1867 – മലയാളവ്യാകരണ ചോദ്യോത്തരം – ഹെർമ്മൻ ഗുണ്ടർട്ട് – ലിസ്റ്റൻ ഗാർത്തുവെയിറ്റ്

മലയാളവ്യാകരണ ചോദ്യോത്തരം – Catechism of Malayalam Grammar

ഏതെങ്കിലും ഒരു പ്രത്യേക തത്ത്വം അഭ്യസിപ്പിക്കാൻ വേണ്ടിയുള്ള ചോദ്യോത്തരരൂപത്തിലുള്ള പാഠങ്ങൾ എന്നാണ് കാറ്റിസം എന്ന വാക്കിൻ്റെ അർത്ഥം എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ.

മതപ്രചരണത്തിനായി മിഷണറിമാരാണ് ഇത് ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ മത പ്രചരണത്തിനു മാത്രമല്ല മറ്റ് സംഗതികൾ പഠിപ്പിക്കാനും ചോദ്യോത്തരരൂപത്തിലുള്ള പാഠങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അത്തരം ഒരു കാറ്റിസം പുസ്തകത്തിൻ്റെ സ്കാൻ ആണ് ഇന്ന്
പരിചയപ്പെടുത്തുന്നത്. ഈ കാറ്റിസം പുസ്തകം മലയാളവ്യാകരണം പഠിപ്പിക്കാൻ വേണ്ടി ഹെർമ്മൻ ഗുണ്ടർട്ട് രചിച്ചതാണ്. പുസ്തകത്തിൻ്റെ പേര് മലയാളവ്യാകരണ ചോദ്യോത്തരം അല്ലെങ്കിൽ Catechism of Malayalam Grammar.

1867 – Catechism of Malayalam Grammar – Hermann Gundert, Liston Garthwaite

പുസ്തകത്തെ കുറിച്ച് കുറച്ച് കാര്യങ്ങൾ:

  • നമുക്ക് കിട്ടിയിരിക്കുന്ന പുസ്തകം 1867-ൽ പ്രസിദ്ധീകരിച്ചതാണ്.
  • ഈ പുസ്തകം ഇതിനു മുൻപ് പ്രസിദ്ധീകരിച്ച (എന്നാണെന്ന് കണ്ടെത്തണം) ഗുണ്ടർട്ടിൻ്റെ Catechism of Malayalam Grammar എന്ന പേരിൽ തന്നെ ഉള്ള മൂല കൃതി അടുക്കിപെറുക്കി മൂലകൃതിയിലെ ന്യൂനതകൾ വായനക്കാരുടെ ആവശ്യമനുസരിച്ച് പരിഹരിച്ച്  പുനഃപ്രസിദ്ധീകരിച്ച കൃതിയാണ്. ഈ പുനഃപ്രസിദ്ധീകരണത്തെ കുറിച്ചുള്ള ആമുഖ പ്രസ്ഥാവന 9,10,11 താളുകളിൽ വായിക്കാം.
  • ഈ പുനഃപ്രസിദ്ധീകരണവും പുസ്തകം ഉടച്ചു വാർത്തതും L.  Garthwaite എന്ന ഒരാൾ ആണ്.  Liston Garthwaite എന്നാണ് ഇദ്ദേഹത്തിൻ്റെ പൂർണ്ണനാമം എന്ന് കാണുന്നു. (ബാസൽ മിഷനും ഗുണ്ടർട്ടുമായി ചേർന്ന് പ്രവർത്തിച്ച് മലയാളവുമായി ബന്ധപ്പെട്ട കുറച്ചധികം സംഗതികൾ ഇദ്ദേഹം ചെയ്തിട്ടുണ്ട് എന്ന് കാണുന്നു. Liston Garthwaite-നെ കുറിച്ചും  അദ്ദേത്തിൻ്റെ സംഭാവനകളെ കുറിച്ചും  കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു. )
  •  പുസ്തകം മംഗലാപുരത്തെ ബാസൽ മിഷൻ പ്രസ്സിൽ നിന്നാണ് അച്ചടിച്ചിരിക്കുന്നത് എങ്കിലും, ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് “Published by Order of the Director of Public Instruction, Cannanore Government Book Depot” വേണ്ടിയാണ് എന്നാണ് കാണുന്നത്. ചുരുക്കത്തിൽ സർക്കാർ നിർദ്ദേശപ്രകാരം പ്രസിദ്ധീകരിച്ച പുസ്തകം ആണിത്.
  •  1867-ൽ അച്ഛടിച്ച ഈ പുസ്തകത്തിൽ ചന്ദ്രക്കല രംഗപ്രവേശം ചെയ്തിട്ടില്ല. എന്നാൽ 1868-ൽ അച്ചടിച്ച കേരളോല്പത്തിയിൽ (https://archive.org/details/1868_Keralolpathi_Hermann_Gundert) മീത്തൽ വന്നത് നമ്മൾ ഇതിനു മുൻപ് കണ്ടതാണ്. (അപ്‌ഡേറ്റ്: സിബു സി.ജെ. ഈ പുസ്തകം കുറച്ച് കൂടെ വിശദമായി പരിശോധിച്ചിച്ചപ്പോൾ ഈ പുസ്തകത്തിൽ മീത്തൽ ആദ്യം ഇംഗ്ലീഷ് ട്രാൻസ്ലിറ്ററേഷനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട് എന്ന് കണ്ടെത്തി. 292-ആം താൾ കാണുക.  http://en.wikipedia.org/wiki/File:IPA_chart_2005.png കാണിക്കുന്ന പോലെ സ്വരത്തെ ചെറുതാക്കാനുള്ള ചിഹ്നമാണത് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. പിന്നീട് 306,307മത്തെ താളുകളിൽ ചില മലയാള വാക്കുകൾക്ക് തന്നെ മീത്തലിൻ്റെ ഉപയോഗം കാണാം. പക്ഷെ മലയാളവ്യാകരണം പഠിപ്പിക്കുന്ന പുസ്തകം ആയിട്ടു കൂടി മീത്തലിൻ്റെ വിശദീകരണം പുസ്തകത്തിൽ കണ്ടില്ല താനും.  അപ്പോൾ ആദ്യം ട്രാൻസ്ലിറ്ററെഷനിൽ ഉപയോഗിക്കുകയും പിന്നീട് ഉച്ചാരണം സൂചിപ്പിക്കാൻ നല്ല ഒരു ഉപാധി ഇതാണെന്ന് കണ്ട് മലയാളഅച്ചടിയിൽ അത് ചേർക്കുകയും ആയിരുന്നോ?  1867-1868 വർഷങ്ങളിൽ അച്ചടിച്ച മലയാളപുസ്തകങ്ങൾ കൂടുതൽ വിശകലനം ചെയ്താൽ ഈ വമ്പൻ ലിപി പരിഷ്ക്കരണത്തിൻ്റെ ചുരുളുകൾ അഴിയും എന്ന് എനിക്ക് തോന്നുന്നു)
  • ചോദ്യോത്തരങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും കൊടുത്തിട്ടുണ്ട്. അതിനാൽ ഇത് ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥരെ കൂടെ ഉദ്ദേശിച്ചാണെന്ന് അനുമാനിക്കാം.
  • ഈ യുടെ രണ്ട് വിധത്തിലുള്ള (ഈ/) ഉപയോഗവും പുസ്തകത്തിൽ കാണാം (ഉദാ: 7 ആം താളിൽ (പിഡിഎഫിലെ 13ആം താൾ) രണ്ടും കാണാം) പക്ഷെ അക്ഷരമാലയിൽ  ആണ് ഉപയോഗിച്ചിരിക്കുന്നത്. (അപ്ഡേറ്റ്: ഈ എന്ന രൂപം ആദ്യമായി അച്ചടിച്ചത് (ബ്ലോക്കച്ചടി) ഈ പുസ്തകം ആണോ എന്ന് ഇപ്പോൾ സംശയിക്കുന്നു)
  • ഏ, ഓ എന്നിവ അക്ഷരമാലയുടെ ഭാഗ്മായിരിക്കുന്നു. ൠ, ൡ എന്നീ ദീർഘങ്ങൾ സംസ്കൃതം എഴുതാൻ മാത്രമേ ഉപയോഗിക്കൂ എന്ന് പറയുന്നുണ്ട്.
  • വ്യജ്ഞനാക്ഷങ്ങളെ തമിഴാക്ഷരങ്ങൾ, സംസ്കൃതാക്ഷരങ്ങൾ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.

മലയാളവ്യാകരണം ഈ വിധത്തിൽ ചോദ്യോത്തരങ്ങളിലൂടെ എൻ്റെ കുട്ടിക്കാലത്ത് സ്കൂളിൽ പഠിപ്പിച്ചിരുന്നെങ്കിൽ എനിക്ക് കൂടുതൽ കാര്യങ്ങൾ അന്ന് മനസ്സിലാകുമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. പഠിതാവിൻ്റെ ഭാഗത്ത് നിന്ന് ചിന്തിച്ച് എഴുതിയിരിക്കുന്ന ഒരു പുസ്തകം പോലെ ആണ് എനിക്ക് ഈ പുസ്തകത്തെ കുറിച്ച് എനിക്ക് തോന്നിയത്.

ഈ പുസ്തകത്തെ കുറിച്ചുള്ള കൂടുതൽ വിലയിരുത്തലുകൾക്കായി നിങ്ങൾക്ക് വിട്ടു തരുന്നു.

പുസ്തകത്തിൻ്റെ സ്കാൻ ഇവിടെ നിന്ന് ലഭിക്കും-

1843 – മലയാളത്തിലുള്ള കാറ്റക്കിസം – ബാസൽ മിഷൻ പ്രസ്സ്

ഏതെങ്കിലും ഒരു പ്രത്യേക ത്വത്ത്വം (പൊതുവെ മതതത്ത്വങ്ങൾ) അഭ്യസിപ്പിക്കാൻ വേണ്ടിയുള്ള ചോദ്യോത്തരരൂപത്തിലുള്ള പാഠങ്ങൾ എന്നാണ് കാറ്റക്കിസം എന്ന വാക്കിൻ്റെ അർത്ഥം. മതപ്രചരണത്തിനായി മിഷണറിമാരാണ് ഇത് ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്.

മിക്ക ഇന്ത്യൻ ഭാഷകളിലേയും ആദ്യകാല അച്ചടി കൃതികൾ കാറ്റക്കിസം ആയിരുന്നു. കാരണം പ്രിൻ്റിങ്ങിനും ലിപി മാനകീകരണത്തിനും ഒക്കെ മുൻകൈ എടുത്തത് മിഷണറിമാർ ആയിരുന്നല്ലോ. ഇതൊക്കെ ചെയ്യുന്നതിലുള്ള അവരുടെ പ്രധാന ലക്ഷ്യം മതപ്രചരണവും ആയിരുന്നല്ലോ. മലയാളത്തിൻ്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തം അല്ല. ആദ്യത്തെ സമ്പൂർണ്ണ മലയാള അച്ചടി പുസ്തകം ആയ സംക്ഷേപവേദാർത്ഥം തന്നെയും മതതത്ത്വങ്ങള്‍ അഭ്യസിപ്പിക്കുന്ന ചോദ്യോത്തരരൂപത്തിലുള്ള പാഠങ്ങൾ (അതായത് കാറ്റക്കിസം) ആണ്.

കാറ്റക്കിസത്തെ കുറിച്ച് ഇത്രയും ആമുഖമായി പറയാൻ കാരണം മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ നിന്ന് 1843-ൽ ഇറങ്ങിയ ഒരു മലയാളം കാറ്റക്കിസം പുസ്തകത്തിൻ്റെ (ഭാഗികം) സ്കാൻ ഇപ്പോൾ നമുക്ക് കിട്ടിയിരിക്കുന്നു. ലിത്തോഗ്രാഫിക് രീതിയിൽ പ്രിൻ്റ ചെയ്ത പുസ്തകം ആണിത്. ഇതിനു മുൻപൊരു പോസ്റ്റിൽ ഇതേ പ്രസ്സിൽ നിന്ന് 1843-ൽ തന്നെ ഇറങ്ങിയ കേരളോല്പത്തിയുടെ ലിത്തോഗ്രാഫിക് സ്കാൻ നമ്മൾ ഇതിനകം പരിചയപ്പെട്ടതാണല്ലോ. അതിനാൽ ലിത്തോഗ്രഫിയെ കുറിച്ചുള്ള കൂടുതൽ പരിചയപ്പെടുത്തലിനു മുതിരുന്നില്ല.

1843 - Malayalam Catechism
1843 – Malayalam Catechism

ഇനി ഈ പുസ്തകത്തെകുറിച്ചുള്ള ചില കാര്യങ്ങൾ:

  • ഈ പുസ്തകത്തിൻ്റെ പൂർണ്ണപേര് എന്താണെന്നോ, ഇത് ആര് എഴുതിയതെന്നോ അറിയില്ല.  ബാസൽ മിഷൻ പ്രസ്സ് ആയതിനാൽ ഗുണ്ടർട്ട് ആണെന്ന് ഊഹിക്കാം എന്ന് മാത്രം.
  • പുസ്തകം മൊത്തമായി ഇല്ല എന്ന് തോന്നുന്നു. രണ്ടാം അദ്ധ്യായം എന്ന് പറഞ്ഞാണ് ആദ്യ താൾ തുടങ്ങുന്നത്. അപ്പോൾ ഒന്നാം അദ്ധ്യായം എവിടെ പോയി? ക്രിസ്തീയവിശ്വാസം എന്നാണ് ഈ അദ്ധ്യായത്തിൻ്റെ പേര്. ഈ അദ്ധ്യായം ഒന്നാം ഖണ്ഡം – പിതാവായ ദൈവം, രണ്ടാം ഖണ്ഡം – പുത്രനായ ദൈവം, മൂന്നാം ഖണ്ഡം – പരിശുദ്ധാത്മാവായ ദൈവം എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.
  • ആദ്യത്തെ ചോദ്യം  ൨൫൯ (259) എന്ന മലയാള അക്കത്തിൽ ആണ് ആരംഭിക്കുന്നത്. അവസാനത്തെ ചോദ്യം ൩൮൭ (387) എന്ന മലയാള അക്കത്തിലും. ചോദ്യങ്ങൾ 259ൽ തുടങ്ങുന്നതിനാൽ ഇതിനു മുൻപുള്ള 258 ചോദ്യോത്തരങ്ങൾ എവിടെ പോയി? അത് ഒന്നാം അദ്ധ്യായത്തിൽ ആയിരിക്കുമോ? എൻ്റെ അനുമാനത്തിൽ രണ്ടാം അദ്ധ്യായത്തിൻ്റെ സ്കാൻ മാത്രമാണ് നമുക്ക് കിട്ടിയിരിക്കുന്നത്. ഒന്നാം അദ്ധ്യയവും രണ്ടാം അദ്ധ്യായത്തിനു ശേഷമുള്ള അദ്ധ്യായങ്ങളുടേയും (എത്ര അദ്ധ്യായങ്ങൾ ആയിരിക്കും മൊത്തത്തിൽ?) സ്കാൻ നമുക്ക് ലഭിക്കേണ്ടതുണ്ട്.
  • ഈ പുസ്തകത്തെ കുറിച്ചുള്ള വിവരം എങ്ങും കാണുന്നില്ല. ഒരു വിധം എല്ലാ പഴയ മലയാളപുസ്തങ്ങളെക്കുറിച്ചും വിവരമുള്ള കെ.എം. ഗോവിയുടെ മലയാളഗ്രന്ഥസൂചികയിലും ഇങ്ങനെ ഒരു പുസ്തകം 1843-ൽ ബാസൽ മിഷൻ പ്രസ്സിൽ നിന്ന് ഇറങ്ങിയതായി പറയുന്നില്ല. എന്നാൽ 1843-ൽ തന്നെ ഇറങ്ങിയ കേരളോല്പത്തിയെ ലിത്തോപതിപ്പിനെ കുറിച്ചുള്ള വിവരം  മലയാളഗ്രന്ഥവിവരത്തിൽ ഉണ്ട് താനും. അപ്പോൾ ഈ പുസ്തകത്തെ കുറിച്ചുള്ള വിവരം എങ്ങും രേഖപ്പെടുത്തപ്പെട്ടിട്ടില്ലേ?
  • സംവൃതോകാരത്തിനു ചിഹ്നം ഒന്നും ഉപയോഗിച്ചിട്ടില്ല
  • കാരത്തിനു എന്ന രൂപം തന്നെയാണ് ഞാൻ ഓടിച്ചു നോക്കിയ ഇടത്തൊക്കെയും കണ്ടത്. ഇതു വരെ നമുക്ക് കിട്ടിയ സ്കാനുകളിലെ വിവരങ്ങൾ അടിസ്ഥാനമാക്കി എന്ന രൂപം അച്ചടിയിൽ ആദ്യമായി വന്ന പുസ്തകം ഇതാണെന്ന് തോന്നുന്നു.
  • ചുരുക്കത്തിൽ അപൂർണ്ണമായതും, ശീർഷകം എന്താണെന്ന് പോലും അറിയാത്തതും, ആര് എഴുതി എന്ന് അറിയാത്തതും ആയ, 1843-ൽ ബാസൽ മിഷൻ്റെ ലിത്തോഗ്രഫിക്ക് സംവിധാനം ഉപയോഗിച്ച് ഇറക്കിയ ഒരു കാറ്റക്കിസം പുസ്തകത്തിൻ്റെ സ്കാൻ ആണ് നമുക്ക് കിട്ടിയിരിക്കുന്നത്. ഈ പുസ്തകത്തിൻ്റെ കൂടുതൽ വിവരങ്ങളും ഇപ്പോൾ കണ്ടുകിട്ടാതിരിക്കുന്ന മറ്റ് അദ്ധ്യായങ്ങളും ഒക്കെ കണ്ടെത്തേണ്ടതുണ്ട്. അതിനു താമസിയാതെ കഴിയും എന്ന് കരുതുന്നു.

ഈ പുസ്തകം നിങ്ങളുമായി പങ്ക് വെക്കുവാൻ എന്നെ സഹായിച്ച രണ്ട് പേരെ പ്രത്യേകം നന്ദിയോടെ സ്മരിക്കുന്നു.

  • സ്കാൻ ചെയ്ത ചിത്രങ്ങൾ വെബ്ബ് സൈറ്റിൽ നിന്ന് വലിച്ചെടുത്ത് ക്രോഡീകരിക്കാൻ സഹായിച്ച വൈശാഖ് കല്ലൂർ
  • ചിത്രങ്ങൾ സ്കാൻ ടെയിലറിലൂടെ പ്രോസസ് ചെയ്ത് പിഡിഎഫ് നിർമ്മിക്കാൻ സഹായിച്ച സുനിൽ വിഎസ്

പുസ്തകത്തിൻ്റെ സ്കാനുകൾ:

ഉദയംപേരൂർ സുനഹദോസ്, കൂനൻ കുരിശു സത്യം

കേരളത്തേയും മലയാളത്തിലേയും പഴയ പുസ്തകങ്ങൾ തേടിയുള്ള സഞ്ചാരം ഉദയം പേരൂർ സുനഹദോസിനെ കുറിച്ചുള്ള ഏറ്റവും പഴയക്കമേറിയ ചില ചരിത്ര രേഖകൾ ലഭിക്കാൻ ഇടയാക്കിയിരിക്കുന്നു. അത് എല്ലാവർക്കുമായി പങ്ക് വെക്കുന്നു.

1606- Synodo Diocesano Da Igreia E Baspado De An-gamale Dos Antigos Christaos De Sam Thome
1606- Synodo Diocesano Da Igreia E Baspado De An-gamale Dos Antigos Christaos De Sam Thome

ഉദയം പേരൂർ സുനഹദോസ്, കൂനൻ കുരിശു സത്യം. ഈ രണ്ട് സംഭവങ്ങളും കേരളത്തിലെ ക്രൈസ്തവരുടെ ഇടയിൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്തിയ രണ്ട് ചരിത്ര സംഭവങ്ങൾ ആണ്. ഇതിനെ രണ്ടിനെ കുറിച്ചും ലഭ്യമായ അവലംബങ്ങൾ ഉപയോഗിച്ച് എഴുതിയ സാമാന്യം വിശദമായ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ഉണ്ട്.

ഉദയംപേരൂർ സുനഹദോസിനെ കുറിച്ച് പറങ്കികളുടെ ഭാഗത്ത് നിന്നുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ ഏറ്റവും നല്ലത് സുനഹദോസിൻ്റെ നടപടിക്രമങ്ങൾ വായിക്കുക ആണ്. അതെ പോലെ ഇതിനെ കുറിച്ച് എതിർ ഭാഗത്തുള്ളവർ നടത്തിയ ഏറ്റവും പഴയ വിലയിരുത്തലുകളും ഈ സംഭവത്തിൻ്റെ കുറഞ്ഞത് 2 പക്ഷങ്ങളും മനസ്സിലാക്കാൻ നമ്മളെ സഹായിക്കും.  ഉദയംപേരൂർ സുനഹദോസ് 1599-ൽ ആണല്ലോ നടന്നത്. അതിനു നേതൃത്വം കൊടുത്തവർ എല്ലാം പറങ്കികൾ ആയിരുന്നു. അലെക്സൊ ഡെ മെനസിസ് ആയിരിന്നു നിയന്ത്രിച്ച ബിഷപ്പ്.

1745-historia-ecclesiae-malabaricae-cum-diamperitana-synodo

മൂന്നു ഭാഷകളിൽ ഉള്ള ഏറ്റവും പഴക്കമേറിയ രേഖകൾ ആണ് ലഭിച്ചിരിക്കുന്നത്. മൂന്നു ഗ്രന്ഥത്തിനും 250 വർഷത്തിനു മേൽ പഴക്കമുണ്ട്.

  1. 1599-ൽ സുനഹദോസ് കഴിഞ്ഞ് 1606-ൽ പോർട്ടുഗീസ് ഭാഷയിൽ തന്നെ പ്രസിദ്ധീകരിക്കപ്പെട്ട ഉദയം പേരൂർ സുനഹദോസിൻ്റെ നടപടി ക്രമങ്ങളുടെ 400 വർഷത്തിനു മേൽ പഴക്കമുള്ള പുസ്തകം.
  2. 1745-ൽ ഉദയം പേരൂർ സുനഹദോസിനെ കുറിച്ച് ലത്തീൻ ഭാഷയിൽ രചിക്കപ്പെട്ട ഒരു പുസ്തകം.
  3. ഇതിനു പുറമേ ഉദയമ്പേരൂർ സുനഹദോസിൻ്റെ പോർട്ടുഗീസ് ഗ്രന്ഥത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷയും, കേരളക്രൈസ്തവ സഭയുടെ ചെറു ചരിത്രവും,  അതിൻ്റെ ഒപ്പം സുനഹദോസിനെയും കേരളക്രൈസ്തവരേയും പറ്റിയും ആഗ്ലിക്കൻ പക്ഷത്ത് നിന്നുള്ള വായനയും എല്ലാം ചേർത്ത് 1694-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഇംഗ്ലീഷ് കൃതിയും നമുക്ക് ലഭിച്ചിരിക്കുന്നു.
1694 – The History of the Church of Malabar from The time of its being first discovered by the Portuguezes in the year 1501.

കവർ പേജിൽ ഇങ്ങനെ കാണാം.

History of the church of Malabar from the time of its being first discovered by the portuguese in the year 1501

Giving an account of the persecutions and violent methods of the Roman prelates to reduce them to the subjection of the church of Rome

Together with the Synod of Diamper celebrated in the year of our Lord 1599,

with some remarks upon the faith and doctorine of the christains of St. thomas in the Indies, agreeing with the church of England, in opposition to that of Rome.

Done out of portuguese into english

1694-ൽ ഇറങ്ങിയ കൃതിയായതിനാൽ പഴയ ഇംഗ്ലീഷ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്ന് നമ്മൾ s ഉപയോഗിക്കുന്ന പല വാക്കുകൾക്കും Long s (http://en.wikipedia.org/wiki/Long_s) ഉപയോഗിച്ചിരിക്കുന്നത് കാണാം. അത് f ആയി വായിക്കരുത്. പഴയ ഇംഗ്ലീഷ് ആണെങ്കിലും വലിയ കുഴപ്പമില്ലാതെ എല്ലാം മനസ്സിലാകുന്നുണ്ട്. ഈ ഗ്രന്ഥം Michael Geddes എന്ന സ്കോട്ടിഷ് പാതിരിയാണ് ഇംഗ്ലീഷിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇംഗ്ലീഷ് ഗ്രന്ഥത്തിൽ പലയിടത്തും സുനഹദോസിൻ്റെ കാനോനകളിൽ  റോമൻ സഭയും ആംഗ്ലിക്കൻ സഭയും യോജിച്ച് പോകാത്ത ഇടങ്ങളിൽ ഒക്കെ Michael Geddes ൻ്റെ കുറിപ്പുകൾ ഫൂട്ട് നോട്ടായി കാണാം. പക്ഷെ കാനോനകൾ അതെ പോലെ റീപ്രൊഡ്യൂസ് ചെയ്ത് ചരിത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്.

ഈ പുസ്തക്കത്തിൻ്റെ തുടക്കത്തിൽ 100 പേജിനു മുകളിൽ സുദീർഘമായി “ബ്രീഫ് ഹിസ്റ്ററി ഓഫ് മലബാർ ചർച്ച്” കൈകാര്യം ചെയ്യുന്നുണ്ട്. അക്കാലത്തെ കേരളക്രൈസ്തവ സഭയെകുറിച്ചുള്ള ചില കാര്യങ്ങൾ മനസ്സിലാക്കാൻ ഈ ഭാഗം ഉപകരിക്കും.

 

ആദ്യത്തെ രണ്ട് പുസ്തകങ്ങളിൽ നിന്ന് കത്തൊലിക്ക/പോർട്ടുഗീസ് പക്ഷത്ത് നിന്ന് 1500 കളിൽ ഉള്ള കേരള ക്രൈസ്തവ സഭയെ കുറിച്ചുള്ള വിലയിരുത്തലും സുനഹദൊസിൻ്റെ വിശദാംശങ്ങളും മറ്റും മനസ്സിലാക്കാം. മൂന്നാമത്തെ പുസ്തകത്തിൽ നിന്ന് ആംഗ്ലിക്കൻ പക്ഷത്ത് നിന്നുള്ള കാര്യങ്ങളും മനസ്സിലാക്കാം.

കെ.എൻ. ദാനിയേൽ, ടി.കെ. ജോസഫ് തുടങ്ങിയവർ ഇതുമായി ബന്ധപ്പെട്ട ചില കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കെ.എൻ. ദാനിയേലും , ഡോ. സ്കറിയ സക്കറിയയും സുനഹദോസിൻ്റെ കാനോനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടും ഉണ്ട്. ഡോ. സ്കറിയ സക്കറിയയുടെ പരിഭാഷ ഇപ്പൊഴും വിപണിയിൽ ലഭ്യവുമാണ്. എങ്കിലും അതൊന്നും ഇതേ പോലുള്ള മൂല കൃതികളുടെ പ്രാധാന്യം ഇല്ലാതാക്കുന്നില്ല. ഈ വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കാൻ ഈ മൂല കൃതികളുടെ സ്കാനുകൾ ഇടയാക്കും എന്ന് പ്രത്യാശിക്കാം.

സമർപ്പണം: ഈ ബോഗ് പൊസ്റ്റ് ഉദയം പേരൂർ സുനഹദോസിനെ കുറിച്ചുള്ള വളരെയധികം കാര്യങ്ങൾ എന്നെ മനസ്സിലാക്കാൻ സഹായിച്ച മലയാളം വിക്കിപീഡിയ ഉപയോക്താവായ ചള്ളിയാനു സമർപ്പിക്കുന്നു.

1606-ലെ പോർട്ടുഗീസ് രേഖയുടെ gpura.org കണ്ണി: കണ്ണി
1606-ലെ പോർട്ടുഗീസ് രേഖയുടെ archive.org കണ്ണി: കണ്ണി

1745-ൽ ലത്തീൻ രേഖയുടെ gpura.org കണ്ണി: കണ്ണി
1745-ൽ ലത്തീൻ രേഖയുടെ archive.org കണ്ണി: കണ്ണി

1694-ൽ ഇംഗ്ലീഷ് രേഖയുടെ gpura.org കണ്ണി: കണ്ണി
1694-ൽ ഇംഗ്ലീഷ് രേഖയുടെ archive.org കണ്ണി: കണ്ണി