1847 – പശ്ചിമൊദയം മാസിക

ആമുഖം

ടൈഫോയിഡ് പിടിച്ച് ഒരാഴ്ചയോളം ആശുപത്രിവാസത്തിൽ ആയിരുന്നതിനാൽ ഗുണ്ടർട്ട് ശേഖരത്തിലെ സ്കാനുകളുടെ റിലീസ് മുടങ്ങി പോയി. അത് പുനഃരാരംഭിക്കുന്നു.

മലയാളത്തിലെ രണ്ടാമത്തെ മാസികയായ പശ്ചിമൊദയത്തിന്റെ 1847ൽ ഇറങ്ങിയ മൂന്നുലക്കങ്ങളുടെ സ്കാനാണ് ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്. മലയാളഭാഷയുടെ അച്ചടി ചരിത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു മാസിക ആണിത്. ഇത്   തലശ്ശേരിയിലെ കല്ലച്ചിൽ ആണ് അച്ചടിച്ചത്.

ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം  92 ആയി.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: പശ്ചിമൊദയം
  • താളുകളുടെ എണ്ണം: 8 താളുകൾ ഓരോ ലക്കത്തിന്നും (ഈ ലക്കത്തിൽ 3 ലക്കങ്ങൾ)
  • പ്രസിദ്ധീകരണ വർഷം:1847
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1847-പശ്ചിമൊദയം
1847-പശ്ചിമൊദയം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

മലയാളത്തിലെ ആദ്യത്തെ മാസിക 1847ൽ പ്രസിദ്ധീകരണം തുടങ്ങിയ രാജ്യസമാചാരം ആയിരുന്നു. എന്നാൽ ഈ മാസികയുടെ ഉള്ളടക്കം ക്രൈസ്തവമതസംഗതിയായ ലേഖനങ്ങൾ ആയിരുന്നു. അതിനാൽ മറ്റു വിഷയങ്ങൾ കൈകാര്യം ചെയ്യാനാണ് ഗുണ്ടർട്ടും കൂട്ടരും പശ്ചിമൊദയം മാസിക ആരംഭിക്കുന്നത്. ഫ്രെഡറിക്ക് മുള്ളർ ആയിരുന്നു ഈ മാസികയുടെ എഡിറ്റർ. മലയാളത്തിലെ ആദ്യത്തെ സെക്കുലർ മാസിക കൂടാകുന്നു പശ്ചിമൊദയം.

1847 ഒക്ടോബറിൽ ആണ് തലശ്ശെരിയിലെ കല്ലച്ചിൽ നിന്ന് ഈ മാസിക പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. മാസത്തിൽ ഒരു തവണ ആയിരുന്നു പ്രസിദ്ധീകരണം. ഒരു ലക്കത്തിന്നു 8 താളുകൾ ഉണ്ടായിരുന്നു. 1847 ഒക്ടോബർ, നവബർ, ഡിസംബർ എന്നീ മൂന്നു മാസത്തെ ലക്കങ്ങൾ ആണ് ഈ സ്കാനിൽ ഉള്ളത്.

കേരളപഴമ എന്ന പുസ്തകത്തിന്റെ ഖണ്ഡശ്ശയുള്ള പ്രസിദ്ധീകരണം ഗുണ്ടർട്ട് 1847 ഒക്ടോബറിലെ ആദ്യത്തെ ലക്കത്തിൽ തന്നെ തുടങ്ങുന്നുണ്ട്. അതിനു പുറമെ ജ്യോതിഷവിദ്യ, ഭൂമിശാസ്ത്രം എന്ന പല ലേഖനങ്ങളും കാണാം. ഇവിടെ ജ്യോതിഷ വിദ്യ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ജ്യോതിശാസ്ത്രത്തെ ആണ്. ആ കാലഘട്ടത്തിൽ ഇപ്പോഴുള്ള പോലെ ഒരു തരം തിരിവ് ഉണ്ടായിരുന്നില്ലല്ലോ.

ഈ സ്കാനിന്റെ വേരൊരു പ്രത്യേകത 1847 നവമ്പർ ലക്കത്തിൽ തന്നെ കാണുന്ന ചിത്രങ്ങൾ ആണ്. ഏതെങ്കിലും ഒരു മലയാളപുസ്ത്കത്തിലെ ഏതെങ്കിലും വിധത്തിൽ ചിത്രം ഉപയോഗിച്ചതിന്റെ ആദ്യ ഉദാഹരണങ്ങളിൽ ഒന്നാണ് ഇത്. ഈ മാസിക ലിത്തോഗ്രഫി സങ്കേതം ഉപയോഗിച്ചു അച്ചടിച്ചതിനാൽ ആണ് അതിനു കഴിഞ്ഞത്. രാശിചക്രത്തിന്റെ ചിത്രം, ഒരോ രാശിയുടെയും ചിഹ്നങ്ങളുടെ ചിത്രം ആണ് 1847 നവംമ്പർ ലക്കത്തിൽ കാണുന്ന. 1847 ഡിസംബർ ലക്കത്തിൽ അച്ചടിച്ച ആദ്യത്തെ മലയാള ഭൂപടം (മുകളിലെ കവർ ചിത്രം കാണുക) കാണാം.

 

പശ്ചിമോദയം മാസികയിൽ കാണുന്ന സൂര്യരാശിയുടെ ചിത്രം
പശ്ചിമോദയം മാസികയിൽ കാണുന്ന സൂര്യരാശിയുടെ ചിത്രം

 

മാസങ്ങളും നഷത്രങ്ങളും ചിഹ്നങ്ങളും
മാസങ്ങളും നഷത്രങ്ങളും ചിഹ്നങ്ങളും

 

ഇത് പഴയ മലയാളമെഴുത്തിന്റെ ലിത്തൊഗ്രഫി അച്ചടി ആയതിനാൽ വായിക്കാൻ അത്ര എളുപ്പം ആവണമെന്നില്ല. എന്നാൽ റോജി പാലാ ഇത് മൊത്തമായി വായിച്ചെടുത്ത് മലയാളം യൂണിക്കോഡിൽ ആക്കിയിട്ടുണ്ട്. ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി യൂണിക്കോഡ് പതിപ്പ് റിലീസ് ചെയ്യുമ്പോൾ അത് എല്ലാവർക്കും കാണാം.

ഇതിൽ കൂടുതൽ  ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് ഈ വിഷയത്തിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുക. (മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)

 

1845 – ദെവവിചാരണ

ആമുഖം

തലശ്ശേരിയിലെ കല്ലച്ചിൽ അച്ചടിച്ച ദെവവിചാരണ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്.

ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം  91 ആയി.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ദെവവിചാരണ
  • താളുകളുടെ എണ്ണം: ഏകദേശം 113 (യഥാർത്ഥ ഉള്ളടക്കം ഏകദേശം 55 താളുകൾ)
  • പ്രസിദ്ധീകരണ വർഷം:1845
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1845 - ദെവവിചാരണ
1845 – ദെവവിചാരണ

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഡോ: സ്കറിയ സക്കറിയ ഈ പുസ്തകത്തെ മതദൂഷണസാഹിത്യം എന്ന ഇനത്തിൽ ആണ് പെടുത്തിയിരിക്കുന്നത്. ക്രിസ്തുമതത്തിന്റെ ശ്രേഷ്ഠത വാദപ്രതിവാദങ്ങളിലൂടെ തെളിയിക്കുന്ന നാടകീയ സംഭാഷണങ്ങൾ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ഈ പുസ്തകത്തിന്റെ യഥാർത്ഥരചയിതാവ് ബാസൽ മിഷൻ മിഷനറി ആയിരുന്ന ഹെർമ്മൻ മ്യൂഗ്ലിം‌ഗ് ആണ്. അദ്ദേഹം കന്നഡഭാഷയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്.  ഹെർമ്മൻ മ്യൂഗ്ലിം‌ഗിന്റെ കന്നഡ കൃതിയുടെ തർജ്ജുമ ആണിത്. ഗുണ്ടർട്ട് ആണ് പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്. ഒരു പക്ഷെ കന്നഡ ഭാഷയിൽ നിന്ന് ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട കൃതിയും ഇതാകാം.

ഈ പുസ്തകത്തിന്റെ തുടക്കത്തിൽ ഹിന്ദുസ്ഥാനിയിൽ നിന്ന് മലയാളത്തിലേക്ക് ലിപിമാറ്റം നടത്തിയ കുറച്ചു ഭാഗം കാണാം. നാടകശൈലിയിൽ ഉള്ള സംഭാഷണങ്ങൾ ആണ് ഇതിന്റെ ഉള്ളടക്കം.

ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ പറ്റിയുള്ള കൂടുതൽ പഠനങ്ങൾക്ക് സ്കറിയ സക്കറിയയുടെ മലയാളവും ഹെമ്മൻ ഗുണ്ടർട്ടും എന്ന പുസ്തകത്തിന്റെ രണ്ടാം വാല്യം കാണുക.

ട്യൂബിങ്ങനിൽ ഉള്ള സ്കാനിൽ ഈ കൃതിയുടെ രണ്ട് പ്രതികൾ ഉണ്ട്. ആദ്യത്തെ പ്രതിയിൽ 48വരെയുള്ള പേജുകൾ ആണ് ഉള്ളത്. രണ്ടാമത്തെ പ്രതിയിൽ  56 വരെയുള്ള പേജുകൾ കാണാം. രണ്ട് പ്രതികൾ ഉണ്ടായിട്ടും ഈ പുസ്തകവും പൂർണ്ണമായി ഉണ്ട് എന്ന് തോന്നുന്നില്ല. അവസാനത്തെ കുറച്ചു നാളുകൾ നഷ്ടമായതായാണ് 56മത്തെ പേജ് നോക്കുമ്പോൾ തോന്നുന്നത്.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1992 – വജ്രസൂചി

ആമുഖം

ഡോ. സ്കറിയ സക്കറിയ ട്യൂബിങ്ങനിൽ ഗുണ്ടർട്ട് ശേഖരം കണ്ടെത്തിയതിനു ശേഷം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗുണ്ടർട്ട് ശേഖരത്തിലെ പ്രമുഖകൃതികൾ പലതും പുനഃപ്രസിദ്ധീകരിച്ചിരുന്നു. അതിൽ പെട്ടതാണ് ഇതിനകം നമുക്ക് ഡിജിറ്റൽ സ്കാൻ ലഭിച്ച തലശ്ശേരി രേഖകൾ, പഴശ്ശിരേഖകൾ തുടങ്ങിയ കൃതികൾ.

ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്ന പുസ്തകത്തിന്റെ പേര് വജ്രസൂചി എന്നാകുന്നു. ഇത് 1992ൽ പ്രസിദ്ധീകരിച്ചതാണ്. ഗുണ്ടർട്ട്/ബാസൽ മിഷൻ മിഷനറിമാർ രചന നിർവ്വഹിച്ച വിവിധ ക്രൈസ്തവകൃതികളുടെ സമാഹാരം ആണിത്. അതിൽ ഉൾപ്പെടുന്ന ഒരു കൃതിയായ വജ്രസൂചി എന്ന പേരാണ് ഈ പുസ്തകത്തിന്റെ ശീർഷകമായി ഉപയോഗിച്ചിരിക്കുന്നത്.

പ്രസിദ്ധീകരണ വർഷം കണക്കിലെടുത്താൽ ഇതു ഒരു പൊതുസഞ്ചയ പുസ്തകം അല്ല. എന്നാൽ ഇതിന്റെ ആമുഖപഠനങ്ങൾ ഒഴിച്ചുള്ള ഉള്ളടക്കം പൊതുസഞ്ചയത്തിൽ ആണ് താനും. ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി പ്രത്യേക ധാരണങ്ങൾ പ്രകാരം ഈ പുസ്തകം മൊത്തമായി സ്വതന്ത്രലൈസൻസിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ സ്കാൻ ലഭിച്ചതോടെ ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിച്ച ഡിജിറ്റൽ സ്കാനുകളുടെ എണ്ണം  89 കടന്നു.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: വജ്രസൂചി
  • താളുകളുടെ എണ്ണം: ഏകദേശം 550
  • പ്രസിദ്ധീകരണ വർഷം:1992
  • പ്രസ്സ്: ഡി.സി. ബുക്സ്, കോട്ടയം
1992 - വജ്രസൂചി
1992 – വജ്രസൂചി

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

മുകളിൽ സൂചിപ്പിച്ച പോലെ ഗുണ്ടർട്ട്/ബാസൽ മിഷൻ മിഷനറിമാർ രചന നിർവ്വഹിച്ച വിവിധ ക്രൈസ്തവകൃതികളുടെ സമാഹാരം ആണിത്. താഴെ പറയുന്ന കൃതികളാണ്  പൂർണ്ണമായോ ഭാഗികമായോ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒന്നാം ഭാഗം

  • വജ്രസൂചി
  • പഴഞ്ചൊൽമാല
  • നളചരിതസാരശോധന
  • പൊലുകർപചരിതം
  • സന്മരണവിദ്യ
  • സഞ്ചാരിയുടെ പ്രയാണം
  • മാനുഷഹൃദയം

രണ്ടാം ഭാഗം

  • ഗീതങ്ങൾ
  • മതപരീക്ഷ
  • ശ്രീയെശുക്രിസ്തമാഹാത്മ്യം
  • മതവിചാരണ
  • മാർട്ടിൻ ലൂഥറിന്റെ ചെറിയ ചോദ്യോത്തരം
  • സ്ഥിരീകരണത്തിനുള്ള ഉപദേശം
  • മനുഷ്യചൊദ്യങ്ങൾക്ക ദൈവം കല്പിച്ച ഉത്തരങ്ങൾ
  • സുവിശെഷ സംഗ്രഹം
  • ദെവവിചാരണ
  • ഗർമ്മന്യരാജ്യത്തിലെ ക്രിസ്തസഭാനവീകരണം
  • ക്രിസ്തസഭാചരിത്രം

ഇതിൽ ചില പുസ്തകങ്ങൾ പൂർണ്ണമായും പുതുതായി ടൈപ്പ് സെറ്റ് ചെയ്തിരിക്കുകയും ചിലത് സ്കാൻ അതേ പോലെ ചിത്രമായി അച്ചടിച്ചിരിക്കുകയും ആണ്.

പുസ്തകത്തിന്റെ തുടക്കത്തിൽ ഗുണ്ടർട്ട് ശെഖരത്തെ പറ്റി ഡോ: സ്കറിയ സക്കറിയയുടെ ഒരു നല്ല ലേഖനം ഉണ്ട്. അത് വായിക്കുന്നത് വളരെ പ്രയോജനം ചെയ്യും.

ഈ പുസ്തകത്തിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ ഞാൻ ആളല്ല. അത് ഈ പുസ്തകത്തിലെ വിഷയത്തിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിന്നും പഠനത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഉയർന്ന റെസലൂഷനിലുള്ള കളർ സ്കാൻ മാത്രമാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. അതിനാൽ സ്കാനുകളുടെ സൈസ് കൂടുതൽ ആണ്. അത്യാവശ്യമുള്ളവർ മാത്രം ഡൗൺലോഡ് ചെയ്ത് ബാക്കിയുള്ളവർ ഓൺലൈൻ റീഡിങ് സൗകര്യം ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ട്യൂബിങ്ങൻ ലൈബ്രറി സൈറ്റിൽ നിന്നും ആർക്കൈവ്.ഓർഗിൽ നിന്നും വിക്കിമീഡിയ കോമൺസിൽ നിന്നും ഈ രേഖ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടൂണ്ട്. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ archive.orgൽ സ്കാൻ ലഭ്യമായ പ്രധാന താളിന്റെ കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക. PDF എന്ന ലിങ്കിലൂടെ കർസർ ഓടിച്ചാൽ ആ ഫയലിന്റെ സൈസ് എത്രയെന്ന് അവിടെ സൂചിപ്പിച്ചിരിക്കുന്നതും കാണാവുന്നതാണ്.

(മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കരുത്. ഫയൽ സൈസ് കൂടുതൽ ആയതിനാൽ മൊബൈലിലെ ഡൗ‌ൺലോഡിങിനു പ്രശ്നം ഉണ്ടാവാൻ സാദ്ധ്യതയുണ്ട്)