1878-കേരളകൗമുദീ-കോവുണ്ണി നെടുങ്ങാടി-കൂനമ്മാവുങ്കൽ അച്ചുകൂടം

ആമുഖം

കേരളപാണിനീയം 1896ൽ വരുന്നതു വരെ അച്ചടിച്ച മലയാളവ്യാകരണ ഗ്രന്ഥങ്ങൾ ഓരോന്നും ഓരോ തരത്തിൽ സവിശേഷതയുള്ളതാണ്.  ഇതിൽ ഒരു ഗ്രന്ഥം മാത്രമാണ് നമുക്ക് ഇതിനകം കിട്ടിയത്. അത് 1863ലെ ജോർജ്ജ് മാത്തന്റെ  മലയാഴ്മയുടെ വ്യാകരണം ആണ്. ആ പുസ്തകം ഒരു മലയാളി എഴുതിയ വ്യാകരണ ഗ്രന്ഥം എന്നതിനു പുറമേ അതിന്റെ ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായിരുന്നു. ആ പുസ്തകം നമുക്ക് സുനിൽ പ്രഭാകറിന്റെ പ്രയത്നത്താലാണ് ലഭ്യമായത്. ഇപ്പൊഴിതാ മറ്റൊരു മലയാള വ്യാകരണ പുസ്തകം കൂടെ നമുക്കു സുനിൽ പ്രഭാകറിന്റെ തന്നെ പ്രയത്നത്താൽ തന്നെ ലഭ്യമായിരിക്കുന്നു. ഈ വട്ടം കോവുണ്ണി നെടുങ്ങാടിയുടെ “കേരള കൗമുദി” എന്ന മലയാളവ്യാകരണ ഗ്രന്ഥമാണ് നമുക്ക് ലഭ്യമായിരിക്കുന്നത്. പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്

പുസ്തകത്തിന്റെ വിവരം

  • പേര്: കേരളകൗമുദീ
  • താളുകൾ: 240
  • രചയിതാവ്: തോട്ടക്കാട്ടിൽ മേലേതിൽ കോവുണ്ണി നെടുങ്ങാടി
  • പ്രസ്സ്: കൂനമവുങ്കൽ അമലോത്ഭവമാതാവിന്റെ അച്ചുകൂടം
  • പ്രസിദ്ധീകരണ വർഷം: 1878
1878-കേരളകൗമുദീ-കോവുണ്ണി നെടുങ്ങാടി
1878-കേരളകൗമുദീ-കോവുണ്ണി നെടുങ്ങാടി

ഉള്ളടക്കം

മലയാളവ്യാകരണം ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഗ്രന്ഥകർത്താവായ കോവുണ്ണി നെടുങ്ങാടി ഒരു പ്രത്യേക ശൈലിയിലാണ് ഈ പുസ്തകത്തിന്റെ വിന്യാസം നിർവ്വഹിച്ചിരിക്കുന്നത്. ഉള്ളടക്കത്തെ വിവിധ അദ്ധ്യായങ്ങളായി വിഭജിച്ചിട്ടുണ്ട്. ഓരോ അദ്ധ്യായവും ശ്ലോകങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ ശ്ലോകങ്ങളുടെ വിശദീകരണത്തിലൂടെയാണ് പുസ്തകത്തിന്റെ ഉള്ളടക്കം വികസിക്കുന്നത്.

ഗ്രന്ഥകർത്താവായ കോവുണ്ണി നെടുങ്ങാടിയെപറ്റിയുള്ള ലഘുകുറിപ്പിന്  മലയാളം വിക്കിപീഡിയയിലെ ഈ ലേഖനം കാണുക.

ഈ പുസ്തകം നിർമ്മിക്കാൻ ഗുണ്ടർട്ട്, ജോർജ്ജ് മാത്തൻ, ഗാർത്തുവെയിറ്റ് എന്നിവരുടെ കൃതികൾ സഹായമായിട്ടുണ്ട് എന്ന് ഗ്രന്ഥകാരൻ പറയുന്നുണ്ട്. അതിൽ ഗുണ്ടർട്ട് കൃതിയുടെ സഹായം വളരെ ഉപയോഗപ്പെട്ടു എന്നും പറയുന്നുണ്ട്. അതു സംബന്ധിച്ച് ഒരു ശ്ലോകവും പുസ്തകത്തിൽ കാണാം.

ഗുണ്ടർട്ടെന്ന പ്രബലമതിമാനിട്ടനൂലൊട്ടുകൊള്ളാം
ഗീവർഗ്ഗീസും പുനരൊരുതരം ചേർത്തതും നന്നു പാർത്താൽ
ഗുണ്ടർട്ടിന്നൂലുപരികലനം ചെയ്തി ഗാർത്തുവൈറ്റും
പൂർവ്വന്മാരാവരെയനുകൂലിപ്പനാവോളമെല്ലാം

എന്നതാണ് ശ്ലോകം.

വാരാപ്പുഴ മിഷ്യൻ വക കൂനമവുങ്കൽ അമലോത്ഭവമാതാവിന്റെ അച്ചുകൂടത്തിലാണ് ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത്. ഈ അച്ചടി ശാലയിൽ നിന്ന് പുറത്തുവന്നതിൽ നമുക്കു കിട്ടിയ ആദ്യത്തെ പുസ്തകമാണിത്.

ചന്ദ്രക്കലയുടെ ഉപയോഗം സംബന്ധിച്ച് (ചന്ദ്രക്കലയെ സംബ്വന്ധിച്ചുള്ള ഈ ലേഖനം കാണുക) ചില പ്രത്യേകതകൾ ഈ പുസ്തകത്തിനുണ്ട്.

… സംവൃതാന്തങ്ങളിൽ വേണ്ടതായ മീത്തൽ ചന്ദ്രക്കലാ ചിഹ്നമോ, ചുവട്ടിൽ ഉ. ശാരികയൊ ഏതെങ്കിലുമൊരു അർദ്ധയുകാരമോ…  ചേർത്ത് തരമ്പോലെ കണ്ടുകൊള്ളേണ്ടതാകുന്നു എന്ന പ്രസ്താവനയാണ് 1878ൽ അച്ചടിച്ച ഈ പുസ്തകത്തിൽ സംവൃതോകാരത്തിന്റെ ചിഹ്നത്തെ സംബന്ധിച്ച് എടുത്തു പറയേണ്ട ഒരു പ്രസ്താവന. പുസ്തകത്തിൽ ചിലയിടത്തൊക്കെ (PDF പേജ് 22) സംവൃതോകാരത്തിനായി ചന്ദ്രക്കല ഉപയോഗിച്ചിരിക്കുന്നതും കാണാം. അതിനു പുറമേ വ്യഞ്ജനാക്ഷങ്ങളിൽ നിന്ന് സ്വരത്തെ മാറ്റി കാണിക്കുക (കേവലവ്യഞ്ജനം) എന്ന ഉദ്ദേശത്തിനും ചന്ദ്രക്കല ഉപയോഗിച്ചിട്ടുണ്ട് (PDF പേജ് 20). ഈ സ്ഥലങ്ങളിൽ ചന്ദ്രക്കലയുടെ സ്ഥാനം അക്ഷരത്തിന്റെ ഇടത്തേ അറ്റത്തായാണ് കാണുന്നത്.  അതിനും പുറമേ ചില വ്യഞ്ജനങ്ങളുടെ ശുദ്ധരൂപം ഉണ്ടാക്കാൻ അതിനു മുകളിൽ കുഞ്ഞുവട്ടവും ഉപയോഗിച്ചിട്ടൂണ്ട് (PDF പേജ് 23) .

പുസ്തകത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് കൂടുതൽ പഠനം ഈ വിഷയത്തിൽ പണ്ഡിതരായവർ നടത്തിയിട്ടൂണ്ടാവും എന്നു കരുതുന്നു. കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

 

1864- October – വിദ്യാസംഗ്രഹം -The Cottayam College Quaterly Magazine – Vol.1 – No.2

ആമുഖം

വിദ്യാസംഗ്രഹത്തിന്റെ (The Cottayam College Quaterly Magazine) ത്തിന്റെ വാല്യം ഒന്ന്, ലക്കം രണ്ടിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്ന് പങ്കു വെക്കുന്നത്. ഇത് സ്കാൻ ചെയ്യാനായി വിദ്യാസംഗ്രഹത്തിന്റെ വിവിധ ലക്കം തരപ്പെടുത്തി തന്ന കോട്ടയം സി.എം.എസ്. കോളേജ് അദ്ധ്യാപകൻ പ്രൊഫസർ ബാബു ചെറിയാനും, ഫോട്ടോ എടുക്കാനായി സഹായിച്ച സുഗീഷിനും അഖിലിനും നന്ദി. വാല്യം ഒന്ന്, ലക്കം ഒന്നിന്റെ സ്കാൻ ഇവിടെ കാണാം.

പുസ്തകത്തിന്റെ വിവരം

  • പേര്: വിദ്യാസംഗ്രഹം (The Cottayam College Quaterly Magazine) ലക്കം ഒന്ന്, പുസ്തകം രണ്ട്
  • താളുകൾ: 48
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
  • പ്രസാധകർ: കോട്ടയം കോളേജ്
  • പ്രസിദ്ധീകരണ വർഷം: 1864 ഒക്ടോബർ
1864- October – വിദ്യാസംഗ്രഹം
1864- October – വിദ്യാസംഗ്രഹം

ഉള്ളടക്കം

ഈ ലക്കത്തിൽ കൗതുകകരമായി തോന്നിയത് തിരുവിതാംകൂറിൽ ഇംഗ്ലീഷ് മെഡിക്കൽ കോളേജ് ആരംഭിച്ചതിനെ പറ്റിയുള്ള ഒരു കുറിപ്പാണ്. അതിൽ വിവിധ ചികിത്സാരീതികളെ പറ്റിയൊക്കെ അന്നത്തെ കാഴ്ചപ്പാടിൽ എഴുതിയ വിവരങ്ങൾ ഉണ്ട്.

അതേ പോലെ യൂറോപ്പിൽ റെയിൽ വേ ആരംഭിച്ചതിനെ പറ്റിയും ഒരു ലേഖനം കാണാം. ഇരുമ്പു പാദ, ആവി വണ്ടി തുടങ്ങിയ വിശേഷ വാക്കുകൾ ഇതിനെ സൂചിപ്പിക്കാനായി ഉപയൊഗിച്ചിരിക്കുന്നു.

ഘാതകവധത്തിന്റെ ഒറിജിനൽ ഇംഗ്ലീഷ് കൃതി (The Slayer Slain) ഘണ്ഡശഃ പ്രസിദ്ധിക്കരിക്കുന്നത് ഈ ലക്കത്തിലും തുടരുകയാണ്.

പല മലയാളം വാക്കുകൾക്കും (അല്ലെങ്കിൽ മലയാളത്തിലേക്ക് ലിപി മാറ്റം നടത്തി ഉപയോഗിക്കുന്ന വാക്കുകൾ‌) ഉപയോഗിച്ചിരിക്കുന്ന സ്പെല്ലിങ് ആണ് എടുത്ത് പറയേണ്ട ഒന്ന്. ഉദാ: എംഗ്ലീഷുകാരൻ (ഇംഗ്ലീഷുകാരൻ), പാദ (പാത), ബ്രിത്തീഷു (ബ്രിട്ടീഷ്), കുഡുംബം (കുടുംബം), എംഗ്ലാന്ത് (ഇംഗ്ലണ്ട്) തുടങ്ങി ഇന്നതേതിൽ നിന്ന് വ്യത്യസ്തമായ സ്പെലിങ് കാണാം. കഴിഞ്ഞ 150-200 വർഷം കൊണ്ട് മലയാളം വാക്കുകളുടെ (അല്ലെങ്കിൽ മലയാളത്തിലേക്ക് ലിപിമാറ്റം നടത്തിയ അന്യഭാഷാ വാക്കുകളുടെ) സ്പെലിങിനുണ്ടായ പരിണാമം പഠിക്കേണ്ട സംഗതിയാണെന്ന് തോന്നുന്നു.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

1911- ഗോരക്ഷക ഉപദേശം – മലയാളമയൂഖം പ്രസ്സ് – ആലപ്പുഴ

ആമുഖം

ഗോ സംരക്ഷണം/ഗോവധ നിരോധനം അതുമായി ബന്ധപ്പെട്ട വിവിധ വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. ഈ വിഷയത്തിൽ കേരളം എങ്ങനെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പോയി എന്നതിനെ പറ്റി ഇന്നും ചർച്ച ചെയ്യുന്നതും ആണല്ലോ. ഈ വിഷയത്തിൽ കേരളം മറ്റു ഇന്ത്യൻ നാട്ടു രാജ്യങ്ങളെ പോലെ പെരുമാറണം എന്ന് ആഗ്രഹിക്കുന്ന ചിലർ 100 വർഷം മുൻപും ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഒരു പൊതുസഞ്ചയ രേഖ കണ്ടു കിട്ടിയിരിക്കുന്നു.

കടപ്പാട്

വിശദാംശങ്ങളിലേക്ക് പോകുന്നതിനു മുൻപ് ഈ പൊതുസഞ്ചയ രേഖ ലഭ്യമാകാൻ സഹായിച്ച തിരുവനന്തപുരം എഞ്ചനീയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശരത്ത് സുന്ദർ രാജീവിനോടുള്ള കടപ്പാട് പ്രത്യേകം രേഖപ്പെടുത്തട്ടെ. അദ്ദേഹത്തിന്റെ സ്വകാര്യശേഖരത്തിൽ നിന്ന് സ്കാൻ ചെയ്തെടുത്ത പുസ്തകം ആണ് നിങ്ങളുടെ മുൻപിലേക്ക് എത്തുന്നത്. ഈ വിധത്തിൽ പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റല്വൽക്കരണത്തിൽ കൂടുതൽ പേർ സഹകരിക്കുന്നത് വളരെ ശ്ലാഘനീയം തന്നെ. ശരത്ത് സുന്ദർ രാജീവിനോടുള്ള പ്രത്യേക നന്ദി രേഖപ്പെടുത്തട്ടെ.

പുസ്തകത്തിന്റെ വിവരം

  • പേര്: ഗോരക്ഷക ഉപദേശം
  • താളുകൾ: 20
  • രചയിതാവ്: ലബ്‌ഷൻ കാർ ലക്ഷ്മിദാസ്, തർജ്ജുമ: ആലപ്പുഴ ഗോരക്ഷക സഭാ പ്രസിഡന്റ് ഗേലാരായസി തർജ്ജുമ ചെയ്യിച്ചത്
  • പ്രസ്സ്: മലയാളമയൂഖം പ്രസ്സ്ആലപ്പുഴ
  • പ്രസിദ്ധീകരണ വർഷം: 1911
1911-ഗോരക്ഷക ഉപദേശം
1911-ഗോരക്ഷക ഉപദേശം

ഉള്ളടക്കം

‘പുസ്തകത്തിന്റെ ശീർഷകം സൂചിപ്പിക്കുന്ന പോലെ ഗോക്കളെ സംരംക്ഷണ ചെയ്യേണ്ടതിന്റെ കാരണങ്ങളാണ് പുസ്ത്കത്തിന്റെ ഉള്ളടക്കം. അതിനായി വിവിധ ഇന്ത്യൻ നാട്ടു രാജ്യങ്ങളിൽ ഉള്ള ഗോസംരംക്ഷണനിയമങ്ങളുടെ ചുരുക്കം ആണ് പുസ്ത്കത്തിന്റെ പ്രധാന ഉള്ളടക്കം. അതിനു പുറമേ പുസ്ത്കത്തിന്റെ അവസാനം ചില വിദേശ രാജ്യങ്ങളിൽ ഇത് സംബന്ധിച്ചുള്ള സംഗതികളും പറയുന്നുണ്ട്.

ഈ പുസ്തകം തർജ്ജുമ ചെയ്യിച്ച ഗേലാരായസി മലയാളി അല്ലെന്ന് പേരിൽ നിന്ന് ഊഹിക്കാം എന്ന് തോന്നുന്നു. ഒരു പക്ഷെ വടക്കേ ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വ്യാപാരസംബന്ധമായി കുടിയേറി പാർത്തവരിൽ ഒരാളായിരിക്കാം. എന്നാൽ അക്കാലത്ത് ആലപ്പുഴയിൽ ഒരു ഗോരക്ഷ സഭ ഉണ്ടായിരുന്നു എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

അതേ പോലെ ഇത് അച്ചടിച്ച മലയാളമയൂഖം പ്രസ്സും ശ്രദ്ധിക്കേണ്ട ഒന്നാകുന്നു. ആദ്യമായാണ് നമുക്ക് ആലപ്പുഴ മലയാളമയൂഖം  പ്രസ്സിൽഅച്ചടിച്ച ഒരു പുസ്തകം കിട്ടുന്നത്.

കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ