1860 – പവിത്രചരിത്രം

ആമുഖം

കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം ഇന്നു ഒരു പ്രത്യേക പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ കൂടെ പങ്കു വെക്കുകയാണ്. പല വിധ കാരണങ്ങൾ കൊണ്ട് ഈ പുസ്തകവും അതിന്റെ ഡിജിറ്റൈസേഷനും എനിക്ക് വ്യക്തിപരമായി സന്തോഷവും സങ്കടവും സമ്മാനിച്ചു.

പുസ്തകത്തിന്റെ വിവരം

 • പേര്: പവിത്രചരിത്രം
 • താളുകൾ: 466
 • രചയിതാവ്: (ഹെർമ്മൻ ഗുണ്ടർട്ട്? ആയിരിക്കാം എന്നു കരുതുന്നു.) 1874ലെ ഒരു ബാസൽ മിഷൻ മാസികയിൽ രചയിതാവ് Kurz ആണെന്ന സൂചന തരുന്നു. Kurz ആര് ആണെന്നതിന്റെ വിവരങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.  Kurz പവിത്രചരിത്രത്തിന്റെ ഒറിജിനൽ ജർമ്മൻ പതിപ്പ് എഴുതിയ ആളാണോ അതോ മലയാളം പതിപ്പിന്റെ ആളാണോ എന്നൊന്നും പിടിയില്ല. അതൊക്കെ ഗവെഷണത്തിലൂടെ കണ്ടെത്തണം. .)
 • പ്രസ്സ്:ബാസൽ മിഷൻ, തലശ്ശേരി
 • പ്രസിദ്ധീകരണ വർഷം: 1860

 

1860 - പവിത്രചരിത്രം
1860 – പവിത്രചരിത്രം

ഇനി ഡിജിറ്റൈസേഷന്റെ വിശദാംശങ്ങളിലേക്ക്.

കടപ്പാടുകൾ, ഡിജിറ്റൈസേഷൻ വിശെഷങ്ങൾ

ഈ പുസ്തകം ഡിജിറ്റൈശേഷനായി ലഭിച്ചത് കേരളത്തിൽ നിന്ന് തന്നെ. വളരെ അപൂർവ്വമായേ ഇങ്ങനെ നടക്കാറുള്ളൂ.

യുയോമയ സഭയിലെ ബോധകരായിരുന്ന (പുരോഹിതൻ) ചെന്നിത്തല കവറുകാട് ശ്രീ. യേശുദാസൻ ബോധകരുടെ (1909- 1978) പുസ്തക ശേഖരത്തിൽ നിന്നും അദ്ദേഹത്തിന്റെ ചെറുമകനായ മാത്യു ജേക്കബ്ബിനു ലഭിച്ചതാണ് ഈ പുസ്തകം. ഏതാണ്ട് 155ൽ പരം വർഷം ഈ പുസ്തകം സൂക്ഷിച്ചു വെക്കുകയും അതിപ്പോൾ ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്ത മാത്യു ജേക്കബ്ബിനും കുടുംബത്തിനും പ്രത്യേക നന്ദി.

ഈ പുസ്തകം ഡിജിറ്റൈസേഷനായി എന്റെ കൈയ്യിലെത്തിയത് പലരുടേയും സഹായത്തിലാണ്. കഴിഞ്ഞ വട്ടം (2016 ഏപ്രിൽ) നാട്ടിൽ പോയപ്പോൾ ഈ പുസ്തകം  മാത്യുജേക്കബിൽ നിന്ന് നേരിട്ടു വാങ്ങാൻ തീരുമാനിച്ചത്. പക്ഷെ പലവിധ കാരണങ്ങളാൽ ഞങ്ങൾക്ക് തമ്മിൽ കാണാൻ കഴിഞ്ഞില്ല. പാലക്കാട്ടുള്ള എനിക്ക് ഈ പുസ്തകം എത്തിക്കുന്നത് ഒരു കടമ്പയായി നിന്നു. പുസ്തകത്തിന്റെ മൂല്യം ആറിയാത്തവരുടെ കൈയിൽ ഏല്പിക്കുകയോ കൊറിയർ ചെയ്യുകയോ ശരിയല്ല താനും. അപ്പോഴാണ് ഞാൻ ചെയ്യുന്ന പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷനിൽ അതീവ താല്പര്യം താലപര്യം ഉള്ള റൂബിൻ ഡിക്രൂസ് എറണാകുളത്തു നിന്ന് തൃശൂർ വരുന്നു എന്നറിഞ്ഞത്. അങ്ങനെ അദ്ദേഹം വഴി പുസ്തകം തൃശൂരെത്തി. അദ്ദേഹത്തിൽ നിന്ന് അത് വാങ്ങാനായി ഞാൻ പാലക്കാട് നിന്ന് വണ്ടിയെടുത്ത് തൃശൂർ പോയി. പുസ്തകം ഭദ്രമായി ഏറ്റുവാങ്ങി. അദ്ദേഹത്തിനു നന്ദി.

എന്നാൽ ഈ വിധ വിവിധ മാർഗ്ഗങ്ങളിലൂടെ പുസ്തകം പലയിടത്തു നിന്നു പലരുടേയും സഹായത്തൊടെ ഡിജിറ്റൈസ് ചെയ്ത് നിങ്ങളുടെ മുൻപിലെത്തുമ്പോൾ, അതിൽ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്ന പ്രയത്നം മാത്രമല്ല സാരമായ ധനനഷ്ടവും ഉണ്ടാക്കുന്നുണ്ട്. പുസ്തകങ്ങൾ തിരഞ്ഞും ഏറ്റുവാങ്ങാനും മറ്റും പോകുമ്പോൾ വിചാരിച്ചിരിക്കാതെ ഉണ്ടാകുന്ന ധനനഷ്ടം ചിലപ്പോൾ കൈവിട്ട് പോകുന്നു. ഉദാഹരണത്തിനു ഈ പുസ്തകം വാങ്ങാനായി പൊയി തിരിച്ചു വരുന്ന വഴി വണ്ടി ചെറിയൊരു അപകടത്തിൽ പെട്ടു. അല്പം സാരമായ ധന നഷ്ടം ഇതു മൂലം ഉണ്ടായി. അതുണ്ടാക്കിയ മാനസികക്ലെശം വേറെ.  പല പ്രതിസന്ധികളും തരണം ചെയ്താണ് പുസ്തകം ഡിജിറ്റൈസ് ചെയ്യപ്പെടുന്നത് എന്ന യാഥാർത്ഥ്യം എല്ലാവരും അറിയാനാണ് ഇതിവിടെ രേഖപ്പെടുത്തുന്നത്.

ഡിജിറ്റൈസേഷനായി കൈയ്യിലെത്തിയ പുസ്തകത്തിന്റെ സ്ഥിതി വിചാരിച്ചത്ര (സാധാരണ ഈ കാലഘട്ടത്തിലുള്ളത് കാലപ്പഴക്കം മൂലം തന്നെ പ്രശ്നം സൃഷ്ടിക്കും)  മോശമായിരുന്നില്ല. എങ്കിലും കാലപ്പഴക്കം മൂലം ആദ്യത്തെ ചില താളുകൾ ഭാഗികമായും, അവസാനത്തെ 1-2 താളുകൾ മൊത്തമായും, ഇടയിൽ അല്ലറ ചില്ലറ ചില പ്രശ്നങ്ങളും ഒഴിച്ചു നിർത്തിയാൽ പുസ്തകം ഏകദേശം 99% വും നമുക്ക് ലഭിച്ചു എന്നു പറയാം.

പുസ്തകത്തിന്റെ പഴക്കം മൂലവും അല്പം വലിയ പുസ്തകമായതിനാലും സ്കാനർ ഉപയോഗിക്കാൻ പറ്റുമായിരുന്നില്ല. ഫൊട്ടോ എടുക്കാനായി ക്യാമറ ഘടിപ്പിക്കാനായി കോപ്പി സ്റ്റാൻഡും ഇല്ലായിരുന്നു. അതിനാൽ അതീവ ദുഷ്കരമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തത്. വിവിധ സംവിധാനങ്ങൾ ഉപയോഗിച്ച് ക്യാമറ താഴേക്ക്  ഫേസ് ചെയ്യിച്ച് അതിനെ ഒരിടത്ത് സ്ഥിരമാക്കിയാണ്  ഈ പുസ്തകത്തിന്റെ ഓരോ പേജും ഫോട്ടോ എടുത്തത്. അതിനു പൂർണ്ണമായും എന്നെ സഹായിച്ചത് എന്റെ 5 വയസ്സുകാരൻ മകൻ സിറിൽ ആണ്. ഈ പുസ്തകം മൊത്തമായി എല്ലാ താളുകളും (466 താളുകൾ) ഫോട്ടോയെടുത്ത് തീരാൻ 2-3 ആഴ്ചയെടുത്തു. അതിന്റെ ഇടയ്ക്ക് വേറെ എന്തെങ്കിലും കാര്യത്തിനു സിറിലിനെ വഴക്കു പറഞ്ഞാൽ “ഞാൻ അപ്പയെ ബുക്ക് സ്കാൻ ചെയ്യാൻ സഹായിക്കില്ല” എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നത് ഓർക്കുന്നു 🙂

ഇനി പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്.

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

തലശ്ശേരിയിൽ ബാസൽ മിഷന്റെ കീഴിൽ ഗുണ്ടർട്ട് സ്ഥാപിച്ച കല്ലച്ചിൽ (ലിത്തോഗ്രഫി) നിന്ന് അച്ചടിച്ച മലയാള പുസ്തകമാണ് ഇത്.

നമുക്കു കിട്ടിയിരിക്കുന്ന കോപ്പി, കാലത്തെ അതിജീവിച്ച് ശേഷിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ അപൂർവ്വം പ്രതികളിൽ ഒന്നാണ്. ഈ പുസ്തകം ട്യൂബിങ്ങൻ ശേഖരത്തിലോ എന്റെ അറിവിലൂള്ള മറ്റു ആർക്കൈവ്‌സിലോ ഇല്ല. അതിനാൽ തന്നെ ഇത് ഡിജിറ്റൈസ് ചെയ്യാനായത് ഭാഗ്യമെന്ന് കരുതുന്നു.

പുസ്തകത്തിന്റെ അച്ചടി നടന്നത് 1860ൽ. ഇത്  ഗുണ്ടർട്ട് കേരളം വിട്ടതിന്റെ തൊട്ടടുത്ത് വർഷമാണ്. ഇതിന്റെ രചന ഗുണ്ടർട്ട് ആണോ? ആയികൂടായ്ക ഇല്ല. ഇതിനു മുൻപുള്ള സമാന രചനങ്ങൾ (ഉദാഹരണം: 1857ലെ  പവിത്രലേഖകൾ) ഗുണ്ടർട്ട് ആണ് എന്നത് കണക്കിലെടുക്കുമ്പോൾ ഈ പുസ്തകരചനയും ഗുണ്ടർട്ട് ആവാനാണ് സാദ്ധ്യത.

പുസ്തകത്തിന്റെ ശീർഷകത്താളിൽ കാണുന്ന പോലെ ഇത് ഒരു ക്രൈസ്തവ മതപ്രചരണ ഗ്രന്ഥമാണ്. പുസ്തകത്തിന്റെ ഉള്ളടക്കം വിവിധ ഖണ്ഡങ്ങളായും, പകുപ്പുകളായും, അദ്ധ്യായങ്ങളായും ഒക്കെ വിഭജിച്ചിരിക്കുന്നു. ബൈബിളിന്റെ ഉള്ളടക്കം ലൊക ചരിത്രമായും ഇസ്രായെലിന്റെ ചരിത്രമായും ഒക്കെ ബന്ധപ്പെടുത്തി താരതമ്യം ചെയ്യുന്ന പുസ്തകമാണിത്. പുസ്തകത്തിന്റെ വിഷയ വിശകലനം ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ.

ഞാൻ എനിക്കു താല്പര്യമുള്ള മലയാളലിപിയുമായി ബന്ധപ്പെട്ട് പുസ്തകത്തിലെ കാര്യങ്ങൾ പറയട്ടെ.

സംവൃതോകാരത്തിനായി ചന്ദ്രക്കല ഉപയോഗിച്ചിരിക്കുന്നു. ഇത് നമ്മൾ 1847 തൊട്ടെങ്കിലും ഉള്ള ബാസൽ മിഷൻ പുസ്തകങ്ങളിൽ കാണുന്നതാണല്ലോ. 1847ൽ നിന്ന് 1860 എത്തുമ്പോൾ കാണുന്ന വ്യത്യാസം 1860 ആയപ്പോഴേക്ക് ചന്ദ്രക്കലയുടെ സ്ഥാനം മിക്കവാറുമൊക്കെ ഇന്നത്തെ പൊലെ അക്ഷരത്തിന്റെ അറ്റത്തേക്ക് മാറി എന്നതാണ്. (1847നോടടുപ്പിച്ചുള്ള പല ബാസൽ മിഷൻ അച്ചടിയിലും നമ്മൾ ഇത് അക്ഷരത്തിന്റെ നടുക്കായാണല്ലോ കണ്ടത്).

ഇതിനു പുറമേ പല പേരുകളിലും കേവലവ്യഞ്ജനം സൂചിപ്പിക്കാനായും ചന്ദ്രക്കല ഉപയോഗിച്ചിരിക്കുന്നു. ഉദാഹരണം നെബുകദ്‌നെചർ (പേജ് 235). ഇതോടുകൂടി സംവൃതോകാരത്തിനായും കേവലവ്യഞ്ജനത്തിനായും ചന്ദ്രക്കല ഉപയൊഗിച്ചത് ബാസൽ മിഷൻ തന്നെ ആണെന്ന് കൂടുതൽ വ്യക്തമാവുകയാണ്.

മലയാള അക്കങ്ങൾ സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്നു.

മ്മ എന്ന കൂട്ടക്ഷരത്തിന്റെ സ്റ്റാക്ക് ചെയ്യുന്ന രൂപമാണ് ഈ പുസ്തകത്തിൽ ഉടനീളം കാണുന്നത്. ഇതിനു മുൻപുള്ള ചില പുസ്തകങ്ങളിലും മ്മയുടെ ഈ രൂപം കണ്ടതിനാൽ ജംഗമ അച്ചടിയിലൂടെ സംഭവിച്ച സ്റ്റാൻഡേർഡൈസേഷൻ മൂലമാണ് മ്മയുടെ ഈ പ്രത്യേക രൂപത്തിന്റെ ചരമത്തിനു ഇടയാക്കിയത് എന്ന് മിക്കവാറുമൊക്കെ പറയാം എന്നു തോന്നുന്നു.

ഈ കാരത്തിനു ഈ എന്ന രൂപം തന്നെ കാണുന്നു. എന്നാൽ തെക്കൻ കെരളത്തിലെ മിക്ക അച്ചടിയിലും 1930 കൾ വരെയെങ്കിലും ഈ കാരത്തിന്റെ മറ്റേ രൂപം തന്നെ ആയിരുന്നു എന്ന് നമ്മൾ പല പുസ്തകങ്ങളിലൂടെ കണ്ടതാണ്.

റ, യ തുടങ്ങിയവയുടെ ചിഹ്നം ഒക്കെ വലിച്ചു നീട്ടി പ്രത്യേക ശൈലിയിലാണ് എഴുതിയിരിക്കുന്നത്. കൈയ്യെഴുത്തിൽ ഈ ശൈലി നമ്മൾ ഇപ്പോഴും തുടരുന്നുണ്ടല്ലോ.

അക്ഷരത്തിന്റെ അവസാനം മുകളിലേക്ക് നീട്ടി കേവലവ്യഞ്ജനം/ചില്ലുണ്ടാക്കുന്ന രീതി വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു എന്ന് ങ്ക തുടങ്ങിയ ചില കൂട്ടരങ്ങളുടെ കേവലവ്യഞ്ജനം/ചില്ല് കാണുന്നതിൽ നിന്ന് വ്യക്തമാകുന്നു. കന്നഡ ലിപി എഴുത്തിന്റെ സ്വാധീനം കൂടെ ആവാം ഇത്.

പുസ്തകത്തിലെ വിഷയത്തിന്റെ വിശകലനം ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ. കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

പുസ്തകത്തിന്റെ പ്രാധാന്യം മൂലം പുസ്തകം ഗ്രേ സ്കെയിലിൽ/കളറിൽ കൂടെ ലഭ്യമാക്കിയിട്ടുണ്ട്. അതിനു സൈസ് വളരെ കൂടുതൽ (114 MB) ആണ്. അതിനാൽ അത്യാവശ്യക്കാർ മാത്രം അത് ഡൗൺലോഡ് ചെയ്താൽ മതിയാകും. ബാക്കിയുള്ളവർ ഓൺലൈനായി വായിക്കുകയോ ബ്ലാക്ക് ആന്റ് വൈറ്റ് കോപ്പീ ഉപയോഗിക്കുകയോ ചെയ്യുക.

 

 

ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരം ഡിജിറ്റൈസ് ചെയ്യുന്നു

പൊതുസഞ്ചയകൃതികളുടെ ഡിജിറ്റൽ പതിപ്പ് – വിദേശസർവ്വകലാശാലകളുടെ സഹായഹസ്തം

പഴയ മലയാളപുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ തേടിയുള്ള അന്വേഷണമാണ് പല വളരെ പഴയ മലയാളപുസ്തകങ്ങളുടെയും ഡിജിറ്റൽ സ്കാനുകൾ വിവിധ രാജ്യങ്ങളിലെ ഡിജിറ്റൽ ലൈബ്രറികളിൽ നിന്ന്  കണ്ടെടുത്ത് അത് വിക്കിമീഡിയ കോമൺസിലും, ആർക്കൈവ്.ഓർഗിലൂടെയും അപ്‌ലോഡ് ചെയ്ത്  അത് ബ്ലൊഗിലൂടെ (https://shijualex.in/) എല്ലാവരുമായും പങ്ക് വെച്ചത്. ഈ വിധത്തിൽ വിവിധ വിദേശ സർവ്വകലാശാലകളുടെ സഹായത്തോടെ 1840കൾക്ക് മുൻപ് അച്ചടിച്ച മിക്ക മലയാളപുസ്ത്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ നമ്മൾക്ക് കിട്ടി. 1840നു മുൻപ് അച്ചടിച്ചതിൽ 1811-ൽ അച്ചടിച്ച റമ്പാൻ ബൈബിൾ 1824-ൽ അച്ചടിച്ച ചെറുപൈതങ്ങൾ എന്നീ പുസ്തകങ്ങളുടെ സ്കാനുകൾ മാത്രമാണ് നമുക്ക് ഇനി കിട്ടാനുള്ളത്. വിദേശസർവ്വകലാശാലകളിൽ നിന്ന് ആ പുസ്തകങ്ങളുടേയും ഡിജിറ്റൽ സ്കാനുകൾ സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു.

ഇതുവരെ കിട്ടിയ സ്കാനുകളുടെ പ്രത്യേകത എന്താണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. ഈ സ്കാനുകളിൽ എല്ലാം (ഞങ്ങൾ കുറച്ച് പേർ വളരെ പരിശ്രമിച്ച് സ്കാൻ ചെയ്തെടുത്ത സംക്ഷേപവെദാർത്ഥം ഒഴിച്ച്) തന്നെ നമുക്ക് ഏതെങ്കിലും  വിദേശസർവ്വകലാശാലയിലെ ഡിജിറ്റൽ ലൈബറികളിൽ (പ്രത്യേകിച്ച് ജർമ്മനിയിലുള്ള ഡിജിറ്റൽ ലൈബറികളിൽ നിന്ന്) നിന്നാണ് ലഭിച്ചത്.

1840നു മുൻപ് അച്ചടിച്ച മിക്ക പുസ്തകങ്ങളും അതിന്റെ ഡിജിറ്റൽ സ്കാനുകളും കേരളത്തിൽ തന്നെ ഉണ്ടെങ്കിലും മലയാളപൊതുസഞ്ചയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നർക്ക് ഇതു കിട്ടാൻ വിദേശരാജ്യങ്ങളെ ആശ്രയിക്കണം എന്ന തിരിച്ചറിവിൽ നിന്നാണ് ഈ സാദ്ധ്യതകൾ കൂടുതൽ നന്നായി ഉപയോഗപ്പെടുത്താൻ തുനിഞ്ഞിറങ്ങിയത്. പഴയ മലയാള കൃതികളെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കെ.എം. ഗോവിയുടെ “ആദിമുദ്രണം കേരളത്തിലും മലയാളത്തിലും” എന്ന പുസ്തകവും ഡോ: സ്‌കറിയ സക്കറിയയുടെ വിവിധ പുസ്തകങ്ങളും സഹായകരമായി തീർന്നു.

ഗുണ്ടർട്ട് കൃതികളുടെ ശേഖരം ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ

ഗോവിയുടെ പുസ്തകത്തിൽ നിന്നും സ്കറിയ സ്ക്കറിയയുടെ പുസ്തകത്തിൽ നിന്നും ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ ഹെർമ്മൻ ഗുണ്ടർട്ടുമായി ബന്ധപ്പെട്ട പഴയ മലയാളപുസ്തകങ്ങളുടെ ചെറിയൊരു ശെഖരം ഉണ്ടെന്ന് മനസ്സിലാക്കാം. ഈ പത്ര വാർത്തയിലും
(http://www.hindu.com/mp/2005/02/03/stories/2005020301950100.htm) ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തെ കുറിച്ചുള്ള വാർത്ത കാണാം.

ഈ  സവിശേഷ ശേഖരത്തെ കുറിച്ച് മനസ്സിലാക്കിയപ്പോൾ ആദ്യം ചെയ്തത്  ട്യൂബിങ്ങൻ സർവ്വകലാശാലയുടെ നിലവിലുള്ള ഡിജിറ്റൽ ശേഖരത്തിൽ ഈ സംഗതികൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ടോ എന്ന് നോക്കുകയായിരുന്നു. എങ്കിലും നിരാശ ആയിരുന്നു ഫലം.

വിക്കിമീഡിയ ജർമ്മനിയുടെ സഹായഹസ്തം

തുടർന്ന് ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിൽ ഉള്ള ഗുണ്ടർട്ട് ശേഖരം സ്കാൻ ചെയ്ത് ഡിജിറ്റൽ കോപ്പികൾ ലഭ്യമാക്കാൻ സഹായിക്കാമോ എന്ന് അഭ്യർത്ഥിച്ച് വിക്കിമീഡിയ ജർമ്മനിയുമായി (Wikimedia Deutschland) ബന്ധപ്പെട്ടു. അർണ്ണൊസ് പാതിരി മുതൽ (അതിനു മുൻപും ആരെങ്കിലും ഒക്കെ ഉണ്ടാകാം) ജർമ്മൻകാർ ഏതെങ്കിലും ഒക്കെ വിധത്തിൽ മലയാളഭാഷയെ വിവിധ തരത്തിൽ  സഹായിക്കുന്നുണ്ട്. ആ സഹായഹസ്തം വിക്കിമീഡിയ ജർമ്മനിയുടെ രൂപത്തിൽ എക്സ്റ്റെറ്റ് ചെയ്യുന്നതാണ് തുടർന്ന് കണ്ടത്. എതൊക്കെ പുസ്തകം ആണ് സ്കാൻ ചെയ്ത് തരേണ്ടത് എന്ന ലിസ്റ്റ് തന്നാൽ സ്കാൻ ചെയ്ത് ഡിജിറ്റൽ കോപ്പികൾ ലഭ്യമാക്കാം എന്ന് വിക്കിമീഡിയ ജർമ്മനി അറിയിച്ചു. കെ.എം. ഗൊവിയുടെ ലിസ്റ്റും ഡോ: സ്കറിയ സ്ക്കറിയയുടെ ലിസ്റ്റും ആധാരമാക്കി എട്ടോളം പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് അവർക്ക് കൊടുത്തു. ആ ലിസ്റ്റ് വിക്കിമീഡിയ ജർമ്മനി, ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിക്ക് അയച്ചു കൊടുത്ത് പദ്ധതിയെ മുൻപോട്ട് നീക്കാൻ ശ്രമിച്ചു. പക്ഷെ എന്തൊകെയോ കാരണങ്ങളാൽ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ നിന്ന് വിക്കിമീഡിയ ജർമ്മനിക്ക് മറുപടി കിട്ടിയില്ല. ഒരു മറുപടിക്ക് വേണ്ടി ഞങ്ങൾ ദീർഘകാലം കാത്തു. പക്ഷെ കാര്യങ്ങൾ മുൻപോട്ട് പോയില്ല. ഈ സംഭവം 2013 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ആണ് നടക്കുന്നത്.

ട്യൂബിങ്ങൻ സർവ്വകലാശാല അധികൃതരുമായി നടത്തിയ ഇടപെടൽ

വിക്കിമീഡിയ ജർമ്മനി വഴി നടത്തിയ ശ്രമങ്ങൾ വിജയിക്കാഞ്ഞതിനെ ട്യൂബിങ്ങൻ സർവ്വകലാശാല അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് നടന്ന സംഭവങ്ങൾ സർവ്വകലാശാല ലൈബ്രറിയിലെ ഹെർമ്മൻ ഗുണ്ടർട്ട് ശേഖരത്തിന്റെ ഡിജിറ്റൽ സ്കാനുകൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കാൻ കഴിയുന്ന ഒരു ബൃഹദ്പദ്ധതിക്ക് തുടക്കം കുറിക്കുന്ന നിലയിലേക്ക് എത്തി.  അതായത്, ജർമ്മനിയിലെ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഉള്ള ഹെർമ്മൻ ഗുണ്ടർട്ട് ശേഖരം ഡിജിറ്റൈസ് ചെയ്യുന്ന Gundert legacy – a digitization  project of the University of Tuebingen എന്ന സവിശേഷ പദ്ധതിക്ക് ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാല തുടക്കമിടുന്നു. അതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ താഴെ.

ഹൈക്കെ മോസർ സഹായത്തിനെത്തുന്നു

വിക്കിമീഡിയ ജർമ്മനി വഴി കാര്യങ്ങൾ നടക്കാഞ്ഞപ്പോൾ മറ്റ് വഴികൾക്കായി തിരഞ്ഞു. ട്യൂബിങ്ങൻ സർവ്വകലാശാലയിൽ ഒരു ഇൻഡോളജി ഡിപ്പാർട്ട്മെന്റ് ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ പ്രസ്തുത ഡിപ്പാർട്ട്മെന്റിൽ ഉള്ള ഹൈക്കെ മോസർ എന്ന പ്രഫസർക്ക് ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിൽ ഉള്ള ഗുണ്ടർട്ട് ശേഖരം സ്കാൻ ചെയ്ത് തരാൻ സഹായിക്കുമോ എന്ന് ചോദിച്ച് ഒരു മെയിൽ അയച്ചു. (ഹൈക്കെ മോസർ ജർമ്മൻകാരി ആണെങ്കിലും കേരളവും മലയാളവുമായി ബന്ധപ്പെട്ട വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന ഒരു
വ്യക്തിയാണെന്ന് മനസ്സിലായത് പിനീടാണ്. ഉദാ: ഹൈക്കെ മോസറിനെ പറ്റിയുള്ള ഈ പത്ര വാർത്ത കാണുക   (http://www.hindu.com/thehindu/fr/2010/10/22/stories/2010102250550400.htm)

ഹൈക്കെ മോസർ

ഹൈക്കെ മോസറിനു എഴുതിയ കത്തിൽ, മലയാളത്തിന്റെ രാജ്യം കേരളമാണെങ്കിലും, കേരളത്തിനകത്തു നിന്ന് പൊതുസഞ്ചയത്തിലുള്ള മലയാളകൃതികളുടെ സ്കാനുകളുടെ ലഭിക്കാനുള്ള പ്രയാസം കൂടെ സൂചിപ്പിച്ചിരിക്കുന്നു. അതിന്റെ ഒപ്പം ഇതു വരെ നമുക്ക് ലഭിച്ച
പൊതുസഞ്ചയത്തിലുള്ള മലയാളകൃതികളുടെ സ്കാനുകൾ (https://shijualex.in/list-of-malayalam-public-domain-books/)  എല്ലാം തന്നെ ഏതെങ്കിലും വിദേശസർവ്വകലാശാലയുടെ ഡിജിറ്റൽ ലൈബ്രറിയിൽ നിന്ന് (പ്രത്യേകിച്ച് ജർമ്മനിയിലുള്ള ഏതെങ്കിലും ഡിജിറ്റൽ ലൈബ്രറികളിൽ നിന്ന്) ലഭിച്ചതാണെന്ന് സൂചിപ്പിച്ചു. അതിനാൽ കേരളത്തിനകത്തു നിന്ന് ഇക്കാര്യത്തിൽ പിന്തുണ വളരെ കുറവായതിനാൽ പൊതുസഞ്ചയത്തിലുള്ള മലയാളകൃതികളുടെ സ്കാനുകളുടെ കാര്യത്തിൽ ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി മലയാള പൊതുസഞ്ചയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഞങ്ങളെ സഹായിക്കണം എന്നും അഭ്യർത്ഥിച്ചു.

എന്റെ കത്ത് കിട്ടിയപ്പോൾ തന്നെ ഹൈക്കെ മോസർ വളരെ സന്തൊഷത്തോടെ ഈ കാര്യം  ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയനുമായും മറ്റും സംസാരിക്കാം എന്ന് സമ്മതിച്ചു. ഹൈക്കെ മോസറിനു മലയാളവുമായും കേരളവുമായുള്ള ബന്ധം മൂലമാണ് അവർ ഇതിനു ഇത്രയും താല്പര്യമെടുത്തതെന്ന് തോന്നുന്നു.

Gabriele Zellerന്റെ സഹായങ്ങൾ

ഹൈക്കെ പിന്നീട് ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയിലെ റിസർച്ച് ഡയറക്ടറായ  Gabriele Zeller മായി ബന്ധപ്പെടുകയും ഇക്കാര്യം സംസാരിക്കുകയും ചെയ്തു.

Gabriele Zeller

നമ്മുടെ അഭ്യർത്ഥന പരിശോധിച്ച Gabriele zeller ക്ക് ട്യൂബിങ്ങൻ സർവ്വകലാശാലയിൽ ഉള്ള ഗുണ്ടർട്ട് ശേഖരത്തിന്റെ പ്രാധാന്യം മനസ്സിലാവുകയും, ലൈബ്രറിയുടെ ഡയറക്ടറുമായും മറ്റും ബന്ധപ്പെടുകയും  ഈ ശേഖരം യൂണിവേഴ്സിറ്റി തന്നെ സ്കാൻ ചെയ്യാനായി ഒരു പ്രത്യേക പ്രൊജക്ട് ഉണ്ടാക്കുവാൻ തീരുമാനിക്കുകയും ചെയ്തു. എന്റെ ആദ്യ ഉദ്ദേശം പുസ്തകം സ്കാൻ ചെയ്യാനുള്ള അനുമതി നേടിയെടുത്തിട്ട് വിക്കിമീഡിയ ജർമ്മനിയുടെ സാമ്പത്തിക സഹായം ഉപയോഗിച്ച് ഇത് സ്കാൻ ചെയ്യുക എന്നതായിരുന്നു. ഗുണ്ടർട്ട് ശേഖരം ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറി തന്നെ സ്കാൻ ചെയ്യാൻ തീരുമാനിച്ചതൊടെ സത്യത്തിൽ മലയാള പൊതുസഞ്ചയത്തെ സംബന്ധിച്ചിടത്തോളം ലോട്ടറി അടിച്ച പോലായെന്ന് പറയണം. കാരണം അല്ലെങ്കിൽ ഇതിന്റെ ഫണ്ടിങ്ങ് വലിയ പ്രശ്നം ആയേനേ. വിക്കിമീഡിയ ജർമ്മനി സഹായിക്കാം എന്നു പറഞ്ഞിരുന്നു എങ്കിലും പിന്നീട് ഗുണ്ടർട്ട് ശെഖരത്തിന്റെ വ്യാപ്തി മനസ്സിലായപ്പോൾ അവർ ഇതു മൊത്തം സ്കാൻ ചെയ്യാനുള്ള ഫണ്ട് തരുമായിരുന്നോ എന്ന് എനിക്ക് സംശയം ഉണ്ട്.

കാറ്റലൊഗ് പരിശോധന -സ്കാൻ ചെയ്യാനുള്ള പുസ്തകങ്ങൾ തീരുമാനിക്കൽ

ഇങ്ങനെ ഒരു പദ്ധതി തുടങ്ങാൻ തീരുമാനിച്ച ശേഷം Gabriele Zeller ഉം ഹൈക്കെ മോസറും കൂടെ ആദ്യം ചെയ്തത് അവിടെ ഉള്ള ഗുണ്ടർട്ട് ശേഖരത്തിലുള്ള പുസ്തകങ്ങലുടെ മൊത്തം ഒരു ലിസ്റ്റ് ഉണ്ടാക്കി അയക്കുകയായിരുന്നു. അതിൽ മലയാളം, തുളു, തമിഴ്, കന്നഡ, സംസ്കൃതം ഭാഷകളിൽ ഒക്കെ ഉള്ള പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഭൂരിപക്ഷവും മലയാള പുസ്തകങ്ങൾ തന്നെ. എന്തായാലും തൽക്കാലം നമ്മുടെ ലക്ഷ്യം മലയാളപുസ്തകങ്ങൾ ആയതിനാൽ മലയാള പുസ്തകങ്ങളെ നമുക്കായി പ്രയോരറ്റൈസ് ചെയ്തു. അതിൽ നിന്ന് പല ക്രൈറ്റീരിയകൾ ഉപയോഗിച്ച് ഒരു പ്രയോരിറ്റി ലിസ്റ്റ് ഉണ്ടാക്കി കൊടുത്തു (ഗുണ്ടർട്ട് കളക്ഷനിലെ ചില പുസ്തകങ്ങൾ മറ്റ് ഇടങ്ങളിൽ നിന്ന് നമ്മൾ തപ്പി പിടിച്ചതിനാൽ അങ്ങനെയുള്ളവ ഒക്കെ ലോ പ്രയോറിറ്റി ആക്കി). ഇങ്ങനെ ഒരു ലിസ്റ്റ് നിർമ്മിക്കാൻ മലയാളം വിക്കിപീഡിയരായ സുനിൽ, കെവിൻ, സിബു എന്നിവർ സഹായിച്ചു. അവർക്ക് പ്രത്യെക നന്ദി.

Gundert legacy – a digitization  project of the University of Tuebingen എന്ന പേരിൽ പദ്ധതി താമസിയാതെ തുടങ്ങുന്നു

നമ്മൾ അയച്ചു കൊടുത്ത ലിസ്റ്റും ലൈബ്രറിയുടെ വിവിധ മുൻഗണനകളും ഒക്കെ ചേർത്ത് ഒരു അവസാന ലിസ്റ്റ് ഉണ്ടാക്കി ഗുണ്ടർട്ട് ശേഖരം സ്കാൻ ചെയ്യാനുള്ള ഒരു പ്രൊപ്പൊസൽ German Research Foundation സമർപ്പിക്കാൻ ഒരുങ്ങുകയാണ് നിലവിൽ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറിയുടെ അധികൃതർ. ഇത് അടുത്ത് 2 മാസത്തിനുള്ളിൽ നടക്കും. പദ്ധതിയുടെ ഔദ്യോഗിക പേര് Gundert legacy – a digitization  project of the University of Tuebingen എന്നാണ് ഹൈക്കെ മോസർ സൂചിപ്പിച്ചത്. പദ്ധതിക്ക് അനുമതി ലഭിച്ച് സ്കാനിങ്ങ് തുടങ്ങി തുടങ്ങി ഏതാണ്ട് 2016 ജൂൺ-ജൂലൈ മാസത്തോടെ പദ്ധതി തീർക്കാം എന്നാണ് നിലവിൽ കരുതുന്നത്. (ചിലപ്പോൾ അതിൽ കൂടുതൽ സമയം എടുത്തേക്കാം)

സെപ്റ്റംബർ 12ലെ പരിപാടി

ഈ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ച ഞങ്ങൾ മെയിലിൽ ചെയ്യുമ്പോൾ ഹൈക്കെ മൊസർ സാന്ദർഭികമായി അവർ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ കൂടിയാട്ട ഗവേഷണവുമായി ബന്ധപ്പെട്ട ചില പരിപാടികൾക്ക് കേരളത്തിൽ വരുന്നു എന്ന് സൂചിപ്പിച്ചു. അപ്പോഴാണ് അവരെ ഉൾപ്പെടുത്തി ഗുണ്ടർട്ട് ശെഖരവുമായി ബന്ധപ്പെട്ട ചെറിയൊരു പരിപാടി കേരളത്തിൽ നടത്താം എന്ന ആശയം മുൻപോട്ട് വെച്ചത്. ഈ പരിപാടിയുടെ ഭാഗമായി ഗുണ്ടർട്ട് ശേഖരത്തിൽ നിന്ന് ഒന്നോ രണ്ടോ പുസ്തകങ്ങളുടെ സ്കാനുകൾ തന്ന് അത് സെപ്റ്റംബർ 12 തീയതി നടക്കുന്ന പരിപാടിയിൽ പൊതുജനത്തെ ഗുണ്ടർട്ട് ശേഖരത്തിന്റെ കുറച്ച് ഉദാഹരണങ്ങൾ പൊതുജനത്തെ കാണിക്കനുള്ള സൗകര്യം കൂടെ തരണം എന്ന് അഭ്യർത്ഥിച്ചു. ഇതിനൊക്കെ അവർ സമ്മതിച്ചു.

Pages from CiXIV39-orayiram
സെപ്റ്റംബർ 12നു ഹൈക്കെ മൊസർ കൈമാറുന്ന കൃതികളിൽ ഒന്നായ “ഒരആയിരം പഴഞ്ചൊൽ” എന്ന കൃതിയുടെ മുഖപത്രം

അങ്ങനെ ആണ് സെപ്റ്റംബർ 12നു ഉച്ച കഴിഞ്ഞ് വളരെ ചെറിയൊരു പരിപാടി കൊച്ചിയിൽ നടത്താം എന്ന് ധാരണയായത്. പരിപാടിയുടെ വിശദവിവരങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നവർ താമസിയാതെ പങ്ക് വെക്കും എന്ന് കരുതുന്നു. (പരിപാടിയിൽ പങ്കെടുത്ത ഒരു റിപ്പോർട്ടർ എഴുതിയ കുറിപ്പ് ഇവിടെ കാണാം. മാതൃഭൂമിയിൽ ഈ പദ്ധതിയെ കുറിച്ചും സെപ്റ്റംബർ 12ലെ പരിപാടിയെ കുറിച്ചും വന്ന വാർത്ത ഇവിടെ കാണാം. പരിപാടിയുടെ ചിത്രങ്ങൾ ഇവിടെ കാണാം.)

സെപ്റ്റംബർ 12ലെ പരിപാടിയിൽ 2 പുസ്തകങ്ങളുടെ സ്കാനുകൾ ആണ് അവർ നമുക്ക് കൈമാറുന്നത്. താഴെ പറയുന്ന 2 പുസ്തകങ്ങൾ ആണവ:

 • പഴഞ്ചൊൽ മാല – ഇത് 1845-ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ചതാണ്.
 • ഒരആയിരം പഴഞ്ചൊൽ – 1850-ൽ തലശ്ശേരി ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ചതാണ്.

രണ്ട് പുസ്തകങ്ങളും ലിത്തൊഗ്രഫിക്ക് രീതിയിൽ പ്രിന്റ് ചെയ്തതാണ്. താമസിയാതെ ഈ പുസ്തകങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇടാം.

ഗുണ്ടർട്ട് ശേഖരത്തിലുള്ള കൃതികളുടെ വിവരം

അവർ അയച്ചു തന്ന കാറ്റലൊഗ് അനുസരിച്ച് ഏതാണ്ട് 130 ഓളം മലയാളം അച്ചടി പുസ്തകങ്ങളും, 80നടുത്ത് കൈയ്യെഴുത്ത് പ്രതികളും, വളരെ കുറച്ച് താളിയോലകളും മറ്റും ആണ് ഗുണ്ടർട്ട് ശേഖരത്തിന്റെ മലയാളം വിഭാഗത്തിൽ ഉള്ളത്.

ഒറ്റ നോട്ടത്തിൽ ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള കൃതികളെ നാലായി തരം തിരിക്കാം

 • തലശ്ശേരി/മംഗലാപുരം ബാസൽ മിഷൻ പ്രസ്സുകളിൽ അച്ചടിച്ച കൃതികൾ (ഈ കൃതികൾ ഒക്കെ അക്കാലത്ത് കേരളത്തിൽ വിറ്റഴിഞ്ഞവ ആണ്. അതിന്റെ ഒരു കോപ്പി മാത്രമാണ് ഗുണ്ടർട്ട് ശെഖരത്തിൽ. ബാക്കി കേരളത്തിൽ വിറ്റഴിഞ്ഞവ എവിടെ?)
 • കോട്ടയം സി.എം.എസ് പ്രസ്സിലും മറ്റ് ഇടങ്ങളിലും അച്ചടിച്ച ചില പഴയ മലയാളകൃതികൾ (ഈ കൃതികൾ ഒക്കെ അക്കാലത്ത് കേരളത്തിൽ വിറ്റഴിഞ്ഞവ ആണ്. അതിന്റെ ഗുണ്ടർട്ട് ശേഖരിച്ച ഒരു കോപ്പി മാത്രമാണ് ഗുണ്ടർട്ട് ശെഖരത്തിൽ. ബാക്കി കേരളത്തിൽ വിറ്റഴിഞ്ഞവ എവിടെ?)
 • ഹെമ്മൻ ഗൂണ്ടർട്ട് തന്റെ നിഘണ്ടുവിനും മറ്റ് കൃതികൾക്കുമായി തയ്യാറാക്കിയ കൈയ്യെഴുത്ത് പ്രതികൾ. ഒപ്പം വേറെ ചില കൈയ്യെഴുത്ത് പ്രതികളും.
 • ഹെമ്മൻ ഗൂണ്ടർട്ട് കേരളത്തിൽ പലയിടത്തുനിന്നായി ശേഖരിച്ച കുറച്ച് താളിയോല ശേഖരങ്ങൾ

ഈ ഗുണ്ടർട്ട് ശേഖരത്തിലെ പ്രധാനപ്പെട്ട പല കൃതികളും (ഉദാ: തലശ്ശേരി രേഖകൾ, പയ്യന്നൂർ പാട്ട്…) ഡോ: സ്കറിയ സക്കറിയയുടെ നേതൃത്വത്തിൽ 1980-1990കളിൽ പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഒറിജിനൽ കൃതികളുടെ ഡിജിറ്റൽ സ്കാനുകൾ ഒന്നും ഇതു വരെ പൊതുജനത്തിനു ലഭ്യമായിരുന്നില്ല. ആ കുറവാണ് ഇപ്പോൾ Gundert legacy – a digitization  project of the University of Tuebingen എന്ന സവിശേഷ പദ്ധതിയിലൂടെ പരിഹരിക്കാൻ ട്യൂബിങ്ങൻ സർവ്വകലാശാല ശ്രമിക്കുന്നത്.

നമുക്ക് കിട്ടാൻ പോകുന്ന ഗുണ്ടർട്ട് ശേഖരത്തിൽ അപൂർവ്വമായ ചില പുസ്തകങ്ങൾ ഉണ്ട്. പക്ഷെ ഈ ശേഖരത്തിൽ ഉള്ള മിക്കപുസ്തകങ്ങളും കേരളത്തിൽ ഒരിക്കൽ വിറ്റഴിഞ്ഞവ തന്നെയാണ്. പല പുസ്തകങ്ങളും കേരളത്തിൽ ഉണ്ട് താനും. എന്നാൽ നമ്മുടെ ലെഗസി പിൻതലമുറയ്ക്ക് വേണ്ടി കരുതി വെക്കുന്ന ശീലം നമുക്ക് ഇല്ലാത്തതിനാൽ നമ്മുടെ പല വിലപ്പെട്ട രേഖകളും ഇതിനകം നശിച്ചിരിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് പോയവ മാത്രം രക്ഷപ്പെട്ടിരിക്കുന്നു എന്ന് പറയാം. കേരളത്തിൽ ഉള്ളവ സ്കാൻ ചെയ്തു വെച്ചിരിക്കുന്നത് സർക്കാർ പൊതുജനങ്ങൾക്ക് കൊടുക്കുകയും ഇല്ല.

ഗുണ്ടർട്ട് അന്ന് ഈ പുസ്തകങ്ങൾ അങ്ങോട്ടു കൊണ്ടു പോവുകയും അത് സൂക്ഷിക്കുവാനുള്ള പരിപാടികൾ ചെയ്യുകയും ചെയ്തതിനാൽ ഇന്ന് മലയാളികൾക്ക് ഇതൊക്കെ വിവിധ രൂപത്തിൽ കാണാൻ കിട്ടുന്നു. അദ്ദേഹം തന്റെ സ്വകാര്യ ശേഖരം കേരളത്തിൽ ഉപേക്ഷിച്ചു പോയിരുന്നെങ്കിൽ എന്തായാനേ സ്ഥിതി എന്ന് ആലോചിച്ചിട്ടുണ്ടോ?

ഉപസംഹാരം

Gundert legacy – a digitization  project of the University of Tuebingen എന്ന സവിശേഷ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ പല കാര്യങ്ങൾക്കും പലരേയും നമ്മൾ നന്ദിയോടെ  ഓർക്കണം

 • കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടി നടന്ന് പറ്റുന്ന മലയാള പുസ്തകങ്ങൾ ഒക്കെ ശേഖരിച്ച് ഈ വിധത്തിൽ മലയാളത്തിന്റെ മികച്ച ഒരു ശേഖരം ഉണ്ടാക്കിയ ഹെർമ്മൻ ഗുണ്ടർട്ട്
 • തന്റെ ഈ സ്വകാര്യ ശേഖരം 1859ൽ തിരിച്ചു ജർമ്മനിക്കു പോകുമ്പോൾ തന്നൊടൊപ്പം കൊണ്ടു പൊകാൻ ഹെർമ്മൻ ഗുണ്ടർട്ടിനു തോന്നിയ നല്ല മനസ്സിന്
 • ഈ സ്വകാര്യ ശെഖരം ട്യൂബിങ്ങൻ സർവ്വകലാശാലയ്ക്ക് ദാനം ചെയ്യാൻ നല്ല മനസ്സുകാണിച്ച ഗുണ്ടർട്ടിനും അദ്ദേഹത്തിന്റെ പിൻമുറക്കാരായ കുടുംബാഗങ്ങൾക്കും
 • എതാണ്ട് 100 വർഷത്തോളം ഈ ശേഖരത്തിനു ഒരു കേടും വരാതെ സൂചിക്ഷിച്ച  ട്യൂബിങ്ങൻ സർവ്വകലാശാലയ്ക്ക്
 • ഈ സവിശേഷ ശേഖരം കണ്ടെത്തിയ ഡോ: സ്‌കറിയ സക്കറിയക്കും, ഡോ. ഫ്രൻസിനും
 • ഗുണ്ടർട്ട് ശേഖരം സ്കാൻ ചെയ്യാൻ സഹായിക്കാം എന്ന് വളരെ സന്തോഷത്തൊടെ ഏറ്റ വിക്കിമീഡിയ ജർമ്മനിക്ക്
 • ശേഖരം സ്കാൻ ചെയ്യാനുള്ള ചർച്ചകൾക്ക് നേതൃത്വം കൊടുത്ത ഹൈക്കെ മോസർക്ക്
 • ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്ന  Gabriele Zellerക്കും ട്യൂബിങ്ങൻ സർവ്വകലാശാലയിലെ മറ്റ് വിശിഷ്ഠ വ്യക്തികൾക്കും
 • പ്രൊജക്ടിനു വേണ്ട ഫണ്ടിങ്ങ് കൊടുക്കുന്ന German Research Foundation

തുടങ്ങി നിരവധി പേരുടെ വർഷങ്ങളായുള്ള പ്രയത്നത്തിന്റെ അനന്തരഫലമായാണ് ഈ വിശിഷ്ട ശേഖരത്തിന്റെ ഡിജിറ്റൽ സ്കാനുകൾ മലയാളികൾക്ക് ലഭിക്കാൻ പോകുന്നത്.  എല്ലാവർക്കും പ്രണാമം.

ഈ സവിശേഷ പദ്ധതിയിലൂടെ  മലയാളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ സഹായിക്കുന്ന ട്യൂബിങ്ങൻ യൂണിവെഴ്സിറ്റി അധികൃതർക്ക് പ്രത്യേക നന്ദി.

1867 – മലയാളവ്യാകരണ ചോദ്യോത്തരം – ഹെർമ്മൻ ഗുണ്ടർട്ട് – ലിസ്റ്റൻ ഗാർത്തുവെയിറ്റ്

മലയാളവ്യാകരണ ചോദ്യോത്തരം – Catechism of Malayalam Grammar

ഏതെങ്കിലും ഒരു പ്രത്യേക തത്ത്വം അഭ്യസിപ്പിക്കാൻ വേണ്ടിയുള്ള ചോദ്യോത്തരരൂപത്തിലുള്ള പാഠങ്ങൾ എന്നാണ് കാറ്റിസം എന്ന വാക്കിന്റെ അർത്ഥം എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ.

മതപ്രചരണത്തിനായി മിഷണറിമാരാണ് ഇത് ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ മത പ്രചരണത്തിനു മാത്രമല്ല മറ്റ് സംഗതികൾ പഠിപ്പിക്കാനും ചോദ്യോത്തരരൂപത്തിലുള്ള പാഠങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അത്തരം ഒരു കാറ്റിസം പുസ്തകത്തിന്റെ സ്കാൻ ആണ് ഇന്ന്
പരിചയപ്പെടുത്തുന്നത്. ഈ കാറ്റിസം പുസ്തകം മലയാളവ്യാകരണം പഠിപ്പിക്കാൻ വേണ്ടി ഹെർമ്മൻ ഗുണ്ടർട്ട് രചിച്ചതാണ്. പുസ്തകത്തിന്റെ പേര് മലയാളവ്യാകരണ ചോദ്യോത്തരം അല്ലെങ്കിൽ Catechism of Malayalam Grammar.

പുസ്തകത്തെ കുറിച്ച് കുറച്ച് കാര്യങ്ങൾ:

 • നമുക്ക് കിട്ടിയിരിക്കുന്ന പുസ്തകം 1867-ൽ പ്രസിദ്ധീകരിച്ചതാണ്.
 • ഈ പുസ്തകം ഇതിനു മുൻപ് പ്രസിദ്ധീകരിച്ച (എന്നാണെന്ന് കണ്ടെത്തണം) ഗുണ്ടർട്ടിന്റെ Catechism of Malayalam Grammar എന്ന പേരിൽ തന്നെ ഉള്ള മൂല കൃതി അടുക്കിപെറുക്കി മൂലകൃതിയിലെ ന്യൂനതകൾ വായനക്കാരുടെ ആവശ്യമനുസരിച്ച് പരിഹരിച്ച്  പുനഃപ്രസിദ്ധീകരിച്ച കൃതിയാണ്. ഈ പുനഃപ്രസിദ്ധീകരണത്തെ കുറിച്ചുള്ള ആമുഖ പ്രസ്ഥാവന 9,10,11 താളുകളിൽ വായിക്കാം.
 • ഈ പുനഃപ്രസിദ്ധീകരണവും പുസ്തകം ഉടച്ചു വാർത്തതും L.  Garthwaite എന്ന ഒരാൾ ആണ്.  Liston Garthwaite എന്നാണ് ഇദ്ദേഹത്തിന്റെ പൂർണ്ണനാമം എന്ന് കാണുന്നു. (ബാസൽ മിഷനും ഗുണ്ടർട്ടുമായി ചേർന്ന് പ്രവർത്തിച്ച് മലയാളവുമായി ബന്ധപ്പെട്ട കുറച്ചധികം സംഗതികൾ ഇദ്ദേഹം ചെയ്തിട്ടുണ്ട് എന്ന് കാണുന്നു. Liston Garthwaite-നെ കുറിച്ചും  അദ്ദേത്തിന്റെ സംഭാവനകളെ കുറിച്ചും  കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു. )
 •  പുസ്തകം മംഗലാപുരത്തെ ബാസൽ മിഷൻ പ്രസ്സിൽ നിന്നാണ് അച്ചടിച്ചിരിക്കുന്നത് എങ്കിലും, ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് “Published by Order of the Director of Public Instruction, Cannanore Government Book Depot” വേണ്ടിയാണ് എന്നാണ് കാണുന്നത്. ചുരുക്കത്തിൽ സർക്കാർ നിർദ്ദേശപ്രകാരം പ്രസിദ്ധീകരിച്ച പുസ്തകം ആണിത്.
 •  1867-ൽ അച്ഛടിച്ച ഈ പുസ്തകത്തിൽ ചന്ദ്രക്കല രംഗപ്രവേശം ചെയ്തിട്ടില്ല. എന്നാൽ 1868-ൽ അച്ചടിച്ച കേരളോല്പത്തിയിൽ (https://archive.org/details/1868_Keralolpathi_Hermann_Gundert) മീത്തൽ വന്നത് നമ്മൾ ഇതിനു മുൻപ് കണ്ടതാണ്. (അപ്‌ഡേറ്റ്: സിബു സി.ജെ. ഈ പുസ്തകം കുറച്ച് കൂടെ വിശദമായി പരിശോധിച്ചിച്ചപ്പോൾ ഈ പുസ്തകത്തിൽ മീത്തൽ ആദ്യം ഇംഗ്ലീഷ് ട്രാൻസ്ലിറ്ററേഷനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട് എന്ന് കണ്ടെത്തി. 292-ആം താൾ കാണുക.  http://en.wikipedia.org/wiki/File:IPA_chart_2005.png കാണിക്കുന്ന പോലെ സ്വരത്തെ ചെറുതാക്കാനുള്ള ചിഹ്നമാണത് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. പിന്നീട് 306,307മത്തെ താളുകളിൽ ചില മലയാള വാക്കുകൾക്ക് തന്നെ മീത്തലിന്റെ ഉപയോഗം കാണാം. പക്ഷെ മലയാളവ്യാകരണം പഠിപ്പിക്കുന്ന പുസ്തകം ആയിട്ടു കൂടി മീത്തലിന്റെ വിശദീകരണം പുസ്തകത്തിൽ കണ്ടില്ല താനും.  അപ്പോൾ ആദ്യം ട്രാൻസ്ലിറ്ററെഷനിൽ ഉപയോഗിക്കുകയും പിന്നീട് ഉച്ചാരണം സൂചിപ്പിക്കാൻ നല്ല ഒരു ഉപാധി ഇതാണെന്ന് കണ്ട് മലയാളഅച്ചടിയിൽ അത് ചേർക്കുകയും ആയിരുന്നോ?  1867-1868 വർഷങ്ങളിൽ അച്ചടിച്ച മലയാളപുസ്തകങ്ങൾ കൂടുതൽ വിശകലനം ചെയ്താൽ ഈ വമ്പൻ ലിപി പരിഷ്ക്കരണത്തിന്റെ ചുരുളുകൾ അഴിയും എന്ന് എനിക്ക് തോന്നുന്നു)
 • ചോദ്യോത്തരങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും കൊടുത്തിട്ടുണ്ട്. അതിനാൽ ഇത് ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥരെ കൂടെ ഉദ്ദേശിച്ചാണെന്ന് അനുമാനിക്കാം.
 • ഈ യുടെ രണ്ട് വിധത്തിലുള്ള (ഈ/) ഉപയോഗവും പുസ്തകത്തിൽ കാണാം (ഉദാ: 7 ആം താളിൽ (പിഡിഎഫിലെ 13ആം താൾ) രണ്ടും കാണാം) പക്ഷെ അക്ഷരമാലയിൽ  ആണ് ഉപയോഗിച്ചിരിക്കുന്നത്. (അപ്ഡേറ്റ്: ഈ എന്ന രൂപം ആദ്യമായി അച്ചടിച്ചത് (ബ്ലോക്കച്ചടി) ഈ പുസ്തകം ആണോ എന്ന് ഇപ്പോൾ സംശയിക്കുന്നു)
 • ഏ, ഓ എന്നിവ അക്ഷരമാലയുടെ ഭാഗ്മായിരിക്കുന്നു. ൠ, ൡ എന്നീ ദീർഘങ്ങൾ സംസ്കൃതം എഴുതാൻ മാത്രമേ ഉപയോഗിക്കൂ എന്ന് പറയുന്നുണ്ട്.
 • വ്യജ്ഞനാക്ഷങ്ങളെ തമിഴാക്ഷരങ്ങൾ, സംസ്കൃതാക്ഷരങ്ങൾ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.

മലയാളവ്യാകരണം ഈ വിധത്തിൽ ചോദ്യോത്തരങ്ങളിലൂടെ എന്റെ കുട്ടിക്കാലത്ത് സ്കൂളിൽ പഠിപ്പിച്ചിരുന്നെങ്കിൽ എനിക്ക് കൂടുതൽ കാര്യങ്ങൾ അന്ന് മനസ്സിലാകുമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. പഠിതാവിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ച് എഴുതിയിരിക്കുന്ന ഒരു പുസ്തകം പോലെ ആണ് എനിക്ക് ഈ പുസ്തകത്തെ കുറിച്ച് എനിക്ക് തോന്നിയത്.

ഈ പുസ്തകത്തെ കുറിച്ചുള്ള കൂടുതൽ വിലയിരുത്തലുകൾക്കായി നിങ്ങൾക്ക് വിട്ടു തരുന്നു.

പുസ്തകത്തിന്റെ സ്കാൻ ഇവിടെ നിന്ന് ലഭിക്കും- https://archive.org/details/1867_Catechism_Of_Malayalam_Grammar