1930- പാത്രചരിതം – കുഞ്ചൻ നമ്പ്യാർ – വി.വി. പ്രസ്സ്

ആമുഖം

ശ്രീ. പി.കെ. രാജശേഖരൻ എഴുതിയ ബുക്‌സ്റ്റാൾജിയ എന്ന പുസ്തകത്തിലെ “അമ്മയുടെ സന്ധ്യാനാമങ്ങൾ” എന്ന അദ്ധ്യായത്തിൽ, സാധാരണ മലയാളികളുടെ ഇടയിൽ പുസ്തകവായന ജനകീയമായതിനെ പറ്റിയും, സ്തീകളും പുസ്തകങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റിയും ഒക്കെ പറയുന്ന ഭാഗത്തെ താഴെ പറയുന്ന ഒരു ദീർഘപ്രസ്താവന ഉണ്ട്.

പുസ്തകങ്ങളെ ചന്തയിലേക്കും ഉത്സവപ്പറമ്പിലേക്കും ഇറക്കിക്കൊണ്ടുവന്ന് ജനകീയമാക്കിയതിന് ഒരാളോടാണു നാം നന്ദി പറയേണ്ടത്, എസ്. ടി. റെഡ്ഡ്യാരോട്. തമിഴ്നാട്ടുകാരനായ റെഡ്ഡ്യാർ കേരളത്തിൽ പാർപ്പുറപ്പിച്ച് തന്റെ മാതൃഭാഷയല്ലാത്ത മലയാളത്തിലെ പുസ്തകസംസ്കാരം നട്ടുപൊടിപ്പിച്ചെടുത്തു.

മലയാളപുസ്തകത്തിന്റെ ചരിത്രമെഴുതാൻ സാർഥകമായ ഏകശ്രമം നടത്തിയ കെ.എം. ഗോവി ഇങ്ങനെ നിരീക്ഷിക്കുന്നതു കാണാം.

തിരുനെൽവേലിയിലെ സമൂഹരംഗപുരത്തുനിന്നു കേവലം പ്രന്ത്രണ്ടുവയസ്സുള്ള ഒരു ബാലൻ കാൽനടയായും കാളവണ്ടിയിലും ഏതാണ്ട് നൂറു നാഴിക സഞ്ചരിച്ച് ആരുവാമൊഴിച്ചുരം കടന്ന് നാഗർകോവിൽവഴി തിരുവനന്തപുരത്തെത്തുന്നു. ചില വർഷങ്ങൾ അനന്തപദ്മനാഭസ്വാമി ക്ഷേത്രപരിസരത്തു കഴിച്ചുകൂട്ടിയതിനുശേഷം അക്കാലത്തെ തെന്നിന്ത്യൻ വാണിജ്യകേന്ദ്രങ്ങളിലൊന്നായ കൊല്ലത്ത് പാർക്കുന്നു. പ്രായേണ പുത്തൻചരക്കായ പുസ്തകത്തിൽ ജീവിതമാർഗം കണ്ടെത്തുന്നു. മലയാളപുസ്തകം അങ്ങാടിയിലും ചന്തയിലും ഉത്സവപ്പറമ്പുകളിൽ എത്തിയത് ഈ സാഹചര്യത്തിലാണെന്നു പറയാം. റെഡ്ഡ്യാരുടെ സ്ഥിരോത്സാഹവും ഭാവനയും ബുദ്ധിയുമാണ് എഴുത്തച്ഛനെയും കുഞ്ചൻ നമ്പ്യാരെയും സാക്ഷരകേരളീയഗൃഹങ്ങളിലെത്തിച്ചത്. കമ്മീഷൻ വ്യവസ്ഥയിൽ പുസ്തകങ്ങൾ വാങ്ങി, വീടുകളിലും ചന്തകളിലും വിറ്റ് വില്പനയിൽനിന്നു ലഭിച്ച സമ്പാദ്യം ഉപയോഗിച്ച് രാമായണാദികൃത കൾ സ്വന്തം ഉത്തരവാദിത്വത്തിൽ അച്ചടിച്ചാണ് റെഡ്ഡ്യാർ വ്യാപാരം തുടങ്ങിയത്. ഇടനിലക്കാരില്ലാതെ സ്വന്തം പുസ്തകങ്ങൾ സ്വയം വിറ്റപ്പോൾ സ്വാഭാവികമായും ലാഭം വർധിച്ചു. താമസിയാതെ സ്വന്തം അച്ചുകൂടം കൊല്ലവർഷം 1062 ചിങ്ങമാസത്തിൽ കൊല്ലത്തു സ്ഥാപിച്ചു. അതാണ് പ്രസിദ്ധമായ വിദ്യാഭിവർധിനിപ്രസ് എന്ന വി.വി. പ്രസ്സ്. വിദ്യാഭിവർധിനിയുടെ പുസ്തകങ്ങൾ ഏറിയകൂറും പ്രകാശനം ചെയ്തത് 19-ാം നൂറ്റാണ്ടിന്റെ അന്ത്യവർഷങ്ങളിലും അടുത്ത ശതകത്തിലെ ആദ്യ ദശകങ്ങളിലുമാണ്.

പുസ്തകപ്രദർശനം, ബുക്സ്ഫെയർ, ബുക് എക്സിബിഷൻ, പുസ്തകോത്സവം തുടങ്ങിയ ആഢ്യപദങ്ങൾക്കു പകരം ‘പുസ്തകച്ചന്ത’യെന്നു പേരിട്ട് പില്ക്കാലത്ത് ഡി. സി. കിഴക്കേമുറി വിപ്ലവം സൃഷ്ടിക്കുന്നതിനു മുൻപ് പുസ്തകത്തെ യഥാർഥചന്തയിലെത്തിച്ച എസ്. ടി. റെഡ്ഡ്യാർ നടത്തിയ വിപ്ലവം ചരിത്രപരമാണ്. കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടുകൾ ഒരുമിച്ചാക്കി ആദ്യമായി അച്ചടിച്ചുപ്രസിദ്ധീകരിച്ചത് റെഡ്ഡ്യാരാണ്. തുഞ്ചത്തെഴുത്തച്ഛൻ, ഉണ്ണായിവാരിയർ, കോട്ടയത്തു തമ്പുരാൻ തുടങ്ങിയവരുടെ കൃതികളും വള്ളപ്പാട്ട്, തിരുവാതിരപ്പാട്ട്, ഊഞ്ഞാൽപ്പാട്ട്, കുമ്മിപ്പാട്ട് തുടങ്ങിയ ജനകീയഗാനങ്ങളും റെഡ്ഡ്യാർ ചന്തയിലെത്തിച്ചു ജനകീയമാക്കി. സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് പുസ്തകം പ്രാപ്യമാക്കി എന്നതാണ് റെഡ്ഡ്യാരുടെ വലിയ സംഭാവനകളിലൊന്ന്. ചന്തയിലും ഉത്സവപ്പറമ്പിലും പോയ സ്ത്രീകൾ അവ വാങ്ങി. സ്ത്രീയും പുസ്തകവും തമ്മിലുള്ള ബന്ധവും കേരളത്തിന്റെ ആധുനികത്വവും തമ്മിൽ വലിയ ബന്ധമുണ്ട്.

എസ്. ടി. റെഡ്ഡ്യാരുടെ വി.വി. പ്രസ്സിൽ നിന്നു വന്ന കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ  കേരള കവികൾ എന്ന പുസ്തകം ഇതിനു മുൻപു നമ്മൾ പരിചയപ്പെട്ടതാണ്. എന്നാൽ അന്ന് ആ പോസ്റ്റിടുമ്പോൾ മലയാളപുസ്തകചരിത്രത്തിൽ  വി.വി. പ്രസ്സിന്റെ പ്രാധാന്യം അറിയുമായിരുന്നില്ല. ഇപ്പോൾ പി.കെ. രാജശേഖരന്റെ ബുക്സ്റ്റാൾജിയ പുസ്തകത്തിലൂടെ അതു മനസ്സിലായി.

പി.കെ. രാജശേഖരന്റെ മുകളിലെ പ്രസ്താവനയുമായി ബന്ധപ്പെട്ട ഒരു പുസ്തകം ആണ് നമ്മൾ ഇന്നു പരിചയപ്പെടുന്നത്. എസ്. ടി. റെഡ്ഡ്യാരുടെ വി.വി. പ്രസ്സ് വഴി പ്രസിദ്ധീകരിച്ച ഒരു കുഞ്ചൻ നമ്പ്യാർ കൃതിയാണത്. വിശദാംശങ്ങൾ താഴെ.

പുസ്തകത്തിന്റെ വിവരം

 • പേര്: പാത്രചരിതം ഓട്ടൻ തുള്ളൽ
 • പതിപ്പ്: നാലാം പതിപ്പ്
 • താളുകൾ: 55
 • രചയിതാവ്: കലക്കത്തു കുഞ്ചൻ നമ്പ്യാർ
 • പ്രസാധകൻ: ആർ നാരായണ പണിക്കർ
 • പ്രസിദ്ധീകരണ വർഷം: 1930 (കൊല്ലവർഷം 1105)
 • പ്രസ്സ്: വി.വി. പ്രസ്സ്, കൊല്ലം
പാത്രചരിതം - കലക്കത്തു കുഞ്ചൻ നമ്പ്യാർ - 1931
പാത്രചരിതം – കലക്കത്തു കുഞ്ചൻ നമ്പ്യാർ – 1931

ഉള്ളടക്കം

കുഞ്ചൻ നമ്പ്യാരുടെ പാത്രചരിതം എന്ന തുള്ളൽക്കഥയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്ത്കത്തിന്റെ തുടക്കത്തിൽ 14 പേജോളം അവതാരികയും മറ്റുമാണ്. ഇത് പ്രസാധകനായ ആർ. നാരായണ പണിക്കർ വക ആണെന്ന് കരുതുന്നു. പിന്നെ 35 പേജോളം തുള്ളൽ കഥ. ഏതാണ്ട് 750 വരികൾ ആണ് ഈ തുള്ളൽ കഥയിൽ ഉള്ളത്. അതിനു ശെഷം 4-5 പേജുകളിൽ ഒതുങ്ങുന്ന വ്യാഖ്യാനവും. കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡിജിറ്റൈസ് ചെയ്തതിന്റെ വിവരം

ബൈജു രാമകൃഷ്ണണൻ ഫൊട്ടോ എടുക്കാനും മറ്റും സഹായിച്ചു.

ഡൗൺലോഡ് വിവരം

ഡൗൺലോഡ് കണ്ണി (3 MB)

 

Google+ Comments

1931- വേദവിഹാരം മഹാകാവ്യം – കെ.വി. സൈമൺ

ആമുഖം

കേരള സാഹിത്യ ചരിത്രത്തിൽ പ്രാധാന്യമുള്ള ഒരു കൃതിയുടെ ആദ്യപതിപ്പിന്റെ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്. വേദവിഹാരം എന്ന മഹാകാവ്യത്തിന്റെ ആദ്യപതിപ്പിന്റെ സ്കാനാണത്.

പുസ്തകത്തിന്റെ വിവരം

 • പേര്: വേദവിഹാരം, മഹാകാവ്യം മോശയുടെ ഒന്നാം പുസ്തകമായ ലോകോല്പത്തി
 • പതിപ്പ്: ഒന്നാം പതിപ്പ്
 • താളുകൾ: 434
 • രചയിതാവ്: കെ.വി. സൈമൺ
 • പ്രസിദ്ധീകരണ വർഷം: 1931
 • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
വേദവിഹാരം - ഒന്നാം പതിപ്പ് - 1931 - കെ.വി. സൈമൺ
വേദവിഹാരം – ഒന്നാം പതിപ്പ് – 1931 – കെ.വി. സൈമൺ

ഉള്ളടക്കം

ഏറ്റവും ചുരുക്കമായി പറഞ്ഞാൽ, വേദപുസ്തകത്തിലെ ഉൽപത്തി പുസ്തകത്തെ ആധാരമാക്കി രചിച്ച കാവ്യമാണ് വേദവിഹാരം.  ഈ കൃതിയുടെ രചന മഹാകവി കെ.വി. സൈമൺ ആണ്. വേദ വിഹാരം എന്ന ഈ കൃതിയാണ് അദ്ദേഹത്തെ മഹാകവി പദവിക്ക് അർഹനാക്കിയത്. കെ.വി. സൈമണെ പറ്റിയുള്ള ലഘുജീവചരിത്രക്കുറിപ്പിന് ഈ മലയാളം വിക്കിപീഡിയ ലേഖനം വായിക്കുക. കെ.വി. സൈമണിനെ പറ്റിയുള്ള കേരള സാഹിത്യ അക്കാദമിയുടെ കുറിപ്പ് ഇവിടെ കാണാം.

കൂടുതൽ ആളുകൾക്കും പ്രശസ്തമായ നിരവധി മലയാള ക്രൈസ്തവ ഗാനങ്ങളുടെ രചയിതാവ് എന്ന നിലയിലാണ് കെ.വി.സൈമണെ കൂടുതൽ പരിചിതം.

തുടങ്ങിയ അർദ്ധ ശാസ്ത്രീയസംഗീത ശൈലിയിലുള്ള നിരവധി  മലയാള ക്രൈസ്തവ ഗാനങ്ങളുടെ രചയിതാവാണ് കെ.വി .സൈമൺ. ആ പേരിൽ ആണ് അദ്ദേഹത്തെ ജനങ്ങൾക്ക് കൂടുതൽ പരിചിതവും.

വേദവിഹാരം എന്ന മഹാകാവ്യം മലയാളം ബ്ലോഗുലത്തിൽ അല്പം ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. മലയാളം ബ്ളൊഗറും മലയാളകാവ്യാലാപനത്തിൽ തനതായ മുദ്ര പതിപ്പിക്കുകയും ചെയ്ത ജ്യോതീബായ് പരിയാടത്ത് വേദവിഹാരത്തിലെ ഒരു ഭാഗം ആലപിച്ച് ബ്ലോഗിൽ ഇട്ടതൊടെ ആണത്. പലരും അതിലൂടെ ആണ് കെ.വി. സൈമണിനെ പറ്റി കേൾക്കുന്നത് തന്നെ. എന്നാൽ വിക്കിപീഡിയ ലേഖനത്തിലും കേരള സാഹിത്യ അക്കാദമിയുടെ ലേഖനത്തിലും സൂചിപ്പിച്ചിരിക്കുന്ന പോലെ മറ്റു പല മേഖലകളിലും അദ്ദേഹത്തിന്റെ സംഭാവന കാണാം.

വേദവിഹാരത്തെ പറ്റി മറ്റു ചിലർ എഴുതിയ പോസ്റ്റുകൾ ഇവിടെയുംഇവിടെയും, ഇവിടെയും കാണാം.

വേദവിഹാരത്തിന്റെ 1931 ഇറങ്ങിയ ഒന്നാമത്തെ പതിപ്പിന്റെ സ്കാൻ തന്നെ ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്. കൃതിയുടെ ആദ്യത്തെ കുറേ താളുകൾ ഉള്ളൂർ, വള്ളത്തോൾ തുടങ്ങി അക്കാലത്തെ പ്രമുഖ സാഹിത്യകാരന്മാർ എഴുതിയ അവതാരികയും അനുമോദനക്കുറിപ്പുകളും മറ്റുമാണ്.  ഇതിൽ സരസ കവി മൂലൂർ എസ്. പത്മനാഭപണിക്കരുടെ പ്രസ്താവന ശ്രദ്ധേയമാണ്. ഉല്പത്തി പുസ്തകത്തിലെ 50 അദ്ധ്യായങ്ങൾ പോലെ ഈ മഹാകാവ്യത്തിനും 50 അദ്ധ്യായങ്ങൾ ആണുള്ളത്. പുസ്തകത്തിന്റെ ഉള്ളടക്കം കൂടുതൽ വിശകലനം ചെയ്യാൻ ഞാൻ ആളല്ല. കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡിജിറ്റൈസ് ചെയ്തതിന്റെ വിവരം

ബൈജു രാമകൃഷ്ണണനും ബെഞ്ചമിൻ വർഗ്ഗീസും ഫൊട്ടോ എടുക്കാനും മറ്റും സഹായിച്ചു. പുസ്കത്തിന്റെ പോസ്റ്റ്-പ്രോസസിങ് പൂർണ്ണമായും നിർവ്വഹിച്ചത് സുനിൽ വി.എസ് ആണ്.

ഡൗൺലോഡ് വിവരം

ഡൗൺലോഡ് കണ്ണി (27 MB)

 

Google+ Comments

1898 – ക്രിസ്തീയ ഗീതങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട് – ബാസൽ മിഷൻ

ആമുഖം

ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത് ഹെർമ്മൻ ഗുണ്ടർട്ടുമായി ബന്ധമുള്ള ഒരു ബാസൽ മിഷൻ പുസ്തകമാണ്.

പുസ്തകത്തിന്റെ വിവരം

 • പേര്: ക്രിസ്തീയ ഗീതങ്ങൾ, Malayalam Hymn Book
 • പതിപ്പ്: എഴാം പതിപ്പ്
 • താളുകൾ: 358
 • രചയിതാവ്: ഒരു സംഘം രചയിതാക്കൾ
 • പ്രസിദ്ധീകരണ വർഷം: 1898
 • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം

 

1898 – ക്രിസ്തീയ ഗീതങ്ങൾ – ബാസൽ മിഷൻ
1898 – ക്രിസ്തീയ ഗീതങ്ങൾ – ബാസൽ മിഷൻ

ഉള്ളടക്കം

മലയാളത്തിലുള്ള ക്രിസ്തീയ കീർത്തനങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇതിലെ ഭൂരിപക്ഷം പാട്ടുകളും ജർമ്മൻ, ഇംഗ്ലീഷ് പാട്ടുകൾ മലയാളത്തിലാക്കിയതാണ്.

രചയിതാക്കളുടെ കാര്യമാണ് കൗതുകം. പുസ്തകത്തിലെ പാട്ടുകളിൽ നല്ലൊരു ഭാഗം രചിച്ചിരിക്കുന്നത് ഹെർമ്മൻ ഗുണ്ടർട്ടാണ്. മറ്റു എനിക്കു പരിചയമുള്ള രചയിതാക്കൾ താഴെ പറയുന്നു. A Progressive Grammar Of The Malayalam Language For Europeans എന്ന ഗ്രന്ഥത്തിന്റെ കർത്താവായ L.J. Frohnmeyerഇംഗ്ലീഷു മലയാള ശബ്ദകോശത്തിന്റെ രചിതാവായ തോബിയാസ് സക്കറിയാസ്, E Diez എന്നിവരും പിന്നെ പേരു കേട്ടു പരിചയമില്ലാത്ത മറ്റു പലരേയും രചയിതാക്കളായി കാണാം . ഏതാണ്ട് 300 പാട്ടുകൾ ആണ് പുസ്തകത്തിൽ ഉള്ളത്.

പുസ്തകത്തിന്റെ അവസാനം പുസ്തകത്തിലെ പാട്ടുകളുമായി ബന്ധപ്പെട്ട വേദപുസ്തകവാക്യങ്ങളും, രചയിതാക്കളുടെ പട്ടികയും, മറ്റും കാണാം.

ഡിജിറ്റൈസ് ചെയ്തതിന്റെ വിവരം

പതിവുപോലെ ബൈജു രാമകൃഷ്ണണൻ ഫൊട്ടോ എടുക്കാനും മറ്റും സഹായിച്ചു.

ഡൗൺലോഡ് വിവരം

ഈ പുസ്തകത്തിന്റെ പല തരത്തിലുള്ള ഔട്ട് പുട്ട് ലഭ്യമാണ്.

 

Google+ Comments