ജ്ഞാനകീർത്തനങ്ങൾ-1854

കഴിഞ്ഞ ദിവസം നമ്മൾ 1879ലെ ജ്ഞാനകീർത്തനങ്ങൾ എന്ന പുസ്തകത്തിന്റെ സ്കാൻ പരിചയപ്പെട്ടു. അതിൽ യുസ്തൂസ് യോസഫ് മുതലായ ക്രൈസ്തവ പാട്ടെഴുത്തുകാരുടെ പാട്ടുകൾ ഉണ്ട് എന്ന് മനസ്സിലാക്കി. അതിലെ പല പാട്ടുകളും ഇപ്പൊഴും ഉപയോഗത്തിൽ ഉള്ളതും ആണ്.

ഇന്ന് നമ്മൾ പരിചയപ്പെടുന്നത് 1854ലെ ജ്ഞാനകീർത്തനങ്ങൾ എന്ന പേരിൽ, അക്കാലത്തെ ക്രൈസ്തവഗാനങ്ങൾ സമാഹരിച്ചിരിക്കുന്ന പുസ്തകത്തിന്റെ സ്കാൻ ആണ്. ഇത് 100 താളുകൾ മാത്രമുള്ള ചെറിയൊരു പുസ്തകമാണ്.

ജ്ഞാനകീർത്തനങ്ങൾ 1854
ജ്ഞാനകീർത്തനങ്ങൾ 1854

ജ്ഞാനകീർത്തനങ്ങൾ 1854

പുസ്തകത്തിന്റെ വിവരം:

  • പുസ്തകത്തിന്റെ പേര്: ജ്ഞാനകീർത്തനങ്ങൾ, രണ്ടാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1854
  • പ്രസ്സ്: CMS പ്രസ് കോട്ടയം

ഈ കാലഘട്ടം മലയാളക്രൈസ്തവ ഗാനങ്ങളെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണ്. നമ്മൾ പഴയ മലയാളം ക്രൈസ്തവ പാട്ടെഴുത്തുകാർ ആയി ഇന്ന് കരുതുന്ന യുസ്തൂസ് യോസഫ്, നാഗൽ സായിപ്പ്, മൊശവത്സലം, കൊച്ചു കുഞ്ഞുപദേശി തുടങ്ങിയ പ്രമുഖർ ഒക്കെ ജനിക്കുന്നതിനോ അല്ലെങ്കിൽ പാട്ടെഴുത്ത് തുടങ്ങുന്നതിനോ മുൻപൊ ഒക്കെ ഉള്ള കാലഘട്ടം ആണിത്. അതിനാൽ തന്നെ ഏറ്റവും പ്രാചീനമായ ചില മലയാളം പാട്ടുകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. ഇതിലെ മിക്ക പാട്ടുകളും ഇപ്പോൾ ഉപയോഗത്തിലില്ല. പിൽക്കാലത്ത് ഇതിലും മെച്ചപ്പെട്ട പാട്ടുകൾ വന്നപ്പോൾ ഈ ഗാനങ്ങൾ വിസ്മൃതിയിലായി പോയതാവണം. അതേ പോലെ പല പാട്ടുകളും ഇംഗീഷ് പാട്ടുകളുടെ നേർ തർജ്ജുമ ആണെന്ന് തോന്നുന്നു.

ഒന്ന് ഓടിച്ച് നോക്കിയിട്ട് ആകെ മൂന്ന് പാട്ടുകളെ ഇതിൽ നിന്ന് ഞാൻ കേട്ടിട്ടൂള്ളൂ.

  • 50മത്തെ താളിൽ ഉള്ള “ഭൂലോകത്തുള്ള സർവരെ….”. ഈ പാട്ട് ഇക്കാലത്ത് അല്ലറ ചില്ലറ വ്യത്യാസങ്ങളോടെ “ഭൂവാസികൾ സർവ്വരുമെ..” എന്ന് തുടങ്ങുന്നു. ഈ പാട്ട് ക്രൈസ്തവ ആരാധന തുടങ്ങുമ്പോൾ ഉള്ള പ്രാരംഭഗാനമായി ഇപ്പൊഴും പാടാറുള്ളതാണ്.
  • 62മത്തെ താളിൽ ഉള്ള “നിത്യനായ യഹോവായെ…”
  • 89മത്തെ താളിൽ ഉള്ള “ദൈവമെ നിൻ സ്നേഹത്തോടെ…”

ഈ പാട്ടുകൾക്കൊക്കെ 150 വർഷത്തിനുമേൽ പഴക്കം ഉണ്ട് എന്നത് പുതിയ അറിവായിരുന്നു.

പുസ്തകത്തിന്റെ ചില പ്രത്യേകതൾ

  • ഇതിനകം പല വട്ടം ബോദ്ധ്യപ്പെട്ട പോലെ, CMS പുസ്തകത്തിൽ അക്കാലത്ത് ചന്ദ്രക്കല ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. അതിനാൽ സംവൃതോകാരം അകാരന്തമായി എഴുതിയിരിക്കുന്നു. സന്ദർഭത്തിനനുസരിച്ച് സംവൃതോകാരസ്വരം ചേർത്ത് ഉച്ചരിക്കാൻ അന്നത്തെ ജനങ്ങൾക്ക് അറിയാവുന്നതിനാൽ അക്കാലത്ത് അത് പ്രശ്നം ആയിരുന്നില്ല.
  • “ഈ” കാരാന്തത്തിനായി പൂർണ്ണമായി മറ്റേ രൂപം ഉപയോഗിക്കുന്നു.
  • Malayalam ത്തിന്റെ സ്പെലിങ് അക്കാലത്തെ എല്ലാ CMS പുസ്തകങ്ങളും കാണുന്ന പോലെ Malayalim എന്നാണ്.

സ്കാൻ ചെയ്യാൻ കിട്ടിയ പുസ്തകത്തിന്റെ പ്രത്യേകത

പുസ്കത്തിന്റെ അവസാനം ഇങ്ങനെ ഒരു കുറിപ്പ് കാണുന്നു “This book belonged to Henry Baker Senior”.

Henry Baker Senior
Henry Baker Senior

ഹെൻറി ബേക്കർ സീനിയർ, ബെഞ്ചമിൻ ബെയി‌ലിയുടെ ഒക്കെ കോട്ടയത്ത് പ്രവർത്തനം ആരംഭിച്ച ആളും കോട്ടയം ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്നവരിൽ ഒരാളും ആണ് (ബെഞ്ചമിൻ ബെയിലിയും ഹെൻറി ബേക്കറും ആണ് മറ്റ് രണ്ട് പേർ). മാത്രമല്ല ഹെൻറി ബേക്കർ ജൂനിയറിന്റെ പിതാവും ആണ്.

ഡിജിറ്റൈസേഷന്റെ വിവരം

പുസ്തകത്തിന്റെ ഫോട്ടോ എടുക്കാൻ ബൈജു രാമകൃഷ്ണൻ സഹായിച്ചു.

പുസ്തകം കൂടുതൽ വിശകലനം ചെയ്യാനായി വിട്ടു തരുന്നു. പഴയ പാട്ടുകളെ പറ്റി പഠിക്കുന്നവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും.

ഡൗൺലോഡ് വിവരം

ഡൗൺലോഡ് കണ്ണി: https://archive.org/download/Jnanakeerthangal-1854/Jnanakeerthangal_1854.pdf (3 MB)

ഓൺലൈനായി വായിക്കാൻ: https://archive.org/stream/Jnanakeerthangal-1854/Jnanakeerthangal_1854#page/n0/mode/2up

ജ്ഞാനകീർത്തനങ്ങൾ-1879

മലയാള ക്രൈസ്തവ ഗാനങ്ങൾ

കേരളക്രൈസ്തവർ സുദീർഘവർഷത്തെ പാരമ്പര്യം അവകാശപ്പെടുന്നുണ്ടെങ്കിലും അത്ര പഴക്കം അവകാശപ്പെടാവുന്ന ക്രൈസ്തവകീർത്തനങ്ങൾ കണ്ടുകിട്ടിയിട്ടില്ല. അതിന്റെ ഒരു കാരണം കാലത്തെ അതിജീവിക്കുന്ന ഡോക്കുമെന്റേഷനുകളുടെ വരവുകളുടെ സമയത്ത് കേരളക്രൈസ്തവർ വിവിധ പ്രതിസന്ധികളിലൂടെ (ഉദാ: ഉദയം‌പേരൂർ സുനഹദൊസ്) കടന്നു പൊയി വിവിധ സഭകളായി ശിഥിലമായി പൊയി ആരാധനയുടെ ഭാഷയുടെ കാര്യത്തിൽ (സുറിയാനി, ലത്തീൻ, ഇംഗ്ലീഷ്, മലയാളം) ഏകരൂപം ഇല്ലാതായി പൊയതൊക്കെ ആവാം. അർണ്ണൊസ് പാതിരിയുടെ കാവ്യങ്ങളും ചവിട്ടുനാടകങ്ങളിലും മറ്റു ഉപയോഗിക്കുന്ന പാട്ടുകളും ഒക്കെ കാലത്തെ അതിജീവിച്ച് കടന്ന് വന്നിട്ടുണ്ടെങ്കിലും സാധാരണജനങ്ങൾ അവരുടെ ഭാഷയിൽ ആരാധകളിൽ ഉപയോഗിക്കുന്ന പാട്ടുകൾ അങ്ങനെ ഒന്നും കാണുന്നില്ല. ഇതിനു് മാറ്റമുണ്ടായത് സി.എം.എസ് മിഷനറിമാരുടെ വരവൊടെ ആണ്. അവർ ഇംഗ്ലീഷ് പാട്ടുകൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങി. ഇതിന്റെ ചുവട്പിടിച്ച് പിന്നീട് തനതായ മലയാള ഗാനങ്ങളും പിറന്ന് തുടങ്ങി. എന്നാൽ ഇതൊന്നും സഭാവ്യത്യാസമെന്യേ ജനങ്ങൾ ഉപയോഗിച്ചിരുന്നില്ല. അതിനു് വ്യത്യാസമമുണ്ടായത് വിദ്വാൻകുട്ടിയച്ചന്റെ (യുസ്തൂസ് യോസഫ്‌) പാട്ടുകളുടെ വരവൊടെ ആണ്. ക്രിസ്തീയകീർത്തനങ്ങൾ എന്ന പുസ്കത്തിന്റെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നത് പോലെ “മലയാളദേശത്ത് മലയാള ക്രൈസ്തവ ഗാനങ്ങൾക്ക് നിലയും വിലയും ഉണ്ടായത് വിദ്വാൻ കുട്ടിയച്ചന്റെ ഉണർവ്വുകാല ക്രൈസ്തവഗാനങ്ങൾ പ്രസിദ്ധി ആർജ്ജിച്ചതോടെ ആണ്”. അതിനു ശെഷം നാഗൽ സായിപ്പ്, മോശവത്സലം, മഹാകവി കെവി സൈമൺ, സാധു കൊച്ചു കുഞ്ഞു ഉപദേശി എന്നിവരുടെ ഒക്കെ പാട്ടുകൾ വന്നതോടെ മലയാളക്രൈസ്തവ ഗാനശാഖ വികസിച്ചു.

ജ്ഞാനകീർത്തനങ്ങൾ-1879

മലയാള ക്രൈസ്തവ ഗാനങ്ങളുടെ ലഘുചരിത്രം ആമുഖമായി പറയാൻ ഉള്ള കാരണം ഈ ചരിത്രവുമായി ബന്ധമുള്ള ഒരു പുസ്തകം നമുക്ക് ലഭിച്ചിരിക്കുന്നു എന്നതിലാണ്.

ജ്ഞാനകീർത്തനങ്ങൾ-1879
ജ്ഞാനകീർത്തനങ്ങൾ-1879

പുസ്തകത്തിന്റെ വിവരം:

  • പുസ്തകത്തിന്റെ പേര്: ജ്ഞാനകീർത്തനങ്ങൾ
  • പ്രസിദ്ധീകരണവർഷം: 1879
  • ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചത്: എം. മാത്തൻ കത്തനാർ
  • പ്രസ്: സിറിയൻ കോളേജ് പ്രസ്സ്, കോട്ടയം

സ്കാൻ ചെയ്യാനായി സഹായിച്ചത്: ബൈജു രാമകൃഷ്ണൻ

പുസ്കത്തിന്റെ ഉള്ളടക്കം

പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ക്രൈസ്തവ ആരാധനയുടെ ഭാഗമായി ഉപയോഗിക്കുന്ന ഗാനങ്ങൾ ആണ് പുസ്കത്തിന്റെ ഉള്ളടക്കം. കാലം 1879 ആയതിനാൽ മലയാളം തനത് ഗാനങ്ങൾ പിറവിയെടുക്കാൻ തുടങ്ങിയതിനാൽ അത്തരം പാട്ടുകളാണ് ഭൂരിപക്ഷവും. അതിൽ തന്നെ വിദ്വാൻ കുട്ടിയച്ചന്റെ പാട്ടുകൾ ആണ് കൂടുതലും. ഇപ്പോൾ ഉപയോഗത്തിലില്ലാത്ത (അതിനാൽ തന്നെ ആദ്യമായി കാണുന്നു) കുറച്ചധികം പാട്ടുകൾ ഇതിൽ കണ്ടു.

ലിപി പരമായ പ്രത്യേകതകൾ.

കാലം 1879 ആയതിനാൽ മലയാള അക്കങ്ങളുടെ ഉപയോഗം സമൃദ്ധം. അതെ പോലെ ചന്ദ്രക്കല സി.എം.എസ് പുസ്തകങ്ങൾ വന്നിട്ടില്ല. ചന്ദ്രക്കലയുമായി ബന്ധപ്പെട്ട ചരിത്രത്തിനു ചന്ദ്രക്കലയുടെ ചരിത്രം തെരഞ്ഞു പോയ കഥ എന്ന പൊസ്റ്റ് കാണുക.

സ്കാൻ ചെയ്യാൻ കിട്ടിയ പുസ്തകത്തിന്റെ പ്രത്യേകത

പുസ്കത്തിന്റെ മൂന്നാം താളിൽ ഒരു പ്രത്യേക കുറിപ്പുണ്ട്. അത് ഇങ്ങനെ പോകുന്നു:

മാത്തൻ കത്തനാർ - ബിഷപ്പ് ജോൺ സ്പീച്ചിലി
മാത്തൻ കത്തനാർ – ബിഷപ്പ് ജോൺ സ്പീച്ചിലി

കൊച്ചി തിരുവിതാംകൂർ സംസ്ഥാനങ്ങളുടെ എ.ബ: ലോർഡ് ബിഷോപ്പു സായ്‌വർകളുടെ സന്നിധിയിങ്കൽ ഈ ഗ്രന്ഥകർത്താവിനാൽ കാഴ്ച വൈയ്ക്കപ്പെട്ടതു

Revd. M. Mathen Cathanar
Edathoova

1880 ജൂലായ് 21ന്

എ.ബ: ലോർഡ് ബിഷോപ്പു സായ്‌വർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബിഷപ്പ് ജോൺ സ്പീച്ചിലിയെ ആണ്. ഇദ്ദേഹമാണ് ആംഗ്ലിക്കൻ സഭയുടെ കൊച്ചി-തിരുവിതാംകൂർ ഡയോസിസിന്റെ ആദ്യത്തെ ബിഷപ്പ്. ഗ്രന്ഥകർത്താവ് (മാത്തൻ കത്തനാർ) ഈ ബിഷപ്പിന് കൊടുത്ത സ്വകാര്യ കോപ്പിയാണ് നമുക്ക് ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയത്. അതിനാൽ ആ വിധത്തിൽ കൂടെ ഈ സ്കാനിനു ചരിത്രപരമായ പ്രത്യെകത ഉണ്ട്. മാത്രമല്ല ഗ്രന്ഥകർത്താവ് എം. മാത്തൻ കത്തനാർ എടത്വ കാരൻ ആണെന്ന് സൂചനകൂടെ ഈ കുറിപ്പിൽ നിന്ന് കിട്ടുന്നു.

കൂടുതൽ വിശകലനത്തിനായി പുസ്തകം നിങ്ങൾക്ക് വിട്ടു തരുന്നു. മലയാള ക്രൈസ്തവഗാനങ്ങളുടെ ചരിത്രം പഠിക്കുന്നവർക്ക് ഈ പുസ്തകം ഒരു മുതൽകൂട്ടാകും എന്ന് ഉറപ്പുണ്ട്.

ഡൗൺലോഡ് വിവരങ്ങൾ

ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ

(വളരെ നാളുകൾക്ക് ശേഷം പഴയ മലയാളപുസ്തകങ്ങളെ പറ്റിയുള്ള പോസ്റ്റുകൾ പുനഃരാംരംഭിക്കുകയാണ്. ഇതിനിടയ്ക്ക് ജോർജ്ജ് മാത്തന്റെ മലയാഴ്മയുടെ വ്യാകരണം അടക്കം പല പുസ്തകങ്ങളും ഡിജിറ്റൽ സ്കാൻ ഉണ്ടാക്കാൻ പങ്കാളി ആയിരുന്നെങ്കിലും പല തിരക്കുകൾ മൂലം അവയ്ക്കായി പ്രത്യേക പോസ്റ്റ് ഒന്നും ഇടാൻ കഴിഞ്ഞില്ല. അത് പരിഹരിക്കാനുള്ള ശ്രമം കൂടി ആണ് ഇത്.)

 

കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം എന്ന് ആധുനികകേരളത്തിൽ 1980 വരെയെങ്കിലും അറിയപ്പെട്ടിരുന്നത് 1829-ൽ ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം ബൈബിൾ (പുതിയ നിയമം) ആയിരുന്നു. ഈ കൃതിയുടെ സ്കാനിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇവിടെ ലഭ്യമാണ് (https://shijualex.in/malayalam_new_testament_benjamin_bailey/).

എന്നാൽ ഈ അറിവ് പുതുക്കപ്പെടേണ്ടി വന്നത് 1980 ജുൺ/ജൂലൈ മാസങ്ങളിൽ ആണ്.

1980 ജൂൺ 20 ആം തീയതി പത്രത്തിൽ വന്ന വാർത്ത കാണുക

mathrubhumi_1980_june20_news

(ഈ സമയത്ത് ജോർജ്ജ് ഇരുമ്പയം കാലിക്കറ്റ് സർവ്വകലാശാലയിൽ സുകുമാർ അഴീകോടിന്റെ കീഴിൽ ഗവേഷണം ചെയ്യുകയായിരുന്നു)

തുടർന്ന് 1980 ജൂലൈ 13നു മാതൃഭൂമി പത്രത്തിൽ ജോർജ് ഇരുമ്പയം എഴുതിയ “ഒന്നാമത്തെ അച്ചടി ഗ്രന്ഥം” എന്ന ലേഖനത്തിൽ ഇതു സംബന്ധിച്ച കുറച്ച്കൂടി വിശദാംശങ്ങൾ കാണാം. ബെഞ്ചമിൻ ബെയിലിയുടെ  1829ലെ ബൈബിൾ അല്ല, 1824-ൽ ബെഞ്ചമിൻ ബെയ്‌ലി തന്നെ ഇംഗ്ലീഷിൽ നിന്ന് പരിഭാഷ ചെയ്ത് കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിച്ച “ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ” എന്ന പുസ്തകമാണ് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം എന്ന് ജോർജ് ഇരുമ്പയം സ്ഥാപിച്ചു. മാതൃഭൂമിയിൽ 1980 ജൂലൈ 13നു വന്ന ജോർജ്ജ് ഇരുമ്പയത്തിന്റെ ലേഖനം താഴെ കൊടുക്കുന്നു.

irumpayam

 

ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിലെ കാറ്റലോഗ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വളരെ അവിചാരിതമായാണ് ഈ പുസ്തകം കണ്ടെത്തിയത് എന്ന് ജോർജ് ഇരുമ്പയം മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്. ഇതോടെ കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകത്തിന്റെ ചരിത്രം 5 വർഷം പുറകോട്ട് പൊയി. ഈ വിഷയത്തെ കുറിച്ച് കെ.എം. ഗോവി ഇങ്ങനെ പറയുന്നു (കെ.എം. ഗോവി:ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും,1998;109)

KM_Govi

 

ഇതിനു ശേഷം ജോർജ് ഇരുമ്പയം ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് പുസ്തകത്തിന്റെ നൂറോളം പേജുകൾ ഫോട്ടോ കോപ്പി ചെയ്ത് കൊണ്ട് വന്നു. (പുസ്തകം മൊത്തം ഫോട്ടോ കോപ്പി എടുക്കാനുള്ള ചെലവ് താങ്ങാൻ പറ്റാഞ്ഞത് കൊണ്ടാണ് അന്നത് മൊത്തം ഫോട്ടോ കോപ്പി ചെയ്യാഞ്ഞത് എന്ന് ഇരുമ്പയം എവിടെയോ പറഞ്ഞത് ഓർക്കുന്നു.)  അതിനെ തുടർന്ന് അദ്ദേഹം പുസ്തകത്തെ പറ്റി കൂടുതൽ ലേഖനങ്ങൾ എഴുതുകയും മറ്റും ചെയ്തിരുന്നു. അതിനു ശേഷം ഇന്ന് വരെയായി കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകമായി കരുതുന്നത് ബെഞ്ചമിൻ ബെയ്‌ലി പരിഭാഷ ചെയ്ത് 1824-ൽ കോട്ടയം പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിച്ച “ചെറു പൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീഷിൽ നിന്ന പരിഭാഷപ്പെടുത്തിയ കഥകൾ” ആണ്. മറിച്ചുള്ള തെളിവുകൾ ഒന്നും ഇതുവരെ കിട്ടിയിട്ടില്ല.

1980കളിൽ ജോർജ് ഇരുമ്പയം ഈ ലേഖനം എഴുതിയ കാലത്ത് കുറച്ചൊക്കെ ജനശ്രദ്ധ പതിഞ്ഞെങ്കിലും ഈ പുസ്തകത്തെ കുറിച്ച് കൂടുതൽ പഠിക്കാനോ ഒന്നും ആരും ശ്രദ്ധിച്ചില്ല. അങ്ങനെ അത് പതുക്കെ വിസ്മൃതിയിലായി. ഇതിനു മാറ്റം വരുന്നത് 1990കളുടെ അവസാനം ആണ്. ഇപ്പോൾ കോട്ടയം സി.എം.എസ് കോളേജ് പ്രൊഫസറും ബെഞ്ചമിൻ ബെയിലിയെ പറ്റിയുള്ള ഗവേഷണങ്ങളിൽ തല്പരനുമായ ഡോ. ബാബു ചെറിയാനാണ് ഈ പുസ്തകം പിന്നീട് ജനശ്രദ്ധയിൽ കൊണ്ടു വരുന്നത്.

അദ്ദേഹം ഇതിനായി അക്കാലത്ത് ഇംഗ്ലണ്ടിലെ മലയാളികൾക്ക് ഇടയിൽ സേവനം അനുഷ്ഠിച്ചിരുന്ന ഒരു പുരോഹിതന്റെ (റവ:ജോൺ ടി. ജോർജ്?) സഹായത്തോടെ ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് കൃതിയുടെ മൈക്രോ ഫിലിം സംഘടിപ്പിച്ചു. ആ മൈക്രോ ഫിലിം കോട്ടയത്തെ ചില പത്രസ്ഥാപനങ്ങളുടെ കൈയ്യിലുള്ള മൈക്രോഫിലിം റീഡർ ഉപയോഗിച്ച് ഓരോ പേജും നോക്കി അതിലെ ഉള്ളടക്കം വളരെ പതുക്കെ എഴുതിയെടുത്തുതിനു ശേഷം ഇതിലെ ഉള്ളടക്കവും ലിപികളുടെ കാര്യവും ഒക്കെ പരാമർശിച്ച് വിശദമായ ഒരു പഠനവും പുസ്തകത്തിന്റെ ഉള്ളടക്കവും ചേർത്ത് 2010-ൽ പ്രസിദ്ധീകരിച്ചു. പ്രഭാത് ബുക്ക് ഹൗസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അതിന്റെ കോപ്പികൾ ഇപ്പോൽ ലഭ്യമല്ല എന്നാണ് അറിയുന്നത്. എന്തായാലും ബാബു ചെറിയാൻ അയച്ച് തന്നതു മൂലം പുസ്തകത്തിന്റെ ഒരു പ്രതി എന്റെ കൈയ്യിൽ ഉണ്ട്.
ബാബു ചെറിയാന്റെ പുസ്തകത്തിൽ ആദ്യം ചെറുപൈതങ്ങളെ കുറിച്ചുള്ള പഠനവും അതിനു ശേഷം ചെറുപൈതങ്ങളുടെ ഉള്ളടക്കവുമാണ്. ബാബു ചെറിയാന്റെ പുസ്തകത്തിൽ ചെറു പൈതങ്ങളുടെ ചില താളുകളുടെ ചിത്രവും കൊടുത്തിട്ടുണ്ട്.

കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം എന്ന് കവർ പേജിൽ തന്നെ കൊടുത്തതിനാലാവാം പുസ്തകം മൊത്തമായി വിറ്റു പോയി എന്നാണ് അറിയാൻ കഴിഞ്ഞത് (ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം പുനഃപ്രസിദ്ധീകരിച്ചവർ വരുത്തിയ ഗംഭീര തെറ്റ് (https://shijualex.in/samkshepam-alphabethum-malabaricum/) എന്തായാലും ബാബു ചെറിയാൻ ചെയ്തില്ല. അത് കൊണ്ട് തന്നെ പുസ്തകം മൊത്തം വിറ്റു പൊയി).

കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും 1824ലെ പുസ്തകത്തിന്റെ സ്കാൻ പതിപ്പ് കാണാനും ഒറിജിനൽ പുസ്തകം എങ്ങനെ ആയിരുന്നു എന്ന് കാണാനും അധികം പേർക്ക് കഴിഞ്ഞില്ല. ഡോ. ജോർജ്ജ് ഇരുമ്പയവും, ഫിലിമിൽ ഓരോ പേജും സുസൂക്ഷം പരിശോധിച്ച ബാബു ചെറിയാനും അടക്കം വളരെ കുറച്ച് പേർ മാത്രമായിരിക്കണം ഒറിജിനൽ പുസ്തകം മൊത്തമായി കണ്ടത്. ഇനി ആ സ്ഥിതി മാറുകയാണ്. ബെയിലിയുടെ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് എല്ലാവർക്കുമായി ലഭ്യമാവുകയാണ്.

പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് ഇന്ന് (2014 February 08) ഉച്ചയ്ക്ക് 2 മണിക്ക് തൃശൂർ കേരളസാഹിത്യ അക്കാദമിയിൽ വെച്ച് പ്രകാശനം ചെയ്യും. ചടങ്ങിൽ ജോർജ് ഇരുമ്പയവും, ബാബു ചെറിയാനും പങ്കെടുക്കും.

ഈ ഡിജിറ്റൽ പതിപ്പ് ലഭ്യമാക്കാനായി എല്ലാവിധ മുൻകൈയും എടുത്തത് മാതൃഭൂമി ഓൺലൈനിലെ ശ്രീ. സുനിൽ പ്രഭാകർ ആണ്. പഴയ പുസ്തകങ്ങൾ തപ്പിയെടുക്കാൻ ശ്രമം ആരംഭിച്ചപ്പോൾ തന്നെ ചെറുപൈതങ്ങളുടെ സ്കാൻ പതിപ്പ് ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് സംഘടിപ്പിക്കാൻ ശ്രമിച്ചിരുന്നു. അതിനായി വിക്കിമീഡിയ യു.കെ. അടക്കം പലരും സഹായം തരാം എന്ന് പറഞ്ഞെങ്കിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് (ഉദാ: ജർമ്മനി) ഡിജിറ്റൽ സ്കാനുകൾ സംഘടിപ്പിക്കുന്നത് പോലെ എളുപ്പമല്ല യു.കെ.യിലെ കാര്യം മനസ്സിലാക്കി. അതിനാൽ അതിനുള്ള ശ്രമം ഉപേക്ഷിച്ചു.

പിന്നീടാണ് ബാബു ചെറിയാന്റെ കൈയിലുള്ള മൈക്രോഫിലിമിലേക്ക് ശ്രദ്ധതിരിയുന്നത്. മൈക്രോ ഫിലിം കോപ്പി ഉപയോഗിച്ച് ഡിജിറ്റൽ പതിപ്പ് ഉണ്ടാക്കാം എന്ന ആശയം സുനിൽ പ്രഭാകർ മുൻപോട്ട് വെച്ചപ്പോൾ തന്നെ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ബാബു ചെറിയാൻ വന്നു.

സുനിൽ പ്രഭാകർ ആ മൈക്രോ ഫിലിം ചെന്നെയിലെ റോജാ മുത്തയ്യ ലൈബ്രറിയിലേക്ക് അയക്കുകയും അവരുടെ സഹായത്തൊടെ ഡിജിറ്റൽ പതിപ്പ് നിർമ്മിക്കുകയും ചെയ്തു. പ്രസ്തുത പതിപ്പിൽ നിന്നുള്ള  ഒരു താൾ ഇവിടെ പങ്ക് വെക്കുന്നു.

baily 5

 

സാഹിത്യ അക്കാദമിയിൽ നടന്ന പരിപാടി സംബന്ധിച്ച് ഫെബ്രുവരി 9ലെ മാതൃഭൂമിയിൽ വന്ന വാർത്ത താഴെ കൊടുക്കുന്നു.

mathrubhumi_news

ചെറുപൈതങ്ങളെ കണ്ടെത്തിയതിനെ  പൊതുവായും, മാതൃഭൂമി   വാർത്തയിൽ കടന്നു കൂടിയ ചില തെറ്റുകളെ പറ്റിയും  ജോർജ്ജ് ഇരുമ്പയത്തിന്റെ വിശദീകരണം മാതൃഭൂമിയിലെ “വായനക്കാർക്കുള്ള കത്തിൽ”.

irumbaayam_letter

മൈക്രോ ഫിലിമിൽ നിന്ന് നിർമ്മിച്ച പതിപ്പ് ഇവിടെ നിന്ന് ലഭിക്കും: https://archive.org/details/Cherupaithangal

ജോർജ് ഇരുമ്പയത്തിന്റെ ലേഖനങ്ങളിലും ബാബു ചെറിയാന്റെ പഠനത്തിലും ഈ പുസ്തകത്തെ വിശദമായി വിലയിരുത്തുന്നുണ്ട്.

ഈ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പൊതുജനങ്ങൾക്കായി എത്തിക്കാൻ എല്ലാവിധ ശ്രമവും ഏകോപ്പിച്ച സുനിൽ പ്രഭാകറിനു പ്രത്യേക നന്ദി.