1878-കേരളകൗമുദീ-കോവുണ്ണി നെടുങ്ങാടി-കൂനമ്മാവുങ്കൽ അച്ചുകൂടം

ആമുഖം

കേരളപാണിനീയം 1896ൽ വരുന്നതു വരെ അച്ചടിച്ച മലയാളവ്യാകരണ ഗ്രന്ഥങ്ങൾ ഓരോന്നും ഓരോ തരത്തിൽ സവിശേഷതയുള്ളതാണ്.  ഇതിൽ ഒരു ഗ്രന്ഥം മാത്രമാണ് നമുക്ക് ഇതിനകം കിട്ടിയത്. അത് 1863ലെ ജോർജ്ജ് മാത്തന്റെ  മലയാഴ്മയുടെ വ്യാകരണം ആണ്. ആ പുസ്തകം ഒരു മലയാളി എഴുതിയ വ്യാകരണ ഗ്രന്ഥം എന്നതിനു പുറമേ അതിന്റെ ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായിരുന്നു. ആ പുസ്തകം നമുക്ക് സുനിൽ പ്രഭാകറിന്റെ പ്രയത്നത്താലാണ് ലഭ്യമായത്. ഇപ്പൊഴിതാ മറ്റൊരു മലയാള വ്യാകരണ പുസ്തകം കൂടെ നമുക്കു സുനിൽ പ്രഭാകറിന്റെ തന്നെ പ്രയത്നത്താൽ തന്നെ ലഭ്യമായിരിക്കുന്നു. ഈ വട്ടം കോവുണ്ണി നെടുങ്ങാടിയുടെ “കേരള കൗമുദി” എന്ന മലയാളവ്യാകരണ ഗ്രന്ഥമാണ് നമുക്ക് ലഭ്യമായിരിക്കുന്നത്. പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്

പുസ്തകത്തിന്റെ വിവരം

  • പേര്: കേരളകൗമുദീ
  • താളുകൾ: 240
  • രചയിതാവ്: തോട്ടക്കാട്ടിൽ മേലേതിൽ കോവുണ്ണി നെടുങ്ങാടി
  • പ്രസ്സ്: കൂനമവുങ്കൽ അമലോത്ഭവമാതാവിന്റെ അച്ചുകൂടം
  • പ്രസിദ്ധീകരണ വർഷം: 1878
1878-കേരളകൗമുദീ-കോവുണ്ണി നെടുങ്ങാടി
1878-കേരളകൗമുദീ-കോവുണ്ണി നെടുങ്ങാടി

ഉള്ളടക്കം

മലയാളവ്യാകരണം ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഗ്രന്ഥകർത്താവായ കോവുണ്ണി നെടുങ്ങാടി ഒരു പ്രത്യേക ശൈലിയിലാണ് ഈ പുസ്തകത്തിന്റെ വിന്യാസം നിർവ്വഹിച്ചിരിക്കുന്നത്. ഉള്ളടക്കത്തെ വിവിധ അദ്ധ്യായങ്ങളായി വിഭജിച്ചിട്ടുണ്ട്. ഓരോ അദ്ധ്യായവും ശ്ലോകങ്ങളായി വിഭജിച്ചിരിക്കുന്നു. ഈ ശ്ലോകങ്ങളുടെ വിശദീകരണത്തിലൂടെയാണ് പുസ്തകത്തിന്റെ ഉള്ളടക്കം വികസിക്കുന്നത്.

ഗ്രന്ഥകർത്താവായ കോവുണ്ണി നെടുങ്ങാടിയെപറ്റിയുള്ള ലഘുകുറിപ്പിന്  മലയാളം വിക്കിപീഡിയയിലെ ഈ ലേഖനം കാണുക.

ഈ പുസ്തകം നിർമ്മിക്കാൻ ഗുണ്ടർട്ട്, ജോർജ്ജ് മാത്തൻ, ഗാർത്തുവെയിറ്റ് എന്നിവരുടെ കൃതികൾ സഹായമായിട്ടുണ്ട് എന്ന് ഗ്രന്ഥകാരൻ പറയുന്നുണ്ട്. അതിൽ ഗുണ്ടർട്ട് കൃതിയുടെ സഹായം വളരെ ഉപയോഗപ്പെട്ടു എന്നും പറയുന്നുണ്ട്. അതു സംബന്ധിച്ച് ഒരു ശ്ലോകവും പുസ്തകത്തിൽ കാണാം.

ഗുണ്ടർട്ടെന്ന പ്രബലമതിമാനിട്ടനൂലൊട്ടുകൊള്ളാം
ഗീവർഗ്ഗീസും പുനരൊരുതരം ചേർത്തതും നന്നു പാർത്താൽ
ഗുണ്ടർട്ടിന്നൂലുപരികലനം ചെയ്തി ഗാർത്തുവൈറ്റും
പൂർവ്വന്മാരാവരെയനുകൂലിപ്പനാവോളമെല്ലാം

എന്നതാണ് ശ്ലോകം.

വാരാപ്പുഴ മിഷ്യൻ വക കൂനമവുങ്കൽ അമലോത്ഭവമാതാവിന്റെ അച്ചുകൂടത്തിലാണ് ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത്. ഈ അച്ചടി ശാലയിൽ നിന്ന് പുറത്തുവന്നതിൽ നമുക്കു കിട്ടിയ ആദ്യത്തെ പുസ്തകമാണിത്.

ചന്ദ്രക്കലയുടെ ഉപയോഗം സംബന്ധിച്ച് (ചന്ദ്രക്കലയെ സംബ്വന്ധിച്ചുള്ള ഈ ലേഖനം കാണുക) ചില പ്രത്യേകതകൾ ഈ പുസ്തകത്തിനുണ്ട്.

… സംവൃതാന്തങ്ങളിൽ വേണ്ടതായ മീത്തൽ ചന്ദ്രക്കലാ ചിഹ്നമോ, ചുവട്ടിൽ ഉ. ശാരികയൊ ഏതെങ്കിലുമൊരു അർദ്ധയുകാരമോ…  ചേർത്ത് തരമ്പോലെ കണ്ടുകൊള്ളേണ്ടതാകുന്നു എന്ന പ്രസ്താവനയാണ് 1878ൽ അച്ചടിച്ച ഈ പുസ്തകത്തിൽ സംവൃതോകാരത്തിന്റെ ചിഹ്നത്തെ സംബന്ധിച്ച് എടുത്തു പറയേണ്ട ഒരു പ്രസ്താവന. പുസ്തകത്തിൽ ചിലയിടത്തൊക്കെ (PDF പേജ് 22) സംവൃതോകാരത്തിനായി ചന്ദ്രക്കല ഉപയോഗിച്ചിരിക്കുന്നതും കാണാം. അതിനു പുറമേ വ്യഞ്ജനാക്ഷങ്ങളിൽ നിന്ന് സ്വരത്തെ മാറ്റി കാണിക്കുക (കേവലവ്യഞ്ജനം) എന്ന ഉദ്ദേശത്തിനും ചന്ദ്രക്കല ഉപയോഗിച്ചിട്ടുണ്ട് (PDF പേജ് 20). ഈ സ്ഥലങ്ങളിൽ ചന്ദ്രക്കലയുടെ സ്ഥാനം അക്ഷരത്തിന്റെ ഇടത്തേ അറ്റത്തായാണ് കാണുന്നത്.  അതിനും പുറമേ ചില വ്യഞ്ജനങ്ങളുടെ ശുദ്ധരൂപം ഉണ്ടാക്കാൻ അതിനു മുകളിൽ കുഞ്ഞുവട്ടവും ഉപയോഗിച്ചിട്ടൂണ്ട് (PDF പേജ് 23) .

പുസ്തകത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് കൂടുതൽ പഠനം ഈ വിഷയത്തിൽ പണ്ഡിതരായവർ നടത്തിയിട്ടൂണ്ടാവും എന്നു കരുതുന്നു. കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ