1870- ധനതത്വനിരൂപണം

ആമുഖം

ഈ ബ്ലോഗിലൂടെ ചെയ്യുന്ന ഡിജിറ്റൈസേഷൻ പദ്ധതിക്കു പൊതുജനശ്രദ്ധ ലഭിച്ചതിനു ശേഷമുള്ള ആദ്യത്തെ സ്കാൻ റിലീസ് ആണിത്. ഈ പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി എല്ലാവർക്കും വേണ്ടി പൊതുവായി ലഭ്യമാക്കാൻ വേണ്ടി എന്നെ ഏല്പിച്ച ഒരു പൊതുസഞ്ചയ പുസ്തക സ്കാൻ ആണിത്. ഇത് 1870കളിലെ ഒരു ധനതത്വശാസ്ത്ര പുസ്തകം ആണ്. പലവിധ കാരണങ്ങൾ കൊണ്ട് ഈ പുസ്തകം പ്രാധാന്യമുള്ളതാണ്. അതിന്റെ വിശദാംശങ്ങളിലേക്ക്.

പുസ്തകത്തിന്റെ വിവരം

  • പേര്: ധനതത്വനിരൂപണം
  • താളുകൾ: 79
  • പ്രസിദ്ധീകരണ വർഷം: 1870
  • പ്രസ്സ്: മുദ്രാവിലാസം അച്ചുകൂടം, തിരുവനന്തപുരം
1870-ധനതത്വനിരൂപണം, മുദ്രാവിലാസം അച്ചുകൂടം
1870-ധനതത്വനിരൂപണം, മുദ്രാവിലാസം അച്ചുകൂടം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

Easy Lessons on Money Matters എന്ന ഇംഗ്ലീഷിലുള്ള മൂല ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷ ചെയ്താണ് ഈ പുസ്തകം. സർക്കാർ ബുക്ക് കമ്മറ്റിക്കാരാണ് ഇത് പരിഭാഷപ്പെടുത്തിയതെന്ന് പുസ്തകത്തിന്റെ ശീർഷകതാളിൽ നിന്നു മനസ്സിലാക്കാം. തിരുവിതാംകോട് സംസ്ഥാനത്തെ മലയാളപള്ളികൂടങ്ങളുടെ ഉപയോഗത്തിനായി ആണ് ഇത് ചെയ്തിരിക്കുന്നത്.

മുദ്രാവിലാസം അച്ചുകൂടത്തിൽ നിന്നു നമുക്ക് ലഭിക്കുന്ന ആദ്യത്തെ പുസ്തകം ആണിത്. കാലഘട്ടം 1870 ആയതിനാലും തെക്കോട്ട് ചന്ദ്രക്കല സംക്രമിച്ചിട്ടില്ലാത്തതിനാൽ ഈ പുസ്തകത്തിൽ സംവൃതോകാരാത്തിനോ മറ്റുസംഗതികൾക്കോ ചന്ദ്രക്കല ഇല്ല. സംവൃതോകാരം മിക്കവാറും ഒക്കെ അകാരമായി തന്നെ എഴുതിയിരിക്കുന്നു.

64,65 താളുകൾ പുസ്തകത്തിൽ നിന്ന് നഷ്ടപ്പെട്ടു എന്നൊരു ന്യൂനത പുസ്തകത്തിനുണ്ട്. എവിടെ നിന്നെങ്കിലും നല്ല ഒരു കോപ്പി കിട്ടിയാൽ ഇതു മറികടക്കാം.

ശീർഷകം സൂചിപ്പിക്കുന്ന പോലെ ധനതത്വശാസ്ത്രത്തിന്റെ ബാലപാഠങ്ങൾ ആണ് ഈ പാഠപുസ്തകത്തിന്റെ ഉള്ളടക്കം. കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാനും ഈ പുസ്തകം വിശകലനം ചെയ്യാനും ഈ വിഷയത്തിൽ ജ്ഞാനം കുറയായതിനാൽ മുതിരുന്നില്ല. അത് ഈ വിഷയത്തിൽ ജ്ഞാനം ഉള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ പുസ്തകം ലഭ്യമായത് താഴെ പറയുന്ന 2 പേരുടെ സഹായത്തലാണ്:

ഇവർക്ക് രണ്ടു പേർക്കും നന്ദി രേഖപ്പെടുത്തട്ടെ.

ഈ പുസ്തകം ലഭ്യമായത്  ബ്രിട്ടീഷ് ലൈബ്രറി ആർക്കൈ‌വ്‌സിൽ  നിന്നാണ്. അവിടെ നിന്നു നമുക്ക് കിട്ടുന്ന രണ്ടാമത്തെ പുസ്തകം ആണിത്. ഇതിനു മുൻപ് ഇന്ദുലേഖ ഒന്നാം പതിപ്പിന്റെ സ്കാനും അവിടെ നിന്നാണല്ലോ ലഭിച്ചത്.

ഇപ്പോൾ കിട്ടിയ കോപ്പി ആർക്കൈവൽ ഡിജിറ്റൈസേഷൻ എന്ന ഉദ്ദേശത്തോടെയല്ല ഫോട്ടോ എടുത്തിരിക്കുന്നത് എന്നതിനാൽ ഡിജിറ്റൽ കോപ്പിയുടെ ഗുണനിലവാരം അത്രപോരാ. എങ്കിലും പരമാവധി പ്രശ്നങ്ങൾ പോസ്റ്റ് പ്രൊസസിങിലൂടെ മറികടക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം ഏതാണ്?

മലയാള ലിപി അച്ചടിച്ച ആദ്യത്തെ പുസ്തകം ഏത് എന്നതു സംബന്ധിച്ച് കെ.എം. ഗോവി അടക്കമുള്ളവർ ഉപന്യസിച്ചിട്ടും, ഇപ്പോഴും ധാരാളം പേർ ആശയക്കുഴപ്പമുണ്ടാക്കുന്ന വിധത്തിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്. സാധാരണ ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാകുന്നത് മാദ്ധ്യമങ്ങൾ വരുന്ന വിവിധ ലേഖനങ്ങൾ വായിച്ചിട്ടു തന്നെയാണ്. ഈ ബ്ലോഗിലെ പല പോസ്റ്റിന്റേയും കീഴിൽ ഹോർത്തൂസ് ആണോ സംക്ഷേപവേദാർത്ഥം ആണോ അതോ മറ്റേതെങ്കിലും ആണൊ ആദ്യ മലയാളം അച്ചടി പുസ്തകം എന്നു പലരും ചോദിച്ചു കാണുന്നുണ്ട്. അതിനാൽ ഈ വിഷയത്തിൽ തെളിവുകളോടു കൂടെയുള്ള സംശയദുരീകരണത്തിനു ആണ് ഈ പൊസ്റ്റ്.

മലയാളമച്ചടിയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന മൂന്നു പുസ്തകങ്ങൾ ആണ് നമ്മൾ പരിശോധിക്കുന്നത്.

  1. 1678ൽ ആംസ്റ്റർഡാമിൽ അച്ചടിച്ച ഹോർത്തൂസ് മലബാറിക്കസ്
  2. 1772ൽ റോമിൽ അച്ചടിച്ച ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം
  3. 1772ൽ റോമിൽ അച്ചടിച്ച സംക്ഷേപവേദാർത്ഥം

ഇതിൽ ഹോർത്തൂസ് മലബാറിക്കസിൽ അച്ചു വാർത്തല്ല മലയാളലിപി അച്ചടിച്ചത്. ചിത്രമായി വരച്ച് അച്ചടിക്കുകയായിരുന്നു. അതിനാൽ അതിനെ അച്ചുവാർത്തുള്ള മലയാളം അച്ചടി എന്ന ശ്രേണിയിൽ നിന്ന് മാറ്റാം.

എന്നാൽ 1772ൽ റോമിൽ അച്ചടിച്ച ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കത്തിൽ അച്ച് വാർത്താണ് മലയാളം അച്ചടിച്ചത്. ഇത് മലയാളലിപിയെ പരിചയപ്പെടുന്ന ഒരു ലത്തീൻ പുസ്തകമാണ്. അതിനാൽ അതിനെ പൂർണ്ണമായി ഒരു മലയാളകൃതി എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല. എന്നാൽ അതിനു തൊട്ടു പിറകേ അച്ചടിച്ച സംക്ഷേപവേദാർത്ഥം ഒരു പൂർണ്ണ മലയാള കൃതിയാണ്.

അതായത്:

  • ആദ്യമായി മലയാള ലിപി അച്ചടി മഷി പുരണ്ടത് – ഹോർത്തൂസ് മലബാറിക്കസ് – 1678ൽ- ആം‌സ്റ്റർഡാമിൻ വെച്ച്. മലയാള ലിപി ചിത്രമായി അച്ചടിക്കുക ആയിരുന്നു ഈ ലത്തീൻ പുസ്തകത്തിൽ.
  • ആദ്യമായി മലയാള ലിപി അച്ചു വാർത്ത് അച്ചടിച്ച പുസ്തകം – ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം – ഇത് മലയാള ലിപിയെ പറ്റിയുള്ള ഒരു ലത്തീൻ പുസ്തകമാണു് . 1772ൽ റോമിലാണു് ഇത് അച്ചടിച്ചത്. ഇതിനു മുൻപ് മലയാളലിപിക്കു വേണ്ടി അച്ചു വാർത്തതായി ഇതു വരെ തെളിവു കിട്ടിയിട്ടില്ല.
  • ആദ്യമായി മലയാള ലിപി അച്ചു വാർത്ത് അച്ചടിച്ച സമ്പൂർണ്ണ മലയാള പുസ്തകം – സംക്ഷേപവേദാർത്ഥം – 1772ൽ റോമിലാണ് ഇതും അച്ചടിച്ചത്.

മുകളിൽ പറഞ്ഞതിൽ അവസാനത്തെ 2 പുസ്തകങ്ങൾ കൂടാതെ അതേ അച്ച് ഉപയോഗിച്ച് അച്ചടിച്ച വേറെയും പുസ്തകങ്ങൾ റോമിൽ നിന്ന് ഇറങ്ങിയിട്ടൂണ്ട്. അതിൽ ലത്തീൻ, സംസ്കൃതപുസ്തകങ്ങളും ഉണ്ട്.

ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കവും സംക്ഷേപ വേദാർത്ഥവും അച്ചടിക്കുന്നതിനു ഏകദേശം 90 വർഷം മുൻപാണ് ഹോർത്തൂസ് മലബാറിക്കസ് അച്ചടിക്കുന്നതു്. കൃത്യമായി പറഞ്ഞാൽ 1678-ൽ ആണ് ഒന്നാമത്തെ പതിപ്പും വാല്യവും പുറത്തു വരുന്നതു്.

ഒന്നാമത്തെ പതിപ്പിലെ 8മത്തെ താളിൽ ആണ് മലയാള ലിപി ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഡച്ച് കമ്പനിയുടെ പരിഭാഷകൻ ആയ മാനു‌വൽ കാർന്നോരുടെ പ്രസ്താവന ആണത്. ഹോർത്തൂസിലെ ഏറ്റവും വലിപ്പമുള്ള മലയാള ഉള്ളടക്കവും ഇതു തന്നെ. ഇതിനു പുറമേ ഹോർത്തൂസിലെ ഓരോ വൃക്ഷത്തിന്റെയും ചിത്രത്തിനു ഒപ്പം അതിന്റെ മലയാള പേർ മലയാള ലിപിയിൽ തന്നെ കൊടുത്തിട്ടുണ്ട്.

താഴെ കൊടുത്തിരിക്കുന്ന ചിത്രം ഹോർത്തൂസിന്റെ ഒന്നാമത്തെ പതിപ്പിലെ  8മത്തെ താളിൽ ഉള്ള മാനു‌വൽ കാർന്നോരുടെ പ്രസ്താവന ആണ് കാണിക്കുന്നത്. ഈ പ്രസ്താവന മാത്രം ഉദാഹരണമായി എടുത്ത് ഹോർത്തൂസിന്റെ അച്ചടി രീതി നമുക്ക് വിലയിരുത്താം.

മാനുവൽ കാർന്നോരുടെ പ്രസ്താവന
ഹോർത്തൂസിലെ മാനുവൽ കാർന്നോരുടെ പ്രസ്താവന

ഈ ചിത്രത്തിലെ മ, ട, ൻ എന്നീ മലയാള അക്ഷരങ്ങൾ/അർദ്ധാക്ഷരങ്ങൾ വിവിധ വാക്കുകളിൽ അടയാളപ്പെടുത്തിയത് കാണുക. ഓരോ അക്ഷരത്തിനും വിവിധ ഇടങ്ങളിൽ വ്യതിയാനം ഉണ്ടെന്നു കാണുക. അച്ചു നിരത്തി അടിച്ചാൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല. (ഹോർത്തൂസിലെ ബാക്കി ലത്തീൻ ഉള്ളടക്ക അച്ചടി മൊത്തം അച്ചു നിരത്തി ആയതിനാലും ഹോർത്തൂസ് മലബാറിക്കസ് അച്ചടിക്കുന്ന കാലത്ത് കല്ലച്ചടി സാങ്കേതിക കണ്ടെത്തിയിട്ടില്ലാത്തതിനാലും ഇതു മാത്രം കല്ലച്ചിൽ അടിക്കാനുള്ള സാദ്ധ്യതയും തള്ളികളയണം). അതിന്റെ അർത്ഥം ഒന്നു മാത്രം. ഹോർത്തൂസിലെ മലയാള അക്ഷരങ്ങൾ ചിത്രമായി കൊത്തിയെടുത്താണ് അച്ചടിച്ചിരിക്കുന്നത്. മുകളിൽ കാണിച്ചിരിക്കുന്ന ഈ ചിത്രത്തിൽ  മാത്രമല്ല ഹോർത്തൂസിലെ നൂറു കണക്കിനു ചിത്രങ്ങളോടു ഒപ്പം കാണുന്ന എല്ലാ മലയാളവാക്കുകളും ഈ വിധത്തിൽ ചിത്രമായി വരച്ചു ചേർത്തതാണ്.

ചുരുക്കത്തിൽ ഹോർത്തൂസ് മലബാറിക്കസിനെയും ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കത്തേയും മലയാളം അച്ചടിയുടെ ചരിത്രത്തിന്റെ നാഴികക്കല്ലിൽ താഴെ പറയുന്ന വിധം ഉൾക്കൊള്ളിക്കാം.

മലയാളലിപി ആദ്യമായി ചിത്രരൂപത്തിൽ അച്ചടി മഷി പുരണ്ട ഗ്രന്ഥം ഹോർത്തൂസ് മലബാറിക്കസ് ആണ്. എന്നാൽ അച്ചു വാർത്തു മലയാള ലിപി ആദ്യമായി അച്ചടിക്കപ്പെട്ടത് ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കത്തിനു വേണ്ടിയാണ്.

ഈ കാലഘട്ടത്തോടടുത്ത് വേറൊരു സ്ഥലത്ത് നിന്ന് മലയാള ലിപി അച്ചടിച്ച ഒരു പുസ്തകം കണ്ടെത്താൻ കഴിഞ്ഞാൽ മലയാളം അച്ചടിയുടെ ചരിത്രം മാറ്റിയെഴുതണം എന്നാണ് മുകളിലെ തെളിവുകൾ വ്യക്തമാക്കുന്നത്.

1908 – മലങ്കര ഇടവക പഞ്ചാംഗം

ആമുഖം

ഈ പ്രാവശ്യത്തെ കേരളസന്ദർശനത്തിൽ തപ്പിയെടുത്ത ഒരു പൊതുസഞ്ചയ കൃതി കൂടി. ഇപ്രാവശ്യം ക്രൈസ്തവ സഭാസംബന്ധിയായ 1908ലെ ഒരു പഞ്ചാംഗം ആണ് പങ്കു വെക്കുന്നത്.

പുസ്തകത്തിന്റെ വിവരം

  • പേര്: മലങ്കര ഇടവക പഞ്ചാംഗം
  • താളുകൾ: 42
  • പ്രസിദ്ധീകരണ വർഷം: 1908
  • പ്രസ്സ്: മാർ തോമസ് പ്രസ്സ്, കോട്ടയം
1908 - മലങ്കര ഇടവക പഞ്ചാംഗം
1908 – മലങ്കര ഇടവക പഞ്ചാംഗം

പുസ്തകത്തിന്റെ പ്രത്യേകതകൾ, ഉള്ളടക്കം

പുസ്തകത്തിന്റെ ശീർഷകം സൂചിപ്പിക്കുന്ന പോലെ 1908ലെ യാക്കോബായ സുറിയാനി സഭയുമായി ബന്ധപ്പെട്ട പഞ്ചാംഗം ആണിത്. ഇതിനു മുൻപ് കണ്ട അക്കാലത്തെ മറ്റു പല പഞ്ചാംഗങ്ങളെ (ഉദാ: ബാസൽ മിഷന്റെ പഞ്ചാംഗങ്ങൾ) പോലെ ഈ പഞ്ചാംഗവും മറ്റു പല വിവരങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഇക്കാലത്ത് വാർഷിക ഡയറി ഇറക്കുന്നതിനു സമാനമായി ആണെന്ന് തോന്നുന്നു അക്കാലത്ത് പഞ്ചാംഗങ്ങൾ ഇറക്കിയിരുന്നത്. ഈ പഞ്ചാംഗത്തിലെ വിഷയങ്ങൾ എടുത്താൽ പഞ്ചാംഗത്തിനു പുറമേ സഭയുടെ വിവിധ തലത്തിലുള്ള ആത്മീയ ഭരണാധികാരികളുടെ വിവരങ്ങളും, മരിച്ചു പോയ ബിഷപ്പുമാരുടെ വിവരങ്ങളും, വിവിധ പള്ളികളുടെ വിവരങ്ങളും ഒക്കെ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. ചുരുക്കത്തിൽ 1908ലെ യാക്കോബായ സുറിയാനി സഭയുടെ ചെറിയൊരു ഡോക്കുമെന്റെഷൻ ഈ പഞ്ചാംഗത്തിലൂടെ ലഭിക്കുന്നുണ്ട്. ഇതിൽ കൂടുതൽ ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വിശദാംശങ്ങളിലേക്കു പോവാൻ എനിക്കു അറിവില്ല. അതു ഈ മേഖലയിൽ അറിവുള്ളവർ ചെയ്യുമല്ലോ.

കടപ്പാട്, ഡിജിറ്റൈസേഷൻ വിശേഷങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത് “മൂലയില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പയുടെ“ ഗ്രന്ഥ ശേഖരത്തിൽ നിന്നാണ്. അതിനായി സഹായങ്ങൾ ചെയ്തു തന്ന അദ്ദേഹത്തിന്റെ മകൻ ലിജു കുര്യാക്കോസ് ആണ്. ഈ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസേഷൻ ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി അതൊക്കെ എന്നെ വിശ്വസിച്ച് ഏല്പിച്ച അവർക്കു രണ്ടു പേർക്കും വളരെ നന്ദി.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ: