ഗുണ്ടർട്ടിന്റെ ബൈബിൾ പരിഭാഷ (പുതിയ നിയമം-സമ്പൂർണ്ണം) – 1868

ഇതു വരെ നമ്മൾ പരിചയപ്പെട്ട ഗുണ്ടർട്ട് കൃതികൾ നിഘണ്ടുവും ഗുണ്ടർട്ട് ഭാഗികമായി പങ്കാളിയായ കാറ്റിസം ഓഫ് മലയാളം ഗ്രാമ്മറും ആണ്. എന്നാൽ ഗുണ്ടർട്ടിന്റെ സംഭാവന നിഘണ്ടുവിലും മലയാളവ്യാകരണത്തിലും ഒതുങ്ങുന്നില്ല. ഗുണ്ടർട്ട് ഒരു മിഷണറി ആയതിനാൽ സ്വാഭാവികമായും ബൈബിളിന്റെ മലയാളപരിഭാഷയും അദ്ദേഹത്തിന്റെ സവിശേഷ താല്പര്യമുള്ള വിഷയം ആയിരുന്നു. ആ വിധത്തിൽ അദ്ദേഹം പരിഭാഷ നിർവ്വഹിച്ച് 1868-ൽ പുറത്തിറങ്ങിയ  പുതിയ നിയമം (സമ്പൂർണ്ണം) മലയാള പരിഭാഷയുടെ സ്കാൻ ആണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

 

ബൈബിൾ പരിഭാഷയിലേക്ക് വരുമ്പോൾ ഗുണ്ടർട്ടിനു മുൻപിൽ ബെയിലിയുടെ മലയാള ബൈബിൾ സമ്പൂർണ്ണമായി (പഴയ നിയമവും പുതിയ നിയമവും) ഉണ്ടായിരുന്നു. അതിനാൽ തന്നെ ഗുണ്ടർട്ടിനു കാര്യങ്ങൾ കുറച്ച് കൂടെ എളുപ്പമായിരുന്നു എന്ന് തോന്നുന്നു. ഭാഷാപരമായി പരിഭാഷ കുറച്ച് കൂടെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് കാണാം.

ഇതിനകം നമ്മൾ ബെഞ്ചമിൻ ബെയിലിയുടെ ബൈബിൾ പരിഭാഷകളുടെ സ്കാനുകൾ പരിചയപ്പെട്ടതാണല്ലോ. അതിനാൽ ബൈബിളീന്റെ മലയാളം മലയാളം പരിഭാഷ എന്നതിനപ്പുറം പല കാരണങ്ങൾ കൊണ്ടാണ് ഞാൻ ഇന്ന് പരിചയപ്പെടുത്തുന്ന പുസ്തകത്തിന്റെ സ്കാൻ ശ്രദ്ധേയമാകുന്നത്.

ഞാൻ ഈ സ്കാനിൽ ശ്രദ്ധിച്ച കാര്യങ്ങൾ

  • 1868-ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിലാണ് ഇത് അച്ച്ടിച്ചിരിക്കുന്നത്.
  • 650ഓളം താളുകൾ ആണ് ഇതിനുള്ളത്
  • ഇതിലെ ഭാഷ വടക്കേ മലബാറിലെ ഭാഷയോട് ചേർന്നു നിൽക്കുന്നതാണ്.
  • ഇന്ന് വളരെ വിചിത്രം ആയി തോന്നുന്ന പേരുകൾ ആണ് വിവിധ ലേഖകർക്ക് കൊടുത്തിരിക്കുന്നത്. ഉദാ: മാർക്കൻ (മർക്കോസ്), പേത്രൻ (പത്രോസ്).
  • പിന്നീട് പാതിരി മലയാളം എന്ന വിളിക്കു കാരണമായി തീർന്ന സംവൃതോകാരം ഉ കാരമായി എഴുതുന്ന രീതി ഇതിൽ കാണാം.
  • മറ്റ് ബൈബിൾ പുസ്തകങ്ങളിലേക്ക് റെഫറൻസ് വരുന്ന ഇടങ്ങളിൽ തന്നെ അത് ഏത് പുസ്തകം ആണെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ 1876ലെ ബെയിലി പരിഭാഷയിൽ കണ്ട വിധതതിൽ വിപുലമായി ഒത്തുവാക്യം കൊടുത്തിട്ടില്ല താനും.
  • ചില്ല് കൂട്ടക്ഷരം ഉണ്ടാക്കുന്ന വാക്കുകൾ ഈ പുസ്തകത്തിലും (മുൻപ് കൈയ്യെഴുത്ത് പ്രതികളിൽ ഇത് നമ്മൾ ധാരാളം കണ്ടിരുന്നു) കാണാം. പ്രത്യേകിച്ച് ൾ എന്ന ചില്ല്. ഉദാ: പിഡിഎഫ് 15 ആം താളിലെ ഞങ്ങൾക്ക () എന്ന വാക്കു കാണുക.
  • 1868-ൽ ബാസൽ മിഷൻ പ്രസ്സിൽ നിന്ന് ഇറങ്ങിയ പുസ്തകം ആയതിനാലാവാം ഈ പുസ്തകത്തിൽ ചന്ദ്രക്കല ധാരാളമായി കാണാം. 1867ലെ പുസ്തകത്തിൽ ഭാഗികമായി ചന്ദ്രക്കല വന്നത് നമ്മൾ കണ്ടതാണ്. എന്നാൽ ഇത് ഇറങ്ങി കഴിഞ്ഞ് 8 വർഷം കഴിഞ്ഞ് (1876-ൽ) ഇറങ്ങിയ പുസ്തകം ആയിട്ടു പോലും സി.എം.എസ്. പ്രസ്സിന്റെ 1876ലെ ബെയിലി ബൈബിളിൽ ചന്ദ്രക്കല ഇല്ലായിരുന്നു എന്നത് ഓർക്കുക.
  • ഈ-യുടെ എന്ന രൂപം പൂർണ്ണമായി കളത്തിൽ ഇറങ്ങിയിരിക്കുന്നു. ( എന്ന രൂപം ഞാൻ എവിടെയും കണ്ടില്ല). 1867-ൽ ലെ പുസ്തകത്തിൽ ആയിരുന്നു പ്രധാനമെങ്കിൽ, 1868 ആയപ്പോൾ യുടെ ആധിപത്യം വന്നു തുടങ്ങി എന്ന് കാണാം. ചുരുക്കത്തിൽ മീത്തൽ, യുടെ രൂപം എന്നിങ്ങനെ കുറഞ്ഞത് രണ്ട് കാര്യങ്ങളിൽ മലയാളത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രധാനവർഷമായിരുന്നു 1868 എന്ന് പറയേണ്ടി വരും എന്ന് തോന്നുന്നു.

കൂടുതൽ പ്രത്യേകതകൾ ഈ പുസ്തകത്തിൽ നിന്ന് കണ്ടെടുക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

പുസ്തകത്തിന്റെ സ്കാൻ ഇവിടെ നിന്ന് കിട്ടും:  https://archive.org/details/1868_Malayalam_New_Testament_Hermann_Gundert

 

Comments

comments

One comment on “ഗുണ്ടർട്ടിന്റെ ബൈബിൾ പരിഭാഷ (പുതിയ നിയമം-സമ്പൂർണ്ണം) – 1868

Comments are closed.