ആമുഖം
ഈ ബ്ലോഗിലൂടെ ചെയ്യുന്ന ഡിജിറ്റൈസേഷൻ പദ്ധതിക്കു പൊതുജനശ്രദ്ധ ലഭിച്ചതിനു ശേഷമുള്ള ആദ്യത്തെ സ്കാൻ റിലീസ് ആണിത്. ഈ പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി എല്ലാവർക്കും വേണ്ടി പൊതുവായി ലഭ്യമാക്കാൻ വേണ്ടി എന്നെ ഏല്പിച്ച ഒരു പൊതുസഞ്ചയ പുസ്തക സ്കാൻ ആണിത്. ഇത് 1870കളിലെ ഒരു ധനതത്വശാസ്ത്ര പുസ്തകം ആണ്. പലവിധ കാരണങ്ങൾ കൊണ്ട് ഈ പുസ്തകം പ്രാധാന്യമുള്ളതാണ്. അതിന്റെ വിശദാംശങ്ങളിലേക്ക്.
പുസ്തകത്തിന്റെ വിവരം
- പേര്: ധനതത്വനിരൂപണം
- താളുകൾ: 79
- പ്രസിദ്ധീകരണ വർഷം: 1870
- പ്രസ്സ്: മുദ്രാവിലാസം അച്ചുകൂടം, തിരുവനന്തപുരം
പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം
Easy Lessons on Money Matters എന്ന ഇംഗ്ലീഷിലുള്ള മൂല ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷ ചെയ്താണ് ഈ പുസ്തകം. സർക്കാർ ബുക്ക് കമ്മറ്റിക്കാരാണ് ഇത് പരിഭാഷപ്പെടുത്തിയതെന്ന് പുസ്തകത്തിന്റെ ശീർഷകതാളിൽ നിന്നു മനസ്സിലാക്കാം. തിരുവിതാംകോട് സംസ്ഥാനത്തെ മലയാളപള്ളികൂടങ്ങളുടെ ഉപയോഗത്തിനായി ആണ് ഇത് ചെയ്തിരിക്കുന്നത്.
മുദ്രാവിലാസം അച്ചുകൂടത്തിൽ നിന്നു നമുക്ക് ലഭിക്കുന്ന ആദ്യത്തെ പുസ്തകം ആണിത്. കാലഘട്ടം 1870 ആയതിനാലും തെക്കോട്ട് ചന്ദ്രക്കല സംക്രമിച്ചിട്ടില്ലാത്തതിനാൽ ഈ പുസ്തകത്തിൽ സംവൃതോകാരാത്തിനോ മറ്റുസംഗതികൾക്കോ ചന്ദ്രക്കല ഇല്ല. സംവൃതോകാരം മിക്കവാറും ഒക്കെ അകാരമായി തന്നെ എഴുതിയിരിക്കുന്നു.
64,65 താളുകൾ പുസ്തകത്തിൽ നിന്ന് നഷ്ടപ്പെട്ടു എന്നൊരു ന്യൂനത പുസ്തകത്തിനുണ്ട്. എവിടെ നിന്നെങ്കിലും നല്ല ഒരു കോപ്പി കിട്ടിയാൽ ഇതു മറികടക്കാം.
ശീർഷകം സൂചിപ്പിക്കുന്ന പോലെ ധനതത്വശാസ്ത്രത്തിന്റെ ബാലപാഠങ്ങൾ ആണ് ഈ പാഠപുസ്തകത്തിന്റെ ഉള്ളടക്കം. കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാനും ഈ പുസ്തകം വിശകലനം ചെയ്യാനും ഈ വിഷയത്തിൽ ജ്ഞാനം കുറയായതിനാൽ മുതിരുന്നില്ല. അത് ഈ വിഷയത്തിൽ ജ്ഞാനം ഉള്ളവർ ചെയ്യുമല്ലോ.
കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ
ഈ പുസ്തകം ലഭ്യമായത് താഴെ പറയുന്ന 2 പേരുടെ സഹായത്തലാണ്:
- Dr. Rammohan K T, formerly Dean, Faculty of Social Sciences, Mahatma Gandhi University
- Mr. Justin Mathew, Assistant Professor, Hansraj College, Delhi University
ഇവർക്ക് രണ്ടു പേർക്കും നന്ദി രേഖപ്പെടുത്തട്ടെ.
ഈ പുസ്തകം ലഭ്യമായത് ബ്രിട്ടീഷ് ലൈബ്രറി ആർക്കൈവ്‌സിൽ നിന്നാണ്. അവിടെ നിന്നു നമുക്ക് കിട്ടുന്ന രണ്ടാമത്തെ പുസ്തകം ആണിത്. ഇതിനു മുൻപ് ഇന്ദുലേഖ ഒന്നാം പതിപ്പിന്റെ സ്കാനും അവിടെ നിന്നാണല്ലോ ലഭിച്ചത്.
ഇപ്പോൾ കിട്ടിയ കോപ്പി ആർക്കൈവൽ ഡിജിറ്റൈസേഷൻ എന്ന ഉദ്ദേശത്തോടെയല്ല ഫോട്ടോ എടുത്തിരിക്കുന്നത് എന്നതിനാൽ ഡിജിറ്റൽ കോപ്പിയുടെ ഗുണനിലവാരം അത്രപോരാ. എങ്കിലും പരമാവധി പ്രശ്നങ്ങൾ പോസ്റ്റ് പ്രൊസസിങിലൂടെ മറികടക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഡൗൺലോഡ് വിവരങ്ങൾ
ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:
- സ്കാനുകൾ എല്ലാം ലഭ്യമായ പ്രധാന താൾ: https://archive.org/details/1870_Dhana_Thathwa_Nirupanam
- ഓൺലൈനായി വായിക്കാൻ (ഗ്രേസ്കെയിൽ) : ഓൺലൈൻ വായനാ കണ്ണി
- ഡൗൺലോഡ് കണ്ണി (ബ്ലാക്ക് ആന്റ് വൈറ്റ്): ഡൗൺലോഡ് കണ്ണി (3.1 MB)
You must be logged in to post a comment.