1925 – മലങ്കര നസ്രാണികളുടെ നാലു ചെപ്പേടുകൾ

ഇതിനകം ഡിജിറ്റൈസ് ചെയ്ത് പങ്ക് വെച്ച പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പുസ്തകം ആണ് ഇപ്രാവശ്യം പങ്ക് വെക്കുന്നത്. ഇത് ചരിത്രം/പുരാവസ്തുഗവേഷണം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു പുസ്തകമാണ്.

പുസ്തകത്തിന്റെ വിവരം

പേര്: മലങ്കര നസ്രാണികളുടെ നാലു ചെപ്പേടുകൾ/The Malabar Christian Plates of Copper Plates
രചയിതാവ്: ടി.കെ. ജോസഫ്
പ്രസിദ്ധീകരണ വർഷം: 1925
പ്രസ്സ്: ശ്രീധര പവർ പ്രസ്സ്, തിരുവനന്തപുരം

മലങ്കര നസ്രാണികളുടെ നാലു ചെപ്പേടുകൾ-1925
മലങ്കര നസ്രാണികളുടെ നാലു ചെപ്പേടുകൾ-1925

പുസ്തകത്തിന്റെ ഡിജിറ്റൈസെഷൻ

പതിവ് പോലെ സ്കാനിങിന് ബൈജു രാമകൃഷ്ണൻ സഹായിച്ചു. സ്കാനിങ്ങിനായി കൈയ്യിൽ കിട്ടിയ പുസ്തകം പലയിടത്തും ചിതലെടുത്ത് പൊയിരുന്നതിനാൽ ഇതിന്റെ പോസ്റ്റ് പ്രോസസിങ്  അതീവ ദുഷ്കരം ആയിരുന്നു. അതിനാൽ പ്രശ്നങ്ങൾ ഒക്കെ മറച്ച് പുസ്തകം വായനാ യോഗ്യമാകാൻ കുറേ സമയം അതിനായി ചിലവഴിക്കേണ്ടി വന്നു.

പുസ്തകത്തിന്റെ ഉള്ളടക്കം

തലക്കെട്ട് സൂചിപ്പിക്കുന്ന പോലെ മലങ്കര നസ്രാണികളുടെ കൈവശം നൂറ്റാണ്ടുകളായി ഉണ്ടായിരുന്നു എന്ന് അവർ അവകാശപ്പെടുന്ന നാലു ചേപ്പേടുകളെ പറ്റിയുള്ള പഠനമാണ് പുസ്തകത്തിന്റെ സിംഹഭാഗവും.  അതിനൊപ്പം പുസ്തകത്തിന്റെ ഉള്ളടത്തിലും ഫൂട്ട് നോട്ടായും മറ്റും വിവിധ വിഷയത്തിലുള്ള ധാരാളം സംഗതികൾ കൈകാര്യം ചെയ്യുന്നുണ്ട്. ഉദാഹരണത്തിനു  പതിനൊന്നാമത്തെ അദ്ധ്യായം “ഭാഷ” എന്ന വിഷയം കൈകാര്യം ചെയ്യുന്നു.  അതെ പോലെ പുസ്തകത്തിന്റെ അവസാനം ഉള്ള പദദീപികയും (91 ആം താൾ മുതൽ) വളരെയധികം  കാര്യങ്ങളെ പറ്റി ചെറുകുറിപ്പുകൾ നൽകുന്നു. വളരെ ഉപകാരപ്രദം തന്നെ അത്.

ഗ്രന്ഥകർത്താവായ ടി.കെ. ജോസഫ് ഒരു ചരിത്ര പണ്ഡിതൻ ആയിരുന്നെന്ന് വിവിധ ഇടത്തായി കണ്ട വിവിധ ലേഖനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ ഇനിയും ധാരാളം ഇത്തരം കൃതികൾ ഉണ്ടായേക്കാം.

പുസ്തകം വിശകലനം ചെയ്യാനും പഠനത്തിനുമായി വിട്ടു തരുന്നു.

ഡൗൺലോഡ് വിവരങ്ങൾ

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

ജ്ഞാനകീർത്തനങ്ങൾ-1854

കഴിഞ്ഞ ദിവസം നമ്മൾ 1879ലെ ജ്ഞാനകീർത്തനങ്ങൾ എന്ന പുസ്തകത്തിന്റെ സ്കാൻ പരിചയപ്പെട്ടു. അതിൽ യുസ്തൂസ് യോസഫ് മുതലായ ക്രൈസ്തവ പാട്ടെഴുത്തുകാരുടെ പാട്ടുകൾ ഉണ്ട് എന്ന് മനസ്സിലാക്കി. അതിലെ പല പാട്ടുകളും ഇപ്പൊഴും ഉപയോഗത്തിൽ ഉള്ളതും ആണ്.

ഇന്ന് നമ്മൾ പരിചയപ്പെടുന്നത് 1854ലെ ജ്ഞാനകീർത്തനങ്ങൾ എന്ന പേരിൽ, അക്കാലത്തെ ക്രൈസ്തവഗാനങ്ങൾ സമാഹരിച്ചിരിക്കുന്ന പുസ്തകത്തിന്റെ സ്കാൻ ആണ്. ഇത് 100 താളുകൾ മാത്രമുള്ള ചെറിയൊരു പുസ്തകമാണ്.

ജ്ഞാനകീർത്തനങ്ങൾ 1854
ജ്ഞാനകീർത്തനങ്ങൾ 1854

ജ്ഞാനകീർത്തനങ്ങൾ 1854

പുസ്തകത്തിന്റെ വിവരം:

  • പുസ്തകത്തിന്റെ പേര്: ജ്ഞാനകീർത്തനങ്ങൾ, രണ്ടാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1854
  • പ്രസ്സ്: CMS പ്രസ് കോട്ടയം

ഈ കാലഘട്ടം മലയാളക്രൈസ്തവ ഗാനങ്ങളെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണ്. നമ്മൾ പഴയ മലയാളം ക്രൈസ്തവ പാട്ടെഴുത്തുകാർ ആയി ഇന്ന് കരുതുന്ന യുസ്തൂസ് യോസഫ്, നാഗൽ സായിപ്പ്, മൊശവത്സലം, കൊച്ചു കുഞ്ഞുപദേശി തുടങ്ങിയ പ്രമുഖർ ഒക്കെ ജനിക്കുന്നതിനോ അല്ലെങ്കിൽ പാട്ടെഴുത്ത് തുടങ്ങുന്നതിനോ മുൻപൊ ഒക്കെ ഉള്ള കാലഘട്ടം ആണിത്. അതിനാൽ തന്നെ ഏറ്റവും പ്രാചീനമായ ചില മലയാളം പാട്ടുകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. ഇതിലെ മിക്ക പാട്ടുകളും ഇപ്പോൾ ഉപയോഗത്തിലില്ല. പിൽക്കാലത്ത് ഇതിലും മെച്ചപ്പെട്ട പാട്ടുകൾ വന്നപ്പോൾ ഈ ഗാനങ്ങൾ വിസ്മൃതിയിലായി പോയതാവണം. അതേ പോലെ പല പാട്ടുകളും ഇംഗീഷ് പാട്ടുകളുടെ നേർ തർജ്ജുമ ആണെന്ന് തോന്നുന്നു.

ഒന്ന് ഓടിച്ച് നോക്കിയിട്ട് ആകെ മൂന്ന് പാട്ടുകളെ ഇതിൽ നിന്ന് ഞാൻ കേട്ടിട്ടൂള്ളൂ.

  • 50മത്തെ താളിൽ ഉള്ള “ഭൂലോകത്തുള്ള സർവരെ….”. ഈ പാട്ട് ഇക്കാലത്ത് അല്ലറ ചില്ലറ വ്യത്യാസങ്ങളോടെ “ഭൂവാസികൾ സർവ്വരുമെ..” എന്ന് തുടങ്ങുന്നു. ഈ പാട്ട് ക്രൈസ്തവ ആരാധന തുടങ്ങുമ്പോൾ ഉള്ള പ്രാരംഭഗാനമായി ഇപ്പൊഴും പാടാറുള്ളതാണ്.
  • 62മത്തെ താളിൽ ഉള്ള “നിത്യനായ യഹോവായെ…”
  • 89മത്തെ താളിൽ ഉള്ള “ദൈവമെ നിൻ സ്നേഹത്തോടെ…”

ഈ പാട്ടുകൾക്കൊക്കെ 150 വർഷത്തിനുമേൽ പഴക്കം ഉണ്ട് എന്നത് പുതിയ അറിവായിരുന്നു.

പുസ്തകത്തിന്റെ ചില പ്രത്യേകതൾ

  • ഇതിനകം പല വട്ടം ബോദ്ധ്യപ്പെട്ട പോലെ, CMS പുസ്തകത്തിൽ അക്കാലത്ത് ചന്ദ്രക്കല ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. അതിനാൽ സംവൃതോകാരം അകാരന്തമായി എഴുതിയിരിക്കുന്നു. സന്ദർഭത്തിനനുസരിച്ച് സംവൃതോകാരസ്വരം ചേർത്ത് ഉച്ചരിക്കാൻ അന്നത്തെ ജനങ്ങൾക്ക് അറിയാവുന്നതിനാൽ അക്കാലത്ത് അത് പ്രശ്നം ആയിരുന്നില്ല.
  • “ഈ” കാരാന്തത്തിനായി പൂർണ്ണമായി മറ്റേ രൂപം ഉപയോഗിക്കുന്നു.
  • Malayalam ത്തിന്റെ സ്പെലിങ് അക്കാലത്തെ എല്ലാ CMS പുസ്തകങ്ങളും കാണുന്ന പോലെ Malayalim എന്നാണ്.

സ്കാൻ ചെയ്യാൻ കിട്ടിയ പുസ്തകത്തിന്റെ പ്രത്യേകത

പുസ്കത്തിന്റെ അവസാനം ഇങ്ങനെ ഒരു കുറിപ്പ് കാണുന്നു “This book belonged to Henry Baker Senior”.

Henry Baker Senior
Henry Baker Senior

ഹെൻറി ബേക്കർ സീനിയർ, ബെഞ്ചമിൻ ബെയി‌ലിയുടെ ഒക്കെ കോട്ടയത്ത് പ്രവർത്തനം ആരംഭിച്ച ആളും കോട്ടയം ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്നവരിൽ ഒരാളും ആണ് (ബെഞ്ചമിൻ ബെയിലിയും ഹെൻറി ബേക്കറും ആണ് മറ്റ് രണ്ട് പേർ). മാത്രമല്ല ഹെൻറി ബേക്കർ ജൂനിയറിന്റെ പിതാവും ആണ്.

ഡിജിറ്റൈസേഷന്റെ വിവരം

പുസ്തകത്തിന്റെ ഫോട്ടോ എടുക്കാൻ ബൈജു രാമകൃഷ്ണൻ സഹായിച്ചു.

പുസ്തകം കൂടുതൽ വിശകലനം ചെയ്യാനായി വിട്ടു തരുന്നു. പഴയ പാട്ടുകളെ പറ്റി പഠിക്കുന്നവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും.

ഡൗൺലോഡ് വിവരം

ഡൗൺലോഡ് കണ്ണി: https://archive.org/download/Jnanakeerthangal-1854/Jnanakeerthangal_1854.pdf (3 MB)

ഓൺലൈനായി വായിക്കാൻ: https://archive.org/stream/Jnanakeerthangal-1854/Jnanakeerthangal_1854#page/n0/mode/2up

സാഹിത്യപ്രകാശിക – 1916

മലയാളപൊതുസഞ്ചയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷന്റെ ഭാഗമായി അടുത്തതായി പുറത്ത് വിടുന്നത് ഒരു ഉപന്യാസ സമാഹരണ പുസ്തകമാണ്. ഒരു പുസ്തകം ആണെങ്കിലും ഈ പുസ്തകത്തിൽ രണ്ട് ഭാഗങ്ങൾ ഉണ്ട്.

സാഹിത്യപ്രകാശിക-ഭാഗം ഒന്ന്
സാഹിത്യപ്രകാശിക-ഭാഗം ഒന്ന്

പുസ്തകത്തിന്റെ വിവരം

  • പുസ്തകത്തിന്റെ പേരു്: സാഹിത്യപ്രകാശിക അഥവാ ഉപന്യാസമഞ്ജരി (ഭാഗം ഒന്ന്, ഭാഗം രണ്ട്)
  • പ്രസാധകന്മാർ: പി. ശങ്കരൻ നമ്പ്യാർ, സി.സി. തോമസ്സ്
  • അച്ചടി: കേരളവിലാസം പ്രസ്സ്, തിരുവല്ല
  • പ്രസിദ്ധീകരണ വർഷം: 1916
സാഹിത്യപ്രകാശിക-ഭാഗം രണ്ട്
സാഹിത്യപ്രകാശിക-ഭാഗം രണ്ട്

പുസ്തകത്തിന്റെ ഉള്ളടക്കം

മലയാള ഭാഷ, സാഹിത്യം, വ്യാകരണം, തുടങ്ങിയ വിവിധ മലയാളഭാഷവിഷയങ്ങളിൽ വിവിധ ആളുകളായി എഴുതിയ ഉപന്യാസങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. അക്കാലത്തെ പ്രശസ്തരായ പല മലയാളഭാഷാ പ്രവർത്തകരുടേയും ഉപന്യാസങ്ങൾ ഇതിൽ കാണാം.

ഒന്നാം ഭാഗത്തിൽ എഡിറ്റർമാരായ പി. ശങ്കരൻ നമ്പ്യാർ, സി.സി. തോമസ്സ് എന്നിവർ ചേർന്ന് എഴുതിയ ഒരു ആമുഖം ഉണ്ട്. അത് ഇംഗ്ലീഷിലാണ്. മാത്രമല്ല ഒന്നാം ഭാഗത്തിന്റെ ശീർഷക താൾ മലയാളത്തിലും സംഗതി വിവരം (ഉള്ളടക്കം) താൾ ഇംഗ്ലീഷിലും ആണ്.

 

സാഹിത്യപ്രകാശിക-ഭാഗം ഒന്ന് - സംഗതി വിവരം താൾ
സാഹിത്യപ്രകാശിക-ഭാഗം ഒന്ന് – സംഗതി വിവരം താൾ

 

സാഹിത്യപ്രകാശിക-ഭാഗം രണ്ട് - സംഗതി വിവരം താൾ
സാഹിത്യപ്രകാശിക-ഭാഗം രണ്ട് – സംഗതി വിവരം താൾ

 

പുസ്തകത്തിന്റെ (PDF) 219മത്തെ താൾ തൊട്ട് രണ്ടാം ഭാഗം ആരംഭിക്കുന്നു. രണ്ടാം ഭാഗത്തിന്റെ ശീർഷക താൾ ഇംഗ്ലീഷിലും സംഗതി വിവരം താൾ മലയാളത്തിലും ആണ്.

പുസ്തകത്തിലെ ഉപന്യാസങ്ങളിൽ താൽപര്യം ഉള്ളവർ അത് വേണ്ടത് പോലെ വിശകലനം ചെയ്യുകയു ഉപയോഗപ്പെടുത്തുകയും ചെയ്യുമല്ലോ.

ഡിജിറ്റൈസേഷന്റെ വിവരം

പുസ്തകത്തിന്റെ ഫോട്ടോ എടുക്കാൻ ബൈജു രാമകൃഷ്ണനും പോസ്റ്റ്‌പ്രോസസിങ്ങിന് സുനിൽ വി.എസും സഹായിച്ചു. ഇപ്പോൾ ഇങ്ങനെ എളുപ്പത്തിൽ പറഞ്ഞു പോകുന്നു എങ്കിലും  ബൈജു രാമകൃഷ്ണന്റേയും സുനിലിന്റേയും സഹായം ഇല്ലായിരുന്നു എങ്കിൽ ഇതൊന്നും നിങ്ങളുടെ മുൻപിൽ ഇത്ര എളുപ്പം എത്തിക്കാൻ സാധിക്കുമായിരുന്നില്ല. കാരണം അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ പുസ്തക ഡിജിറ്റൈസേഷനിൽ വളരെ പ്രധാന്യമുള്ളതാണ്. അതിലെ ഒരു ഘടകം ഇല്ലാതായിൽ ഈ പരിപാടിയേ നടക്കാതാകും. അതിനാൽ അവരുടെ സേവനങ്ങളെ ഒരിക്കൽ കൂടെ നന്ദിയോടെ സ്മരിക്കുന്നു.

ഡൗൺലോഡ് വിവരം

ഡൗൺലോഡ് കണ്ണി: https://archive.org/download/SahithyaPrakashika1916/Sahithya_prakashika_1916.pdf (27 MB)

ഓൺലൈനായി വായിക്കാൻ: https://archive.org/stream/SahithyaPrakashika1916/Sahithya_prakashika_1916#page/n0/mode/2up