1829 – ബെഞ്ചമിൻ ബെയിലി – നമ്മുടെ കർത്താവും രക്ഷിതാവും ആയ യെശുക്രിസ്തുവിന്റെ പുതിയ നിയമം

ആമുഖം

ഒരു കാലത്ത് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം എന്നു കരുതപ്പെട്ടിരുന്നതും, ട്യൂബിങ്ങൻ ഗ്രന്ഥശേഖരത്തിലെ ഏറ്റവും പഴക്കമുള്ള അച്ചടിപുസ്തകവും, ബൈബിളിലെ  പുതിയ നിയമം ആദ്യമായി സമ്പൂർണ്ണമായി പ്രസിദ്ധീകരിച്ചതും ഒക്കെയായ, ബെഞ്ചമിൻ ബെയിലിയുടെ മലയാളം ബൈബിൾ പരിഭാഷയായ നമ്മുടെ കർത്താവും രക്ഷിതാവും ആയ യെശുക്രിസ്തുവിന്റെ പുതിയ നിയമം  എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 168-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: നമ്മുടെ കർത്താവും രക്ഷിതാവും ആയ യെശുക്രിസ്തുവിന്റെ പുതിയ നിയമം, മലയായ്മയിൽ പരിഭാഷയാക്കപ്പെട്ടത
  • താളുകളുടെ എണ്ണം: ഏകദേശം 653 
  • പ്രസിദ്ധീകരണ വർഷം:1829
  • പ്രസ്സ്: ചർച്ച് മിശൊൻ അച്ചുകൂടം, കൊട്ടയം ( സി.എം.എസ്. പ്രസ്സ്, കോട്ടയം)
1829 - ബെഞ്ചമിൻ ബെയിലി - നമ്മുടെ കർത്താവും രക്ഷിതാവും ആയ യെശുക്രിസ്തുവിന്റെ പുതിയ നിയമം
1829 – ബെഞ്ചമിൻ ബെയിലി – നമ്മുടെ കർത്താവും രക്ഷിതാവും ആയ യെശുക്രിസ്തുവിന്റെ പുതിയ നിയമം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

1824-ലാണ് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം ആയ (എന്ന് ഇന്നു കരുതപ്പെടുന്ന) ചെറു പൈതങ്ങൾ വരുന്നത്. കെ.എം. ഗോവി 1988ൽ എഴുതിയ ആദിമുദ്രണത്തിൽ താഴെ പറയുന്ന വിധം നിരീക്ഷിക്കുന്നു:

ജോർജ്ജ് ഇരുമ്പയം ചെറുപൈതങ്ങൾ എന്ന ഒരു പുസ്തകം ഉണ്ട് എന്ന്  ഉപന്യസിക്കുന്നത് വരേയും 1829-ൽ അച്ചടിച്ച ബൈബിൾ പുതിയ നിയമത്തെയാണ് മലയാളത്തിലെ ആദ്യത്തെ അച്ചടിപുസ്തകമായി കണക്കായിരുന്നത്

ജോൺ ഇരുമ്പയത്തിന്റെ ലേഖനം വരുന്നത് 1986ൽ ആണ്. ചുരുക്കത്തിൽ 1986 വരെ കേരളത്തിൽ അച്ചടിച്ച  ആദ്യത്തെ മലയാള പുസ്തകം എന്നു കരുതിയ ഗ്രന്ഥം ആണ് നമുക്ക് കിട്ടിയിരിക്കുന്ന ഈ സ്കാൻ.

ബെഞ്ചമിൻ ബെയിലി 1823-1824ൽ കോട്ടയത്ത് പ്രസ്സ് സ്ഥാപിച്ച് അതിൽ മലയാളപുസ്തകങ്ങൾ അച്ചടിച്ചു തുടങ്ങി.  തുടക്കത്തിൽ ചെറുപൈതങ്ങൾ, മലങ്കര മെത്രാപോലീത്തയുടെ ഇടയലേഖനം, ക്രൈസ്തവ മതപ്രചരണ ലഘുലേഖകകൾ തുടങ്ങിയ സംഗതികൾ അച്ചടിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ബൈബിളിലെ പുതിയനിയമ പുസ്തകങ്ങൾ ഓരോന്നും പരിഭാഷ തീരുന്ന മുറയ്ക്ക് അച്ചടിച്ചു. 1829 ആയപ്പോഴേക്കും പുതിയ നിയമ പരിഭാഷ പൂർണ്ണമായി. അതോടു കൂടെ പുതിയ നിയമപുസ്തകങ്ങൾ എല്ലാം കൂടെ ചേർത്ത് ആദ്യമായി നമ്മുടെ കർത്താവും രക്ഷിതാവും ആയ യെശുക്രിസ്തുവിന്റെ പുതിയ നിയമം എന്ന പേരിൽ അത് അച്ചടിച്ചു പ്രസിദ്ധീകരിച്ചു.  അതിന്റെ സ്കാനാണ് നമുക്ക് കിട്ടിയിരിക്കുന്നത്.

ഈ പുസ്തകത്തിന്റെ സ്കാനിൽ ഞാൻ ശ്രദ്ധിച്ച ചില കാര്യങ്ങൾ:

  • ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ബെഞ്ചമിൻ ബെയിലി സ്വയം നിർമ്മിച്ച അച്ചാണ്.
  • 650 ൽ പരം താളുകൾ
  • മത്തായി മുതൽ അറിയിപ്പ (ഇന്ന് വെളിപാട് പുസ്തകം എന്ന് അറിയപ്പെടുന്നു) വരെ പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും അടങ്ങിയ പതിപ്പ്.
  • പൂർണ്ണവിരാമത്തിനു ✱ ചിഹ്നനം ഉപയൊഗിച്ചിരിക്കുന്നു.
  • സംവൃതോകാരത്തിനായി ചന്ദ്രക്കല ഇല്ല.
  • ഏ, ഓ കാര ചിഹ്നങ്ങൾ ഇല്ല. അപൂർവ്വമായി ഓ എന്ന സ്വരാക്ഷരം കാണാം.
  • ഈ എന്ന സ്വരത്തിന്നു  ൟ () എന്ന രൂപം
  • മലയാള അക്കങ്ങളുടെ ഉപയോഗം
  • ന്റ, റ്റ ഇതു രണ്ടും അക്കാലത്തെ ഉപയോഗം പോലെ തന്നെ വേറിട്ട് എഴുതിയിരിക്കുന്നു
  • സ്ഥാനവില അനുസരിച്ച് മലയാള അക്കങ്ങൾ ഉപയോഗിച്ചിരിക്കുന്നു. അങ്ങനെ ഉപയോഗിച്ച ആദ്യത്തെ അച്ചടി പുസ്തകം ഇതാണെന്നു തോന്നുന്നു.
  • ഇന്നത്തെ ബൈബിൾ പരിഭാഷയുമായി താരതമ്യം ചെയ്താൽ മലയാളഗദ്യത്തിന്റെ ശൈശവകാലം ഇതിൽ നിന്ന് വായിച്ചെടുക്കാം.
  • സ്വരാക്ഷരങ്ങൾ ചേരാത്ത വ്യജ്ഞനാക്ഷരങ്ങൾ ഒക്കെ കൂട്ടക്ഷരം ആയാണ് ഇതിൽ കാണുന്നത്. അച്ചടി ആയിട്ടു പോലും കൂട്ടക്ഷരങ്ങളുടെ ബാഹുല്യം എടുത്ത് പറയണം.

ബെഞ്ചമിൻ ബെയിലിയുടെ മലയാളം ടൈപ്പോഗ്രഫിപരീക്ഷണത്തിന്റെ സൗന്ദര്യം പൂർണ്ണമായി ദർശിക്കാവുന്ന ഒരു പുസ്തകമാണ് ഇത് എന്നത് ശ്രദ്ധേയം.

മലയാള ഗദ്യപരിണാമ/ലിപിപരിണാമ/അച്ചടി പരിണാമ ഗവേഷണത്തിൽ ഏർപ്പെടുന്നവർ തീർച്ചയായും പരിശോധിക്കേണ്ട പുസ്തകമാണിത്.

ബെഞ്ചമിൻ ബെയിലിയെ ഈ പരിഭാഷയിൽ നിരവധി പേർ സഹായിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിയാൻ മലയാളബൈബിൾ പരിഭാഷാ ചരിത്രം പരിശോധിക്കുക.

ട്യൂബിങ്ങൻ ശെഖരത്തിലെ എറ്റവും പഴയ മലയാളം അച്ചടി പുസ്തകമാണ്  ഇത് എന്നത് ഗുണ്ടർട്ട് ലെഗസി പദ്ധതിയെ സംബന്ധിച്ച് പ്രാധാന്യമുള്ള സംഗതിയാണ്

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

1850 – പശ്ചിമൊദയം മാസികയുടെ 12 ലക്കങ്ങൾ

ആമുഖം

മലയാളത്തിലെ രണ്ടാമത്തെ മാസികയായ പശ്ചിമൊദയത്തിന്റെ 1850ൽ ഇറങ്ങിയ 12 ലക്കങ്ങളുടെ സ്കാനാണ് ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു കല്ലച്ചടി (ലിത്തോഗ്രഫി) രേഖയാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 167-ാമത്തെ  പൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പശ്ചിമൊദയം
  • താളുകളുടെ എണ്ണം: 8 താളുകൾ ഓരോ ലക്കത്തിന്നും (1850മത്തെ വർഷത്തിൽ 12 ലക്കങ്ങൾ)
  • പ്രസിദ്ധീകരണ വർഷം:1850
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1850 – പശ്ചിമൊദയം മാസികയുടെ 12 ലക്കങ്ങൾ
1850 – പശ്ചിമൊദയം മാസികയുടെ 12 ലക്കങ്ങൾ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ക്രൈസ്തവതേരമായ വിഷയങ്ങൾ കൈകാര്യം ചെയ്യാനാണ് ഫ്രെഡറിക്ക് മുള്ളറും, ഗുണ്ടർട്ടും മറ്റും ചേർന്ന് പശ്ചിമൊദയം മാസിക ആരംഭിക്കുന്നത്. ഫ്രെഡറിക്ക് മുള്ളർ ആയിരുന്നു ഈ മാസികയുടെ എഡിറ്റർ. മലയാളത്തിലെ ആദ്യത്തെ സെക്കുലർ മാസിക കൂടാകുന്നു പശ്ചിമൊദയം.

1847 ഒക്ടോബറിൽ ആണ് തലശ്ശെരിയിലെ കല്ലച്ചിൽ നിന്ന് ഈ മാസിക പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. മാസത്തിൽ ഒരു തവണ ആയിരുന്നു പ്രസിദ്ധീകരണം. ഒരു ലക്കത്തിന്നു 8 താളുകൾ ഉണ്ടായിരുന്നു. 1847ലെയും 1849ലേയും  സ്കാൻ നമുക്ക് കിട്ടിയതാണ്. 1847ലേത് ഇവിടെ കാണാം. 1849ലേത് ഇവിടെ കാണാം.

1850 വർഷത്തെ 12 ലക്കങ്ങൾ ആണ് ഈ സ്കാനിൽ ഉള്ളത്. കേരളപഴമ, ജ്യോതിഷവിദ്യ, ഭൂമിശാസ്ത്രം തുടങ്ങിയ പല വിഷയങ്ങളിലും ഉള്ള ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ ഈ സ്കാനിൽ കാണാം. ഇവിടെ ജ്യോതിഷ വിദ്യ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജ്യോതിശാസ്ത്രത്തെ ആണ്.

1850ലെ ചില ലക്കങ്ങളിലെങ്കിലും ലിത്തോഗ്രഫി വരചിത്രങ്ങൾ കാണുന്നുണ്ട്.

ഇത് പഴയ മലയാളമെഴുത്തിന്റെ ലിത്തൊഗ്രഫി അച്ചടി ആയതിനാൽ വായിക്കാൻ അത്ര എളുപ്പം ആവണമെന്നില്ല.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1877 – പാച്ചുമൂത്തത് – കെരള ഭാഷാവ്യാകരണം

ആമുഖം

തിരുവിതാം‌കൂർ വലിയ കൊട്ടാരത്തിൽ എഴുന്നള്ളത്തൊടുകൂടെ പാർക്കുന്ന വൈദ്യൻ പാച്ചുമൂത്തത് ഉണ്ടാക്കിയ കെരളഭാഷാവ്യാകരണം എന്ന മലയാളവ്യാകരണ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നുള്ള ഒരു അച്ചടി പുസ്തകമാണ്. ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 166-ാമത്തെപൊതുസഞ്ചയ രേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: കെരള ഭാഷാവ്യാകരണം.
  • പതിപ്പ്: ഒന്നാം പതിപ്പ്
  • താളുകളുടെ എണ്ണം: ഏകദേശം 207
  • പ്രസിദ്ധീകരണ വർഷം:1877 (കൊല്ലവർഷം ൧൦൫൨ (1052))
  • രചയിതാവ്: പാച്ചുമൂത്തത്.
  • പ്രസ്സ്: പത്മനാഭമുതലിയാരുടെ മുദ്രാവിലാസ അച്ചുകൂടം.
1877 - പാച്ചുമൂത്തത് - കെരള ഭാഷാവ്യാകരണം
1877 – പാച്ചുമൂത്തത് – കെരള ഭാഷാവ്യാകരണം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഗുണ്ടർട്ടിന്റെ 1851ലെ മലയാള ഭാഷാ വ്യാകരണം, റവ. ജോർജ്ജ് മാത്തന്റെ 1863ലെ മലയാഴ്മയുടെ വ്യാകരണം, ഗുണ്ടർട്ടിന്റെ വ്യാകരണത്തെ അധികരിച്ച് ലിസ്റ്റൻ ഗാർത്തുവെയിറ്റ് 1867ൽ  തയ്യാറാക്കിയ മലയാള വ്യാകരണ ചൊദ്യോത്തരം എന്നീ അച്ചടിപുസ്തകങ്ങൾക്ക് ശേഷം വന്ന മലയാളവ്യാകരണപുസ്തകമാണ് പാച്ചുമൂത്തതിന്റെ കെരള ഭാഷാവ്യാകരണം.

മലയാളിക്ക് മലയാളഭാഷ നന്നായി ഉപയോഗിക്കാൻ പഠിക്കാനായാണ് താൻ ഈ വ്യാകരണപുസ്തകം ചമയ്ക്കുന്നതെന്ന് പാച്ചുമൂത്തത് ഇതിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.

ചോദ്യോത്തര ശൈലിയിലാണ് ഈ വ്യാകരണപുസ്തകത്തിലെ ഉള്ളടക്കം വികസിക്കുന്നത്. ലിപി പരമായി നോക്കിയാൽ സംവൃതോകാരത്തിന്നു ചന്ദ്രക്കല ഉപയോഗിക്കുന്നു എങ്കിലും അത് എല്ലായിടത്തും ഉപയോഗിച്ചിട്ടില്ല. അത് മൂലം കൃതിയുടെ പേരു തന്നെ കെരളഭാഷാവ്യാകരണം എന്നാണ്. അതേ പോലെ ഓ, ഏ കാര ചിഹ്നങ്ങളും ഉപയോഗിക്കുന്നില്ല. പക്ഷെ അക്ഷരങ്ങളിൽ ഒ,ഓ, എ, ഏ എന്നിവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വ്യാകരണപുസ്തകം എഴുതിയ പാച്ചുമൂത്തത്, തന്നെപറ്റിയുള്ള വിശേഷണമായി പുസ്തകത്തിന്റെ ടൈറ്റിൽ പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത് വലിയ കൊട്ടാരത്തിൽ എഴുന്നള്ളത്തൊടുകൂടെ പാർക്കുന്ന വൈദ്യൻ  എന്നാണ്. അദ്ദേഹം തിരുവിതാം‌കൂർ കൊട്ടാരത്തിലെ ആസ്ഥാനവൈദ്യൻ ആയിരുന്നെന്ന് തോന്നുന്നു. ഈ വ്യാകരണപുസ്തകത്തിന്നു പുറമേ വേറെയും മലയാളകൃതികൾ അദ്ദേഹം രചിച്ചിട്ടൂണ്ട്. കൂടുതൽ അറിയാനായി അദ്ദേഹത്തെ പറ്റിയുള്ള മലയാളം വിക്കിപീഡിയ ലേഖനം വായിക്കുക.

ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാനുള്ള അറിവ് എനിക്കില്ല. ഈ പുസ്തകത്തിലെ ഉള്ളടക്കത്തിൽ താല്പര്യമുള്ളവർ ഈ പുസ്തകം വിശകലനം ചെയ്യുമല്ലോ. കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)