Selection of Official Malayalam Documents-Liston Garthwaite-1868

മലയാളവ്യാകരണ ചോദ്യോത്തരം – ഗുണ്ടർട്ട് എന്ന പോസ്റ്റിലൂടെ ആണ് ഞാൻ Liston Garthwaite നെ ആദ്യമായി പരിചയപ്പെടുന്നത്. Liston Garthwaite നെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്ന അന്വേഷണത്തിൻ്റെ ഫലമാണ് ഈ ബ്ലൊഗ് പോസ്റ്റ്. മലയാളവ്യാകരണ ചോദ്യോത്തരത്തെ കുറിച്ചുള്ള പോസ്റ്റിൽ ബിജു സി.പി ഇങ്ങനെ ഒരു കമെന്റ് ഇട്ടു

ഡോ.പി.ജെ.തോമസിൻ്റെ പ്രശസ്തമായ
മലയാള സാഹിത്യവും കൃസ്ത്യാനികളും എന്ന പുസ്തകത്തില്‍ ഗാര്‍ത്തൈ്വറ്റിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.
ചിലത് നോക്കുക….

ആദ്യമായി മലയാള വ്യാകരണം രചിച്ച ഇംഗ്ലീഷുകാരന്‍ റോബര്‍ട്ട് ഡ്രമ്മണ്ട് ആയിരുന്നു എന്ന് പ്രസിദ്ധമാണ്. അദ്ദേഹത്തിൻ്റെ കൃതിയായ ഏൃമാാലൃ ീള വേല ങമഹമ്യമഹമങ ഘമാഴൗമഴല (മലയാള ഭാഷയുടെ വ്യാകരണം) 1799ല്‍ ബോംബെയിലെ കൂറിയര്‍ പ്രസ്സില്‍ അച്ചടിക്കപ്പെട്ടു. ഈ ഇംഗ്ലീഷ് ഗ്രന്ഥത്തിൻ്റെ ഒരു പ്രതി ലണ്ടനിലെ ഇന്‍ഡ്യാ ഓഫീസ് വക ഗ്രന്ഥശേഖരത്തിലുണ്ട്.
……..
…….
എല്ലാ അധ്യായത്തിലും മലയാളത്തില്‍ വളരെ ഉദാഹരണങ്ങള്‍ കൊടുത്തിട്ടുണ്ട്. അക്ഷരങ്ങളുടെ രൂപം മേല്‍ വിവരിച്ച സംക്ഷേപ വേദാര്‍ഥം എന്ന കൃതിയിലേതു തന്നെ.

….. ഗുണ്ടര്‍ട്ടിൻ്റെയും ഗാര്‍ത്ത്‌വൈറ്റിൻ്റെയും കൃതികള്‍ ഈ അടുത്ത കാലത്തു പോലും പഠിക്കപ്പെട്ടിരുന്നല്ലോ!
……
…….

ഗുണ്ടര്‍ട്ടിൻ്റെ മലയാള വ്യാകരണത്തിൻ്റെ ആദ്യത്തെ 552 വകുപ്പുകള്‍ 1851ലാണ് പ്രസിദ്ധീകൃതമായത്. വിദ്യാര്‍ഥികളുടെ ആവശ്യത്തെ പുരസ്‌കരിച്ച് മലയാള വ്യാകരണം (ചോദ്യോത്തരം) 1860ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. അതിൻ്റെ ശേഷം ഒരു പുതിയ പതിപ്പ് അദ്ദേഹം യൂറോപ്പിലേക്കു പോയ ശേഷം മലബാര്‍ സ്‌കൂള്‍ ഇന്‍സ്‌പെക്ടറായിരുന്ന ഗാര്‍ത്തുവൈറ്റ് സായിപ്പിൻ്റെ സഹായത്തോടു കൂടി അച്ചടിപ്പിക്കുകയുണ്ടായി. മലയാള ഭാഷാ വ്യാകരണം 569 വകുപ്പുകള്‍ വരെ മാത്രമേ ഗുണ്ടര്‍ട്ട് എഴുതിയിരുന്നുള്ളൂ. അതേ തുടര്‍ന്നുള്ള 309 വകുപ്പുകള്‍ എല്‍. ഗാര്‍ത്തുവൈറ്റ് എഴുതിച്ചേര്‍ത്തതാണ്. …..

മലയാള സാഹിത്യവു കൃസ്ത്യാനികളും ഡോ.പി.ജെ.തോമസ്‌

Liston Garthwaite കുറിച്ച് കൂടുതൽ വിവരങ്ങൾ തേടിയുള്ള യാത്രയിൽ എനിക്ക് മലയാളത്തിലുള്ള പഴയ ഒരു സർക്കാർ രേഖ കിട്ടി. അത് നിങ്ങളുമായി പങ്ക് വെക്കുന്നു.

ഈ സർക്കാർ രേഖയിൽ  Liston Garthwaite നെ കുറിച്ച് പറയുന്നത് ഇങ്ങനെ.

  • Inspector of Schools in Malabar and Canara
  • Malayalam Examiner to the University of Madras
  • Acting Canarese translator to government and
  • Acting Malayalam translator to government

അപ്പോൾ Liston Garthwaite ആരായിരുന്നു എന്ന ചോദ്യത്തിനു ഏകദേശ ഉത്തരമായി.

ഇനി Liston Garthwaite നെ കുറിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയ പുസ്തകത്തെ (പുസ്തകങ്ങളെ) പരിചയപ്പെടുത്തട്ടെ.

ഞാൻ മുകളിൽ സൂചിപ്പിച്ച പോലെ ഇത് ഒരു സർക്കാർ രേഖ ആണ്. പ്രധാനമായും റവന്യൂ, കോടതി ഇവയുമായി ബന്ധപ്പെട്ട വിവിധ വ്യവഹാരങ്ങളാണ് പുസ്തത്തിൻ്റെ ഉള്ളടക്കം. ആദ്യത്തെ പുസ്തകത്തിൽ ഇംഗ്ലീഷിലും രണ്ടാമത്തെ പുസ്തകത്തിൽ മലയാളത്തിൽ ഇതിൻ്റെ പരിഭാഷയും കാണാം. (ഇതിനു സമാനമായ വേറൊരു പുസ്തകം (The Malayalam Reader, A selection of Original Papers – 1856) നമ്മൾ കുറച്ച് നാൾ മുൻപ് പരിചയപ്പെട്ടിരുന്നു. സർക്കാർ ജോലിക്കു (പ്രത്യേകിച്ച് ഇംഗ്ലീഷുകാരെ) ജോലിയുടെ സ്വഭാവവും ഭാഷയും സാഹചര്യവും ഒക്കെ മനസ്സിലാക്കിക്കൽ ആണെന്ന് തോന്നുന്നു ഇത്തരം പുസ്തകങ്ങളുടെ ഉദ്ദേശം.

 

പുസ്തകത്തിൻ്റെ ഉള്ളടക്കത്തെ കുറിച്ച് ഞാൻ വിശകലനം ചെയ്യുന്നില്ല. അത് വായനക്കാർക്ക് വിട്ടു തരുന്നു. പക്ഷെ ഇതിലെ മലയാളം പുസ്തകത്തിൻ്റെ അച്ചടിയും മലയാളലിപിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മാത്രം എടുത്തെഴുതുന്നു.

  • ഇത് ലിത്തോഗ്രാഫി രീതി ഉപയോഗിച്ച് മലയാളത്തിൽ പ്രിന്റ് ചെയ്തത് ആണ്. ലിത്തോഗ്രാഫി ആയതിനാൽ കൈയ്യെഴുത്ത് അതേ പോലെ കാണാം.
  • അച്ചടിച്ച വർഷം1868
  • അച്ചടിച്ചത് കോട്ടയം സി.എം.എസ്. പ്രസ്സിൽ. (കോട്ടയം സി.എം.എസ്. പ്രസ്സിൽ ലിത്തോഗ്രാഫിക്ക് പ്രിന്റിങ്ങ് ഉണ്ടായിരുന്നു എന്നത് എനിക്ക് പുതിയ ഒരു അറിവാണ്)
  • മലയാളം പുസ്തകം അച്ചടിച്ചത് കോട്ടയം സി.എം.എസ്. പ്രസ്സിൽ ആണെങ്കിലും ഇംഗ്ലീഷ് പതിപ്പ് അച്ചടിച്ചിരിക്കുന്നത് മദ്രാസിലാണ്.
  • മലയാളം പുസ്തകത്തിനു ഏതാണ്ട് 180ഓളം താളുകൾ ആണ് ഉള്ളത്.
  • കുറഞ്ഞത് 4 പേരെങ്കിലും മലയാളം പുസ്തകത്തിൻ്റെ ലിത്തോഗ്രാഫിക്കായി സഹകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ കുറഞ്ഞത് നാലു തരം കൈയ്യെഴുത്ത് ഈ പുസ്തകത്തിൽ കാണാം.
  • എഴുത്തുകാർ എല്ലാവരും മലയാള അക്കങ്ങൾക്ക് പകരം അറബിക്ക് അക്കം തന്നെ ഉപയോഗിച്ചിരിക്കുന്നു.
  • വ്യത്യസ്ത എഴുത്തുകാർ ആയതിനാൽ എഴുത്തിൽ   (പ്രത്യേകിച്ച് കൂട്ടക്ഷരങ്ങൾക്ക്) പല വിധത്തിലുള്ള വ്യതിയാനങ്ങൾ കാണാം.
  • കൈയ്യെഴുത്ത് ആയതിനാലാവാം, ഈ കാലഘട്ടത്തിൽ പ്രിന്റിൽ നടപ്പായിരുന്ന ഏ, ഓ കാരങ്ങൾ ഇതിൽ ഇല്ല
  • മീത്തൽ ഇല്ല
  • അതേ പോലെ ഈയുടെ രൂപം തന്നെ.

ബാക്കി കൂടുതൽ പ്രത്യേകതകൾ കണ്ടെടുക്കാൻ വായനക്കാർ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

പുസ്തകത്തിൻ്റെ സ്കാൻ ഇവിടെ നിന്ന് ലഭിക്കും

    • മലയാളം പുസ്തകത്തിൻ്റെ രേഖയുടെ gpura.org കണ്ണി: കണ്ണി
    • മലയാളം പുസ്തകത്തിൻ്റെ രേഖയുടെ archive.org കണ്ണി: കണ്ണി
    • ഇംഗ്ലീഷ് പുസ്തകത്തിൻ്റെ രേഖയുടെ gpura.org കണ്ണി: കണ്ണി
    • ഇംഗ്ലീഷ് പുസ്തകത്തിൻ്റെ രേഖയുടെ archive.org കണ്ണി: കണ്ണി

 

പുതിയ നിയമം – സമ്പൂർണ്ണം – ബെഞ്ചമിൻ ബെയിലി

ഒരു കാലത്ത് മലയാളത്തിലെ ആദ്യത്തെ അച്ചടി പുസ്തകം (കേരളത്തിൽ അച്ചടിച്ചത്) എന്ന് കരുതപ്പെട്ടിരുന്ന 1829ൽ പ്രസിദ്ധീകരിച്ച പുസ്തകമടക്കം, ബെഞ്ചമിൻ ബെയിലിയുടെ മലയാളം ബൈബിൾ (പുതിയ നിയമം) പരിഭാഷയുടെ വിവിധ പതിപ്പുകൾ ആണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്.

1829 - നമ്മുടെ കർത്താവും രക്ഷിതാവുമായ യെശുക്രിസ്തുവിൻ്റെ പുതിയനിയമം - മലയായ്മയിൽ പരിഭാഷയാക്കപ്പെട്ടത - ബെഞ്ചമിൻ ബെയിലി
1829 – നമ്മുടെ കർത്താവും രക്ഷിതാവുമായ യെശുക്രിസ്തുവിൻ്റെ പുതിയനിയമം – മലയായ്മയിൽ പരിഭാഷയാക്കപ്പെട്ടത – ബെഞ്ചമിൻ ബെയിലി

 

ബെഞ്ചമിൻ ബെയിലിയുടെ മലയാളം ബൈബിൾ പരിഭാഷകളുടെ ഏറ്റവും പഴയ പതിപ്പുകളുടെ സ്കാനുകൾ രണ്ടെണ്ണം ഇതിനകം നമുക്ക് കിട്ടുകയും അത് പരിചയപ്പെടുത്തുകയും ചെയ്തിരുന്നല്ലോ. ഇതിനകം കിട്ടിയ മലയാളം ബൈബിൾ സ്കാനുകൾ താഴെ പറയുന്നവ ആണ്

  • 1834 – പുതിയ നിയമം – (നാലു സുവിശേഷങ്ങളും അപ്പൊസ്തൊല പ്രവർത്തികളും മാത്രം) – ഇതിനെ പരിചയപ്പെടുത്തി എഴുതിയ ബ്ലോഗ് പൊസ്റ്റ് ഇവിടെ https://shijualex.in/bailey_bible_new_testament_second_edition_1834/
  • 1839 – സങ്കീർത്തനങ്ങളുടെ പുസ്തകം – ഇതിനെ പരിചയപ്പെടുത്തി എഴുതിയ ബ്ലോഗ് പൊസ്റ്റ് ഇവിടെ – https://shijualex.in/book_of_psalms-1839/

ഇപ്പോൾ ഇതാ ബെയിലിയുടെ കാർമ്മികത്തിൽ പരിഭാഷപ്പെടുത്തിയ മലയാളം ബൈബിൾ പുതിയ നിയമം മുഴുവനുമായി നമുക്ക് കിട്ടിയിരിക്കുന്നു. അതും മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇറങ്ങിയ പതിപ്പുകൾ ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഈ മൂന്നു പതിപ്പിനേയും നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.

വളരെയധികം വേറെ പുസ്തകങ്ങൾ പരിചയപ്പെടുത്തേണ്ടതു കൊണ്ടും ഈ വിഷയത്തിലുള്ള അറിവ് പരിമിതമായതിനാലും വെറും ഉപരിപ്ലവമായതും എൻ്റെ ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽ പെട്ടതും ആയ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ഞാൻ ഈ പോസ്റ്റിൽ കൈകാര്യം ചെയ്യുന്നുള്ളൂ. ബാക്കി ഈ പുസ്തകങ്ങളെ ഗഹനമായി വിശകലനം ചെയ്ത് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ഈ വിഷയത്തിൽ താല്പര്യമുള്ള വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമല്ലാതിരുന്ന മലയാളപൊതുസഞ്ചയ പുസ്തകങ്ങളുടെ സ്കാനുകൾ നിങ്ങൾക്ക് ലഭ്യമാക്കുക എന്ന അടിസ്ഥാനകർത്തവ്യം നിർവ്വഹിക്കുക മാത്രമാണ് എൻ്റെ ഉദ്ദേശം. അതിനപ്പുറത്ത് ഈ സൗകര്യത്തെ ഉപയോഗപ്പെടുത്തേണ്ടത് ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയത്തിൽ താല്പര്യമുള്ള നിങ്ങളൊരുത്തരുമാണ്.

ഇനി എനിക്ക് ലഭിച്ച സ്കാനുകളെ പരിചയപ്പെടാം.

പുസ്തകം ഒന്ന് – 1829-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം (സമ്പൂർണ്ണം)

1824-ലാണ് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം ആയ (എന്ന് ഇന്ന് കരുതപ്പെടുന്ന) ചെറു പൈതങ്ങൾ വരുന്നത്. അതിനു ശേഷം 1829-ൽ ആണ് ബൈബിൾ പുതിയ നിയമം വരുന്നത്.

ജോർജ്ജ് ഇരുമ്പയം ചെറുപൈതങ്ങൾ എന്ന ഒരു പുസ്തകം ഉണ്ട് എന്ന്  ഉപന്യസിക്കുന്നത് വരേയും 1829-ൽ അച്ചടിച്ച ബൈബിൾ പുതിയ നിയമത്തെയാണ് മലയാളത്തിലെ ആദ്യത്തെ അച്ചടിപുസ്തകമായി കണക്കായിരുന്നത്

എന്ന് കെ.എം. ഗോവി 1988ൽ എഴുതിയ ആദിമുദ്രണത്തിൽ നിരീക്ഷിക്കുന്നു. ജോൺ ഇരുമ്പയത്തിൻ്റെ ലേഖനം വരുന്നത് 1986ൽ ആണ്. ചുരുക്കത്തിൽ 1986 വരെ കേരളത്തിൽ അച്ചടിച്ച മലയാളത്തിലെ ആദ്യത്തെ അച്ചടി പുസ്തകം എന്ന് കരുതിയ ഗ്രന്ഥം ആണ് നമുക്ക് കിട്ടിയിരിക്കുന്ന ഈ സ്കാൻ.

 

1829 – നമ്മുടെ കർത്താവും രക്ഷിതാവുമായ യെശുക്രിസ്തുവിൻ്റെ പുതിയനിയമം – മലയായ്മയിൽ പരിഭാഷയാക്കപ്പെട്ടത – ബെഞ്ചമിൻ ബെയിലി

ഈ പുസ്തകത്തിൻ്റെ സ്കാനിൽ ഞാൻ ശ്രദ്ധിച്ച ചില കാര്യങ്ങൾ:

  • 650 ൽ പരം താളുകൾ
  • മത്തായി മുതൽ അറിയിപ്പ (ഇന്ന് വെളിപാട് പുസ്തകം എന്ന് അറിയപ്പെടുന്നു) വരെ പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും അടങ്ങിയ പതിപ്പ്.
  • പൂർണ്ണവിരാമത്തിനു * ചിഹ്നനം ഉപയൊഗിച്ചിരിക്കുന്നു.
  • ഏ, ഓ കാരങ്ങൾ ഇല്ല
  • ഈ യുടെ  എന്ന രൂപം
  • മലയാള അക്കങ്ങളുടെ ഉപയോഗം
  • ന്റ, റ്റ ഇതു രണ്ടും അക്കാലത്തെ ഉപയോഗം പോലെ തന്നെ വേറിട്ട് എഴുതിയിരിക്കുന്നു
  • മീത്തൽ ഇല്ല
  • മലയാളം പൂജ്യം.  മലയാളം പൂജ്യം ബെയിലിയുടെ സംഭാവന ആയിരുന്നോ?
  • ഇന്നത്തെ ബൈബിൾ പരിഭാഷയുമായി താരതമ്യം ചെയ്താൽ മലയാളഗദ്യത്തിൻ്റെ ശൈശവകാലം ഇതിൽ നിന്ന് വായിച്ചെടുക്കാം.
  • സ്വരാക്ഷരങ്ങൾ ചേരാത്ത വ്യജ്ഞനാക്ഷരങ്ങൾ ഒക്കെ കൂട്ടക്ഷരം ആണ് എന്ന നിലയാണ് ഇതിലെ കൂട്ടക്ഷരങ്ങളുടെ ബാഹുല്യം കാണിക്കുന്നത്

പുസ്തകം രണ്ട് – 1843-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം (സമ്പൂർണ്ണം)

1843 - The New Testament of Our Lord and Saviour Jesus Christ Translated into the Malayalim Language - Benjamin Bailey
1843 – The New Testament of Our Lord and Saviour Jesus Christ Translated into the Malayalim Language – Benjamin Bailey

ഞാൻ ശ്രദ്ധിച്ച കാര്യങ്ങൾ

  • 1829-ലെ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ പുസ്തത്തിൻ്റെ ലെഔട്ട് മാറിയിട്ടുണ്ട്. ഒറ്റക്കോളത്തിൽ നിന്ന് ഇരട്ടക്കോളമായി. അതിനാലായിരിക്കും താളുകളുടെ എണ്ണം 580 ഓളമായി കുറഞ്ഞിരിക്കുന്നു.
  • പൂർണ്ണവിരാമത്തിനായി * നു പകരം . തന്നെ വന്നു.
  • ഏ,ഓ കാരങ്ങൾ ഈ പതിപ്പിലും ഇല്ല
  • ഈ യുടെ  എന്ന രൂപം തന്നെ ഉപയോഗിച്ചിരിക്കുന്നു
  • ഖണ്ഡിക തുടങ്ങുന്നത് സൂചിപ്പിക്കാൻ ¶ ചിഹ്നം ഉപയോഗിച്ചിരിക്കുന്നു.

ഈ പതിപ്പിൻ്റെ സ്കാൻ വളരെ മോശമാണ്. എങ്കിലും ഈ വിധത്തിൽ എങ്കിലും സ്കാൻ ചെയത് തരാൻ സന്മനസ്സ് കാണിച്ച  വിദേശ സർവ്വകലാശാലകളോട് നന്ദി. സ്കാൻ മോശമായതിനാൽ ഈ പുസ്തകം പൂർണ്ണമായി ഡൗൺലോഡ് ചെയ്താൽ മാത്രമേ ഇത് കാണാൻ കഴിയൂ. ഈ പതിപ്പിൻ്റെ മെച്ചപ്പെട്ട സ്കാൻ കിട്ടുകയാണെങ്കിൽ ഈ അപ്‌ലോഡ് പുതുക്കേണ്ടതുണ്ട്. സ്കാൻ മോശമയതിനാൽ ഈ പതിപ്പിൻ്റെ പിഡിഎഫ് നിർമ്മാണം അല്പം വെല്ലുവിളിയായിരുന്നു.  സ്കാൻ ചെയ്ത ചിത്രങ്ങൾ സൈറ്റിൽ നിന്ന് എടുക്കാൻ സഹായിച്ച വൈശാഖ് കല്ലൂരിനോടും പിഡിഎഫ് നിർമ്മിക്കുവാൻ സഹായിച്ച വിശ്വപ്രഭയോടും പ്രത്യേക കടപ്പാട് രേഖപ്പെടുത്തുന്നു

പുസ്തകം മൂന്ന് – 1876-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം (സമ്പൂർണ്ണം)

1876 - The New Testament in the Malayalim Language - Benjamin Bailey
1876 – The New Testament in the Malayalim Language – Benjamin Bailey

 

ഈ പതിപ്പ് പുറത്തിറങ്ങുന്നതിനു 5 വർഷം മുൻപേ 1871-ൽ ബെഞ്ചമിൻ ബെയിലി മരിച്ചു എന്നോർക്കുക.  മലയാളം അച്ചടിയുടെ ഗുരുവിനു ഇത്തരുണത്തിൽ പ്രണാമം അർപ്പിക്കട്ടെ.

  • ഈ പതിപ്പിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഓരോ താളിലും ഒത്തു വാക്യങ്ങൾ കൂടെ ചേർത്തിരിക്കുന്നു എന്നതാണ്. അതിനാൽ തന്നെ താളുകളുടെ എണ്ണം വർദ്ധിച്ച്  780 ഓളം ആയിരിക്കുന്നു.
  • 1829-ലെ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ മിക്ക വാക്യങ്ങളും മാറ്റിയെഴുതപ്പെട്ടിരിക്കുന്നു എന്ന് കാണാം.
  • മലയാള അക്കങ്ങൾക്ക് പുറമേ പല കാര്യങ്ങൾക്കും (ഉദാ: ഒത്തുവാക്യങ്ങളുടെ ചിഹ്നമായി) ഉള്ളടക്കത്തിനകത്ത് അറബിക്ക് അക്കങ്ങൾ ഉപയൊഗിച്ചിരിക്കുന്നത് കാണാം. എങ്കിലും അദ്ധ്യായങ്ങളും വാക്യങ്ങളും ഒക്കെ മലയാള അക്കങ്ങളിൽ തന്നെയാണ്.
  • ഏ, ഓ കാരങ്ങൾ ഈ പതിപ്പിൽ വന്നിരിക്കുന്നു.
  • പക്ഷെ ഈ യ്ക്ക് എന്ന രൂപം തന്നെ
  • അതേ പോലെ മീത്തൽ ഈ പതിപ്പിലും വന്നിട്ടില്ല. എന്നാൽ 1868 -ൽ ബാസൽ മിഷൻ പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിച്ച കേരളോല്പത്തിയിൽ മീത്തൽ കാണാം. സി.എം.എസ് പ്രസ്സ് ഇക്കാര്യത്തിൽ അല്പം കടുംപിടുത്തം ആയിരുന്നെന്ന് തോന്നുന്നു.
  • ചില പുസ്തകങ്ങളുടെ പേരുകൾ പുതുക്കപ്പെട്ടിരിക്കുന്നു. ഉദാ: അവസാന പുസ്തകത്തിൻ്റെ പേര് അറിയിപ്പ എന്നതിൽ നിന്ന് വെളിപ്പാട എന്നായി.

വിവിധ പതിപ്പിൻ്റെ സ്കാനിലേക്കുള്ള കണ്ണികൾ താഴെ:

    • 1829-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം രേഖയുടെ gpura.org കണ്ണി:കണ്ണി
    • 1829-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം രേഖയുടെ archive.org കണ്ണി: കണ്ണി
    • 1843-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം രേഖയുടെ gpura.org കണ്ണി:കണ്ണി
    • 1843-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം രേഖയുടെ archive.org കണ്ണി: കണ്ണി
    • 1876-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം രേഖയുടെ gpura.org കണ്ണി:കണ്ണി
    • 1876-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം രേഖയുടെ archive.org കണ്ണി: കണ്ണി

കുറിപ്പ്: ബൈബിളിൻ്റെ പരിഭാഷയുടെ കാര്യത്തിൽ അത് ഒരു വ്യക്തിക്കായി തീറെഴുതി കൊടുക്കാറില്ല. അത് നിരന്തരമായി പുതുക്കപ്പെട്ടു കൊണ്ടിരിക്കും. ബെയിലി ആണ് ആദ്യത്തെ പരിഭാഷ ചെയ്തത് എങ്കിലും (അതിനും പലരും സഹായിച്ചിട്ടുണ്ട്) പിന്നീട് പലരുടെ സഹകരണത്താൽ ഈ പരിഭാഷ നിരവധി മാറ്റങ്ങൾക്ക് ഇടയായി. എങ്കിലും ബെയിലി തുടങ്ങി വെച്ച മലയാളം പരിഭാഷ ആണ് ഇന്നത്തെ എല്ലാ മലയാളം ബൈബിൾ പരിഭാഷകൾക്കും പ്രചൊദനവും വഴി കാട്ടിയും ആയി മാറിയത്. മലയാള ഗദ്യത്തിനു സ്വന്തമായി ഒരു നിലനിൽപ്പ് ഉണ്ടാക്കി കൊടുക്കുന്നതിൽ ബെയിലിയും അദ്ദേഹത്തിൻ്റെ ബൈബിൾ പരിഭാഷയും വഹിച്ച പങ്ക് ചെറുതല്ല.

 

1867 – മലയാളവ്യാകരണ ചോദ്യോത്തരം – ഹെർമ്മൻ ഗുണ്ടർട്ട് – ലിസ്റ്റൻ ഗാർത്തുവെയിറ്റ്

മലയാളവ്യാകരണ ചോദ്യോത്തരം – Catechism of Malayalam Grammar

ഏതെങ്കിലും ഒരു പ്രത്യേക തത്ത്വം അഭ്യസിപ്പിക്കാൻ വേണ്ടിയുള്ള ചോദ്യോത്തരരൂപത്തിലുള്ള പാഠങ്ങൾ എന്നാണ് കാറ്റിസം എന്ന വാക്കിൻ്റെ അർത്ഥം എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ.

മതപ്രചരണത്തിനായി മിഷണറിമാരാണ് ഇത് ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ മത പ്രചരണത്തിനു മാത്രമല്ല മറ്റ് സംഗതികൾ പഠിപ്പിക്കാനും ചോദ്യോത്തരരൂപത്തിലുള്ള പാഠങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അത്തരം ഒരു കാറ്റിസം പുസ്തകത്തിൻ്റെ സ്കാൻ ആണ് ഇന്ന്
പരിചയപ്പെടുത്തുന്നത്. ഈ കാറ്റിസം പുസ്തകം മലയാളവ്യാകരണം പഠിപ്പിക്കാൻ വേണ്ടി ഹെർമ്മൻ ഗുണ്ടർട്ട് രചിച്ചതാണ്. പുസ്തകത്തിൻ്റെ പേര് മലയാളവ്യാകരണ ചോദ്യോത്തരം അല്ലെങ്കിൽ Catechism of Malayalam Grammar.

1867 – Catechism of Malayalam Grammar – Hermann Gundert, Liston Garthwaite

പുസ്തകത്തെ കുറിച്ച് കുറച്ച് കാര്യങ്ങൾ:

  • നമുക്ക് കിട്ടിയിരിക്കുന്ന പുസ്തകം 1867-ൽ പ്രസിദ്ധീകരിച്ചതാണ്.
  • ഈ പുസ്തകം ഇതിനു മുൻപ് പ്രസിദ്ധീകരിച്ച (എന്നാണെന്ന് കണ്ടെത്തണം) ഗുണ്ടർട്ടിൻ്റെ Catechism of Malayalam Grammar എന്ന പേരിൽ തന്നെ ഉള്ള മൂല കൃതി അടുക്കിപെറുക്കി മൂലകൃതിയിലെ ന്യൂനതകൾ വായനക്കാരുടെ ആവശ്യമനുസരിച്ച് പരിഹരിച്ച്  പുനഃപ്രസിദ്ധീകരിച്ച കൃതിയാണ്. ഈ പുനഃപ്രസിദ്ധീകരണത്തെ കുറിച്ചുള്ള ആമുഖ പ്രസ്ഥാവന 9,10,11 താളുകളിൽ വായിക്കാം.
  • ഈ പുനഃപ്രസിദ്ധീകരണവും പുസ്തകം ഉടച്ചു വാർത്തതും L.  Garthwaite എന്ന ഒരാൾ ആണ്.  Liston Garthwaite എന്നാണ് ഇദ്ദേഹത്തിൻ്റെ പൂർണ്ണനാമം എന്ന് കാണുന്നു. (ബാസൽ മിഷനും ഗുണ്ടർട്ടുമായി ചേർന്ന് പ്രവർത്തിച്ച് മലയാളവുമായി ബന്ധപ്പെട്ട കുറച്ചധികം സംഗതികൾ ഇദ്ദേഹം ചെയ്തിട്ടുണ്ട് എന്ന് കാണുന്നു. Liston Garthwaite-നെ കുറിച്ചും  അദ്ദേത്തിൻ്റെ സംഭാവനകളെ കുറിച്ചും  കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു. )
  •  പുസ്തകം മംഗലാപുരത്തെ ബാസൽ മിഷൻ പ്രസ്സിൽ നിന്നാണ് അച്ചടിച്ചിരിക്കുന്നത് എങ്കിലും, ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് “Published by Order of the Director of Public Instruction, Cannanore Government Book Depot” വേണ്ടിയാണ് എന്നാണ് കാണുന്നത്. ചുരുക്കത്തിൽ സർക്കാർ നിർദ്ദേശപ്രകാരം പ്രസിദ്ധീകരിച്ച പുസ്തകം ആണിത്.
  •  1867-ൽ അച്ഛടിച്ച ഈ പുസ്തകത്തിൽ ചന്ദ്രക്കല രംഗപ്രവേശം ചെയ്തിട്ടില്ല. എന്നാൽ 1868-ൽ അച്ചടിച്ച കേരളോല്പത്തിയിൽ (https://archive.org/details/1868_Keralolpathi_Hermann_Gundert) മീത്തൽ വന്നത് നമ്മൾ ഇതിനു മുൻപ് കണ്ടതാണ്. (അപ്‌ഡേറ്റ്: സിബു സി.ജെ. ഈ പുസ്തകം കുറച്ച് കൂടെ വിശദമായി പരിശോധിച്ചിച്ചപ്പോൾ ഈ പുസ്തകത്തിൽ മീത്തൽ ആദ്യം ഇംഗ്ലീഷ് ട്രാൻസ്ലിറ്ററേഷനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട് എന്ന് കണ്ടെത്തി. 292-ആം താൾ കാണുക.  http://en.wikipedia.org/wiki/File:IPA_chart_2005.png കാണിക്കുന്ന പോലെ സ്വരത്തെ ചെറുതാക്കാനുള്ള ചിഹ്നമാണത് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. പിന്നീട് 306,307മത്തെ താളുകളിൽ ചില മലയാള വാക്കുകൾക്ക് തന്നെ മീത്തലിൻ്റെ ഉപയോഗം കാണാം. പക്ഷെ മലയാളവ്യാകരണം പഠിപ്പിക്കുന്ന പുസ്തകം ആയിട്ടു കൂടി മീത്തലിൻ്റെ വിശദീകരണം പുസ്തകത്തിൽ കണ്ടില്ല താനും.  അപ്പോൾ ആദ്യം ട്രാൻസ്ലിറ്ററെഷനിൽ ഉപയോഗിക്കുകയും പിന്നീട് ഉച്ചാരണം സൂചിപ്പിക്കാൻ നല്ല ഒരു ഉപാധി ഇതാണെന്ന് കണ്ട് മലയാളഅച്ചടിയിൽ അത് ചേർക്കുകയും ആയിരുന്നോ?  1867-1868 വർഷങ്ങളിൽ അച്ചടിച്ച മലയാളപുസ്തകങ്ങൾ കൂടുതൽ വിശകലനം ചെയ്താൽ ഈ വമ്പൻ ലിപി പരിഷ്ക്കരണത്തിൻ്റെ ചുരുളുകൾ അഴിയും എന്ന് എനിക്ക് തോന്നുന്നു)
  • ചോദ്യോത്തരങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും കൊടുത്തിട്ടുണ്ട്. അതിനാൽ ഇത് ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥരെ കൂടെ ഉദ്ദേശിച്ചാണെന്ന് അനുമാനിക്കാം.
  • ഈ യുടെ രണ്ട് വിധത്തിലുള്ള (ഈ/) ഉപയോഗവും പുസ്തകത്തിൽ കാണാം (ഉദാ: 7 ആം താളിൽ (പിഡിഎഫിലെ 13ആം താൾ) രണ്ടും കാണാം) പക്ഷെ അക്ഷരമാലയിൽ  ആണ് ഉപയോഗിച്ചിരിക്കുന്നത്. (അപ്ഡേറ്റ്: ഈ എന്ന രൂപം ആദ്യമായി അച്ചടിച്ചത് (ബ്ലോക്കച്ചടി) ഈ പുസ്തകം ആണോ എന്ന് ഇപ്പോൾ സംശയിക്കുന്നു)
  • ഏ, ഓ എന്നിവ അക്ഷരമാലയുടെ ഭാഗ്മായിരിക്കുന്നു. ൠ, ൡ എന്നീ ദീർഘങ്ങൾ സംസ്കൃതം എഴുതാൻ മാത്രമേ ഉപയോഗിക്കൂ എന്ന് പറയുന്നുണ്ട്.
  • വ്യജ്ഞനാക്ഷങ്ങളെ തമിഴാക്ഷരങ്ങൾ, സംസ്കൃതാക്ഷരങ്ങൾ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.

മലയാളവ്യാകരണം ഈ വിധത്തിൽ ചോദ്യോത്തരങ്ങളിലൂടെ എൻ്റെ കുട്ടിക്കാലത്ത് സ്കൂളിൽ പഠിപ്പിച്ചിരുന്നെങ്കിൽ എനിക്ക് കൂടുതൽ കാര്യങ്ങൾ അന്ന് മനസ്സിലാകുമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. പഠിതാവിൻ്റെ ഭാഗത്ത് നിന്ന് ചിന്തിച്ച് എഴുതിയിരിക്കുന്ന ഒരു പുസ്തകം പോലെ ആണ് എനിക്ക് ഈ പുസ്തകത്തെ കുറിച്ച് എനിക്ക് തോന്നിയത്.

ഈ പുസ്തകത്തെ കുറിച്ചുള്ള കൂടുതൽ വിലയിരുത്തലുകൾക്കായി നിങ്ങൾക്ക് വിട്ടു തരുന്നു.

പുസ്തകത്തിൻ്റെ സ്കാൻ ഇവിടെ നിന്ന് ലഭിക്കും-