1800നു മുൻപ് മലയാള ലിപി അച്ചടിച്ച പുസ്തകങ്ങൾ

ഇന്നു നമുക്ക് ലഭ്യമായ വിവരം അനുസരിച്ച് 1800നു മുൻപ് പൂർണ്ണമായും മലയാളഭാഷയിൽ ഇറങ്ങിയ ഒരേ ഒരു ഗ്രന്ഥം സംക്ഷേപവേദാർത്ഥം മാത്രമാണ്.

എന്നാൽ മലയാളഭാഷയെ കുറിച്ചോ, മലയാളലിപിയെ കുറിച്ചുള്ളതോ, അതുമല്ലെങ്കിൽ മലയാളലിപി അച്ചടിച്ചതോ ആയ വേറെയും കുറച്ച് പുസ്തകങ്ങൾ കൂടി 1800 നു മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങൾ മിക്കതിനേയും കഴിഞ്ഞ ദിവസം വിവിധ ബ്ലോഗ് പൊസ്റ്റുകളിലൂടെ പരിചയപ്പെട്ടു. ഈ പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒക്കെയും കെ.എം. ഗോവിയുടെ ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന പുസ്തത്തിലെ രേഖകൾ അനുസരിച്ച് തിരഞ്ഞ് കണ്ടെത്തിയതാണ്.

താഴെ പറയുന്നവയാണ് ഈ വിധത്തിൽ  കെ.എം. ഗോവിയുടെ ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന പുസ്തകത്തിൽ പരാമർശിക്കുന്നത്.

എന്നാൽ ഇതിനു പുറമേ, കെ.എം. ഗോവിയുടെ പുസ്തകത്തിൽ പരാമർശിക്കാത്തതും എന്നാൽ മലയാളലിപി ഉപയോഗിച്ചിരിക്കുന്നതും ആയ 2 പുസ്തകങ്ങൾ കൂടി എന്റെ തിരച്ചിൽ ഗവേഷണത്തിൽ കണ്ടു.  താഴെ പറയുന്നവ ആണ്

Alphabeta Indica – 1791 – Latin

ചില ഭാരതീയലിപികളെ പരിചയപ്പെടുത്തുന്ന ഒരു ലത്തീൻ ഗ്രന്ഥമാണ് 1791-ൽ പ്രസിദ്ധീകരിച്ച ഈ കൃതി എന്നാണ് എനിക്ക് മനസ്സിലായത്. മലയാളം, ദേവനാഗരി, തെലുങ്ക് എന്നീ ലിപികളെ കുറിച്ചുള്ള പരാമർശം ഇതിൽ കാണാം. (ഭാരതീയലിപികളെ പരിചയപ്പെടുത്തുന്നതാണേൽ ചുരുങ്ങിയ പക്ഷം കന്നഡ, തമിഴ് ലിപികളെ എന്തിനു ഒഴിവാക്കി എന്ന് മനസ്സിലായില്ല താനും )

Alphabeta_Indica-1791

ലിപികളെ കുറിച്ചുള്ള വിവരണത്തിനു പുറമെ മലയാളത്തിലുള്ള പഴഞ്ചൊല്ലുകളും വാക്യങ്ങളും മറ്റും ഈ പുസ്തകത്തിൽ കാണാം. വെറും അമ്പതോളം താളുകൾ മാത്രമുള്ള ഒരു ചെറു കൃതി ആണിത്.  പുസ്തകത്തിന്റെ ഉള്ളടക്കം ശരിയായി അറിയാത്തതിനാൽ ഇതിനെ കുറിച്ച് കൂടുതൽ ഊഹിക്കാൻ ഞാൻ മുതിരുന്നില്ല. എന്തായാലും പുസ്തകത്തിന്റെ സ്കാൻ ഇപ്പോൾ ലഭ്യമായതിനാൽ അത് നിങ്ങൾ തന്നെ വിശകലനം ചെയ്യാൻ താല്പര്യപ്പെടുന്നു. ഈ പുസ്ത്കത്തിന്റെ സ്കാൻ ഇവിടെ കിട്ടും. https://archive.org/details/1791_AlphabetaIndica_Paulinus

Systema Brahmanicum liturgicum mythologi -1797

ഇത് ഹൈന്ദവ ഇതിഹാസങ്ങളേയും മിത്തുകളേയും മറ്റും പരിചയപ്പെടുത്തുന്ന ഒരു ലത്തീൻ കൃതിയാണ്.

Systema Brahmanicum liturgicum mythologi

ഹൈന്ദവസംബന്ധിയായ കൃതിയായതിനാൽ സംസ്കൃതവാക്കുകളും മറ്റും ഈ പുസ്ത്കത്തിൽ ഉടനീളം ഉണ്ട്. സംസ്കൃതവാക്കുകളും വാക്യങ്ങളും ശ്ലോകങ്ങളും ഒക്കെ എഴുതാൻ മലയാളലിപി ആണ് ഉപയൊഗിച്ചിരിക്കുന്നത്. ഇത് മാത്രമാണ് മലയാളവുമായുള്ള ബന്ധം. അത് ഒഴിവാക്കിയാൽ ഇത് പൂർണ്ണമായും ഒരു സംസ്കൃത-ലത്തീൻ ഗ്രന്ഥം ആണെന്ന് പറയുന്നതാവും കൂടുതൽ നല്ലത്. ഈ പുസ്ത്കത്തിന്റെ സ്കാൻ ഇവിടെ കിട്ടും.

https://archive.org/details/1797_Systema_Brahmanicum_Liturgicum_Mythologi_Paulinus

കുറിപ്പ്: Hortus Malabaricus (1678) ൽ മലയാളം അച്ചു നിരത്തിയല്ലല്ലോ അച്ചടിച്ചിരിക്കുന്നത്. അതിനാലാണ് 1800നു മുൻപുള്ള പുസ്തകം ആയിട്ടും അതിനെ മനഃപൂർവ്വം ഈ കണക്കെടുപ്പിൽ ഒഴിവാക്കിയത്.

ചുരുക്കത്തിൽ 1800നു മുൻപ് പ്രസിദ്ധീകരിച്ചതും മലയാളി ലിപി അച്ചടിച്ചതും ആയി ഇന്ന് വിവരമുള്ള ഏകദേശം എല്ലാ കൃതികളുടേയും സ്കാൻ നമുക്ക് കിട്ടിയിരിക്കുന്നു. പൂർണ്ണമായും മലയാളഗ്രന്ഥം എന്ന് പേരുള്ള സംക്ഷേപവേദാർത്ഥം മാത്രമാണ് ഈ പട്ടികയിൽ നിന്ന് ഒഴിവായി പോയിരിക്കുന്നത്.

കുറിപ്പ്:  ചില ഫയലുകൾ അപ്‌ലൊഡ് ചെയ്തപ്പോൽ എറർ കാണിച്ചിരുന്നു. പക്ഷെ പിന്നിടു നോക്കിയപ്പോൾ പ്രശ്നം ഒന്നും കണ്ടില്ല താനും. അതിനാൽ സ്കാനുകളിൽ എന്തെങ്കിലും പ്രശ്നം കാണുന്നു എങ്കിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.

 

സെന്റം അഡാഗിയ മലബാറിക്ക-മലയാള പഴഞ്ചൊൽ ശേഖരം

1772ൽ ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം-വും സംക്ഷേപവേദാർത്ഥവും അച്ചടിച്ച അച്ചുപയോഗിച്ച് വേറൊരു പ്രധാനപ്പെട്ട മലയാളം-ലത്തീൻ പുസ്തകം കൂടി പുറത്തിറങ്ങിയിട്ടുണ്ട്. Centum Adagia Malabarica എന്ന പേരിൽ അറിയപ്പെടുന്ന ഈ പുസ്തകം 1791-ൽ ആണ് അച്ചടിച്ചത്.

ശീർഷകത്താൾ

ഈ പുസ്തകത്തിൽ നൂറ് മലയാളം ചൊല്ലുകളും (മലയാളലിപിയിൽ) അതിന്റെ ലത്തീൻ പരിഭാഷയും ആണുള്ളത്. ഇത് മലയാളഭാഷയിലെ ആദ്യത്തെ  (ഒരു പക്ഷെ ഇന്ത്യൻ ഭാഷകളിലെ തന്നെ) പഴഞ്ചൊൽ ഗ്രന്ഥശേഖരം ആണ്.

ഈ കൃതിയുടെ സ്കാനും നമുക്ക് ലഭ്യമായിരിക്കുന്നു. ഗൂഗിളിന്റെ കടാക്ഷത്താൽ ആണ് ഇതും നമുക്ക് കിട്ടിയത്.  ഈ സ്കാൻ ആർക്കൈവ്.ഓർഗിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡൗൺലോഡ് ചെയ്യാനുള്ള കണ്ണികൾ:

 

 

1772 – ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം

ആദ്യമായി മലയാളലിപി അച്ചടിച്ച പുസ്തകം എന്നാണ് ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം (Albhabetum grandonico malabaricum) എന്ന കൃതിയെ ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന പുസ്തകത്തിൽ കെ.എം. ഗോവി വിശെഷിപ്പിക്കുന്നത്.

Alphabetum Grandonico Malabaricum ശീർഷകത്താൾ

 

ആദ്യത്തെ സമ്പൂർണ്ണ മലയാളം അച്ചടി പുസ്തകമായ സംക്ഷേപവേദാർത്ഥം അച്ചടിക്കുന്നതിനു തൊട്ട് മുൻപ് 1772-ൽ തന്നെ മലയാളഭാഷയെക്കുറിച്ചും മലയാളലിപിയെക്കുറിച്ചും അതിനെ വ്യാകരണത്തെക്കുറിച്ചും അത്യാവശ്യം വിശദമായി വിശദീകരിച്ചു കൊണ്ട് ലാറ്റിൻ ഭാഷയിൽ എഴുതിയ പുസ്തകം ആണിത്. അതിനാൽ തന്നെ ആദ്യമായി അച്ചടിച്ച മലയാളവ്യാകരണഗ്രന്ഥവും ഈ ലാറ്റിൻ കൃതി ആണെന്ന് പറയാം.

മലയാളം വിക്കിപീഡിയയിലെ ആൽഫബെത്തും എന്ന ലേഖനത്തിൻ നിന്ന്

മലയാള ലിപികളുടെ വ്യത്യസ്തമായ മാതൃകകളെക്കുറിച്ച് ചർച്ചചെയ്തു് അവതരിപ്പിക്കുന്ന ആദ്യത്തെ കൃതിയാണു് ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം സൈവ് സംസ്കൃതോണിക്കം. (Alphabetum grandonico-malabaricum sive samscrudonicum). ഒറ്റയ്ക്കൊറ്റയ്ക്കു് പ്രത്യേകം തയ്യാറാക്കിയ ‘കല്ലച്ചുകൾ'(movable type) ഉപയോഗിച്ച് ആദ്യമായി മലയാളം അക്ഷരങ്ങൾ അച്ചടിച്ചതു് ഈ പുസ്തകത്തിലായിരുന്നു.

ആൽഫബെത്തും എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ഗ്രന്ഥം 1772-ൽ റോമിലെ കോൺഗ്രഗേഷ്യോ ഡി പ്രൊപ്പഗാന്റാ ഫൈഡേ എന്ന അച്ചുകൂടത്തിൽ നിർമ്മിക്കപ്പെട്ടു. 16×10 സെ.മീ. വലിപ്പത്തിൽ നൂറു പേജുകളുള്ള ലത്തീൻ ഭാഷയി ൽഎഴുതപ്പെട്ട ഈ പുസ്തകത്തിന്റെ അവതാരിക എഴുതിച്ചേർത്തതു് അച്ചുകൂടം മാനേജരായിരുന്ന ജോൺ ക്രിസ്റ്റോഫർ അമദാത്തിയസ് ആയിരുന്നു.

28 പേജുകൾ വരുന്ന ഈ അവതാരികയിൽ മലയാളത്തിലെ ഏറ്റവും ആദ്യത്തെ മുദ്രണത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ടു്. ഗ്രന്ഥമലയാളം അഥവാ സംസ്കൃതം അക്ഷരമാല മലബാർ പ്രദേശത്തു് ഉപയോഗിച്ചുവരുന്ന മൂന്നു ലിപിവിന്യാസരീതികളിൽ ഒന്നാണെന്നു് അമദാത്തിയസ് സൂചിപ്പിച്ചിരിക്കുന്നു. പതിനാറു സ്വരങ്ങളും 35 വ്യഞ്ജനങ്ങളും അടങ്ങുന്ന 51 അടിസ്ഥാനലിപികളാണു് ഭാഷയിലുള്ളതെന്നും എന്നാൽ അച്ചടിയുടെ ആവശ്യത്തിനു് ഇവയെ ഉൾച്ചേർത്ത 1128 അച്ചുകൾ വാർത്തെടുക്കേണ്ടി വരുന്നുവെന്നും അദ്ദേഹം എഴുതിയിട്ടുണ്ടു്.

അവതാരിക അവസാനിക്കുന്നതു് “അലക്സാൻഡ്രിയയിലെ ക്ലമന്റ് പിയാനിയൂസ് ഈ ഭാഷയിലേക്കു വിവർത്തനം ചെയ്ത ക്രിസ്തീയ വേദസാരം നമ്മുടെ അച്ചുകൂടം ഉദ്വേഗത്തോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു” എന്ന സൂചനയോടെയാണു്. ഈ വാക്യത്തിൽ ഉദ്ദേശിക്കുന്ന ക്രിസ്തീയവേദസാരം തന്നെയാണു് ആദ്യത്തെ മലയാള അച്ചടി ഗ്രന്ഥമായ സംക്ഷേപവേദാർത്ഥം. റോമിൽ നിർമ്മിച്ച മലയാളം അച്ചുകളുപയോഗിച്ച് ആദ്യമായി അച്ചടിച്ച പുസ്തകമാണു് ആൽഫബെത്തും എന്ന വസ്തുതയും ഈ അവതാരികയിൽ കാണാം.

ഇങ്ങനെ ആദ്യമായി മലയാളം അച്ചടിച്ച ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം എന്ന ഈ കൃതിയുടെ സ്കാനും നമുക്ക് ലഭ്യമായിരിക്കുന്നു. സ്പാനിഷ് നാഷണൽ ലൈബ്രറി സൈറ്റിൽ നിന്നാണ് ഈ ഡിജിറ്റൽ സ്കാൻ തപ്പിയെടുത്തത്. ഈ സ്കാൻ ആർക്കൈവ്.ഓർഗ് സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡൗൺലോഡ് ചെയ്യാനുള്ള കണ്ണി ഇതാ: