ആമുഖം
കഴിഞ്ഞ ദിവസം ശബ്ദതാരാവലി രണ്ടാം പതിപ്പ് ഒന്നാം വാല്യം റിലീസ് ചെയ്തിരുന്നല്ലോ. അത് എല്ലാവർക്കും ഉപയോഗപ്രദമാകുന്നുണ്ട് എന്ന് കരുതട്ടെ. പകർപ്പവകാശത്തിന്റെയോ മറ്റ് പരിമിതികളുടേയോ കെട്ടുപാടുകൾ ഇല്ലാതെ മലയാള പൊതുസഞ്ചയപുസ്തകങ്ങൾ ഉപയോഗിക്കാൻ കൂടുതൽ അവസരങ്ങൾ തുറക്കാൻ ഇടയാവട്ടെ എന്ന് ആഗ്രഹിക്കുന്നു.
കഴിഞ്ഞ പോസ്റ്റിൽ ശബ്ദതാരാവലി രണ്ടാം പതിപ്പ് രണ്ടാം വാല്യത്തിന്റെ പണികൾ നടക്കുക ആണെന്ന് സൂചിപ്പിച്ചിരുന്നല്ലോ. അത് പൂർത്തിയായിരിക്കുന്നു. അതിനാൽ അത് നിങ്ങളുമായി പങ്ക് വെക്കട്ടെ. ശബ്ദതാരാവലിയെ കുറിച്ചും ശബ്ദതാരാവലിയുടെ ഈ ഡിജിറ്റൈസേഷൻ പദ്ധതിയെ കുറിച്ചും എല്ലാം വിശദമായി കഴിഞ്ഞ പൊസ്റ്റിൽ പരാമർശിച്ചിരുന്നല്ലോ. അതിനാൽ അതൊന്നും ആവർത്തിക്കുന്നില്ല. രണ്ടാം വാല്യത്തിന്റെ പ്രത്യേകതകൾ മാത്രം ലഘുമായി പറഞ്ഞ് രണ്ടാം വാല്യത്തിന്റെ സ്കാൻ നിങ്ങളുമായി പങ്ക് വെക്കട്ടെ.
ശബ്ദതാരാവലി- രണ്ടാം വാല്യം ഡിജിറ്റൈസേഷൻ
ഒന്നാമത്തെ വാല്യത്തിന്റെ കാര്യത്തിൽ നിന്ന് വ്യത്യസ്തമായി രണ്ടാം വാല്യത്തിനായി ധാരാളം സമയം ചിലവഴിക്കേണ്ടി വന്നു. അതിന്റെ പ്രധാന കാരണം, ആദ്യഘട്ടത്തിൽ എളുപ്പം ഫോട്ടോ എടുത്ത് തീർക്കാൻ വേണ്ടി ചില സ്റ്റാൻഡേർഡുകൾ പാലിക്കാൻ പറ്റാഞ്ഞതാണ് .പല സൂം ലെവലിൽ എടുത്തതിന്റെ പ്രശ്നം, രണ്ട് താളുകൾ ഒരുമിച്ച് എടുത്തതിന്റെ പ്രശ്നം അങ്ങനെ പല വിധ കാരണങ്ങളാൽ പോസ്റ്റ് പ്രോസസിങ് അതീവ ദുഷ്കരമായി. എളുപ്പപണിക്ക് പൊയി ഇരട്ടി പണിയായി പോയി എന്ന സ്ഥിതി വിശെഷം വന്ന് ചേർന്നു. അതിനാൽ ആദ്യമെടുത്ത ഫോട്ടോകൾ എല്ലാം ഒഴിവാക്കാൻ തീരുമാനിച്ചു.
അതിനു ശെഷം ബൈജു രാമകൃഷ്ണനനുമായി ചേർന്ന് രണ്ടു ദിവസം മുഴുവൻ സമയവും നിന്ന് രണ്ടാം വാല്യം രണ്ടാമതും ഫോട്ടോ എടുത്തു. ഔട്ട് ഓഫ് ഫോക്കസായ താളുകളുടെ ഫോട്ടോ എടുക്കാൻ പിന്നെ ഒരു ദിവസവും കൂടെ പോകേണ്ടി വന്നു. അതിനു ശേഷം താളുകൾ ഓരോന്നായി അടുക്കിപെറുക്കി പൊസ്റ്റ് പ്രോസസിങ് പണികൾ ആരംഭിച്ചു. മുൻപത്തെ പൊസ്റ്റിൽ പറഞ്ഞിരുന്നത് പോലെ രണ്ടാം വാല്യത്തിന്റെ പൊസ്റ്റ് പ്രോസസിങും പൂർണ്ണമായി സുനിൽ വി.എസ്. ആണു ചെയ്തത്. വലിയ പുസ്തകം ആയതിനാൽ പൊസ്റ്റ് പ്രോസസിങിനു ധാരാളം സമയം എടുത്തു. ഞങ്ങളൂടെ പരിമിതികൾക്ക് ഉള്ളിൽ നിന്ന് എല്ലാം പരമാവധി ഭംഗിയായി തീർക്കാൻ ശ്രമിച്ചിട്ടൂണ്ട്.
രണ്ടാം വാല്യത്തിന്റെ ഉള്ളടക്കം
രണ്ടാം വാല്യത്തിനു ഏകദേശം 1080 താളുകൾ ആണുള്ളത്. ഈ വാല്യത്തിൽ ആമുഖമോ മറ്റ് പ്രസ്താവനകളോ ഒന്നും ഇല്ല. ശീർഷകതാളിനു ശേഷം നേരെ നിഘണ്ടു ഉള്ളടക്കം തുടങ്ങുകയാണ്. രണ്ട് വാല്യവും കൂടെ ഒരുമിച്ച് 1930ഓടെ റിലീസ് ചെയ്തു എന്ന് അനുമാനിക്കുന്നതിന് ഒരു കാരണം ഇത് കൂടാണൂ്. രണ്ടാം വാല്യത്തിൽ ധ മുതൽ ഴ വരെയുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഒന്നാം വാല്യത്തിലേത് പോലെ ഈ വാല്യത്തിലും ചില വാക്കുകളുടെ ഒപ്പം ചിത്രങ്ങൾ കാണാം.
കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ച പോലെ പല വാക്കുകളുടേയും വിവരണം വിജ്ഞാനകോശതലത്തിലേക്ക് പോകുന്നുണ്ട്. കാര്യങ്ങൾ വിശദീകരിക്കാൻ രേഖാചിത്രങ്ങളും പട്ടികകളും ഒക്കെ ഉപയോഗിച്ചിരിക്കുന്നു.
മറ്റൊരു പ്രത്യേകത കണ്ടത്, പുസ്തകത്തിന്റെ അവസാനം അനുബന്ധം എന്ന പേരിൽ 8 താളുകളിലായി കണ്ട വിഭാഗമാണ്. ഈ വിഭാഗത്തിൽ ഭൂരിപക്ഷവും കേരളക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുള്ള സുറിയാനി, ഗ്രീക്ക്, ലത്തീൻ വാക്കുകളുടെ മലയാള അർത്ഥങ്ങൾ ആണ്. എന്നാൽ അതിനു പുറമേ മലയാളം വാക്കുകളുടെ അർത്ഥവും ഉണ്ട്.
കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ നിങ്ങൾക്ക് വിട്ട് തരുന്നു.
ഒന്നാം വാല്യത്തിന്റെ കാര്യം പോലെ രണ്ടാം വാല്യവും റിലീസ് ചെയ്യാൻ സായാഹ്നയുടെ സെർവ്വർ ആണ് ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തെ സെർവ്വറിൽ നിന്നാണ് പ്രമാണങ്ങൾ ലഭ്യമാക്കുന്നത് എന്നത് കൊണ്ട് ഡൗൺലോഡ് ചെയ്യുമ്പോൾ വേഗതക്കുറവ് അനുഭവപ്പെട്ടേക്കാം.
ഡൗൺലോഡ് വിവരങ്ങൾ
1080 താളുകളുള്ള പുസ്തകം ആയതിനാൽ പുസ്തകത്തിന്റെ വലിപ്പം കൂടുതൽ ആണു്. അതിനാൽ വിവിധ തരത്തിലുള്ള ഔട്ട് പുട്ട് നിങ്ങളുടെ ഉപയൊഗത്തിനായി തരുന്നു.
- ഡൗൺലൊഡ് ചെയ്യാനായി ഉയർന്ന നിലവാരമുള്ള പിഡിഎഫ് (ഇതിനു് 75 MB ക്ക് അടുത്ത് സൈസ് ഉണ്ട്) ഒപ്പം ഓൺലൈൻ വായനാ സൗകര്യം – കണ്ണി
- ഡൗൺലൊഡ് ചെയ്യാനായി സൈസ് അല്പം കുറച്ചതും എന്നാൽ വായനയ്ക്ക് ഉതകുന്നതും ആയ ഒരു പിഡിഎഫ് – (ഇതിനു് 55 MB ക്ക് അടുത്ത് സൈസ് ഉണ്ട്)- കണ്ണി
- മറ്റു വിവിധ തരത്തിലുള്ള ഔട്ട്പുട്ടിനായി സായാഹ്ന ശബ്ദതാരാവലിയ്ക്കായി ഒരുക്കിയ ഈ താൾ സന്ദർശിക്കുക – ഡൗൺലോഡ് കണ്ണികൾ
ഉപസംഹാരം
ശബ്ദതാരാവലി രണ്ടാം പതിപ്പ് രണ്ടാം വാല്യം കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി നിങ്ങൾക്ക് വിട്ടു തരുന്നു. ഇതോടുകൂടി ശബ്ദതാരാവലിയുടെ രണ്ടാം പതിപ്പ് പൂർണ്ണമായി പൊതു ഉപയോഗത്തിനായി ലഭ്യമായിരിക്കുന്നു. രണ്ട് വാല്യത്തിലും കൂടെ 2200 ൽ പരം താളുകൾ ആണ് രണ്ടാം പതിപ്പിന് ഉള്ളത്. അത് പൂർണ്ണമായി ഡിജിറ്റൈസ് ചെയ്യാൻ പറ്റി എന്നത് നേട്ടമായി ഞങ്ങൾ കരുതുന്നു. ഈ പ്രവർത്തനത്തിൽ ഞങ്ങൾക്ക് എല്ലാ സഹായസഹകരണങ്ങളും തന്ന എല്ലാവർക്കും ഒരിക്കൽ കൂടെ നന്ദി അറിയിക്കട്ടെ.
ഈ വിധത്തിൽ ഒന്നാം പതിപ്പും 1946നു മുൻപ് പ്രസിദ്ധീകരിച്ച മറ്റ് പതിപ്പുകളും കണ്ടെടുത്ത് ശബ്ദതാരാവലിയുടെ പൊതുസഞ്ചയത്തിലുള്ള പതിപ്പുകൾ ഒക്കെ ഡിജിറ്റൈസ് ചെയ്ത് അത് ഭാവി ഉപയോഗത്തിനായി ആർക്കൈവ് ചെയ്യേണ്ടതാകുന്നു. അത് കാലക്രമേണ നടക്കും എന്ന് കരുതട്ടെ.
അവസാനമായി ശബ്ദതാരാവലി രണ്ടാം പതിപ്പിന്റെ യഥാർത്ഥവലിപ്പവും പുസ്കത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയും മനസ്സിലാക്കാൻ സഹായിക്കുന്ന രണ്ട് ചിത്രങ്ങൾ കൂടെ.
3 comments on “ശബ്ദതാരാവലി-രണ്ടാം പതിപ്പ്-വാല്യം രണ്ട്”
Great mission completed. Congratulations.Historical achievement.
omg thanks a million Sir,this helped me a lot!!! hats off for the tremendous effort,wont forget, I’m forever grateful to y’all ?
thank you.
Comments are closed.