1883-മലയാള വ്യാകരണ സംഗ്രഹം-ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ്

ആമുഖം

ഗാർത്തുവെയിറ്റ് സായ്പ് സ്കൂൾ വിദ്യാഭാസത്തിനു (പൊതുവെ കേരളത്തിലെ സർക്കാർ തലത്തിലുള്ള സ്കൂൾ വിദ്യാഭ്യാസത്തിനു) നൽകിയ സംഭാവനകൾ ആരെങ്കിലും പഠിച്ചിട്ടൂണ്ടോ എന്ന് അദ്ദേഹവുമായി ബന്ധപെട്ട ഓരോ പുസ്തകവും കണ്ടെടുക്കുമ്പോൾ ഉയരുന്ന സംശയമാണ്.  ഗുണ്ടർട്ടിനു പകരക്കാരൻ ആയി വന്നതാണോ ഗാർത്തു‌വെയിറ്റ് സായിപ്പിന്റെ സംഭാവനകൾ ആരും ശ്രദ്ധിക്കാതെ പോകാൻ കാരണം എന്നു സംശയമുണ്ട്. കുറഞ്ഞത് 1900 വരെയെങ്കിലും മലയാള പാഠ്യപദ്ധ്യതിയിൽ വളരെ സജീവമായി ഗാർത്തുവെയിറ്റ് സായ്‌പ് ഇടപ്പെട്ടിരുന്നു എന്ന് അദ്ദേഹം ഉൾപ്പെട്ടിട്ടുള്ള ഒരോ പഴയ പുസ്തകം കണ്ടെടുക്കുമ്പോൾ മനസ്സിലായി വരുന്നു.

ലിസ്റ്റൻ_ഗാർത്ത്‌വെയിറ്റ്
ലിസ്റ്റൻ_ഗാർത്ത്‌വെയിറ്റ്

 

ഗാർത്തുവെയ്‌റ്റ് സായിപ്പിന്റെ കൈമുദ്ര പതിഞ്ഞ 2 പുസ്തകങ്ങൾ നമ്മൾ ഇതിനകം കണ്ടു (ഒന്ന്, രണ്ട് ). ഈ പോസ്റ്റിൽ ഗാർത്തുവെയ്‌റ്റ് സായ്പിന്റെ മറ്റൊരു പുസ്തകമാണ് നമ്മൾ പരിചയപ്പെടുന്നത്.

പുസ്തകത്തിന്റെ വിവരം

  • പേര്: മലയാള വ്യാകരണ സംഗ്രഹം
  • താളുകൾ: 32
  • രചയിതാവ്: ലിസ്റ്റൻ ഗാർത്തുവെയിറ്റ്
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
  • പ്രസിദ്ധീകരണ വർഷം: 1883
1883 - മലയാള വ്യാകരണ സംഗ്രഹം - ലിസ്റ്റൻ ഗാർത്തുവെയിറ്റ്
1883 – മലയാള വ്യാകരണ സംഗ്രഹം – ലിസ്റ്റൻ ഗാർത്തുവെയിറ്റ്

ഉള്ളടക്കം

മലയാള വ്യാകരണം വളരെ സംഗ്രഹമായി കൊടുത്തിരിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. സംഗ്രഹമായതിനാൽ പുസ്തകത്തിനു വെറും 32 താളുകളേ ഉള്ളൂ താനും. സ്കാൻ ചെയ്യാനായി കിട്ടിയ പുസ്തകത്തിന്റെ ആദ്യത്തെ കുറച്ചു തളുകൾ മോശമാണ്. അത് സ്കാൻ ചെയ്തതിനെ ബാധിച്ചിട്ടൂണ്ട്. എങ്കിലും മിക്കവാറും ഉള്ളടക്കം ഒക്കെ വായിക്കാവുന്ന സ്ഥിതിയിലാണ്.

കൂടുതൽ വിശകലനത്തിനും പഠനത്തിനുമായി പുസ്തകത്തിന്റെ സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലൊഡ്

1891-യുയൊമയാത്മ ഗീതങ്ങൾ

ആമുഖം

യുയോമയ സഭയുമായി ബന്ധപ്പെട്ട ഒരു പുസ്തകമാണ് ഇന്ന് പങ്കു വെക്കുന്നത്. യുയോമയ സഭയെ പറ്റി കൂടുതലറിയാൻ ഈ ലേഖനങ്ങൾ (ഒന്ന്രണ്ട്മൂന്ന്) വായിക്കുക.

കടപ്പാട്

യുയോമയ സഭയുമായി ബന്ധപ്പെട്ട പുരാതനരേഖകൾ ഡിജിറ്റൈസ് ചെയ്യുവാൻ അനുമതി തന്ന യുയോമയ സഭാ അധികാരികൾക്ക് പ്രത്യേക നന്ദി. ഒപ്പം ഇതുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പോകുവാനും വിവിധ വ്യക്തികളെ കാണുവാനും എന്റെ ഒപ്പം വന്ന് സഹകരിച്ച വിനിൽ പോളിനും നന്ദി.

പുസ്തകത്തിന്റെ വിവരം

  • പേര്: യുയൊമയാത്മഗീതങ്ങൾ
  • ഉള്ളടക്കം: പ്രധാനമായും യുയോമയാ സഭയുമായി ബന്ധപ്പെട്ട ഗീതങ്ങൾ. ഒപ്പം സഭയുടെ ചില ശുശ്രൂഷകളുടെ (ഉദാ: വിവാഹ ശുശ്രൂഷ) ക്രമം.
  • താളുകൾ: 68 നടുത്ത്
  • രചയിതാവ്: യുസ്തൂസ് യോസഫ്
  • പ്രസാധകൻ: കൊച്ചു കോശി മുതലാളി
  • പ്രസ്സ്: മലയാള മനോരമ പ്രസ്സ്, കോട്ടയം
  • പ്രസിദ്ധീകരണ വർഷം: 1891

 

1891-യുയൊമയാത്മ ഗീതങ്ങൾ
1891-യുയൊമയാത്മ ഗീതങ്ങൾ

ഉള്ളടക്കം

യുയോമയ സഭയുമായി ബന്ധപ്പെട്ട ഗീതങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഗീതങ്ങൾ പലതും ക്രൈസ്തവർക്കും ഉപയോഗിക്കാവുന്നതാണ്.) ഇത് അച്ചടിച്ച വർഷം 1891 ആയതിനാൽ യുസ്തൂസ് യോസഫ് മരിച്ചതിനു ശേഷം ഉള്ള പുസ്തകം ആണിത്.

ഡിജിറ്റൈസ് ചെയ്യാനായി കൈയ്യിൽ കിട്ടിയ പുസ്തകത്തിന്റെ സ്ഥിതി കാലപ്പഴക്കം മൂലം അത്ര നന്നായിരുന്നില്ല. അതിനാൽ തന്നെ ചില കുറവുകൾ ഈ സ്കാനിന് ഉണ്ട്.

  • 1, 2, 23, 24 പകുതി ഭാഗം കീറി പൊയിരുന്നു.
  • 17,18 താളുകൾ പൂർണ്ണമായി കീറി പോയിരുന്നു
  • ടൈറ്റിൽ പേജിൽ നിന്ന് പുസ്തകത്തിന്റെ പേരിലെ ഒരു അക്ഷരം അപ്രത്യക്ഷമായിരുന്നു.

എങ്കിലും പരമാവധി ശ്രദ്ധയൊടെ സ്കാൻ ചെയ്തെടുത്ത് കുഴപ്പങ്ങൾ മിക്കവാറും ഒക്കെ പരിഹരിച്ച് വായനാ യോഗ്യമായ ഒരു സ്കാൻ തയ്യാറാക്കിയെടുക്കാൻ കഴിഞ്ഞു.

കേരള ക്രൈസ്തവ സഭാ ചരിത്രം, മലയാള പാട്ടുകളുടെ ചരിത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗവേഷണം ചെയ്യുന്നവർക്ക് പ്രയോജനപ്പെടുന്ന പുസ്തകമാണിത്.

മലയാളം അച്ചടിയുടെ ചരിത്രം തിരയുന്നവർക്ക് പ്രയോജനപ്രദമായ ചിലത് ഈ പുസ്തകത്തിൽ ഉണ്ട്. അതിൽ ഒന്ന്, കണ്ടത്തിൽ വർഗ്ഗീസ് മാപ്ല കേവല വ്യഞ്ജനം സൂചിപ്പിക്കാനായി ഉപയോഗിച്ച കുഞ്ഞുവട്ടം ഈ പുസ്തകത്തിൽ ധാരാളം കാണാം എന്നതാണ്. സംവൃതോകാരം സൂചിപ്പിക്കാനായി ചന്ദ്രക്കലയും ചിലയിടത്തൊക്കെ ഉപയോഗിച്ചിരിക്കുന്നു.

കൂടുതൽ വിശകലനത്തിനും പഠനത്തിനുമായി പുസ്തകത്തിന്റെ സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലൊഡ്

Jewish Women’s Malayalam Song Notebook

ആമുഖം

ജൂതമത സംബന്ധിയായ മലയാളം പാട്ടുകൾ രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഒരു നോട്ട് പുസ്തകം ഡിജിറ്റൈസ് ചെയ്തതതിനെ പറ്റി ആണ് ഇന്നത്തെ പോസ്റ്റിൽ . കൊച്ചിയിലെ ജൂതമത വിഭാഗം അവശേഷിപ്പിച്ചു പോയ ചരിത്രത്തിന്റെ ഒരു ഭാഗമാണ് ഈ പുസ്തകത്തിലൂടെ തെളിയുന്നത്.

കടപ്പാട്

കൊച്ചിയിലെ ജൂതന്മാരെ സംബന്ധിച്ച് വിവിധ വിഷയങ്ങളിൽ ഗവേഷക താല്പര്യത്തൊടെ സമീപിക്കുന്ന  തൗഫീക്ക് സക്കറിയയുടെ പ്രയത്നം മൂലമാണ് ഈ പുസ്തകം നമുക്ക് ലഭ്യമായിരിക്കുന്നത്. അദ്ദേഹത്തിനു നന്ദി.

പുസ്തകത്തിന്റെ വിവരം

  • പേര്: ഔദ്യോഗിക പേരില്ല
  • ഉള്ളടക്കം: ജൂതമത സംബന്ധിയായ കുറച്ച് മലയാളം പാട്ടുകൾ ആണ് ഉള്ളടക്കത്തിൽ
  • താളുകൾ: 200 നടുത്ത്
  • വർഷം: ഏകദേശം 1900ങ്ങൾക്ക് മുൻപ്
  • രചയിതാവ്: കുറഞ്ഞത് 3 പേർ
Jewish Women's Malayalam song notebook
Jewish Women’s Malayalam song notebook

ഉള്ളടക്കം

(ഈ ചെറിയ കുറിപ്പ് എഴുതാൻ സഹായിച്ചത് തൗഫീക്ക് സക്കറിയ ആണ്. )

Leah Hallegua എന്ന കൊച്ചി ജൂത സ്ത്രീയാണ് ഈ പുസ്തകത്തിന്റെ ഉടമസ്ഥ എന്ന് പുസ്തകത്തിന്റെ പിറകിലെ കുറിപ്പ് സൂചിപ്പിക്കുന്നു.  ഈ പുസ്കത്തിന്റെ ഉടമസ്ഥ Leah Hallegua ആണെങ്കിലും അവർക്ക് ഇത് തലമുറകൾ കൈമാറി വന്ന പുസ്തകമാവനാണ് സാദ്ധ്യത. Hallegua family കൊച്ചി ജൂത കുടുംബങ്ങളിലെ പ്രശസ്തരായ കുടുംബവും ആണ്.

മിക്ക പാട്ടുകളുടേയും തലക്കെട്ട് എബ്രായ ഭാഷയിൽ എഴുതിയിരിക്കുന്നത് കാണാം. അപൂർവ്വമായി ചിലത് മലയാളത്തിലും കാണുന്നുണ്ട്. മലയാളത്തിൽ തലക്കെട്ട് കണ്ട ചിലത്

  • വെളീ അഴ്ച്ചാ വയിനെരം പാടുന്ന പാട്ട (വെള്ളിയാഴ്ച വൈകുന്നേരം പാടുന്ന പാട്ട്)
  • പെർ ഇടുന്ന പാട്ട (പേർ ഇടുന്ന പാട്ട്)

എബ്രായ ലിപിയിൽ എഴുതിയത് ചിലത് (തൗഫീക്ക് സക്കറിയ ലിപി മാറ്റം നടത്തി തന്നത്)

  • മണവാട്ടി മുങ്ങി കുളിക്കുമ്പോൾ ഉള്ള പാട്ട്
  • താലി കെട്ടിനുള്ള പാട്ട്

മൊത്തം താളുകളിലൂടെ ഓടിച്ചു പോകുമ്പോൾ കുറഞ്ഞത് 3 വ്യത്യസ്ത കൈയ്യക്ഷരം കാണുന്നതിനാൽ മൂന്നു വ്യക്തികൾ ഈ പുസ്തകത്തിന്റെ രചനയിൽ പങ്കാളി ആണെന്ന് ഊഹിക്കാം. അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഉപയൊഗിച്ചുകൊണ്ടിരുന്ന പാട്ടുകൾ രേഖപ്പെടുത്തി വെക്കുക ആയിരിക്കാം കൊച്ചിയിലെ ഈ ജൂത സ്ത്രീകൾ ചെയ്തത്.

പുസ്തകത്തിലെ മലയാളത്തിന്റെ എഴുത്ത് രീതി ഒന്ന് ഓടിച്ച് വിശകലനം ചെയ്തതിൽ നിന്ന് ഇത് കുറഞ്ഞതൊരു 1900ത്തിനു മുൻപ് എഴുതിയ പുസ്തകം ആണെന്ന് ഏകദേശം ഉറപ്പിക്കാം.

ഈ പുസ്തകത്തെ പറ്റിയും അതിന്റെ ഉള്ളടക്കത്തെ പറ്റിയും കൂടുതൽ വിശകലനം ഈ മേഖലയിൽ ഗവേഷണം ചെയ്യുന്നവർ നടത്തും എന്ന് കരുതുന്നു.

ഡൗൺലൊഡ്