എസ് റ്റി റെഡ്യാരുടെ വിദ്യാഭിവർദ്ധനി പ്രസ്സിന്റെ ഭാഗമായ വിദ്യാഭിവർദ്ധനി പുസ്തകശാലയുടെ 1924 ജൂൺ മാസത്തിൽ ഇറങ്ങിയ പുസ്തക വിവരപ്പട്ടികയുടെ (പുസ്തക കാറ്റലൊഗ്) ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എസ് റ്റി റെഡ്യാരുടെ വിദ്യാഭിവർദ്ധനി അച്ചുകൂടം (വി വി പ്രസ്സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു) പലവിധകാരണങ്ങൾ കൊണ്ട് മലയാള അച്ചടി ചരിത്രത്തിലും, പുസ്തക പ്രസാധന ചരിത്രത്തിലും ഒക്കെ പ്രാധാന്യമുള്ളത്.
വി വി പ്രസ്സുമായി ബന്ധപ്പെട്ട കൂടുതൽ സംഗതികൾ കണ്ടെടുക്കാൻ ഉതകുന്ന ഒരു ചരിത്ര രേഖയാണ് ഈ കാറ്റലോഗ്. കാറ്റലോഗിന്റെ തുടക്കത്തിൽ രണ്ടാം പേജിൽ 37 വർഷം കൊണ്ട് (ഏകദേശം 1886ൽ ആണ് എസ് റ്റി റെഡ്യാർ വിവി പ്രസ്സ് സ്ഥാപിക്കുന്നത്) വിദ്യാഭിവർദ്ധനി പ്രസ്സ് കൈരളിക്ക് നൽകിയ സംഭാവന അവരുടെ തന്നെ വാക്കുകളിൽ കാണാം. അത് എഴുതിയിരിക്കുന്നത് എം. മുത്തുസ്വാമി റെഡ്യാർ ആണ്. (അദ്ദേഹം എസ് റ്റി റെഡ്യാരുടെ മകനായിരിക്കും എന്ന് ഊഹിക്കുന്നു). തുടർന്നുള്ള പേജിൽ എസ് ടി റെഡ്യാരുടെ ഒരു ഛായാചിത്രം കൊടുത്തിട്ടുണ്ട്.
പലരായി എഴുതിയ മംഗളാശംസകളും വിവി പ്രസ്സിനു പ്രസിദ്ധീകരണ അവകാശം കൊടുത്ത പ്രമുഖരുടെ ലിസ്റ്റും ഒക്കെ തുടർന്നുള്ള പേജുകൾ കാണാം. അതിനെ തുടർന്ന് ചില പ്രമുഖ വിദ്യാഭിവർദ്ധനി പുസ്തകങ്ങളുടെ വില്പന പരസ്യമാണ്. ഈ പരസ്യങ്ങളിൽ അതാത് പുസ്തകങ്ങൾക്ക് ഒപ്പം കൊടുത്തിട്ടുള്ള വിവരണം ഗവേഷകർക്ക് വളരെപ്രയോജനപ്രദം ആണെന്ന് എനിക്കു തോന്നുന്നു. ഏറ്റവും അവസാനത്തെ കുറേ പേജുകളിൽ അക്കാലത്ത് (1920കൾ) വിദ്യാഭിവർദ്ധനി പുസ്തകശാല വില്പനയ്ക്ക് വച്ചിരുന്ന പുസ്തകങ്ങളുടെ വലിയ പട്ടിക കാണാം. ആ പട്ടികയിൽ കൊടുത്തിരിക്കുന്ന പുസ്തകങ്ങൾ എല്ലാം കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യുക എന്ന ഒരു പ്രത്യേക പദ്ധതി തന്നെ ആക്കിയാൽ നന്നായിരീക്കും എന്നാണ് എനിക്ക് തോന്നുന്നത്.

കടപ്പാട്
അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.
രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.



You must be logged in to post a comment.