടുമാലി കുടുംബത്തിൽ 1878 ജൂലൈ 22നു ജനിച്ചു. 1901ൽ അദ്ദേഹം കര്‍മ്മലീത്താ നിഷ്പാദുക മൂന്നാംസഭയിൽ സന്ന്യാസവൃതം സ്വീകരിച്ചു. എമ്മാനുവേലച്ചൻ എന്നു പൊതുവെ ജനങ്ങൾക്ക് ഇടയിൽ അറിയപ്പെട്ടു.

വൈദീക വിദ്യാർത്ഥികളുടെ അദ്ധ്യാപകൻ, പ്രയോർ ജനറാളച്ചന്റെ സെക്രട്ടറി എന്നി നിലകളിൽ ക. നി. മൂ. സ. മാണികത്തനാർ പ്രവർത്തിച്ചിട്ടൂണ്ട്. മുത്തോലി ആശ്രമാധിപനായിരിയ്ക്കെ 1941 ജനുവരി 9നു ഇദ്ദേഹം നിര്യാതനാവുകയും അവിടെത്തന്നെ അടക്കപ്പെടുകയും ചെയ്തു.

പ്‌ശീത്താ

സുറിയാനി പാരമ്പര്യത്തിൽ പെടുന്ന ക്രിസ്തീയസഭകളിലെ പ്രാമാണിക ബൈബിൾ ഭാഷ്യമാണ് പ്ശീത്ത. ‘പ്ശീത്ത’ എന്ന സുറിയാനി വാക്കിന് ലളിതം, സാധാരണം, ഋജുവായത് എന്നൊക്കെയാണർത്ഥം.

ഗ്രീക്ക്, റോമൻ ആധിപത്യകാലങ്ങളിൽ മദ്ധ്യപൗരസ്ത്യദേശത്തെ യഹൂദരുടെ സംസാരഭാഷയായിരുന്ന അരമായയുടെ ഒരു ഉപഭാഷയോ, ഉപഭാഷകളുടെ കൂട്ടായ്മയോ ആയിരുന്നു സുറിയാനി. അരമായ ഭാഷ എഴുതാൻ പൊതുവേ ഉപയോഗിക്കുന്ന എബ്രായ ലിപിക്കു പകരം കൂടുതൽ ഒഴുക്കുള്ള ഒരു വ്യതിരിക്ത ലിപി ഉപയോഗിക്കുന്ന സുറിയാനി സിറിയയിലും മെസപ്പൊട്ടേമിയയിലും വ്യാപകമായി പ്രചാരത്തിലിരുന്നു. ഈ ഭാഷയിലുള്ള പ്ശീത്തയുടെ ആദ്യകാലചരിത്രം അവ്യക്തതയിൽ ആണ്ടു കിടക്കുന്നു.

കേരളത്തിലെ സുറിയാനി സഭകളിൽ പഴയകൂറ്റ് വിഭാഗത്തിൽ പെടുന്ന സീറോ മലബാർ സഭയും തൃശ്ശൂരിലെ കൽദായ സഭയും പൗരസ്ത്യ സുറിയാനിയും, പുതിയകൂറ്റ് വിഭാഗത്തിൽ പെടുന്ന യാക്കോബായ, ഓർത്തോഡോക്സ്, മാർത്തോമ്മാ സഭകൾ പാശ്ചാത്യ സുറിയാനിയും ആണ് ഉപയോഗിയ്ക്കുന്നത്. ഈ വ്യത്യാസത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ 1599-ൽ നടന്ന ഉദയമ്പേരൂർ സുനഹദോസ്, അതിനെ തുടർന്ന് നടന്ന കൂനൻ‌കുരിശുസത്യം തുടങ്ങിയ സംഗതികളിലേക്ക് പോകണം. ഈ ലെഖനത്തിന്റെ ഉദ്ദേശം അതല്ലാത്തത് കൊണ്ട് അതിലേക്ക് പോകുന്നില്ല. നമ്മൾ ഈ ലേഖനത്തിൽ കൈകാര്യം ചെയ്യുന്നത് പഴയകൂറ്റ് വിഭാഗത്തിൽ പെടുന്ന സീറോ മലബാർ സഭ കൈകാര്യം ചെയ്യുന്ന പൗരസ്ത്യ സുറിയാനിയിലുള്ള പ്‌ശീത്തയുടെ മലയാള പരിഭാഷ ആണ്.

പ്ശീത്തയുടെ മലയാളപരിഭാഷകൾ

സുറിയാനി ബൈബിളിന്റെ ഏതെങ്കിലുമൊരു ഖണ്ഡത്തിനു മലയാളത്തിലുണ്ടായ ആദ്യപരിഭാഷ പീലിപ്പോസ് റമ്പാൻ പരിഭാഷപ്പെടുത്തി 1811-ൽ ബോംബെ കുറിയർ പ്രസ്സിൽ പ്രസിദ്ധീകരിച്ച നാല് സുവിശേഷങ്ങളാണ്. ഇത് ഇപ്പോൾ റമ്പാൻ ബൈബിൾ എന്ന് അറിയപ്പെടുന്നു. ഇത് നമ്മൾ ഇതിനകം ഡിജിറ്റൈസ് ചെയ്തതാണ്. അത് ഇവിടെ കാണാം. തുടർന്ന് കഴിഞ്ഞ 200 വർഷത്തിനുള്ളിൽ പ്ശീത്ത ഖണ്ഡങ്ങളുടെ, പ്രത്യേകിച്ച് പുതിയനിയമത്തിന്റെ, ഒട്ടേറെ പരിഭാഷകൾ പല കാലങ്ങളിലായി മലയാളത്തിൽ ഉണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക.നി.മൂ.സ. മാണിക്കത്തനാർ പഴയനിയമത്തിലെ പഞ്ചഗ്രന്ഥിയും പുതിയനിയമം മുഴുവനും പ്ശീത്തായിൽ നിന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. യാക്കോബായ സഭക്ക് വേണ്ടി പാശ്ചാത്യ സുറിയാനി പ്ശീത്ത ബൈബിളിന്റെ ഒരു സമ്പൂർണ്ണ പരിഭാഷ കണിയാമ്പറമ്പിൽ കുര്യൻ കോർഎപ്പിസ്കോപ്പ തയ്യാറാക്കുകയും ‘വിശുദ്ധ ഗ്രന്ഥം’ എന്ന പേരിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. പാശ്ചാത്യ സുറിയാനി പ്ശീത്തായുടെ ഏക മലയാള പരിഭാഷ ഇതാണ്. ഏറ്റവും ഒടുവിലുണ്ടായ പ്ശീത്ത മൊഴിമാറ്റം, 1997-ൽ കർമ്മലീത്താ വൈദികനായ മാത്യൂ ഉപ്പാണിയുടെ സമ്പൂർണ്ണ പരിഭാഷയാണ്.

മുകളിൽ പറഞ്ഞ വിവിധ പ്ശീത്ത പരിഭാഷകളിൽ ക.നി.മൂ.സ. മാണിക്കത്തനാരുടെ പുതിയ നിയമ പരിഭാഷയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക.നി.മൂ.സ. വിവർത്തകസംഘവും അവരുടെ പരിഭാഷകളും

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സീറോ-മലബാർ സഭയുടെ മെത്രാപ്പോലീത്താ ആയ മാർ ആഗസ്തീനോസ് കണ്ടത്തിലിന്റെ അനുവാദത്തോടെ ബൈബിൾ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യുന്നതിന് ക.നി.മൂ.സ പ്രിയോർ ജനറാൾ ക.നി.മൂ.സ വിവർത്തക സംഘം രൂപീകരിച്ചു.

1927 മാർച്ച് രണ്ടിന് പ്രിയോർ ജനറാൾ മാണിക്കത്തനാർക്ക് അയച്ച കത്തിൽ മൂശയുടെ ഗ്രന്ഥങ്ങൾ മാണിക്കത്തനാർ തന്നെ പരിവർത്തനം ചെയ്യണം എന്ന തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. അതേത്തുടർന്ന് മൂശയുടെ ഗ്രന്ഥങ്ങളായി കരുതപ്പെട്ടിരുന്ന ബൈബിളിലെ ആദ്യ അഞ്ചു പുസ്തകങ്ങൾ (സൃഷ്ടി, പുറപ്പാട്, ആചാര്യന്മാർ, സംഖ്യ, ആവർത്തനം) മാണിക്കത്തനാർ സുറിയാനി പ്‌ശീത്താ ബൈബിളിൽ നിന്നു തർജ്ജമ ചെയ്യുവാനാരംഭിച്ചു. 1929 -ൽ ആദ്യ പുസ്തകമായ സൃഷ്ടി പുറത്തുവന്നു. മറ്റു നാലു പുസ്തകങ്ങളും കൂടെ ചേർത്ത് 1934 -ൽ പഞ്ചഗ്രന്ഥി പുറത്തിറങ്ങി. 1933-ൽ നിര്യാതനായ ക.നി.മൂ.സ യൗസേപ്പച്ചൻ ഈ തർജ്ജമകളിൽ സഹായിച്ചിരുന്നതായി മാണിക്കത്തനാർ പഞ്ചഗ്രന്ഥിയുടെ മുഖവുരയിൽ പ്രസ്ഥാവിയ്ക്കുന്നുണ്ട്. തന്റെ ഗുരുപ്പട്ട സ്വീകരണത്തിന്റെ രജതജൂബിലി സ്മാരകമായി 1935 ഇൽ മാണിക്കത്തനാർ പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളുടെ (മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ) മലയാള വിവർത്തനം പുറത്തിറക്കി. 1938-ൽ തന്റെ ഷഷ്ടിപൂർത്തി സ്മാരകമെന്നോണം അദ്ദേഹം മറ്റു പുതിയ നിയമ പുസ്തകങ്ങളുടെ വിവർത്തനവും പൂർത്തിയാക്കി പ്രസിദ്ധീകരിച്ചു.

ഇതിനെ തുടർന്ന് 1939/1940-ൽ പുതിയ നിയമം വ്യാഖ്യാനങ്ങളോട് കൂടിയ ഒറ്റ പുസ്തകമായും (ഇത് ഒറ്റ പതിപ്പായി അച്ചടിച്ചതാണോ അതോ 1935ലെയും 1938ലെയും പതിപ്പുകൾ കൂട്ടി ചേർത്ത് ബൈന്റ് ചെയ്ത് ഒറ്റപുസ്തകമായി ഇറക്കിയതാണോ തുടങ്ങിയ കാര്യങ്ങൾ ഒന്നും വ്യക്തമല്ല. ), വ്യാഖ്യാനങ്ങൾ വെട്ടിചുരുക്കിയ പുതിയനിയമപതിപ്പ് 1940ലും പുറത്തിറക്കി. സംക്ഷിപ്ത വ്യാഖ്യാനത്തോടു കൂടിവന്ന 1940 ലെ പുസ്തകത്തിന്റെ പിന്നിൽ ക.നി.മൂ.സ പ്ലാസിഡ് അച്ചൻ, തെങ്ങുമ്മൂട്ടിൽ വർഗ്ഗീസ് മാപ്പിള എന്നിവരുടെ സഹായവും ഉണ്ടായിരുന്നു. 1940ൽ പുറത്തിറങ്ങിയ വ്യാഖ്യാനങ്ങൾ വെട്ടിചുരുക്കിയ പുതിയനിയമ പതിപ്പ് ജനകീയമാവുകയും അതിനു പിൽക്കാലത്ത് ധാരാളം പതിപ്പുകൾ ഉണ്ടാവുകയും . 1977ൽ POC Bible ന്റെ പുതിയനിയമ  പരിഭാഷ വരുന്നത് വരെയും ക.നി.മൂ.സ. കത്തനാരുടെ വ്യാഖ്യാനങ്ങൾ വെട്ടിചുരുക്കിയ പുതിയനിയമ പതിപ്പ് ആണ് ഉപയൊഗത്തിലിരുന്നത്.

മാണിക്കത്തനാരുടെ പതിപ്പ് പൗരസ്ത്യസുറീയാനിക്കാർ ആദ്യമായി മലയാളത്തിൽ ചെയ്ത പരിഭാഷ എന്ന നിലയിൽ പ്രസക്തമാണ്. പൗരസ്ത്യ സുറിയാനിക്കാരുടെ ഇടയിൽ ഉപയോഗത്തിലിരുന്നതും ഡൊമിനിക്കൻ വൈദീകർ 1887 ഇൽ മോസലിൽ (മോസൂൾ) നിന്നു അച്ചടിപ്പിച്ചതുമായ പ്ശീത്താ ബൈബിളാണ് വിവർത്തനത്തിന് ആധാരമായി മാണിക്കത്തനാർ സ്വീകരിച്ചത്.

നമുക്ക് ഇപ്പോൾ ലഭ്യമായിരിക്കുന്നത് പുതിയ നിയമം വ്യാഖ്യാനങ്ങളോടു കൂടി ഒറ്റപുസ്തകമായി 1939/1940-ൽ പ്രസിദ്ധീകരിച്ച പതിപ്പാണ്. ഇത് ഒറ്റ പതിപ്പായി അച്ചടിച്ചതാണോ അതോ 1935ലെയും 1938ലെയും പതിപ്പുകൾ കൂട്ടി ചേർത്ത് ബൈന്റ് ചെയ്ത് ഒറ്റപുസ്തകമായി ഇറക്കിയതാണോ തുടങ്ങിയ കാര്യങ്ങൾ ഒന്നും വ്യക്തമല്ല.

കടപ്പാട്

മുകളിൽ സൂചിപ്പിച്ച പോലെ നമുക്ക് ഇപ്പോൾ ലഭ്യമായിരിക്കുന്നത് പുതിയ നിയമം വ്യാഖ്യാനങ്ങളോടു കൂടി ഒറ്റപുസ്തകമായി 1939/1940-ൽ പ്രസിദ്ധീകരിച്ച പതിപ്പാണ്. ഇതുവരെ ലഭ്യമായ വിവരം അനുസരിച്ച് ഇത്തരം പൂർണ്ണ വ്യാഖ്യാന പതിപ്പ് പിന്നീട് ഇറങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. അത് കൊണ്ടു തന്നെ ഈ ഡിജിറ്റൽ പതിപ്പ് കൂടുതൽ പ്രത്യേകത ഉള്ളതാകുന്നു.

ജോജു ജേക്കബ്ബിനു പൈതൃകമായി ലഭ്യമായ ബൈബിൾ ആണ് ഇന്നു ഡിജിറ്റൽ രൂപത്തിൽ നിങ്ങളുടെ മുൻപിൽ എത്തുന്നത്. ഇത് ഡിജിറ്റൈസ് ചെയ്യാനായി പുസ്തകം എന്നെ വിശ്വസിച്ച് ഏല്പിച്ച അദ്ദേഹത്തിനു വളരെ നന്ദി.

ഈ ലേഖനത്തിനു ആവശ്യമുള്ള കുറിപ്പുകൾ തയ്യാറാക്കാനും ജോജു ജേക്കബ്ബ് സഹായിച്ചു. ഒപ്പം ജോർജ്ജുകുട്ടി മലയാളം വിക്കിപീഡിയയിലും ഫേസ്‌ബുക്കിലും മറ്റു ഇടങ്ങളിലും എഴുതിയ കുറിപ്പുകളും മറ്റും സഹായകരമായി. അവർക്ക് രണ്ട് പേർക്കും വളരെ നന്ദി.

ക.നി.മൂ.സ. മാണികത്തനാരെ പറ്റിയുള്ള പല വിവരങ്ങളും തപ്പിയെടുക്കാൻ സഹായിച്ചത് CMI പുരോഹിതനും ബാംഗ്ലൂർ ധർമ്മാരാം വൈദീകസെമിനാരി അദ്ധ്യാപകനും ആയ ഫാ: ജിയോ പള്ളിക്കുന്നേൽ ആണ്. അദ്ദേഹം അയച്ചു തന്ന വിവിധ ഡോക്കുമെന്റുകൾ ആണ് നിധീരിക്കൽ മാണി കത്തനാരും ക.നി.മൂ.സ. മാണി കത്തനാരുടേയും ജീവചരിത്രം ഇടകലർന്ന് പോകാതിരിക്കാൻ സഹായകമായത് (ഇപ്പോൾ വെബ്ബിലുള്ള മിക്ക ലേഖനങ്ങളേയും ഈ രണ്ട് മാണികത്തനാർമാരുടെ ജീവചരിത്രം ഇടകലർത്തുന്നുണ്ട്). ആ വിധത്തിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ ഫാ: ജിയോ പള്ളിക്കുന്നേൽ അയച്ചു തന്ന ഡോക്കുമെന്റുകൾ സഹായിച്ചു. അദ്ദേഹത്തിനു വളരെ നന്ദി.

ചെറിയ കുറവ്

1100 പരം പുറങ്ങൾ ഉള്ള ഈ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ നിങ്ങൾക്കായി വിട്ടു തരുമ്പോൾ അതിൽ ചെറിയ കുറവുകൾ കാര്യം പ്രത്യേകം രെഖപ്പെടുത്തട്ടെ. എനിക്കു ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ കോപ്പിയിൽ നിന്ന് തുടക്കത്തിലെ 3-4 താളുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിൽ പുസ്തകത്തിന്റെ ശീർഷകത്താളും ഉൾപ്പെടും. ഇതുമൂലമാണ് പുസ്തകം അച്ചടിച്ചത് 1939 ആണോ 1940 ആണോ എന്നത് കൃത്യമായി രേഖപ്പെടുത്താത്തത്.

അതിനു പുറമേ പുസ്തകത്തിനു അകത്തെ 357, 358, 359, 360, 361, 362, 363, 364, 365, 366 താളുകൾ നഷ്ടപ്പെടുകയോ ഭാഗികമായി കേടു വരികയോ ചെയ്തിട്ടുണ്ട്. യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാനഭാഗങ്ങൾക്കാണ് ഈ വിധത്തിൽ പ്രശ്നം നേരിട്ടിരിക്കുന്നത്.

ഈ കുറവ് പരിഹരിക്കാൻ ഞാൻ എന്നാൽ ആവുന്ന വിധം വിവിധ സെമിനാരികളിലും വ്യക്തികളുമായും ഒക്കെ ബന്ധപ്പെട്ടിരുന്നു എങ്കിലും ഈ പ്രത്യേക പതിപ്പ് എവിടെ നിന്നും ലഭ്യമായില്ല.

അതിനാൽ നിങ്ങൾക്ക് ഈ പ്രത്യേക പതിപ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞാൽ എന്നെ ബന്ധപ്പെടണം എന്ന് അഭ്യർത്ഥിക്കുന്നു. നഷ്ടപ്പെട്ട/കേടുവന്ന താളുകളുടെ മാത്രം ഫോട്ടോ എടുത്ത് ഈ പതിപ്പിന്റെ ഡിജിറ്റൽ സ്കാൻ പൂർണ്ണമാക്കാൻ സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

പൊതുസഞ്ചയവിശേഷം

മാണികത്താനാർ 1941 ജനുവരി 9നു മരിച്ചതിനാൽ അദ്ദേഹത്തിന്റെ രചനകൾ എല്ലാം 2002-ൽ പൊതുസഞ്ചയത്തിൽ ആയി. 1939/1940ലെ ഒരു പതിപ്പാണ് നമ്മൾ ഇതിലൂടെ ഇപ്പോൾ ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനോട് ചേർന്നു വരുന്ന മറ്റു പതിപ്പുകളും ഡിജിറ്റൈസ് ചെയ്യേണ്ടതാകുന്നു. അത് താഴെ പറയുന്നവ ആകുന്നു.:

  • 1929 -ൽ ഇറങ്ങിയ സൃഷ്ടി
  • 1934 -ൽ ഇറങ്ങിയ പഞ്ചഗ്രന്ഥി
  • 1935 -ൽ ഇറങ്ങിയ പുതിയനിയമത്തിലെ നാലു സുവിശേഷങ്ങൾ
  • 1938-ൽ ഇറങ്ങിയ സുവിശേഷതര പുതിയനിയമ പുസ്തകങ്ങൾ
  • 1940-ൽ ഇറങ്ങിയ വ്യാഖ്യാനങ്ങൾ വെട്ടി‌ചുരുക്കിയ പുതിയനിയമ പതിപ്പ്

ഈ പുസ്തകങ്ങൾ ഒക്കെ ഇപ്പോൾ പൊതുസഞ്ചയത്തിൽ ആണ്. അതിനാൽ ഇതൊക്കെ വഴിയേ ഡിജിറ്റൈസ് ചെയ്ത് പൊതുമണ്ഡലത്തിലേക്ക് കൊണ്ടു വരേണ്ടതുണ്ട്.

ഡിജിറ്റൈസേഷൻ -ഡിജിറ്റൽ പതിപ്പ് വിശെഷങ്ങൾ

ജോജു ജേക്കബ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ഈ പുസ്തകം എന്നെ ഏല്പിക്കുന്നത് 2016 ഒക്‌ടോബറിലാണ്. ജോലി തിരക്കുകൾ മൂലവും മറ്റു സ്വകാര്യ തിരക്കുകൾ മൂലവും വേരെ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യാനായി ഉണ്ടായിരുന്നതിനാലും ഒക്കെ ഇപ്പൊഴാണ് അവസരം കിട്ടിയത്. ഇത്ര നാൾ ക്ഷമയോടെ കാത്ത ജോജുവിനു ഒരിക്കൽ കൂടി നന്ദി.

ഡിജിറ്റൈസ് ചെയ്ത പതിപ്പിനു വലിപ്പം കൂടുതൽ ആണ്. മൂന്നു കാരണങ്ങൾ ആണ് അതിനുള്ളത്.

  • പുസ്തകത്തിനു 1100 പരം താളുകൾ ഉള്ളത്.
  • പുസ്തകത്തിലെ താളുകളുടെ വലിപ്പം അല്പം കൂടുതൽ ആയത്.
  • പുസ്തകം മൊത്തമായി ഹൈ റെസലൂഷനിൽ ഗ്രേ-സ്കെയിലിൽ സ്കാൻ ചെയ്തത്.

സൈസ് പ്രശ്നം മറികടക്കാൻ റെസലൂഷൻ കുറച്ചു കൊണ്ട് ഗുണനിലവാരം കുറയ്ക്കുക എന്ന കുറുക്കു വഴിക്ക് ശ്രമിച്ചില്ല. കാരണം ഇത്ര വലിപ്പമുള്ള പുസ്തകം ഡിജിറ്റൈസ് ചെയ്യുക എന്ന വളരെ അദ്ധ്വാനം വേണ്ട ഒന്നാണ്. ഡിജിറ്റൽ ആർക്കൈവ് ചെയ്യുമ്പോൾ എപ്പൊഴും ഉന്നത നിലവാരത്തിൽ ചെയ്യുന്നതാണ് നല്ലത്.

എന്നാൽ സൈസ് പ്രശ്നം മറികടക്കാൻ പുസ്തകത്തിന്റെ പല വിധത്തിലുള്ള പതിപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്.

പുസ്തകം മൊത്തമായുള്ള ഗ്രേസ്കെയിൽ വേർഷനു 330 MBയോളം വലിപ്പമുണ്ട്. എന്നാൽ 39 MB മാത്രമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് പതിപ്പും ലഭ്യമാക്കിയിട്ടൂണ്ട്.

ഇതിനു പുറമേ ആമുഖ പ്രസ്താവനങ്ങൾ, സുവിശെഷങ്ങൾ, പൗലോസിന്റെ ലേഖനങ്ങൾ തുടങ്ങിയവയുടെ ഗ്രേ സ്കെയിൽ വേർഷൻ  ചെറിയ ഖണ്ഡങ്ങളായി ലഭ്യമാക്കിയിട്ടുണ്ട്. വലിപ്പം പ്രശ്നം ആണെങ്കിൽ ഏറ്റവും അവസാനത്തെ ബ്ലാക്ക് ആന്റ് വൈറ്റ് വേർഷൻ ഉപയോഗിക്കുക. ഇതിന്റെ ഒക്ക വിശാദാംശങ്ങൾ താഴത്തെ ഡൗൺലോഡ് വിവരങ്ങൾ എന്ന വിഭാഗത്തിൽ ലഭ്യമാണ്.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: