1940 ബാലപാഠം – ഏ.ആർ.പി. പ്രസ്സ് – കുന്നംകുളം

ആമുഖം

1940കളിലെ ഒരു ഒന്നാം ക്ലാസ്സ് മലയാളം പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്.  കുറച്ചു നാളുകൾക്ക് ശെഷം ട്യൂബിങ്ങനിൽ നിന്ന് അല്ലാത്ത ഒരു സ്കാൻ റിലീസ് ചെയ്യാൻ അവസരം കിട്ടിയിരിക്കുകയാണ്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

 • പേര്: ഏ.ആർ.പി. ബാലപാഠം
 • താളുകളുടെ എണ്ണം: ഏകദേശം 36
 • പ്രസിദ്ധീകരണ വർഷം:പ്രസിദ്ധീകരണ വർഷം കൃത്യമായി അറിയില്ല. വിവിധ സൂചനകൾ വെച്ച് 1940കൾ ആണെന്ന് ഊഹിക്കുന്നു.
 • പ്രസ്സ്: ഏ.ആർ.പി. പ്രസ്സ്, കുന്നംകുളം
1940 ഏ ആർ പി
1940 ഏ ആർ പി

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പുസ്തകത്തിന്റെ കവർ പേജിൽ ഒന്നാം ക്ലാസ്സ് പാഠപുസ്തകം എന്ന് എഴുതിയിട്ടുണ്ടെങ്കിലും ഇത് ഒരു ഔദ്യോഗിക പാഠപുസ്തകം ആണെന്ന് തോന്നുന്നില്ല. ഏ.ആർ.പി. പ്രസ്സ് സ്വന്തമായി ഇറക്കിയ പുസ്തകം ആണെന്ന് തോന്നുന്നു. ഇക്കാലത്ത് പോലും ഡി.സി. ബുക്സ് അടക്കം പല പ്രസാധകരും ആ വിധത്തിൽ പാഠപുസ്തകങ്ങൾ ഇറക്കുന്നൂണ്ടല്ലോ.

ഈ പുസ്തകത്തിൽ പരമ്പരാഗത ശൈലിയിൽ അ, ആ, ഇ, ഈ എന്നീ രീതിയിലാണ് പാഠങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ അക്ഷരപഠനത്തിന്നു വേറൊരു നവീനശൈലിയും ഉണ്ടെന്ന് പറഞ്ഞ് ആ നവീനശൈലിയുടെ രീതി രണ്ടാം താളിൽ തന്നെ കൊടുത്തിട്ടൂണ്ട്.

അക്ഷരപാഠങ്ങൾക്ക് ശേഷം ചെറിയ ഗദ്യപാഠങ്ങളും ചെറിയ പദ്യപാഠങ്ങളും കാണാം. ഏറ്റവും അവസാനതാളിൽ ഇംഗ്ലീഷ് അക്ഷരമാലയും കാണാം.

ഈ പുസ്തകത്തിന്നു വേറൊരു പ്രാധാന്യം കൂടെ ഉണ്ട്. ഡിജിറ്റൈസ് ചെയ്ത് കിട്ടിയ ഈ കോപ്പി വന്നിരിക്കുന്നത് ശ്രീലങ്കയിൽ നിന്നാണ്. കവർ പേജിൽ ഉള്ള സീലിൽ അശോക ബുക്ക് ഡിപ്പൊ, മറസാന, കൊളമ്പ് എന്നു കാണാം. ഇത് ഇപ്പോഴത്തെ Maradana (https://en.wikipedia.org/wiki/Maradana) എന്ന സ്ഥലം ആണെന്ന് ഞാൻ ഊഹിക്കുന്നു. (സ്റ്റാബ് സീൽ ഉണ്ടാക്കിയപ്പോൾ ഡയ്ക്ക് പകരം സ ഉപയോഗിച്ചതാകാം)  ഏതോ ശ്രീലങ്കൻ മലയാളിയുടെ ശെഖരത്തിൽ നിന്ന് വന്നതാവാം ഈ കോപ്പി.

ഏതോ ശ്രീലങ്കൻ മലയാളിയുടെ ശെഖരം എന്നു പറയാൻ ഒരു പ്രത്യേകകാരണം ഉണ്ട്. ഈ പുസ്തകത്തിന്റെ സ്കാൻ എവിടെ നിന്നു കിട്ടി എന്നു എനിക്കു അറിയില്ല. കിട്ടിയ സ്കാനിൽ പോസ്റ്റ് പ്രോസസിങ് പണികൾ തീർത്ത് ഞാൻ ഇപ്പോൾ ഇത് പങ്കു വെക്കുന്നു എങ്കിലും ഇതിന്റെ ഉറവിടം എനിക്ക് അഞ്ജാതം. കഴിഞ്ഞ ദിവസം ഗൂഗിൾ ഡ്രൈവ് അടുക്കിപെറുക്കിയപ്പോൾ ആണ് ഇങ്ങനെ ഒരു പുസ്തകം എന്റെ കണ്ണിൽ പെടുന്നു. എന്റെ സുഹൃത്തുക്കൾ ആരോ എനിക്ക് ഈ പുസ്തകത്തിന്റെ താളുകൾ ഫോട്ടോ എടുത്ത് പങ്കുവെച്ച് ഇത് പ്രൊസസ് ചെയ്ത് പുറത്ത് വിടൂ എന്ന് പറഞ്ഞ് എന്നെ ഏല്പിച്ചതാണ്. പക്ഷെ ആ സുഹൃത്ത് ആരെന്ന് ഞാൻ കുറേയേറെ തപ്പിയിട്ടും വിവരം കിട്ടിയില്ല.

ഈ സ്കാൻ കാണുന്ന എന്റെ സുഹൃത്തുക്കൾ ആരെങ്കിലും ആണ് അത് എങ്കിൽ എന്നെ ഒന്ന് പിങ്ങ് ചെയ്യുമല്ലോ. അതിന്റെ വിവരം ഈ പൊസ്റ്റിലേക്ക് ചെർക്കാൻ ആണ്.

ഏ.ആർ.പി. പ്രസ്സിൽ നിന്നുള്ള വേറെയും പുസ്തകങ്ങൾ നമുക്ക് മുൻപ് കിട്ടിയിട്ടൂണ്ട്. ആ ശേഖരത്തിലേക്ക് ഒരെണ്ണം കൂടി ആയി.

 

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1950-എ.ആർ.പി. ഔഷധശാല കുന്നംകുളം

ആമുഖം

വളരെ അവിചാരിതമായി കൈയ്യിൽ വന്നു പെട്ട ഒരു പുസ്തകത്തിന്റെ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഒരു സമാന്തരപ്രസിദ്ധീകരണം എന്നു പറയാവുന്ന ഒന്നാണ് ഇത്. അതിനാൽ തന്നെ ഇത്തരം പുസ്തകങ്ങൾ ശേഖരിക്കപ്പെടാനും കാറ്റലോഗ് ചെയ്യപ്പെടാനും ഒക്കെയുള്ള സാദ്ധ്യത വളരെ വിരളമാണ്.  പക്ഷെ ഈ പുസ്തകവും  ഇതിന്റെ പ്രസിദ്ധീകരണകാലഘത്തെ അടയാളപ്പെടുത്തുന്നതാണ്.

ഇത് ഒരു കൊച്ചുപുസ്തകമാണ് (ചെറിയ കൈപ്പുസ്തകം എന്ന അർത്ഥത്തിൽ 🙂 ). കുന്നംകുളത്തെ എ.ആർ.പി. ഔഷധശാലയുടെ വക ആയുർവ്വേദമരുന്നുകളുടെ ഡോക്കുമെന്റേഷനാണ് ഈ കൈപ്പുസ്തകത്തിന്റെ ഉള്ളടക്കം.

പുസ്തകത്തിന്റെ വിവരം

 • പേര്: എ.ആർ.പി. ഔഷധശാല, കുന്നംകുളം എന്നു മാത്രമാണ് കവർപേജിൽ കൊടുത്തിരിക്കുന്നത്. (മറ്റു യാതൊരു വിധത്തിലുള്ള തലക്കെട്ടും ഇല്ല. പക്ഷെ ഉള്ളടക്കം വിവിധ എ.ആർ.പി. ഔഷധശാലയുടെ ആയുർവ്വേദമരുന്നുകളുടെ വിശദാംശങ്ങൾ ആണ്. )
 • താളുകൾ: 85
 • രചയിതാവ്: അജ്ഞാതം.
 • പ്രസ്സ്: എ.ആർ.പി. പ്രസ്സ്, കുന്നംകുളം
 • പ്രസിദ്ധീകരണ വർഷം: 1950 (പ്രസിദ്ധീകരണവർഷം 1950 ആണെന്ന് കവർപേജിൽ കൊടുത്തിരിക്കുന്ന 1125 എന്ന മലയാളവർഷ അക്കത്തിൽ നിന്ന് ഊഹിക്കുന്നു)
1950-എ.ആർ.പി. ഔഷധശാല കുന്നംകുളം
1950-എ.ആർ.പി. ഔഷധശാല കുന്നംകുളം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

മുകളിൽ സൂചിപ്പിച്ച പോലെ കുന്നംകുളത്തെ എ.ആർ.പി. ഔഷധശാലയുടെ വിവിധ ആയുർവ്വേദമരുന്നുകളുടെ വിശദാംശങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. അവർക്ക് എ.ആർ.പി. പ്രസ്സ് എന്ന പേരിൽ കുന്നംകുളത്ത് ഒരു പ്രസ്സ് ഉണ്ടായിരുന്നു. അവിടാണ് പുസ്തകം അച്ചടിച്ചത് (ഈ രണ്ടു സ്ഥാപനങ്ങളും ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല). പുസ്തകത്തിന്റെ അവസാനം എ.ആർ.പി. പ്രസ്സിന്റെ വിവിധ പുസ്തകങ്ങളെ (ഉദാ: സ്വപ്നനിഘണ്ടു, ഗൗളിശാസ്ത്രം) കുറിച്ചുള്ള പരസ്യങ്ങളും കാണാം. പിറകിലത്തെ കവർപേജിൽ എ.ആർ.പി. ഔഷധശാലയുടെ വിസർപ്പനെണ്ണ എന്ന ഔഷധം സേവിക്കുന്നതിനു മുൻപും ശേഷമുള്ള ഒരു ചിത്രവും കൊടുത്തിട്ടുണ്ട്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങളിലേക്കു പോവാൻ എനിക്കു അറിവില്ല. അതു ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

 

1920 – ആത്മപോഷിണി മാസിക – പുസ്തകം 10 – ലക്കം 9

ആമുഖം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ കുന്നുകുളം അക്ഷരരത്നപ്രകാശിനി (ARP) പ്രസ്സിൽ നിന്ന് പുലിക്കോട്ടിൽ യൗസേഫ് ശേമ്മാശൻ മാനേജറായും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വള്ളത്തോൾ നാരായണമേനോൻ തുടങ്ങിയവർ വിവിധ കാലഘട്ടങ്ങളിലായി പത്രാധിപരായും ഒക്കെ പ്രസിദ്ധീകരിച്ചിരുന്ന ഒരു സാഹിത്യ മാസിക ആയിരുന്നു ആത്മപോഷിണി. ഈ ആദ്യകാലമാസിക ഭാഷാഗ്ദ്യ സാഹിത്യശാഖകൾക്ക് വളർച്ചയേകി. പല യുവ സാഹിത്യകാരന്മാർക്കും ഈ മാസിക കളരിയായിരുന്നു.

ഈ പോസ്റ്റിലൂടെ ആത്മപോഷിണി എന്ന മാസികയുടെ 1920ലെ ഒരു ലക്കമാണ് പരിചയപ്പെടുത്തുന്നത്. ഈ പുസ്തകം നമുക്ക് ജോയിസ് തോട്ടയ്ക്കാടിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് ലഭ്യമായത്. അദ്ദേഹത്തിനു നന്ദി.

വള്ളത്തോൾ  ഏറെക്കാലം ആത്മപോഷിണിയുടെ പത്രാധിപരായിരുന്നു. ഈ മാസികയുടെ പത്രാധിപർ ആയിരിക്കുമ്പോഴാണ് അദ്ദേഹം മഗ്ദലമറിയം ഖണ്ഡകാവ്യം രചിക്കുന്നത്.

പുസ്തകത്തിന്റെ വിവരം

 • പേര്:  ആത്മപോഷിണി  പുസ്തകം ൧൦ (10) ലക്കം  ൯ (9)
 • താളുകൾ: 56
 • പ്രസ്സ്: അക്ഷരരത്നപ്രകാശിനി (ARP) പ്രസ്സ്, കുന്നംകുളം
 • മാനേജർ: പുലിക്കോട്ടിൽ യൗസേഫ് ശെമ്മാശൻ
 • പത്രാധിപർ: വള്ളത്തോൾ നാരായണമേനോൻ (ഈ ലക്കത്തിന്റെ പത്രാധിപർ)
 • പ്രസിദ്ധീകരണ വർഷം: 1920 
ആത്മപോഷിണി മാസിക - പുസ്തകം 10 - ലക്കം 9
ആത്മപോഷിണി മാസിക – പുസ്തകം 10 – ലക്കം 9

ഉള്ളടക്കം

വിവിധ സാഹിത്യ സൃഷ്ടികൾ ഈ ലക്കത്തിൽ കാണാവുന്നതാണ്. കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ