1938 – ഖൾഗിമഹാദേവ സന്ദേശം

ആമുഖം

ഖൾഗിമഹാദേവ സന്ദേശം എന്ന വ്യത്യസ്തമായ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ഖൾഗിമഹാദേവ സന്ദേശം
  • രചയിതാവ്: പൊടിമല തോമ്മാ ചാക്കോ ബോധകർ
  • താളുകളുടെ എണ്ണം: ഏകദേശം 336
  • പ്രസിദ്ധീകരണ വർഷം:1938
  • പ്രസ്സ്: The Bharatha Printing Press, Kumbanad, Travancore
1938 -ഖൾഗിമഹാദേവ സന്ദേശം
1938 -ഖൾഗിമഹാദേവ സന്ദേശം

ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഏതാണ്ട് ഒരു വർഷം മുൻപാണ് ശ്രീ. മാത്യു ജേക്കബ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി എന്നെ ഏൽപിക്കുന്നത്. എന്നാൽ പല വിധ തിരക്കുകൾ മൂലം ഡിജിറ്റൈസെഷൻ തുടങ്ങാൻ ഞാൻ വളരെ താമസിച്ചു. താമസിച്ചു തുടങ്ങി എങ്കിലും എനിക്കത് പെട്ട് പൂർത്തിയാക്കാൻ പറ്റിയില്ല. കാരണം എനിക്കു കിട്ടിയ പുസ്തകത്തിൽ പല താളുകളും മിസ്സിങ് ആയിരുന്നു. അതിനാൽ പ്രൊസസ് ചെയ്ത് പുറത്ത് വിടാൻ കഴിഞ്ഞില്ല. അതിനാൽ പിന്നെ കുറെ നാൾ ഈ പുസ്തകത്തിന്റെ മറ്റൊരു പ്രതി കിട്ടുമോ എന്ന അന്വെഷത്തിലായിരുന്നു. അദ്ദേഹം അത് കണ്ടെത്ത് മിസ്സായ പേജുകളുടെ ഫോട്ടോ എടുത്ത് അയച്ചു തന്നു. തുടർന്നായിരുന്നു കൂടുതൽ പ്രതിസന്ധി. രണ്ട് വ്യത്യസ്ത കോപ്പികൾ ആയത് കൊണ്ട് തന്നെ പുസ്തകത്തിന്റെ രൂപം ഒരേ പോലെ ആയിരുന്നില്ല. ചില പെജുകൾ ഫോട്ടോ എടുത്തു, ചില പേജുകൾ സ്കാൻ ചെയ്തു, അതിനു പുറമേ പലതിലും പല റെസലൂഷനും ആയി പോയി. അതിനാൽ പൊസ്റ്റ് പ്രോസസിങ് അതീവ ദുഷ്കരമായി. അവസാനം ഓരോ ഇമേജ് ആയെടുത്ത് ആദ്യം റെസലൂഷൻ ഒക്കെ ശരിയാക്കി പ്രോസസ് ചെയ്യേണ്ടി വന്നു. ചുരുക്കത്തിൽ 335 പെജേ ഉള്ളൂ എങ്കിലും ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച പുസ്തകം ആയി പോയി ഇത്. ഇനി ഈ വിധത്തിൽ സംഭവിക്കാതെ നോക്കണം എന്ന് ആഗ്രഹിക്കുന്നു. വ്യത്യസ്ത സാഹചര്യങ്ങളിൽ ഫോട്ടോ/സ്കാൻ ചെയ്തതിന്റെ കുറവ് ഈ പുസ്തകത്തിന്നു ഉണ്ട്. ഇത്രയും പഴയ കൃതികൾ കൈകാര്യം ചെയ്യുംപ്പോൾ ഇത്തരം ചില പ്രതിസന്ധികൾ സ്വാഭാവികമാണ്.

പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി എല്ലാ സഹായങ്ങളും തന്ന മാത്യു ജേക്കബ്ബിന്നു പ്രത്യേക നന്ദി.

ഉള്ളടക്കം

ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്ന പുസ്തകം വായിക്കുന്നതിനു മുൻപ് ഈ പുസ്തകം പുറത്തിറക്കിയ യുയോമയ സമൂഹത്തെ കുറിച്ചും വിദ്വാൻ കുട്ടിയച്ചനെ പറ്റിയും ഒക്കെ അല്പം മനസ്സിലാക്കണം. അത് അറിഞ്ഞില്ലെങ്കിൽ ഇതിൽ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ കൊണ്ടെക്സ്റ്റ് മനസ്സിലാകില്ല. അതിനായി 2015ൽ മറ്റൊരു പുസ്തകം ഡിജിറ്റൈസ് ചെയ്തപ്പോൾ ഞാനെഴുതിയ ഈ ബ്ലോഗ് പോസ്റ്റ് വായിക്കുക.

ഈ പൊസ്റ്റിലെ വിഷയം കൈകാര്യം ചെയ്യാൻ ഞാൻ ആളല്ല. അതിനാൽ യുയോമയ സഭാഗമ്മായ മാത്യു ജേക്കബ്ബ് എഴുതിയ ചെറിയ കുറിച്ച് താഴെ കാണുക:

സകല പ്രവചനങ്ങളുടെയും നിവൃത്തിയെ ഘോഷിക്കുന്നതാണ് യുയോമയമതം. ദൈവരാജ്യസ്ഥാപനം യേശുക്രിസ്തുവിന്റെ പുനരാഗമനം, ഹൈന്ദവ പുരാണത്തിലെ ഖൽഗി അവതാരം മുതലായ ഭാവിസംഭവങ്ങളുടെ നിവൃത്തിയെ ഘോഷിക്കുന്ന യുയോമയമത തത്വങ്ങൾ പ്രവാചക വാക്യങ്ങളുടെ ശുഭനിവൃത്തിയെന്നു തെളിയിക്കുന്ന പുസ്തകമാണിത്. സഭയിലെ ഒരു പ്രധാന പുരോഹിതനായിരുന്ന പൊടിമല തോമ്മാ ചാക്കോ ബോധകകരാൽ ചമയ്ക്കപ്പെട്ടതാണ് ഈ കൃതി.

ഇതിൽ കൂടുതൽ ഉള്ളടക്കത്തെ പറ്റി എനിക്ക് അറിയില്ല. പുസ്തകത്തിൽ ചക്രബന്ധശ്ലോകം അടക്കം പല സംഗതികളും കാണാം. മറ്റൊരു പ്രധാന സംഗതി നമ്മൾ കുറച്ചു നാൾ മുൻപ് പരിചയപ്പെട്ട   അയുയൊമയൊ ഈരിഞ്ഛിക്ക്വാനൊവൊ ഇശാനാക്കാ  എന്ന യുയോമയ ഭാഷയുടെ ലിപി ഈ പുസ്തകത്തിൽ അച്ചടിച്ചിട്ടൂണ്ട് എന്നതാണ്. ആ വിധത്തിലും ഈ പുസ്തകം പ്രാധാന്യമുള്ളതാണ്. കുമ്പനാട്ടെ ഭാരത പ്രിന്റിങ് പ്രസ്സിലായിരുന്നു അച്ചടി.

ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

 

 

പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷൻ – 2017 – കണക്കെടുപ്പ്

ആമുഖം

ഈ ബ്ലോഗിലൂടെ 2017 ജനുവരി 1 മുതൽ 2017 ഡിസംബർ 31വരെ പങ്കു വെച്ച, കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതു സഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷന്റെ ഒരു കണക്കെടുപ്പ് ആണിത്. തുടർന്നുള്ള വർഷങ്ങളിലും ഈ വിധത്തിൽ കണക്കെടുപ്പ് തുടരണം എന്നു കരുതുന്നു.

ഡിജിറ്റൈസ് ചെയ്ത് പങ്കുവെച്ച കൃതികളുടെ ചുരുക്കം

2017ൽ (2016 നെ അപേക്ഷിച്ച്) ഞാൻ നേരിട്ട് ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങളൂടെ കുറഞ്ഞു. അതിന്റെ പ്രധാന കാരണം എന്റെ ഡിജിറ്റൈസേഷൻ സമയത്തിന്റെ സിംഹഭാഗവും ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിലെ ഗുണ്ടർട്ട് ലെഗസി പദ്ധതി അപഹരിച്ചു എന്നത് കൊണ്ടാണ്. അതിലൂടെ 2017ൽ 20ഓളം മലയാള പൊതുസഞ്ചയ പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പ് ആണ് പുറത്ത് വന്നത്. 2018ൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സമയം ഗുണ്ടർട്ട് ലെഗസി പദ്ധതി അപഹരിക്കും. കാരണം ഇപ്പോൾ വന്നതിന്റെ പത്തിരട്ടി പുസ്തകങ്ങൾ 2018ൽ ഗുണ്ടർട്ട് പദ്ധതിയിലൂടെ പുറത്ത് വരും. അതിനാൽ അതിനു കൂടുതൽ സമയം ചിലവഴിക്കേണ്ടതുണ്ട്.

ഞാൻ നേരിട്ട് ഡിജിറ്റൈസ് ചെയ്തതിൽ എടുത്തു പറയാനുള്ള ചില പുസ്തകങ്ങൾ താഴെ പറയുന്നവ ആണ്:

ഇതിൽ ക.നി.മൂ.സ. മാണികത്തനാരുടെ പ്‌ശീത്താ പരിഭാഷ (1939)  ഹൂദായ കാനോൻ (1907) എന്നീ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും അതിനെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ തപ്പിയുള്ള അന്വേഷണവും എനിക്ക് കുറേയധികം അറിവ് പ്രദാനം ചെയ്തു. കുറേ കാര്യങ്ങൾ മനസ്സിലാക്കി.  അങ്ങനെ ചേർത്ത വിവരണം ഉപയോഗപ്രദം ആയി എന്നു പലരും പറഞ്ഞത് സന്തോഷവുമായി.

എന്നാൽ പ്‌ശീത്താ ബൈബിളിന്റെ നഷ്ടപ്പെട്ട താളുകൾ ലഭ്യമാക്കാൻ അത് കൈയ്യിൽ ഉള്ളവർ സഹായിച്ചില്ല എന്നത് ഇപ്പൊഴും അതിന്റെ ഡിജിറ്റൈസേഷനിലെ കുറവും ദുഃഖവും ആയി അവശേഷിക്കുന്നു.

2017ൽ ഞാൻ തുടങ്ങി വെച്ച ഡിജിറ്റൈസേഷനിൽ ഏറ്റവും ബൃഹ്ത്തും ഇപ്പൊഴും തുടർന്ന് കൊണ്ട് ഇരിക്കുന്നതും മലങ്കര ഇടവക പത്രികയുടെ ഡിജിറ്റൈസെഷനാണ്. ഏതാണ്ട് 3000ത്തിൽ പരം പേജുകളിൽ പരന്നു കിടക്കുന്ന 18 വർഷത്തെ മാസികകൾ ആണ് ഡിജിറ്റൈസ് ചെയ്യേണ്ടത്. ഇതുവരെ ആകെ 1892, 1893, 1894 വർഷത്തെ മാത്രമേ ചെയ്തു തീർന്നുള്ളൂ. അതിൽ തന്നെ ചില ലക്കങ്ങൾ മീസ്സിങാണ്. ഇനി 15 വർഷത്തെ ചെയ്യേണ്ടതുമൂണ്ട്. പല വിധത്തിൽ സഹായിക്കാമായിരുന്നിട്ടും ആരും ഇതിന്റെ ഡിജിറ്റൈസേഷനിലോ ഇതിലെ നഷ്ടമായ ലക്കങ്ങൾ കണ്ടെത്താനും സഹായിച്ചില്ലെങ്കിലും ഡിജിറ്റൈസ് ചെയ്ത പങ്കു വെച്ച പതിപ്പുകൾ പെട്ടെന്ന് ഉപയോഗിക്കാനും, തുടർന്നുള്ള വർഷങ്ങളിലെ ലക്കങ്ങൾ എപ്പോഴാണ് വരുന്നത് എന്നു ചൊദിക്കാനും ധാരാളം ആളുകൾ ഉണ്ട് എന്നത് ശ്രദ്ധേയമാണ്.

2017 -ൽ ഗുണ്ടർട്ട് ലെഗസി പദ്ധതിയുടെ ഭാഗമായി ഇരുപതിലധികം പുസ്തകങ്ങൾ റിലീസ് ചെയ്തു. അതിൽ പ്രധാനപ്പെട്ട ചിലത്:

കേരളോപകാരി മാസിക, കേരള പഴമ, ഇന്ദുലെഖാ രണ്ടാം പതിപ്പ്, വലിയ പാഠാരംഭം തുടങ്ങിയ എല്ലാം പ്രധാനമുള്ളത് തന്നെ. 2018ലും ഗുണ്ടർട്ട് ലെഗസിയിലൂടെ അതീവ പ്രാധാന്യമുള്ള നിരവധി പുസ്തകങ്ങൾ പുറത്ത് വരും.

ജർമ്മനി യാത്ര-ഡിജിറ്റൈസേഷൻ അനുഭവക്കുറിപ്പ്

ജോലിയുടെ ഭാഗമായി എനിക്കു 2 ആഴ്ചയോളം ജർമ്മനിയിൽ തങ്ങേണ്ടി വന്നിരുന്നു. അപ്പോൾ ട്യൂബിങ്ങൻ യൂണിവേർസിറ്റിയിൽ പോവുകയും അവിടുത്തെ ലൈബ്രറിയും ഡിജിറ്റൈസെഷൻ രീതികളും ഒക്കെ കാണുകയും ചെയ്തിരുന്നു. അവിടുത്തെ ഡിജിറ്റൈസെഷനെ പറ്റി എഴുതിയ ഒരു ചെറിയ കുറിപ്പ് ബ്ലോഗിലൂടെ കഴിഞ്ഞ വർഷം പങ്കു വെച്ചിരിന്നു. അത് ഇവിടെ കാണാം.

ഡിജിറ്റൈസ് ചെയ്യാനായി പുസ്തകങ്ങൾ കൈയിലെത്തുന്ന വഴി

മലയാളപൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയവരിൽ നിന്ന്  ഡിജിറ്റൈസ് ചെയ്യാനായി പുസ്തകങ്ങൾ എത്തുന്നത് പല വഴിക്കാണ്.

സൊളൊമോന്റെ സുഭാഷിതങ്ങൾ എന്ന പുസ്തകം റാം മൊഹൻ സാർ ബാംഗ്ലൂരിൽ റിസർച്ചിന്റെ ഭാഗമായി വന്നപ്പോൾ പ്രത്യേകം ഓർത്തു കൊണ്ടു വന്നു എന്നെ ഏല്പിക്കുകയായിരുന്നു. ഒറ്റ ശ്ലോകം എന്ന പുസ്തകം പോസ്റ്റ് വഴിയാണ് എന്റെ അടുത്ത് എത്തിയത്. അത് എത്തിച്ചത് രാഹുൽ ശർമ്മയും. പ്ശീത്താ ബൈബിൾ ബാംഗ്ലൂരിൽ തന്നെ ജോജുവിന്റെ കൈയ്യിൽ ഉണ്ടായിരുന്നതിനാൽ അദ്ദേഹം അതുമായി വീട്ടിൽ വന്നു.

മലങ്കര ഇടവക പത്രിക ഞാൻ നാട്ടിൽ (ചങ്ങനാശ്ശേരി) പോയപ്പോൾ കുര്യാക്കോസ് അച്ചന്റെ വീട്ടിൽ പോയപ്പോൾ അദ്ദേഹം തന്നതാണ്.

ബ്ലോഗ് പ്രതിസന്ധി – ഹാർഡ് ഡിസ്ക് പ്രതിസന്ധി

കഴിഞ്ഞ വർഷം ഞാൻ നേരിട്ട വലിയ പ്രതിസന്ധികളിൽ ഒന്ന് ബ്ലോഗ് ഹോസ്റ്റ് ചെയ്ത സെർവ്വറിൽ വൈറസ് കയറി ബ്ലോഗ് ഏതാണ്ട് മൂന്നു മാസത്തോളം പ്രവർത്തനരഹിതമായി പോയതാണ്. ആ സമയത്ത് ബ്ലോഗ് ഉപയോഗിച്ച് കൊണ്ടിരുന്ന ധാരാളം പേരുടെ മെയിലുകളും വിളികളും വന്നതോടെയാണ് ബ്ലോഗ് ഇത്രയധികം പേർ ഉപയോഗിക്കുന്നുണ്ട് എന്ന് എനിക്കു മനസ്സിലായത് തന്നെ.

ഈ പ്രതിസന്ധിയിൽ നിന്ന് പുറത്ത് കടക്കാൻ നിരവധി പേർ സഹായിച്ചു. ബാക്ക് അപ്പ് എടുത്ത് ഉള്ളടക്കം സുരക്ഷിതമാക്കിയ രാജേഷ് ഒടയഞ്ചാൽ, പുതിയ സെർവ്വർ സ്പെസും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയ ഷെഫി കബീർ ഡൊമൈൻ നേം സംബന്ധമായ കാര്യങ്ങളിൽ സഹായിച്ച ജ്യോതിസ്സ്, പിന്നെ ബ്ലോഗിന്റെ ഭാഗമായുണ്ടായ വിക്കിയും അനുബന്ധ സംഗതികളും ശരിയാക്കാൻ സഹായിച്ച ജുനൈദും ബെഞ്ചമിനും. അങ്ങനെ നിരവധി പേരുടെ പിന്തുണ കൊണ്ടാണ് ബ്ലോഗ് വൈറസ് കയറിയ പ്രശ്നത്തിൽ നിന്ന് പുറത്തു കടന്നത്.

ബ്ലോഗ് പ്രതിസന്ധിക്കു പുറമേ ഞാൻ നേരിട്ട മറ്റൊരു വമ്പൻ പ്രതിസന്ധി എന്റെ ലാപ്പ് ടോപ്പിന്റെ  ഹാർഡ് ഡിസ്ക് അടിച്ചു പോയതാണ്. ഹാർഡ് ഡിസ്ക് പൊയതിൽ വിഷമമില്ല. പക്ഷെ ഈ ഹാർഡ് ഡിസ്കിൽ ഡിജിറ്റൈസേഷന്റെ വിവിധ ഘട്ടങ്ങളിൽ ഉള്ള ഒട്ടനവധി മലയാള പൊതുസഞ്ചരേഖകൾ ഉണ്ടായിരുന്നു. അതൊക്കെ നഷ്ടപ്പെട്ടു. ചില സംഗതികൾ റീസ്കാൻ ചെയ്താൽ പിന്നെയും കിട്ടും എന്ന പരിഹാരം ഉണ്ട് എങ്കിലും അത് ഉണ്ടാക്കിയ സമയ നഷ്ടം വളരെ വലുതാണ്.  എന്നാൽ എന്റെ വിഷമം അതല്ല പബ്ലിക്ക് ആക്കാനായി വെച്ചിരിക്കുന്ന ഡിജിറ്റൈസേഷന്റെ പല ഘട്ടങ്ങളിൽ ഉള്ള സംഗതികൾ വേറെ ഒരിടത്തും കോപ്പി ഇല്ലാത്തത് മൂലം എന്നേക്കുമായി നഷ്ടപ്പെട്ടതാണ്. ഈ ഹാർഡ് ഡിസ്കിലെ ഡാറ്റ റിക്കവർ ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല എന്നത് വിഷമവുമായി.

ഉപസംഹാരം

ഇങ്ങനെ ഒരു സവിശേഷ പദ്ധതിയിലൂടെ വിവിധ പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതുവായി ലഭ്യമാക്കുന്നത് കേരള പഠനത്തെയും അതുമായി ബന്ധപ്പെട്ട വിവിധ ഗവേഷക പദ്ധതികളേയും സഹായിക്കും എന്ന് പ്രത്യാശിക്കുന്നു.

നിരവധി കടമ്പകൾ കടന്നാണ് മലയാള പൊതുസഞ്ചയ രേഖകൾ ഏവർക്കും ഉപയോഗിക്കത്തക്ക രീതിയിൽ പൊതു ഇടത്തേക്ക് കൊണ്ടുവരുന്നത്. ഒരു പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ പതിപ്പ് പൊതു ഇടത്തേക്ക് കൊണ്ടു വരുന്നതിനു ഇടയ്ക്ക്  എനിക്കു നേരീടേണ്ടി വരുന്ന വിവിധ കടമ്പകൾ കഴിഞ്ഞ വർഷം എഴുതിയത് ഒന്നു കൂടെ എടുത്തെഴുതട്ടെ.

  • പൊതുസഞ്ചയ രേഖകൾ കണ്ടെടുക്കുക
  • സ്കാൻ ചെയ്യാൻ (ഫോട്ടോ എടുക്കാൻ) അനുമതി നേടിയെടുക്കുക
  • സ്കാൻ ചെയ്യാൻ സഹായിക്കാൻ താല്പര്യമുള്ളവരെ കണ്ടെത്തുക
  • സ്കാൻ ചെയ്യുക (ഫോട്ടോ എടുക്കുക)
  • സ്കാൻ ചെയ്തതിലിലെ (ഫോട്ടോ ഏടൂത്തതിലെ) തെറ്റുകുറ്റങ്ങൾ തീർക്കുക
  • സ്കാൻ ചെയ്ത പേജുകൾ പേജ് നമ്പർ അനുസരിച്ച് പുനർ നാമകരണം ചെയ്ത് സൂക്ഷ്മമായി
  • സ്കാൻ ടെയിലർ പ്രോസസിനു തയ്യാറാക്കുക
  • സ്കാൻ ടെയിലറിൽ പുസ്തകം മൊത്തമായി പ്രൊസസ് ചെയ്ത് ഓരോ പേജും സൂക്ഷ്മമായി നിരീക്ഷിച്ച് വിവിധ ക്രമീകരണങ്ങൾ ചെയ്ത് ഫൈനൽ ഇമേജ് തയ്യാറാക്കുക.
  • പുസ്തകം ഒരു പൊതു ഇടത്തേക്ക് അപ്‌ലോഡ് ചെയ്യുക
  • പുസ്തകത്തിന്റെ മെറ്റാ ഡാറ്റയും മറ്റും പഠിച്ച് പുസ്തകത്തെ പറ്റി ഒരു ചെറു കുറിപ്പെഴുതി പുസ്തകം പൊതുവായി പങ്കുവെക്കുക

… തുടങ്ങിയ നിരവധി കടമ്പകൾ കടന്നാണ് ഒരു മലയാള പൊതുസഞ്ചയ രേഖ യാതൊരു ചരടുകളും ഇല്ലാതെ എല്ലാവർക്കും പൊതുവായി ഉപയോഗിക്കത്തക്കവിധം നമുക്കു മുൻപിൽ എത്തുന്നത്. ടെക്നിക്കലായി മറികടക്കേണ്ട വേറെയും സംഗതികൾ ഉണ്ട്. അത് ഇവിടെ എടുത്തെഴുതുന്നില്ല.
ഈ പരിപാടികൾ എല്ലാം കൂടി ഒരിക്കലും ഒരു വ്യക്തിക്ക് മാത്രമായി ചെയ്യാൻ പറ്റില്ല. ഈ പരിപാടികളിൽ പല വിധത്തിൽ വിവിധ റോളുകൾ ഏറ്റെടുത്ത് സഹായിച്ചവർ താഴെ പറയുന്നവർ ആണ്

 

2017ൽ ഡിജിറ്റൈസ് ചെയ്യേണ്ട പുസ്തകങ്ങൾ കണ്ടെടുക്കാനും ഏറ്റുവാങ്ങാനുമായി പല ഇടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. അതിൽ എടുത്തു പറയേണ്ടത് എറണാകുളം, തൃശൂർ, പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങൾ എന്നിവയാണ്. ഈ യാത്രകൾ മൂലം പല പുതിയ സ്ഥലങ്ങൾ കാണാനും ചില വിശെഷ വ്യക്തികളെ പരിചയപ്പെടാനും സാധിച്ചു. അതൊക്കെ പല രേഖകൾ ഡിജിറ്റൈസ് ചെയ്യാനും പല കാര്യങ്ങളും അറിയാനും സഹായകമായി തീർന്നു.

ഈ വിധത്തിൽ കൂടുതൽ പേർ സഹായിക്കാൻ മുൻപോട്ടു വന്നാൽ, കാലപ്പഴക്കം മൂലം നശിച്ചു കൊണ്ടിരിക്കുന്ന കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകൾ നമുക്ക് ഡിജിറ്റൈസ് ചെയ്ത് എല്ലാവർക്കും എപ്പോഴും ഉപയോഗിക്കത്തക്ക വിധത്തിൽ സൂക്ഷിച്ചു വെക്കാവുന്നതേ ഉള്ളൂ.

1894 – മലങ്കര ഇടവക പത്രിക

ആമുഖം

മലങ്കര ഇടവക പത്രിക എന്ന മാസികയുടെ 1894ാം ആണ്ടിലെ കുറച്ചു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് പ്രസിദ്ധീകരണം തുടങ്ങിയതിനു ശെഷമുള്ള മൂന്നാം വർഷത്തെ ലക്കങ്ങൾ ആണ്. ആദ്യത്തെ വർഷത്തെ 12 ലക്കങ്ങൾ എല്ലാം കൂടി ഇതിനു മുൻപ് റിലീസ് ചെയ്തിരുന്നു. അത് ഇവിടെ കാണാം. രണ്ടാമത്തെ വർഷത്തെയും 12 ലക്കങ്ങൾ നമുക്കു കിട്ടിയിരുന്നു അത് ഇവിടെ കാണാം.

എന്റെ SSD ഹാർഡ് ഡിസ്ക് അടിച്ചു പോയത് ഏറ്റവും അധികം ബാധിച്ച പദ്ധതികളിലൊന്ന്, മലങ്കര ഇടവക പത്രികയുടെ ഡിജിറ്റൈസേഷനാണ്. ഇതിന്റെ നിരവധി വർഷത്തെ ലക്കങ്ങൾ ഞാൻ സ്കാൻ ചെയ്തിരുന്നു എങ്കിലും പോസ്റ്റ് പ്രൊസസിങ് പണികൾ ബാക്കിയായായിരുന്നു. പക്ഷെ പ്രശ്നം മൂലം എല്ലാം ഇനി ഒന്നും കൂടെ ചെയ്യേണ്ട സ്ഥിതിയായി പോയി. ഗുണ്ടർട്ട് ലെഗസി പദ്ധതി മൂലം അല്ലാതെ തന്നെ സമയമില്ലാതായി പോയ എനിക്ക് ഇത് ഏല്പിച്ച പ്രഹരം വലുതാണ്.

ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത് 1894ാം വർഷത്തെ കുറച്ചു ലക്കങ്ങളുടെ സ്കാനുകൾ ആണ്. നിർഭാഗ്യവശാൽ ആകെ 4 ലക്കങ്ങളേ കിട്ടിയുള്ളൂ. അതിൽ തന്നെ പല താളുകളും ഇല്ല. അതൊന്ന് പൂർണ്ണമാക്കുവാൻ ഞാൻ പല വഴികൾ തേടി. പക്ഷെ ഒരിടത്ത് നിന്നും ഇത് പൂർണ്ണമാക്കുവാനുള്ള സഹായം ലഭ്യമായില്ല. അതിന്റെ പിറകേ കുറേ സമയം അലഞ്ഞത് കൊണ്ടു കൂടാണ്  1894ലെ ലക്കങ്ങൾ പുറത്ത് വിടാൻ ഇത്ര താമസിച്ചത്. ഇനി അല്പം വേഗം കൂട്ടാം എന്നു കരുതുന്നു.

ഈ മാസികയുടെ 2000ത്തിൽ പരം താളുകൾ ഡിജിറ്റൈസേഷനായി ബാക്കിയാണ്. പതുക്കെ ചെയ്യാം എന്നു മാത്രമേ പറയാൻ പറ്റൂ. നിരവധി കാരണങ്ങൾ കൊണ്ട് പെട്ടെന്ന് പരിപാടികൾ നടക്കില്ല.

പൊതുസഞ്ചയരേഖകളുടെ വിവരം

  • പേര്: മലങ്കര ഇടവക പത്രിക – 1894 ലെ 4 ലക്കങ്ങൾ. 1,4,11,12 ലക്കങ്ങളാണ് ലഭിച്ചത്. ഇതിൽ 11, 12 ലക്കങ്ങൾ ഏകദേശം പൂർണ്ണമാണ്. എന്നാൽ 1, 4 ലക്കങ്ങൾ അപൂർണ്ണം.
  • താളുകളുടെ എണ്ണം: ഓരോ ലക്കത്തിനും 20 പേജുകൾ വീതം
  • പ്രസിദ്ധീകരണ വർഷം: 1894
  • പ്രസ്സ്: Mar Thomas Press, Kottayam

1894 – മലങ്കര ഇടവക പത്രിക

1894 മലങ്കര ഇടവക പത്രിക പുസ്തകം 3 ലക്കം 1

1894 മലങ്കര ഇടവക പത്രിക പുസ്തകം 3 ലക്കം 1
1894 മലങ്കര ഇടവക പത്രിക പുസ്തകം 3 ലക്കം 1

അല്പം ചരിത്രം

മലങ്കര ഇടവക പത്രികയെ പറ്റിയുള്ളൊരു ചെറിയൊരു ആമുഖത്തിന്നു മലങ്കര ഇടവകപത്രികയുടെ 1892-ാം വർഷത്തെ സ്കാൻ റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റിലെ  അല്പം ചരിത്രം എന്ന വിഭാഗം കാണുക.

സ്കാനുകളുടെ ഉള്ളടക്കം

ഉള്ളടക്കത്തിലെ പല ലേഖനങ്ങളൂം നവീകരണക്കാരുടെ പ്രസിദ്ധീകരണം ആയിരുന്ന മലങ്കര സഭാ താരകയ്ക്ക് (ഈ മാസിക ഇപ്പൊഴും പ്രസിദ്ധീകരിക്കുന്നുണ്ട്) ഉള്ള മറുപടി ആണെന്ന് കാണാം. അതുകൊണ്ട് തന്നെ മലങ്കര സഭാ താരകയുടെ ആദ്യ പതിപ്പുകൾ തൊട്ടു ലഭിച്ചാലേ 125 വർഷങ്ങൾക്ക് ഇപ്പുറം ഈ മാസിക കൈകാര്യം ചെയ്യുന്ന പല വിഷയങ്ങളും പൂർണ്ണമായി മനസ്സിലാകൂ. മേൽ പറഞ്ഞ വിഷയത്തിനു പുറമേ മറ്റു പല വിഷയത്തിലുള്ള ലേഖനങ്ങളീൽ ഇതിൽ കാണാം. ഈ മാസികയിലെ നിരവധി ലേഖനങ്ങളിലൂടെ അന്നത്തെ ചരിത്രം രെഖപ്പെടുത്തിയിരിക്കുന്നു എന്നതിനാൽ ഇതൊക്കെ യഥാർത്ഥ ഗവെഷകർക്ക് അക്ഷയഖനി ആണ്.

ഇതിനപ്പുറം ഇതിന്റെ ഉള്ളടക്കം വിശകലനം ചെയ്യാൻ എനിക്കു അറിവും സമയവും ഇല്ല. ഉള്ളടക്ക വിശകലനം ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ മാസികകൾ ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

മാസികകൾ എല്ലാം കൂടെ ബൈന്റ് ചെയ്തപ്പോൾ ബൈന്റ് ചെയ്തവർ അരികു കൂട്ടി മുറിച്ചതിനാൽ ചില പേജുകളിൽ ഉള്ളടക്കത്തിൽ വരികളുടെ ആദ്യത്തെ അക്ഷര ഭാഗം നഷ്ടമായിട്ടൂണ്ട്. അത് ഇനി ഒന്നും ചെയ്യാൻ പറ്റില്ല. എങ്കിലും ഇത്രയെങ്കിലും കാലത്തെ അതിജീവിച്ച കിട്ടിയെന്നതിൽ സമാധാനിക്കാം. ബൈൻഡിങ് എന്ന ജോലി ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട് എത്ര പ്രാധാന്യമുള്ളതാണെന്ന് ഞാൻ ഓരോ ദിവസവും മനസ്സിലാക്കുന്നു. അത് ശ്രദ്ധയൊടെ ചെയ്തില്ലെങ്കിൽ ബൈൻഡിങ് പുസ്തകത്തെ നശിപ്പിക്കുകയാണ് ചെയ്യുക.

പരമാവധി ഏറ്റവും നല്ല ഗുണനിലവാരത്തിൽ ആണ് സ്കാൻ ലഭ്യമാക്കിയിരിക്കുന്നത്. ഓരോ ലക്കത്തിന്റേയും തനിമ നിലനിർത്താൻ ഓരോ ലക്കത്തിനും വ്യത്യസ്തമായി തന്നെ സ്കാനുകൾ ലഭ്യമാക്കിയിട്ടൂണ്ട്.

ഡൗൺലോഡ് വിവരങ്ങൾ

മലങ്കര ഇടവക പത്രികയുടെ 1894ലെ 12 ലക്കങ്ങൾ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

ഓരോ ഗ്രേസ്കെയിൽ വേർഷനും ഏകദേശം 7MB മുതൽ 10MB വരെ വലിപ്പമുണ്ട്. ബാക്ക് ആന്റ് വൈറ്റ് എല്ലാം 1 MB ക്കു താഴെയാണ്. ചില പേജുകളിലെ ഉള്ളടക്കം വ്യക്തമായി കാണാൻ ഗ്രേ സ്കെയിൽ തന്നെ ഉപയോഗിക്കേണ്ടി വരും.

ഓരോ ലക്കത്തിന്റെ സ്കാനിന്റേയും വിവിധ രൂപങ്ങൾ താഴെ പട്ടികയിൽ.

  • രേഖ 1
  • പേര്: മലങ്കര ഇടവക പത്രിക
  • ലക്കം: 1
  • താളുകളുടെ എണ്ണം: 8
  • പ്രസിദ്ധീകരണ വർഷം: 1894
  • പ്രസ്സ്: Mar Thomas Press, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
  • രേഖ 2
  • പേര്: മലങ്കര ഇടവക പത്രിക
  • ലക്കം: 4
  • താളുകളുടെ എണ്ണം: 8
  • പ്രസിദ്ധീകരണ വർഷം: 1894
  • പ്രസ്സ്: Mar Thomas Press, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
  • രേഖ 3
  • പേര്: മലങ്കര ഇടവക പത്രിക
  • ലക്കം: 11
  • താളുകളുടെ എണ്ണം: 20
  • പ്രസിദ്ധീകരണ വർഷം: 1894
  • പ്രസ്സ്: Mar Thomas Press, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി
  • രേഖ 4
  • പേര്: മലങ്കര ഇടവക പത്രിക
  • ലക്കം: 12
  • താളുകളുടെ എണ്ണം: 16
  • പ്രസിദ്ധീകരണ വർഷം: 1894
  • പ്രസ്സ്: Mar Thomas Press, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി