പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൈസേഷൻ – ഡിജിറ്റൈസേഷൻ സാമഗ്രികൾ

ആമുഖം

കഴിഞ്ഞ കുറേ നാളായി ചിലരെങ്കിലും എന്നോട്, പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പരിപാടിയുടെ വിശദാംശം പങ്കു വെക്കാമോ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷെ സമയപരിമിതി മൂലവും ഇതൊക്കെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലും എഴുതി പിടിപ്പിക്കാനുള്ള ബുദ്ധിമുട്ട് മൂലവും  ഈ രേഖപ്പെടുത്തൽ നീട്ടി വെക്കുക ആയിരുന്നു. എന്നാൽ ഒരു വ്യക്തിക്ക് ഒരു ഭാഷയുടേയോ ദേശത്തിന്റെയോ മൊത്തം രേഖകൾ ഡിജിറ്റൈസ് ചെയ്യാൻ സാധിക്കില്ല എന്നത് കൊണ്ട് ഈ വിഷയത്തിൽ ബഹുജനപങ്കാളിത്തം ഉണ്ടാകേണ്ടത് അത്യാവശ്യമാണ് താനും. ഇതൊക്കെ കൊണ്ട് കൂടുതൽ ആളുകളിലേക്ക് ഈ വിഷയത്തിൽ ശ്രദ്ധയെത്താൻ, അല്പം ബുദ്ധിമുട്ടിയാണെങ്കിലും ഈ വിഷയയുമായി ബന്ധപ്പെട്ട് എന്റെ അറിവ് ഡോക്കുമെന്റ് ചെയ്ത് പങ്കു വെക്കുന്നു.

 

 

കൈസർ കോപ്പി സ്റ്റാൻ്റ്

 

 

ഡിജിറ്റൈസേഷൻ പ്രക്രിയയെ പല ഘട്ടങ്ങളായി വിഭജിച്ച് താഴെ വിശദീകരിച്ചിരിക്കുന്നു.

ഘട്ടം ഒന്ന് – ഡിജിറ്റൈസ് ചെയ്യാനുള്ള രേഖയെ കണ്ടെത്തൽ

ഡിജിറ്റൽ ആർക്കൈവിങ് ഉത്തരവാദിത്വം ഉള്ള കടമയാണ്. അതിനാൽ തന്നെ പൊതുസഞ്ചയരേഖകളെ കണ്ടെത്തുമ്പോൾ നമ്മൾ രാജ്യത്തെ കോപ്പിറൈറ്റ് നിയമത്തിനു എതിരെ പ്രവർത്തിക്കരുത്. താഴെ പറയുന്ന മൂന്നു തരത്തിലുള്ള രേഖകൾ ഡിജിറ്റൈസ് ചെയ്യാം.

പൊതുസഞ്ചയരേഖ

ഇന്ത്യൻ കോപ്പി റൈറ്റ് നിയമം അനുസരിച്ച് രചയിതാവ് മരിച്ച് 60 വർഷം കഴിഞ്ഞാൽ പ്രസ്തുതരചയിതാവിന്റെ 60 വർഷം പഴക്കമുള്ള പ്രസിദ്ധീകരിച്ച രേഖകൾ ഒക്കെയും പൊതുസഞ്ചയത്തിൽ വരും. അന്ന് തൊട്ട് ഇത് പൊതുസ്വത്താണ്. നിലവിലെ വർഷം 2019 ൽ ആയതിനാൽ 1958ലും അതിനു മുൻപും മരിച്ചവരുടെ രചനകൾ പൊതുസഞ്ചയത്തിൽ ആണ്. ഒരു പ്രത്യേക രചയിതാവ് ഇല്ലാത്ത പൊതുരചന ആണെങ്കിൽ പ്രസിദ്ധീകരിച്ചു 60 വർഷം കഴിഞ്ഞാൽ ആ രേഖ പൊതുസഞ്ചയത്തിൽ ആയി.

 

ഡിജിറ്റൈസ് ചെയ്യാനെടുക്കുന്ന രേഖ ഇത്തരത്തിലുള്ള പൊതുസഞ്ചയ രേഖ ആണെങ്കിൽ യാതൊരു കോപ്പിറൈറ്റ് വയലെഷൻ പ്രശ്നത്തെകുറിച്ചും ചിന്തിക്കാതെ നിങ്ങൾക്ക് ഡിജിറ്റൈസ് ചെയ്യാം.

സ്വതന്ത്രലൈസൻസ് രേഖകൾ

രചനകൾ സ്വതന്ത്രമായിരിക്കണം എന്ന ഉൾക്കാഴ്ചയോടെ ചില രചയിതാക്കളെങ്കിലും തങ്ങളുടെ രചന സ്വതന്ത്രലൈസൻസിൽ അല്ലെങ്കിൽ ലൈസൻസ് ഒന്നുമില്ലാതെ പണ്ടു മുതലേ പ്രസിദ്ധീകരിക്കാറൂണ്ട്. മഹാത്മാഗാന്ധിജിയുടെ പല പുസ്തകങ്ങളും ഇങ്ങനെ പ്രസിദ്ധീകരിച്ചിട്ടൂണ്ട്. ആധുനിക കാലത്ത് തമിഴ് നോവലിസ്റ്റായ ജയമോഹൻ ഇത്തരത്തിൽ രചനകൾ പ്രസിദ്ധീകരിക്കുന്ന ഒരാളാണ്. മലയാളത്തിൽ ജെ. ദേവിക, തുടങ്ങി കുറച്ചു പേരുടെ എങ്കിലും ചില രചനകൾ എങ്കിലും ഈ തരത്തിൽ പ്രസിദ്ധീകരിച്ചിട്ടൂണ്ട്. ഞാൻ തന്നെ മുൻകൈ എടുത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായി സഹകരിച്ച് അവരുടെ പഴയ കാലരചനകൾ സ്വതന്ത്ര ലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ഇങ്ങനുള്ളതാണ്. കോന്നിയൂർ നരേന്ദ്രനാഥിൻ്റെ മകൾ മുൻകൈ എടുത്ത് എന്നെ സമീപിച്ച് അദ്ദേഹത്തിൻ്റെ രചനകൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയും ഈ വിഭാഗത്തിൽ പെടുന്നതാണ്.  ഈ വിധത്തിലുള്ള സ്വതന്ത്രലൈസൻസിൽ ഉള്ള രേഖകൾ അത് ഏത് വർഷത്തിൽ പ്രസിദ്ധീകരിച്ചത് ആണെങ്കിലും ഡിജിറ്റൈസ് ചെയ്യുന്നതിൽ കുഴപ്പമില്ല. ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്ക് പോലും ഇത് ചെയ്യാവുന്നതാണ്.

ഇനി പ്രസിദ്ധീകരിക്കാൻ സാദ്ധ്യതയില്ലാത്തത്

ഇനി ഞാൻ പറയാൻ പോകുന്ന തരം രചനകൾ ഡിജിറ്റൈസ് ചെയ്യുന്നത് വളരെ റിസ്കിയാണ്. പോപ്പുലർ അല്ലാത്തതും അതിനാൽ തന്നെ ആരാലും ശ്രദ്ധിക്കപെടാതെ പോയതും, ഇനി റീപ്രിന്റ് ചെയ്യാൻ സാദ്ധ്യതയില്ലാത്തതും, ഒറ്റ തവണ മാത്രം പ്രസിദ്ധീകരിച്ചതും ഒക്കെയായി ചില പ്രത്യേക വിഭാഗത്തിലുള്ള രചനകൾ നമ്മുടെ ലൈബ്രറികളിലും സ്വകാര്യവ്യക്തിഗത ശെഖരത്തിലും ധാരാളം ഉണ്ടാകും. ഇത്തരം സംഗതികളിൽ മിക്കതിനും കോപ്പിറൈറ്റ് അവകാശം ഉന്നയിക്കാൻ ആരും ഉണ്ടാവില്ല.

നമ്മുടെ പഴയ എഞ്ചുവടികൾ, സിനിമാ പാട്ടുപുസ്തകങ്ങൾ, നോട്ടീസുകൾ, സുവനീറുകൾ,  ചില അപൂർവ്വ അച്ചടി പുസ്തകങ്ങൾ, ട്രാക്ടുകൾ തുടങ്ങി പലതും ഈ വിഭാഗത്തിൽ വരും. ആരും ശ്രദ്ധിക്കാത്തതിനാൽ നശിച്ചു പോകാൻ സാദ്ധ്യതയൂണ്ട് എന്നതിനാൽ ഇങ്ങനെ ചിലത് പൊതുസഞ്ചയത്തിൽ അല്ലെങ്കിൽ പോലും ഡിജിറ്റൈസ് ചെയ്യുന്നത് നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ ആരെങ്കിലും ആധികാരികമായ തെളിവുകളോടെ കോപ്പിറൈറ്റ് ക്ലെയിം ചെയ്തുവന്നാൽ ഡിജിറ്റൈസ് ചെയ്തത് പൊതുഇടത്തിൽ നിന്ന് എടുത്തുമാറ്റും എന്ന റിസ്ക് നിലനിലർത്തി ഈ വിഭാഗത്തിൽ പെടുന്ന ചിലത് ഡിജിറ്റൈസ് ചെയ്യാവുന്നതാണ്.

ആർക്കും ശ്രദ്ധയില്ല എന്ന കാരണം കൊണ്ട് തന്നെ ഈ വിഭാഗത്തിൽ പെടുന്ന രേഖകളുടെ ഡിജിറ്റൈസേഷനും പ്രിസർവേഷനും പ്രധാനമാണ് എന്ന് പ്രത്യേകം പറയട്ടെ.

കോപ്പി റൈറ്റ് ക്ലെയ്മിനുള്ള അപകടം ചെറുതായി എങ്കിലും ഉണ്ട് എന്നതിനാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ഇത് ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഞാൻ ഉത്തരവാദി അല്ല എന്ന് പ്രത്യേകം പറയട്ടെ.

ഘട്ടം രണ്ട് – ഡിജിറ്റൈസേഷൻ്റെ ഗുണനിലവാരം

ഞാൻ ഡിജിറ്റൈസേഷനു വേണ്ടി ഉപയോഗിക്കുന്ന മാനദണ്ഡം താഴെ പറയുന്നവ ആണ്

  • എല്ലാം സ്കാനിങും ഫോട്ടോ എടുപ്പും കളർ മോഡിൽ മാത്രം.
  • വെറും ടെസ്റ്റ് മാത്രമുള്ള പുസ്തകം/ ടെസ്റ്റിനൊപ്പം ബ്ലാക്ക് ആന്റ് വൈറ്റ്/ഗ്രേസ്കെയിൽ ചിത്രങ്ങൾ ഉണ്ടെങ്കിൽ സാഹചര്യം അനുവദിക്കുന്നു എങ്കിൽ 400 dpi റെസലൂഷനിൽ സ്കാൻ/ഫോട്ടോ എടുക്കും. അതിനു പറ്റില്ലെങ്കിൽ കുറഞ്ഞത് 300 dpi യിൽ ആണ് സാധാരണ സ്കാൻ/ഫോട്ടോ എടുക്കുന്നത്.
  • ഉള്ളടക്കത്തോടൊപ്പം കളർ ചിത്രങ്ങൾ കൂടെ ഉണ്ടെങ്കിൽ 600 dpi യിൽ സ്കാൻ/ഫോട്ടോ എടുക്കും.

ഘട്ടം മൂന്ന് – സ്കാൻ ചെയ്യൽ/ഫോട്ടോ എടുക്കൽ

ഡിജിറ്റൈസ് ചെയ്യാനുള്ള രേഖ ആയി കഴിഞ്ഞാൽ രേഖയുടെ സ്വഭാവം അനുസരിച്ച് ഏത് പരിഹാരം ഉപയോഗിച്ച് സ്കാൻ ചെയ്യണം/ഫോട്ടോ എടുക്കണം ചെയ്യണം എന്ന് തീരുമാനിക്കണം.

പരിഹാരം ഒന്ന്: കോപ്പി സ്റ്റാന്റ് + ക്യാമറ + ലൈറ്റിങ്

ഇടത്തരം ലൈബ്രറികളിലെയും എന്നെ പോലെ ഉള്ള സന്നദ്ധപ്രവർത്തകരുടേയും ഡിജിറ്റൈസേഷൻ പൊതുവെ കോപ്പി സ്റ്റാന്റ് ഉപയോഗിച്ചാണ്. ക്യാമറ വെക്കാനും ആവശ്യാനുസരണം ഉയർത്താനും താഴ്ത്താനും ഉള്ള ഒരു ഉപകരണം ആണ് കോപ്പി സ്റ്റാന്റ്.

കോപ്പി സ്റ്റാന്റ് + ക്യാമറ + ലൈറ്റിങ് ഇത് മൂന്നും കൂടെ ചേരുമ്പോഴാണ് ഫോട്ടോ അടുക്കാനുള്ള സാഹചര്യം ഒത്തു വരിക. എന്റെ കൈയിൽ ജർമ്മൻ ബ്രാൻഡായ kaiser fototechnikന്റെ 5510 എന്ന കോപ്പി സ്റ്റാൻഡ് മോഡൽ ആണുള്ളത്.

http://www.kaiser-fototechnik.de/en/produkte/2_1_produktanzeige.asp?nr=5510

 

കൈസർ കോപ്പിസ്റ്റാന്റ്
കൈസർ കോപ്പിസ്റ്റാന്റ്

 

ഉപകരണം ലളിതമായതിനാൽ ഞാൻ ഇത് തനിയെ നിർമ്മിക്കാൻ ശ്രമിച്ചു എങ്കിലും ഫിനിഷിങും പെർഫക്ഷനും കിട്ടുന്നില്ല എന്നു കണ്ട്, 2016ൽ ജർമ്മനിയിൽ പോയപ്പോൾ എന്റെ സുഹൃത്തായ സുനീഷിന്റെ സഹായത്തോടെ വാങ്ങിയതാണ് ഈ കോപ്പി സ്റ്റാന്റ്. പക്ഷെ കോപ്പി സ്റ്റന്റ് വാങ്ങിയത് കൊണ്ട് മാത്രമായില്ല, തക്കതായ ഒരു ഒരു DSLR ക്യാമറ, പിന്നെ ലൈറ്റിങ് ഇതൊക്കെ വാങ്ങിയതോടെ ആണ് കോപ്പി സ്റ്റാന്റ് ഉപയോയോഗിച്ചുള്ള ഡിജിറ്റൈസേഷനു സാഹചര്യം ഒരുങ്ങിയത്. കോപ്പി സ്റ്റാൻഡുകളെ പറ്റി ഒരു ലഘു വിവരണത്തിന്നു ഈ വീഡിയോ കാണുക.

ഡിജിറ്റൈസ് ചെയ്യാനുള്ള പുസ്തകം കോപ്പിസ്റ്റാന്റിന്റെ പ്ലാറ്റ് ഫോമിൽ വെച്ച് പേജിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് ഫോട്ടോ എടുക്കുക എന്നതാണ് ഇതിൽ നമ്മൾ ചെയ്യേണ്ടത്. ഓരോരോ പേജായി മറിച്ച് ഫോട്ടോ എടുക്കുക. അത്യാവശ്യം നന്നായി നിവർത്തി വെക്കാവുന്ന പുസ്തകങ്ങൾ മാത്രമേ ഇതുപയോഗിച്ച് ഫോട്ടോ എടുക്കാൻ പറ്റൂ. അല്ലെങ്കിൽ പുസ്തകം നിവർത്തി വെക്കുമ്പോൾ ഉണ്ടാകുന്ന വളവ് മറികടക്കാൻ പല പരിഹാരങ്ങൾ പ്രയോഗിക്കേണ്ടി വരും.

ഞാൻ ഒരുക്കിയപൊലെ അത്യാവശ്യം ഗുണനിലവാരത്തിൽ ഈ സംവിധാനം ഒരുക്കാൻ ഏകദേശം ഒന്നരലക്ഷത്തോളം രൂപ ചിലവ് വരും.

വളരെ അദ്ധ്വാനം വേണ്ടി വരുന്ന പ്രവർത്തിയാണ് കോപ്പി സ്റ്റാന്റ് വെച്ചുള്ള ഫോട്ടോ എടുപ്പ്. നല്ല ക്യാമറ, ലൈറ്റിങ്, മറ്റു അനുബന്ധ സാമഗ്രികൾ ഒക്കെ ഒരുക്കാൻ കഴിഞ്ഞാൽ ക്യാമറ വെച്ചുള്ള ഫോട്ടോ എടുപ്പ് നല്ല ഗുണനിലവരത്തിലും വേഗത്തിലും ചെയ്യാൻ കഴിയുമെങ്കിലും  പേജുകളുടെ കർവ്, ലൈറ്റിങ്, വൈറ്റ് ബാലൻസിങ് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ കോപ്പി സ്റ്റാൻഡ് തന്നെയാണ് വളരെ കുറഞ്ഞ ചിലവിൽ കുറച്ചു സമയത്തിനുള്ളിൽ കൂടുതൽ പേജുകൾ ഡിജിറ്റൈസ് ചെയ്യാൻ ഉള്ള പരിഹാരം. മാത്രമല്ല ഡിജിറ്റൽ ക്യാമറ ഉപയീഗിക്കുന്നതിലൂടെ വൈറ്റ് ബാലൻസിങ് പ്രശ്നങ്ങൾ പരിഹരിക്കാനും ആവും.

ഇത്രയും വായിച്ച് കഴിഞ്ഞാൽ ബൈൻഡ് പൊളിക്കാൻ സാദ്ധ്യമല്ലാത്തെ പുസ്തകങ്ങൾ കോപ്പി സ്റ്റാൻഡ് ഉപയോഗിച്ച് എങ്ങനെഡിജിറ്റൈസ് ചെയ്യും എന്ന ഒരു സംശയം സ്വാഭാവികമായി വരും. അതിനുള്ള പരിഹാരം ഒരെണ്ണം ഈ വീഡിയോയിൽ കാണാം.പക്ഷെ അപ്പോൾ ഒരു സമയം ഒരു പേജ് വെച്ചേ എടുക്കാൻ ആവൂ. അതിനാൽ കോപ്പി സ്റ്റാന്റ് വെച്ചുള്ള പരിപാടി പൊതുവെ ടൈം‌കൺസ്യൂമിങ് ആണ്. എന്നാൽ കുറഞ്ഞ ചിലവിൽ നിലവാരം കാത്തുസൂക്ഷിക്കാൻ ഇതാണ് പരിഹാരം.

 

പരിഹാരം രണ്ട്: ബുക്ക് സ്കാനറുകൾ

പുസ്തകം വെയ്ക്കാനും സൗകര്യപ്രദമായി പേജുകൾ മറിക്കാനും ഉള്ള സംവിധാനം (V-shaped cradle) ഉപയോഗിച്ചാണ് ഇത് സാധാരണ ചെയ്യുന്നത്), തക്കതായ ലൈറ്റിങ്, ഹൈ-എൻഡ് ഡിജിറ്റൽ ക്യാമറകൾ ഈ മൂന്നു സംഗതികൾ അടങ്ങുന്ന സംവിധാനം ആണ് ഒരു സ്റ്റാൻഡേർഡ് ബുക്ക് സ്കാനർ. അതിന്റെ ഏറ്റവും ലളിതമായ ഒരു മോഡൽ താഴെ ചിത്രത്തിൽ കാണാം.

 

ബുക്ക് സ്കാനർ
ബുക്ക് സ്കാനർ

 

ഈ സംവിധാനത്തിലും ലൈറ്റിങും ക്യാമറ സെറ്റിങും ഒക്കെ പ്രധാനമാണ്. ഇത്തരം സംവിധാനങ്ങളുടെ വില കുറഞ്ഞത് 1 ലക്ഷം തൊട്ട് കോടിക്കണക്കിനു ആവും. ഞാൻ നിർമ്മിച്ച ഏറ്റവും ലളിതമായ സംവിധാനത്തിനു തന്നെ 3 ലക്ഷത്തിനടുത്ത് ചിലവ് വന്നു. എന്നാൽ ദശലക്ഷക്കണക്കിനു രൂപ വിലയുള്ള വലിയ ബുക്ക് സ്കാനറുകൾ ഒക്കെയാണ് വലിയ ലൈബ്രറികൾ ഡിജിറ്റൈസേഷനു ഉപയോഗിക്കുന്നത്. ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലൈബ്രറി ഉപയൊഗിക്കുന്ന ബുക്സ്കാനറുകളെ പറ്റി 2016ൽ ഞാൻ ഒരു കുറിപ്പ് എഴുതിയിരുന്നു. അത് ഇവിടെ കാണുക. https://shijualex.in/gundert_legacy_digitization_oct_2016_visit/

ഇതിലും ഫോട്ടോ എടുപ്പ് ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ആയതിനാൽ വൈറ്റ് ബാലൻസ് പ്രശ്നങ്ങൾ പരിഹരിക്കാൻ എളുപ്പമാണ്.

വലിയ വിലയുള്ള ബുക്ക്‌സ്കാനറുകൾ പ്രവർത്തിക്കുന്ന ഒരു വീഡിയോ ഇവിടെ കാണാം

ഈ പരിഹാരങ്ങളിൽ ഒക്കെയും ക്യാമറ ഉപയോഗിച്ചാണ് ഫോട്ടോ എടുക്കുന്നത് എന്നത് ശ്രദ്ധിക്കുമല്ലോ.

പരിഹാരം മൂന്ന്: ഫ്ലാറ്റ് ബെഡ് സ്കാനർ

പൂർണ്ണമായി നിവർത്തി പരത്തി വെക്കാവുന്ന പേപ്പർ ഡോക്കുമെന്റുകൾ, ബൈൻഡ് അഴിഞ്ഞു പോയ പുസ്തകങ്ങൾ, തുടങ്ങിയ സംഗതികൾക്ക്  ഫ്ലാറ്റ് ബെഡ് സ്കാനർ  ഉപയോഗിക്കാം.

ലൈറ്റിങ്, രേഖയുടെ ചുളിവുകൾ തുടങ്ങി ഒട്ടനവധി പ്രശ്നങ്ങൾ സാധാരണ ഫ്ലാറ്റ് ബെഡ് സ്കാനർ ഉപയോഗിക്കുന്നതിലൂടെ പരിഹരിക്കപ്പെടും എന്നത് കൊണ്ട്, വൈറ്റ് ബാലൻസ് പ്രശ്നം നിലനിൽക്കും എന്നത് ഒഴിച്ചാൽ, ഏറ്റവും ചീപ്പായതും  ഗുണനിലവാരം നൽകുന്നതും സ്കാനർ തന്നെയാണ്. എന്റെ സുഹൃത്തായ ബെഞ്ചമിൻ വർഗ്ഗീസ് പ്രിന്റർ കേടായപ്പോൾ സ്കാനിങിനു മാത്രം ഉപയോഗിക്കാൻ പറ്റുന്ന HP 7612 എന്ന MFD എനിക്ക് താൽക്കാലികമായി തന്നിരുന്നു. അതുപയോഗിച്ചതാണ് ഞാൻ കുറേക്കാലം ഫ്ലാറ്റ് ബെഡ് സ്കാനിങ് നടത്തിയിരുന്നത്. എന്നാൽ അതിൻ്റെ പ്രവർത്തനം നിലച്ചതിനാൽ കുറേക്കാലം എനിക്ക് ഫ്ലാറ്റ്ബെഡ് സ്കാനർ ഇല്ലായിരുന്നു.

നിലവിൽ, ഈ സന്നദ്ധപ്രവർത്തന പദ്ധതിയെ സപ്പൊർട്ട് ചെയ്യുന്നവർ സംഭവന ചെയ്ത Epson Expression 12000XL A3 Flatbed Photo Scanner എന്ന ഫ്ലാറ്റ്ബെഡ് സ്കാനർ ആണ് ഞാൻ ഉപയോഗിക്കുന്നത്.

ലോ എൻഡ് ഫ്ലാറ്റ് ബെഡ് സ്കാനറുടെ ഏറ്റവും വലിയ പ്രശ്നം വൈറ്റ് ബാലൻസിങ് ആണ്. ആർക്കൈവൽ ഡിജിറ്റൈസേഷനിൽ രേഖകൾ ആയിരിക്കുന്ന അവസ്ഥയിൽ ഡിജിറ്റൈസ് ചെയ്യുക എന്നതിനു വളരെ പ്രാധാന്യം ഉണ്ട്. ഫ്ലാറ്റ് ബെഡ് സ്കാനറുകളിൽ ഇത് മിക്കപ്പോഴും സാദ്ധ്യമല്ല. ഒറിജിനലുമായി യാതൊരു ബന്ധവും ഇല്ലാത്ത കളർടോണിൽ ആയിരിക്കും ചിലപ്പോഴെങ്കിലും നമുക്ക് ഔട്ട്പുട്ട് കിട്ടുന്നത്. (സ്കാനറുകളിൽ വൈറ്റ് ബാലൻസ് ശരിയാക്കാൻ ശ്രദ്ധിക്കുന്നില്ല എന്നത് കൊണ്ടാവാം ഇങ്ങനെ). Epson V 850 പോലുള്ള ഫോട്ടോ സ്കാനറുകളിൽ ആണ് ഒറിജനിലിനോട് അടുത്തു നിൽക്കുന്ന ഔട്ട് പുട്ട് എനിക്ക് കാണാൻ കഴിഞ്ഞത്. പക്ഷെ അത്തരം സ്കാനറുകൾ A4 സൈസിലുള്ളത് മാത്രമേ ലഭ്യമായുള്ളൂ എന്നതും നിലവാരമുള്ള ലാർജ് ഫൊമാറ്റ് സ്കാനറുകളുടെ വില പലപ്പൊഴും ലക്ഷങ്ങൾ കടക്കും എന്നതിനാലും നിലവാരമുള്ള ഫ്ലാറ്റ് ബെഡ് സ്കാനർ സംഘടിപ്പിക്കുക അത്ര എളുപ്പമല്ല.

മുകളിൽ സൂചിപ്പിച്ച മൂന്നു ഉപകരണങ്ങൾ ആണ് ഞാൻ ഡിജിറ്റൈസേഷനായി ഉപയോഗിക്കുന്നത്.

ഘട്ടം നാല് – പോസ്റ്റ് പ്രോസസിങ്

ഫോട്ടോ എടുത്തു കഴിഞ്ഞാൽ അടുത്ത ഘട്ടം ഇമേജ് പ്രോസസിങ് ആണ്. ഡിജിറ്റൈസേഷൻ പ്രക്രിയയിൽ ഏറ്റവും അധികം സമയമെടുക്കുന്നത് പോസ്റ്റ് പ്രോസസിങ്ങിനാണ്.  പോസ്റ്റ് പ്രോസസിങ്ങിനായി ഞാൻ ഉപയോഗിക്കുന്നത് സ്കാൻ ടെയിലർ (https://scantailor.org/) എന്ന ഫ്രീ സോഫ്റ്റ് വെയർ ആണ്.

https://scantailor.org/
https://scantailor.org/

 

വർഷങ്ങളുടെ ഉപയോഗവും അതിലൂടെ ആർജ്ജിച്ച പ്രവർത്തിപരിചയവും കൊണ്ട് ഞാനിപ്പോൾ സ്കാൻ ടെയിലർ ഉപയോഗിക്കുന്നതിൽ അത്യാവശ്യം എക്സ്പേർട്ട് ആണെങ്കിലും അത്ര എളുപ്പത്തിൽ വഴങ്ങുന്ന ഒന്നല്ല സ്കാൻ ടെയിലർ. പ്രവർത്തി പരിചയം അത്യവശ്യം ആണ്. ഫോട്ടോ/സ്കാൻ ചെയ്ത ഫോട്ടോകൾ ഹോമോജനൈസ് ചെയ്യുക എന്നതാണ് സ്കാൻ ടെയിലർ ചെയ്യുന്ന പ്രധാന ധർമ്മം.

ചിലർ ഇക്കാര്യത്തിന്നായി ഫോട്ടോ ഷോപ്പ് പോലുള്ള ഇമേജ് എഡിറ്റിങ് സൊഫ്റ്റ്വെയറുകൾ ഉപയൊഗിക്കും. Atiz പോലുള്ള വലിയ ബുക്ക് സ്കാനിങ് കമ്പനികൾ ഇതിനായി സ്പെഷയലൈസ്ഡ് സൊഫ്റ്റ് വെയറുകൾ തന്നെ നൽകുന്നുണ്ട്.

ഘട്ടം അഞ്ച് – ആർക്കൈവ്.ഓർഗിലേക്ക് അപ്‌ലോഡ്

ഹോമോജനൈസ് ചെയ്ത ഫോട്ടോകൾ കിട്ടിയാൽ അത് http://archive.orgലേക്ക് അപ്‌ലോഡ് ചെയ്യുക എന്നതാണ് അവസാന ഘട്ടം. ഇതിനായി നല്ല ഒരു ഇന്റർനെറ്റ് കണക്ഷൻ മാത്രമേ വേണ്ടൂ. ഞാൻ ഇതുവരെ ഡിജിറ്റൈസ് ചെയ്ത് അപ്‌ലോഡ് ചെയ്ത സംഗതികൾക്ക് ഈ ബ്ലോഗിലെ നൂറുകണക്കിനു പൊസ്റ്റുകൾ നോക്കിയാൽ മതിയാകും.

ഉപസംഹാരം

ഡിജിറ്റൈസേഷനിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം ഏതാണെന്ന് ചോദിച്ചാൽ അത് ഗുണനിലവാരത്തോടെയുള്ള സ്കാനിങ്/ഫോട്ടോ എടുപ്പ് ആണെന്നു ഞാൻ പറയും. അത് ശരിയായാൽ ബാക്കി പ്രശ്നങ്ങൾ മറികടക്കാൻ നമുക്ക് എളുപ്പമാണ്. ഏറ്റവും നന്നായി ഫോട്ടോ എടുക്കുന്നത് പോസ്റ്റ് പ്രോസസിങ് പണികൾ എളുപ്പമാക്കുകയും ചെയ്യും.

ഈ പൊസ്റ്റിൽ രേഖകളുടെ ഡിജിറ്റൈസേഷനിൽ വരാവുന്ന വിവിധ ഘട്ടങ്ങൾ മാത്രമേ പറഞ്ഞുള്ളൂ. ഓരോ ഘട്ടവും വിശദമായ വിവരണം അർഹിക്കുന്നതാണ്. അതൊക്കെ പീന്നീടൊരിക്കൽ കൈകാര്യം ചെയ്യാം.

1954 – വർണ്ണവിധികൾ

ആമുഖം

മുണ്ടിനു ചായം‌മുക്ക്, ചുവരിൽ ചിത്രമെഴുത്ത് തുടങ്ങി പ്രാചീനകേരളത്തിന്റെ വിശേഷകലകൾക്ക് ഉപയോഗിക്കുന്ന ചായങ്ങളെ സംബന്ധിച്ച് തിരുവിതാം‌കൂർസർവ്വകലാശാല പ്രസിദ്ധീകരിച്ച  വർണ്ണവിധികൾ എന്ന വിശേഷപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്:  വർണ്ണവിധികൾ
  • രചന: പ്രാചീന കൈയെഴുത്ത് രേഖകളുടെ പുനഃപ്രസിദ്ധീകരണം  
  • പ്രസിദ്ധീകരണ വർഷം: 1954
  • താളുകളുടെ എണ്ണം:  20
  • പ്രസ്സ്:കേസരി പ്രിന്റിങ് ആന്റ് പബ്ലിഷിങ്, വഴുതക്കാട്   

 

1954 - വർണ്ണവിധികൾ
1954 – വർണ്ണവിധികൾ

 

പുസ്തക ഉള്ളടക്കം, കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

മുണ്ടിനു ചായം‌മുക്ക്, ചുവരിൽ ചിത്രമെഴുത്ത് തുടങ്ങി പല വിശിഷ്ടകലകൾക്കും പ്രാചീനകേരളം പ്രസിദ്ധി പെട്ടിരുന്നു എന്നും ആ പ്രവർത്തികൾക്കായി ചായം ഉണ്ടാക്കാനുള്ള വിധികളെപറ്റി പല ഗ്രന്ഥങ്ങളും ഇവിടെ പ്രചാരത്തിലിരുന്നു എന്നും അതിൽ നിന്നുള്ള ചില ഭാഗങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നതെന്ന് പുസ്തകത്തിന്റെ പ്രസാധകനായ ശൂരനാട് കുഞ്ഞൻപിള്ള ആമുഖത്തിൽ പറയുന്നു. അദ്ദേഹം അക്കാലത്ത് തിരുവനന്തപുരം ഹസ്തലിഖിതഗ്രന്ഥശാലയുടെ Honory director (ആണററി ഡയറക്ടർ) ആയിരുന്നു. (Honory director എന്നത് Honaty director എന്നു വായിക്കാതിരിക്കാൻ വിശേഷമായ വിധത്തിലാണ് ആണററി എന്ന് പുസ്തകത്തിൽ പ്രിന്റ് ചെയ്തിരിക്കുന്നത് 🙂 രണ്ടു താളിയോലകളിലെ വിധികൾ ആണ് ഈ പുസ്തകം നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. അതനുസരിച്ച് പുസ്തകം ചെറിയ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.

ഹസ്തലിഖിതഗ്രന്ഥശാല എന്നത് ഇന്നത്തെ തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്രറി ആണെന്ന് ഞാൻ കരുതുന്നു. പുസ്തകത്തിനു ആകെ 12 പേജുകൾ മാത്രമേ ഉള്ളൂ.

ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത് കാസർഗോഡുള്ള കേന്ദ്രസർവ്വകലാശാലയിലെ ഭാഷാശാസ്ത്രവിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ആയ പ്രൊഫ. രവിശങ്കർ എസ് നായരുടെ ശേഖരത്തിൽ നിന്നാണ്. അദ്ദേഹത്തെപറ്റിയുള്ള കുറച്ച് വിവരങ്ങൾ ഇവിടെയും ഇവിടെയും ആയി കാണാം. ഡിജിറ്റൈസ് ചെയ്യാനായി ഈ പ്രധാനപ്പെട്ട ഗ്രന്ഥം ലഭ്യമാക്കിയ രവിശങ്കർ സാറിനു നന്ദിയും സ്നേഹവും കടപ്പാടും.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

 

1879 – അഷ്ടാംഗ ഹൃദയ ഔഷധി നിഘണ്ഡു

ആമുഖം

നെയ്യാറ്റുങ്കരെ കൃഷ്ണപിള്ള രചിച്ച അഷ്ടാംഗ ഹൃദയ ഔഷധി നിഘണ്ഡു എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്:  അഷ്ടാംഗ ഹൃദയ ഔഷധി നിഘണ്ഡു
  • രചന: നെയ്യാറ്റുങ്കരെ കൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1879
  • താളുകളുടെ എണ്ണം:  80
  • പ്രസ്സ്:സി.എം.എസ്. പ്രസ്സ്, കോട്ടയം  
1879 - അഷ്ടാംഗ ഹൃദയ ഔഷധി നിഘണ്ഡു
1879 – അഷ്ടാംഗ ഹൃദയ ഔഷധി നിഘണ്ഡു

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇത് ആർക്കൈവ്.ഓർഗിന്റെ ഡിജിറ്റൈസേഷൻ പദ്ധതി പ്രകാരം വിവിധ വിദേശലൈബ്രറികളിലെ പുസ്തകങ്ങൾ മൊത്തമായി ഡിജിറ്റൈസ് ചെയ്യുമ്പോൾ ഇടയിൽ പെട്ടു പോകുന്ന മലയാളപുസ്തകങ്ങൾ ഒന്നിന്റെ ഡിജിറ്റൽ പതിപ്പാണിത്. ഈ പുസ്തകം

ഔഷധങ്ങളുമായി ബന്ധപ്പെട്ട വാക്കുകളും അവയുടെ അർത്ഥവും ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. കോട്ടയം സി.എം.എസ്. പ്രസ്സിലാണ് ഏകദേേശം 80 പേജുകൾ മാത്രമുള്ള ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഡോക്കുമെന്റ് ചെയ്തതാണ് എന്നത് ഈ കൃതിയുടെ മൂല്യം കൂട്ടുന്നു. ഒന്ന് ഓടിച്ചു തിരഞ്ഞപ്പോൾ പുസ്തകത്തെ പറ്റിയോ രചയിതാവായ നെയ്യാറ്റുങ്കരെ കൃഷ്ണപിള്ളയെ പറ്റിയോ ഇതു വരെ ഡോക്കുമെന്റേഷൻ ഒന്നും ലഭ്യമല്ല എന്ന് കാണുന്നു. മാത്രമല്ല ഗ്രന്ഥസൂചിയിലും ഈ പുസ്തകം കണ്ടില്ല.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൽ പതിപ്പിന്റെ വിവിധ രൂപങ്ങൾ: