ദ്രാവിഡ ഭാഷകളെ റോമനൈസ് ചെയ്യാൻ നടത്തിയ ഒരു ശ്രമം

ദ്രാവിഡ ഭാഷകളെ റോമനൈസ് ചെയ്ത് പ്രിന്റിങ്ങും മറ്റും എളുപ്പത്തിൽ ആക്കാൻ ഒരു ശ്രമം ബാസൽ മിഷൻകാർ നടത്തിയിട്ടുണ്ട് എന്ന് കാണുന്നു. അത് സംബന്ധിച്ച ഒരു പുസ്തകത്തിന്റെ സ്കാൻ കിട്ടിയിരിക്കുന്നു. 1859ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്കാൻ ചെയ്ത പിഡിഎഫിനു മൊത്തം 62 താളുകൾ ഉണ്ടെങ്കിലും ആദ്യത്തെ 10ഓളം താളുകളിൽ മാത്രമേ ഉള്ളടക്കം ഉള്ളൂ.

That the suppression of the many complicated alphabets of India by a single alphabet based upon the Roman, would be great advantage to the country, few men will now deny.

എന്ന് തുടങ്ങുന്ന ഒരു ദീർഘമായ പ്രസ്ഥാവന 12ആം താളിൽ ഉണ്ട്. മലയാളം, കനാറീസ് (ഇന്നത്തെ കന്നഡ), തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി (ഇന്നത്തെ ഹിന്ദി, ഉർദ്ദു) എന്നീ ഭാഷകളെ ഇത്തരത്തിൽ റോമനൈസ് ചെയ്യാനുള്ള നിർദ്ദേമാണ് ഇതിൽ വെച്ചിരിക്കുന്നത്.

ഈ ശ്രമത്തിൽ നിന്ന് ബാസൽ മിഷൻ പിന്നീട് എന്ത് കൊണ്ട് പിറകോട്ട് പോയി എന്നത് സംബന്ധിച്ച രേഖകൾ ഒന്നും തപ്പിയിട്ട് കിട്ടിയില്ല.  ഇതിനു മുമ്പും ശേഷവും ഈ ഭാഷകളിൽ ഉള്ള നിരവധി പുസ്തകങ്ങൾ ബാസൽ മിഷൻകാർ  പുറത്തിറക്കിയിട്ടുണ്ട്. മാത്രമല്ല ഈ ഭാഷകളിൽ ഉള്ള പ്രിന്റിങ്ങിനും ലിപി മാനകീകരണത്തിനും മറ്റും ബാസൽ മിഷൻകാർ നിരവധി  സംഭാവനകൾ നൽകിയിട്ടും ഉണ്ട് താനും. അപ്പോൾ ഇടക്കാലത്ത് ഈ വിധത്തിൽ ഒരു ശ്രമം എന്തിനു നടത്തി എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

സ്കാൻ പിഡിഎഫ് ഇവിടെ നിന്ന് ലഭിക്കും: 1859 Pointed And Unpointed Romanic Alphabets J G Thompson (2.5 MB)

കെരളൊല്പത്തിയും കേരളോല്പത്തിയും

കേരളത്തിന്റെ പ്രാചീനചരിത്രമെന്നോണം ധാരാളം ഐതിഹ്യങ്ങളും കേട്ടുകേൾവികളും ഉൾച്ചേർത്തു് വിവരിക്കുന്ന ഒരു പ്രാചീനഗ്രന്ഥമാണു് കേരളോല്പത്തി

എന്നാണ് മലയാളം വിക്കിപീഡിയ കേരളോല്പത്തി എന്ന ഗ്രന്ഥത്തിനു നൽകുന്ന നിർവ്വചനം.  ഒരു പ്രാചീന ഗ്രന്ഥം എന്നതിനു ഒപ്പം തന്നെ മലയാളം അച്ചടിയുടേയും മലയാളലിപി പരിണാമത്തിന്റെയും ഒക്കെ ഭാഗമാകാനും ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്. ഗുണ്ടർട്ട് ആണല്ലോ ഈ കൃതി ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. അതിനെ കുറിച്ച് അല്പം കാര്യങ്ങളാണ് ഈ പോസ്റ്റിൽ.

മലയാളം അച്ചടിയുടെ ചരിത്രത്തിൽ ബാസൽ മിഷൻ പ്രസ്സിനു പ്രത്യേക സ്ഥാനം ഉണ്ടെന്ന്
എല്ലാവർക്കും അറിയാമല്ലോ. ഈ ചരിത്രത്തെകുറിച്ച് കൂടുതൽ മനസ്സിലാവാൻ കെ.എം. ഗോവിയുടെ ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന പുസ്തകം കാണുക. പക്ഷെ ബെഞ്ചമിൻ ബെയിലി ചെയ്തത് പോലെ മലയാള അക്ഷരങ്ങൾക്ക് പ്രത്യേക അച്ചുണ്ടാക്കി വാർത്തല്ല ബാസൽ മിഷൻ പ്രസ്സ് അച്ചടി തുടങ്ങിയത്, അവർ കല്ലച്ചിലാണ് (ലിത്തോഗ്രഫി) ആദ്യ അച്ചടികൾ നടത്തിയത്. ചെലവ് കുറവാണ് എന്നതായിരിക്കും ഇതിനുള്ള ഒരു കാരണം എന്ന് കെ.എം. ഗോവി നിരീക്ഷിക്കുന്നുണ്ട്. ലിത്തോഗ്രഫി അച്ചടിയെ പറ്റി വിശദമായ ഒരു ലേഖനം മലയാളം വിക്കിപീഡിയനായ അജയ് ബാലചന്ദ്രൻ എഴുതിയിട്ടുണ്ട്. അത് ഇവിടെ കാണാം.

അച്ച് വാർത്തുണ്ടാക്കിയുള്ള അച്ചടിയെ അപേക്ഷിച്ച് ലിത്തോഗ്രാഫിയെ സംബന്ധിച്ച് എനിക്ക് പ്രത്യേകത ആയി  തോന്നിയത് കൈയ്യഴുത്ത് അതേ പോലെ അച്ചടിക്കാൻ കഴിയുന്നു എന്നതാണ്. അതിന്റെ അർത്ഥം കൈയ്യെഴുത്തിലെ ലിപിയെ അതേ പോലെ കാണാൻ ഇത് നമ്മളെ സഹായിക്കുന്നു എന്നതാണ്. അതിനാൽ തന്നെ മലയാളലിപി മാനകീകൃതമായിട്ടില്ലാത്ത കാലഘട്ടത്തിലുള്ള ലിത്തോഗ്രാഫിക് അച്ചടി പുസ്തകങ്ങൾ ലിപിയെ കുറിച്ച് പല കാര്യങ്ങളും മനസ്സിലാക്കാൻ നമ്മളെ സഹായിക്കും.

ഈ വിധത്തിൽ മംഗലാപുരം ബാസൽ മിഷനിലെ കല്ലച്ചിൽ നിന്ന് 1843-ൽ ഇറങ്ങിയ കെരളൊല്പത്തി എന്ന കൃതിയുടെ സ്കാൻ നമുക്ക് ലഭ്യമായിരിക്കുന്നു.1868-ൽ ഇറങ്ങിയ രണ്ടാം പതിപ്പിന്റെ സ്കാൻ ഇതിനു വളരെ മുൻപ് നമുക്ക് ലഭ്യമാവുകയും അത് ഇതിനകം മലയാളം വിക്കിഗ്രന്ഥശാലയിൽ ഡിജിറ്റൈസ് ചെയ്യുകയും ചെയ്തതാണല്ലോ.

അപ്പോൾ ഡിജിറ്റൈസേഷന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ഈ സ്കാനിനു ചരിത്രപരമായ പ്രത്യേകത മാത്രമേ ഉള്ളൂ. പക്ഷെ ലിത്തോഗ്രാഫി അച്ചടി നടത്തിയ ഈ ആദ്യത്തെ പതിപ്പിനെയും 1868ലെ ലെറ്റർ പ്രസ് പതിപ്പിനേയും താരതമ്യം ചെയ്യുമ്പോൾ,  വെറും ഒന്നാം പതിപ്പ്/രണ്ടാം പതിപ്പ് എന്നതിനു അപ്പുറം 25 വർഷങ്ങൾ കൊണ്ട് മലയാളലിപിക്ക് സംഭവിച്ച വ്യതിയാനം (ലിപ് പരിഷ്ക്കരണം എന്ന് തന്നെ പറഞ്ഞു കൂടെ?) കൂടെയാണ് നമ്മൾക്ക് മുൻപിൽ തെളിയുന്നത്.

ഞാൻ ഒരു ഭാഷാ ശാസ്ത്രജ്ഞൻ അല്ലാത്തതിനാൽ, ഒറ്റ നോട്ടത്തിൽ എന്റെ ശ്രദ്ധയിൽ വന്ന ചില കാര്യങ്ങൾ മാത്രം ഈ പൊസ്റ്റിൽ അവതരിപ്പ്, ഈ പതിപ്പുകളെ കൂടുതൽ വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം വായനക്കാർക്ക് വിട്ടു തരുന്നു.

  • ഏ/ഓ കാരങ്ങളുടെ ഉപയോഗം. ഉദാ: കെരളൊല്പത്തി/ കേരളോല്പത്തി. ആദ്യത്തെ പതിപ്പിൽ കാരം കാരം ഒട്ടും ഉപയൊഗിച്ചിട്ടില്ല. എന്നാൽ രണ്ടാം പതിപ്പിൽ അത് രണ്ടും അവതരിച്ചിരിക്കുന്നു. പുസ്തകത്തിന്റെ പേരു് തന്നെ അതിനനുസരിച്ച് പുതുക്കപ്പെട്ടിരിക്കുന്നു.
  • രണ്ടു പതിപ്പിലും “ഈ” കാരം സൂചിപ്പിക്കാൻ മിക്കവാറും  എന്ന ചിഹ്നനം ആണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ കൈയ്യെഴുത്ത് പ്രതി എന്ന് തന്നെ പറയാവുന്ന ആദ്യ പതിപ്പിൽ അപൂർവ്വമായി ചിലയിടങ്ങളിൽ എന്ന രൂപം കാണാം. ഉദാ: 21 ആം താളിൽ “അതിന്റെ ശേഷം” എന്ന് തുടങ്ങുന്ന ഖണ്ഡികയിൽ “ഈശ്വരമയം” എന്ന വാക്ക് കാണുക. കഴിഞ്ഞ പൊസ്റ്റിൽ ഞാൻ സൂചിപ്പിച്ച പോലെ രണ്ടു രൂപവും കൈയ്യെഴുത്തിൽ ഉണ്ടായിരുന്നു എങ്കിലും  യ്ക്കായിരുന്നു മുൻതൂക്കം എന്ന വാദം ശരിക്കുന്നതാന്ന് ഇതെന്ന് തോന്നുന്നു.
  • വാക്കുകൾക്ക് ഇടയിൽ ഇട വിടുന്ന രീതി കൈയ്യെഴുത്തിൽ (ആദ്യ പതിപ്പിൽ) മിക്കവാറും ഇല്ല എന്ന് തന്നെ കാണാം.
  • കൈയ്യെഴുത്ത് പതിപ്പിൽ സംഭാഷണസകലങ്ങളെ സൂചിപ്പിക്കാൻ ക്വോട്ട്സ് (“) ഉപയൊഗിച്ചിട്ടുണ്ട്. പക്ഷെ ഒരു പ്രത്യെക തരത്തിൽ ആണത്. സംഭാഷണം തുടങ്ങുന്ന സ്ഥലത്തെ ക്വോട്ട്സ് (“) ബേസ് ലൈനോട് ചേർന്നും അവസാനിക്കുന്ന ഇടങ്ങളിൽ സൂപ്പർസ്ക്രിപ്റ്റും ആയി മാറുന്ന പ്രത്യേക രീതിയിലാണ് അതിന്റെ ഉപയോഗം. മലയാളം കൈയ്യെഴുത്തിലെ ഒരു യുണീക്ക് രീതി ആയിത്തോന്നി ഇത്.
  • ആദ്യ പതിപ്പിൽ ഉകാര ചിഹ്നനത്തിലോ, അ കാരത്തിലോ അവസാനിച്ച  പല വാക്കുകളും രണ്ടാം പതിപ്പിൽ ചന്ദ്രക്കലയ്ക്ക് വഴി മാറുന്നത് കാണാം. (ഇക്കാര്യത്തിൽ ഇപ്പോഴും എന്റെ സംശയം. ചന്ദ്രക്കല ഗുണ്ടർട്ടിന്റെ സംഭാവന ആണോ അതോ എവിടെയെങ്കിലും അത് കയ്യെഴുത്തിൽ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തേണ്ടതുണ്ട്.)
  • ആദ്യ പതിപ്പിൽ (ലിത്തോഗ്രഫി പതിപ്പ്) ചില്ല് കൂട്ടക്ഷരം ഉണ്ടാക്കില്ല എന്ന ഇന്നത്തെ “അലിഖിത നിയമത്തെ“ വെല്ലുവിളിച്ചു കൊണ്ട് പലയിടത്തും യഥേഷ്ടം കൂട്ടക്ഷരചില്ലുകളെ കാണാം. പ്രത്യെകിച്ച് ൾ എന്ന ചില്ലിനു കൂട്ടക്ഷത്തോടു പ്രത്യേക മമത ആണെന്ന് കാണുന്നു 🙂  കൂട്ടക്ഷരചില്ലുകളെ അപൂർവ്വമായി രണ്ടാം പതിപ്പിലും കാണാം. ചുരുക്കത്തിൽ അച്ചടി ആണോ കൂട്ടക്ഷരചില്ലുകളെ മലയാളത്തിൽ നിന്ന് നിഷ്കാസനം ചെയ്തത്?
  • ആദ്യപതിപ്പിൽ വാചകങ്ങളെ തമ്മിൽ വേർതിരിക്കാൻ ഒരു വര (ഇന്ന് നമുക്ക് ഹൈഫൺ എന്ന് പറയാം) ആണ് ഉപയൊഗിച്ചിരിക്കുന്നത്. രണ്ടാം പതിപ്പിൽ ഇന്നത്തെ പൂർണ്ണവിരാമം രംഗപ്രവേശം ചെയ്യുന്നു. പൂർണ്ണവിരാമത്തിന്റെ ഉപയോഗം ഇതിനു മുൻപ് ബെയിലി കൃതികളിലും നമ്മൾ കണ്ടതാണല്ലോ. ചുരുക്കത്തിൽ അച്ചടിയുടെ സംഭാവന ആണ് പൂർണ്ണവിരാമം എന്ന് പറയാം.
  • ന്റ, റ്റ. ഇത് രണ്ടും അക്കാലത്തെ എല്ലാ കൃതികളും കാണുന്ന പോലെ ൻറ, ററ എന്ന് വേറിട്ട് തന്നെ ആണ് എഴുതിയിരിക്കുന്നത്. ന്റ യുടെ മറ്റ് വ്യതിയാനങ്ങൾ ഒന്നും കണ്ടില്ല.
  •  ആദ്യപതിപ്പിൽ  സ്വരാക്ഷരചിഹ്നനങ്ങളെ ഒരു ദാക്ഷിണ്യവും ഇല്ലാതെ ഇറ്റയ്ക്ക് വെച്ച് വരിമുറിക്കുന്നത് കാണാം. അത് വളരെ കുറച്ച് ഇടമേ എടുക്കൂ എന്നത് പോലും വാക്ക് മുറിക്കാൻ തടസ്സമാകുന്നില്ല. “എഴുന്നെള്ളുക” എന്നതിലെ “ന്നള്ളുക” എന്നത് മാത്രമായി അടുത്ത വരിയിലെക്ക് പോകുന്നത് ഇന്നത്തെ വായനാശീലം വെച്ച് അരോചകമായി തോന്നാം. എന്നാൽ രണ്ടാം പതിപ്പിൽ എത്തുമ്പോൾ “ന്നെള്ളുക” എന്നവിധത്തിൽ ആണ് വാക്ക് മുറിയുന്നത്.
  • കൈയ്യെഴുത്ത് പതിപ്പിൽ അപൂർവ്വമായി ചിലയിടങ്ങളിൽ മലയാളം ചുരുക്കെഴുത്ത് കണ്ടു. ഉദാ: പരശുരാമൻ എന്നതിനു പ. രാമൻ (പിഡിഎഫിലെ 8മത്തെ താളിൽ അതിന്റെ ശേഷം ഭൂമി… എന്ന് തുടങ്ങുന്ന ഖണ്ഡികയിൽ …അവരുടെ സംവാദത്താൽ ശ്രീ പ. രാമനൊട ആയുധം വാങ്ങി … എന്ന വാക്യശകലം ശ്രദ്ധിക്കുക. അപ്പോൾ ഈ വിധത്തിൽ മലയാളത്തിൽ പൂർണ്ണവിരാമം ഉപയോഗത്തിലുണ്ടായിരുന്നു എന്ന് കാണാം.

എന്റെ ഓടിച്ചുള്ള വിശകലനത്തിൽ ഞാൻ കണ്ടെത്തിയത് ഇത്രയും കാര്യങ്ങളാണ്. ബാക്കി ഈ പ്രമാണങ്ങൾ കൂടുതൽ വിശകലനം ചെയ്യാൻ വായനക്കാരുടെ സഹായം അഭ്യർത്ഥിക്കുന്നു. ഒരിക്കൽ കൂടി രണ്ട് പതിപ്പിലേക്കും ഉള്ള കണ്ണികൾ.

“ഈ”യെ പറ്റി അല്പം കൂടി

/ഈ എന്നിങ്ങനെ രണ്ട് തരത്തിൽ മലയാളത്തിൽ എന്ന ദീർഘസ്വരം എഴുതിയിരുന്നു എന്ന് നമ്മൾ ഇതിനകം പരിചയപ്പെട്ട പഴയ പൊതുസഞ്ചയ പുസ്തകങ്ങളിൽ നിന്നു മനസ്സിലാക്കി. /ഈ യുടെ ചരിത്രം കൂടുതൽ പഠിക്കുമ്പോൾ,  എന്ന രൂപം സ്റ്റാൻഡേർഡാക്കാൻ വള്ളത്തോൾ ആണ് മുൻപിട്ട് ഇറങ്ങിയത് എന്നും 1930കൾക്ക് മുൻപ് അത് ഉപയോഗിച്ചിട്ടേ ഇല്ല എന്ന വാദവും ശരിയാണ് എന്ന് തോന്നുന്നില്ല.

1930കൾക്ക് മുമ്പും ഇത് ഉണ്ടായിരുന്നു എന്നത് കാണിക്കാൻ പ്രധാനമായും 2 കാരണങ്ങൾ ആണ് എനിക്ക് ചൂണ്ടിക്കാണിക്കാൻ ഉള്ളത്

  1. തുളുലിപിയിൽ മലയാളത്തിലെ ഇപ്പൊഴത്തെ ഈ തന്നെ ആണ് ഈ. അതിനാൽ മറ്റ് നിരവധി മലയാളലിപികൾക്ക് തുളുലിപിയുമായി സാമ്യം ഉള്ളത് പോലെ ഇതും തുളുവിൽ നിന്ന് കൈക്കൊണ്ടതായി കരുതിക്കൂടെ? തുളുലിപിയുടേയും മലയാളലിപിയുടേയും സോർസ് ഒന്നാണെങ്കിൽ തന്നെ എന്ന രൂപവും യുടെ ഒപ്പം തന്നെ ഉപയോഗത്തിൽ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. യുടെ സോർസ് ബ്രാഹ്മി/ഗ്രന്ഥം ആണെന്ന് വേണം കരുതാൻ.
  2. 1841-ൽ പ്രസിദ്ധീകരിച്ച ജോസഫ് പീറ്റിന്റെ A Grammar of the Malayalim Language എന്ന  പുസ്തകത്തിലെ 22മത്തെ താളിൽ (പിഡിഎഫിന്റെ പേജ് നമ്പർ ആണ്) ഈ യെ കുറിച്ച് പരാമർശിക്കുന്നിടത്ത് ഈ എന്ന ഈയുടെ ഇന്നത്തെ രൂപം തന്നെ കാണുന്നു.

ii

ചുരുക്കത്തിൽ കഴിഞ്ഞ പോസ്റ്റിൽ ഏ, ഓ എന്നിവയുടെ കാര്യത്തിൽ പറഞ്ഞ പോലെ /ഈ രണ്ട് രൂപവും ഉപയോഗത്തിൽ (കൈയെഴുത്തിൽ) ഉണ്ടായിരുന്നു എങ്കിലും-യ്ക്കായിരുന്നു കൂടുതൽ പ്രചാരം എന്നതിനാൽ പഴയ അച്ചടി പുസ്തകങ്ങളിൽ ഒക്കെ അത് ഉപയോഗിച്ചിരുന്നു എന്ന് പറയുന്നതാവും കൂടുതൽ യുക്തി എന്ന് തോന്നുന്നു. കൈയെഴുത്തിൽ 1850കൾക്ക് മുൻപ് എങ്കിലും രണ്ടു രൂപവും ഉണ്ടായിരുന്നു എന്നാണ് എന്റെ ഊഹം. അക്കാലത്തെ കൈയെഴുത്തു പ്രതികളുടെ ഡിജിറ്റൽ കോപ്പികൾ കിട്ടിയാൽ ഈ വക കാര്യങ്ങൾ ഉറപ്പിക്കാമായിരുന്നു.

കുറിപ്പ്: എന്ന രൂപം എൻകോഡ് ചെയ്ത ഒരു ഫോണ്ട് എന്നു കിട്ടുമോ? പിന്നെ ഈ ചിത്രമാക്കൽ പരിപാടി നിർത്താമായിരുന്നു. (യൂണീക്കോഡ് 8ൽ എൻകൊഡ് ചെയ്തു. അതിനെ പറ്റിയുള്ള വിവരം ഈ ടേബിളീൽ കാണാം)