പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷൻ – 2016 – കണക്കെടുപ്പ്

ഈ ബ്ലോഗിലൂടെ 2016 ജനുവരി 1 മുതൽ 2016 ഡിസംബർ 31വരെ പങ്കു വെച്ച, കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതു സഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷന്റെ ഒരു കണക്കെടുപ്പ് ആണിത്. (തുടർന്നുള്ള വർഷങ്ങളിലും ഈ വിധത്തിൽ കണക്കെടുപ്പ് നടത്തണം എന്നു കരുതുന്നു).

2016

2016ൽ ഡിജിറ്റൈസ് ചെയ്ത പൊതുസഞ്ചയ പുസ്തകങ്ങളിലെ ചില ശ്രദ്ധേയ പുസ്തകങ്ങൾ:

2016 ൽ ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങൾ – 50ൽ പരം. മൊത്തം പേജുകളുടെ കണക്ക് സമയക്കുറവ് മൂലം പ്രത്യേകമായി എടുത്തില്ല. എങ്കിലും അത് 3000 കടക്കും എന്ന് ഏകദേശം ഉറപ്പാണ്. ഇതിൽ ഏറ്റവും വലിയ പുസ്തകം പേജുകളുടെ എണ്ണം കൊണ്ടും പേജിന്റെ വലിപ്പം കൊണ്ടും 1915ലെ ശ്രീ മഹാഭാഗവതം ആയിരുന്നു. കല്ലച്ചിൽ അച്ചടിച്ച 1860ലെ പവിത്രചരിത്രം എന്ന പുസ്തകത്തിന്റെ വലിപ്പവും എടുത്തു പറയേണ്ടതാകുന്നു.

കേരളത്തിൽ നിന്നു ഉദയം ചെയ്ത യുയോമയ ഭാഷ എന്ന പ്രത്യേക ഭാഷയെ പറ്റിയുള്ള ഏക പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ പറ്റിയത് ഒരു സവിശെഷ നേട്ടമായി ഞാൻ കരുതുന്നു. ഒന്നാം നിര പ്രസിദ്ധീകരണങ്ങളിൽ പെടാത്ത ഇത്തരം പുസ്തകങ്ങൾ തിരസ്കരിച്ചു പോകാറാണ് സാധാരണ പതിവ്.

ഇത്തരം വിവിധ പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതുവായി ലഭ്യമാക്കുന്നത് കേരള പഠനത്തെയും അതുമായി ബന്ധപ്പെട്ട വിവിധ ഗവേഷക പദ്ധതികളേയും സഹായിക്കും എന്ന് പ്രത്യാശിക്കുന്നു.

നിരവധി കടമ്പകൾ കടന്നാണ് മലയാള പൊതുസഞ്ചയ രേഖകൾ ഏവർക്കും ഉപയോഗിക്കത്തക്ക രീതിയിൽ പൊതു ഇടത്തേക്ക് കൊണ്ടുവരുന്നത്. ഒരു പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ പതിപ്പ് പൊതു ഇടത്തേക്ക് കോണ്ടു വരുന്നതിനു ഇടയ്ക്ക് നേരീടേണ്ടി വരുന്ന വിവിധ കടമ്പകൾ (പെട്ടെന്ന് ഓർമ്മയിൽ വരുന്നത്) ഒന്ന് എടുത്തെഴുതട്ടെ.

  • പൊതുസഞ്ചയ രേഖകൾ കണ്ടെടുക്കുക
  • സ്കാൻ ചെയ്യാൻ (ഫോട്ടോ എടുക്കാൻ) അനുമതി നേടിയെടുക്കുക
  • സ്കാൻ ചെയ്യാൻ സഹായിക്കാൻ താല്പര്യമുള്ളവരെ കണ്ടെത്തുക
  • സ്കാൻ ചെയ്യുക (ഫോട്ടോ എടുക്കുക)
  • സ്കാൻ ചെയ്തതിലിലെ (ഫോട്ടോ ഏടൂത്തതിലെ) തെറ്റുകുറ്റങ്ങൾ തീർക്കുക
  • സ്കാൻ ചെയ്ത പേജുകൾ പേജ് നമ്പർ അനുസരിച്ച് പുനർ നാമകരണം ചെയ്ത് സൂക്ഷ്മമായി സ്കാൻ ടെയിലർ പ്രോസസിനു തയ്യാറാക്കുക
  • സ്കാൻ ടെയിലറിൽ പുസ്തകം മൊത്തമായി പ്രൊസസ് ചെയ്ത് ഓരോ പേജും സൂക്ഷ്മമായി നിരീക്ഷിച്ച് വിവിധ ക്രമീകരണങ്ങൾ ചെയ്ത് ഫൈനൽ ഇമേജ് തയ്യാറാക്കുക.
  • പുസ്തകം ഒരു പൊതു ഇടത്തേക്ക് അപ്‌ലോഡ് ചെയ്യുക
  • പുസ്തകത്തിന്റെ മെറ്റാ ഡാറ്റയും മറ്റും പഠിച്ച് പുസ്തകത്തെ പറ്റി ഒരു ചെറു കുറിപ്പെഴുതി പുസ്തകം പൊതുവായി പങ്കുവെക്കുക
    … തുടങ്ങിയ നിരവധി കടമ്പകൾ കടന്നാണ് ഒരു മലയാള പൊതുസഞ്ചയ രേഖ യാതൊരു പരിമിതിയും ഇല്ലാതെ എല്ലാവർക്കും പൊതുവായി ഉപയോഗിക്കത്തക്കവിധം നമുക്കു മുൻപിൽ എത്തുന്നത്. ടെക്നിക്കലായി മറികടക്കേണ്ട വേറെയും സംഗതികൾ ഉണ്ട്. അത് ഇവിടെ എടുത്തെഴുതുന്നില്ല.

ഈ പരിപാടികൾ എല്ലാം കൂടി ഒരിക്കലും ഒരു വ്യക്തിക്ക് മാത്രമായി ചെയ്യാൻ പറ്റില്ല. ഈ പരിപാടികളിൽ പല വിധത്തിൽ വിവിധ റോളുകൾ ഏറ്റെടുത്ത് സഹായിച്ചവർ താഴെ പറയുന്നവർ ആണ്

ഇവരോടൊപ്പം പ്രൊ. സ്കറിയ സക്കറിയ, പ്രൊ. ബാബു ചെറിയാൻ എന്നിവർ നൽകുന്ന വൈജ്ഞാനിക-ബൗദ്ധിക സഹായത്തിനു (പ്രധാനമായും എന്റെ പിഴകൾ തീർക്കാൻ സഹായിക്കുന്നത്) നന്ദി പറയാൻ വാക്കുകളില്ല.

ഇതിനും പുറമെ, പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്യപ്പെടേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി അത്തരം രേഖകൾ കൈമാറുന്ന ചില വ്യക്തികളെ പരാമർശിക്കാതെ വയ്യ. 2016ലെ പ്രവർത്തനത്തിൽ പേർ എടുത്തു പറയേണ്ട കുറച്ച് പേർ റവ. അബ്രഹാം വർഗ്ഗീസ്, റവ. ഇയ്യോബ്, ശരത് സുന്ദർ, ബിജു കെ.സി, ജോയ്‌സ് തോട്ടയ്ക്കാട്, തോമസ് ഇസ്രയേൽ (ഭാര്യ അന്നമ്മാൾ തോമസ്), മാത്യു ജേക്കബ്ബ് എന്നിവർ ആണ്.

ഡോ. സുനീഷ് ജോർജ്ജ് ആലുങ്കലിന്റെ സഹായവും നിസ്സീമമാണ്. അതിനെ പറ്റി വേറെ ഒരു പ്രത്യേക പൊസ്റ്റ് ഇടുന്നുണ്ട്.

റൂബിൻ ഡിക്രൂസ് ചെയ്തു തന്ന ചില സഹായങ്ങളും നന്ദിയോടെ സ്മരിക്കുന്നു.

2016- ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങൾ കണ്ടെടുക്കാനും ഏറ്റുവാങ്ങാനുമായി പല ഇടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. അതിൽ എടുത്തു പറയേണ്ടത് തിരുവനന്തപുരം നഗരം , തിരുവല്ല, തോട്ടയ്ക്കാട്, ചങ്ങനാശ്ശേരി, തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങൾ  എന്നിവയാണ്. ഈ യാത്രകൾ മൂലം പല പുതിയ സ്ഥലങ്ങൾ കാണാനും ചില വിശെഷ വ്യക്തികളെ പരിചയപ്പെടാനും സാധിച്ചു. അതൊക്കെ പല രേഖകൾ ഡിജിറ്റൈസ് ചെയ്യാൻ സഹായകമായി തീർന്നു.

ഈ വിധത്തിൽ കൂടുതൽ പേർ സഹായിക്കാൻ മുൻപോട്ടു വന്നാൽ, കാലപ്പഴക്കം മൂലം നശിച്ചു കൊണ്ടിരിക്കുന്ന കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകൾ നമുക്ക് ഡിജിറ്റൈസ് ചെയ്ത് എല്ലാവർക്കും എപ്പോഴും ഉപയോഗിക്കത്തക്ക വിധത്തിൽ സൂക്ഷിച്ചു വെക്കാവുന്നതേ ഉള്ളൂ. നിങ്ങൾ കൈമാറുന്ന രേഖകൾ (1940കൾക്ക് മുൻപ് ഉള്ളവ മാത്രം) ഡിജിറ്റൈസ് ചെയ്തതിനു ശെഷം രേഖ ഒരു കേടും കൂടാതെ ഉടമസ്ഥർക്കു തിരിച്ചു തരികയും ചെയ്യാം. ഈ വിധത്തിൽ കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകൾ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ ദയവായി shijualexonline@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയിൽ അയക്കുമല്ലോ.

1915- ശ്രീ മഹാഭാഗവതം – തുഞ്ചത്ത് എഴുത്തച്ഛൻ

ആമുഖം

ശ്രീമഹാഭാഗവതം എന്ന ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ആദ്യം ഈ ഗ്രന്ഥത്തെ പറ്റി അല്പം ആമുഖം.

ഒരു ഭാരതീയ പുരാണഗ്രന്ഥമാണ് ശ്രീമഹാഭാഗവതം . പതിനെട്ട് പുരാണങ്ങളിൽ ഒന്നായി മഹാഭാഗവതത്തെ ഗണിച്ചു് പോരുന്നു. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളായ മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നീ അവതാരങ്ങളുടെ വിശദീകരണമാണ്  മഹാഭാഗവതത്തിൽ.

മലയാളഭാഷയിലേക്ക് ഭാഗവതത്തിലെ മിക്കഭാഗങ്ങളും തർജ്ജിമ ചെയ്തത് എഴുത്തച്ഛനാണെന്നാണു വിശ്വസിക്കുന്നത്. എന്നാൽ ദശമസ്കന്ധം മുതലുള്ള അന്തിമഭാഗങ്ങൾ എഴുത്തച്ഛൻ തന്നെയാണോ തർജ്ജിമ ചെയ്തതെന്ന കാര്യത്തിൽ തർക്കമുണ്ട്.

മഹാഭാഗവതത്തിന്റെ മലയാള അച്ചടി ചരിത്രം എനിക്ക് അറിഞ്ഞു കൂടാ. ശ്രീ കാളഹസ്തിയ മുതലിയാര്‍ 1871-ൽ കോഴിക്കോട് വിദ്യാവിലാസം പ്രസ്സില്‍ മഹാഭാഗവതം അച്ചടിച്ചു എന്നു കേരള സാഹിത്യ അക്കാദമിയുടെ ശേഖരത്തിൽ നിന്നുള്ള മഹാഭാഗവതത്തിന്റെ ഈ ഡിജിറ്റൽ പതിപ്പിൽ നിന്നു മനസ്സിലാക്കാം. അതിനു മുൻപുള്ള ചരിത്രം എനിക്കറിയില്ല.

ഈ പതിപ്പ് എസ്.റ്റി. റെഡ്യാർ ആൻഡ് സൺസിന്റെ വിദ്യാഭിവർദ്ധിനി പ്രസ്സിൽ 1915ൽ അച്ചടിച്ച 15-ആം പതിപ്പാണ്.  ഈ പതിപ്പിന്റെ മുഖവുരയിൽ കൊല്ലവർഷം 1067ൽ (ക്രിസ്തുവർഷം 1892) കൊല്ലം പരവൂർ കേരളഭൂഷണം പ്രസ്സിൽ ശ്രീ മഹാഭാഗവതം 3000 കോപ്പി  അച്ചടിച്ചു എന്ന് എസ്.റ്റി. റെഡ്യാർ പറയുന്നുണ്ട്. എസ്.റ്റി. റെഡ്യാർ ആൻഡ് സൺസിന്റെ വിദ്യാഭിവർദ്ധിനി പ്രസ്സ് സ്ഥാപിതമാകുന്നത് 1886 ആണെന്ന് കെ.എം. ഗോവി പറയുന്നു. അപ്പോൾ പിന്നെ എന്തിനു പരവൂർ കേരളഭൂഷണം പ്രസ്സിനെ 1892-ൽ എസ്.റ്റി. റെഡ്യാർ ആശ്രയിച്ചു എന്നത് മനസ്സിലായില്ല. എന്തായാലും 1892നു ശേഷം എസ്.റ്റി. റെഡ്യാർ ആൻഡ് സൺസിന്റെ വിദ്യാഭിവർദ്ധിനി പ്രസ്സ് മഹാഭാഗവതം അച്ചടിച്ചു തുടങ്ങി എന്നു നമുക്കു കരുതാം. അതിനാലാണല്ലോ 1915 ആയപ്പൊഴേക്കും പതിനഞ്ച് പതിപ്പ് ആയത്. ഈ പതിപ്പിൽ ചില പുതുക്കലുകൾ ഉണ്ടെന്ന് മുഖവരയിൽ നിന്നും, പുസ്തകത്തിന്റെ ടൈറ്റിൽ പേജിൽ നിന്നും മനസ്സിലാക്കാം.

പുസ്തകത്തിന്റെ വിവരം

  • പേര്: ശ്രീ മഹാഭാഗവതം
  • താളുകൾ: 462 
  • രചയിതാവ്: തുഞ്ചത്ത് എഴുത്തച്ഛൻ
  • പതിപ്പ്: 15
  • പ്രസിദ്ധീകരണ വർഷം: 1915
  • പ്രസ്സ്:വിദ്യാഭിവർദ്ധിനി പ്രസ്സ്, എസ്.റ്റി. റെഡ്യാർ ആൻഡ് സൺസ് 
1915- ശ്രീ മഹാഭാഗവതം - തുഞ്ചത്ത് എഴുത്തച്ഛൻ
1915- ശ്രീ മഹാഭാഗവതം – തുഞ്ചത്ത് എഴുത്തച്ഛൻ

 

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ പുസ്തകം ഇന്നു ഡിജിറ്റൈസ് ചെയ്ത് നിന്നുടെ മുൻപിലേക്ക് എത്തിക്കാൻ സഹായമായ വ്യക്തിയോടുള്ള കടപ്പാട് ആദ്യം രേഖപ്പെടുത്തട്ടെ.  ശ്രീ ബിജു കെ.സിയുടെ സ്വകാര്യശേഖരത്തിൽ നിന്നുള്ള
പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പാണ് നിങ്ങൾക്ക് ലഭ്യമാകുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യമായ പഴയ പുസ്തകം എന്നെ വിശ്വസിച്ച് ബാംഗ്ലൂരിൽ എത്തിച്ചു തന്നെ ബിജു കെ.സി യോടുള്ള പ്രത്യേക നന്ദി അറിയിക്കട്ടെ. അദ്ദേഹം ഇത് 2016 സെപ്‌റ്റംബറിൽ എത്തിച്ചു തന്നു എങ്കിലും എന്റെ സ്വകാര്യ തിരക്കുകൾ മൂലം ഇപ്പൊഴാണ് ഇത് ഡിജിറ്റൈസ് ചെയ്യാൻ അവസരം  കിട്ടിയത്.

ഡിജിറ്റൈസേഷൻ താമസിക്കാൻ പുസ്തകത്തിന്റെ വലിപ്പവും ഒരു പ്രധാന കാരണമാണ്. ഏതാണ് A4 സൈസ് പേജിന്റെ വലിപ്പമാണ് പുസ്തകത്തിന്റെ താളുകൾക്ക്. താളുകളുടെ എണ്ണം 450ൽ പരം. വളരെ കൂട്ടിചേർത്ത് ബൈൻഡ് ചെയ്തതിനാൽ ഡിജിറ്റൈസേഷൻ അതീവ ദുഷ്കരമായിരുന്നു. തക്കതായ ഡിജിറ്റൈസേഷൻ സാമഗ്രികൾ കൈയ്യിൽ ഇല്ലാത്തത് ഇത്തരം വ്യത്യസ്തപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പണി ദുഷ്കരമാക്കും. ഈ പോസ്റ്റിൽ പറയുന്ന തരത്തിലുള്ള ചിത്രം രണ്ട്: ഒരു കസ്റ്റം ബുക്ക് സ്കാനർ  ആണ് ഇത്തരം അടുപ്പിച്ച് ബൈൻഡ് ചെയ്തിരിക്കുന്ന പുസ്തകങ്ങൾ സ്കാൻ ചെയ്യാൻ അഭികാമ്യം.അത് പക്ഷെ നമുക്ക് അപ്രാപ്യമാണല്ലോ.    എന്തായാലും ഒരു വിധത്തിൽ സമയമെടുത്ത് താളുകളുടെ ഫോട്ടോ എടുത്തു. ഇതുമായി ബന്ധപ്പെട്ട വിവിധ പണികളിൽ എന്റെ മകൻ സിറിലും, ബൈജു രാമകൃഷ്ണനും സഹായിച്ചു.

ചുരുക്കത്തിൽ പുസ്തകത്തിന്റെ വലിപ്പവും, ബൈണ്ഡിങ് രീതിയും,  ഫോട്ടോ എടുക്കാനുള്ള സാമഗ്രികളുടെ കുറവും ഒക്കെ ഡിജിറ്റൈസേഷനെ ബാധിച്ചു. എങ്കിലും ഇപ്പോൾ ഫോട്ടോകൾ എടുത്ത് ഡിജിറ്റൽ പതിപ്പ് പുറത്ത് വിടാൻ അവസരം കിട്ടി. പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ ബിജുവിനോടുള്ള പ്രത്യേക നന്ദി ഒരിക്കൽ കൂടി അറിയിക്കട്ടെ.

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ആമുഖത്തിൽ പുസ്തകത്തിന്റെ ഉള്ളടക്കവിശെഷം സൂചിപ്പിച്ചിട്ടൂണ്ടല്ലോ. മുൻപതിപ്പുവരെ ചേർത്തിട്ടില്ലത്ത പ്രഹ്ലാദസ്തുതിയുടെ വ്യാഖ്യാനമടക്കമുള്ള സംഗതികൾ ചേർന്നതാണ് ഈ പതിനഞ്ചാം പതിപ്പ്. പുസ്തകത്തിന്റെ ഇടയ്ക്ക് ചിലയിടങ്ങളിൽ വിവിധ അവതാരങ്ങളുടെ രേഖാചിത്രങ്ങളും കാണാം.

മഹാഭാഗവതം എന്ന മലയാളം വിക്കിപീഡിയ ലേഖനത്തിൽ അല്പം വിവരം ഉണ്ട്. പക്ഷെ അതിലും മഹാഭാഗത്തിന്റെ മലയാളം അച്ചടി ചരിത്രം പറയുന്നില്ല.

ഡിജിറ്റൽ സ്കാനിന്റെ വലിപ്പം വളരെയധികമാണ്. പുസ്തത്തിന്റെ പൗരാണികത അതേ പോലെ നിലനിർത്താൻകളർ സ്കാനും ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ സൈസ് ഏകദേശം 230 MB ആണ്. സൈസ് കുറഞ്ഞ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് പതിപ്പും ലഭ്യമാക്കിയിട്ടൂണ്ട്. അത് ഏകദേശം 30 MB യേ വരൂ. പുസ്തകത്തിന്റെ പേജുകളുടെ എണ്ണവും (462), ഓരോ താളിന്റേയും വലിപ്പവും (A4 size), ഹൈ റെസലൂഷനിൽ സ്കാൻ ചെയ്തതും ഒക്കെയാണ് പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പിന്റെ വലിപ്പം ഇത്ര കൂടാൻ കാരണമായത്. ഡൗൺലോഡ് ചെയ്യാതെ വായിക്കാനായി  ഓൺലൈൻ വായനയ്ക്കായുള്ള പതിപ്പും ലഭ്യമാക്കിയിട്ടുണ്ട്.

ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങളിലേക്കു പോവാൻ എനിക്കു അറിവില്ല. അതു ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

 

1920 ക്രിസ്ത്യൻ സന്യാസിമാർ

ആമുഖം

അധികമാർക്കും പരിചിതമല്ലാത്ത ക്രിസ്ത്യൻ സന്യാസിമാർ എന്ന ഒരു വിഷയത്തെ പറ്റി ഉപന്യസിക്കുന്ന ഒരു പൊതുസഞ്ചയ പുസ്തകമാണ് ഇന്ന് പരിചയപ്പെടുത്തുന്ന ക്രിസ്ത്യൻ സന്യാസിമാർ. ഈ പുസ്തകവും  ഇതിനകം പലപുസ്തകവും ഡിജിറ്റൈസേഷനുവേണ്ടി പങ്കു വെച്ച ജെയിംസ് പാറമേലിന്റെ ഗ്രന്ഥശെഖരത്തിൽ നിന്നണ് വരുന്നത്. ഈ വിധത്തിൽ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കുന്ന ജെയിംസ് പാറമേലിനു നന്ദി.

പുസ്തകത്തിന്റെ വിവരം

  • പേര്: ക്രിസ്ത്യൻ സന്യാസിമാർ
  • താളുകൾ: 46
  • രചയിതാവ്: എ.ഇ. ഈശോ, എ.ഇ. മാമ്മൻ
  • പ്രസ്സ്: താരക പ്രസ്സ്, ഹരിപ്പാട്
  • പ്രസിദ്ധീകരണ വർഷം: 1920 
1920 ക്രിസ്ത്യൻ സന്യാസിമാർ
1920 ക്രിസ്ത്യൻ സന്യാസിമാർ

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പുസ്തകത്തിന്റെ ശീർഷകം സൂചിപ്പിക്കുന്നത് പോലെ ക്രിസ്ത്യൻ സന്യാസി സംഘങ്ങളെ പറ്റി ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ക്രിസ്ത്യൻ സന്യാസികൾ എന്നതിനേക്കാൾ ഇന്ത്യയിലെ ക്രിസ്ത്യൻ സന്യാസിമാർ എന്നത് കൊണ്ടാണ് ഇത് പ്രാധാന്യം ഉള്ള ഒരു വിഷയം ആയി തീരുന്നത്. ഇത് ഇക്കാലത്തും അധികം പേർക്കും അജ്ഞാതമായ ഒരു സംഗതി ആണല്ലോ.

ഇന്ത്യയിൽ തദ്ദേശീയമായ ഒരു ക്രിസ്തീയ സഭ കെട്ടിപടുക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന രഹസ്യക്രിസ്ത്യാനികളുടെ കൂട്ടമാണ് ഇതെന്ന് തുടക്കത്തിൽ ലേഖകർ അവകാശപ്പെടുന്നു.

ഹരിപ്പാട്ടുള്ള താരകപ്രസ്സ് ആണ് ഇതിന്റെ അച്ചടി. ഈ പ്രസ്സിൽ നിന്ന് അച്ചടിച്ച പുസ്തകങ്ങളിൽ നമുക്ക് കിട്ടുന്ന ആദ്യത്ത പുസ്തകം ആണിത്. ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങളിലേക്കു പോവാൻ എനിക്കു അറിവില്ല. അതു ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: