ബാലമിത്രം – ഒരു ബാലകീയ മാസിക – 1941ഡിസംബർ

ആമുഖം

1941ലെ പ്രസിദ്ധീകരണം ആയതിനാൽ പിന്നീട് ചെയ്യാനായി മാറ്റി വെച്ച ഒരു കൃതിയാണ് ബാലമിത്രം. എങ്കിലും ഈ കൃതി ഇപ്പോൾ പെട്ടെന്ന് ഡിജിറ്റൈസ് ചെയ്തത് ഡിജിറ്റൈസിങ് സഹകാരിയായ ബൈജു രാമകൃഷ്ണന്റെ താല്പര്യത്താലാണ്.  ഡിജിറ്റൈസ് ചെയ്യാനായി ഞങ്ങളുടെ കൈയ്യിൽ കിട്ടിയത് ഈ പ്രസിദ്ധീകരണത്തിന്റെ വിവിധ പതിപ്പുകൾ കൂട്ടി ചേർത്ത് ബൈന്റ് ചെയ്ത ഒരു വലിയ പുസ്തകമാണ്. അതിലെ ഒരു പതിപ്പ് മാത്രമാണ് ഇപ്പോൾ പുറത്ത് വിടുന്നത്. ബാക്കിയുള്ളവ പുറകാലേ വിടാം എന്ന് കരുതുന്നു.

പുസ്തകത്തിന്റെ വിവരം

പേര്: ബാലമിത്രം
പതിപ്പ്: 1941 ഡിസംബർ പതിപ്പ്
താളുകൾ: 28
പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം

ബാലമിത്രം-1941-ഡിസംബർ പതിപ്പ്
ബാലമിത്രം-1941-ഡിസംബർ പതിപ്പ്

ഉള്ളടക്കം

ബാലമിത്രം എന്ന പ്രസിദ്ധീകരണത്തിന്റെ പ്രസിദ്ധീകരണ ചരിത്രം വിക്കിപീഡിയയിലും മറ്റും തിരഞ്ഞു എങ്കിലും കണ്ടില്ല. പേരു സൂചിപ്പിക്കുന്നത് പോലെ ഇതൊരു ബാല പ്രസിദ്ധീകരണം ആണ്. മലയാളത്തിലെ ആദ്യകാല ബാലമാസികകളിൽ ഒന്ന് എന്ന് പറയാം.  അതിന്റെ 1941 ഡിസംബർ ലക്കത്തിന്റെ സ്കാൻ ആണ് ഇവിടെ പങ്കു വെക്കുന്നത്. CMSന്റെ ബാലപ്രസിദ്ധീകരണമായ Treasure Chestന്റെ മലയാളം പതിപ്പാണ് ഇതെന്ന് രണ്ടാമത്തെ താളിൽ നിന്ന് മനസ്സിലാക്കാം. ഒരു കോപ്പിക്ക് എത്ര വില എന്നു കാണിച്ചിട്ടില്ല. എന്നാൽ ഒരു വർഷത്തേക്ക് ഒരു രൂപ ആണ് വിലയെന്ന് രണ്ടാമത്തെ താളിൽ കൊടുത്തിട്ടൂണ്ട്.

ഉള്ളടക്കത്തിൽ വിവിധ വിഷയങ്ങളിൽ ഉള്ള ചെറു ലേഖനങ്ങൾ കാണുന്നു. പ്രമുഖവ്യക്തികളുടെ ജീവചരിത്രം, കഥകൾ, ഭൂമിശാസ്ത്രലേഖനങ്ങൾ, കൊച്ചുകുഞ്ഞിനെ വായിച്ചു കേൾപ്പിക്കാനുള്ള കഥ തുടങ്ങി വിവിധ തരത്തിലുള്ള ലെഖനങ്ങൾ ഇതിൽ കാണാം. കഞ്ചാവുചെടിയെ കുറിച്ച് വിശദമായ ഒരു ലെഖനം കണ്ടത് കൗതുകമായി തോന്നി.

ബാലമിത്രം-1941-ഡിസംബർ - പേജ് 14
ബാലമിത്രം-1941-ഡിസംബർ – പേജ് 14

ഡൗൺലോഡ്

ഈ കൃതി ഡിജിറ്റൈസ് ചെയ്യാൻ സഹായിച്ചത് പതിവുപോലെ ബൈജു രാമകൃഷ്ണൻ ആണ്.

സ്കാനിലേക്കുള്ള ലിങ്ക് ഇവിടെ https://archive.org/details/balamithram-vol-18-issue-1

മലയാഴ്മയുടെ വ്യാകരണം – 1863

ആമുഖം

കുറച്ച് നാൾ മുൻപ് പുറത്ത് വിട്ടതും, എന്നാൽ പുസ്തകത്തെ പറ്റിയോ, പുസ്തകം കണ്ടെത്തിയ വിധത്തെ പറ്റിയോ, സ്കാൻ ചെയ്തതിനേ പറ്റിയോ, ഒന്നും പറയാൻ പറ്റാതിരുന്ന ഒരു പുസ്തകത്തിന്റെ സ്കാൻ ആണ് ഇന്ന് പങ്ക് വെക്കുന്നത്. പുസ്തകം ഡിജിറ്റൈസ് ചെയതതിന്റെ മെറ്റാ ഡാറ്റ ഡോക്കുമെന്റ് ചെയ്യപ്പെടാതെ ഇരിക്കരുത് എന്നതിനലാണ് വൈകിയാണെങ്കിലും ഈ പോസ്റ്റ് ഇടുന്നത്.

ഇത്തവണ  പങ്ക് വെക്കുന്ന സ്കാൻ റവ: ജോർജ്ജ് മാത്തന്റെ മലയാഴ്മയുടെ വ്യാകരണം ആണ്.

പുസ്തകത്തിന്റെ വിവരം

  • പേര്: മലയാഴ്മയുടെ വ്യാകരണം/A Grammar of Malayalim in the language itself
  • രചയിതാവ്: റവറന്തു മാത്തൻ ഗീവർസീസു എന്ന നാട്ടു പാദ്രി, Rev. George Matthan of the C.M. Society
  • പ്രസിദ്ധീകരണ വർഷം: 1863
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
മലയാഴ്മയുടെ വ്യാകരണം
മലയാഴ്മയുടെ വ്യാകരണം

എ.ഡി. ഹരിശർമ്മയുടെ ഗ്രന്ഥശേഖരം

ആദ്യം തന്നെ പുസ്തകം ലഭ്യമാകാൻ കാരണമായ കഥ പറയാം. അതിനു നമ്മൾ എ.ഡി ഹരിശർമ്മയൊട് കടപ്പെട്ടിരിക്കുന്നു. അതിന്റെ വിവരത്തിലേക്ക്.

പഴയ പുസ്തകങ്ങൾ തപ്പിയുള്ള യാത്രയിൽ കണ്ടത്തിൽ വർഗീസുമാപ്പിള്ളയെ പറ്റി എ.ഡി. ഹരിശർമ്മ എഴുതിയ ഒരു പുസ്തകം കേരള സാഹിത്യ അക്കാദമി ഓൺലൈൻ ഗ്രന്ഥശേഖരത്തിൽ നിന്ന് കിട്ടിരുന്നു. ചന്ദ്രക്കല പ്രബന്ധം എഴുതുന്നതിനു് അവലംബമായി തീർന്ന ഒരു പുസ്തകം ആയിരുന്നു എ.ഡി. ഹരിശർമ്മ എഴുതിയ കണ്ടത്തിൽ വർഗീസുമാപ്പിള്ള. ഹരിശർമ്മയുടെ ആ ഒരു പുസ്തകത്തിൽ നിന്ന് തന്നെ അദ്ദേഹം അച്ചടി ചരിത്രവും മറ്റു അനുബന്ധ വിഷയങ്ങളിലും നല്ല അറിവുള്ള ആളായിരുന്നു എന്ന് മനസ്സിലായി. അങ്ങനെ ആണ് ഹരിശർമ്മയെ പറ്റി കൂടുതൽ വിവരങ്ങൾ തപ്പി പോകാൻ ഇടയായത്. ഹരിശർമ്മയെ പറ്റിയുള്ള മലയാളം വിക്കിപീഡിയ ലേഖനം ഇങ്ങനെ പറയുന്നു

കൊങ്കിണി മാതൃഭാഷയായിട്ടുള്ള, സംസ്‌കൃതപണ്ഡിതനും സാഹിത്യകാരനും ജീവചരിത്രകാരനുമായിരുന്നു എ.ഡി. ഹരിശർമ്മ. 1893 ഓഗസ്റ്റ് 21-ന് (കൊല്ലവർഷം 1069 ചിങ്ങം 7) കൊച്ചിയിലെ വൈപ്പിൻകരയിലെ പള്ളിപ്പുറത്താണ് ജനിച്ചത്. അച്ഛൻ അമ്പലപ്പറമ്പ് ദാമോദരഷേണായി, അമ്മ ലക്ഷ്മീഭായി. 1915-ൽ സഹോദരൻ ആർ.സി. ശർമയുമൊരുമിച്ച് തിരുവനന്തപുരത്ത് ചെന്ന് സംസ്കൃതം മുൻഷിപ്പരീക്ഷയും കൊച്ചി സർക്കാരിന്റെ പണ്ഡിറ്റ് പരീക്ഷയും മദ്രാസ് സർവകലാശാലയുടെ വിദ്വാൻ പരീക്ഷയും ജയിച്ചു. ഇരുപത്തെട്ടാം വയസ്സിലായിരുന്നു വിവാഹം. ദേവി കെ.ലക്ഷ്മീഭായി ആയിരുന്നു വധു. അമ്പതുവർഷക്കാലം മലയാളഭാഷയേയും സാഹിത്യത്തേയും പോഷിപ്പിക്കുന്നതിനു പ്രയത്നിച്ച ഹരിശർമയുടെ വിശ്രുതരചനകളെല്ലാം പുറത്തുവന്നത് വിവാഹാനന്തരമാണ്. 1972 സെപ്റ്റംബർ 12-നാണ് അദ്ദേഹം അന്തരിച്ചത്.

അദ്ദേഹത്തെ പറ്റി കൂടുതൽ തിരഞ്ഞപ്പോൾ വളരെയധികം പഴയ പുസ്തകങ്ങൾ പലതും അദ്ദേഹം ശേഖരിച്ചിരുന്നു എന്ന് മനസ്സിലായി. അങ്ങനെ തപ്പി തപ്പി പോയി അവസാനം ഹരിശർമ്മയുടെ ഗ്രന്ഥശെഖരത്തിലെ വളരെ ചെറിയ ഒരു ഭാഗം ഒരു സ്ഥലത്ത് ഉണ്ടെന്ന് അറിഞ്ഞു. അത് മനസ്സിലായപ്പോൾ തന്നെ മാതൃഭൂമിയിലെ സുനിൽ പ്രഭാകറിനോട് ഇക്കാര്യത്തിൽ സഹായമഭ്യർത്ഥിച്ചു. സുനിൽ പ്രഭാകറും പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിൽ ദത്തശ്രദ്ധനായ ആളായതിനാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി. അങ്ങനെ സുനിൽ പ്രഭാകർ, ഹരിശർമ്മയുടെ ഗ്രന്ഥശേഖരത്തിൽ നിന്ന് തപ്പിയെടുത്ത്, സ്കാൻ ചെയ്ത്, പ്രൊസസ് ചെയ്ത്, ഡിജിറ്റൈസ് ചെയ്ത പുസ്തകം ആണ് ഇന്ന് നിങ്ങളുടെ ഡിജിറ്റൽ കോപ്പി ആയി വന്നിരിക്കുന്ന മലയാഴ്മയുടെ വ്യാകരണം. ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിനു് എല്ലാ വിധ സഹായവും ചെയ്ത സുനിൽ പ്രഭാകറിന് നന്ദി.

മലയാഴ്മയുടെ വ്യാകരണത്തെ പറ്റി അല്പം

ഒരു മലയാളി എഴുതി, അച്ചടിപ്പിച്ച് പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള വ്യാകരണ ഗ്രന്ഥമായി മലയാഴ്മയുടെ വ്യാകരണത്തെ വിശേഷിപ്പിക്കാം. റവ ജോർജ്ജ് മാത്തൻ എന്ന ചർച്ച് മിഷൻ സൊസൈറ്റി പുരോഹിതൻ ആണ് ഇതിന്റെ രചയിതാവ്. ഒരു പക്ഷെ സാമ്പത്തിക ക്ലേശം ഇല്ലാതിരുന്നു എങ്കിൽ മലയാളത്തിലെ അച്ചടിച്ച ആദ്യത്തെ വ്യാകരണഗ്രന്ഥം ഇതാകുമായിരുന്നു. കാരണം ഗുണ്ടർട്ടിന്റെ മലയാളഭാഷാവ്യാകരണം (1851) പ്രസിദ്ധീകരിക്കുന്നതിനു മുൻപു തന്നെ ഈ ഗ്രന്ഥം എഴുതി പൂർത്തിയാക്കി അച്ചടിക്കായി നൽകിയിരുന്നു എങ്കിലും സാമ്പത്തിക ക്ലേശം മൂലം അക്കാലത്ത് ഇത് പുറത്തിറക്കാൻ സാധിച്ചില്ല എന്ന് അദ്ദേഹം ഇതിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.

പിൽക്കാലത്ത് മലയാളവ്യാകരണം എഴുതിയവർക്ക് ഒന്നും ജോർജ്ജ് മാത്തന്റെ വ്യാകരണത്തെപറ്റി പറയാതിരിക്കാൻ ആയില്ല. ഏ ആർ രാജരാജ വർമ്മ പിൽക്കാലത്ത് കേരളപാണിനീയം രചിച്ചപ്പോഴും അദ്ദേഹത്തിന് സഹായകമായി തീർന്ന ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ജോർജ്ജ് മാത്തന്റെ മലയാഴ്മയുടെ വ്യാകരണത്തെ ശ്ലാഘിച്ചിട്ടുണ്ട്.

സംവൃതോകാരത്തിന്റെ പ്രാധാന്യം ജോർജ്ജ് മാത്തൻ വേർതിരിച്ച് എടുക്കുക മാത്രമല്ല അത് സൂചിപ്പിക്കാൻ പ്രത്യേക ചിഹ്നം ഉപയോഗിക്കണം എന്നും അദ്ദേഹം പറയുന്നു. എന്നാൽ ഈ പുസ്തകത്തിൽ അച്ചിന്റെ അഭാവം മൂലം തമിഴുരീതിയിൽ ഉകാരം ഉപയൊഗിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

മലയാഴ്മയിൽ അർധാച്ചു എന്നു പേരായിട്ടു ഒരു ശബ്ദം ഉണ്ടു. അതു അകാരത്തിന്നും എകാരത്തിന്നും മധ്യെ ഒരു ശബ്ദമാകുന്നു. അതു മൊഴികളുടെ ആദ്യത്തിൽ വരുന്നതല്ലായ്കകൊണ്ടു അതിനു വിശേഷാൽ എഴുത്തില്ലാതെയും മൊഴികളുടെ അന്ത്യത്തിൽ വരുന്നതാകകൊണ്ടു അപ്പോൾ ചിലരാൽ അകാരത്തെക്കൊണ്ടും ചിലരാൽ ഉകാരത്തെക്കൊണ്ടും അടയാളപ്പെട്ടും ഇരിക്കുന്നു. എന്നാൽ ഈ ശബ്ദത്തെ പ്രത്യേകം അടയാളപ്പടുത്തുവാൻ ഉള്ളതാകുന്നു എങ്കിലും ആയതു അച്ചടിയിൽ സാധിക്കുന്നതിനു പ്രയാസമാകയാൽ ഈ പുസ്തകത്തിൽ തമിഴുരീതി പ്രകാരം ഉകാരാന്തം കൊണ്ടു കുറിക്കപ്പട്ടിരിക്കുന്നു….

അതേ പോലെ യെ കാണിക്കാനും അച്ചില്ലാത്ത് മൂലം വേറൊരു ചിഹ്നം അദ്ദേഹം ഉപയോഗിക്കുന്നുണ്ട്.

ഗുണ്ടർട്ടും കൂട്ടരും സംവൃതോകാരത്തിനായി ചന്ദ്രക്കല ഉപയോഗിക്കുന്ന കാര്യം അദ്ദേഹം സൂചിപ്പിക്കുന്നു എങ്കിലും അതിന്റെ കാര്യം കൂടുതൽ പറഞ്ഞു കാണുന്നില്ല.

പുസ്തകം കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി പങ്ക് വെക്കുന്നു

ഡൗൺലോഡ് വിവരം

ഈ പുസ്തകത്തിന്റെ പല തരത്തിലുള്ള ഔട്ട് പുട്ട് ലഭ്യമാണ്.

 

ഘാതകവധം-1877

ആമുഖം

ഇന്ന് നമ്മൾ ഒരു വിശേഷപ്പെട്ട പുസ്തകത്തിന്റെ സ്കാൻ ആണ് പരിചയപ്പെടാൻ പോകുന്നത്. മലയാളത്തിലെ ആദ്യത്തെ നോവൽ ഏത് എന്നതിനെ പറ്റി നിരവധി ലേഖനങ്ങളും കാണാം. മലയാള നോവൽ ചരിത്രത്തിൽ ഇടംപിടിച്ച ചില ആദ്യകാല നോവലുകൾ പ്രസിദ്ധീകരണ വർഷം അനുസരിച്ച് താഴെ പറയുന്നവ ആണ്.

  • ഫുല്‍മോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ (1858) (ഒരു ബംഗാളി നോവലിന്റെ മലയാളം പരിഭാഷ) – ജോസഫ് പീറ്റ് മലയാളത്തിലേക്ക് പരിഭാഷ ചെയ്തു
  • ഘാതകവധം (1877) കൊളിൻസ് മദാമ്മയുടെ (The Slayer Slain എന്ന ഇംഗ്ലീഷ് നോവൽ  റിച്ചാർഡ് കോളിൻസ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി)
  • പുല്ലേലിക്കുഞ്ചു (1882) ആർച്ച് ഡീക്കൻ കോശി
  • കുന്ദലത (1887) അപ്പു നെടുങ്ങാടിയുടെ
  • ഇന്ദുലേഖ (1889) ചന്തുമേനോൻ

ഇത് കൂടാതെ ഈ കാലഘട്ടത്തിൽ തന്നെ ഇറങ്ങിയ വേറെ ചില മലയാളനോവലുകളും  ഉണ്ട്. ഉദാഹരണമായി 1858ൽ ജോസഫ് പീറ്റ് പരിഭാഷപ്പെടുത്തിയ ബംഗാളി നോവൽ ഫുൽമോനിയും കോരുണയും,   1883ല്‍ മുഹ്‌യിദ്ദീന്‍ബ്‌നു മാഹിന്റെ ചാര്‍ദര്‍വേശ്, 1887ല്‍ പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതിവിജയം  തുടങ്ങിയ നോവലുകൾ. ഇതൊന്നും നോവൽ ചരിത്ര ചർച്ചയിൽ എന്ത് കൊണ്ട് ഇടം പിടിക്കുന്നില്ല എന്നത് പരിശോധിക്കേണ്ടതാണ്.  തൽക്കാലം ആ വിഷയം വിട്ട് നമുക്ക് കിട്ടിയ നോവലിന്റെ സ്കാൻ വിശകലനം ചെയ്യാം.

ഘാതകവധം

മുകളീലെ ലിസ്റ്റിൽ പ്രസിദ്ധീകരണവർഷം അനുസരിച്ച് ആദ്യ കാല മലയാളം നോവലുകളിൽ ഒന്ന് ഘാതകവധം ആണെന്ന് മുകളിൽ നിന്ന് മനസ്സിലാകുമല്ലോ. ഈ നോവലിന്റെ സ്കാൻ ആണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്.

പുസ്തകത്തിന്റെ വിവരം

  • പേര്: ഘാതകവധം
  • രചയിതാവ്: കോളിൻസ് മദാമ്മ/റിച്ചാർഡ് കോളിൻസ്
  • പ്രസിദ്ധീകരണ വർഷം: 1877
  • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം

ghathakavadham

മലയാളം വിക്കിപീഡിയയിലെ ഘാതകവധത്തെ പറ്റിയുള്ള ലേഖനം ഇങ്ങനെ പറയുന്നു.

മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണ് 1877-ൽ പുറത്തിറങ്ങിയ ഘാതകവധം. സി.എം.എസ്. മിഷണറി പ്രവർത്തകയായിരുന്ന കോളിൻസ് മദാമ്മ ഇംഗ്ലീഷിൽ രചിച്ച Slayer Slain എന്ന നോവൽ അവരുടെ ഭർത്താവും കോട്ടയം സി.എം.എസ്. കോളേജിന്റെ പ്രിൻസിപ്പലുമായിരുന്ന റിച്ചാർഡ് കോളിൻസാണ് ഘാതകവധം എന്ന പേരിൽ മലയാളത്തിലേക്ക് മാറ്റിയത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിതരീതികൾ പ്രതിപാദിക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ഈ കൃതിയിലെ മുഖ്യവിഷയം സ്ത്രീധനമാണ്.

സ്ലെയർ സ്ലൈൻ (ഇംഗ്ലീഷ്: Slayer Slain) എന്ന പേരിൽ ഇംഗ്ലീഷ് ഭാഷയിലാണ് 1859-ൽ കോളിൻസ് മദാമ്മ ഇത് എഴുതിത്തുടങ്ങിയത്. അവരുടെ മരണശേഷം ഭർത്താവായ റിച്ചാർഡ് കോളിൻസ് ഇത് എഴുതിപ്പൂർത്തിയാക്കുകയും 1864-ൽ കോട്ടയം സെമിനാരിയിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന വിദ്യാസംഗ്രഹം എന്ന മാസികയിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു 1877-ൽ ഘാതകവധം എന്ന പേരിൽ മലയാളപരിഭാഷയും റിച്ചാർഡ് കോളിൻസ് പുറത്തിറക്കി.

ഇതിൽ നിന്ന് ഘാതകവധത്തെ പറ്റിയുള്ള വൈജ്ഞാനിക വിവരങ്ങൾ ഒക്കെ കിട്ടുമല്ലോ.

പുസ്തകത്തിന്റെ പ്രത്യേകത

സ്കാൻ ചെയ്യാൻ കിട്ടിയ പുസ്തകം മൊശം സ്ഥിതിയിൽ ആയിരുന്നു. കവർ പേജ്, ടൈറ്റീൽ പേജ് തുടങ്ങി ഫ്രന്റ് മാറ്റർ ഒന്നും തന്നെ പുസ്തകത്തിനു് ഇല്ലായിരുന്നു. ഉള്ളടക്കത്തിന്റെ തുടക്കം തൊട്ടുള്ള താളുകളേ ഞങ്ങൾക്ക് കിട്ടിയ പുസ്തകത്തിൽ ഉണ്ടായിരുന്നുള്ളൂ.

പുസ്കത്തിൽ പേജുകളുടെ നമ്പറിങ് അത്ര ക്രമമല്ല. അതിന്റെ പ്രധാന കാരണം പുസ്തകത്തിന്റെ ഇടയ്ക്കുള്ള ചിത്രങ്ങൾ ആണ്. ചിത്രങ്ങൾ മിക്കവാറും ഒക്കെ ഒറ്റ താളായാണ് കൊടുത്തിരിക്കുന്നത്. ചില സ്ഥലത്ത് ഇത് പേജ് നമ്പറിങിൽ കൂട്ടിയിട്ടൂണ്ട്. ചിലയിടത്ത് അത് ഇല്ല. അതിനാൽ പേജ് നമ്പറിങ് ക്രമമല്ല എന്ന് മനസ്സിലാകും. പുസ്തകത്തിന് ഏകദേശം 100 താളുകൾ ആണുള്ളത്.

കോട്ടയം സി.എം.എസ് പ്രസ്സിൽ അച്ചടിച്ച ഈ പുസ്തകത്തിൽ സംവൃതോകാരം സൂചിപ്പിക്കാൻ ഉകാരം ഉപയൊഗിച്ചതാണ് അച്ചടിയുടെ പ്രത്യേക ആയി കണ്ടത്. ചന്ദ്രക്കല 1877ലും സി.എം.എസ് പ്രസ്സിൽ എത്തിയിട്ടില്ല എന്ന് ഒരിക്കൽ കൂടെ വ്യക്തമാകുന്നു.

പുസ്തകത്തിലെ ചിത്രങ്ങൾ വിശെഷപ്പെട്ടതായി തോന്നി. അതിനാൽ ചിത്രങ്ങൾക്ക് അതിന്റെ പ്രാധാന്യം നിലനിർത്താൻ ഗ്രേസ്കെയിലിൽ ആണ് പ്രോസസ് ചെയ്തത്. അക്കാലത്തെ കേരളക്രൈസ്തവ സമൂഹത്തിന്റെ നേർ കാഴ്ച  ചിത്രങ്ങളിലൂടെ (നോവലിലൂടെ മാത്രമല്ല) വെളിവാകുന്നുണ്ട്.

പുലയപ്പള്ളി
പുലയപ്പള്ളി

പുസ്തകം സ്കാൻ ചെയ്യാനായി പതിവ് പോലെ ബൈജു രാമകൃഷ്ണൻ സഹായിച്ചു. അദ്ദേഹത്തിന് പ്രത്യേക നന്ദി.

കൂടുതൽ പഠനത്തിനും വിശകലനത്തിനുമായി പുസ്കത്തിന്റെ സ്കാൻ വിട്ടു തരുന്നു.

ഡൗൺലോഡ് വിവരം