മലയാള അക്കങ്ങൾ

മലയാള അക്കങ്ങൾ ഏതൊക്കെ ആണെന്നും അതിന്റെ ചിഹ്നങ്ങൾ എന്തൊക്കെ ആണെന്നും ഇക്കാലത്ത് യൂണിക്കൊഡ് മലയാളവുമായി ബന്ധപ്പെടുന്ന മിക്കവർക്കും അറിയാമല്ലോ. പഴയ തലമുറ ഇത് നിത്യജീവിതത്തിൽ ഉപയോഗിച്ചിരുന്നതാണെങ്കിലും പിന്നീട് ഇൻഡോ-അറബിക്ക് അക്കവ്യവസ്ഥ പാഠ്യപദ്ധതിയിലും മറ്റ് ഇടങ്ങളിലും വ്യാപകമായതൊടെ ഇത് മലയാളികളുടെ മനസ്സിൽ നിന്ന് മറഞ്ഞു പോയിരുന്നു. അതിനാൽ തന്നെ ഒരു ഇടക്കാലത്ത് ഇത് എന്താണെന്നൊ മലയാളത്തിനു തനതായ അക്കങ്ങൾ ഉണ്ടോ എന്ന് പോലും അറിയാത്ത കുറച്ച് തലമുറകൾ ഇവിടെ ഉണ്ടായി. ഞാനൊക്കെ ആ തലമുറയിൽ പെട്ട ആളാണ്.

പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം സത്യവേദപുസ്തകവുമായി ചെറുപ്പം മുതലേ സമ്പർക്കം ഉണ്ടായിരുന്നതിനാൽ മലയാള അക്കങ്ങൾ എനിക്ക് പരിചിതമായിരുന്നു. (അതിലെ പഴയ ലിപിയിൽ ഉള്ള എഡീഷനിൽ ഇപ്പൊഴും മലയാള അക്കങ്ങൾ ഉപയോഗിക്കുന്നുണ്ട്) പക്ഷെ എന്റെ ഒപ്പം ഉണ്ടായിരുന്ന പലർക്കും ഇത് അറിയുകയേ ഇല്ലായിരുന്നു എന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഓൺലൈനുമായോ യൂണിക്കോഡ് മലയാളവുമായി ബന്ധപ്പെട്ടില്ലാത്ത എന്റെ ചില കൂട്ടുകാർക്ക് ഇപ്പൊഴും ഇത് അറിയില്ല. പക്ഷെ ഇപ്പോൾ ഓൺലൈനിൽ യൂണിക്കോഡ് മലയാളം വ്യാപകമായതൊടെ മിക്കവർക്കും മലയാള അക്കങ്ങൾ പരിചിതമായി തുടങ്ങി. അക്കങ്ങൾ എഴുതുന്നതിനു മലയാളികൾ ഇൻഡോ-അറബിക്ക് അക്കവ്യവസ്ഥ തന്നെയാന്ന് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നതെങ്കിലും വായനയെ ബാധിക്കാത്ത വിധത്തിൽ ചിഹ്നമായും മറ്റും മലയാള അക്കങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നതിനാൽ ഇത് എന്താണെന്ന് ആളുകൾക്ക് ഇപ്പോൾ അറിയാം എന്ന നില ആയിട്ടുണ്ട്. (ർ, ൻ എന്നീ ചില്ലുകളുടെ സ്ഥാനത്ത് മലയാള അക്കങ്ങൾ ൪ (4) ൯ (9) എന്നിവ ഉപയോഗിച്ച് മലയാളം എഴുത്തിനെ തന്നെ വികലമാക്കി കളയുന്ന കൂട്ടരെ ഇവിടെ വിഷയമാക്കുന്നില്ല.)

മലയാള അക്കങ്ങൾ ഒന്ന് കൂടെ താഴെ എടുത്ത് എഴുതാം

 • ൦ – പൂജ്യം
 • ൧ – ഒന്ന്
 • ൨ – രണ്ട്
 • ൩ – മൂന്ന്
 • ൪ – നാല്
 • ൫ – അഞ്ച്
 • ൬ – ആറ്
 • ൭ – ഏഴ്
 • ൮ – എട്ട്
 • ൯ – ഒൻപത്

കുറിപ്പ്: ഇതിൽ മലയാളം പൂജ്യം (൦) യൂണിക്കോഡ് 5.1 നു മുൻപ് തെറ്റായി രേഖപ്പെടുത്തിയത് കാരണം (മലയാളം 1/4- ൳സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ൳ എന്ന രൂപമായിരുന്നു യൂണിക്കോഡ് 5.0 വരെ) പഴയ വേർഷനിലുള്ള ഫോണ്ടാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ മുകളിലെ മലയാളം പൂജ്യം തെറ്റായേ കാണുകയുള്ളൂ. അതിനാൽ ഫോണ്ട് അടിയന്തിരമായി പുതുക്കുക.

ഇപ്പോൾ നമ്മൾ മലയാള അക്കങ്ങൾ പ്ലേസ് വാല്യൂ സിസ്റ്റം/Positional notation അനുസരിച്ചാണ് എഴുതുന്നത്. നിലവിൽ ഇതു വരെ നമുക്ക് കിട്ടിയ തെളിവനുസരിച്ച് ബെഞ്ചമിൻ ബെയിലി ആണ് 1829 മുതൽ പ്ലേസ് വാല്യു സിസ്റ്റം ഉപയോഗിച്ച് മലയാള അക്കം എഴുതുന്ന രീതി  മലയാളത്തിൽ സജീവമായി ഉപയോഗിക്കാൻ തുടങ്ങിയത്. (അതിനു മുൻപ് പ്ലേസ് വാല്യൂ സിസ്റ്റത്തിൽ മലയാള അക്കങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ ബെഞ്ചമിൻ ബെയിലിക്കു മുൻപുള്ള കയ്യെഴുത്ത് പ്രതികളും  മറ്റ് രേഖകളും നമുക്ക് ലഭിക്കേണ്ടതുണ്ട്. എന്റെ അഭിപ്രായത്തിൽ പ്ലേസ് വാല്യു സിസ്റ്റം കുറഞ്ഞ പക്ഷം കേരളത്തിലെ ജ്യോതിശാസ്ത്ര-ഗണിതശാസ്ത്രജ്ഞന്മാർ എങ്കിലും ഉപയോഗിച്ചിട്ടുണ്ടാകാം )

എന്നാൽ ബെഞ്ചമിൻ ബെയിലി പ്ലേസ് വാല്യു സിസ്റ്റം ഉപയോഗിച്ച് മലയാള അക്കങ്ങൾ സജീവമായി ഉപയോഗിക്കുന്നതിനു മുൻപ് ഏകദേശം റോമൻ അക്കങ്ങൾ (I,II,III,IV,V,…IX,X…) എഴുതുന്ന രീതിയിൽ ആയിരുന്നു മലയാള അക്കങ്ങൾ എഴുതിയിരുന്നത്. (റോമൻ അക്കങ്ങൾ ഇവിടെ ഉദാഹരണമായി പറയാൻ കാരണം ആ രീതി മിക്കവർക്കും പരിചയമുണ്ട് എന്നതുകൊണ്ടാണ്).

എനിക്ക് ഈ രീതിയുടെ ശരിയായ പേർ അറിയില്ല. തൽക്കാലം നമുക്ക് അതിനെ പഴയ മലയാള അക്ക രീതി എന്നു വിളിക്കാം.  ഇന്ത്യൻ ഭാഷകളിൽ മലയാളത്തിനു പുറമേ കുറഞ്ഞ പക്ഷം തമിഴും ഇതിനു സമാനമായ രീതിയിൽ ആയിരുന്നു അക്കങ്ങൾ എഴുതിയിരുന്നത്.  റോമൻ അക്കങ്ങൾ സമാനമായ രീതിയിൽ എഴുതുന്നത് നമ്മളൊക്കെ നിത്യജീവിതത്തിൽ ഇപ്പൊഴും ഉപയോഗിക്കുന്നതാണ്. മലയാളത്തിൽ ഈ പഴയ മലയാള അക്ക രീതി-യുടെ ഏറ്റവും വലിയ പ്രത്യേകത ഇതിൽ പൂജ്യത്തിന്റെ ഉപയോഗം ഇല്ല എന്നതാണ്. ഈ പഴയ മലയാള അക്ക രീതി പരിചയപ്പെടുത്തുക എന്നത് മാത്രമാണ് ഈ പൊസ്റ്റിന്റെ ഉദ്ദേശം.

മലയാള അക്കങ്ങൾ
മലയാള അക്കങ്ങൾ

ഈ രീതിയിൽ എങ്ങനെ അക്കങ്ങൾ എഴുതുന്നു എന്നത് നമുക്ക് ഒന്ന് പരിശോധിക്കാം. ആദ്യം ഇതിൽ ഉപയോഗിക്കുന്ന ചിഹ്നങ്ങളെ ഒന്ന് പരിചയപ്പെടാം.

൧, ൨, ൩, ൪, ൫, ൬, ൭, ൮, ൯ ഈ ഒൻപത് ചിഹനങ്ങൾ ഈ പഴയ മലയാള അക്ക രീതി-യിലും ഉണ്ട്. അതിനു പുറമേ  വേറെ കുറച്ച് ചിഹ്നങ്ങൾ കൂടെ ഇതിൽ ഉണ്ട്.

 • ൰ – പത്ത് എന്ന സംഖ്യയെ സൂചിപ്പിക്കാൻ
 • ൱ – നൂറ് എന്ന സംഖ്യയെ സൂചിപ്പിക്കാൻ
 • ൲ – ആയിരം എന്ന സംഖ്യയെ സൂചിപ്പിക്കാൻ
 • ൳- കാൽ ഭാഗത്തെ സൂചിപ്പിക്കാൻ
 • ൴ – അര ഭാഗത്തെ സൂചിപ്പിക്കാൻ
 • ൵ – മുക്കാൽ ഭാഗത്തെ സൂചിപ്പിക്കാൻ

ഈ ചിഹ്നങ്ങൾക്ക് പുറമെ ഭിന്നസംഖ്യകളേയും മറ്റും സൂചിപ്പിക്കാൻ ഒട്ട് അനവധി ചിഹ്നങ്ങൾ വേറെയും ഉണ്ട്. ഭിന്നസംഖ്യകളുടെ ചിഹ്നങ്ങൾ യൂണിക്കോഡിൽ എൻകൊഡ് ചെയ്യാൻ പ്രൊപ്പൊസൽ സമർപ്പിച്ചിട്ടേ ഉള്ളൂ. അത് എൻകോഡ് ചെയ്ത് വരാൻ സമയമെടുക്കും.

ഇനി ഈ രീതിയിൽ നമുക്ക് ചില പ്രധാനപ്പെട്ട സംഖ്യകൾ ഒന്ന് എഴുതി നോക്കാം.

ഇൻഡോ-അറബിക്ക് അക്കവ്യവസ്ഥപഴയ മലയാള അക്കരീതി
1
2
3
4
5
6
7
8
9
10
11 ൰൧
12൰൨
20 (ഇരുപത്=രണ്ട് പത്ത്)൨൰
21 (ഇരുപത്തിഒന്ന് = രണ്ട് പത്ത് ഒന്ന്)൨൰൧
30 (മുപ്പത് = മുന്ന് പത്ത്)൩൰
90 (തൊണ്ണൂറ് = ഒൻപത് പത്ത്)൯൰
91 (തൊണ്ണൂറ്റി ഒന്ന് = ഒൻപത് പത്ത് ഒന്ന്)൯൰൧
100 (നൂറ്)
101 (നൂറ്റി ഒന്ന്)൱൧ (അപൂർവ്വമായി ചില കൈയ്യെഴുത്തു പ്രതികളിൽ ൧൱൧ (ഒരു നൂറ്റി ഒന്ന്) എന്ന രൂപവും കാണുന്നുണ്ട്.)
110 (നൂറ്റി പത്ത് = നൂറ് പത്ത്)൱൰
120 (നൂറ്റി ഇരുപത് = നൂറ് രണ്ട് പത്ത്) ൱൨൰
200 (ഇരുനൂറ് = രണ്ട് നൂറ്)൨൱
1000 (ആയിരം)
1001 (ആയിരത്തി ഒന്ന്)൲൧
2000 (രണ്ടായിരം =രണ്ട് ആയിരം)൨൲
10,000 (പതിനായിരം = പത്ത് ആയിരം)൰൲
10,001 (പതിനായിരത്തി ഒന്ന് = പത്ത് ആയിരം ഒന്ന്)൰൲൧
10,010 (പതിനായിരത്തി പത്ത് = പത്ത് ആയിരം പത്ത്)൰൲൰
10,099 (പതിനായിരത്തി തൊണ്ണൂറ്റി ഒൻപത് = പത്ത് ആയിരം ഒൻപത് പത്ത് ഒൻപത് )൰൲൯൰൯
10,100 (പതിനായിരത്തി ഒരുനൂറ് = പത്ത് ആയിരം നൂറ്)൰൲൱
11,000 (പതിനോരായിരം = പത്ത് ഒന്ന് ആയിരം)൰൧൲
20,000 (ഇരുപതിനായിരം = രണ്ട് പത്ത് ആയിരം )൨൰൲
90,000 (തൊണ്ണൂറായിരം = ഒൻപത് പത്ത് ആയിരം)൯൰൲
1,00,000 (ഒരു ലക്ഷം = ഒന്ന് നൂറ് ആയിരം)൧൱൲
10,00,000 (പത്ത് ലക്ഷം = പത്ത് നൂറ് ആയിരം)൰൱൲
1000000 (ഒരു കോടി/നൂറ് ലക്ഷം = നൂറ് നൂറ് ആയിരം)൱൱൲

കുറിപ്പ്: ഇതിൽ ചില സംഖ്യകൾ എഴുതുമ്പോൾ (ഉദാ ൨൰ (20) ) അതിലുള്ള ചിഹ്നങ്ങൾ ചേർത്തെഴുതി കൂട്ടക്ഷരം പോലെ ആണ് ചില കൈയ്യെഴുത്ത് പ്രതികളിൽ കാണുന്നത്.  ഈ ചിഹ്നങ്ങൾ യൂണീക്കോഡിൽ എൻകോഡ് ചെയ്തു കഴിഞ്ഞാൽ ഇത്തരം രൂപങ്ങൾ ഫോണ്ട് തലത്തിൽ കൈകാര്യം ചെയ്യാമെന്ന് കരുതുന്നു.

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഈ രീതിയിൽ അക്കം എഴുതുന്നത് നമുക്ക് വളരെ പ്രയാസം ആയിത്തോന്നാം. ഒരു പക്ഷെ പ്ലേസ് വാല്യൂ സിസ്റ്റത്തിലുള്ള അക്കരീതി ലോകവ്യാപകമായി എന്ത് കൊണ്ട് ജനപ്രിയമായി തീർന്നു എന്നതിനുള്ള ഉത്തരം കൂടി ആണത്. പക്ഷെ വാസ്തവത്തിൽ ഈ രീതി അത്ര പ്രയാസം ഒന്നും അല്ല താനും. നമ്മുടെ പൂർവ്വികർ അവരുടെ നിത്യജീവിതത്തിൽ വ്യാപകമായി ഈ രീതി തന്നെയാണ് ഉപയൊഗിച്ചിരുന്നത്. അക്കങ്ങൾ അക്ഷരരൂപത്തിൽ വായിക്കുമ്പോൾ ഈ രീതിയിൽ എഴുതുന്നത് വളരെ എളുപ്പമായാണ് എനിക്ക് തോന്നിയത്. ഉദാഹരണത്തിന്, രണ്ടായിരത്തി പതിമൂന്ന് (2013) എന്ന് എഴുതാൻ ൨൲൰൩  = (രണ്ട് ആയിരത്തി പത്ത് മൂന്ന്  എന്ന് സുഖമായി എഴുതി പോകാം. (അപൂർവ്വമായി ചില കൈയ്യെഴുത്തു പ്രതികളിൽ ൨൲൧൰൩ (രണ്ട് ആയിരത്തി ഒരു പത്ത് മൂന്ന് ) എന്ന രൂപവും കാണുന്നുണ്ട്.) പ്ലേസ് വാല്യു സിസ്റ്റത്തിൽ അക്കങ്ങൾ എഴുതി ശീലിച്ച നമ്മൾക്ക് ഇത് ൨൦൧൩ എന്നെഴുതന്നാവും സൗകര്യമായി തോന്നുക.

എന്തായാലും ഈ രീതിയിൽ ആയിരുന്നു ഒരു കാലത്ത് നമ്മുടെ പൂർവ്വികർ സംഖ്യകൾ കൈകാര്യം ചെയ്തിരുന്നത് എന്ന ഓർമ്മപ്പെടുത്തൽ ആയി മാത്രം കരുതിയാൽ മതി ഈ കുറിപ്പ്. അച്ചടിയിൽ 1830കൾ മുതൽ പ്ലേസ് വാല്യു സിസ്റ്റം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയെങ്കിലും കൈയ്യെഴുത്തിലും ആശാൻ പള്ളിക്കൂടത്തിലും മറ്റും ഈ പഴയ രീതി ദീർഘകാലം നിലനിന്നിരിക്കാൻ സാദ്ധ്യത ഉണ്ട്. എന്തായാലും നിലവിൽ ചരിത്രപരമായ പ്രാധാന്യം മാത്രമേ നിലവിൽ ഈ രീതിക്ക് ഉള്ളൂ.