Dissertation the second on the Malayalma language -1815

എന്ന പേരിൽ മലയാള ഭാഷയെ സംബന്ധിക്കുന്ന ഒരു പുസ്തകം കണ്ടു. F.W. Ellis ആണ് രചയിതാവ്. വർഷം 1815 ആണെന്ന് കാണുന്നു. അതിനാൽ തന്നെ മലയാളത്തെ കുറിച്ചുള്ള പുസ്തകം ആയിട്ട് കൂടി ഇതിൽ മലയാളം അച്ച് ഇതിൽ ഉപയോഗിച്ചില്ല (കാരണം കേരളത്തിൽ  1820കളിൽ ബെയിലി ആണല്ലോ ആദ്യമായി അച്ച് നിർമ്മിക്കുന്നത്). എന്നാൽ ഇതിൽ തമിഴ് അച്ചുകൾ ഉപയോഗിച്ചിട്ടുണ്ട് താനും. മലയാള അക്ഷരങ്ങൾ റോമനൈസ് ചെയ്താണ് ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

 

1815-Dissertation the second on the Malayalma language
1815-Dissertation the second on the Malayalma language

 

40 ഓളം താളുകൾ മാത്രമുള്ള ചെറു കൃതി ആണിത്. മലയാള-തമിഴ് താരതമ്യവും, വ്യാകരണവും മലയാള നാട്ടിലെ ചില സാമൂഹ്യ കാര്യങ്ങളും എല്ലാം ഒന്ന് തൊട്ട് പോകുന്നു. പുസ്തകത്തിൽ ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കത്തെ കുറിച്ചൊക്കെ പരാമർശം ഉണ്ട്.

 

സ്കാൻ ഇവിടെ ലഭ്യമാണ്. https://archive.org/details/1815DissertationTheSecondOnTheMalayalmaLanguage

സങ്കീർത്തനങ്ങളുടെ പുസ്തകം – മലയായ്മയിൽ പരിഭാഷപ്പെട്ടത – 1839

ബെഞ്ചമിൻ ബെയിലിയുടെ നിഘണ്ടുക്കളുടേയും (മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം) 1834-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയനിയമത്തിന്റെ രണ്ടാം പതിപ്പിന്റെയും സ്കാനുകൾ നമ്മൾ ഇതിനകം കണ്ടു കഴിഞ്ഞല്ലോ. ഇപ്പോൾ ഇതാ 1839-ൽ കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്ന് മദ്രാസ് ഓക്സിലറി ബൈബിൾ സൊസൈറ്റിക്കു വേണ്ടി പ്രസിദ്ധീകരിച്ച  സങ്കീർത്തനങ്ങളുടെ പുസ്തകം എന്ന പുസ്തകത്തിന്റെ സ്കാനും നമുക്ക് ലഭിച്ചിരിക്കുന്നു.

1834ലെ പതിപ്പിൽ നിന്ന് വ്യത്യസ്തമായി തോന്നിയ കുറച്ച് കാര്യങ്ങൾ താഴെ കുറിക്കുന്നു.

  • വാചകങ്ങൾ അവസാനിക്കുമ്പോൾ ഉള്ള വിരാമത്തിനു പൂർണ്ണവിരാമം/കുത്ത്/ഫുൾസ്റ്റോപ്പ് (.) ചിഹ്നം തന്നെ ഉപയോഗിച്ചിരിക്കുന്നു എന്ന് കാണുന്നു. ഇതായിരിക്കണം (അല്ലെങ്കിൽ ഈ കാലഘട്ടത്തിൽ ആയിരിക്കണം) ആദ്യമായി മലയാളവാചകങ്ങൾക്ക്  പൂർണ്ണവിരാമം ഉപയോഗിച്ച് തുടങ്ങിയതെന്ന് ഇതുവരെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അനുമാനിക്കാം എന്ന് തോന്നുന്നു.
  • ഏ,ഓ കാരങ്ങളോ അതിന്റെ ചിഹ്നങ്ങളോ ഉപയൊഗിച്ചിട്ടില്ല.
  • കോമ, അർദ്ധവിരാമം, ബ്രാക്കറ്റ്, കോളൻ തുടങ്ങി മിക്ക ചിഹ്നങ്ങളും ഈ പതിപ്പിൽ കാണം. ചുരുക്കത്തിൽ ഇതൊക്കെ ഭാഷയിൽ അവതരിപ്പിച്ചത് ബെയിലി ആണെന്ന്  ഇതുവരെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അനുമാനിക്കാം.
  • മീത്തലും അതിന്റെ ഉപയോഗവും 1839-ൽ ഒന്നും കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ അതും ഈ പുസ്തകത്തിൽ ഇല്ല.
  • ഖണ്ഡിക തുടങ്ങുന്നത് സൂചിപ്പിക്കാൻ ¶ ചിഹ്നം ഉപയോഗിച്ചിരിക്കുന്നു. മറ്റ് ഏതെങ്കിലും മലയാളപുസ്തകത്തിൽ ഇങ്ങനെ കണ്ടതായി ഞാൻ ഓർക്കുന്നില്ല.
  • മലയാള അക്കങ്ങൾ തന്നെ എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നു.

ഈ പുസ്തകത്തിന്റെ സ്കാനിങ്ങ് അത്ര പൊരെന്ന് തോന്നുന്നു. ഇതിനു മുൻപ് നമ്മൾ കണ്ട 1834-ൽ ഇറങ്ങിയ പുതിയ നിയമത്തിന്റെ സ്കാനിന്റെ അത്ര വ്യക്തമല്ല ഇത്.

സ്കാൻ പിഡിഎഫ് ഇവിടെ നിന്ന് ലഭിക്കും: https://archive.org/details/1839_The_Book_Of_Psalms_Malayalam

ദ്രാവിഡ ഭാഷകളെ റോമനൈസ് ചെയ്യാൻ നടത്തിയ ഒരു ശ്രമം

ദ്രാവിഡ ഭാഷകളെ റോമനൈസ് ചെയ്ത് പ്രിന്റിങ്ങും മറ്റും എളുപ്പത്തിൽ ആക്കാൻ ഒരു ശ്രമം ബാസൽ മിഷൻകാർ നടത്തിയിട്ടുണ്ട് എന്ന് കാണുന്നു. അത് സംബന്ധിച്ച ഒരു പുസ്തകത്തിന്റെ സ്കാൻ കിട്ടിയിരിക്കുന്നു. 1859ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്കാൻ ചെയ്ത പിഡിഎഫിനു മൊത്തം 62 താളുകൾ ഉണ്ടെങ്കിലും ആദ്യത്തെ 10ഓളം താളുകളിൽ മാത്രമേ ഉള്ളടക്കം ഉള്ളൂ.

That the suppression of the many complicated alphabets of India by a single alphabet based upon the Roman, would be great advantage to the country, few men will now deny.

എന്ന് തുടങ്ങുന്ന ഒരു ദീർഘമായ പ്രസ്ഥാവന 12ആം താളിൽ ഉണ്ട്. മലയാളം, കനാറീസ് (ഇന്നത്തെ കന്നഡ), തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി (ഇന്നത്തെ ഹിന്ദി, ഉർദ്ദു) എന്നീ ഭാഷകളെ ഇത്തരത്തിൽ റോമനൈസ് ചെയ്യാനുള്ള നിർദ്ദേമാണ് ഇതിൽ വെച്ചിരിക്കുന്നത്.

ഈ ശ്രമത്തിൽ നിന്ന് ബാസൽ മിഷൻ പിന്നീട് എന്ത് കൊണ്ട് പിറകോട്ട് പോയി എന്നത് സംബന്ധിച്ച രേഖകൾ ഒന്നും തപ്പിയിട്ട് കിട്ടിയില്ല.  ഇതിനു മുമ്പും ശേഷവും ഈ ഭാഷകളിൽ ഉള്ള നിരവധി പുസ്തകങ്ങൾ ബാസൽ മിഷൻകാർ  പുറത്തിറക്കിയിട്ടുണ്ട്. മാത്രമല്ല ഈ ഭാഷകളിൽ ഉള്ള പ്രിന്റിങ്ങിനും ലിപി മാനകീകരണത്തിനും മറ്റും ബാസൽ മിഷൻകാർ നിരവധി  സംഭാവനകൾ നൽകിയിട്ടും ഉണ്ട് താനും. അപ്പോൾ ഇടക്കാലത്ത് ഈ വിധത്തിൽ ഒരു ശ്രമം എന്തിനു നടത്തി എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

സ്കാൻ പിഡിഎഫ് ഇവിടെ നിന്ന് ലഭിക്കും: 1859 Pointed And Unpointed Romanic Alphabets J G Thompson (2.5 MB)