1907 – ഹൂദായ കാനോൻ – കോനാട്ട് മാത്തൻ മല്പാൻ

ആമുഖം

കേരളത്തിലെ ചില ക്രൈസ്തവ സഭകളുടെ ചരിത്രത്തിൽ പ്രാധാന്യമുള്ള ഹൂദായ കാനോൻ എന്ന നിയമസംഹിതയുടെ ഭാഗികമായ മലയാള പരിഭാഷയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ പ്രാവശ്യത്തെ കേരളസന്ദർശനത്തിൽ തപ്പിയെടുത്ത ഒരു പൊതുസഞ്ചയ കൃതിയാണിത്. ഭാഗികമായ മലയാള പരിഭാഷയുടെ സ്കാൻ മാത്രം പങ്കു വെക്കാൻ കാരണം പൂർണ്ണ പരിഭാഷാ പതിപ്പ് ഇതു വരെ പൊതുസഞ്ചയത്തിൽ ആയിട്ടില്ല എന്നത് കൊണ്ടാണ്.

പുസ്തകത്തിന്റെ വിവരം

  • പേര്: ഹൂദായ കാനോൻ മലയാള പരിഭാഷ, 1,2,3,8,9,10 അദ്ധ്യായങ്ങൾ
  • താളുകൾ: 63
  • മൂല കൃതി (സുറിയാനി ഭാഷയിൽ) ക്രോഡീകരിച്ചത്: ബര്‍ എബ്രായ
  • മലയാള പരിഭാഷ: കോനാട്ട് മാത്തൻ മല്പാൻ ജ്ഞാനനിക്ഷേപം മാസികയിലൂടെ  1,2,3,8.9,10 അദ്ധ്യായങ്ങൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്.
  • പ്രസിദ്ധീകരണ വർഷം: 1907
1907 - ഹൂദായ കാനോൻ - കോനാട്ട് മാത്തൻ മല്പാൻ
1907 – ഹൂദായ കാനോൻ – കോനാട്ട് മാത്തൻ മല്പാൻ

ഹൂദായ കാനോന്റേയും ഹൂദായ കാനോൻ മലയാള പരിഭാഷയുടേയും ചരിത്രം

ക്രിസ്താബ്ദം പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബര്‍ എബ്രായ എന്ന ക്രൈസ്തവപുരോഹിതൻ അക്കാലത്ത് നിലവിലിരുന്ന ആത്മീയവും ലൗകികവുമായ അനേകം നിയമങ്ങളെ ക്രോഡീകരിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ് ഹൂദായ കാനോന്‍. ഹൂദായ കാനോന്റെ മൂല ഭാഷ സുറിയാനി ആണ്.  മൂലഗ്രന്ഥത്തില്‍ ആകെ നാല്പതദ്ധ്യായങ്ങളാണുള്ളത്.

കേരള ക്രൈസ്തവ സഭകളുടെ ചരിത്രത്തിൽ  ഹൂദായ കാനോനു പ്രാധാന്യം ഉണ്ട്. ഈ കാനോൻ ആദ്യം കേരളത്തിൽ പ്രസിദ്ധി ആർജ്ജിക്കുന്നത് 1870-1880കളിൽ മലങ്കരസുറിയാനി സഭയിൽ നവീകരണ വിഭാഗവും യാക്കോബായ വിഭാഗവും തമ്മിൽ ഉണ്ടായ സെമിനാരിക്കേസിൽ, യാക്കോബായവിഭാഗം കോടതിയിൽ സുറിയാനിയിലുള്ള ഹൂദായ കാനോന്റെ ഒരു പ്രതി ഹാജരാക്കിയതോടെ ആണ്. ഈ പ്രതിയിൽ കേസു ജയിക്കാനായി പഴക്കം തോന്നിക്കാൻ വേണ്ടി കാപ്പി പൊടിയോ മറ്റോ ഉപയോഗിച്ചു എന്നത് മൂലം സെമിനാരിക്കേസിൽ കോടതിയിൽ ഹാജരാക്കിയ കാനോൻ ഇപ്പോൾ കാപ്പിക്കാനോൻ/കാപ്പിപ്പൊടിക്കാനോൻ എന്നൊക്കെ അറിയപ്പെടുന്നു. സെമിനാരിക്കേസിൽ നവീകരണ വിഭാഗം കേസ് തോൽക്കാനുള്ള ഒരു പ്രധാന കാരണം ഈ കാപ്പിക്കാനോൻ ആയിരുന്നെന്ന് പറയപ്പെടുന്നു. സെമിനാരി കേസിന്റെ വിധിയുടെ സ്കാനും മറ്റും നമുക്ക് ഇതിനകം ലഭിച്ചതാണ്. അത് ഇവിടെ കാണാം https://shijualex.in/travancore_royal_court_judgement_1889/

ഈ വിധത്തിൽ സെമിനാരിക്കേസിൽ  കൂടാണ് ഹൂദായ കാനോൻ കേരളത്തിലെ ക്രൈസ്തവരുടെ ഇടയിൽ ആദ്യമായി വലിയ അളവിൽ ചർച്ചയ്ക്ക് വരുന്നത്. അതിനു ശേഷം ഹൂദായ കാനൊൻ ചില സഭകളുടെ ഔദ്യോഗിക കാനോൻ ആയി. എന്റെ അറിവിൽ കുറഞ്ഞപക്ഷം കേരളത്തിലെ യാക്കോബായ, ഓർത്തഡോക്സ് സഭാ വിഭാഗങ്ങൾ എങ്കിലും ഹൂദായ കാനോൻ ഇന്നു  ഭാഗികമായെങ്കിലും പിൻതുടരുന്നുണ്ട്.

ഹൂദായ കാനോനെ പറ്റി ഓർത്തഡോക്സ് സഭയിലെ 2 പുരോഹിതന്മാർ നടത്തുന്ന ക്ലാസ്സുകൾ താഴത്തെ 2 വീഡിയോകളിൽ കാണാം.

യാക്കോബായ സഭയുടേയോ മറ്റു സഭകളിലുടേയോ വേർഷനിലുള്ള വീഡിയോകൾ/ലിങ്കുകൾ തിരച്ചലിൽ കണ്ടില്ല. പക്ഷെ ഈ പുരോഹിതരുടെവിവരണങ്ങളിൽ നിന്ന്  ഹൂദായ കാനോന്റെ വളരെ പ്രാഥമികമായ അറിവ് എങ്കിലും സ്വായത്തമാക്കാവുന്നതാണ്. ഇതിൽ കൂടുതൽ ഹൂദായ കാനോന്റെ വിശദാംശങ്ങൾ എനിക്ക് അറിഞ്ഞു കൂടാ. കാപ്പിക്കാനോനു പുറമേ പാരീസ് കാനോൻ തുടങ്ങിയ വേറെ ചില പേരുകളിലുള്ള ചില പതിപ്പുകൾ കേരള ക്രൈസ്തവസഭാ ചരിത്രത്തിൽ ഉണ്ട്. ഇതിന്റെ വിശദാംശങ്ങൾ പക്ഷെ എനിക്ക് അറിയില്ല.

എന്റെ അറിവിൽ ഹൂദായ കാനോനു നിലവിൽ  രണ്ട് മലയാളം പതിപ്പുകൾഉണ്ട്. ഒന്ന് യാക്കോബ സഭ പ്രസിദ്ധീകരിക്കുന്നതും മറ്റൊന്ന് ഓർത്തഡോക്സ് സഭ പ്രസിദ്ധീകരിക്കുന്നതും. രണ്ടും തമ്മിൽ ഉള്ളടക്കത്തിൽ വ്യത്യാസം ഉണ്ടോ എന്ന് എനിക്ക് അറിവില്ല. അത് ഈ വിഷയത്തിൽ ജ്ഞാനം ഉള്ളവർ പറയട്ടെ. മലയാളത്തിലേക്കുള്ള പരിഭാഷ ഇപ്പോൾ പോലും അപൂർണ്ണമാണ്. ഹൂദായ കാനോനു മൊത്തം 40 ഓളം അദ്ധ്യായങ്ങൾ ഉണ്ടെങ്കിലും ആദ്യത്തെ 10 അദ്ധ്യായങ്ങൾ മാത്രമാണ് മലയാളത്തിലേക്ക് പരിഭാഷ ചെയ്തിരിക്കുന്നത്. അതിനു കാരണം ബാക്കിയുള്ള 30 അദ്ധ്യായങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും കേരളത്തിലെ സാമൂഹിക സാഹചര്യത്തിനും യോജിച്ചതല്ല എന്നതിനാലാണ്. അതിനാൽ ഇപ്പോഴുള്ള രണ്ട് മലയാളപരിഭാഷകളിലും ആദ്യത്തെ 10 അദ്ധ്യായങ്ങൾ മാത്രമാണ് കാണുക.

മലയാള പരിഭാഷായുടെ  ചരിത്രം എടുത്താൽ  സുറിയാനിയിൽ നിന്ന് ചില സംഗതികൾ എങ്കിലും മലയാളത്തിലേക്ക് പരിഭാഷ ചെയ്തത് അച്ചടിച്ച് പുറത്ത് വരുന്നത് തിരുവിതാംകൂർ റോയൽ കോടതി കേസിന്റെ സമയത്താണ്. അന്ന് നവീകരണവിഭാഗം കോടതിയിൽ സമർപ്പിച്ച കാനോനിൽ, ഹൂദായ കാനോന്റെ ചില അംശങ്ങൾ ഉണ്ട് എങ്കിലും അത് ഹൂദായ കാനൊന്റെ പരിഭാഷ അല്ല. ഇന്ന് ഈ കാനോൻ മലങ്കര കാനോൻ, മാർത്തോമ്മ കാനോൻ, സുറിയാനി കാനോൻ എന്നൊക്കെ അറിയപ്പെടുന്നു. അതിന്റെ ആദ്യത്തെ അച്ചടി പതിപ്പുകളിൽ ഒന്ന് 1870ൽ വന്നതാണ്. ആ പതിപ്പ് കേരള സാഹിത്യ അക്കാദമി ഡിജിറ്റൈസ് ചെയ്ത ശേഖരത്തിൽ ഉണ്ട്. അത് ഇവിടെ കാണാം. https://archive.org/details/SyrianLawOfInheritanceKerala

എന്നാൽ മുകളിൽ സൂചിപ്പിച്ച മലങ്കര കാനോൻ/സുറിയാനി കാനോൻ ഹൂദായ കാനോന്റെ നേർ പരിഭാഷ അല്ല.  ഹൂദായ കാനോനിൽ നിന്നുള്ള ചില കാര്യങ്ങൾ മലങ്കര കാനോനിൽ ഉപയോഗിച്ചിട്ടുണ്ട് എന്നു മാത്രം. സെമിനാരി ക്കേസിന്റെ സമയത്ത് തെളിവായി ഉപയോഗിച്ച ഹൂദായ കാനോൻ പൂർണ്ണമായി സുറിയാനിയിൽ ആയിരുന്നു താനും.

ഹൂദായ കാനോന്റെ നേർ പരിഭാഷ മലയാളത്തിലേക്ക് നടത്താൻ ഉള്ള ശ്രമം ആരംഭിക്കുന്നത് കോനാട്ട് മാത്തൻ മല്പാൻ ആണ്. മുകളിലെ വീഡിയോ ലിങ്കിൽ പരാമർശിച്ചിരിക്കുന്ന റവ. കോനാട്ട് ജോൺസ് അബ്രഹാമിന്റെ വല്യപ്പച്ചൻ (അപ്പന്റെ അപ്പൻ) ആണ് ഇദ്ദേഹം.

കോനാട്ട് മാത്തൻ മല്പാൻ
കോനാട്ട് മാത്തൻ മല്പാൻ – ജോയിസ് തോട്ടയ്ക്കാടിന്റെ ശേഖരത്തിൽ നിന്ന് ലഭിച്ച ഫോട്ടോ

അദ്ദേഹം പക്ഷെ കാനൊൻ നേരിട്ട് പരിഭാഷ ചെയ്ത് ഒരു പുസ്തകമായി അച്ചടിപ്പിക്കുക ആയിരുന്നില്ല. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടത്തിയിരുന്ന ജ്ഞാനനിക്ഷേപം എന്ന മാസികയിൽ (സി.എം.എസിന്റെ ജ്ഞാനനിക്ഷേപം മാസികയിൽ നിന്നു വ്യത്യസ്തം ആണിത്) ആണ് ഇത് ഖണ്ഡശ ആയി പ്രസിദ്ധീകരിക്കുക ആയിരുന്നു ചെയ്തത്. നിലവിൽ ലഭ്യമായ തെളിവ് വെച്ച് ജ്ഞാനനിക്ഷേപം എന്ന മാസികയുടെ 2 ലക്കങ്ങളിൽ മാത്രമാണ് ഈ പരിഭാഷ വന്നത്. ഇതിലൂടെ  ഹൂദായ കാനോന്റെ 1,2,3, 8,9,10 അദ്ധ്യായങ്ങൾ ആണ് അദ്ദേഹം പരിഭാഷ ചെയ്തത്.

കോനാട്ട് മാത്തൻ മല്പാൻ ജ്ഞാനനിക്ഷേപം മാസികയിലൂടെ നടത്തിയ ഹൂദായ കാനോൻ ഭാഗിക പരിഭാഷകൾ ക്രൊഡീകരിച്ചതാണ് ഇന്നു നിങ്ങളുമായി പങ്കു വെക്കുന്ന ഈ ഡിജിറ്റൽ സ്കാൻ.

ഈ പരിഭാഷ നടന്നു കൊണ്ടിരിക്കുന്ന സമയത്തിനോടടുത്ത് യാക്കോബായ സഭയിലെ കക്ഷി വഴക്ക് രൂക്ഷമാവുകയും കോനാട്ട് മല്പാന്റെ ജ്ഞാനനിക്ഷേപം മാസികയുടെ പ്രസിദ്ധീകരണം നിലയ്ക്കുകയും അതിനാൽ ഹൂദായ കാനോന്റെ തുടർന്നുള്ള പരിഭാഷ ശ്രമം അവസാനിക്കുകയും ചെയ്തു. കോനാട്ട് മാത്തൻ മല്പാൻ ഏതാണ്ട് 1927ൽ മരിച്ചു. (അതു കൊണ്ടാണ് ഈ 1907ലെ ഈ പതിപ്പ് പൊതുസഞ്ചത്തിൽ ആവുകയും ഇന്ന് ഇത് ഡിജിറ്റൈസ് ചെയ്യാനും നിങ്ങളുമായി പങ്കു വെക്കാൻ പറ്റുകയും ചെയ്തത്. 1927ൽ മരിച്ച ആളുടെ കൃതികൾ 1987 ൽ പൊതുസഞ്ചയത്തിൽ ആയി).

കോനാട്ട് മാത്തൻ മല്പാന്റെ മുടങ്ങി പോയ ഈ പരിഭാഷ  ശ്രമം പിന്നീട് മുൻപോട്ട് കൊണ്ടു പോയത് മാത്തൻ മല്പാന്റെ മകൻ കോനാട്ട് അബ്രഹാം മല്പാൻ ആണ്. ബാക്കിയുണ്ടായിരുന്ന അദ്ധ്യായങ്ങൾ ഒക്കെ പരിഭാഷ ചെയ്ത്  ഏതാണ്ട് 1950കളിൽ ഹൂദായകാനൊന്റെ കേരളത്തെ സംബന്ധിച്ച് പൂർണ്ണമായ (ആദ്യത്തെ 10 അദ്ധ്യായങ്ങൾ) പതിപ്പ് ഇറങ്ങി.  അദ്ദേഹം ഈ പതിപ്പിനു എഴുതിയ അവതാരിക ഇവിടെ കാണാം. 1970കളിൽ യാക്കോബ സഭയുടെ പതിപ്പും ഇറങ്ങി. ഇതു പരിഭാഷ ചെയ്തിരിക്കുന്നത് യാക്കോബ സഭയുടെ യാക്കൂബ് മാർ യൂലിയോസ് മെത്രാപ്പോലീത്താ ആണ്. പരിഭാഷകർ മരിച്ച് 60 വർഷം കഴിഞ്ഞിട്ടില്ല എന്നതിനാൽ  ഈ രണ്ട് പരിഭാഷകളും ഇന്ത്യൻ കോപ്പി റൈറ്റ് നിയമം അനുസരിച്ച് ഇതു വരെ പൊതുസഞ്ചയത്തിൽ ആയിട്ടില്ല .

മുകളിൽ സൂചിപ്പിച്ച പോലെ കോനാട്ട് മാത്തൻ മല്പാൻ ജ്ഞാനനിക്ഷേപം മാസികയിലൂടെ നടത്തിയ ഹൂദായ കാനോൻ ഭാഗിക പരിഭാഷ (1,2,3,8.9,10 അദ്ധ്യായങ്ങൾ) ക്രൊഡീകരിച്ചതാണ് ഇന്നു നിങ്ങളുമായി പങ്കു വെക്കുന്ന ഈ ഡിജിറ്റൽ സ്കാൻ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ പുസ്തകം ഇന്നു ഡിജിറ്റൈസ് ചെയ്ത് നിന്നുടെ മുൻപിലേക്ക് എത്തിക്കാൻ സഹായമായവരോടുള്ള കടപ്പാട് രേഖപ്പെടുത്തട്ടെ. ഇത് ഡിജിറ്റൈശേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ്  ആണ്. അവർക്കു രണ്ടു പേർക്കും നന്ദി.

സ്കാൻ റിലീസ് ചെയ്യാനുള്ള ഈ കുറിപ്പ് എഴുതാനായി വിവിധ വിഷയങ്ങളിലുള്ള വിവരം കൈമാറിയത് മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പറവ: അബ്രഹാം വർഗ്ഗീസ്, ജോയിസ് തോട്ടയ്ക്കാട് എന്നിവർ ആണ്. അവർക്ക് എല്ലാവർക്കും നന്ദി.

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

ഇതിനു മുൻപുള്ള വിഭാഗങ്ങളിൽ മലയാളപതിപ്പിന്റെ ഉള്ളടക്കവിശെഷം സൂചിപ്പിച്ചിട്ടൂണ്ടല്ലോ. പൊതുവായി പറഞ്ഞാൽ എപ്പിസ്കോപ്പൽ സ്വഭാവമുള്ള ക്രൈസ്തവ സഭകളുടെ ഭരണപരമായതും, ആത്മീയ സംബന്ധമായതും, ആചാര അനുഷ്ഠാന സംബന്ധമായതുമായ വിഷയങ്ങളുടെ വിവിധ നിയമങ്ങളാണ് ഹൂദായ കാനോന്റെ ഉള്ളടക്കം.  മലയാളം പതിപ്പിൽ ആദ്യത്തെ 10 അദ്ധ്യായങ്ങൾ ആണ് ഉള്ളത്. പക്ഷെ  പൊതുസഞ്ചയത്തിൽ ഉള്ള  ഈ പതിപ്പിൽ കോനാട്ട് മാത്തൻ മല്പാൻ ജ്ഞാനനിക്ഷേപം മാസികയിൽ 1907ൽ പ്രസിദ്ധീകരിച്ച  ഹൂദായ കാനോന്റെ 1,2,3,8,9,10 അദ്ധ്യായങ്ങൾ ആണു ഉള്ളത്. ഒന്നാമത്തെ താൾ തൊട്ട് 34മത്തെ താൾ വരെ 1,2,3 അദ്ധ്യായങ്ങളും; 37  മത്തെ താൾ തൊട്ട് 63 മത്തെ താൾ വരെ 8,9,10 അദ്ധ്യായങ്ങളും ആണു് ഉള്ളത്. 35മത്തെ താളിൽ   1,2,3 അദ്ധ്യായങ്ങൾക്ക് ശേഷം എന്ത് കൊണ്ട് നേരിട്ട് 8,9,10 അദ്ധ്യായങ്ങളിലേക്ക് പോകുന്നു എന്നതിന്റെ വിശദീകരണം കൊടുത്തിട്ടൂണ്ട്. അവസാനത്തെ പേജിൽ (താൾ 63) ഹൂദായ കാനോനുമായി ബന്ധമില്ലാത്ത ഒരു ലേഖനത്തിന്റെ (വേദപുസ്തകവും തിരുസഭയും) തുടക്കം കാണാം. ഇത് ജ്ഞാനനിക്ഷേപം മാസികയുടെ മറ്റു ഉള്ളടക്കത്തിന്റെ ഭാഗമാണ്. അതു വായനയിൽ ഒഴിവാക്കുക.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

1878- ഭൂമിശാസ്ത്രം തിരുവിതാംകൊട്ടു സംസ്ഥാനം

ആമുഖം

ഈ വർഷത്തെ വാർഷിക അവധി സമയത്ത് (2016 ഡിസംബർ 22 തൊട്ടു – 2017 ജനുവരി 2 വരെ) കേരളത്തിൽ ആയിരുന്നപ്പോൾ ഞങ്ങളുടെ സ്വകാര്യപരിപാടികളിൽ നിന്നു മോഷ്ടിച്ചെടുക്കുന്ന സമയം പൊതുസഞ്ചയ പുസ്തകങ്ങൾ തിരഞ്ഞ് കൊണ്ട് വിവിധ സ്ഥലങ്ങളിൽ പോകാനും പല വ്യക്തികളെ കാണാനും ശ്രമിച്ചു. ആ യാത്രകളിൽ പലരുടേയും സഹായം കൊണ്ട് ലഭ്യമായ പൊതുസഞ്ചയ പുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഇനി കുറച്ച് പോസ്റ്റുകളിലൂടെ പങ്ക് വെക്കുന്നത്. ഈ സീരീസിൽ ആദ്യമായി പങ്കു വെക്കുന്നത് 1878 ൽ അച്ചടിക്കപ്പെട്ട തിരുവിതാംകൊട്ടു സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രം എന്ന പുസ്തകമാണ്. ഈ പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്.

പുസ്തകത്തിന്റെ വിവരം

  • പേര്: ഭൂമിശാസ്ത്രം – തിരുവിതാംകൊട്ടു സംസ്ഥാനം
  • താളുകൾ: 96
  • രചയിതാവ്: റവറന്ത് ടി. ഫൈക്സ് സായ്പ്
  • മലയാള പരിഭാഷ: മുൻഷി രാമൻ തമ്പി
  • പ്രസിദ്ധീകരണ വർഷം: 1878
  • പ്രസ്സ്: വെസ്റ്റേൺ സ്റ്റാർ, കൊച്ചി
1878 The Geography Of Travancore
1878 The Geography Of Travancore

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പുസ്തകത്തിന്റെ ശീർഷകം സൂചിപ്പിക്കുന്ന പോലെ തിരുവിതാംകൊട്ടു സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രം ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിന്റെ ഓരോ വരിയിലും വൈജ്ഞാനിക വിവരങ്ങളാണ്. ചരിത്രം എനിക്ക് താല്പര്യമുള്ള വിഷയങ്ങളാണെങ്കിലും ഈ പുസ്തകത്തിലെ ഓരോ വിശെഷവിവരങ്ങളും എടുത്തുഎഴുതാൻ നിന്നാൽ ഡിജിറ്റൈസേഷൻ എന്ന പരിപാടി മന്ദഗതിയിലാകും. അതിനാൽ അതിനു മുതിരുന്നില്ല. പുസ്തകം വിശകലനം ഉപയോഗിക്കുന്നവർ തന്നെ ചെയ്യുമല്ലോ.

കൊച്ചിയിലെ വെസ്റ്റേൺ സ്റ്റാർ ഓഫീസിൽ അച്ചടിച്ചതിൽ നമുക്ക് ലഭിക്കുന്ന ആദ്യത്തെ പുസ്തകമാണിത്. 1878 ആയത് കൊണ്ട് ചന്ദ്രക്കല മദ്ധ്യ-തെക്കൻ കേരളത്തിലേക്ക് എത്താത്തത് കൊണ്ടാവണം ഈ പുസ്തകത്തിൽ സംവൃതോകാരത്തിനായോ മറ്റു ആവശ്യത്തിനായോ ചന്ദ്രക്കല ഉപയോഗിച്ചു കാണുന്നില്ല.

പുസ്റ്റകത്തിന്റെ ഒറിജിനൽ ഇംഗ്ലീഷാണെന്ന് ശീർഷകത്താളിൽ നിന്ന് വ്യക്തമാണ്. അത് എഴുതിയത് തിരുവനന്തപുരത്തെ ചാപ്ലെയിൻ ആയിരുന്ന റവറന്ത് ടി. ഫൈക്സ് സായ്പ് ആണ്. ഈ മലയാള പരിഭാഷ ചെയ്തിരിക്കുന്നത് തിരുവനന്തപുരം ഇംഗ്ലീഷ് ഹൈസ്കൂൾ മുൻഷി ആയിരുന്ന മുൻഷി രാമൻ തമ്പി ആണ്.

പുസ്തകത്തിനു ഉള്ളടക്ക പട്ടികയും മറ്റും ഇല്ലാത്തതിനാൽ ഉള്ളടം മൊത്തം വ്യക്തമല്ല. 96 മത്തെ പേജോടെ എനിക്കു കിട്ടിയ പതിപ്പിൽ പുസ്തകം അവസാനിക്കുകയാണ്. അതു തന്നെയാണൊ പുസ്തകത്തിന്റെ അവസാനത്തെ പേജ് എന്നും വ്യക്തമല്ല. പക്ഷെ ലഭ്യമായ ഉള്ളടക്കം ഏകദേശം മൊത്തമായിട്ടൂണ്ട്.
ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു. ഗ്രേസ്കെയിൽ പതിപ്പിനു പുറമേ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് പതിപ്പു കൂടെ ലഭ്യക്കിയിട്ടുണ്ട്.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

 

പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷൻ – 2016 – കണക്കെടുപ്പ്

ഈ ബ്ലോഗിലൂടെ 2016 ജനുവരി 1 മുതൽ 2016 ഡിസംബർ 31വരെ പങ്കു വെച്ച, കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതു സഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷന്റെ ഒരു കണക്കെടുപ്പ് ആണിത്. (തുടർന്നുള്ള വർഷങ്ങളിലും ഈ വിധത്തിൽ കണക്കെടുപ്പ് നടത്തണം എന്നു കരുതുന്നു).

2016

2016ൽ ഡിജിറ്റൈസ് ചെയ്ത പൊതുസഞ്ചയ പുസ്തകങ്ങളിലെ ചില ശ്രദ്ധേയ പുസ്തകങ്ങൾ:

2016 ൽ ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങൾ – 50ൽ പരം. മൊത്തം പേജുകളുടെ കണക്ക് സമയക്കുറവ് മൂലം പ്രത്യേകമായി എടുത്തില്ല. എങ്കിലും അത് 3000 കടക്കും എന്ന് ഏകദേശം ഉറപ്പാണ്. ഇതിൽ ഏറ്റവും വലിയ പുസ്തകം പേജുകളുടെ എണ്ണം കൊണ്ടും പേജിന്റെ വലിപ്പം കൊണ്ടും 1915ലെ ശ്രീ മഹാഭാഗവതം ആയിരുന്നു. കല്ലച്ചിൽ അച്ചടിച്ച 1860ലെ പവിത്രചരിത്രം എന്ന പുസ്തകത്തിന്റെ വലിപ്പവും എടുത്തു പറയേണ്ടതാകുന്നു.

കേരളത്തിൽ നിന്നു ഉദയം ചെയ്ത യുയോമയ ഭാഷ എന്ന പ്രത്യേക ഭാഷയെ പറ്റിയുള്ള ഏക പുസ്തകം ഡിജിറ്റൈസ് ചെയ്യാൻ പറ്റിയത് ഒരു സവിശെഷ നേട്ടമായി ഞാൻ കരുതുന്നു. ഒന്നാം നിര പ്രസിദ്ധീകരണങ്ങളിൽ പെടാത്ത ഇത്തരം പുസ്തകങ്ങൾ തിരസ്കരിച്ചു പോകാറാണ് സാധാരണ പതിവ്.

ഇത്തരം വിവിധ പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതുവായി ലഭ്യമാക്കുന്നത് കേരള പഠനത്തെയും അതുമായി ബന്ധപ്പെട്ട വിവിധ ഗവേഷക പദ്ധതികളേയും സഹായിക്കും എന്ന് പ്രത്യാശിക്കുന്നു.

നിരവധി കടമ്പകൾ കടന്നാണ് മലയാള പൊതുസഞ്ചയ രേഖകൾ ഏവർക്കും ഉപയോഗിക്കത്തക്ക രീതിയിൽ പൊതു ഇടത്തേക്ക് കൊണ്ടുവരുന്നത്. ഒരു പൊതുസഞ്ചയ രേഖയുടെ ഡിജിറ്റൽ പതിപ്പ് പൊതു ഇടത്തേക്ക് കോണ്ടു വരുന്നതിനു ഇടയ്ക്ക് നേരീടേണ്ടി വരുന്ന വിവിധ കടമ്പകൾ (പെട്ടെന്ന് ഓർമ്മയിൽ വരുന്നത്) ഒന്ന് എടുത്തെഴുതട്ടെ.

  • പൊതുസഞ്ചയ രേഖകൾ കണ്ടെടുക്കുക
  • സ്കാൻ ചെയ്യാൻ (ഫോട്ടോ എടുക്കാൻ) അനുമതി നേടിയെടുക്കുക
  • സ്കാൻ ചെയ്യാൻ സഹായിക്കാൻ താല്പര്യമുള്ളവരെ കണ്ടെത്തുക
  • സ്കാൻ ചെയ്യുക (ഫോട്ടോ എടുക്കുക)
  • സ്കാൻ ചെയ്തതിലിലെ (ഫോട്ടോ ഏടൂത്തതിലെ) തെറ്റുകുറ്റങ്ങൾ തീർക്കുക
  • സ്കാൻ ചെയ്ത പേജുകൾ പേജ് നമ്പർ അനുസരിച്ച് പുനർ നാമകരണം ചെയ്ത് സൂക്ഷ്മമായി സ്കാൻ ടെയിലർ പ്രോസസിനു തയ്യാറാക്കുക
  • സ്കാൻ ടെയിലറിൽ പുസ്തകം മൊത്തമായി പ്രൊസസ് ചെയ്ത് ഓരോ പേജും സൂക്ഷ്മമായി നിരീക്ഷിച്ച് വിവിധ ക്രമീകരണങ്ങൾ ചെയ്ത് ഫൈനൽ ഇമേജ് തയ്യാറാക്കുക.
  • പുസ്തകം ഒരു പൊതു ഇടത്തേക്ക് അപ്‌ലോഡ് ചെയ്യുക
  • പുസ്തകത്തിന്റെ മെറ്റാ ഡാറ്റയും മറ്റും പഠിച്ച് പുസ്തകത്തെ പറ്റി ഒരു ചെറു കുറിപ്പെഴുതി പുസ്തകം പൊതുവായി പങ്കുവെക്കുക
    … തുടങ്ങിയ നിരവധി കടമ്പകൾ കടന്നാണ് ഒരു മലയാള പൊതുസഞ്ചയ രേഖ യാതൊരു പരിമിതിയും ഇല്ലാതെ എല്ലാവർക്കും പൊതുവായി ഉപയോഗിക്കത്തക്കവിധം നമുക്കു മുൻപിൽ എത്തുന്നത്. ടെക്നിക്കലായി മറികടക്കേണ്ട വേറെയും സംഗതികൾ ഉണ്ട്. അത് ഇവിടെ എടുത്തെഴുതുന്നില്ല.

ഈ പരിപാടികൾ എല്ലാം കൂടി ഒരിക്കലും ഒരു വ്യക്തിക്ക് മാത്രമായി ചെയ്യാൻ പറ്റില്ല. ഈ പരിപാടികളിൽ പല വിധത്തിൽ വിവിധ റോളുകൾ ഏറ്റെടുത്ത് സഹായിച്ചവർ താഴെ പറയുന്നവർ ആണ്

ഇവരോടൊപ്പം പ്രൊ. സ്കറിയ സക്കറിയ, പ്രൊ. ബാബു ചെറിയാൻ എന്നിവർ നൽകുന്ന വൈജ്ഞാനിക-ബൗദ്ധിക സഹായത്തിനു (പ്രധാനമായും എന്റെ പിഴകൾ തീർക്കാൻ സഹായിക്കുന്നത്) നന്ദി പറയാൻ വാക്കുകളില്ല.

ഇതിനും പുറമെ, പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്യപ്പെടേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി അത്തരം രേഖകൾ കൈമാറുന്ന ചില വ്യക്തികളെ പരാമർശിക്കാതെ വയ്യ. 2016ലെ പ്രവർത്തനത്തിൽ പേർ എടുത്തു പറയേണ്ട കുറച്ച് പേർ റവ. അബ്രഹാം വർഗ്ഗീസ്, റവ. ഇയ്യോബ്, ശരത് സുന്ദർ, ബിജു കെ.സി, ജോയ്‌സ് തോട്ടയ്ക്കാട്, തോമസ് ഇസ്രയേൽ (ഭാര്യ അന്നമ്മാൾ തോമസ്), മാത്യു ജേക്കബ്ബ് എന്നിവർ ആണ്.

ഡോ. സുനീഷ് ജോർജ്ജ് ആലുങ്കലിന്റെ സഹായവും നിസ്സീമമാണ്. അതിനെ പറ്റി വേറെ ഒരു പ്രത്യേക പൊസ്റ്റ് ഇടുന്നുണ്ട്.

റൂബിൻ ഡിക്രൂസ് ചെയ്തു തന്ന ചില സഹായങ്ങളും നന്ദിയോടെ സ്മരിക്കുന്നു.

2016- ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങൾ കണ്ടെടുക്കാനും ഏറ്റുവാങ്ങാനുമായി പല ഇടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. അതിൽ എടുത്തു പറയേണ്ടത് തിരുവനന്തപുരം നഗരം , തിരുവല്ല, തോട്ടയ്ക്കാട്, ചങ്ങനാശ്ശേരി, തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങൾ  എന്നിവയാണ്. ഈ യാത്രകൾ മൂലം പല പുതിയ സ്ഥലങ്ങൾ കാണാനും ചില വിശെഷ വ്യക്തികളെ പരിചയപ്പെടാനും സാധിച്ചു. അതൊക്കെ പല രേഖകൾ ഡിജിറ്റൈസ് ചെയ്യാൻ സഹായകമായി തീർന്നു.

ഈ വിധത്തിൽ കൂടുതൽ പേർ സഹായിക്കാൻ മുൻപോട്ടു വന്നാൽ, കാലപ്പഴക്കം മൂലം നശിച്ചു കൊണ്ടിരിക്കുന്ന കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകൾ നമുക്ക് ഡിജിറ്റൈസ് ചെയ്ത് എല്ലാവർക്കും എപ്പോഴും ഉപയോഗിക്കത്തക്ക വിധത്തിൽ സൂക്ഷിച്ചു വെക്കാവുന്നതേ ഉള്ളൂ. നിങ്ങൾ കൈമാറുന്ന രേഖകൾ (1940കൾക്ക് മുൻപ് ഉള്ളവ മാത്രം) ഡിജിറ്റൈസ് ചെയ്തതിനു ശെഷം രേഖ ഒരു കേടും കൂടാതെ ഉടമസ്ഥർക്കു തിരിച്ചു തരികയും ചെയ്യാം. ഈ വിധത്തിൽ കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയ രേഖകൾ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ ദയവായി shijualexonline@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയിൽ അയക്കുമല്ലോ.