1950-എ.ആർ.പി. ഔഷധശാല കുന്നംകുളം

ആമുഖം

വളരെ അവിചാരിതമായി കൈയ്യിൽ വന്നു പെട്ട ഒരു പുസ്തകത്തിന്റെ സ്കാനാണ് ഇന്നു പരിചയപ്പെടുത്തുന്നത്. ഒരു സമാന്തരപ്രസിദ്ധീകരണം എന്നു പറയാവുന്ന ഒന്നാണ് ഇത്. അതിനാൽ തന്നെ ഇത്തരം പുസ്തകങ്ങൾ ശേഖരിക്കപ്പെടാനും കാറ്റലോഗ് ചെയ്യപ്പെടാനും ഒക്കെയുള്ള സാദ്ധ്യത വളരെ വിരളമാണ്.  പക്ഷെ ഈ പുസ്തകവും  ഇതിന്റെ പ്രസിദ്ധീകരണകാലഘത്തെ അടയാളപ്പെടുത്തുന്നതാണ്.

ഇത് ഒരു കൊച്ചുപുസ്തകമാണ് (ചെറിയ കൈപ്പുസ്തകം എന്ന അർത്ഥത്തിൽ 🙂 ). കുന്നംകുളത്തെ എ.ആർ.പി. ഔഷധശാലയുടെ വക ആയുർവ്വേദമരുന്നുകളുടെ ഡോക്കുമെന്റേഷനാണ് ഈ കൈപ്പുസ്തകത്തിന്റെ ഉള്ളടക്കം.

പുസ്തകത്തിന്റെ വിവരം

  • പേര്: എ.ആർ.പി. ഔഷധശാല, കുന്നംകുളം എന്നു മാത്രമാണ് കവർപേജിൽ കൊടുത്തിരിക്കുന്നത്. (മറ്റു യാതൊരു വിധത്തിലുള്ള തലക്കെട്ടും ഇല്ല. പക്ഷെ ഉള്ളടക്കം വിവിധ എ.ആർ.പി. ഔഷധശാലയുടെ ആയുർവ്വേദമരുന്നുകളുടെ വിശദാംശങ്ങൾ ആണ്. )
  • താളുകൾ: 85
  • രചയിതാവ്: അജ്ഞാതം.
  • പ്രസ്സ്: എ.ആർ.പി. പ്രസ്സ്, കുന്നംകുളം
  • പ്രസിദ്ധീകരണ വർഷം: 1950 (പ്രസിദ്ധീകരണവർഷം 1950 ആണെന്ന് കവർപേജിൽ കൊടുത്തിരിക്കുന്ന 1125 എന്ന മലയാളവർഷ അക്കത്തിൽ നിന്ന് ഊഹിക്കുന്നു)
1950-എ.ആർ.പി. ഔഷധശാല കുന്നംകുളം
1950-എ.ആർ.പി. ഔഷധശാല കുന്നംകുളം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

മുകളിൽ സൂചിപ്പിച്ച പോലെ കുന്നംകുളത്തെ എ.ആർ.പി. ഔഷധശാലയുടെ വിവിധ ആയുർവ്വേദമരുന്നുകളുടെ വിശദാംശങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. അവർക്ക് എ.ആർ.പി. പ്രസ്സ് എന്ന പേരിൽ കുന്നംകുളത്ത് ഒരു പ്രസ്സ് ഉണ്ടായിരുന്നു. അവിടാണ് പുസ്തകം അച്ചടിച്ചത് (ഈ രണ്ടു സ്ഥാപനങ്ങളും ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല). പുസ്തകത്തിന്റെ അവസാനം എ.ആർ.പി. പ്രസ്സിന്റെ വിവിധ പുസ്തകങ്ങളെ (ഉദാ: സ്വപ്നനിഘണ്ടു, ഗൗളിശാസ്ത്രം) കുറിച്ചുള്ള പരസ്യങ്ങളും കാണാം. പിറകിലത്തെ കവർപേജിൽ എ.ആർ.പി. ഔഷധശാലയുടെ വിസർപ്പനെണ്ണ എന്ന ഔഷധം സേവിക്കുന്നതിനു മുൻപും ശേഷമുള്ള ഒരു ചിത്രവും കൊടുത്തിട്ടുണ്ട്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങളിലേക്കു പോവാൻ എനിക്കു അറിവില്ല. അതു ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

രാമായണം പാന

ആമുഖം

ഈയടുത്ത് ബാംഗ്ലൂരിലെ ഒരു വീട്ടിൽ നിന്നു തപ്പിയെടുത്ത ഒരു പുസ്തകത്തിന്റെ സ്കാനാണ് പങ്കു വെക്കുന്നത്.

പുസ്തകത്തിന്റെ വിവരം

  • പേര്:രാമായണം പാന 
  • താളുകൾ: 57
  • രചയിതാവ്: കൃത്യമായ രചയിതാവെന്ന് ആരെന്ന് അറിയാത്ത പാരമ്പര്യ കൃതിയാണെന്ന് കരുതുന്നു.
  • പ്രസ്സ്: അജ്ഞാതം
  • പ്രസിദ്ധീകരണ വർഷം: അജ്ഞാതം
രാമായണം പാന
രാമായണം പാന

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പുരുഷന്മാരുടെ അനുഷ്ഠാനകലയാണ് പാന എന്നു മലയാളം വിക്കിപീഡിയയിലെ ലേഖനത്തിൽ പറയുന്നു. രാമായണം പാന തന്നെ കുറച്ചധികം വേർഷനുകൾ ഉണ്ടെന്ന് ഒന്ന് ഓടിച്ചു തിരഞ്ഞപ്പോൾ കണ്ടു. കേരള സാഹിത്യ അക്കാദമി കുറച്ച് നാളുകൾക്ക് മുൻപ് പുറത്തു വിട്ട സ്കാനുകളുടെ കൂട്ടത്തിലും ഒരു രാമായണം പാന (1906) കണ്ടു. അത് ഇവിടെ കാണം. പക്ഷെ അതിന്റെ ഉള്ളടക്കത്തിൽ നിന്നു വ്യത്യസ്തമാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം.

പക്ഷെ ഉള്ളടക്കത്തിന്റെ ലേ ഔട്ട് രണ്ട് പുസ്തകത്തിലും ഏകദേശം ഒരേ പോലെ തന്നെ. കാവ്യം ആണെങ്കിലും വരികളായി തിരിക്കുകയോ ഇടയ്ക്ക് സ്പേസ് ഇടുകയോ ഒന്നും ചെയ്തിട്ടില്ല. പുസ്തകം മൊത്തം ഒരു ഖണ്ഡികയായാണ് വിന്യസിച്ചിരിക്കുന്നത്.  അതിനാൽ ഇന്നത്തെ വായനാ രീതി വെച്ച് ഇതിന്റെ വായന അല്പം കഷ്ടമാകും.

ഡിജിറ്റൈസ് ചെയ്യാനായി കൈയ്യിൽ കിട്ടിയ പുസ്തകത്തിന്റെ നില വളരെ മോശമായിരുന്നു. കാലം അവശേഷിപ്പിച്ചത് പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം മാത്രമാണ്. ടൈറ്റിൽ താൾ അടക്കം ആദ്യത്തെ മിക്ക താളുകളും അപ്രത്യക്ഷമായിരുന്നു. ബാക്കി ഉള്ള താളുകൾ മറിക്കുമ്പോൾ പൊടിയുന്ന അവസ്ഥയിലും ആയിരുന്നു. എന്തായാലും പ്രധാന ഉള്ളടക്കം മൊത്തമായി കേടുപാടില്ലാതെ കിട്ടി എന്നത് നല്ല കാര്യമാണ്.

താളുകൾ പൊടിയുന്ന അവസ്ഥയിൽ ആയിരുന്നതിനാൽ വളരെ  ബുദ്ധിമുട്ടിയാണ് ഫോട്ടോ എടുത്തതും അത് പോസ്റ്റ് പ്രോസസ് ചെയ്തതതും. ടൈറ്റിൽ താൾ അടക്കമുള്ള താാളുകൾ നഷ്ടമായതിനാൽ ഈ പുസ്തകം ഏത് വർഷം അച്ചടിച്ചെന്നോ, ഏത് പ്രസ്സിൽ അച്ചടിച്ചെന്നോ, ആരാണ് സമാഹരിച്ചത് എന്നോ ഒന്നും വ്യക്തമല്ല.

ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങളിലേക്കു പോവാൻ എനിക്കു അറിവില്ല. അതു ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1872- യാക്കൊബ ശ്ലീഹായുടെ കുറുബാന ക്രമം

ആമുഖം

പൂജ-ദസറ അവധിക്കു നാട്ടിൽ പൊയപ്പോൾ കരസ്ഥമാക്കിയ മറ്റൊരു പൊതുസഞ്ചയ പുസ്തകത്തിന്റെ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ഈ പുസ്തകം കേരളക്രൈസ്തവ സഭകളുടെ ആരാധനാഭാഷയുടെ മലയാളവൽക്കരണവുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള പുസ്തകമാണ്.

പുസ്തകത്തിന്റെ വിവരം

  • പേര്: യാക്കൊബ ശ്ലീഹായുടെ കുറുബാന ക്രമം (ഇന്നത്തെ മലയാള രീതി വെച്ച് ഇത് യാക്കോബ് ശ്ലീഹായുടെ കുറുബാന ക്രമം എന്നു വായിക്കണം.)
  • താളുകൾ: 83
  • രചയിതാവ്: ഒരാൾ ആവണം എന്നില്ല. അക്കാലത്തെ മലങ്കര മെത്രാപ്പൊലീത്ത ആയിരുന്ന മാർ അത്തനോസ്യസ് മെത്രാപോലിത്തയുടെ നേതൃത്തിൽ ആവണം ഇത് ചെയ്തത്.
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
  • പ്രസിദ്ധീകരണ വർഷം: 1872
1872 യാക്കൊബ ശ്ലീഹായുടെ കുറുബാന ക്രമം
1872 യാക്കൊബ ശ്ലീഹായുടെ കുറുബാന ക്രമം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

CMS മിഷനറിമാരുടെ ഇടപെടലുകൾ ഉണ്ടാകുന്നതിനു മുൻപ് കേരളക്രൈസ്തവ സഭകൾ സുറിയാനിയിൽ മുങ്ങി കിടക്കുകയായിരുന്നു. സുറിയാനി ആകട്ടെ മിക്കവാറും ഒക്കെ പുരോഹിതവർഗ്ഗമായിരുന്നു കൈകാകാര്യം ചെയ്തിരുന്നത്. ഇതു മാറ്റി ജനത്തിനു മനസ്സിലാകുന്ന ഭാഷ ഉപയോഗിക്കാൻ  തുടങ്ങുന്നത് മിഷനറിമാർ വന്നതിനു ശേഷമാണ്.  CMS മിഷനറിമാരുടെ സ്വാധീനം മൂലം ഏകദേശം 1830കളിൽ മാരാമൺ പള്ളിയിൽ എബ്രഹാം മല്പാൻ മലയാളത്തിൽ കുർബ്ബാന ചൊല്ലുന്നത്. അന്ന് അത് ഒരു വിപ്ലവമായിരുന്നു. അതിന്റെ ഒക്കെ ഒരു തുടർച്ചയാണ് മലയാളഭാഷയിലുള്ള കുർബ്ബാന ക്രമം. 1830കളിൽ മാരാമൺ പള്ളിയിൽ എബ്രഹാം മല്പാൻ മലയാളത്തിൽ കുർബ്ബാന ചൊല്ലി എന്നു പറയുന്നു എങ്കിലും ആ കാലഘട്ടങ്ങളിലെ മലയാളം കുർബ്ബാനയുമായി ബന്ധപ്പെട്ട പൊതുസഞ്ചയരേഖകൾ ഒന്നും തന്നെ നമുക്ക് കിട്ടിയിട്ടില്ല. അതാണ് ഈ രേഖയുടെ പ്രത്യെകത. ഈ പുസ്തകം നമുക്ക് ഇതുവരെ കിട്ടിയതിൽ ഏറ്റവും പഴക്കമുള്ള മലയാളം കുർബ്ബാനക്രമമാണ്.

ഈ പുസ്തകം അക്കാലത്തെ മലങ്കരസഭയുടെ കുർബ്ബാന ക്രമമാണ്. ഇക്കാലത്തു തന്നെ ഈ സഭയിൽ ഇതുമായി ബന്ധപ്പെട്ടു തന്നെ ധാരാളം ചേരിതിരുവുകൾ ഉണ്ടായിയിരുന്നു. ഈ കുർബ്ബാനക്രമം അംഗീകരിക്കാത്ത വിഭാഗവും അക്കലത്തെ സഭയിൽ ഉണ്ടായിരുന്നു. അവർ ഈ കുർബ്ബാനക്രമത്തെ അരകുർബ്ബാന ക്രമം എന്നു വിളിച്ചു. അക്കാലത്തെ മലങ്കര സഭയാകട്ടെ ഇന്നു യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ്മ, മലങ്കര കത്തോലിക്ക, ഇവാഞ്ചലിക്കൽ തുടങ്ങി വിവിധ സഭകളായി വിഘടിച്ചു പോയി. ഈ പ്രത്യേക കുർബ്ബാനക്രമത്തിന്റെ വിശദാംശങ്ങളിലേക്കു പോവാൻ എനിക്കു അറിവില്ല. അതു ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ. എന്റെ അറിവിൽ ഇന്നു കുറഞ്ഞ പക്ഷം തൊഴിയൂർ സഭ-ഓർത്തഡോക്സ്-യാക്കോബ-മാർത്തോമ്മ സഭകൾ എങ്കിലും ഈ കുർബ്ബാന ക്രമത്തെ (St. James Liturgy) ആധാരമാക്കിയ കുർബ്ബാനക്രമമാണ് ഉപയോഗിക്കുന്നത്.  കൂടുതൽ കാര്യങ്ങൾ പറവാൻ അറിവില്ല.

പുസ്തകത്തിലെ വിഷയത്തിന്റെ വിശകലനം ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ. കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: