ഇത് ബാസൽമിഷൻ പ്രസിദ്ധീകരിച്ച ഒരു ക്രൈസ്തവദൈവശാസ്ത്ര ഗ്രന്ഥമാണ്.
പുസ്തകത്തിന്റെ വിവരം
പേര്: ആദ്യക്രിസ്തുസഭയുടെ ജീവദശ
പതിപ്പ്: ഒന്നാം പതിപ്പ്
താളുകൾ: 138
രചയിതാവ്: Rev. Ch.Renz
പ്രസാധകൻ: Basel Mission
പ്രസിദ്ധീകരണ വർഷം: 1928
പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
ആദ്യക്രിസ്തുസഭയുടെ ജീവിതദശ
ഉള്ളടക്കം
ശീർഷകം സൂചിപ്പിക്കുന്ന പോലെ ആദ്യകാലത്തെ ക്രിസ്തുസഭയെ കുറിച്ചുള്ള ചെറിയ ലേഖനങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. മലയാളരാജ്യത്തിലെ ക്രിസ്തീയസഭകളെ ശുശ്രൂഷിപ്പാനും ആത്മീയജീവതത്തെ വർദ്ധിപ്പാനും വേണ്ടിയാണ് ഈ പുസ്തകം എഴുതിയതെന്ന് ഗ്രന്ഥകർത്താവ് മുഖവുരയിൽ പറയുന്നുണ്ട്.
ഗ്രന്ഥകർത്താവായ Rev. Renz മലബാർ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ഒരു ബാസൽ മിഷൻ മിഷനറി ആയിരുന്നെന്ന് വിവിധ ഓൺലൈൻ ലിങ്കുകളിലൂടെ പോയതിൽ നിന്ന് കാണുന്നു. അദ്ദേഹത്തിന്റെ ഒരു ഫോട്ടോ ഇവിടെ കാണാം. ഗ്രന്ഥകർത്താവിനെ പറ്റി കൂടുതൽ വിവരങ്ങൾ തപ്പിയെടുക്കേണ്ടതുണ്ട്. കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
ശ്രീ. പി.കെ. രാജശേഖരൻ എഴുതിയ ബുക്‌സ്റ്റാൾജിയ എന്ന പുസ്തകത്തിലെ “അമ്മയുടെ സന്ധ്യാനാമങ്ങൾ” എന്ന അദ്ധ്യായത്തിൽ, സാധാരണ മലയാളികളുടെ ഇടയിൽ പുസ്തകവായന ജനകീയമായതിനെ പറ്റിയും, സ്തീകളും പുസ്തകങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റിയും ഒക്കെ പറയുന്ന ഭാഗത്തെ താഴെ പറയുന്ന ഒരു ദീർഘപ്രസ്താവന ഉണ്ട്.
പുസ്തകങ്ങളെ ചന്തയിലേക്കും ഉത്സവപ്പറമ്പിലേക്കും ഇറക്കിക്കൊണ്ടുവന്ന് ജനകീയമാക്കിയതിന് ഒരാളോടാണു നാം നന്ദി പറയേണ്ടത്, എസ്. ടി. റെഡ്ഡ്യാരോട്. തമിഴ്നാട്ടുകാരനായ റെഡ്ഡ്യാർ കേരളത്തിൽ പാർപ്പുറപ്പിച്ച് തന്റെ മാതൃഭാഷയല്ലാത്ത മലയാളത്തിലെ പുസ്തകസംസ്കാരം നട്ടുപൊടിപ്പിച്ചെടുത്തു.
മലയാളപുസ്തകത്തിന്റെ ചരിത്രമെഴുതാൻ സാർഥകമായ ഏകശ്രമം നടത്തിയ കെ.എം. ഗോവി ഇങ്ങനെ നിരീക്ഷിക്കുന്നതു കാണാം.
തിരുനെൽവേലിയിലെ സമൂഹരംഗപുരത്തുനിന്നു കേവലം പ്രന്ത്രണ്ടുവയസ്സുള്ള ഒരു ബാലൻ കാൽനടയായും കാളവണ്ടിയിലും ഏതാണ്ട് നൂറു നാഴിക സഞ്ചരിച്ച് ആരുവാമൊഴിച്ചുരം കടന്ന് നാഗർകോവിൽവഴി തിരുവനന്തപുരത്തെത്തുന്നു. ചില വർഷങ്ങൾ അനന്തപദ്മനാഭസ്വാമി ക്ഷേത്രപരിസരത്തു കഴിച്ചുകൂട്ടിയതിനുശേഷം അക്കാലത്തെ തെന്നിന്ത്യൻ വാണിജ്യകേന്ദ്രങ്ങളിലൊന്നായ കൊല്ലത്ത് പാർക്കുന്നു. പ്രായേണ പുത്തൻചരക്കായ പുസ്തകത്തിൽ ജീവിതമാർഗം കണ്ടെത്തുന്നു. മലയാളപുസ്തകം അങ്ങാടിയിലും ചന്തയിലും ഉത്സവപ്പറമ്പുകളിൽ എത്തിയത് ഈ സാഹചര്യത്തിലാണെന്നു പറയാം. റെഡ്ഡ്യാരുടെ സ്ഥിരോത്സാഹവും ഭാവനയും ബുദ്ധിയുമാണ് എഴുത്തച്ഛനെയും കുഞ്ചൻ നമ്പ്യാരെയും സാക്ഷരകേരളീയഗൃഹങ്ങളിലെത്തിച്ചത്. കമ്മീഷൻ വ്യവസ്ഥയിൽ പുസ്തകങ്ങൾ വാങ്ങി, വീടുകളിലും ചന്തകളിലും വിറ്റ് വില്പനയിൽനിന്നു ലഭിച്ച സമ്പാദ്യം ഉപയോഗിച്ച് രാമായണാദികൃത കൾ സ്വന്തം ഉത്തരവാദിത്വത്തിൽ അച്ചടിച്ചാണ് റെഡ്ഡ്യാർ വ്യാപാരം തുടങ്ങിയത്. ഇടനിലക്കാരില്ലാതെ സ്വന്തം പുസ്തകങ്ങൾ സ്വയം വിറ്റപ്പോൾ സ്വാഭാവികമായും ലാഭം വർധിച്ചു. താമസിയാതെ സ്വന്തം അച്ചുകൂടം കൊല്ലവർഷം 1062 ചിങ്ങമാസത്തിൽ കൊല്ലത്തു സ്ഥാപിച്ചു. അതാണ് പ്രസിദ്ധമായ വിദ്യാഭിവർധിനിപ്രസ് എന്ന വി.വി. പ്രസ്സ്. വിദ്യാഭിവർധിനിയുടെ പുസ്തകങ്ങൾ ഏറിയകൂറും പ്രകാശനം ചെയ്തത് 19-ാം നൂറ്റാണ്ടിന്റെ അന്ത്യവർഷങ്ങളിലും അടുത്ത ശതകത്തിലെ ആദ്യ ദശകങ്ങളിലുമാണ്.
പുസ്തകപ്രദർശനം, ബുക്സ്ഫെയർ, ബുക് എക്സിബിഷൻ, പുസ്തകോത്സവം തുടങ്ങിയ ആഢ്യപദങ്ങൾക്കു പകരം ‘പുസ്തകച്ചന്ത’യെന്നു പേരിട്ട് പില്ക്കാലത്ത് ഡി. സി. കിഴക്കേമുറി വിപ്ലവം സൃഷ്ടിക്കുന്നതിനു മുൻപ് പുസ്തകത്തെ യഥാർഥചന്തയിലെത്തിച്ച എസ്. ടി. റെഡ്ഡ്യാർ നടത്തിയ വിപ്ലവം ചരിത്രപരമാണ്. കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടുകൾ ഒരുമിച്ചാക്കി ആദ്യമായി അച്ചടിച്ചുപ്രസിദ്ധീകരിച്ചത് റെഡ്ഡ്യാരാണ്. തുഞ്ചത്തെഴുത്തച്ഛൻ, ഉണ്ണായിവാരിയർ, കോട്ടയത്തു തമ്പുരാൻ തുടങ്ങിയവരുടെ കൃതികളും വള്ളപ്പാട്ട്, തിരുവാതിരപ്പാട്ട്, ഊഞ്ഞാൽപ്പാട്ട്, കുമ്മിപ്പാട്ട് തുടങ്ങിയ ജനകീയഗാനങ്ങളും റെഡ്ഡ്യാർ ചന്തയിലെത്തിച്ചു ജനകീയമാക്കി. സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് പുസ്തകം പ്രാപ്യമാക്കി എന്നതാണ് റെഡ്ഡ്യാരുടെ വലിയ സംഭാവനകളിലൊന്ന്. ചന്തയിലും ഉത്സവപ്പറമ്പിലും പോയ സ്ത്രീകൾ അവ വാങ്ങി. സ്ത്രീയും പുസ്തകവും തമ്മിലുള്ള ബന്ധവും കേരളത്തിന്റെ ആധുനികത്വവും തമ്മിൽ വലിയ ബന്ധമുണ്ട്.
എസ്. ടി. റെഡ്ഡ്യാരുടെ വി.വി. പ്രസ്സിൽ നിന്നു വന്ന കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കേരള കവികൾ എന്ന പുസ്തകം ഇതിനു മുൻപു നമ്മൾ പരിചയപ്പെട്ടതാണ്. എന്നാൽ അന്ന് ആ പോസ്റ്റിടുമ്പോൾ മലയാളപുസ്തകചരിത്രത്തിൽ വി.വി. പ്രസ്സിന്റെ പ്രാധാന്യം അറിയുമായിരുന്നില്ല. ഇപ്പോൾ പി.കെ. രാജശേഖരന്റെ ബുക്സ്റ്റാൾജിയ പുസ്തകത്തിലൂടെ അതു മനസ്സിലായി.
പി.കെ. രാജശേഖരന്റെ മുകളിലെ പ്രസ്താവനയുമായി ബന്ധപ്പെട്ട ഒരു പുസ്തകം ആണ് നമ്മൾ ഇന്നു പരിചയപ്പെടുന്നത്. എസ്. ടി. റെഡ്ഡ്യാരുടെ വി.വി. പ്രസ്സ് വഴി പ്രസിദ്ധീകരിച്ച ഒരു കുഞ്ചൻ നമ്പ്യാർ കൃതിയാണത്. വിശദാംശങ്ങൾ താഴെ.
പുസ്തകത്തിന്റെ വിവരം
പേര്: പാത്രചരിതം ഓട്ടൻ തുള്ളൽ
പതിപ്പ്: നാലാം പതിപ്പ്
താളുകൾ: 55
രചയിതാവ്: കലക്കത്തു കുഞ്ചൻ നമ്പ്യാർ
പ്രസാധകൻ: ആർ നാരായണ പണിക്കർ
പ്രസിദ്ധീകരണ വർഷം: 1930 (കൊല്ലവർഷം 1105)
പ്രസ്സ്: വി.വി. പ്രസ്സ്, കൊല്ലം
പാത്രചരിതം – കലക്കത്തു കുഞ്ചൻ നമ്പ്യാർ – 1931
ഉള്ളടക്കം
കുഞ്ചൻ നമ്പ്യാരുടെ പാത്രചരിതം എന്ന തുള്ളൽക്കഥയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്ത്കത്തിന്റെ തുടക്കത്തിൽ 14 പേജോളം അവതാരികയും മറ്റുമാണ്. ഇത് പ്രസാധകനായ ആർ. നാരായണ പണിക്കർ വക ആണെന്ന് കരുതുന്നു. പിന്നെ 35 പേജോളം തുള്ളൽ കഥ. ഏതാണ്ട് 750 വരികൾ ആണ് ഈ തുള്ളൽ കഥയിൽ ഉള്ളത്. അതിനു ശെഷം 4-5 പേജുകളിൽ ഒതുങ്ങുന്ന വ്യാഖ്യാനവും. കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
You must be logged in to post a comment.