2020 മെയ് – ഗ്രന്ഥപ്പുരയിലൂടെ ലഭ്യമാകുന്ന ഡിജിറ്റൽ രേഖകളുടെ പട്ടിക

കേരളവുമായി ബന്ധപ്പെട്ട രേഖകളുടെ (പൊതുസഞ്ചയം, സ്വതന്ത്രലൈസൻസ്) ഡിജിറ്റൈസേഷൻ എന്ന സന്നദ്ധപ്രവർത്തന പദ്ധതിയിലൂടെ  ഡിജിറ്റൈസ് ചെയ്ത രേഖകൾ എല്ലാം കൂടി ഒരു പട്ടികയാക്കി പ്രസിദ്ധികരിക്കുകയാണ്. രേഖകൾ എല്ലാം ഒരുമിച്ചു കിട്ടാനും, അതിൽ നിന്ന് വിവിധ ഉപപട്ടികകൾ നിർമ്മിക്കാനും,  മറ്റു കാറ്റലോഗുകൾ നിർമ്മിക്കാനും, ഗവേഷണാവശ്യങ്ങൾക്കും ഒക്കെ ഈ പട്ടിക പ്രയോജനപ്പെടും.

ഇതു പൂർണ്ണമായും പുതിയ ഒരു പട്ടിക അല്ല. ആദ്യഘട്ടത്തിൽ html table ആയി  2014ൽ ഞാൻ ഒരു പട്ടിക തുടങ്ങി വെച്ചിരുന്നു. അതു പരിപാലിക്കുന്നത് എനിക്കു ഒട്ടും പറ്റില്ല എന്ന ഒരു അവസ്ഥയിൽ ഞാനത് പുതുക്കാതെ വിട്ടു. ഇതു കണ്ട് ഏകദേശം 2016ന്റെ തുടക്കത്തിൽ സിബു (അദ്ദേഹത്തിന്റെ സുഹൃത്ത് ജോബിനും) ഒരു ഗൂഗിൾ ഷീറ്റ് നിർമ്മിച്ച് ഗ്രന്ഥപ്പുരയിലൂടെ ലഭ്യമാക്കുന്ന ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങളുടെ പട്ടിക ഉണ്ടാക്കി അവരുടെ സമയം പോലെ അത് പുതുക്കി കൊണ്ടിരുന്നു. ഏതാണ്ട് 300നടുത്ത് ഡിജിറ്റൈസ് ചെയ്ത രേഖകളുടെ വിവരം അവർ അത്തരത്തിൽ ശേഖരിച്ചു.  പക്ഷെ 2018ന്റെ തുടക്കത്തിൽ ഗുണ്ടർട്ട് ലെഗസി പുസ്തകങ്ങളുടെ കുത്തൊഴുക്ക് തുടങ്ങിയതോടെ ആ പട്ടിക പുതുക്കുന്നത് മന്ദഗതിയിലായി. ഗുണ്ടർട്ട് ലെഗസിയിലെ പുസ്തകങ്ങൾക്കു പുറമേ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കോന്നിയൂർ നരേന്ദ്രനാഥ് കൃതികൾ, പാഠപുസ്തകങ്ങൾ, മണ്ണാർക്കാട് കെ.ജെ.ടി.എം ലൈബ്രറി പുസ്തകങ്ങൾ തുടങ്ങി വിവിധ ഉപപദ്ധതികൾ ഞാൻ തുടങ്ങിയതോടെ അതു വഴിയും ധാരാളം പുസ്തകങ്ങൾ വന്നു തുടങ്ങി. ഈ പെരുപ്പം നിമിത്തം കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായതോടെ  പട്ടിക പുതുക്കുക എന്നത് ഏകദേശം നിന്നു എന്നു പറയാം.

സ്ഥിതി അങ്ങനെ തുടരവേ 2020 മാർച്ച് മാസത്തിൽ  കോഴിക്കോട് നിന്നു പ്രവീൺ വർമ്മ എന്ന ഒരു സ്കൂൾ അദ്ധ്യാപകൻ എന്നെ വിളിച്ചു. ഗ്രന്ഥപ്പുരയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാം എന്ന വാഗ്ദാനവുമായാണ് വിളിച്ചത്. അദ്ദേഹം തന്നെ ഈ പട്ടിക പുതുക്കുന്നതിനെ പറ്റി പറഞ്ഞു. ആ പട്ടികയുടെ ചരിത്രവും നിലവിലെ സ്ഥിതിയും അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം കൂടെ ഉൾപ്പെടുന്ന തിരൂർ മലയാളം എന്ന കൂട്ടായ്മയുടെ ഭാഗമായി ഈ പട്ടിക പുതുക്കി പരിപാലിക്കാം എന്ന് അദ്ദേഹം എന്നെ അറിയിച്ചു.  എനിക്കതിതിൽ സന്തൊഷമേ ഉണ്ടായിരുന്നുള്ളൂ.

തുടർന്ന്  തിരൂർ മലയാളം  എന്ന കൂട്ടായ്മ കുറച്ചു ആഴ്ചകൾ കൊണ്ട് സൈറ്റിലെ ഓരോ പോസ്റ്റിലൂടെയും പോയി അതിൽ നിന്ന് മെറ്റാഡാറ്റ എടുത്ത്  ഒരു സ്പ്രെഡ് ഷീറ്റിലാക്കി എനിക്കു അയച്ചു തന്നു. തുടക്കത്തിൽ ഞാൻ കൊടുത്ത ചില നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി പട്ടിക പിന്നേം പുതുക്കി എനിക്കു അയച്ചു തന്നു. തുടർന്ന് കഴിഞ്ഞ 2-3 ആഴ്ചകളായി സിബുവും പ്രവീൺ വർമ്മയും ഞാനും ചേർന്ന് ഈ പട്ടിക മെച്ചപ്പെടുത്തി കൊണ്ടേ ഇരുന്നു. അങ്ങനെ കഴിഞ്ഞ ഒരു മാസമായി നിരവധി തവണ റിവ്യൂ ചെയ്തു മെച്ചപ്പെടുത്തി. അങ്ങനെ മെച്ചപ്പെടുത്തി കഴിയുന്നത്ര പ്രശ്നങ്ങൾ പരിഹരിച്ച ഗൂഗിൾ ഷീറ്റാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രവീൺ വർമ്മയുടെ നേതൃത്വത്തിൽ തിരൂർ മലയാളം ഐ ടി കൂട്ടായ്മ ആണ് ഈ പട്ടിക പുതുക്കിയത്. ഇനി മുൻപോട്ട് ആ കൂട്ടായ്മ തന്നെ ഈ പട്ടിക പുതുക്കി പരിപാലിക്കും. ഈ കൂട്ടായ്മയുടെ വിവിധ ലിങ്കുകൾ

ഈ പട്ടികയിൽ ഓരോ രേഖയുടെയും താഴെ പറയുന്ന മെറ്റാ ഡാറ്റ കൊടുത്തിരിക്കുന്നു:

 • രേഖയുടെപ്രസിദ്ധീകരണ വർഷം
 • രേഖയുടെ പേരും, ഡിജിറ്റൈസ് ചെയ്ത സ്കാനിലേക്കുള്ള ലിങ്കും
 • രേഖ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്തപ്പോൾ ഗ്രന്ഥപ്പുരയിൽ എഴുതിയ പോസ്റ്റിന്റെ ലിങ്ക്
 • രേഖയുടെ പതിപ്പ്/ വാല്യം, ലക്കം
 • രേഖയുടെ രചയിതാവ്/എഡിറ്റർ
 • രേഖയുടെ വർഗ്ഗം
 • രേഖയുടെ പ്രസാധകർ
 • രേഖ അച്ചടിച്ച പ്രസ്സ്
 • രേഖ അച്ചടിച്ച സ്ഥലം
 • രേഖ അച്ചടി രീതി
 • രേഖയുടെ ഒറിജിനൽ ഉള്ള സ്ഥലം
 • രേഖയുടെ ഉള്ളടക്കത്തിന്റെ തരം
 • രേഖയുടെ പ്രസിദ്ധി
 • രേഖയെ പറ്റിയുള്ള കുറിപ്പുകൾ

ഇതിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ചിട്ടില്ല. പട്ടികയിൽ മാനുഷിക പിഴവുകളും ഉണ്ടാകും. അതൊക്കെ മുൻപോട്ട് പോകുമ്പൊൾ പതുക്കെ പരിഹരിക്കാൻ ആണ് ശ്രമിക്കുന്നത്. അതായത് ഈ പട്ടിക തുടർച്ചയായി പുതുക്കുകയും കൂടുതൽ വിവരങ്ങൾ ചേർക്കുകയും ചെയ്യും. കേരളവുമായി ബന്ധപ്പെട്ട 1800ൽ പരം ഡിജിറ്റൽ രേഖകൾ ആണ് നിലവിൽ ഈ പട്ടികയിൽ ഉള്ളത്. പുതുതായി രേഖകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നതിനനുസരിച്ച് ഈ പട്ടികയിൽ കൂട്ടി ചേർക്കപ്പെടും.

ഈ പട്ടിക തന്നെയായിരിക്കും List of malayalam public domain books എന്ന പേജിലും ഇനി മുതൽ ലഭ്യമാവുക.

പട്ടിക പുതുക്കി പരിപാലിക്കാനായി മുൻപോട്ടു വന്ന തിരൂർ മലയാളം ഐ ടി കൂട്ടായ്മയോടും അതിനു ചുക്കാൻ പിടിക്കുന്ന പ്രവീൺ വർമ്മയോടും, ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും വർഷങ്ങളായി മാർഗ്ഗനിർദ്ദേശം തരുന്ന സിബുവിനോടും കടപ്പാട് രേഖപ്പെടുത്തി ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.

പട്ടിക ഗൂഗിൾ ഷീറ്റായി നേരിട്ടു ആക്സെസ് ചെയ്യാൻ പട്ടികയിൽ കാണുന്ന Spreadsheet link എന്ന ലിങ്കിൽ അമർത്തുക. ഗൂഗിൾ ഷീറ്റിൽ എത്തി കഴിഞ്ഞാൽ അതിലെ Data > Filter Views > Create Temporary Filter Views > Click ▼ in a Column Title > Select Relevant Values എന്ന ഓപ്ഷൻ ഉപയോഗിച്ച് പല തരത്തിൽ നിങ്ങൾക്കു പട്ടികയിലെ പുസ്തകങ്ങൾ ഫിൽറ്റർ ചെയ്യാം. ആവശ്യമെങ്കിൽ പട്ടികയുടെ കോപ്പിയെടുക്കുകയും പല തരത്തിൽ പുനരുപയോഗിക്കുകയും ചെയ്യാം.