About

I am Shiju Alex. I live in Bangalore, Karnataka, India.

My interests include Astrophysics, Trekking, Malayalam and Kerala related Public Domain books, Malayalam Wiki projects, and other Malayalam Computing related activities.

In this blog, I am trying to collect, digitize, and share Malayalam/Kerala related public domain documents with public. You can reach me at shijualexonline@gmail.com.

——————————————

എന്റെ പേരു്: ഷിജു അലക്സ്. സ്വദേശം പാലക്കാട്. ഇപ്പോൾ ബാംഗ്ലൂരിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി.

കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷൻ, ജ്യോതിർഭൗതികം, ട്രെക്കിങ്, മലയാളം വിക്കി പദ്ധതികൾ, മലയാളം കമ്പ്യൂട്ടിങ്  തുടങ്ങി വിവിധ വിഷയങ്ങളിൽ എന്റെ താല്പര്യം ചിതറി കിടക്കുന്നു. ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു മലയാളം ബ്ലോഗ് (http://jyothisasthram.blogspot.com/) 2009 വരെയെങ്കിലും സജീവമായി ഉണ്ടായിരുന്നു. മറ്റുവിഷയങ്ങളിലുള്ള ബ്ലോഗ് പോസ്റ്റുകൾ (പ്രധാനമായും മലയാളം വിക്കി സംരംഭങ്ങൾ സംബന്ധിച്ച്) (http://shijualex.blogspot.com/) എന്ന ബ്ലൊഗിലും കാണാം

കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷൻ” എന്ന പദ്ധതിയ്ക്കാണ്  2010 തൊട്ടെങ്കിലും കൂടുതൽ പ്രാമുഖ്യം കൊടുക്കുന്നത്. ഈ ബ്ലോഗിൽ (https://shijualex.in/) അതുമായി ബന്ധപ്പെട്ട വിവിധ സംഗതികൾ ശേഖരിച്ച് ക്രോഡീകരിച്ചിരിക്കുന്നു.

 

malayalam

താങ്കൾ ചെയ്യുന്ന പരിപാടികൾ എന്തൊക്കെയാണ്?

കേരളവും മലയാളവുമായി ബന്ധപ്പെട്ട എല്ലാ ഭാഷകളിലും ലിപികളിലും (പ്രധാനമായും മലയാളം, സംസ്കൃതം, തമിഴ്, ഇംഗ്ലീഷ്, സുറിയാനി, സുറിയാനി-മലയാളം, അറബി മലയാളം, ലത്തീൻ, പൊർട്ടുഗീസ്, ജർമ്മൻ ഭാഷകൾ) ഉള്ള പൊതുസഞ്ചയ (public domain) രേഖകൾ (അച്ചടി പുസ്തകം, കൈയെഴുത്ത് രേഖകൾ, താളിയോല, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ, തുടങ്ങി വിവിധ രൂപത്തിലുള്ള പൊതുസഞ്ചയരേഖകൾ)  വിവിധ തരത്തിൽ സമ്പാദിച്ച് ക്രോഡീകരിച്ച് ഡിജിറ്റൈസ് ചെയ്ത് പൊതുവായി എല്ലാവർക്കും സൗജ്യമായി ലഭ്യമാകുന്ന വിധത്തിൽ പങ്കുവെക്കുക എന്നതാണ് എൻ്റെ പ്രവർത്തനത്തിന്റെ കാതൽ. അതിനായി താഴെ പറയുന്ന കാര്യങ്ങളാണ് പ്രധാനമായും ചെയ്യുന്നത്:

  • മുകളിൽ പറഞ്ഞ തരത്തിലുള്ള പൊതുസഞ്ചയരേഖകൾ ഇതിനകം ആരെങ്കിലും എവിടെയെങ്കിലും ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെങ്കിൽ അത് ശേഖരിച്ച് എല്ലാവർക്കും ലഭ്യമാകുന്ന വിധത്തിൽ പങ്കു വെക്കുക.ഇത്തരത്തിൽ ചെയ്തതിന്റെ ചില ഉദാഹരണങ്ങൾ ഗൂഗിൾ ബുക്സ് ഡിജിറ്റൈസ് ചെയ്ത ബെഞ്ചമിൻ ബെയിലിയുടെ നിഘണ്ടുക്കൾഗുണ്ടർട്ട് നിഘണ്ടുഹോർത്തൂസ് മലബാറിക്കസ്, നുറൂ കണക്കിനു മിഷനറി രേഖകൾ തുടങ്ങിയവ ആണ്.
  • മുകളിൽ പറഞ്ഞ തരത്തിലുള്ള പൊതുസഞ്ചയരേഖകൾ ഇതിനകം ഡിജിറ്റൈസ് ചെയ്തിട്ടില്ലെങ്കിൽ, ആ രേഖ ഇരിക്കുന്ന സ്ഥലം എനിക്കു നേരിട്ടു ഡിജിറ്റൈസ് ചെയ്യാൻ പറ്റുന്ന  ഇടമെല്ലെങ്കിൽ അത്തരം ഇടങ്ങളിൽ പ്രസ്തുത രേഖകൾ ഡിജിറ്റൈസ് ചെയ്യേണ്ടതിന്റെ പ്രാധാന്യം അതിന്റെ ആളുകളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി ആ രേഖകൾ അവരെ കൊണ്ടു തന്നെ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടു വരിക. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്ത പദ്ധതി ഈ ഗണത്തിൽ പെടുത്താം.
  • മുകളിൽ പറഞ്ഞ തരത്തിലുള്ള പൊതുസഞ്ചയരേഖകൾ ഇതിനകം ഡിജിറ്റൈസ് ചെയ്തിട്ടില്ലെങ്കിൽ,  എനിക്കു നേരിട്ടു അനുമതിയുള്ള സ്ഥലങ്ങളിൽ, സ്വന്തമായി (അല്ലെങ്കിൽ സുഹൃത്തുക്കളുടെ സഹായത്തോടെ) ഡിജിറ്റൈസ് ചെയ്തു രേഖകൾ പൊതു ഇടത്തിൽ ലഭ്യമാക്കുക. ഇത്തരത്തിൽ ചെയ്തതിന്റെ ഉദാഹരണങ്ങൾ ഞാൻ തന്നെ ഡിജിറ്റൈസ് ചെയ്ത ശബ്ദതാരാവലിസംക്ഷേപവേദാർത്ഥംറമ്പാൻ ബൈബിൾ തുടങ്ങി ആയിരക്കണക്കിനു രേഖകൾ ആണ്.
  • പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതുവായി ലഭ്യമാക്കേണ്ടതിൻ്റെ പ്രാധാന്യം വിവിധ ആളുകളേയും സ്ഥാപനങ്ങളേയും ബോദ്ധ്യപ്പെടുത്തുക. (പൊതുസഞ്ചയ രേഖകൾ നല്ല ഗുണനിലവാരത്തിൽ ഡിജിറ്റൈസ് ചെയ്ത് എല്ലാവർക്കും ലഭ്യമാക്കതക്ക വിധത്തിൽ റിലീസ് ചെയ്യേണ്ടതിന്റെ പ്രാധാന്യം വിവിധ സർക്കാർ സ്ഥാപനങ്ങളെ ബോധ്യപ്പെടുത്താൻ ഞാൻ നിരവധി വർഷങ്ങളായി ശ്രമിക്കുന്നു)
  • ഈ വിഷയത്തിൽ താല്പര്യമുള്ള ആളുകളെ കൂട്ടി യോജിപ്പിക്കുക.

തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചെയ്യുന്നതു്. ഇതിനായി ഈ ബ്ലോഗ് ഉപയോഗിക്കുന്നു എങ്കിലും തക്കതായ സമയവും താലപര്യമുള്ള കുറച്ചധികം ആളുകളും വരുമ്പോൾ ഇതിനു ഇതിന്റേതായ ഒരു പൊതു ഇടം ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം. അതു സംഭവിക്കുന്നതു വരെയുള്ള അല്പം നീളം കൂടിയ പാലമായി എന്റെ ഈ ഒറ്റപ്പെട്ട ശ്രമത്തെ കരുതുക,

എന്ത് കൊണ്ടാണ് ഈ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്?

താഴെ പറയുന്ന 3 കാരണങ്ങൾ കൊണ്ടാണ് നിലവിൽ ഈ വിഷയത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതു്

  1. കേരളവും /മലയാളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകൾ പരിശോധിക്കാനുള്ള അനുമതി മിക്ക ഗവെഷകർക്കും കിട്ടാക്കനിയാണ്. (ചന്ദ്രക്കലയുടെ പരിണാമവുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ ഇടയ്ക്ക് ഞാൻ ഈ വിഷമം നേരിട്ടു അനുഭവിച്ചതുമാണ്) യഥാർത്ഥമായി ഗവേഷണത്തിൽ താല്പര്യമുള്ളവർക്ക് പോലും primary sources പരിശോധിക്കാനുള്ള അനുമതി വലിയ കടമ്പ ആണ്. അത് പരിശോധിക്കാനുള്ള അനുമതി കിട്ടാൻ ശിപാർശയും മറ്റും ആവശ്യമായി വരുന്നു. (അറിവിനെ ഇത്തരത്തിൽ മൂടിവെക്കുന്നത് തന്നെ വലിയ പാതകമാണ്) ഇത്തരം രേഖകൾക്കായി പലരും വിദേശസർവ്വകലാശാലകൾ കയറി ഇറങ്ങുന്നുണ്ട് എങ്കിലും ഫലം തുച്ഛമാണ്.  എന്നാൽ നമ്മുടെ നിയന്ത്രണത്തിലുള്ളതും കേരളത്തിൽ തന്നെയുള്ളതും ആയ രേഖകൾ ശേഖരിച്ച് ക്രോഡീകരിക്കാൻ ആരും ശ്രമിക്കുന്നും ഇല്ല. ഇത്തരം primary sources ശെഖരിച്ച് ക്രോഡീകരിക്കാൻ ആരും ശ്രമിക്കാത്തതു മൂലം കേരളവും /മലയാളവുമായി ബന്ധപ്പെട്ട ഗവേഷണമേഖല ആകെ ദിശയില്ലാത്ത അവസ്ഥയിൽ ആണ്. ഇത്തരം രേഖകൾ ഏതു സമയത്തും പരിശോധനയ്ക്ക് ലഭ്യമാണ് എന്ന അവസ്ഥ വന്നാൽ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ പടർന്നു പന്തലിക്കും എന്നാണ് എന്റെ പ്രത്യാശ. അതിനായി ഞാൻ എന്നെ കൊണ്ട് പറ്റുന്ന വിധത്തിലുള്ള ഒരു പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഇതാണ് പൊതുസഞ്ചയ രേഖകൾ ശേഖരിച്ച് ക്രോഡീകരിക്കാനുള്ള ഏറ്റവും പ്രധാന കാരണം.
  2. കേരളത്തെ /മലയാളത്തെ മൊത്തമായി കണ്ട് എല്ലാ വിധ പൊതുസഞ്ചയരേഖകളേയും ഒരേ പോലെ കണ്ടു ഡിജിറ്റൈസ് ചെയ്യുന്ന പരിപാടികൾ ഒന്നും തന്നെ ഇപ്പോൾ ഇല്ല. അതിനാൽ മിക്ക രണ്ടാം നിര, മൂന്നാം നിര രേഖകൾ (അല്ലെങ്കിൽ പലവിധ കാരണങ്ങൾ കൊണ്ട് അപ്രധാനമെന്ന് ചിലർ കരുതുന്ന രേഖകൾ) മിക്കതും തമസ്ക്കരിക്കപ്പെടുന്നു. അതു മൂലം അതൊക്കെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകാൻ ഇടയാകുന്നു. ഇതിൽ നിന്നു വ്യത്യസ്തമായി കേരളവും /മലയാളവുമായി എല്ലാ വിധ രേഖകളും (അച്ചടി പുസ്തകങ്ങൾ, കൈയ്യെഴുത്തു രേഖകൾ, താളിയോലകൾ, നോട്ടീസുകൾ, വിവിധ ചെറു ചെറു രേഖകൾ,ഓഡിയോ, വീഡിയോ തുടങ്ങി എല്ലാം തന്നെ ഡിജിറ്റൈസ് ചെയ്യപ്പെടുകയും അത് പൊതുമണ്ഡലത്തിലേക്കു വരികയും വേണം.  ഇതാണ് വേറൊരു പ്രധാനകാരണം.
  3. വിവിധ സർക്കാർ സ്ഥാപനങ്ങൾ ഡിജിറ്റൈസെഷൻ പരിപാടികൾ നടത്തുന്നുണ്ട് എങ്കിലും അവർ ചെയ്യുന്നതൊന്നും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നില്ല. അപൂർവ്വമായി ചില സർക്കാർ സ്ഥാപനങ്ങൾ ഡിജിറ്റൈസ് ചെയ്ത രേഖകൾ തുറന്നു കൊടുത്തിട്ടൂണ്ടെങ്കിലും അതു ജനങ്ങൾക്കു ഉപകാരപ്രദമായ വിധത്തിലല്ല. ഉദാഹരണത്തിനു, വെറുതെ ഫൊട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യുന്നത് മൂലം ഉള്ള അപാരമായ ഫയൽ സൈസ്, പേജുകളുടെ ഫോട്ടോകളിൽ ഉള്ള ഗുണനിലവാര പ്രശ്നം, യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വെറുതെ കടമ തീർക്കുന്ന വിധത്തിലുള്ള ഡിജിറ്റൈസേഷൻ, ടെക്നിക്കൽ അറിവില്ലാത്ത ആളുകൾക്ക് ഉപയോഗിക്കാൻ യുക്തമല്ലാത്ത വിവിധത്തിൽ Digital Library of India പോലുള്ള സ്ഥാപനങ്ങൾ പങ്കു വെക്കുന്ന വിചിത്രമായ ഫയൽ ഫോർമാറ്റുകൾ , തുടങ്ങി ജനങ്ങളെ പരമാവധി കഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള പരിഹാരങ്ങൾ ആണ് നിലവിൽ നമ്മുടെ സർക്കാർ സ്ഥാപനങ്ങളുടേത്. ഈ സംവിധാനങ്ങൾ ഒക്കെ നിർമ്മിക്കുന്നത് പൊതുപണം ഉപയോഗിച്ചാണ് എന്നത് ഓർക്കുമ്പോൾ ഇത് ഖേദകരവുമാണ്. ഇതിൽ നിന്നു വ്യത്യസ്തമായി പൊതുസഞ്ചയരേഖകളുടെ ഉപയോഗക്ഷമത വർദ്ധിപ്പിക്കാൻ എന്നെ കൊണ്ട് ആവുന്ന വിധത്തിൽ ചെറുതായി സഹായിക്കുക എന്നതാണ് വേറൊരു പ്രധാന കാരണം.

ഏത് തരം രേഖകളാണ് താങ്കൾ ഡിജിറ്റൈസ് ചെയ്യുന്നത്?

കാലപ്പഴക്കം മൂലം കോപ്പിറൈറ്റ് കാലാവധി തീർന്നതിനാൽ സ്വാഭാവികമായി പൊതുസഞ്ചയത്തിൽ (public-domain) ഉള്ള രേഖകൾ, സർക്കാർ രേഖകൾ ആയതിനാൽ പൊതുസഞ്ചയത്തിലേക്ക് വരുന്ന രേഖകൾ, കോപ്പി റൈറ്റ് ഹോൾഡറുമാർ ഫ്രീ ലൈസൻസിൽ പ്രസിദ്ധീകരിച്ച രേഖകൾ ഇങ്ങനെ മൂന്നു തരം രേഖകൾ  മാത്രമേ ഞാൻ ഡിജിറ്റൈസ് ചെയ്യുന്നുള്ളൂ. ഇന്ത്യൻ കോപ്പി റൈറ്റ് നിയമം അനുസരിച്ച് രചയിതാവ് മരിച്ച് 60 വർഷം കഴിഞ്ഞാൽ ആ രചയിതാവിന്റെ രചനങ്ങൾ എല്ലാം പൊതുസഞ്ചയത്തിൽ ആവും. അത്തരം കൃതികൾക്ക് കുറഞ്ഞത് 60 വർഷം പഴക്കമുണ്ടെങ്കിൽ അത് പൊതുസഞ്ചയത്തിലാണ്. അതിനാൽ തന്നെ ഈ ബ്ലോഗിലൂടെ ലഭ്യമാകുന്ന ഡിജിറ്റൽ സ്കാനുകൾ മിക്കതും ഏറ്റവും കുറഞ്ഞത് 60 വർഷം പഴക്കമുള്ളത് ആയിരിക്കും. കോപ്പിറൈറ്റ് ഉള്ള പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നത് എന്റെ താല്പര്യത്തിൽ ഉള്ള വിഷയമല്ല.അതേ പോലെ സ്വകാര്യശേഖരങ്ങൾ ഡിജിറ്റൈസ് ചെയ്ത് കൊടുക്കുന്നതും പൊതുവായി ആക്സെസ് ചെയ്യാൻ പറ്റാത്ത വിധത്തിലുള്ള രഹസ്യ ഡിജിറ്റൈസേഷനോ  എന്റെ താല്പര്യത്തിൽ വരുന്ന സംഗതി അല്ല. ഞാൻ ഡിജിറ്റൈസ് ചെയ്യുന്നതൊക്കെ പബ്ലിക്ക് ആകും. പൊതുസഞ്ചയ രേഖകൾ രഹസ്യമായി സൂക്ഷിക്കുന്ന പരിപാടി അവസാനിപ്പിക്കുക എന്നത് ഈ പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യവുമാണ്.

ഇതിനുള്ള സമയം, പണം ഒക്കെ എങ്ങനെ താങ്കൾ കണ്ടെത്തുന്നു?

ഈ പരിപാടിക്കായി ധാരാളം സമയവും പ്രയത്നവും ആവശ്യമാണ്.

സമയം: ജോലിയിൽ നിന്നും കുടുംബത്തോടൊപ്പമുള്ള സമയത്തിൽ നിന്നും മോഷ്ടിച്ചെടുക്കുന്ന സമയമാണ് ഇപ്പോൾ ഇതിനു പ്രധാനമായും ഉപയോഗിക്കുന്നത്.

പണം: ഈ പരിപാടിക്കായി ധാരാളം യാത്രകൾ വേണ്ടി വരുന്നുണ്ട്.  അതിനായി ഭാരിച്ച പണച്ചിലവുണ്ട്. ഒപ്പം വിവിധ ഡിജിറ്റൈസേഷൻ സാമഗ്രികൾ (ഉദാ: കോപ്പി സ്റ്റാൻഡ്, ഡിജിറ്റൽ ക്യാമറ, ലാപ്പ് ടോപ്പ്, ലൈറ്റിങ് സാമഗ്രികൾ, വിവിധ ഫർണിച്ചറുകൾ ബുക്ക് ഷെൽഫ്, ബുക്ക് ബൈൻഡിങ് സാമഗ്രികൾ, മറ്റ് സ്റ്റേഷനറികൾ തുടങ്ങിയവ) വേണ്ടതുണ്ട്.   ഇങ്ങനെ ധാരാളം ചിലവുകളുണ്ട്. ഇതിൽ പലതും ആവർത്തന ചിലവുകൾ ആണ്. ആദ്യകാലങ്ങളിൽ ഇതിനു വേണ്ടി വരുന്ന എല്ലാ സാമ്പത്തിക ബാദ്ധ്യതകളും എന്റെ സ്വന്തം ചിലവിലാണ് നടത്തിയത്. ശമ്പള വരുമാനവും അല്പസ്വല്പ നിക്ഷേപ വരുമാനവും ഒക്കെയാണ് ഞാൻ ഇതിനു ഉപയോഗിക്കുന്നത്. അത് ഭാഗികമായി ഇപ്പൊഴും തുടരുന്നുണ്ട്. പ്രത്യേകിച്ച് യാത്രകൾക്കും മറ്റു അനുബന്ധ ചിലവുകൾക്കുമായി എനിക്ക് ഇപ്പോഴും ആവർത്തന ചിലവുകൾ വരുന്നുണ്ട്.

എന്നാൽ ഡിജിറ്റൈസേഷൻ പരിപാടി സ്കേൽ അപ് ചെയ്യാൻ തീരുമാനിച്ചപ്പോൾ  വിലകൂടുതലുള്ള കൂടുതൽ സാമഗ്രികളും മറ്റും വാങ്ങേണ്ടി വന്നു. അത് താങ്ങാനുള്ള സാമ്പത്തിക ശേഷി എനിക്കില്ല. അതിനായി എൻ്റെ ചില സുഹൃത്തുക്കൾ സഹായിച്ചു. അതിനെ പറ്റിയുള്ള വിശദാംശങ്ങൾ ഇവിടെ കാണുക.

സാങ്കേതിക സഹായങ്ങൾ

വിശദാംശങ്ങൾ ഇവിടെ കാണുക

വേറെ ആരെങ്കിലും ഏതെങ്കിലും വിധത്തിൽ താങ്കളെ സഹായിക്കാറുണ്ടോ?

ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളൾ ഞാൻ ചർച്ച ചെയ്യുന്നത് എന്റെ പ്രിയ സുഹൃത്ത് സുനിൽ വി.എസ്. നോടും.സിബു സി. ജെ. യോടും ആണ്. സുനിലും ഞാനും ചേർന്ന് “മലയാളപൊതുസഞ്ചയരേഖകളുടെ ഡിജിറ്റൈസേഷൻ – നിലവിലെ സ്ഥിതിയും സാദ്ധ്യതകളും” എന്ന ഒരു ലേഖനം എഴുതിയിട്ടൂം ഉണ്ട്

 

ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട് ഒരു കമ്മ്യൂണിറ്റി ഉണ്ടാക്കാൻ താങ്കൾ ശ്രമിക്കുന്നുണ്ടോ?

ഒരു ദേശത്തെയോ ഭാഷയോ മൊത്തമായി കണ്ട് അതിലെ എല്ലാ സംഗതികളും ക്രോഡീകരിച്ച് പൊതുവായി നടത്തുന്ന ഈ പദ്ധതി പല വിധത്തിൽ തനിമ ഉള്ളതാണ്. ഇതിനു വേണ്ടി ചിലവഴിക്കുന്ന സമയത്തിനോ പ്രയത്നത്തിനോ യാതൊരു പ്രോത്സാഹനം ലഭിക്കാത്തതിനാലോ,  സാമ്പത്തിക നേട്ടം ഇല്ലാത്തതിനാലോ.  മറ്റ് ഇടങ്ങളിൽ മാതൃക ഇല്ലാത്തതിനാലോ ഒക്കെയാവാം പുതുതായി ആളുകൾ ഇതിലേക്ക് വരുന്നില്ല എന്നത് ഒരു പ്രശ്നം തന്നെയാണ്. (എന്നാൽ സ്കാനുകൾ ധാരാളമായി പുനരുപയോഗിക്കുനുണ്ട് താനും).

ഇതിനു ആവശ്യമായ സാധനസാമഗ്രികളുടെ ചിലവ് മാനേജ് ചെയ്യുക, ഓരോ പുസ്തകവും ഡിജിറ്റൈസ് ചെയ്യാൻ വലിയ അളവിൽ ചിലവഴിക്കേണ്ട സമയം കണ്ടെത്തുക, ഇതിനു ആവശ്യമായ ചില സാങ്കേതിക അറിവുകളും ഒക്കെ ആർജ്ജിക്കുക എന്നതൊക്കെ വലിയ അളവിൽ  അഭിനിവേശം  ആവശ്യമുള്ള സംഗതിയാണ്. അതിനാൽ തന്നെ ഇതിനു മുൻപ് ഞാൻ പലവട്ടം ചിലരെ പരിശീലിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഒരു ഘട്ടം കഴിഞ്ഞ് മുൻപോട്ട് പോയില്ല.

2020 ഡിസംബറിൽ ഞാൻ കേരളത്തിൽ പോയപ്പോൾ ഈ വിഷയത്തിൽ താല്പര്യം കാണിച്ച 10 ഓളം പേരെ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇതിൻ്റെ എല്ലാ വശങ്ങളും അടങ്ങുന്ന ഒരു ട്രെയിങ്ങ് ക്ലാസ്സ് നൽകിയിരുന്നു, അതിൽ ഉൾപ്പെട്ട രണ്ടു പേർ (ടോണി ആൻ്റണി, ഷാജി അരീക്കാട് എന്നിവർ) 2021 ജനുവരി മുതൽ എൻ്റെ ഒപ്പം കൂടി പതുക്കെ രേഖകൾ ഡിജിറ്റൈസ് ചെയ്ത്  സ്കാനുകൾ റിലീസ് ചെയ്യുന്നുണ്ട്. അവർ ഇപ്പോൾ കാണിച്ച ഈ താല്പര്യം തുടർന്ന് കൊണ്ടു പോവും എന്ന് ഞാൻ പ്രത്യാശിക്കുന്നു. ഈ വിധത്തിൽ പതുക്കെ പതുക്കെ ഈ വിഷയത്തിൽ ഒരു സമൂഹം കെട്ടി പടുക്കാം എന്ന് ഞാൻ കരുതുന്നു.

മലയാളത്തെ/കേരളത്തെ സംബന്ധിച്ച ഈ പദ്ധതി താങ്കൾ എന്തു കൊണ്ട് താങ്കളുടെ https://shijualex.in/ എന്ന സ്വകാര്യ ബ്ലോഗിൽ ചെയ്യുന്നു?

അത് വളരെ യാദൃശ്ചികായി സംഭവിച്ചു പോയതാണ്. തുടക്കകാലത്ത്  ഒരു ഹോബി പോലെ ഇടയ്ക്ക് കണ്ണിൽ പെടുന്ന പുസ്തകങ്ങളെ പറ്റി എന്റെ അഭിപ്രായവും ചേർത്ത് പോസ്റ്റ് ചെയ്യാനായി തുടങ്ങിയതാണ് ഈ ബ്ലോഗ്. ആ പരിപാടി എന്റെ സ്വകാര്യമായതിനാൽ  സ്വാഭാവികമായി അതിനായി എന്റെ ബ്ലോഗ് തന്നെ തിരഞ്ഞെടുത്തു. പക്ഷെ കാലാന്തരത്തിൽ ഈ പദ്ധതിയും ബ്ലോഗും ഒക്കെ ഞാൻ സ്വപ്നം പോലും കാണാത്ത  വിധത്തിൽ ആയിപോയി. ഇപ്പോൾ എന്റെ കൈയിൽ നിന്ന് വിട്ടു പോയി. ഈ ബ്ലോഗ് നിർത്താൻ പോലും പറ്റാത്ത സ്ഥിതി ആണ് ഇപ്പോൾ ഉള്ളത്,

സമയവും തക്കതായ താൽപര്യവുമുള്ള കുറച്ചധികം സന്നദ്ധപ്രവർത്തകർ വരുമ്പോൾ മാത്രം ഇതിനു ഇതിന്റേതായ മറ്റൊരു പൊതു ഇടം ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം. അതു സംഭവിക്കുന്നതു വരെയുള്ള അല്പം നീളം കൂടിയ പാലമായി ഇപ്പൊഴത്തെ എന്റെ  ഈ ഒറ്റപ്പെട്ട ശ്രമത്തെ കരുതാം.

താങ്കൾ ഒരു നന്മ മരം ആണോ?

ഒരിക്കലും അല്ല. എന്റെ തന്നെ ഗവേഷണ ആവശ്യങ്ങൾക്കും, ഈ പരിപാടി ചെയ്യുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിക്കും വേണ്ടി ആണ് പരിപാടി ചെയ്യുന്നത്. അത്യാവശ്യം പ്രശസ്തിയും ഇതു മൂലം കിട്ടിയിട്ടൂണ്ട്. നിലവിൽ കേരളത്തിലെ ഏതൊരു സർക്കാർ/സ്വകാര്യ സ്ഥാപനങ്ങൾ തരുന്നതിനേക്കാൾ പുരാതനവും പ്രാധാന്യവും ഉള്ള കേരള രേഖകൾ ഞാൻ വഴിയാണ് ഡിജിറ്റൈസ് ചെയ്ത് പുറത്ത് വന്നത് എന്നതിൽ എനിക്കു അഭിമാനവും ഉണ്ട്.

നിലവിൽ ഈ വിഷയത്തിൽ എനിക്കു താല്പര്യം ഉണ്ട് എങ്കിലും, വ്യക്തി ജീവിതത്തിൽ താല്പര്യങ്ങൾ മാറുന്നതിനു അനുസരിച്ച് ഒരു പക്ഷെ പിൽക്കാലത്ത് ഇത് ഞാൻ നിർത്തിയേക്കാം. പക്ഷെ ഡിജിറ്റൈസ് ചെയ്ത രേഖകൾ ഇതിനകം പൊതുവിടങ്ങളിൽ ലഭ്യമാണ് എന്നത് കൊണ്ട് ഇതുവരെ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വിട്ട രേഖകൾ നഷ്ടമാകുന്നില്ല. അത് അവിടവിടങ്ങളിൽ തന്നെ ഉണ്ടാകും.

ഗവേഷണ പരിശ്രമങ്ങൾ

ധാരാളം പഴയകാല കേരള രേഖകളിൽ കൂടി ഡിജിറ്റൈസേഷനു വേണ്ടി കടന്നു പോയതാണ് എന്നിലെ ഗവേഷകനെ ഉണയർത്തിയത്ത്.  അതിൽ  മലയാള ലിപിപരിണാമം, കേരളചരിത്രം എന്നിവ എനിക്കു സവിശേഷ താല്പര്യമുള്ള വിഷയങ്ങളായിരുന്നു. ആ വിഷയങ്ങളുമായി ബന്ധപ്പെട്ട ചില ഗവേഷണലേഖനങ്ങൾ സിബു സി.ജെ. സുനിൽ വി.എസ്. എന്നീ സുഹൃത്തുക്കളുമായി ചേർന്ന് ഞാൻ എഴുതിയിട്ടുണ്ട്.  ഇതുവരെ പ്രസിദ്ധീകരിച്ച ഗവേഷണ ലേഖനങ്ങൾ താഴെ പറയുന്നവ ആണ്:

ഇതിനു പുറമെ, ബെഞ്ചമിൻ ബെയിലി, ലിസ്റ്റൻ ഗാർത്തുവേറ്റ് എന്നിവരുടെ കല്ലറ കണ്ടെത്തുന്ന ഗവേഷപരിശ്രമങ്ങളിലും പങ്കാളിയായി. ഇതിൽ ബെഞ്ചമിൻ ബെയിലിയുടെ കല്ലറ സുഹൃത്ത് സിബു സി.ജെ. യുടെ സഹായത്തോടു കൂടി ഇംഗ്ലണ്ടിൽ ലണ്ടനടുത്തുള്ള ഷൈൻ്റൻ എന്ന കൊച്ചു ഗ്രാമത്തിലും, ലിസ്റ്റൻ ഗാർത്തുവേറ്റിൻ്റെ കല്ലറ എൻ്റെ സുഹൃത്ത് ജിസ്സോ ജോസിൻ്റെ സഹായത്തോടു കൂടി  ഓസ്ട്രേലിയയിൽ അഡലെയ്ഡിനു സമീപം ഗ്ലെനെൽഗ് പട്ടണത്തിലുമാണ് കണ്ടെത്തിയത്.

ഡിജിറ്റൈസ് ചെയ്യുന്ന രേഖകളെ കുറിച്ചുള്ള അറിയിപ്പ് എവിടെയൊക്കെ ലഭ്യമാണ്?

താഴെ പറയുന്ന രണ്ട് ഇടങ്ങളിൽ ഓരോ രേഖയും ഡിജിറ്റൈസ് ചെയ്ത് പുറത്തു വിടുന്നതിനെ പറ്റിയുള്ള വിവരം ലഭിക്കും.

ഞങ്ങൾക്ക് താങ്കളെ സഹായിക്കാൻ പറ്റുമോ?

ഏതെങ്കിലും വിധത്തിൽ പിന്തുണയ്ക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ എനിക്ക് മെയിലയക്കുക. എന്റെ ഇ-മെയിൽ വിലാസം: shijualexonline@gmail.com.

8 comments on “About

Leave a Reply