ഹെർമ്മൻ ഗുണ്ടർട്ട് ബൈബിൾ – പുതിയ നിയമത്തിലെ ലേഖനങ്ങൾ -1852

ഹെർമ്മൻ ഗുണ്ടർട്ടിന്റെ ബൈബിൾ പരിഭാഷകൾ രണ്ടെണ്ണം നമ്മൾ ഇതിനകം കണ്ടു.

എന്നിവയാണ് അവ. ഇതിൽ സുവിശേഷകഥകൾ പുതിയ നിയമത്തിലെ 4 സുവിശേഷപുസ്തകങ്ങളിലെ തിരഞ്ഞെടുത്ത കഥകൾ ആണെന്ന് നമ്മൾ കണ്ടതാണല്ലോ .  ഇനി അതിന്റെ തുടർച്ചയായി  ഗുണ്ടർട്ടിന്റെ ബൈബിൾ പരിഭാഷയുടെ വേറൊരു സ്കാൻ പങ്ക് വെക്കുകയാണ്.

പുസ്തകത്തിന്റെ വിവരം

  • പേര്: പുതിയ നിയമത്തിലെ ലേഖനങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1852
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
  • അച്ചടി രീതി: കല്ലച്ച് (ലിത്തോഗ്രഫി)

ഈ പുസ്തകം നമുക്ക് ഒരു ജർമ്മൻ ലൈബ്രറിയുടെ ഡിജിറ്റൽ ശേഖരത്തിൽ നിന്നാണ് കിട്ടിയത്. ഈ പുസ്തകം തലശ്ശേരിയിലെ ബാസൽ ബിഷൻ പ്രസ്സിൽ കല്ലച്ചിൽ അച്ചടിച്ചതാണ്. കല്ലച്ചിനെ പറ്റി കൂടുതൽ അറിയാൻ മലയാളം വിക്കിപീഡിയയിലെ ഈ ലേഖനം വായിക്കുക.

പുതിയ നിയമത്തിലെ ലെഖനങ്ങൾ-1852
പുതിയ നിയമത്തിലെ ലെഖനങ്ങൾ-1852

 

പുസ്തകത്തിന്റെ ഉള്ളടക്കം

ബൈബിൾ പുതിയ നിയമത്തിൽ ആദ്യത്തെ നാലു സുവിശെഷങ്ങൾക്കും അപ്പൊസ്തോല പ്രവർത്തികൾക്കും ശെഷം വരുന്ന 21 ലേഖനങ്ങളുടേയും വെളിപാടുപുസ്തകത്തിന്റേയും പരിഭാഷ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇന്നത്തെ സത്യവേദപുസ്തകത്തിനു് ആധാരമായ വിവർത്തനങ്ങളിൽ ഒന്നാണ് ഇത് എന്നത് കണക്കിലെടുക്കുമ്പോൾ മലയാളബൈബിൾ പരിഭാഷാ ചരിത്രത്തിൽ ഈ പുസ്തകത്തിനു് പ്രാധാന്യം ഉണ്ട്.

ലിപി പരമായ പ്രത്യെകതകൾ

1847 ൽ തലശ്ശേരിയിലെ കല്ലച്ചിൽ അടിച്ച് പ്രസിദ്ധീകരിച്ച സുവിശേഷ കഥകൾ എന്ന പുസ്തകം നമുക്ക് ഇത് വരെ കിട്ടിയ തെളിവുകൾ വെച്ച് മലയാള ലിപി പരിണാമത്തിൽ പ്രാധാന്യമുള്ള ഒരു പുസ്തകം ആണെന്നും മനസ്സിലാക്കി. കാരണം സംവൃതോകാരം സൂചിപ്പിക്കാനായി ആദ്യമായി ചന്ദ്രക്കല ഉപയൊഗിച്ചത്  നമുക്ക് ഇത് വരെ കിട്ടിയ തെളിവുകൾ വെച്ച് സുവിശെഷ കഥകളിൽ ആയിരുന്നു.

1847ലെ പുസ്റ്റകത്തിന്റെ ലിപി പരമായ പ്രത്യേകകൾ  ഒക്കെ ഈ പുസ്തകത്തിനും ബാധകമാണ്. എന്നാൽ ആദ്യമൊക്കെ 1847ലെ പോലെ അക്ഷരത്തിന്റെ നടുക്ക് നിൽക്കുന്ന ചന്ദ്രക്കലയുടെ സ്ഥാനം ഇടയ്ക്കിടയ്ക്ക് ഇന്നത്തെ പോലെ അക്ഷരത്തിന്റെ വലത്തേക്ക് മാറുന്നത് കാണാവുന്നതാണ്.

കൂടുതൽ വിശകലനത്തിനും ഉപയൊഗത്തിനുമായി സ്കാൻ വിട്ടു തരുന്നു.

ഡൗൺലോഡ് വിവരം

പ്രോസസ് ചെയ്യാനായി കിട്ടിയ താളുകൾ ഗ്രേസ്കെയിലിൽ ആയതിനാലും ലിത്തോഗ്രഫി പുസ്തകം ആയതിനാലും ഏറ്റവും പഴയ മലയാള അച്ചടി പുസ്തങ്ങളിൽ ഒന്ന് ആയതിനാലും പുസ്തകം ഗ്രേ സ്കെയിലിൽ തന്നെ പ്രോസസ് ചെയ്തു. അതിന് 115 MBക്ക് അടുത്ത് വലിപ്പം ഉണ്ട്. അതിനു പുറമേ ബ്ലാക്ക് ആന്റ് വൈറ്റ് ഔട്ട് പുട്ടും കൂടെ തയ്യാറാക്കിയിട്ടൂണ്ട്. അത് 12 MB ക്ക് അടുത്തേ ഉള്ളൂ. (ഈയടുത്തായി കുറേ പുസ്തകങ്ങൾ സ്കാൻ‌ ടെയിലറിൽ പ്രോസസ് ചെയ്തതൊടെ ആ സൊഫ്റ്റ്‌വെയർ അത്യാവശ്യം നന്നായി മനസ്സിലായി. ഇനി വേണമെങ്കിൽ ഒരു സ്കാൻ‌ ടെയിലർ പഠനശിബിരം നടത്താം എന്ന സ്ഥിതി ആയിട്ടുണ്ട് :))

ഡൗൺലൊഡ് കണ്ണികൾ താഴെ

1910 – സത്യവേദപുസ്തകം

സത്യവേദപുസ്തകം എന്ന പ്രശസ്ത മലയാള ബൈബിൾ പരിഭാഷയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്.
സത്യവേദപുസ്തകം – 1910
സത്യവേദപുസ്തകം – 1910

1910ൽ പുറത്തിറങ്ങിയ പതിപ്പും അതിനാൽ പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്തതുമായ പതിപ്പിന്റെ സ്കാനാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്.  സത്യവേദപുസ്തകം ഇപ്പൊഴും പ്രതിവർഷം ആയിരക്കണക്കിനു കോപ്പികൾ വിറ്റഴിയുന്ന ഗ്രന്ഥമാണ്. ഏറ്റവും പുതിയ പതിപ്പ് എല്ലാവർക്കും എല്ലായിടത്തും ലഭ്യമാണ്. പക്ഷെ പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്ത ഒരു സ്കാൻ എവിടെയും ലഭ്യമായിരുന്നല്ല. ആ കുറവാണ് ഇപ്പോൾ തീരുന്നത്.

സത്യവേദപുസ്തകത്തിന്റെ ചരിത്രം

സത്യവേദപുസ്തകത്തിന്റെ ചരിത്രം ബൈബിളിന്റെ മലയാളപരിഭാഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല അത് അതിനു മുൻപ് പുറത്തിറങ്ങിയ മറ്റ് പല പരിഭാഷശ്രമങ്ങളുടേയും തുടർച്ചയും ആണ്. അത് കായംകുളം ഫിലിപ്പോസ് റമ്പാൻ, ബെഞ്ചമിൻ ബെയ്‌ലി, മോശെ ഈശാർഫനി, ചാത്തു മേനോൻ, വൈദ്യനാഥയ്യർ, ഹെർമൻ ഗുണ്ടർട്ട് പിന്നെ പേർ പ്രത്യേകം രേഖപ്പെടുത്തിയിട്ടാത്ത മറ്റ് അനേകം പരിഭാഷകരുടെ പാരമ്പര്യം പേറുന്ന ഒരു പുസ്തകവുമാണ്.

1806-ൽ  ക്ലോഡിയസ് ബുക്കാനൻ കേരളം സന്ദർശിക്കുന്നതോടെയാണ് സത്യവേദപുസ്തകത്തിന്റെ ചരിത്രം തുടങ്ങുന്നതെന്ന് സാമാന്യമായി പറയാം. ബുക്കാനന്റെ പ്രോത്സാഹനത്തിൽ  കായംകുളം ഫിലിപ്പോസ് റമ്പാൻ പരിഭാഷ നിർവ്വഹിച്ച ആദ്യത്തെ നാലു സുവിശേഷങ്ങൾ അടങ്ങിയ പുസ്തകം 1811-ൽ പുറത്തിറങ്ങി. ഈ പുസ്തകം ഇന്ന് റമ്പാൻ ബൈബിൾ എന്ന പേരിൽ പ്രശസ്തമാണ്. ഇതിന്റെ സ്കാൻ നമ്മൾ ഇതിനകം പരിചയപ്പെട്ടതാണ്. അതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് ഈ പോസ്റ്റ് കാണുക. https://shijualex.in/ramban_bible_1811/ സുറിയാനി പദങ്ങളുടെ ബാഹുല്യമാണ് റമ്പാൻ ബൈബിളിന്റെ എടുത്തുപറയാനുള്ള ഒരു കുറവ്.

ഇതിനു ശെഷം വരുന്ന പ്രധാന പരിഭാഷ ബെഞ്ചമിൻ ബെയ്‌ലിയുടേതണ്. 1823-ൽ കോട്ടയത്ത് പ്രസ്സ് സ്ഥാപിച്ചത് തൊട്ട് ബൈബിളിലെ ഓരോ പുസ്തകവും പരിഭാഷ തീരുന്നതിനു അനുസരിച്ച് ഖണ്ഡശ പ്രസിദ്ധീകരിച്ചു. ഇങ്ങനെ പുതിയ നിയമം പൂർണ്ണമായി 1829-ൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ആ പതിപ്പിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇവിടെ കാണാം https://shijualex.in/malayalam_new_testament_benjamin_bailey/

അതിനു ശെഷം 1841ഓടെ ബെഞ്ചമിൻബെയ്‌ലി  പഴയനിയമവും മൊത്തമായി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. അതിനാൽ മലയാളവുമായി ബന്ധപ്പെട്ട മറ്റ് അനേകം പദവികൾക്കൊപ്പം ആദ്യമായി ബൈബിൾ മൊത്തമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പദവി ബെഞ്ചമിൻ ബെയ്‌ലി അലങ്കരിക്കുന്നു.(Update: ബെഞ്ചമിൻ ബെയിലിയുടെ പഴയനിയമത്തിന്റെ സ്കാൻ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്ന് പിൽക്കാലത്ത് ലഭിച്ചു. അത് ഇവിടെ കാണാം https://shijualex.in/1839-1841-benjamin-bailey-old-testament/)

ബെയ്‌ലിയുടെ ബൈബിൾ പരിഭാഷയുടെ ഒരു പ്രധാനകുറവായി പറയുന്നത് അത് തെക്കൻ കേരളത്തിലുള്ളവരുടെ ഭാഷ ആധാരമാക്കി പരിഭാഷ ചെയ്തതാണ് എന്നതായിരുന്നു. (മാദ്ധ്യമങ്ങളുടെ സ്വാധീനം മൂലം വളരെയധികം മാനകീകരിക്കപ്പെട്ട ഇക്കാലത്തെ കേരളത്തിലെ മലയാളം  ആയിരുന്നില്ല 150 വർഷം മുൻപത്തെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ മലയാളം. തെക്കൻ കേരളത്തിൽ ഉള്ളവർ ഉപയോഗിക്കുന്ന വാക്കുകളും പ്രയോഗങ്ങളും വടക്കൻ കേരളത്തിൽ ഉള്ളവർക്ക് മനസ്സിലാകാത്ത സ്ഥിതി പോലും ഉണ്ടായിരുന്നു). ബെയ്‌ലി ബൈബിളിലെ മറ്റ് പ്രശ്നങ്ങളും പരിഹരിച്ചും, വടക്കൻ കേരളത്തിലുള്ളവർക്ക് കൂടെ ഉപയോഗപ്പെടുന്ന ഒരു പരിഭാഷ വേണം എന്ന ചിന്തയിൽ നിന്നാണ് ഹെർമൻ ഗുണ്ടർട്ട് ബൈബിൾ പരിഭാഷ തുടങ്ങുന്നത്. ഹെർമ്മൻ ഗുണ്ടർട്ടിന്റെ പുതിയ നിയമ പരിഭാഷ ഇവിടെ കാണാം https://shijualex.in/malayalam_new_testament_complete_gundert_1868/ ഹെർമ്മൻ ഗുണ്ടർട്ട് ബൈബിൾ പഴയ നിയമം മൊത്തമായി പരിഭാഷ ചെയ്തതായോ അച്ചടിച്ചു പ്രസിദ്ധീകരിച്ചതായോ നിലവിലുള്ള തെളിവുകൾ വെച്ച് പറയാൻ പറ്റില്ല.

ഇതിനു ശെഷമാണ് വടക്കൻ കേരളത്തിലുള്ളവർക്കും-തെക്കൻ കേരളത്തിലുള്ളവർക്കുമായി വ്യത്യസ്ത പരിഭാഷകൾ വെച്ച് മെയ്‌ന്റൈയ്ൻ ചെയ്യുന്നതിന്റെ പ്രശ്നങ്ങളെ കുറിച്ച് ബൈബിൾ സൊസൈറ്റി ചിന്തിച്ച് തുടങ്ങിയത്.

തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാൻ 1871-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതിൽ സി.എം.എസ് ന്റേയും എൽ.എം.എസ്സ്.ന്റേയും ബാസൽ മിഷണ്ടേയും സുറിയാനി സഭയുടേയും പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന,അരമായ മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവർത്തനം നിർവഹിച്ചത്.

ഇതിനു വേണ്ടി ലൂഥറിന്റേയും സ്റ്റെറിന്റേയും ജർമ്മൻ ഭാഷയിലുള്ള വിവർത്തനങ്ങളും, തമിഴിലുള്ള പുതിയ പരിഭാഷയും, ബെയ്‌ലിയുടെടേയും ഗുണ്ടർട്ടിന്റേയും  മലയാള തർജ്ജുമയും, സാമുവേൽ ലീയുടെ സുറിയാനി ബൈബിളും ഒക്കെ സസൂക്ഷ്മം പരിശോധിച്ചു. 1880-ൽ പുതിയ നിയമം പൂർത്തിയാക്കിയെങ്കിലും 1889-ലാണ് അതു പ്രസിദ്ധീകരിച്ചത്. കുറച്ച് വർഷങ്ങൾക്ക് ശേഷം പഴയ നിയമവും പൂർത്തിയാക്കി. അവസാനം മലയാളം സംസാരിക്കുന്ന എല്ലാവരുടേയും  ഉപയോഗത്തിനായി സത്യവേദപുസ്തകം എന്ന പേരിൽ 1910-ൽ സമ്പൂർണ്ണ മലയാളപരിഭാഷ പുറത്തിറങ്ങി.

1871-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാർമ്മികത്തിൽ പരിഭാഷ ചെയ്യപ്പെട്ട് 1910-ൽ പ്രസിദ്ധീകരിച്ച മലയാള ബൈബിൾ പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നത്. (ബൈബിൾ എന്ന വാക്കിന്റെ സ്വതന്ത്ര മലയാളവിവർത്തവുമായും ഇപ്പോൾ സത്യവേദപുസ്തകം എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്)    മലയാള ഭാഷയുടെ അന്നുവരെയുള്ള വളർച്ചയും, വികാസവും, ആശയവ്യാപ്തിയും ഉൾക്കൊള്ളാൻ ഈ തർജ്ജുമയ്ക്കു കഴിഞ്ഞു. അതിനാൽ തന്നെ അത് പെട്ടെന്ന് ജനകീയമായി.

കത്തോലിക്ക സഭ ഒഴിച്ചുള്ള  മിക്ക ക്രൈസ്തവ സഭകളും ഇപ്പോൾ ഈ പുസ്തകമാണ് ഔദ്യൊഗികമായി ഉപയൊഗിക്കുന്നത്.

സത്യവേദപുസ്തകത്തിന്റെ പകർപ്പവകാശകാലാവധി 1970-ൽ കഴിഞ്ഞു. അതിനു ശേഷം 1990കളോടെ നിരവധി പേർ ഇതിന്റെ വിവിധ പതിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. എങ്കിലും ബൈബിൾ സൊസൈറ്റി  ഓഫ് ഇന്ത്യ പുറത്തിറക്കുന്ന പതിപ്പ് തന്നെയാണ് ഇപ്പോഴും ഔദ്യോഗികമായി കരുതുപ്പെടുന്നത്.

കുറഞ്ഞത് 2000 വരെയെങ്കിലും പഴയ ലിപിയിൽ മാത്രമായിരുന്നു ആയിരുന്നു (ഹെഡറിൽ മലയാളം അക്കങ്ങൾ അടക്കം) ബൈബിൾ സൊസൈറ്റിയുടെ സത്യവേദപുസ്തകം (സമ്പൂർണ്ണം) ലഭ്യമായിരുന്നുന്നത്. ഇപ്പോൾ പുതിയ ലിപിയിലും സത്യവേദപുസ്തകം ലഭ്യമാണ്.

സത്യവേദപുസ്തകം – വിക്കിഗ്രന്ഥശാല

വർഷങ്ങൾക്ക് മുൻപ് 2007-ൽ, നിഷാദ് കൈപ്പള്ളീയുടെ സൈറ്റിൽ (http://www.malayalambible.in/) നിന്ന്  സത്യവേദപുസ്തകത്തിന്റെ യൂണിക്കോഡ് പതിപ്പ് വിക്കിഗ്രന്ഥശാലയിലേക്ക് മാറ്റാനുള്ള പ്രയത്നം ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ: http://shijualex.blogspot.com/2007/09/blog-post_8312.html

അക്കാലത്ത് സത്യവേദപുസ്തകം വിക്കിഗ്രന്ഥശാലയിൽ ചേർത്തപ്പോൾ അത് ഗ്രന്ഥശാലയിൽ എത്തുന്ന ആദ്യത്തെ സമ്പൂർണ്ണപുസ്തകങ്ങളിൽ ഒന്നായിരുന്നു. അതിനു ശേഷം നൂറുകണക്കിന് പുസ്തകങ്ങൾ വിക്കിഗ്രന്ഥശാലയിൽ എത്തിയെങ്കിലും ഗ്രന്ഥശാലയിലെ പതിപ്പിനെ സംബന്ധിച്ച് വലിയ ഒരു കുറവ് അവശേഷിക്കുന്നുണ്ടായിരുന്നു. വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്ന എല്ലാ പുസ്തകങ്ങൾക്കും ആ പുസ്തകം ആധാരമാക്കിയിരിക്കുന്ന അച്ചടി പതിപ്പിന്റെ സ്കാൻ ചേർക്കേണ്ടതുണ്ട്. എന്നിട്ട് അതിനെ ആധാരമാക്കി വേണം ഗ്രന്ഥശാലയിൽ ഉള്ളടക്കം യൂണിക്കോഡിലാക്കാൻ. നിർഭാഗ്യവശാൽ സത്യവേദപുസ്തകത്തിന്റെ പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്ത സ്കാൻ ലഭ്യമല്ലാത്തതിനാൽ ഇതിന് കഴിഞ്ഞിരുന്നില്ല. സത്യവേദപുസ്തകത്തിന്റെ  പകർപ്പവകാശപ്രശ്നങ്ങൾ ഇല്ലാത്ത സ്കാൻ ലഭ്യകാകുന്നതോടെ മറ്റ് സവിശേഷതകൾക്ക് പുറമേ ഗ്രന്ഥശാലയിലെ ഈ ഒരു പ്രധാനപ്രശ്നത്തിനു കൂടെയാണ് പരിഹാരമാകുന്നത്.

നമുക്ക് കിട്ടിയ സ്കാനിന്റെ പ്രത്യേകതകൾ

  • ഏറ്റവും വലിയ പ്രത്യേക 1910ൽ പുറത്തിറങ്ങിയ ആദ്യത്തെ പതിപ്പിന്റെ സ്കാൻ തന്നെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത് എന്നതാണ്. 
  • ഏതാണ്ട് 1900ത്തോളം താളുകളാണ് ഈ സ്കാനിൽ ഉള്ളത്
  • ന്യൂയോർക്കിലെ Cornell University (http://www.cornell.edu/) യുടെ ഡിജിറ്റൽ ശേഖരത്തിൽ നിന്നാണ് ഈ പതിപ്പ് നമുക്ക് കിട്ടിയത്. 
  • മറ്റ് പല മലയാള പുസ്തകങ്ങളേയും പോലെ ഗൂഗിളാണ് ഇതിന്റെ ഡിജിറ്റൈസേഷനു നേതൃത്വം കൊടുത്തിരിക്കുന്നത്. 
  •  പുസ്തകത്തിനു ഏതാണ്ട് 1900 പേജുകൾ ഉള്ളതിനാൽ ഇതിന്റെ സൈസും വളരെ വലുതാണ്. ഏതാണ്ട് 140 MB ആണ് ഫയൽ സൈസ്. 
  • ബൈബിൾ സൊസൈറ്റിയുടെ സത്യവേദപുസ്തകത്തിൽ ഇപ്പോഴിറങ്ങുന്ന പതിപ്പിൽ കാലാനുസൃതമായ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിനാൽ ഇപ്പോൾ ഇറങ്ങുന്ന സത്യവേദപുസ്തക പതിപ്പുമായി ഈ സ്കാനിലെ ഉള്ളടക്കത്തിനു ചെറിയ വ്യത്യാസം ഉണ്ടായേക്കാം.   

നന്ദി

സ്കാൻ ലഭ്യമാക്കുവാൻ സഹായിച്ച ഡോ. സൂരജ് രാജനും വിവിധ സാങ്കേതിക സഹായങ്ങൾ ചെയ്തു തന്ന ബൈജു മുതുകാടനും പ്രത്യേക നന്ദി.

 

 സ്കാൻ വിശദാംശങ്ങൾ

 

1811 – റമ്പാൻ ബൈബിൾ – ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം

ഈ ബ്ലോഗ് പൊസ്റ്റ് എഴുതാനും ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്ന പുസ്തകം വിശകലനം  ചെയ്യാനും സുനിൽ വി.എസിന്റെ സഹായങ്ങൾ ലഭ്യമായിട്ടുണ്ട്. അദ്ദേഹത്തിനുള്ള പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.

————————–

ആമുഖം

അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകമായ സംക്ഷേപവേദാർത്ഥത്തിന്റെ സ്കാൻ (1772-ൽ റോമിൽ അച്ചടിച്ചത്) നമ്മൾ ഇതിനകം കണ്ടതാണ്. അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈ ബ്ലോഗ് പോസ്റ്റിൽ (https://shijualex.in/sampkshepavedartham-1772/) ലഭ്യമാണ്.

കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകമായ ചെറുപൈതങ്ങൾ… (1824-ൽ കോട്ടയത്ത് അച്ചടിച്ചത്) എന്ന പുസ്തകത്തിന്റെ സ്കാനും നമുക്ക് ഈയടുത്ത് ലഭിച്ചു. അതിനെ കുറിച്ചുള്ള വിശദംശങ്ങൾ ഈ ബ്ലോഗ് പോസ്റ്റിൽ (https://shijualex.in/cherupaithangal-1824/) ലഭ്യമാണ്.

എന്നാൽ ചെറുപൈതങ്ങൾ… എന്ന പുസ്തകം വരുന്നതിനു ഏകദേശം 13വർഷം മുൻപ് ഒരു മലയാളപുസ്തകം അച്ചടിച്ചു. ആ പുസ്തകം ആണ് ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാളം പുസ്തകം. എന്നാൽ ഇത് കേരളത്തിലല്ല, ബോംബെയിലാണ് അച്ചടിച്ചത്. അതിനാൽ റമ്പാൻ ബൈബിൾ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഈ പുസ്തകത്തെ ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം എന്ന് വിശേഷിപ്പിക്കാം. ഈ പുസ്തകത്തിന്റെ സ്കാൻ നമുക്ക് ലഭിച്ചിരിക്കുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക്.

റമ്പാൻ ബൈബിളിന്റെ ടൈറ്റിൽ പേജ്

റമ്പാൻ ബൈബിൾ എന്ന പേരിൽ പ്രശസ്തമായ മലയാളം ബൈബിൾ പരിഭാഷയുടെ സ്കാൻ ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്.  1811-ൽ ബോംബെയിലെ കൂറിയർ പ്രസിൽ നിന്നും അച്ചടിച്ചിറക്കിയ ഈ ഗ്രന്ഥത്തിൽ നാലു സുവിശേഷങ്ങൾ മാത്രമാണ് അടങ്ങിയിരുന്നത്. മുഖ്യവിവർത്തകൻ കായംകുളം ഫിലിപ്പോസ് റമ്പാൻ ആയിരുന്നതിനാലാണ് ഈ പരിഭാഷയ്ക്ക് റമ്പാൻ ബൈബിൾ എന്ന പേരു ലഭിച്ചത്. ക്ലോഡിയസ് ബുക്കാനന്റെ ഉത്സാഹത്താൽ നിർവഹിക്കപ്പെട്ട വിവർത്തനം ആയതിനാൽ ബുക്കാനൻ ബൈബിൾ, കൂറിയർ പ്രസിൽ അച്ചടിച്ചതിനാൽ കൂറിയർ ബൈബിൾ എന്നീ പേരുകളിലും ഈ ബൈബിൾ പരിഭാഷ അറിയപ്പെടുന്നുണ്ട്. എന്നിരുന്നാലും റമ്പാൻ ബൈബിൾ എന്ന പേരാണ് കൂടുതൽ പ്രശസ്തം.

സ്കാൻ ചെയ്തതിന്റെ വിശദാംശങ്ങൾ

റമ്പാൻ ബൈബിളിന്റെ സ്കാൻ ഇന്ന് നിങ്ങളുടെ അവതരിപ്പിക്കുമ്പോൾ ഇത് യാഥാർത്ഥ്യമാക്കുവാൻ സഹകരിച്ചവരുടെ വിവരം ആദ്യം പറയട്ടെ.

  • സ്കാൻ ചെയ്യാനായി റമ്പാൻ ബൈബിളിന്റെ ഒരു കോപ്പി സംഘടിപ്പിച്ചു തന്ന കോട്ടയം സി.എം.എസ്. കോളേജ് മലയാളം പ്രൊഫസർ ഡോ. ബാബു ചെറിയാൻ.
  • സ്കാൻ ചെയ്യാനായി ആവശ്യമുള്ള സാമഗ്രികളുമായി കോട്ടയത്ത് പോവുകയും വളരെ പ്രയത്നപ്പെട്ട് പുസ്തകത്തിന്റെ താളുകളുടെ ഫോട്ടോ എടുക്കുകയും ചെയ്ത അഖിൽ കൃഷ്ണൻ, സുഗീഷ് സുബ്രഹ്മണ്യം എന്നിവർ
  • സ്കാൻ ചെയ്ത ചിത്രങ്ങൾ പോസ്റ്റ്-പ്രോസസിങ് ചെയ്യാൻ സഹായിച്ച സുനിൽ വി.എസ്.

അങ്ങനെ നിരവധി പേരുടെ പ്രയത്നത്താലാണ് റമ്പാൻ ബൈബിളിന്റെ ഏകദേശം പൂർണ്ണമായ സ്കാൻ ഇപ്പോൾ നിങ്ങളുടെ കൈയ്യിൽ എത്തുന്നത്.

 ഈ സ്കാനിൽ ചില പരിമിതികൾ ഉണ്ട്.

  • പ്രധാന പ്രശ്നം പുസ്തകത്തിന്റെ ആദ്യത്തെ കുറച്ച് പേജുകൾ ഞങ്ങൾക്ക് സ്കാൻ ചെയ്യാൻ കിട്ടിയ പ്രതിയിൽ  ഇല്ലായിരുന്നു എന്നതാണ്. അതിനാൽ ആ പേജുകളുടെ ഫോട്ടോ  മറ്റൊരിടത്ത് നിന്ന് സംഘടിപ്പിച്ചാണ് പുസ്തകം ഏകദേശം പൂർണ്ണമാക്കിയിരിക്കുന്നത്. പക്ഷെ ആ ഫോട്ടോകൾക്ക് റെസലൂഷൻ കുറവായിരുന്നതിനാൽ ആദ്യത്തെ കുറച്ച് താളുകളുടെ (7 താളോളം) ഉള്ളടക്കം വ്യക്തമല്ല. എങ്കിലും കഷ്ടിച്ച് വായിക്കാവുന്നതാണ്.
  • ഞങ്ങൾക്ക് ലഭ്യമായ രണ്ട് പതിപ്പിലും പുസ്തകത്തിന്റെ 4 മത്തെ പേജിന്റെ ചിത്രം കിട്ടിയില്ല. അതിനാൽ ആ പേജ് ഈ സ്കാനിൽ ബ്ലാങ്ക് ആയി ഇട്ടിരിക്കുകയാണ്.
  • ചില പേജുകളുടെ അരികിൽ സ്കാൻ ചെയ്തവരുടെ വിരലുകൾ കാണാം. അത് മനഃപൂർവ്വം ക്രോപ്പ് ചെയ്യാതെ ഇട്ടിരിക്കുന്നു. മുകളിൽ സൂചിപ്പിച്ച പലവിധ കാരണങ്ങൾ കൊണ്ട് ഈ പുസ്തകം പൂർണ്ണമല്ലാത്തതിനാൽ പോസ്റ്റ് പ്രോസസിങ്ങിനായി അധികം സമയം ചിലവാക്കിയില്ല. എന്നാൽ ഈ പുസ്തകത്തിന്റെ സ്കാൻ മിക്കവാറും ഒക്കെ ഇപ്പോൾ നമുക്ക് കിട്ടിയിരിക്കുന്നതിനാൽ അത് എല്ലാവരുമായി പങ്ക് വെക്കണം എന്ന ആശയോടെ പെട്ടെന്ന് റിലീസ് ചെയ്യുന്നു. പിന്നീട് എപ്പോഴെങ്കിലും നല്ല സ്കാൻ കിട്ടുകയാണെങ്കിൽ നിലവിലെ ഈ പതിപ്പ് മെച്ചപ്പെട്ട സ്കാൻ വെച്ച് റീപ്ലേസ് ചെയ്യണം എന്ന് കരുതുന്നു.

എന്തയാലും നിലവിൽ നമുക്ക് ലഭ്യമായ മികച്ച സ്കാൻ എല്ലാവർക്കുമായി പങ്ക് വെക്കുന്നു. റമ്പാൻ ബൈബിളിന്റെ ഒറിജിനൽ പതിപ്പ് കണ്ടിട്ടില്ല എന്ന പലരുടേയും പരാതി ഇതൊടെ തീരുന്നു.

റമ്പാൻ ബൈബിളിന്റെ സ്കാൻ ലഭിച്ചതൊടെ മലയാളം അച്ചടിയുടെ ചരിത്രത്തിൽ 1824 വരെ അച്ചടിച്ച എല്ലാ പുസ്തങ്ങളുടെ സ്കാനുകളും നമുക്ക് ലഭിച്ചിരിക്കുന്നു

അച്ചടിയുടെ പ്രത്യെകതകൾ

  • ഈ പുസ്തകം 1811ൽ ബോംബെ കൊറിയർ പ്രസ്സിൽ ആണ് അച്ചടിച്ചത്. ഏകദേശം 1806-ൽ അച്ചടി ആരംഭിച്ചെങ്കിലും 1811-ൽ ആണ് അച്ചടി പൂർത്തിയായത്.
  • നാല് സുവിശേഷങ്ങൾ മാത്രമാണ് പുസ്തകത്തിൽ ഉള്ളതെങ്കിലും 504 പേജുകൾ ഉള്ള ബൃഹദ് ഗ്രന്ഥം ആണിത്.
  • റോബർട്ട് ഡ്രമ്മണ്ടിന്റെ Grammar of the Malayalam language എന്ന പുസ്തകം അച്ചടിക്കാനായി റോബർട്ട് ഡ്രമ്മണ്ടിന്റെ മേൽനോട്ടത്തിൽ ബെഹ്റാംജി ജീജിഭായ് എന്ന പാർസി ടൈപ്പോഗ്രഫർ ബോംബെ കുറിയർ പ്രസ്സിൽ നിർമ്മിച്ച അതേ അച്ചുകൾ തന്നെയാണ് റമ്പാൻ ബൈബിളിന്റെ അച്ചടിക്കും ഉപയോഗിച്ചിരിക്കുന്നത്.

എന്നാൽ റമ്പാൻ ബൈബിളീന്റെ അച്ചിനെ സംബന്ധിച്ച് ചില തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. ഉദാഹരണമായി ഡോ. പി.ജെ. തോമസിന്റെ മലയാളസാഹിത്യവും കൃസ്ത്യാനികളും എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു (പി.ജെ. തോമസ് 1989,203).

“കുറിയർ പ്രസ്സിൽ മലയാള അക്ഷരങ്ങൾ കൊത്തിയുണ്ടാക്കുന്നതിനായി കണ്ടനാട്ടുപള്ളി ഇടവകക്കാരനായ കൊച്ചിട്ടി എന്ന ഒരു നസ്രാണിയെകൂടി ഡോ. ബുക്കാനൻ ബോംബെയിലേക്ക് കൊണ്ടുപൊയാതായി ഒരു രേഖയിൽ കാണുന്നു”

ഈ പ്രസ്താവന പിന്നീട് ചില തെറ്റിദ്ധാരണകൾക്ക് കാരണമായിട്ടുണ്ടെന്ന് തോന്നുന്നു.

ഈ പ്രസ്താവനയെ ആധാരമാക്കി ആയിരിക്കണം മറ്റ് പലരും ബുക്കാനൻ കേരളത്തിൽ നിന്ന് കൊണ്ടു പോയ നാട്ടുകാരനായ കൊച്ചിട്ടി എന്നയാളാണ് റമ്പാൻ ബൈബിൾ അച്ചടിക്കാനുള്ള  അച്ചുകൾ ഉണ്ടാക്കിയത് എന്ന പ്രസ്താവന പലയിടത്തും കാണുന്നുണ്ട്. മലയാളം അച്ചടിയുടെ ചരിത്രം രെഖപ്പെടുത്തിയ കെ.എം. ഗോവിയും റമ്പാൻ ബൈബിളിന്റെ അച്ചുകളുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നുമില്ല. അതിനാൽ റമ്പാൻ ബൈബിളിനായി പ്രത്യേക അച്ച് വാർത്തു എന്നൊരു പ്രചാരണം നിലവിലുണ്ട്. എന്നാൽ ഇത് ശരിയല്ലെന്നാണ് 1799ലെ ഡോബർട്ട് ഡർമ്മണ്ടിന്റെ പുസ്തകവും റമ്പാൻ ബൈബിളും സൂക്ഷ്മനിരീക്ഷണം ചെയ്തതിൽ നിന്ന് ഞങ്ങൾക്ക് വ്യക്തമാകുന്നത്. അതായത് റമ്പാൻ ബൈബിളിനായി പ്രത്യേക അച്ച് വാർത്തിട്ടില്ല. Grammar of the Malayalam language എന്ന പുസ്തകം അച്ചടിക്കാനായി 1799-ൽ റോബർട്ട് ഡ്രമ്മണ്ട് വാർപ്പിച്ച  അതേ അച്ച് തന്നെയാണ് റമ്പാൻ ബൈബിളിനും ഉപയോഗിച്ചിരിക്കുന്നത്.

അതേ പോലെ റമ്പാൻ ബൈബിളീന്റെ അച്ചടിയുടെ 200ആം വാർഷികത്തിനോട് അനുബന്ധിച്ച് നടന്ന പരിപാടികളുടെ ഭാഗമായി ഡോ. ബാബു പോൾ ഇങ്ങനെ പ്രസ്താവിച്ചതായി കാണുന്നു.

The translation was completed in 1811 and printed in ‘Kallachu’ (lithographic printing) at a press in Bombay (now Mumbai),” Dr. Paul says (http://www.thehindu.com/news/national/kerala/fete-to-hail-first-malayalam-bible/article3929645.ece)

ഈ പ്രസ്താവനയുടെ അവസാനം പറയുന്ന കല്ലച്ച്  (lithographic printing) ന്റെ കാര്യവും വസ്തുതാപരമായി ശരിയല്ല. റമ്പാൻ ബൈബിൾ കല്ലച്ചിലല്ല അച്ചടിച്ചിരിക്കുന്നത്. സംക്ഷേപവേദാർത്ഥവും ഡോ. ഡ്രമ്മണ്ടിന്റെ പുസ്തകവും പോലൊക്കെ ജംഗമ അച്ച് ഉപയോഗിച്ച് തന്നെയാണ് റമ്പാൻ ബൈബിളും അച്ചടിച്ചിരിക്കുന്നത്.

യോഹന്നാന്റെ സുവിശെഷം ഒന്നാം താൾ

ലിപി പരമായ പ്രത്യെകതകൾ

റോബർട്ട്  ഡ്രമ്മണ്ടിന്റെ പുസ്തകത്തിനു ഉപയോഗിച്ച അതേ അച്ച് തന്നെയാണ് ഇതിനും ഉപയോഗിച്ചിരിക്കുന്നത് എന്നത് കൊണ്ട് അവിടെ പറഞ്ഞ കാര്യങ്ങൾ റമ്പാൻ ബൈബീളിനും ബാധകമാണ് എന്നാൽ ഒരു വ്യത്യാസം കാണുന്നത് “ന്റ” യുടെ രൂപത്തിനാണ്. ഡ്രമ്മണ്ടിന്റെ പുസ്തകത്തിൽ ന്റയുടെ “റ‌ൻ‌റ” എന്ന പ്രത്യേക രൂപം ഈ പുസ്തകത്തിൽ വന്നപ്പോൾ ആ കാലത്തെ മറ്റ് കൃതികളിലെ പോലെ “ൻ‌റ‌റ” എന്ന് തന്നെ ആയിരിക്കുന്നു. ഇത് റമ്പാൻ ബൈബിളിന്റെ അച്ചടിക്ക് മേൽനൊട്ടം വഹിച്ച കണ്ടനാട്ടുപള്ളി ഇടവകക്കാരനായ കൊച്ചിട്ടി എന്ന നസ്രാണിയുടെ സംഭാവന ആകണം. കൂടുതൽ വിശദാംശങ്ങൾ താഴെയുള്ള കുറിപ്പിൽ.

റമ്പാൻ ബൈബിളിന്റെ ചരിത്രം

ആംഗ്ലിക്കൻ സഭയുടെ ചാപ്ലിയനായിരുന്ന ക്ലോഡിയസ് ബുക്കാനന്റെ കേരള സന്ദർശനവും ബൈബിളിന്റെ പരിഭാഷയ്ക്ക് അദ്ദേഹം നൽകിയ പ്രോത്സാഹനവും ആണ് റമ്പാൻ ബൈബിളിന്റെ പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത്. തിരുവിതാംകൂറിലെയും കൊച്ചിയിലെയും സുറിയാനി കൃസ്ത്യാനികളെപ്പറ്റി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ 1805 ൽ ഗവർണർ ജനറൽ വെല്ലസ്ലി പ്രഭു ബുക്കാനനെ ചുമതലപ്പെടുത്തിയതനുസരിച്ച് 1806 ൽ ക്ലോഡിയസ് ബുക്കാനൻ കേരളത്തിലെത്തി. മലങ്കര സഭയുടെ അന്നത്തെ മേലധ്യക്ഷനായിരുന്ന മാർ ദീവന്നാസിയോസ് ഒന്നാമൻ മെത്രാപ്പോലീത്തയെ (ആറാം മാർത്തോമയെ) ബുക്കാനൻ സന്ദർശിച്ചപ്പോൾ, മെത്രാപ്പോലീത്ത ആയിരത്തിലധികം വർഷമായി സുറിയാനി സഭയുടെ കൈവശമിരുന്നതെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു പുരാതന ബൈബിൾ ബുക്കാനന് സമ്മാനിച്ചു. മെത്രാപ്പോലീത്തയുടെ സെക്രട്ടറി ആയിരുന്ന ഫിലിപ്പോസ് റമ്പാൻ നിർവഹിച്ച മത്തായിയുടെ സുവിശേഷത്തിന്റെ മലയാള പരിഭാഷ കാണാനിടയായ ബുക്കാനൻ മറ്റു സുവിശേഷങ്ങളുടെ തർജ്ജമ കൂടി ഏറ്റെടുക്കാൻ റമ്പാനെ പ്രേരിപ്പിച്ചു. അങ്ങനെ 1806-ൽ ആരംഭിച്ച ഈ വിവർത്തനയത്നത്തിന് ഇംഗ്ലണ്ടിലെ ബുക്കാനന്റെ മാതൃസഭയുടേയും മലയാളദേശത്തെ സുറിയാനി സഭാ നേതാക്കളുടെയും സഹകരണമുണ്ടായിരുന്നു.

ഈ ബൈബിൾ പരിഭാഷയെപറ്റിയും അതിന്റെ അച്ചടിയെ പറ്റിയും 1811ൽ പ്രസിദ്ധീകരിച്ച Christian researches in Asia എന്ന പുസ്തകത്തിൽ ക്ലോഡിയസ് ബുക്കാനൻ ഇങ്ങനെ പറയുന്നു.

After the Author left Travancore, the Bishop prosecuted the translation of the Scriptures into the the Malabar Language without intermission, until he had completed the New Testament. The year following, the Author visited Travancore a second time, and carried the Manuscript to Bombay to be printed; an excellent fount of Malabar types having been recently cast at that place. Learned natives went from Travancore to superintend the press; and it is probable that it is now nearly finished, as a copy of the Gospels of St. Matthew and St. Mark, beautifully printed, was received in England some time ago. This version of the Scriptures will be prosecuted until the whoie Bible is completed, and copies circulated throughout the Christian regions of Malabar.

1811-ൽ ഈ നാലു സുവിശേഷങ്ങളും ഒരു പുസ്തകമായി ബോംബെയിലെ കൂറിയർ പ്രസ്സിൽ നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു. 9.5 ഇഞ്ച് നീളവും എട്ട് ഇഞ്ച് വീതിയും രണ്ട് ഇഞ്ച് കനവും 504 പേജുകളുമാണ് ഈ ബൈബിളിനുള്ളത്. 1811 അച്ചടി പൂർത്തിയായ ഈ പുസ്തകം തൊട്ടടുത്ത വർഷങ്ങളിൽ തന്നെ കേരളത്തിൽ കൊണ്ടു വരികയും പല ഇടവകയിലും വിതരണം ചെയ്യുകയും ചെയ്തു. മധ്യതിരുവിതാംകൂറിലെ ചില പുരാതനഭവനങ്ങളിൽ ഇപ്പോഴും ഇതിന്റെ കോപ്പികൾ ഉണ്ട്. അങ്ങനെ ലഭ്യമായ ഒരു കോപ്പിയുടെ സ്കാൻ ആണ് ഇന്ന് നിങ്ങളുടെ മുൻപിലേക്ക് എത്തുന്നത്.

സുറിയാനിയിൽ നിന്നുള്ള പദാനുപദ വിവർത്തനം ആയതിനാൽ ധാരാളം സുറിയാനി പദങ്ങൾ ആ വിവർത്തനത്തിൽ കടന്നു കൂടിയിരുന്നു. സുറിയാനി വാക്കുകളുടെ അതിപ്രസരവും പരിഭാഷയിലെ കുറവുകളും ആണ് പിൽക്കാലത്ത് സ്വന്തമായി ബൈബിൾ പരിഭാഷയിലേക്ക് തിരിയാൻ ബെഞ്ചമിൻ ബെയ്‌ലിയെ പ്രേരിപ്പിക്കുന്നത്.

ഈ സ്കാൻ നിങ്ങളുടെ മുൻപിലേക്ക് എത്തിക്കാനായി സഹായിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.