യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക – 1970 ജൂലായ് – വാല്യം 1 ലക്കം 2

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കുട്ടികൾക്കുള്ള ശാസ്ത്രമാസികയായ യുറീക്ക മാസികയുടെ രണ്ടാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

മാസികയുടെ വിവിധ ലക്കങ്ങളിൽ കൂട്ടി ബൈൻഡ് ചെയ്തപ്പോൾ, ബൈൻഡ് ചെയ്തവർ അരികുകൂട്ടി മുറിച്ചത് കാരണം കവർ പേജിന്റെയും ആദ്യത്തെ കുറച്ചു താളുകളുടേയും അരികു നഷ്ടപ്പെട്ടിട്ടൂണ്ട്. എങ്കിലും ഉള്ളടക്കം മിക്കവാറും ഒക്കെ ലഭ്യമാണ്.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക
  • പ്രസിദ്ധീകരണ വർഷം: 1970 ജൂലായ് ലക്കം (വാല്യം 1 ലക്കം 2)
  • താളുകളുടെ എണ്ണം: 44
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
യുറീക്ക - കുട്ടികളുടെ ശാസ്ത്രമാസിക - 1970 ജൂലായ് - വാല്യം 1 ലക്കം 2
യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക – 1970 ജൂലായ് – വാല്യം 1 ലക്കം 2

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (4 MB)

 

      • കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  രേഖകൾ: എണ്ണം – 2
      • യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക: എണ്ണം – 2

യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക – 1970 ജൂൺ – വാല്യം 1 ലക്കം 1

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കുട്ടികൾക്കുള്ള ശാസ്ത്രമാസികയായ യുറീക്ക മാസികയുടെ ആദ്യ ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. യുറീക്കയുടെ ആദ്യ ലക്കം പങ്കു വെക്കുന്നതിലൂടെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആരംഭിക്കുകയാണ്.

നിരവധി ശാസ്ത്ര ലേഖനങ്ങളും മറ്റും ആദ്യപതിപ്പിൽ കാണാം. ബാലാമണിയമ്മ, കെ.ജി. അടിയോടി തുടങ്ങിയ പ്രമുഖരേയും കൃതികൾ ആദ്യ പതിപ്പിൽ കാണുന്നു.

കാലപ്പഴക്കം മൂലം ചില താളുകളുടെ നിറം മങ്ങുകയും മറ്റും ഉണ്ടായിട്ടൂണ്ട്. പക്ഷെ അതിനേക്കാ‍ൾ പ്രശ്നമായത് യുറീക്ക മാസികയുടെ വിവിധ ലക്കങ്ങളിൽ കൂട്ടി ബൈൻഡ് ചെയ്തപ്പോൾ, ബൈൻഡ് ചെയ്തവർ അരികുകൂട്ടി മുറിച്ചത് കാരണം കവർ പേജിന്റെയും ആദ്യത്തെ കുറച്ചു താളുകളുടേയും അരികു നഷ്ടപ്പെട്ടതാണ്. യുറീക്ക എന്നതിലെ ക്കയുടെ ഒരു ഭാഗം പോലും അങ്ങനെ ബൈൻഡ് ചെയ്തവർ മുറിച്ചുകൊണ്ടു പോയി. ബൈൻഡ് ചെയ്യുന്നവരുടെ ഈ “എളുപ്പപണി ഭംഗി പിടിപ്പിക്കൽ“ കാരണം പൊതുവിൽ അനേകം പുസ്തകങ്ങൾക്ക് ഈ തരത്തിൽ നഷ്ടം ഉണ്ടായിട്ടൂണ്ട് എന്ന് ധാരാളം പഴയ പുസ്തകം കൈകാര്യം ചെയ്യുന്ന ആൾ എന്ന നിലയിൽ എനിക്ക് സാക്ഷ്യപ്പെടുത്താനാകും.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക
  • പ്രസിദ്ധീകരണ വർഷം: 1970 ജൂൺ ലക്കം (വാല്യം 1 ലക്കം 1)
  • താളുകളുടെ എണ്ണം: 34
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
textsയുറീക്ക - കുട്ടികളുടെ ശാസ്ത്രമാസിക - 1970 ജൂൺ - വാല്യം 1 ലക്കം 1
യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക – 1970 ജൂൺ – വാല്യം 1 ലക്കം 1

കടപ്പാട്

കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

 

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (3 MB)

 

      • കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം – 1
      • യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക: എണ്ണം – 1

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നു

ആമുഖം

വിദ്യാർത്ഥികൾക്കും (പ്രത്യേകിച്ച് ഗവേഷകവിദ്യാർത്ഥികൾക്ക്), പഴയകാല രേഖകളിൽ താല്പര്യമുള്ള സന്നദ്ധപ്രവർത്തകർക്കും സന്തോഷം നൽകുന്ന ഒരു വാർത്ത പങ്കു വെക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല രേഖകൾ ഡിജിറ്റൈസ് ചെയ്ത് എല്ലാവർക്കും പ്രാപ്യമായ രീതിയിയിൽ പുറത്തുവരുന്ന സവിശേഷ പദ്ധതിക്ക്  ഇന്ന് തുടക്കം കുറിക്കുന്നു.

 

കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ലോഗോ
കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ലോഗോ

ഇതോടുകൂടി കേരള പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷൻ എന്ന പദ്ധതി  അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ രേഖകൾ പൊതുസഞ്ചയം അല്ല, എന്നാൽ സ്വതന്ത്ര ലൈസൻസിൽ എല്ലാവർക്കും ഉപയോഗപ്രദമായ രീതിയിൽ ഡിജിറ്റൈസ് ചെയ്ത് പൊതുഇടത്തിലേക്ക് കൊണ്ടു വരികയാണ്. ഡിജിറ്റൈസേഷനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഭ്യമാക്കുന്ന പരിഷത്തിന്റെ പഴയകാല രേഖകൾ ഡിജിറ്റൈസ് ചെയ്യുക എന്ന ധർമ്മം ആയിരിക്കും ഞാൻ നിർവ്വഹിക്കുക.  മറ്റു വിശദാംശങ്ങൾക്കായി കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവർത്തകരെ സമീപിക്കുക.

പദ്ധതിയുടെ തുടക്കം

ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ ഞാൻ പ്രത്യേകിച്ച് ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. എന്റെ തന്നെ വിദ്യാഭ്യാസകാലഘട്ടം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങളുടെ പരിലാളനകൾ ഏറ്റു കൊണ്ടായിരുന്നു. അൺ എയിഡഡ് സ്കൂളിലായിരുന്നു എൻറെ വിദ്യാഭ്യാസം എന്നതിനാൽ പരിഷത്തുമായി നേരിട്ട് ഇടപെടാൻ എനിക്ക് ചെറുപ്പകാലത്ത് കഴിഞ്ഞിരുന്നില്ല. എന്നാൽ യുറീക്ക, ശാസ്ത്രകേരളം തുടങ്ങിയ ബാല പ്രസിദ്ധീകരണങ്ങളിലൂടെയും മാനം മഹാത്ഭുതം, എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്, തുടങ്ങി ഒട്ടനവധി ശാസ്ത്രപുസ്തപുസ്തകങ്ങളിലൂടെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എനിക്കു ചെറുപ്പകാലം തൊട്ടേ ചിരപരിചിതം ആയിരുന്നു.

എനിക്കു വ്യക്തിപരമായി പരിഷത്തിന്റെ താഴെ പറയുന്ന പ്രസിദ്ധീകരണങ്ങളെ അറിയാം:

  • യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നീ മാസികകൾ
  • വിവിധ ശാസ്ത്രവിഷയങ്ങളിൽ അവർ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ. അവർ 1990കളിൽ പ്രസിദ്ധീകരിച്ച മാനം മഹാത്ഭുതം, വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം, എന്ത് കൊണ്ട് എന്ത് കൊണ്ട് എന്ത് കൊണ്ട്, കാർബണെന്ന മാന്ത്രികൻ തുടങ്ങി നിരവധി പുസ്തകങ്ങൾ എന്റെ സ്വകാര്യശേഖരത്തിൽ ഇപ്പോഴും ഉണ്ട്.
  • കാലികപ്രസക്തിയുള്ള വിഷയങ്ങളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകൾ

ചെറുപ്പത്തിൽ ഇതൊക്കെ കണ്ടിട്ടുള്ള എനിക്ക്, ചെറുപ്പകാലത്ത് ഞാൻ കണ്ട സംഗതികളുടെ പ്രാധാന്യം ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ടതിനു ശേഷം ഇപ്പോൾ വളരെയധികം അറിയാം. അത്തരം സംഗതികൾ ഡിജിറ്റൈസ് ചെയ്യാൻ പറ്റിയാൽ അത് ഭാവിയിലേക്ക് വലിയ ഒരു മുതൽക്കൂട്ടാകും എന്ന് എനിക്ക് കുറേ കാലമായുള്ള ചിന്തയുമാണ്.

പക്ഷെ എനിക്കു പരിഷത്തിന്റെ സംഘടനാതലത്തിൽ പ്രവർത്തിക്കുന്ന സജീവപ്രവർത്തകരെ ആരെയും അറിയുമായിരുന്നില്ല. എനിക്കറിയുന്ന കുറച്ചു പേർ ഈ വിഷയത്തിൽ ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ മുൻകൈ എടുക്കാൻ കഴിയാത്തവരും ആയിരുന്നു. ചുരുക്കത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിർവാഹക സമിതിയുമായി ബന്ധപ്പെടാൻ എനിക്ക് ഒരു കണ്ണിവേണമായിരുന്നു.  അങ്ങനെയാണ് ബാംഗ്ലൂരിലുള്ള ശ്രീജിത്ത് ശിവരാമനുമായി ബന്ധപ്പെട്ട് എന്റെ ആവശ്യം  അറിയിക്കുന്നത്. എന്റെ ഡിജിറ്റൈസേഷൻ പ്രവർത്തനെങ്ങളെ പറ്റി അറിയുന്ന ശ്രീജിത്ത് ശിവരാമൻ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഭരണസമിതിയുമായി ബന്ധപ്പെട്ട ആളുകളുമായി സംസാരിക്കാം എന്ന് അറിയിച്ചു. അങ്ങനെ ശ്രീജിത്ത് ശിവരാമൻ 2019 മാർച്ചിൽ അന്നത്തെ പ്രസിഡന്റ് ആയിരുന്ന ടി. ഗംഗാധരൻ മാഷുമായി സംസാരിക്കുകയും എനിക്ക് അദ്ദേഹവുമായി സംസാരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. ഇങ്ങനെ ഒരു പദ്ധതി നടക്കുകയാണെങ്കിൽ അതിന്റെ കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യാൻ സഹകരിക്കാം എന്നും ശ്രീജിത്ത് ശിവരാമൻ പറഞ്ഞു. നിരവധി സമാന്തരപദ്ധതികൾ കൈകാര്യം ചെയ്യുന്ന എനിക്ക് അത്തരത്തിൽ ഒരു സഹകരണവാഗ്ദാനം വളരെ ആവശ്യവുമായിരുന്നു.

തുടർന്ന് ഞാൻ  നേരിട്ട് ഗംഗാധരൻ മാഷുമായി സംസാരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കൈയിലുള്ള രേഖകളുടെ ഡിജിറ്റൈസേഷൻ എന്നത് കൊണ്ട് ഞാൻ എന്താണ് ഉദ്ദേശിക്കുന്നത് എന്നതിന്റെ ഒരു രൂപരേഖ കൊടുത്തു. സംഗതി ശ്രദ്ധയോടെ കേട്ട അദ്ദേഹം അടുത്ത വട്ടം നാട്ടിൽ ചെല്ലുമ്പോൾ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തൃശൂർ ഓഫീസിൽ ചെല്ലാമോ എന്ന് ചോദിച്ചു.

സംഗതി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആയതിനാലും ഈ രേഖകൾ പുറത്തു വരേണ്ടത് ഒരു പൊതുവിഷയം ആയതിനാലും ഇതിനു വേണ്ടി അല്പം ബുദ്ധിമുട്ടാൻ തന്നെ ഞാൻ തീരുമാനിച്ചു. 2019 ഏപ്രിലിൽ സിറിലിന്റെ (മകൻ) വേനലവധിക്ക് ഒരാഴ്ച ലീവെടുത്ത് പാലക്കാട് വീട്ടിൽ പോയപ്പോൾ ഒരു ദിവസം സമയമുണ്ടാക്കി ഞാൻ തൃശൂരിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓഫീസിൽ പൊയി.

മുൻകൂട്ടി പ്ലാൻ ചെയ്തത് അല്ലെങ്കിലും ഞാൻ ചെന്ന ദിവസം പ്രാധാന്യം ഉള്ളതായിരുന്നു. അന്നായിരുന്നു ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാനകമ്മിറ്റി മീറ്റിങ്. ഞാൻ പരിഷത്തിന്റെ ഓഫീസിലേക്ക് കയറി ചെന്നതെ “ഷിജ്വോ വാ ഇരിക്ക്“ എന്ന വിളി ഗംഗാധരൻ മാഷിൽ നിന്നു വന്നു. നേരിട്ടു കണ്ടിട്ടില്ല എങ്കിലും അദ്ദേഹം പെട്ടെന്ന് എന്നെ തിരിച്ചറിഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. ഞാനല്ലാതെ അപരിചിതനായ വേറെ ഒരാൾ ആ സമയത്ത് അവിടെ ചെല്ലില്ല എന്ന ഉറപ്പിലായിരിക്കാം അദ്ദേഹം എന്നെ തിരിച്ചറിഞ്ഞത്.

ചെന്ന ഉടൻ സമയം കളയാതെ ഞങ്ങൾ ചർച്ചയിലേക്ക് തിരിഞ്ഞു. പ്രസിദ്ധീകരണസമിതി കൺവീനർ പി. മുരളീധരനും ചർച്ചയിൽ ആദ്യന്തം പങ്കെടുത്തു. . എന്റെ ഭാഗത്ത് നിന്ന് ഞാൻ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നും പരിഷത്തിന്റെ ഭാഗത്ത് നിന്ന് എന്താണ് ചെയ്യേണ്ടതെന്നും ഞാൻ വ്യക്തമാക്കി.

  • യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി തുടങ്ങിയ മാസികകളുടെ പഴയ പതിപ്പുകൾ.
  • മുൻപ് പ്രസിദ്ധീകരിച്ചിരുന്നതും ഇനി പ്രസിദ്ധീകരിക്കാൻ സാദ്ധ്യത ഇല്ലാത്തതുമായ ശാസ്ത്രസാഹിത്യ പരിഷത്ത്പുസ്തകങ്ങൾ.
  • മുൻകാലങ്ങളിൽ കാലികപ്രസക്തിയുള്ള വിഷയങ്ങളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖകൾ

എന്നീ മൂന്നു തരം രേഖകൾ ഡിജിറ്റൈസ് ചെയ്യാം എന്ന നിർദ്ദേശം ആണ് ഞാൻ വെച്ചത്.

എന്റെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളുടെ പരിമിതിയും (അതോ പ്രത്യേകതയൊ) ഞാൻ പറഞ്ഞു:

  • ഡിജിറ്റൈസ് ചെയ്യുന്ന രേഖകൾ https://archive.org ലൂടെ പബ്ലിക്ക് ആവും. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനു അവിടെ നിന്നു രേഖകൾ എടുത്ത് വിവിധ ഇടങ്ങളിൽ പുനരുപയോഗിക്കാം.
  • ഡിജിറ്റൈസ് ചെയ്യാനുള്ള സൗകര്യം ബാംഗ്ലൂരിൽ ആണ്. അതിനാൽ രേഖകൾ ബാംഗ്ലൂരിൽ എത്തിക്കണം.
  • എന്റെ ഒഴിവു സമയത്ത് ചെയ്യുന്ന പരിപാടി ആയതിനാൽ ഘട്ടം ഘട്ടമായി മാത്രമേ ഡിജിറ്റൈസേഷൻ നടക്കൂ. അതിനുള്ള സമയം എനിക്ക് തരണം.

പ്രാഥമിക ചർച്ചകൾക്ക് ശേഷം പ്രഭാതഭക്ഷണത്തിനു പിരിഞ്ഞ്, തുടർന്ന് എന്നെ പരിഷത്തിന്റെ ആർക്കൈവ്സ് അവർ കാണിച്ചു. അതിലുള്ള ലഘുലേഖകളുടെ ശെഖരം കണ്ടപ്പോൾ ഇത് ഗവേഷക വിദ്യാർത്ഥികൾക്ക് എത്രമാത്രം ഉപകാരപ്പെടും എന്ന ചിന്തയാണ് എനിക്കു വന്നത്.

ഞാൻ സംസാരിച്ച കാര്യങ്ങൾ സംസ്ഥാനകമ്മിറ്റി മീറ്റിങിൽ വെച്ച് തീരുമാനം എന്നെ അറിയിക്കാം എന്നു പറഞ്ഞ് 10 മണിക്ക് സംസ്ഥാനകമ്മിറ്റി മീറ്റിങിനായി അവർ പിരിഞ്ഞു. ഞാൻ പാലക്കാടിനു തിരിച്ചും പോന്നു.

പദ്ധതിക്ക് അനുമതി ആകുന്നു

സംസ്ഥാന കമ്മിറ്റി മീറ്റിങ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശെഷം ശ്രീ.പി. മുരളീധരൻ എന്നെ വിളിച്ച് പരിഷത്തിൻറെ പഴയകാല പുസ്തകങ്ങൾ ഘട്ടം ഘട്ടമായി ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിക്കു അംഗീകാരം ആയി എന്ന് അറിയിച്ചു. അങ്ങനെ പൊതുസഞ്ചയരേഖകളുടെ ഡിജിറ്റൈസേഷൻ എന്ന പദ്ധതി കേരളവുമായി ബന്ധപ്പെട്ട രേഖകളുടെ ഡിജിറ്റൈസേഷൻ എന്ന പദ്ധതിയായി വികസിക്കുകയാണ്.

ആദ്യ സെറ്റ് പുസ്തകങ്ങൾ വന്നെത്തുന്നു

പ്രസിദ്ധീകരണസമിതി കൺവീനർ ശ്രീ  പി. മുരളീധരൻ 3 ആഴ്ചകൾക്ക് മുൻപ് എന്നെ വിളിച്ച് ആദ്യ സെറ്റ് പുസ്തകങ്ങൾ അയച്ചിട്ടുണ്ട് എന്ന അറിയിച്ചു. അങ്ങനെ താമസിയാതെ ഡിജിറ്റൈസേഷനായി ആദ്യത്തെ സെറ്റ് പുസ്തകങ്ങൾ എന്റെ കൈയ്യിൽ എത്തിചേർന്നു.

അങ്ങനെ യുറീക്കയുടേയും ശാസ്ത്രകേരളത്തിന്റെയും ഒക്കെ ആദ്യകാല പതിപ്പുകൾ നേരിട്ടൂകാണാനുള്ള ഭാഗ്യം എനിക്ക് കിട്ടി. (നിങ്ങൾക്കും താമസിയാതെ കിട്ടും). യുറീക്ക, ശാസ്ത്രകേരളം എന്നിവയുടെ ആദ്യ വർഷത്തെ കുറച്ചു ലക്കങ്ങളും പിന്നെ കുറേയധികം ലഘുലേഖകളും ആണ് ഡിജിറ്റൈസ് ചെയ്യാനുള്ള ആദ്യ സെറ്റിൽ വന്നിരിക്കുന്നത്. നിലവിൽ ഇതിന്റെ ഡിജിറ്റൈസേഷൻ നടന്നു കൊണ്ടിരിക്കുകയാണ്. തുടർന്നുള്ള ദിവസങ്ങളിൽ ഓരോന്നായി ഇതൊക്കെ പുറത്തു വരും.

ഉപസംഹാരം

കേരളവുമായി ബന്ധപ്പെട്ട രേഖകളുടെ ഡിജിറ്റൈസേഷൻ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യപരിഷത്ത് രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിൽ എനിക്കു യാതൊരു അത്ഭുതവും തോന്നുന്നില്ല. ശാസ്ത്രം ജനങ്ങളിലേക്ക് എത്തിക്കാൻ പ്രവർത്തിക്കുന്ന ആ സംഘടന അങ്ങനെ ചെയ്തില്ലെങ്കിൽ ആണ് അത്ഭുതപ്പെടേണ്ടത്.

ശാസ്ത്രസാഹിത്യപരിഷത്തിന്റെ ലെഗസി സൂക്ഷിക്കാനായുള്ള ഈ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന എല്ലാവർക്കും എന്റെ നന്ദി അറിയിക്കട്ടെ. ഡിജിറ്റൈസേഷൻ തീരുന്ന മുറയ്ക്ക് ഇനിയുള്ള ദിവസങ്ങളിൽ പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങൾ ഓരോന്നായി പുറത്തുവിടുന്നതാണ്.