തലശ്ശേരിയിലെ കല്ലച്ചിൽ നിന്ന് ഹെർമ്മൻ ഗുണ്ടർട്ട് അച്ചടിച്ച് പ്രസിദ്ധീകരിച്ച മാനുഷഹൃദയം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 45-മത്തെ പൊതുസഞ്ചയ രേഖ ആണിത്.
ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ
പേര്: മാനുഷഹൃദയം
താളുകളുടെ എണ്ണം: ഏകദേശം 61
പ്രസിദ്ധീകരണ വർഷം:1851
പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം
ഇതൊരു ക്രൈസ്തവ മതപ്രചരണ പുസ്തകം ആണ്. ഇംഗ്ലീഷിൽ The Heart of Man എന്നും The Heart Book എന്നൊക്കെ അറിയപ്പെടുന്ന ഇതിന്റെ കൃത്യമായ ഉറവിടം എനിക്കു പിടിയില്ല. ഈ പുസ്തകത്തിന്റെ ഒരു പിൽക്കാല പതിപ്പ് 1926ൽ അച്ചടിച്ച മാനുഷഹൃദയ ദർപ്പണം എന്ന പേരിൽ നമ്മൾ ഇതിനകം പരിചയപ്പെട്ടതാണ്.
നിലവിൽ ഇതുവരെ ലഭ്യമായ തെളിവ് വെച്ച് ഗുണ്ടർട്ടും കൂട്ടരും ആണ് മാനുഷഹൃദയം എന്ന ഈ ക്രൈസ്തവമതപ്രചരണ പുസ്തകം ആദ്യമായി മലയാളത്തിൽ എത്തിക്കുന്നത്. അതിനു ഗുണ്ടർട്ടിനു സഹായമായി തീർന്നത് തലശ്ശേരിയിലെ കല്ലച്ചടി (ലിത്തോഗ്രഫിക്ക് അച്ചടി) ആണെന്ന് സവിശെഷമായ സംഗതിയാണ്. കാരണം ഈ പുസ്തകത്തിൽ ധാരാളം ചിത്രങ്ങൾ ഉണ്ട്. അക്കാലത്തെ സാങ്കേതികയിൽ ചിത്രം അച്ചടിക്കുന്നത് അത്ര ചെറിയ സംഗതി അല്ല. ചിത്രം അച്ചടിക്കാൻ അന്നത്തെ സാങ്കേതികത വെച്ച് ഏറ്റവും എളുപ്പം കല്ലച്ച് ആയിരുന്നു.
ചിത്രങ്ങളിലൂടെ ആണ് ഈ പുസ്തകത്തിലെ ഉള്ളടക്കം വികസിക്കുന്നത്. അതിനാൽ തന്നെ ധാരാളം ചിത്രങ്ങൾ ഇതിൽ കാണാം. എല്ലാ ചിത്രങ്ങളും ഒരു മുഴുപേജിൽ മൊത്തമായി അച്ചടിച്ചിരിക്കുന്നു. ചിത്രമുള്ള പേജിൽ വേറെ എഴുത്ത് ഒന്നുമില്ല (The Heart Book ന്റെ ഉള്ളടക്ക വിന്യാസവും അങ്ങനെ തന്നെയാണ്).
ഈ പുസ്തകത്തിന്റെ ഉള്ളടക്കം ഇതിൽ കൂടുതൽ വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.
കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം ഇന്നു ഒരു പ്രത്യേക പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ കൂടെ പങ്കു വെക്കുകയാണ്. പല വിധ കാരണങ്ങൾ കൊണ്ട് ഈ പുസ്തകവും അതിന്റെ ഡിജിറ്റൈസേഷനും എനിക്ക് വ്യക്തിപരമായി സന്തോഷവും സങ്കടവും സമ്മാനിച്ചു.
പുസ്തകത്തിന്റെ വിവരം
പേര്: പവിത്രചരിത്രം
താളുകൾ: 466
രചയിതാവ്: (ഹെർമ്മൻ ഗുണ്ടർട്ട്? ആയിരിക്കാം എന്നു കരുതുന്നു.) 1874ലെ ഒരു ബാസൽ മിഷൻ മാസികയിൽ രചയിതാവ് Kurz ആണെന്ന സൂചന തരുന്നു. Kurz ആര് ആണെന്നതിന്റെ വിവരങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. Kurz പവിത്രചരിത്രത്തിന്റെ ഒറിജിനൽ ജർമ്മൻ പതിപ്പ് എഴുതിയ ആളാണോ അതോ മലയാളം പതിപ്പിന്റെ ആളാണോ എന്നൊന്നും പിടിയില്ല. അതൊക്കെ ഗവെഷണത്തിലൂടെ കണ്ടെത്തണം. .)
പ്രസ്സ്:ബാസൽ മിഷൻ, തലശ്ശേരി
പ്രസിദ്ധീകരണ വർഷം: 1860
ഇനി ഡിജിറ്റൈസേഷന്റെ വിശദാംശങ്ങളിലേക്ക്.
കടപ്പാടുകൾ, ഡിജിറ്റൈസേഷൻ വിശെഷങ്ങൾ
ഈ പുസ്തകം ഡിജിറ്റൈശേഷനായി ലഭിച്ചത് കേരളത്തിൽ നിന്ന് തന്നെ. വളരെ അപൂർവ്വമായേ ഇങ്ങനെ നടക്കാറുള്ളൂ.
യുയോമയ സഭയിലെ ബോധകരായിരുന്ന (പുരോഹിതൻ) ചെന്നിത്തല കവറുകാട് ശ്രീ. യേശുദാസൻ ബോധകരുടെ (1909- 1978) പുസ്തക ശേഖരത്തിൽ നിന്നും അദ്ദേഹത്തിന്റെ ചെറുമകനായ മാത്യു ജേക്കബ്ബിനു ലഭിച്ചതാണ് ഈ പുസ്തകം. ഏതാണ്ട് 155ൽ പരം വർഷം ഈ പുസ്തകം സൂക്ഷിച്ചു വെക്കുകയും അതിപ്പോൾ ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്ത മാത്യു ജേക്കബ്ബിനും കുടുംബത്തിനും പ്രത്യേക നന്ദി.
ഈ പുസ്തകം ഡിജിറ്റൈസേഷനായി എന്റെ കൈയ്യിലെത്തിയത് പലരുടേയും സഹായത്തിലാണ്. കഴിഞ്ഞ വട്ടം (2016 ഏപ്രിൽ) നാട്ടിൽ പോയപ്പോൾ ഈ പുസ്തകം മാത്യുജേക്കബിൽ നിന്ന് നേരിട്ടു വാങ്ങാൻ തീരുമാനിച്ചത്. പക്ഷെ പലവിധ കാരണങ്ങളാൽ ഞങ്ങൾക്ക് തമ്മിൽ കാണാൻ കഴിഞ്ഞില്ല. പാലക്കാട്ടുള്ള എനിക്ക് ഈ പുസ്തകം എത്തിക്കുന്നത് ഒരു കടമ്പയായി നിന്നു. പുസ്തകത്തിന്റെ മൂല്യം ആറിയാത്തവരുടെ കൈയിൽ ഏല്പിക്കുകയോ കൊറിയർ ചെയ്യുകയോ ശരിയല്ല താനും. അപ്പോഴാണ് ഞാൻ ചെയ്യുന്ന പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷനിൽ അതീവ താല്പര്യം താലപര്യം ഉള്ള റൂബിൻ ഡിക്രൂസ് എറണാകുളത്തു നിന്ന് തൃശൂർ വരുന്നു എന്നറിഞ്ഞത്. അങ്ങനെ അദ്ദേഹം വഴി പുസ്തകം തൃശൂരെത്തി. അദ്ദേഹത്തിൽ നിന്ന് അത് വാങ്ങാനായി ഞാൻ പാലക്കാട് നിന്ന് വണ്ടിയെടുത്ത് തൃശൂർ പോയി. പുസ്തകം ഭദ്രമായി ഏറ്റുവാങ്ങി. അദ്ദേഹത്തിനു നന്ദി.
എന്നാൽ ഈ വിധ വിവിധ മാർഗ്ഗങ്ങളിലൂടെ പുസ്തകം പലയിടത്തു നിന്നു പലരുടേയും സഹായത്തൊടെ ഡിജിറ്റൈസ് ചെയ്ത് നിങ്ങളുടെ മുൻപിലെത്തുമ്പോൾ, അതിൽ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്ന പ്രയത്നം മാത്രമല്ല സാരമായ ധനനഷ്ടവും ഉണ്ടാക്കുന്നുണ്ട്. പുസ്തകങ്ങൾ തിരഞ്ഞും ഏറ്റുവാങ്ങാനും മറ്റും പോകുമ്പോൾ വിചാരിച്ചിരിക്കാതെ ഉണ്ടാകുന്ന ധനനഷ്ടം ചിലപ്പോൾ കൈവിട്ട് പോകുന്നു. ഉദാഹരണത്തിനു ഈ പുസ്തകം വാങ്ങാനായി പൊയി തിരിച്ചു വരുന്ന വഴി വണ്ടി ചെറിയൊരു അപകടത്തിൽ പെട്ടു. അല്പം സാരമായ ധന നഷ്ടം ഇതു മൂലം ഉണ്ടായി. അതുണ്ടാക്കിയ മാനസികക്ലെശം വേറെ. പല പ്രതിസന്ധികളും തരണം ചെയ്താണ് പുസ്തകം ഡിജിറ്റൈസ് ചെയ്യപ്പെടുന്നത് എന്ന യാഥാർത്ഥ്യം എല്ലാവരും അറിയാനാണ് ഇതിവിടെ രേഖപ്പെടുത്തുന്നത്.
ഡിജിറ്റൈസേഷനായി കൈയ്യിലെത്തിയ പുസ്തകത്തിന്റെ സ്ഥിതി വിചാരിച്ചത്ര (സാധാരണ ഈ കാലഘട്ടത്തിലുള്ളത് കാലപ്പഴക്കം മൂലം തന്നെ പ്രശ്നം സൃഷ്ടിക്കും) മോശമായിരുന്നില്ല. എങ്കിലും കാലപ്പഴക്കം മൂലം ആദ്യത്തെ ചില താളുകൾ ഭാഗികമായും, അവസാനത്തെ 1-2 താളുകൾ മൊത്തമായും, ഇടയിൽ അല്ലറ ചില്ലറ ചില പ്രശ്നങ്ങളും ഒഴിച്ചു നിർത്തിയാൽ പുസ്തകം ഏകദേശം 99% വും നമുക്ക് ലഭിച്ചു എന്നു പറയാം.
പുസ്തകത്തിന്റെ പഴക്കം മൂലവും അല്പം വലിയ പുസ്തകമായതിനാലും സ്കാനർ ഉപയോഗിക്കാൻ പറ്റുമായിരുന്നില്ല. ഫൊട്ടോ എടുക്കാനായി ക്യാമറ ഘടിപ്പിക്കാനായി കോപ്പി സ്റ്റാൻഡും ഇല്ലായിരുന്നു. അതിനാൽ അതീവ ദുഷ്കരമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തത്. വിവിധ സംവിധാനങ്ങൾ ഉപയോഗിച്ച് ക്യാമറ താഴേക്ക് ഫേസ് ചെയ്യിച്ച് അതിനെ ഒരിടത്ത് സ്ഥിരമാക്കിയാണ് ഈ പുസ്തകത്തിന്റെ ഓരോ പേജും ഫോട്ടോ എടുത്തത്. അതിനു പൂർണ്ണമായും എന്നെ സഹായിച്ചത് എന്റെ 5 വയസ്സുകാരൻ മകൻ സിറിൽ ആണ്. ഈ പുസ്തകം മൊത്തമായി എല്ലാ താളുകളും (466 താളുകൾ) ഫോട്ടോയെടുത്ത് തീരാൻ 2-3 ആഴ്ചയെടുത്തു. അതിന്റെ ഇടയ്ക്ക് വേറെ എന്തെങ്കിലും കാര്യത്തിനു സിറിലിനെ വഴക്കു പറഞ്ഞാൽ “ഞാൻ അപ്പയെ ബുക്ക് സ്കാൻ ചെയ്യാൻ സഹായിക്കില്ല” എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നത് ഓർക്കുന്നു 🙂
ഇനി പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്.
പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം
തലശ്ശേരിയിൽ ബാസൽ മിഷന്റെ കീഴിൽ ഗുണ്ടർട്ട് സ്ഥാപിച്ച കല്ലച്ചിൽ (ലിത്തോഗ്രഫി) നിന്ന് അച്ചടിച്ച മലയാള പുസ്തകമാണ് ഇത്.
നമുക്കു കിട്ടിയിരിക്കുന്ന കോപ്പി, കാലത്തെ അതിജീവിച്ച് ശേഷിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ അപൂർവ്വം പ്രതികളിൽ ഒന്നാണ്. ഈ പുസ്തകം ട്യൂബിങ്ങൻ ശേഖരത്തിലോ എന്റെ അറിവിലൂള്ള മറ്റു ആർക്കൈവ്‌സിലോ ഇല്ല. അതിനാൽ തന്നെ ഇത് ഡിജിറ്റൈസ് ചെയ്യാനായത് ഭാഗ്യമെന്ന് കരുതുന്നു.
പുസ്തകത്തിന്റെ അച്ചടി നടന്നത് 1860ൽ. ഇത് ഗുണ്ടർട്ട് കേരളം വിട്ടതിന്റെ തൊട്ടടുത്ത് വർഷമാണ്. ഇതിന്റെ രചന ഗുണ്ടർട്ട് ആണോ? ആയികൂടായ്ക ഇല്ല. ഇതിനു മുൻപുള്ള സമാന രചനങ്ങൾ (ഉദാഹരണം: 1857ലെ പവിത്രലേഖകൾ) ഗുണ്ടർട്ട് ആണ് എന്നത് കണക്കിലെടുക്കുമ്പോൾ ഈ പുസ്തകരചനയും ഗുണ്ടർട്ട് ആവാനാണ് സാദ്ധ്യത.
പുസ്തകത്തിന്റെ ശീർഷകത്താളിൽ കാണുന്ന പോലെ ഇത് ഒരു ക്രൈസ്തവ മതപ്രചരണ ഗ്രന്ഥമാണ്. പുസ്തകത്തിന്റെ ഉള്ളടക്കം വിവിധ ഖണ്ഡങ്ങളായും, പകുപ്പുകളായും, അദ്ധ്യായങ്ങളായും ഒക്കെ വിഭജിച്ചിരിക്കുന്നു. ബൈബിളിന്റെ ഉള്ളടക്കം ലൊക ചരിത്രമായും ഇസ്രായെലിന്റെ ചരിത്രമായും ഒക്കെ ബന്ധപ്പെടുത്തി താരതമ്യം ചെയ്യുന്ന പുസ്തകമാണിത്. പുസ്തകത്തിന്റെ വിഷയ വിശകലനം ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ.
ഞാൻ എനിക്കു താല്പര്യമുള്ള മലയാളലിപിയുമായി ബന്ധപ്പെട്ട് പുസ്തകത്തിലെ കാര്യങ്ങൾ പറയട്ടെ.
സംവൃതോകാരത്തിനായി ചന്ദ്രക്കല ഉപയോഗിച്ചിരിക്കുന്നു. ഇത് നമ്മൾ 1847 തൊട്ടെങ്കിലും ഉള്ള ബാസൽ മിഷൻ പുസ്തകങ്ങളിൽ കാണുന്നതാണല്ലോ. 1847ൽ നിന്ന് 1860 എത്തുമ്പോൾ കാണുന്ന വ്യത്യാസം 1860 ആയപ്പോഴേക്ക് ചന്ദ്രക്കലയുടെ സ്ഥാനം മിക്കവാറുമൊക്കെ ഇന്നത്തെ പൊലെ അക്ഷരത്തിന്റെ അറ്റത്തേക്ക് മാറി എന്നതാണ്. (1847നോടടുപ്പിച്ചുള്ള പല ബാസൽ മിഷൻ അച്ചടിയിലും നമ്മൾ ഇത് അക്ഷരത്തിന്റെ നടുക്കായാണല്ലോ കണ്ടത്).
ഇതിനു പുറമേ പല പേരുകളിലും കേവലവ്യഞ്ജനം സൂചിപ്പിക്കാനായും ചന്ദ്രക്കല ഉപയോഗിച്ചിരിക്കുന്നു. ഉദാഹരണം നെബുകദ്‌നെചർ (പേജ് 235). ഇതോടുകൂടി സംവൃതോകാരത്തിനായും കേവലവ്യഞ്ജനത്തിനായും ചന്ദ്രക്കല ഉപയൊഗിച്ചത് ബാസൽ മിഷൻ തന്നെ ആണെന്ന് കൂടുതൽ വ്യക്തമാവുകയാണ്.
മലയാള അക്കങ്ങൾ സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്നു.
മ്മ എന്ന കൂട്ടക്ഷരത്തിന്റെ സ്റ്റാക്ക് ചെയ്യുന്ന രൂപമാണ് ഈ പുസ്തകത്തിൽ ഉടനീളം കാണുന്നത്. ഇതിനു മുൻപുള്ള ചില പുസ്തകങ്ങളിലും മ്മയുടെ ഈ രൂപം കണ്ടതിനാൽ ജംഗമ അച്ചടിയിലൂടെ സംഭവിച്ച സ്റ്റാൻഡേർഡൈസേഷൻ മൂലമാണ് മ്മയുടെ ഈ പ്രത്യേക രൂപത്തിന്റെ ചരമത്തിനു ഇടയാക്കിയത് എന്ന് മിക്കവാറുമൊക്കെ പറയാം എന്നു തോന്നുന്നു.
ഈ കാരത്തിനു ഈ എന്ന രൂപം തന്നെ കാണുന്നു. എന്നാൽ തെക്കൻ കെരളത്തിലെ മിക്ക അച്ചടിയിലും 1930 കൾ വരെയെങ്കിലും ഈ കാരത്തിന്റെ മറ്റേ രൂപം തന്നെ ആയിരുന്നു എന്ന് നമ്മൾ പല പുസ്തകങ്ങളിലൂടെ കണ്ടതാണ്.
റ, യ തുടങ്ങിയവയുടെ ചിഹ്നം ഒക്കെ വലിച്ചു നീട്ടി പ്രത്യേക ശൈലിയിലാണ് എഴുതിയിരിക്കുന്നത്. കൈയ്യെഴുത്തിൽ ഈ ശൈലി നമ്മൾ ഇപ്പോഴും തുടരുന്നുണ്ടല്ലോ.
അക്ഷരത്തിന്റെ അവസാനം മുകളിലേക്ക് നീട്ടി കേവലവ്യഞ്ജനം/ചില്ലുണ്ടാക്കുന്ന രീതി വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു എന്ന് ങ്ക തുടങ്ങിയ ചില കൂട്ടരങ്ങളുടെ കേവലവ്യഞ്ജനം/ചില്ല് കാണുന്നതിൽ നിന്ന് വ്യക്തമാകുന്നു. കന്നഡ ലിപി എഴുത്തിന്റെ സ്വാധീനം കൂടെ ആവാം ഇത്.
പുസ്തകത്തിലെ വിഷയത്തിന്റെ വിശകലനം ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ. കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
പുസ്തകത്തിന്റെ പ്രാധാന്യം മൂലം പുസ്തകം ഗ്രേ സ്കെയിലിൽ/കളറിൽ കൂടെ ലഭ്യമാക്കിയിട്ടുണ്ട്. അതിനു സൈസ് വളരെ കൂടുതൽ (114 MB) ആണ്. അതിനാൽ അത്യാവശ്യക്കാർ മാത്രം അത് ഡൗൺലോഡ് ചെയ്താൽ മതിയാകും. ബാക്കിയുള്ളവർ ഓൺലൈനായി വായിക്കുകയോ ബ്ലാക്ക് ആന്റ് വൈറ്റ് കോപ്പീ ഉപയോഗിക്കുകയോ ചെയ്യുക.
You must be logged in to post a comment.