കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ പൊതുസഞ്ചയത്തിലേക്ക്

ഗവേഷണവിദ്യാർത്ഥികൾക്കും വിക്കിഗ്രന്ഥശാലപോലുള്ള സന്നദ്ധസമൂഹത്തിനും പകർപ്പവകാശത്തിനു പുറത്തുള്ള മൂലരേഖകൾ കിട്ടാനുള്ള ബുദ്ധിമുട്ട് നേരിട്ടു മനസ്സിലാക്കിയാണ് ഞാൻ എന്റെ കൈയിൽ ലഭ്യമാകുന്ന പൊതുസഞ്ചയരേഖകളൊക്കെ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടുവരുന്ന ഒരു പദ്ധതി എന്റെ ഒഴിവ് സമയത്ത് ചെയ്യാൻ തുടങ്ങിയത്. കൈയിൽ ലഭ്യമാകുന്ന രേഖകൾ ഉപയോഗിച്ച് ഇതിനകം രണ്ടു ഗവേഷണലേഖനങ്ങൾ രചിച്ചതിന്റെ ഭാഗമാകാനും എനിക്കു കഴിഞ്ഞു.

കേരളവും മലയാളവുമായി ബന്ധപ്പെട്ട് ഞാൻ നടത്തുന്ന പൊതുസഞ്ചയരേഖകളുടെ ഡിജിറ്റസേഷൻ എന്ന എന്റെ അരുമചെറുപദ്ധതിയെ പറ്റി അത്യാവശ്യം മാദ്ധ്യമ ശ്രദ്ധയും ഇതിനകം കിട്ടിയതാണ്. ഇതിനകം വന്ന രണ്ട് മാദ്ധ്യമ വാർത്തകൾ ഇവിടെയും ഇവിടെയും ആയി കാണാം.

എന്നാൽ ഇപ്പോൾ അത് ഒരു പൊതുപദ്ധതിയാകാനുള്ള സൂചനകൾ തരുന്നു. ഈയടുത്തായി ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടു വരാൻ സഹായിക്കാമോ എന്ന് ചൊദിച്ച് ധാരാളം അഭ്യർത്ഥനകൾ എനിക്കു വരുന്നുണ്ട്. ജീവിതസന്ധാരണത്തിനുള്ള എന്റെ ജോലിയെ ബാധിക്കാത്ത വിധത്തിൽ ഇത്തരം അഭ്യർത്ഥനകൾ ചില നിഅബന്ധകളോടെ ചുരുങ്ങിയ അളവിൽ ഞാൻ എടുക്കുന്നുണ്ട്.

താഴെ പറയുന്നതാണ് നിബന്ധനകൾ:

  1. കോപ്പിറൈറ്റ് കഴിഞ്ഞതോ സ്വതന്ത്രലൈസൻസോടുകൂടിയതോ അവകാശികൾ ഇല്ലെന്ന് ഉറപ്പുള്ളതോ ആയ രചനകൾ മാത്രമേ ഞാൻ ഡിജിറ്റൈസ് ചെയ്യൂ.
  2. ഡിജിറ്റൈസ് ചെയ്യുന്ന സംഗതികൾ ഒക്കെയും എന്റെ ബ്ലോഗിൽ കൂടെയും ആർക്കൈവ്.ഓർഗിലൂടെയും പൊതുവായി ലഭ്യമാക്കും.
  3. ഡിജിറ്റൈസ് ചെയ്യാനുള്ള രേഖകൾ അവരവരുടെ ചിലവിൽ ബാംഗ്ലൂരിൽ എന്റെ താമസസ്ഥലത്ത് എത്തിക്കുകയും ഡിജിറ്റൈസേഷൻ തീർന്നതിനു ശേഷം അവരവരുടെ ചിലവിൽ തന്നെ തിരിച്ചു കൊണ്ടു പോവുകയും വേണം.

എന്റെ ജോലിയേയും സാമ്പത്തിക സ്ഥിതിയേയും ബാധിക്കാത്ത തരത്തിൽ (സമയവും, ചെറിയ അളവിലുള്ള സാമ്പത്തിക നഷ്ടവും ഒഴിവാക്കാൻ പറ്റില്ല)‌ നിബന്ധകൾ വെച്ചിട്ടും ഡിജിറ്റൈസ് ചെയ്ത് പബ്ലിക്ക് ആക്കാനുള്ള അഭ്യർത്ഥനകൾ കൂടി കൂടി വരുന്നു. ഈയടുത്തായി ആ വിധത്തിൽ അഞ്ചാറ് അഭ്യർത്ഥനകൾ എനിക്കു കിട്ടി. കഴിഞ്ഞ എട്ടൊൻപത് വർഷങ്ങൾ കൊണ്ട് പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്ത് പബ്ലിക്ക് ആക്കിയതിലൂടെ ഞാൻ ആർജ്ജിച്ച വിശ്വസ്തത അതിനു ഒരു കാരണം ആയിരിക്കാം എന്നു തോന്നുന്നു.

ഈയടുത്ത് എനിക്കു വന്ന അഭ്യർത്ഥനകളിൽ ഏറ്റവും പ്രമുഖമായത് മൺമറഞ്ഞ മലയാള സാഹിത്യകാരനും ശാസ്ത്രമെഴുത്തുകാരനും ഒക്കെയായായിരുന്ന കോന്നിയൂർ നരേന്ദ്രനാഥിന്റെ രചനകൾ മൊത്തം ഡിജിറ്റൈസ് ചെയ്ത് പബ്ലിക്ക് ആക്കാൻ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി അദ്ദേഹത്തിന്റെ മക്കൾ ശ്രീലതയും ശ്രീകുമാറും എന്നെ സമീപിച്ചത് ആണ്. കോന്നിയൂർ നരേന്ദ്രനാഥിന്റെ ഒരു പടം അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ നിന്നു കിട്ടിയത് താഴെ ചേർക്കുന്നു.

കോന്നിയൂർ ആർ. നരേന്ദ്രനാഥി
കോന്നിയൂർ ആർ. നരേന്ദ്രനാഥ്

 

കോന്നിയൂർ ആർ നരേന്ദ്രനാഥിനെ പറ്റിയുള്ള ചെറിയ കുറിപ്പ് മലയാളം വിക്കിപീഡിയയിൽ ഇവിടെ കാണാം.

കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ മകൾ ശ്രീലത ആണ് അദ്ദേഹത്തിന്റെ രചനകൾ ഡ്ജിറ്റൈസ് ചെയ്ത് പബ്ലിക്ക് ആക്കാൻ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി ഇമെയിലിൽ എന്നെ സമീപിച്ചത്. പതിവു പോലെ ഞാൻ എന്റെ നിബന്ധകൾ പറഞ്ഞു. തങ്ങളുടെ അച്ഛന്റെ രചനകൾ പൊതുസമൂഹത്തിനു ഉപകാരപ്പെടണം എന്നു ചിന്തിക്കുന്ന മക്കൾ അതൊക്കെ അംഗീകരിച്ചു.

നിലവിലെ കോപ്പിറൈറ്റ് ഹോൾഡറുമാരായ മകൾ ശ്രീലതയും മകൻ ശ്രീകുമാറും മുൻകൈ എടുത്ത് കോന്നിയൂർ നരേന്ദ്രനാഥിന്റെ ഇന്നിന്ന രചനകൾ ഫ്രീ ലൈസൻസിൽ ആക്കുന്നു എന്ന ഒരു കരാർ എഴുതി അയച്ചു തന്നു. കരാറിന്റെ ഒരു ഭാഗം താഴെ ചിത്രത്തിൽ.

 

കോന്നിയൂർ ആർ നരേന്ദ്രനാഥ് - സ്വതന്ത്ര ലൈസൻസ് കരാർ
കോന്നിയൂർ ആർ നരേന്ദ്രനാഥ് – സ്വതന്ത്ര ലൈസൻസ് കരാർ

നിലവിൽ കോന്നിയൂർ നരേന്ദ്രനാഥിന്റെ 17 രചനകൾ ആണ് മക്കൾ പൊതു ഇടത്തിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. ബാക്കി ഉള്ള രചനകൾ കണ്ടെടുക്കുന്ന മുറയ്ക്ക് ഫ്രീ ലൈസൻസിൽ ആക്കാനാണ് മക്കളുടെ ഉദ്ദേശം. ഫ്രീ ലൈസൻസിൽ ആക്കിയതിനു പുറമേ ഈ 17 രചനകളും അവർ ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു.

ഈ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ ഞാൻ പതുക്കെ ആരംഭിച്ചിട്ടുണ്ട്. ഇനിയുള്ള നാളുകളിൽ അതു പതുക്കെ പുറത്തുവരും. ഈ പ്രത്യേക വാർത്ത മറ്റുള്ളവർക്കും പ്രചോദനമാകും എന്നു കരുതാം.

Comments

comments

2 comments on “കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ പൊതുസഞ്ചയത്തിലേക്ക്

Comments are closed.