പുതിയ നിയമം – സമ്പൂർണ്ണം – ബെഞ്ചമിൻ ബെയിലി

ഒരു കാലത്ത് മലയാളത്തിലെ ആദ്യത്തെ അച്ചടി പുസ്തകം (കേരളത്തിൽ അച്ചടിച്ചത്) എന്ന് കരുതപ്പെട്ടിരുന്ന 1829ൽ പ്രസിദ്ധീകരിച്ച പുസ്തകമടക്കം, ബെഞ്ചമിൻ ബെയിലിയുടെ മലയാളം ബൈബിൾ (പുതിയ നിയമം) പരിഭാഷയുടെ വിവിധ പതിപ്പുകൾ ആണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്.

ബെഞ്ചമിൻ ബെയിലിയുടെ മലയാളം ബൈബിൾ പരിഭാഷകളുടെ ഏറ്റവും പഴയ പതിപ്പുകളുടെ സ്കാനുകൾ രണ്ടെണ്ണം ഇതിനകം നമുക്ക് കിട്ടുകയും അത് പരിചയപ്പെടുത്തുകയും ചെയ്തിരുന്നല്ലോ. ഇതിനകം കിട്ടിയ മലയാളം ബൈബിൾ സ്കാനുകൾ താഴെ പറയുന്നവ ആണ്

  • 1834 – പുതിയ നിയമം – (നാലു സുവിശേഷങ്ങളും അപ്പൊസ്തൊല പ്രവർത്തികളും മാത്രം) – ഇതിനെ പരിചയപ്പെടുത്തി എഴുതിയ ബ്ലോഗ് പൊസ്റ്റ് ഇവിടെ https://shijualex.in/bailey_bible_new_testament_second_edition_1834/
  • 1839 – സങ്കീർത്തനങ്ങളുടെ പുസ്തകം – ഇതിനെ പരിചയപ്പെടുത്തി എഴുതിയ ബ്ലോഗ് പൊസ്റ്റ് ഇവിടെ – https://shijualex.in/book_of_psalms-1839/

ഇപ്പോൾ ഇതാ ബെയിലിയുടെ കാർമ്മികത്തിൽ പരിഭാഷപ്പെടുത്തിയ മലയാളം ബൈബിൾ പുതിയ നിയമം മുഴുവനുമായി നമുക്ക് കിട്ടിയിരിക്കുന്നു. അതും മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇറങ്ങിയ പതിപ്പുകൾ ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഈ മൂന്നു പതിപ്പിനേയും നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.

വളരെയധികം വേറെ പുസ്തകങ്ങൾ പരിചയപ്പെടുത്തേണ്ടതു കൊണ്ടും ഈ വിഷയത്തിലുള്ള അറിവ് പരിമിതമായതിനാലും വെറും ഉപരിപ്ലവമായതും എന്റെ ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽ പെട്ടതും ആയ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ഞാൻ ഈ പോസ്റ്റിൽ കൈകാര്യം ചെയ്യുന്നുള്ളൂ. ബാക്കി ഈ പുസ്തകങ്ങളെ ഗഹനമായി വിശകലനം ചെയ്ത് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ഈ വിഷയത്തിൽ താല്പര്യമുള്ള വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമല്ലാതിരുന്ന മലയാളപൊതുസഞ്ചയ പുസ്തകങ്ങളുടെ സ്കാനുകൾ നിങ്ങൾക്ക് ലഭ്യമാക്കുക എന്ന അടിസ്ഥാനകർത്തവ്യം നിർവ്വഹിക്കുക മാത്രമാണ് എന്റെ ഉദ്ദേശം. അതിനപ്പുറത്ത് ഈ സൗകര്യത്തെ ഉപയോഗപ്പെടുത്തേണ്ടത് ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയത്തിൽ താല്പര്യമുള്ള നിങ്ങളൊരുത്തരുമാണ്.

ഇനി എനിക്ക് ലഭിച്ച സ്കാനുകളെ പരിചയപ്പെടാം.

പുസ്തകം ഒന്ന് – 1829-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം (സമ്പൂർണ്ണം)

1824-ലാണ് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകം ആയ (എന്ന് ഇന്ന് കരുതപ്പെടുന്ന) ചെറു പൈതങ്ങൾ വരുന്നത്. അതിനു ശേഷം 1829-ൽ ആണ് ബൈബിൾ പുതിയ നിയമം വരുന്നത്.

ജോർജ്ജ് ഇരുമ്പയം ചെറുപൈതങ്ങൾ എന്ന ഒരു പുസ്തകം ഉണ്ട് എന്ന്  ഉപന്യസിക്കുന്നത് വരേയും 1829-ൽ അച്ചടിച്ച ബൈബിൾ പുതിയ നിയമത്തെയാണ് മലയാളത്തിലെ ആദ്യത്തെ അച്ചടിപുസ്തകമായി കണക്കായിരുന്നത്

എന്ന് കെ.എം. ഗോവി 1988ൽ എഴുതിയ ആദിമുദ്രണത്തിൽ നിരീക്ഷിക്കുന്നു. ജോൺ ഇരുമ്പയത്തിന്റെ ലേഖനം വരുന്നത് 1986ൽ ആണ്. ചുരുക്കത്തിൽ 1986 വരെ കേരളത്തിൽ അച്ചടിച്ച മലയാളത്തിലെ ആദ്യത്തെ അച്ചടി പുസ്തകം എന്ന് കരുതിയ ഗ്രന്ഥം ആണ് നമുക്ക് കിട്ടിയിരിക്കുന്ന ഈ സ്കാൻ.

ഈ പുസ്തകത്തിന്റെ സ്കാനിൽ ഞാൻ ശ്രദ്ധിച്ച ചില കാര്യങ്ങൾ:

  • 650 ൽ പരം താളുകൾ
  • മത്തായി മുതൽ അറിയിപ്പ (ഇന്ന് വെളിപാട് പുസ്തകം എന്ന് അറിയപ്പെടുന്നു) വരെ പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും അടങ്ങിയ പതിപ്പ്.
  • പൂർണ്ണവിരാമത്തിനു * ചിഹ്നനം ഉപയൊഗിച്ചിരിക്കുന്നു.
  • ഏ, ഓ കാരങ്ങൾ ഇല്ല
  • ഈ യുടെ  എന്ന രൂപം
  • മലയാള അക്കങ്ങളുടെ ഉപയോഗം
  • ന്റ, റ്റ ഇതു രണ്ടും അക്കാലത്തെ ഉപയോഗം പോലെ തന്നെ വേറിട്ട് എഴുതിയിരിക്കുന്നു
  • മീത്തൽ ഇല്ല
  • മലയാളം പൂജ്യം.  മലയാളം പൂജ്യം ബെയിലിയുടെ സംഭാവന ആയിരുന്നോ?
  • ഇന്നത്തെ ബൈബിൾ പരിഭാഷയുമായി താരതമ്യം ചെയ്താൽ മലയാളഗദ്യത്തിന്റെ ശൈശവകാലം ഇതിൽ നിന്ന് വായിച്ചെടുക്കാം.
  • സ്വരാക്ഷരങ്ങൾ ചേരാത്ത വ്യജ്ഞനാക്ഷരങ്ങൾ ഒക്കെ കൂട്ടക്ഷരം ആണ് എന്ന നിലയാണ് ഇതിലെ കൂട്ടക്ഷരങ്ങളുടെ ബാഹുല്യം കാണിക്കുന്നത്

പുസ്തകം രണ്ട് – 1843-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം (സമ്പൂർണ്ണം)

Pages from Malayalam_New_Testament_complete_Bailey_1843

ഞാൻ ശ്രദ്ധിച്ച കാര്യങ്ങൾ

  • 1829-ലെ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ പുസ്തത്തിന്റെ ലെഔട്ട് മാറിയിട്ടുണ്ട്. ഒറ്റക്കോളത്തിൽ നിന്ന് ഇരട്ടക്കോളമായി. അതിനാലായിരിക്കും താളുകളുടെ എണ്ണം 580 ഓളമായി കുറഞ്ഞിരിക്കുന്നു.
  • പൂർണ്ണവിരാമത്തിനായി * നു പകരം . തന്നെ വന്നു.
  • ഏ,ഓ കാരങ്ങൾ ഈ പതിപ്പിലും ഇല്ല
  • ഈ യുടെ  എന്ന രൂപം തന്നെ ഉപയോഗിച്ചിരിക്കുന്നു
  • ഖണ്ഡിക തുടങ്ങുന്നത് സൂചിപ്പിക്കാൻ ¶ ചിഹ്നം ഉപയോഗിച്ചിരിക്കുന്നു.

ഈ പതിപ്പിന്റെ സ്കാൻ വളരെ മോശമാണ്. എങ്കിലും ഈ വിധത്തിൽ എങ്കിലും സ്കാൻ ചെയത് തരാൻ സന്മനസ്സ് കാണിച്ച  വിദേശ സർവ്വകലാശാലകളോട് നന്ദി. സ്കാൻ മോശമായതിനാൽ ഈ പുസ്തകം പൂർണ്ണമായി ഡൗൺലോഡ് ചെയ്താൽ മാത്രമേ ഇത് കാണാൻ കഴിയൂ. ഈ പതിപ്പിന്റെ മെച്ചപ്പെട്ട സ്കാൻ കിട്ടുകയാണെങ്കിൽ ഈ അപ്‌ലോഡ് പുതുക്കേണ്ടതുണ്ട്. സ്കാൻ മോശമയതിനാൽ ഈ പതിപ്പിന്റെ പിഡിഎഫ് നിർമ്മാണം അല്പം വെല്ലുവിളിയായിരുന്നു.  സ്കാൻ ചെയ്ത ചിത്രങ്ങൾ സൈറ്റിൽ നിന്ന് എടുക്കാൻ സഹായിച്ച വൈശാഖ് കല്ലൂരിനോടും പിഡിഎഫ് നിർമ്മിക്കുവാൻ സഹായിച്ച വിശ്വപ്രഭയോടും പ്രത്യേക കടപ്പാട് രേഖപ്പെടുത്തുന്നു

പുസ്തകം മൂന്ന് – 1876-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയ നിയമം (സമ്പൂർണ്ണം)

ഈ പതിപ്പ് പുറത്തിറങ്ങുന്നതിനു 5 വർഷം മുൻപേ 1871-ൽ ബെഞ്ചമിൻ ബെയിലി മരിച്ചു എന്നോർക്കുക.  മലയാളം അച്ചടിയുടെ ഗുരുവിനു ഇത്തരുണത്തിൽ പ്രണാമം അർപ്പിക്കട്ടെ.

  • ഈ പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത ഓരോ താളിലും ഒത്തു വാക്യങ്ങൾ കൂടെ ചേർത്തിരിക്കുന്നു എന്നതാണ്. അതിനാൽ തന്നെ താളുകളുടെ എണ്ണം വർദ്ധിച്ച്  780 ഓളം ആയിരിക്കുന്നു.
  • 1829-ലെ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ മിക്ക വാക്യങ്ങളും മാറ്റിയെഴുതപ്പെട്ടിരിക്കുന്നു എന്ന് കാണാം.
  • മലയാള അക്കങ്ങൾക്ക് പുറമേ പല കാര്യങ്ങൾക്കും (ഉദാ: ഒത്തുവാക്യങ്ങളുടെ ചിഹ്നമായി) ഉള്ളടക്കത്തിനകത്ത് അറബിക്ക് അക്കങ്ങൾ ഉപയൊഗിച്ചിരിക്കുന്നത് കാണാം. എങ്കിലും അദ്ധ്യായങ്ങളും വാക്യങ്ങളും ഒക്കെ മലയാള അക്കങ്ങളിൽ തന്നെയാണ്.
  • ഏ, ഓ കാരങ്ങൾ ഈ പതിപ്പിൽ വന്നിരിക്കുന്നു.
  • പക്ഷെ ഈ യ്ക്ക് എന്ന രൂപം തന്നെ
  • അതേ പോലെ മീത്തൽ ഈ പതിപ്പിലും വന്നിട്ടില്ല. എന്നാൽ 1868 -ൽ ബാസൽ മിഷൻ പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിച്ച കേരളോല്പത്തിയിൽ മീത്തൽ കാണാം. സി.എം.എസ് പ്രസ്സ് ഇക്കാര്യത്തിൽ അല്പം കടുംപിടുത്തം ആയിരുന്നെന്ന് തോന്നുന്നു.
  • ചില പുസ്തകങ്ങളുടെ പേരുകൾ പുതുക്കപ്പെട്ടിരിക്കുന്നു. ഉദാ: അവസാന പുസ്തകത്തിന്റെ പേര് അറിയിപ്പ എന്നതിൽ നിന്ന് വെളിപ്പാട എന്നായി.

വിവിധ പതിപ്പിന്റെ സ്കാനിലേക്കുള്ള കണ്ണികൾ താഴെ

കുറിപ്പ്: ബൈബിളിന്റെ പരിഭാഷയുടെ കാര്യത്തിൽ അത് ഒരു വ്യക്തിക്കായി തീറെഴുതി കൊടുക്കാറില്ല. അത് നിരന്തരമായി പുതുക്കപ്പെട്ടു കൊണ്ടിരിക്കും. ബെയിലി ആണ് ആദ്യത്തെ പരിഭാഷ ചെയ്തത് എങ്കിലും (അതിനും പലരും സഹായിച്ചിട്ടുണ്ട്) പിന്നീട് പലരുടെ സഹകരണത്താൽ ഈ പരിഭാഷ നിരവധി മാറ്റങ്ങൾക്ക് ഇടയായി. എങ്കിലും ബെയിലി തുടങ്ങി വെച്ച മലയാളം പരിഭാഷ ആണ് ഇന്നത്തെ എല്ലാ മലയാളം ബൈബിൾ പരിഭാഷകൾക്കും പ്രചൊദനവും വഴി കാട്ടിയും ആയി മാറിയത്. മലയാള ഗദ്യത്തിനു സ്വന്തമായി ഒരു നിലനിൽപ്പ് ഉണ്ടാക്കി കൊടുക്കുന്നതിൽ ബെയിലിയും അദ്ദേഹത്തിന്റെ ബൈബിൾ പരിഭാഷയും വഹിച്ച പങ്ക് ചെറുതല്ല.

 

സങ്കീർത്തനങ്ങളുടെ പുസ്തകം – മലയായ്മയിൽ പരിഭാഷപ്പെട്ടത – 1839

ബെഞ്ചമിൻ ബെയിലിയുടെ നിഘണ്ടുക്കളുടേയും (മലയാളം-ഇംഗ്ലീഷ്, ഇംഗ്ലീഷ്-മലയാളം) 1834-ൽ പ്രസിദ്ധീകരിച്ച ബൈബിൾ പുതിയനിയമത്തിന്റെ രണ്ടാം പതിപ്പിന്റെയും സ്കാനുകൾ നമ്മൾ ഇതിനകം കണ്ടു കഴിഞ്ഞല്ലോ. ഇപ്പോൾ ഇതാ 1839-ൽ കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്ന് മദ്രാസ് ഓക്സിലറി ബൈബിൾ സൊസൈറ്റിക്കു വേണ്ടി പ്രസിദ്ധീകരിച്ച  സങ്കീർത്തനങ്ങളുടെ പുസ്തകം എന്ന പുസ്തകത്തിന്റെ സ്കാനും നമുക്ക് ലഭിച്ചിരിക്കുന്നു.

1834ലെ പതിപ്പിൽ നിന്ന് വ്യത്യസ്തമായി തോന്നിയ കുറച്ച് കാര്യങ്ങൾ താഴെ കുറിക്കുന്നു.

  • വാചകങ്ങൾ അവസാനിക്കുമ്പോൾ ഉള്ള വിരാമത്തിനു പൂർണ്ണവിരാമം/കുത്ത്/ഫുൾസ്റ്റോപ്പ് (.) ചിഹ്നം തന്നെ ഉപയോഗിച്ചിരിക്കുന്നു എന്ന് കാണുന്നു. ഇതായിരിക്കണം (അല്ലെങ്കിൽ ഈ കാലഘട്ടത്തിൽ ആയിരിക്കണം) ആദ്യമായി മലയാളവാചകങ്ങൾക്ക്  പൂർണ്ണവിരാമം ഉപയോഗിച്ച് തുടങ്ങിയതെന്ന് ഇതുവരെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അനുമാനിക്കാം എന്ന് തോന്നുന്നു.
  • ഏ,ഓ കാരങ്ങളോ അതിന്റെ ചിഹ്നങ്ങളോ ഉപയൊഗിച്ചിട്ടില്ല.
  • കോമ, അർദ്ധവിരാമം, ബ്രാക്കറ്റ്, കോളൻ തുടങ്ങി മിക്ക ചിഹ്നങ്ങളും ഈ പതിപ്പിൽ കാണം. ചുരുക്കത്തിൽ ഇതൊക്കെ ഭാഷയിൽ അവതരിപ്പിച്ചത് ബെയിലി ആണെന്ന്  ഇതുവരെ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അനുമാനിക്കാം.
  • മീത്തലും അതിന്റെ ഉപയോഗവും 1839-ൽ ഒന്നും കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ അതും ഈ പുസ്തകത്തിൽ ഇല്ല.
  • ഖണ്ഡിക തുടങ്ങുന്നത് സൂചിപ്പിക്കാൻ ¶ ചിഹ്നം ഉപയോഗിച്ചിരിക്കുന്നു. മറ്റ് ഏതെങ്കിലും മലയാളപുസ്തകത്തിൽ ഇങ്ങനെ കണ്ടതായി ഞാൻ ഓർക്കുന്നില്ല.
  • മലയാള അക്കങ്ങൾ തന്നെ എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നു.

ഈ പുസ്തകത്തിന്റെ സ്കാനിങ്ങ് അത്ര പൊരെന്ന് തോന്നുന്നു. ഇതിനു മുൻപ് നമ്മൾ കണ്ട 1834-ൽ ഇറങ്ങിയ പുതിയ നിയമത്തിന്റെ സ്കാനിന്റെ അത്ര വ്യക്തമല്ല ഇത്.

സ്കാൻ പിഡിഎഫ് ഇവിടെ നിന്ന് ലഭിക്കും: https://archive.org/details/1839_The_Book_Of_Psalms_Malayalam

1841 – ജോസഫ് പീറ്റിന്റെ A Grammar of the Malayalim Language

ജോസഫ് പീറ്റിനെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് യുസ്തൂസ് യോസഫുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ചപ്പൊഴാണ്. അതിൽ ജോസഫ് പീറ്റ് എന്ന സി.എം.എസ്. മിഷണറിയുമായി മലയാളവ്യാകരണസംബന്ധിയായ കാര്യങ്ങൾ യുസ്തൂസ് യോസഫ് ചർച്ച ചെയ്യുമായിരുന്നു എന്ന പരാമർശം ഉണ്ടായിരുന്നു. മിഷണറി ആയിരുന്നതിനാൽ പ്രാദെശികഭാഷയിലെ കാര്യങ്ങൾ മനസ്സിലാക്കാൻ ഒരു പണ്ഡിതനായിരുന്ന യുസ്തൂസ് യോസഫിന്റെ സഹായങ്ങൾ തേടിയിരുന്നു എന്നേ ഞാൻ കരുതിയിരുന്നുള്ളൂ. പക്ഷെ അതിനും അപ്പുറം 1841-ൽ തന്നെ ജോസഫ് പീറ്റ് മലയാളഭാഷയെകുറിച്ച് ഒരു വ്യാകരണഗ്രന്ഥം രചിച്ചിരുന്നു എന്നതും മറ്റും എനിക്ക് പുതിയ അറിവായിരുന്നു.ഈ പോസ്റ്റിൽ ബെഞ്ചമിൻ ബെയിലിയുടെ സമകാലീനൻ ആയ ജോസഫ് പീറ്റ് എന്ന സി.എം.എസ്.  മിഷണറി പ്രസിദ്ധീകരിച്ച മലയാളവ്യാകരണ ഗ്രന്ഥത്തിന്റെ സ്കാൻ ആണ് പരിചയപ്പെടുത്തുന്നത്.

Joseph_Peet_A_Grammar_of_the_Malayalim_Language_1841
  • ഈ ഗ്രന്ഥത്തിന്റെ പേര്:  A Grammar of the Malayalim language, as spoken in the principalities of Travancore and Cochin and the districts of north and south Malabar എന്നാണ്.
  • പ്രസിദ്ധീകരണ വർഷം – 1841
  • പ്രസാധകർ: Church Mission press, Cottayam

കോട്ടയം സി.എം.എസ് പ്രസ്സിൽ അച്ചടിച്ചതിനാൽ സ്വാഭാവികമായും ബെഞ്ചമിൻ ബെയിലി നിർമ്മിച്ച അച്ചുകൾ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ മലയാളലിപികളുടെ കാര്യത്തിൽ ബെയിലിയുടെ കാര്യത്തിൽ പറഞ്ഞതിനു അപ്പുറം ഒന്നുമില്ല.

സി.എം.എസ് പ്രസ്സിൽ അച്ചടിച്ചതിനാൽ ബെയിലി പല കാര്യങ്ങളിലും ജോസഫ് പീറ്റിനെ സഹായിച്ചിട്ടൂണ്ടാകാം എന്ന് ഞാൻ കരുതുന്നു. പക്ഷെ ബെഞ്ചമിൻ ബെയിലിയുടെ പേർ ഒരിടത്തും ജോസഫ് പീറ്റ് പരാമർശിച്ചിട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. അവർ സമകാലീകരും മലയാളഭാഷയ്ക്ക് വേണ്ടി സമാനമായ പ്രവർത്തനങ്ങൾ നടത്തിയവർ ആയിട്ടു കൂടി ഇങ്ങനെയായത് അത്ഭുതപ്പെടുത്തുന്നു.

ഈ വ്യാകരണഗ്രന്ഥം 2 തരക്കാർക്ക് പ്രയോജപ്പെടും എന്ന് അദ്ദെഹം ആശിക്കുന്നൂണ്ട്.

  • First, to assist strangers desirous of acquiring a knowledge of the Malayalim language.
  • Secondly and chiefly: to assist and encourage Native gentlemen acquainted with English to cultivate the study their own beautiful language, with the ultimate view of promoting general education, in the vernacular tongue, through the means of Native agency.

നിലവിൽ നമ്മൾ ഉപയോഗിക്കുന്ന അക്കരീതി യൂറോപ്യന്മാർ കൊണ്ടു വന്നതാണെന്ന പരാമർശം ഇതിലുണ്ട്. ചുരുക്കത്തിൽ മലയാളികൾക്ക് പൂജ്യം ഉപയോഗിക്കുന്ന ശീലം ഇല്ലായിരുന്നോ?

വ്യാകരണഗ്രന്ഥം ആയതിനാൽ ഇതിന്റെ മേൽ അധികം നിരീക്ഷണം നടത്താനുള്ള അറിവ് എനിക്കില്ല. അതിനാൽ അത് വായനക്കർക്ക് വിട്ട് തരുന്നു.

1841-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തത്തിന്റെ 1841-ൽ ഇറങ്ങിയ പതിപ്പിന്റെ സ്കാൻ തന്നെ നമുക്ക് ലഭ്യമായിരിക്കുന്നു. സ്കാൻ ഇവിടെ ലഭ്യമാണ്:  https://archive.org/details/1841_A_Grammar_Of_The_Malayalim_Language