ഉദയംപേരൂർ സുനഹദൊസ്, കൂനൻ കുരിശു സത്യം

കേരളത്തേയും മലയാളത്തിലേയും പഴയ പുസ്തകങ്ങൾ തേടിയുള്ള സഞ്ചാരം ഉദയം പേരൂർ സുനഹദൊസിനെ കുറിച്ചുള്ള ഏറ്റവും പഴയക്കമേറിയ ചില ചരിത്ര രേഖകൾ ലഭിക്കാൻ ഇടയാക്കിയിരിക്കുന്നു. അത് എല്ലാവർക്കുമായി പങ്ക് വെക്കുന്നു.

ഉദയം പേരൂർ സുനഹദൊസ്, കൂനൻ കുരിശു സത്യം. ഈ രണ്ട് സംഭവങ്ങളും കേരളത്തിലെ ക്രൈസ്തവരുടെ ഇടയിൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്തിയ രണ്ട് ചരിത്ര സംഭവങ്ങൾ ആണ്. ഇതിനെ രണ്ടിനെ കുറിച്ചും ലഭ്യമായ അവലംബങ്ങൾ ഉപയോഗിച്ച് എഴുതിയ സാമാന്യം വിശദമായ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ഉണ്ട്.

ഉദയംപേരൂർ സുനഹദൊസിനെ കുറിച്ച് പറങ്കികളുടെ ഭാഗത്ത് നിന്നുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ ഏറ്റവും നല്ലത് സുനഹദൊസിന്റെ നടപടിക്രമങ്ങൾ വായിക്കുക ആണ്. അതെ പോലെ ഇതിനെ കുറിച്ച് എതിർ ഭാഗത്തുള്ളവർ നടത്തിയ ഏറ്റവും പഴയ വിലയിരുത്തലുകളും ഈ സംഭവത്തിന്റെ കുറഞ്ഞത് 2 പക്ഷങ്ങളും മനസ്സിലാക്കാൻ നമ്മളെ സഹായിക്കും.  ഉദയംപേരൂർ സുനഹദോസ് 1599-ൽ ആണല്ലോ നടന്നത്. അതിനു നേതൃത്വം കൊടുത്തവർ എല്ലാം പറങ്കികൾ ആയിരുന്നു. അലെക്സൊ ഡെ മെനസിസ് ആയിരിന്നു നിയന്ത്രിച്ച ബിഷപ്പ്.

മൂന്നു ഭാഷകളിൽ ഉള്ള ഏറ്റവും പഴക്കമേറിയ രേഖകൾ ആണ് ലഭിച്ചിരിക്കുന്നത്. മൂന്നു ഗ്രന്ഥത്തിനും 250 വർഷത്തിനു മേൽ പഴക്കമുണ്ട്.

  1. 1599-ൽ സുനഹദോസ് കഴിഞ്ഞ് 1606-ൽ പോർട്ടുഗീസ് ഭാഷയിൽ തന്നെ പ്രസിദ്ധീകരിക്കപ്പെട്ട ഉദയം പേരൂർ സുനഹദൊസിന്റെ നടപടി ക്രമങ്ങളുടെ 400 വർഷത്തിനു മേൽ പഴക്കമുള്ള പുസ്തകം.
  2. 1745-ൽ ഉദയം പേരൂർ സുനഹദൊസിനെ കുറിച്ച് ലത്തീൻ ഭാഷയിൽ രചിക്കപ്പെട്ട ഒരു പുസ്തകം.
  3. ഇതിനു പുറമേ ഉദയമ്പേരൂർ സുനഹദൊസിന്റെ പോർട്ടുഗീസ് ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും, കേരളക്രൈസ്തവ സഭയുടെ ചെറു ചരിത്രവും,  അതിന്റെ ഒപ്പം സുനഹദൊസിനെയും കേരളക്രൈസ്തവരേയും പറ്റിയും ആഗ്ലിക്കൻ പക്ഷത്ത് നിന്നുള്ള വായനയും എല്ലാം ചേർത്ത് 1694-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഇംഗ്ലീഷ് കൃതിയും നമുക്ക് ലഭിച്ചിരിക്കുന്നു.

കവർ പേജിൽ ഇങ്ങനെ കാണാം.

History of the church of Malabar from the time of its being first discovered by the portuguese in the year 1501

Giving an account of the persecutions and violent methods of the Roman prelates to reduce them to the subjection of the church of Rome

Together with the Synod of Diamper celebrated in the year of our Lord 1599,

with some remarks upon the faith and doctorine of the christains of St. thomas in the Indies, agreeing with the church of England, in opposition to that of Rome.

Done out of portuguese into english

1694-ൽ ഇറങ്ങിയ കൃതിയായതിനാൽ പഴയ ഇംഗ്ലീഷ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്ന് നമ്മൾ s ഉപയോഗിക്കുന്ന പല വാക്കുകൾക്കും Long s (http://en.wikipedia.org/wiki/Long_s) ഉപയോഗിച്ചിരിക്കുന്നത് കാണാം. അത് f ആയി വായിക്കരുത്. പഴയ ഇംഗ്ലീഷ് ആണെങ്കിലും വലിയ കുഴപ്പമില്ലാതെ എല്ലാം മനസ്സിലാകുന്നുണ്ട്. ഈ ഗ്രന്ഥം Michael Geddes എന്ന സ്കോട്ടിഷ് പാതിരിയാണ് ഇംഗ്ലീഷിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇംഗ്ലീഷ് ഗ്രന്ഥത്തിൽ പലയിടത്തും സുനഹദൊസിന്റെ കാനോനകളിൽ  റോമൻ സഭയും ആംഗ്ലിക്കൻ സഭയും യോജിച്ച് പോകാത്ത ഇടങ്ങളിൽ ഒക്കെ Michael Geddes ന്റെ കുറിപ്പുകൾ ഫൂട്ട് നോട്ടായി കാണാം. പക്ഷെ കാനോനകൾ അതെ പോലെ റീപ്രൊഡ്യൂസ് ചെയ്ത് ചരിത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്.

ഈ പുസ്തക്കത്തിന്റെ തുടക്കത്തിൽ 100 പേജിനു മുകളിൽ സുദീർഘമായി 🙂  “ബ്രീഫ് ഹിസ്റ്ററി ഓഫ് മലബാർ ചർച്ച്” കൈകാര്യം ചെയ്യുന്നുണ്ട്. അക്കാലത്തെ കേരളക്രൈസ്തവ സഭയെകുറിച്ചുള്ള ചില കാര്യങ്ങൾ മനസ്സിലാക്കാൻ ഈ ഭാഗം ഉപകരിക്കും.

 

ആദ്യത്തെ രണ്ട് പുസ്തകങ്ങളിൽ നിന്ന് കത്തൊലിക്ക/പോർട്ടുഗീസ് പക്ഷത്ത് നിന്ന് 1500 കളിൽ ഉള്ള കേരള ക്രൈസ്തവ സഭയെ കുറിച്ചുള്ള വിലയിരുത്തലും സുനഹദൊസിന്റെ വിശദാംശങ്ങളും മറ്റും മനസ്സിലാക്കാം. മൂന്നാമത്തെ പുസ്തകത്തിൽ നിന്ന് ആംഗ്ലിക്കൻ പക്ഷത്ത് നിന്നുള്ള കാര്യങ്ങളും മനസ്സിലാക്കാം.

കെ.എൻ. ദാനിയേൽ, ടി.കെ. ജോസഫ് തുടങ്ങിയവർ ഇതുമായി ബന്ധപ്പെട്ട ചില കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കെ.എൻ. ദാനിയേലും , ഡോ. സ്കറിയ സക്കറിയയും സുനഹദോസിന്റെ കാനോനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടും ഉണ്ട്. ഡോ. സ്കറിയ സക്കറിയയുടെ പരിഭാഷ ഇപ്പൊഴും വിപണിയിൽ ലഭ്യവുമാണ്. എങ്കിലും അതൊന്നും ഇതേ പോലുള്ള മൂല കൃതികളുടെ പ്രാധാന്യം ഇല്ലാതാക്കുന്നില്ല. ഈ വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കാൻ ഈ മൂല കൃതികളുടെ സ്കാനുകൾ ഇടയാക്കും എന്ന് പ്രത്യാശിക്കാം.

സമർപ്പണം: ഈ ബോഗ് പൊസ്റ്റ് ഉദയം പേരൂർ സുനഹദൊസിനെ കുറിച്ചുള്ള വളരെയധികം കാര്യങ്ങൾ എന്നെ മനസ്സിലാക്കാൻ സഹായിച്ച മലയാളം വിക്കിപീഡിയ ഉപയോക്താവായ ചള്ളിയാനു സമർപ്പിക്കുന്നു.