കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ പൊതുസഞ്ചയത്തിലേക്ക്

ഗവേഷണവിദ്യാർത്ഥികൾക്കും വിക്കിഗ്രന്ഥശാലപോലുള്ള സന്നദ്ധസമൂഹത്തിനും പകർപ്പവകാശത്തിനു പുറത്തുള്ള മൂലരേഖകൾ കിട്ടാനുള്ള ബുദ്ധിമുട്ട് നേരിട്ടു മനസ്സിലാക്കിയാണ് ഞാൻ എന്റെ കൈയിൽ ലഭ്യമാകുന്ന പൊതുസഞ്ചയരേഖകളൊക്കെ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടുവരുന്ന ഒരു പദ്ധതി എന്റെ ഒഴിവ് സമയത്ത് ചെയ്യാൻ തുടങ്ങിയത്. കൈയിൽ ലഭ്യമാകുന്ന രേഖകൾ ഉപയോഗിച്ച് ഇതിനകം രണ്ടു ഗവേഷണലേഖനങ്ങൾ രചിച്ചതിന്റെ ഭാഗമാകാനും എനിക്കു കഴിഞ്ഞു.

കേരളവും മലയാളവുമായി ബന്ധപ്പെട്ട് ഞാൻ നടത്തുന്ന പൊതുസഞ്ചയരേഖകളുടെ ഡിജിറ്റസേഷൻ എന്ന എന്റെ അരുമചെറുപദ്ധതിയെ പറ്റി അത്യാവശ്യം മാദ്ധ്യമ ശ്രദ്ധയും ഇതിനകം കിട്ടിയതാണ്. ഇതിനകം വന്ന രണ്ട് മാദ്ധ്യമ വാർത്തകൾ ഇവിടെയും ഇവിടെയും ആയി കാണാം.

എന്നാൽ ഇപ്പോൾ അത് ഒരു പൊതുപദ്ധതിയാകാനുള്ള സൂചനകൾ തരുന്നു. ഈയടുത്തായി ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടു വരാൻ സഹായിക്കാമോ എന്ന് ചൊദിച്ച് ധാരാളം അഭ്യർത്ഥനകൾ എനിക്കു വരുന്നുണ്ട്. ജീവിതസന്ധാരണത്തിനുള്ള എന്റെ ജോലിയെ ബാധിക്കാത്ത വിധത്തിൽ ഇത്തരം അഭ്യർത്ഥനകൾ ചില നിഅബന്ധകളോടെ ചുരുങ്ങിയ അളവിൽ ഞാൻ എടുക്കുന്നുണ്ട്.

താഴെ പറയുന്നതാണ് നിബന്ധനകൾ:

  1. കോപ്പിറൈറ്റ് കഴിഞ്ഞതോ സ്വതന്ത്രലൈസൻസോടുകൂടിയതോ അവകാശികൾ ഇല്ലെന്ന് ഉറപ്പുള്ളതോ ആയ രചനകൾ മാത്രമേ ഞാൻ ഡിജിറ്റൈസ് ചെയ്യൂ.
  2. ഡിജിറ്റൈസ് ചെയ്യുന്ന സംഗതികൾ ഒക്കെയും എന്റെ ബ്ലോഗിൽ കൂടെയും ആർക്കൈവ്.ഓർഗിലൂടെയും പൊതുവായി ലഭ്യമാക്കും.
  3. ഡിജിറ്റൈസ് ചെയ്യാനുള്ള രേഖകൾ അവരവരുടെ ചിലവിൽ ബാംഗ്ലൂരിൽ എന്റെ താമസസ്ഥലത്ത് എത്തിക്കുകയും ഡിജിറ്റൈസേഷൻ തീർന്നതിനു ശേഷം അവരവരുടെ ചിലവിൽ തന്നെ തിരിച്ചു കൊണ്ടു പോവുകയും വേണം.

എന്റെ ജോലിയേയും സാമ്പത്തിക സ്ഥിതിയേയും ബാധിക്കാത്ത തരത്തിൽ (സമയവും, ചെറിയ അളവിലുള്ള സാമ്പത്തിക നഷ്ടവും ഒഴിവാക്കാൻ പറ്റില്ല)‌ നിബന്ധകൾ വെച്ചിട്ടും ഡിജിറ്റൈസ് ചെയ്ത് പബ്ലിക്ക് ആക്കാനുള്ള അഭ്യർത്ഥനകൾ കൂടി കൂടി വരുന്നു. ഈയടുത്തായി ആ വിധത്തിൽ അഞ്ചാറ് അഭ്യർത്ഥനകൾ എനിക്കു കിട്ടി. കഴിഞ്ഞ എട്ടൊൻപത് വർഷങ്ങൾ കൊണ്ട് പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്ത് പബ്ലിക്ക് ആക്കിയതിലൂടെ ഞാൻ ആർജ്ജിച്ച വിശ്വസ്തത അതിനു ഒരു കാരണം ആയിരിക്കാം എന്നു തോന്നുന്നു.

ഈയടുത്ത് എനിക്കു വന്ന അഭ്യർത്ഥനകളിൽ ഏറ്റവും പ്രമുഖമായത് മൺമറഞ്ഞ മലയാള സാഹിത്യകാരനും ശാസ്ത്രമെഴുത്തുകാരനും ഒക്കെയായായിരുന്ന കോന്നിയൂർ നരേന്ദ്രനാഥിന്റെ രചനകൾ മൊത്തം ഡിജിറ്റൈസ് ചെയ്ത് പബ്ലിക്ക് ആക്കാൻ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി അദ്ദേഹത്തിന്റെ മക്കൾ ശ്രീലതയും ശ്രീകുമാറും എന്നെ സമീപിച്ചത് ആണ്. കോന്നിയൂർ നരേന്ദ്രനാഥിന്റെ ഒരു പടം അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ നിന്നു കിട്ടിയത് താഴെ ചേർക്കുന്നു.

കോന്നിയൂർ ആർ. നരേന്ദ്രനാഥി
കോന്നിയൂർ ആർ. നരേന്ദ്രനാഥ്

 

കോന്നിയൂർ ആർ നരേന്ദ്രനാഥിനെ പറ്റിയുള്ള ചെറിയ കുറിപ്പ് മലയാളം വിക്കിപീഡിയയിൽ ഇവിടെ കാണാം.

കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ മകൾ ശ്രീലത ആണ് അദ്ദേഹത്തിന്റെ രചനകൾ ഡ്ജിറ്റൈസ് ചെയ്ത് പബ്ലിക്ക് ആക്കാൻ സഹായിക്കണം എന്ന അഭ്യർത്ഥനയുമായി ഇമെയിലിൽ എന്നെ സമീപിച്ചത്. പതിവു പോലെ ഞാൻ എന്റെ നിബന്ധകൾ പറഞ്ഞു. തങ്ങളുടെ അച്ഛന്റെ രചനകൾ പൊതുസമൂഹത്തിനു ഉപകാരപ്പെടണം എന്നു ചിന്തിക്കുന്ന മക്കൾ അതൊക്കെ അംഗീകരിച്ചു.

നിലവിലെ കോപ്പിറൈറ്റ് ഹോൾഡറുമാരായ മകൾ ശ്രീലതയും മകൻ ശ്രീകുമാറും മുൻകൈ എടുത്ത് കോന്നിയൂർ നരേന്ദ്രനാഥിന്റെ ഇന്നിന്ന രചനകൾ ഫ്രീ ലൈസൻസിൽ ആക്കുന്നു എന്ന ഒരു കരാർ എഴുതി അയച്ചു തന്നു. കരാറിന്റെ ഒരു ഭാഗം താഴെ ചിത്രത്തിൽ.

 

കോന്നിയൂർ ആർ നരേന്ദ്രനാഥ് - സ്വതന്ത്ര ലൈസൻസ് കരാർ
കോന്നിയൂർ ആർ നരേന്ദ്രനാഥ് – സ്വതന്ത്ര ലൈസൻസ് കരാർ

നിലവിൽ കോന്നിയൂർ നരേന്ദ്രനാഥിന്റെ 17 രചനകൾ ആണ് മക്കൾ പൊതു ഇടത്തിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. ബാക്കി ഉള്ള രചനകൾ കണ്ടെടുക്കുന്ന മുറയ്ക്ക് ഫ്രീ ലൈസൻസിൽ ആക്കാനാണ് മക്കളുടെ ഉദ്ദേശം. ഫ്രീ ലൈസൻസിൽ ആക്കിയതിനു പുറമേ ഈ 17 രചനകളും അവർ ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു.

ഈ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ ഞാൻ പതുക്കെ ആരംഭിച്ചിട്ടുണ്ട്. ഇനിയുള്ള നാളുകളിൽ അതു പതുക്കെ പുറത്തുവരും. ഈ പ്രത്യേക വാർത്ത മറ്റുള്ളവർക്കും പ്രചോദനമാകും എന്നു കരുതാം.

1936 – സുറിയാനിസഭാ വാർഷികപ്പിരിവ്

ആമുഖം

മലങ്കര ഓർത്തഡോക്സ് സഭയിൽ സുറിയാനിസഭാ വാർഷികപ്പിരിവ് എന്ന പേരിൽ 1935-36 കാലഘട്ടത്തിൽ നടന്ന ഒരു പിരിവിനെ സംബന്ധിച്ച് 1936ൽ ഇറങ്ങിയ സുറിയാനിസഭാ വാർഷികപ്പിരിവ് എന്ന പുസ്തത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  പുസ്തകത്തിന്റെ ഭൂരിപക്ഷവും സംഭാവനാ ലിസ്റ്റ് ആണെങ്കിലും അതിൽ ഉൾക്കൊള്ളുന്ന ചരിത്ര സംഗതികൾ അനവധിയുണ്ട്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: സുറിയാനിസഭാ വാർഷികപ്പിരിവ്
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 186നു മുകളിൽ
1936 - സുറിയാനിസഭാ വാർഷികപ്പിരിവ്
1936 – സുറിയാനിസഭാ വാർഷികപ്പിരിവ്

പുസ്തക ഉള്ളടക്കം, കടപ്പാട്

മുകളിൽ സൂചിപ്പിച്ച പോലെ മലങ്കര ഓർത്തഡോക്സ് സഭയുടെ 1936ൽ നടന്ന സുറിയാനിസഭാ വാർഷികപ്പിരിവ് എന്ന പരിപാടിയുടെ ഡോക്കുമെന്റേഷൻ ആണ് ഈ പുസ്തകം. ആദ്യത്തെയും അവസാനത്തെയും കുറച്ചു താളുകൾ നഷ്ടപ്പെട്ടിരിക്കുന്നു.  പുസ്തകത്തിന്റെ ഭൂരിപക്ഷവും സംഭാവനാ ലിസ്റ്റ് ആണെങ്കിലും മറ്റു പല സംഗതികളും കാണാം. പുസ്തകത്തിന്റെ തുടക്കത്തിൽ തലേ വർഷം നടന്ന മലങ്കരനിധിപ്പിരിവിനെ പറ്റിയുള്ള റെഫറൻസുകൾ കാണാം. 1935ലെ മലങ്കരനിധിപ്പിരിവിന്റെ ഡോക്കുമെന്റെഷൻ ഡിജിറ്റൈസ് ചെയ്തത് നമ്മൾ ഇതിനകം കണ്ടതാണ്. അത് ഇവിടെ കാണാം. മലങ്കരനിധിപ്പിരിവുമായി താരതമ്യം ചെയ്യുമ്പോൾ 1936ൽ നടന്ന സുറിയാനിസഭാ വാർഷികപ്പിരിവിൽ പങ്കെടുത്ത പള്ളികളും ആളുകളും കുറവാണ് എന്നു കാണാം.

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്,  മലങ്കര ഓർത്തഡോക്സ് സഭാ സംബന്ധമായ രേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്.  ഈ പുസ്തകം ഡിജിറ്റൈസേഷനായി അദ്ദേഹം ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു. അതിനു അദ്ദേഹത്തിനു നന്ദി.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (20 MB)

 

1935 – പൌരസ്ത്യ കാതോലിക്കേറ്റു വ്യവസ്ഥാപന മലങ്കരനിധി

ആമുഖം

മലങ്കര ഓർത്തഡോക്സ് സഭയിൽ മലങ്കരനിധി എന്ന പേരിൽ 1934-35 കാലഘട്ടത്തിൽ നടന്ന ഒരു പിരിവിനെ സംബന്ധിച്ച് 1935ൽ ഇറങ്ങിയ പൌരസ്ത്യ കാതോലിക്കേറ്റു വ്യവസ്ഥാപന മലങ്കരനിധി എന്ന പുസ്തത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  പുസ്തകത്തിന്റെ ഭൂരിപക്ഷവും സംഭാവനാ ലിസ്റ്റ് ആണെങ്കിലും അതിൽ ഉൾക്കൊള്ളുന്ന ചരിത്ര സംഗതികൾ അനവധിയുണ്ട്. വർത്തമാന പത്രത്തിന്റെ അരത്താൾ വലിപ്പമുള്ള പേജുകൾ ഉൾക്കൊള്ളുന്ന ഈ  പുസ്തകത്തിന്റെ  ഡിജിറ്റൈസേഷൻ പേജുകളുടെ വലിപ്പം മൂലം നല്ല ബുദ്ധിമുട്ടായിരുന്നു.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പൌരസ്ത്യ കാതോലിക്കേറ്റു വ്യവസ്ഥാപന മലങ്കരനിധി
  • പ്രസിദ്ധീകരണ വർഷം: 1935
  • താളുകളുടെ എണ്ണം: 280നു മുകളിൽ
  • അച്ചടി: മലയാള മനോരമ പ്രസ്സ്, കോട്ടയം
1935 - പൌരസ്ത്യ കാതോലിക്കേറ്റു വ്യവസ്ഥാപന മലങ്കരനിധി
1935 – പൌരസ്ത്യ കാതോലിക്കേറ്റു വ്യവസ്ഥാപന മലങ്കരനിധി

പുസ്തക ഉള്ളടക്കം, കടപ്പാട്

മുകളിൽ സൂചിപ്പിച്ച പോലെ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റു വ്യവസ്ഥാപന മലങ്കരനിധി എന്ന പരിപാടിയുടെ ഡോക്കുമെന്റേഷൻ ആണ് ഈ പുസ്തകം. ആദ്യത്തെ കുറച്ച് താളുകൾ മേനികടലാസിൽ അച്ചടിച്ചിരിക്കുന്നു. ബാക്കിയൊക്കെ പത്രം അച്ചടിക്കുന്ന വിലകുറഞ്ഞ കടലാസ്സിൽ ആണ് അച്ചടിച്ചിരിക്കുന്നത്.  പുസ്തകത്തിന്റെ ഉള്ളടക്കത്തിലെ വിവിധ വിഭാഗങ്ങൾ താഴെ പറയുന്ന വിധത്തിലാണ്

  • ആദ്യത്തെ ഭാഗം മേനികടലാസിൽ അച്ചടിച്ചിരിക്കുന്നു. അതിൽ നിന്ന് കവർ പേജ് എനിക്ക് ഡിജിറ്റൈസ് ചെയ്യാൻ കിട്ടിയ പതിപ്പിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അക്കാലത്തെ പാത്രിയർക്കിസ് ബാവയുടേയും കാതോലിക്ക ബാവയുടേയും ചിത്രങ്ങളും പിന്നെ ഉള്ളടക്കവും ആണ് മേനിക്കടലാസിൽ അച്ചടിച്ചത്. പക്ഷെ ഇതിൽ പുസ്തകത്തിന്റെ കവർ പേജ്, കാതോലിക്ക ബാവയുടെ ചിത്രം എന്നിവ എനിക്ക് ഡിജിറ്റൈസ് ചെയ്യാൻ കിട്ടിയ പതിപ്പിൽ നിന്ന്  നഷ്ടപ്പെട്ടിരിക്കുന്നു.
  • രണ്ടാം ഭാഗം, മലങ്കരനിധി സെക്രട്ടറിമാർ ചേർന്നെഴുതിയ അവതാരിക. അത് ഏകദേശം 12 പേജോളം ഉണ്ട്.
  • മൂന്നാം ഭാഗം, ഒ.എം. ചെറിയാൻ എഴുതിയ മലങ്കര സഭ എന്ന ഉപന്യാസം. ഇതിൽ മലങ്കര സഭ എന്നതിനെ നിർവചിക്കാൻ ശ്രമിക്കുന്നത് കാണാം. 25 പേജോളം ഉള്ള വലിയ ഒരു ഉപന്യാസം ആണിത്.
  • നാലാം ഭാഗം,  നിധിപിരിവ് സംബന്ധിച്ച നിർദ്ദേശങ്ങളും ഒരുക്കങ്ങളും ഉൾപ്പെടുത്തി പുറത്തിറക്കിയ ഒൻപതു വിജ്ഞാപനങ്ങളും, പിരിവിനെപ്പറ്റി പുറത്തിറക്കിയ മറ്റൊരു വിജ്ഞാപനവും. പിരിവിനു സന്നദ്ധസേവനം ചെയ്ത ഗ്രൂപ്പ് ലീഡർമാരുടെ റിപ്പോർട്ടുകളും, ഭദ്രാസനം തിരിച്ച് പള്ളികളിൽ നിന്ന് സംഭാവന ചെയ്തവരുടെ ലിസ്റ്റും, ഒരു കാതോലിക്കേറ്റ് നിധി വഞ്ചിപ്പാട്ടും ഈ ഭാഗത്തിൽ കാണാം. ഇത് ഏകദേശം 60 പേജൊളം ഉണ്ട്.
  • അഞ്ചാം ഭാഗം: ഈ ഭാഗത്തിൽ ആണ് പിരിവ് വിവരം കൊടുത്തിരിക്കുന്നത്. ഓരോ ഗ്രൂപ്പിലേയും ഇടവകകളുടെ  പിരിവ് ;ലിസ്റ്റ് വിശദമായി കൊടുത്തിട്ടുണ്ട്. ഇതിൽ ഏതാണ് 200 നടുത്ത് പേജുകൾ ഉണ്ട്ന്ന് തോന്നുന്നു.  അവസാനഭാഗത്തെ കുറച്ച് താളുകൾ നഷ്ടപ്പെട്ടിരിക്കുന്നു.

ഞാൻ ശ്രദ്ധിച്ച ഒരു കാര്യം കോട്ടയം കഴിഞ്ഞാൽ പിന്നെ കുന്നം‌കുളം ഭാഗത്ത് നിന്നുള്ള പള്ളികളേ കാണുന്നുള്ളൂ എന്നതാണ്. അതിന്റെ അർത്ഥം യാക്കോബായ മേഖലകളിലെ പള്ളികൾ ഈ പരിവിൽ (കാര്യമായി സഹകരിച്ചിട്ടില്ല എന്നാണെന്ന് തോന്നുന്നു. (കക്ഷി വഴക്ക് പഠിക്കുന്നവർക്ക് ഈ വിവരങ്ങൾ പ്രധാനം ആയിരിക്കും)

റിപ്പോർട്ടിൽ ഉടനീളം ചിത്രങ്ങൾ ഉണ്ട്. എല്ലാം ചരിത്രം ഡോക്കുമെന്റു ചെയ്തിരിക്കുന്നു എന്ന കാര്യത്തിൽ പ്രാധാന്യം ഉള്ളത് തന്നെ.

എന്റെ കണ്ണിലുടക്കിയ ഒരു സംഗതി പിരിവ് ലിസ്റ്റിൽ ഉള്ള വീട്ടുപേരുകൾ ആണ്. ഇന്നുള്ള രൂപത്തിലല്ല പല വീട്ടുപേരുകളും എഴുതിയിരിക്കുന്നത് എന്നത് കൗതുകകരം. സാമൂഹ്യശാസ്ത്രത്തിൽ ഗവേഷണം ചെയ്യുന്നത് ഈ വിവരം ഉപയോഗപ്പെടുത്താം എന്ന് തോന്നുന്നു.

മനോരമ പത്രം ഒരു തവണ മടക്കിയാൽ എന്ത് സൈസ് വരുമോ അത്രയും വലിപ്പമാണ് ഈ പുസ്തകത്തിലെ ഓരോ താളിലും. താളിന്റെ വലിപ്പം കാരണം ഇതിന്റെ ഡിജിറ്റൈസേഷൻ അതീവദുഷ്കരം ആയിരുന്നു.

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്,  മലങ്കര ഓർത്തഡോക്സ് സഭാ സംബന്ധമായ രേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്.  ഈ പുസ്തകം ഡിജിറ്റൈസേഷനായി അദ്ദേഹം ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു. അതിനു അദ്ദേഹത്തിനു നന്ദി.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (30 MB)