ന്റ എന്ന കൂട്ടക്ഷരത്തിന്റെ പരിണാമം – 1678 മുതൽ

ന്റ എന്ന കൂട്ടക്ഷരത്തിന്റെ പരിണാമം -1678 മുതൽ

പഴയ രേഖകളിലൂടെ കടന്നു പോകുമ്പോൾ ന്റ എന്ന കൂട്ടക്ഷരത്തിനു സംഭവിച്ച പരിണാമത്തിന്റെ കാര്യത്തിൽ ശ്രദ്ധയിൽ പെട്ടത് ചിലത് ഡോക്കുമെന്റ് ചെയ്യുന്നു. (ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആവശ്യമായ ഇൻപുട്ട് തന്ന സിബു സി.ജെ.യ്ക്കും സുനിലിനും നന്ദി)

ന്റ
ന്റ

ന്റ എന്ന കൂട്ടക്ഷരത്തെ പറ്റി മലയാളം വിക്കിപീഡിയയിൽ ഇങ്ങനെ പറയുന്നു

മലയാളലിപിയിലെ ഒരു കൂട്ടക്ഷരമാണ് ന്റ. ഺ-വർഗ്ഗത്തിലെ അനുനാസികമായ “[൧], ഖരമായ “” എന്നീ അക്ഷരങ്ങളുടെ സ്വനിമങ്ങൾ കൂടിച്ചേർന്നതാണ് ന്റ ഉണ്ടാകുന്നത്. ഺ-വർഗ്ഗത്തിന് പ്രത്യേക ലിപികൾ പ്രയോഗത്തിലില്ലാത്ത മലയാളത്തിൽ ൻ എന്ന അക്ഷരം ഩ-യുടെ ചില്ലായി പ്രവർത്തിക്കുന്നു; അതിനുതാഴെ ഺ എന്ന സ്വനിമം കൂടി എഴുതാനുപയോഗിക്കുന്ന റ ചേർത്താണ് സാധാരണയായി ഈ കൂട്ടക്ഷരം എഴുതുന്നത്. എന്നാൽ ൻ, റ എന്നിവ അടുപ്പിച്ചെഴുതുന്ന രീതിയും (ൻ‌റ) നിലവിലുണ്ട്.

പഴയ രേഖകളിൽ നിന്നു കിട്ടിയ ചില തെളിവുകൾ:

 

ചുരുക്കത്തിൽ ൻറ‌റ —> ൻറ /ന്റ (ന്റ – “ൻ”-ന്റെ അടിയിൽ “റ” ) എന്നിങ്ങനെ ആണ് പരിണമിച്ചിരിക്കുന്നത്.

ഇതിൽ റോബർട്ട് ഡുർമ്മണ്ടിന്റെ 1799ലെ പുസ്തകത്തിൽ കാണുന്ന റൻറ എന്ന രൂപം ഡുർമണ്ടിനു സംഭവിച്ച പിഴവോ (അതിനു സാദ്ധ്യത വളരെ കുറവാണ്) അതുമല്ലെങ്കിൽ ഒരു അച്ച് നിർമ്മാണ പിഴവോ ആവാനാണ് സാദ്ധ്യത. കാരണം അതെ അച്ച് ഉപയൊഗിച്ച് അച്ചടിച്ച റമ്പാൻ ബൈബിളിൽ ൻറ‌ എന്ന രൂപം കടന്നു വരുന്നുണ്ട്. ആ പുസ്തകത്തിലാണ് ആദ്യമായി ൻറ എന്ന രൂപം കാണുന്നത് താനും.

ന്റ (“ൻ”-ന്റെ അടിയിൽ “റ” എഴുതുന്ന രീതി) താരതമ്യേന പുതിയ പരിഷ്കാരം ആണെന്ന് പറയാമെന്ന് തോന്നുന്നു. കാരണം 1824 തൊട്ട് 1960 വരെയുള്ള അച്ചടിയിലും  കൈയെഴുത്തിലും ഒക്കെ ഭൂരിപക്ഷവും “ൻറ” എന്ന രൂപമാണ്.

 

 

 

1872 – മലയാളത്തുള്ള സുറിയാനി സഭയെയും സമൂഹത്തെയും കുറിച്ചുള്ള ഒരു പ്രകരണം – റെവറണ്ട ജി. കുരിയൻ

ആമുഖം

1872ൽ കേരളത്തിലെ സുറിയാനി സഭയെക്കുറിച്ചും ജനങ്ങളെ കുറിച്ചും എഴുതപ്പെട്ട ഒരു പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെക്കുന്നത്. ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത് ശ്രീ. ജോയ്‌സ് തോട്ടയ്ക്കാടാണ്. ഇതിനു മുൻപ് 1889ലെ റോയൽ കോടതി വിധി, 1920ലെ ആത്മപോഷിണി തുടങ്ങി ചരിത്രപ്രാധാന്യമുള്ള മറ്റു പൊതുസഞ്ചയ രേഖകൾ ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയതും ജോയ്‌സ് തോട്ടയ്ക്കാടാണ്. ഇപ്പോൾ അത്തരത്തിൽ പെട്ട ഒരു മലയാളപൊതുസഞ്ചയപുസ്തകം കൂടി ലഭ്യമാക്കിയതിൽ അദ്ദേഹത്തിനു വളരെ നന്ദി. പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്.

പുസ്തകത്തിന്റെ വിവരം

  • പേര്: മലയാളത്തുള്ള സുറിയാനി സഭയെയും സമൂഹത്തെയും കുറിച്ചുള്ള ഒരു പ്രകരണം/An
    Essay On The Malabar Syrian Church And Community
  • താളുകൾ: 98
  • രചയിതാവ്: റെവറണ്ട ജി. കുരിയൻ
  • പ്രസ്സ്: സി.എം.എസ്സ്. പ്രസ്സ്, കോട്ടയം
  • പ്രസിദ്ധീകരണ വർഷം: 1872
മലയാളത്തുള്ള സുറിയാനി സഭയെയും സമൂഹത്തെയും കുറിച്ചുള്ള ഒരു പ്രകരണം
മലയാളത്തുള്ള സുറിയാനി സഭയെയും സമൂഹത്തെയും കുറിച്ചുള്ള ഒരു പ്രകരണം

ഉള്ളടക്കം

പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നത് പോലെ കേരളത്തിലെ സുറിയാനി സഭകളേയും സമൂഹത്തേയും കുറിച്ചുള്ള ഒരു പുസ്തകമാണിത്. ആ സമൂഹത്തിൽ പെട്ട ഒരാൾ എഴുതി എന്നതിനാൽ ആ വീക്ഷണകോണിലാണ് പുസ്തകത്തിന്റെ ഉള്ളടക്കം വികസിക്കുന്നത്. സഭാ പരമായും സാമൂഹ്യപരമായും സുറിയാനി ക്രൈസ്തവരുടെ പ്രത്യേകതകൾ ഡോക്കുമെന്റ് ചെയ്യാൻ പുസ്തകത്തിൽ ശ്രമിച്ചിട്ടുണ്ട്.

ധാരാളം അവലംബവും അടിക്കുറിപ്പുകളും മറ്റും ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് ഈ പുസ്തകത്തിന്റെ വലിയ പ്രത്യേകതയായി എനിക്കു തോന്നുന്നത്. പഴയ രേഖകൾ തപ്പുമ്പോൾ ഇത്തരം സംഗതികൾ വലിയ സഹായമായി വരുന്നുണ്ട്. കാരണം ഇന്നു നമുക്ക് പ്രാപ്യമല്ലാത്ത പല രേഖകളും അന്നു അവർക്ക് പ്രാപ്യമായിരുന്നു. അവർ അതൊക്കെ ഈ വിധത്തിൽ ഡോക്കുമെന്റ് ചെയ്തതിനാൽ അതിനെ കുറിച്ചുള്ള മെറ്റാ ഡാറ്റയെങ്കിലും നമുക്കു ഇപ്പോൾ ലഭിക്കുന്നു.

1872ൽ അന്നത്തെ മറ്റു സി.എം.എസ്. പുസ്തകങ്ങൾ പോലെ തന്നെ ചന്ദ്രക്കല സംവൃതോകാരത്തിനായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല എന്നു കാണാം. മിക്കവാറും ഒക്കെ അകാരമായിട്ടു തന്നെയാണ് അച്ചടിച്ചിരിക്കുന്നത്.

ഗ്രന്ഥകർത്താവായ കുരിയൻ സി.എം.എസ് സഭയിലെ (ഇന്ന് സി.എസ്.ഐ. സഭയുടെ ഭാഗം) ഒരു പുരോഹിതൻ ആയിരുന്നെന്ന് പുസ്തകത്തിലെ കുറിപ്പുകൾ സൂചിപ്പിക്കുന്നു.

പുസ്തകത്തിന്റെ ഉള്ളടത്തിന്റെ വിശകലനം ഈ വിഷയത്തിൽ ഗ്രാഹ്യം ഉള്ളവർ ചെയ്യുമല്ലോ.

കൂടുതൽ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകത്തിനു ഗ്രേസ്കെയിൽ ഔട്ട്പുട്ടും ബ്ലാക്ക് ആന്റ് വൈറ്റ് ഔട്ട് പുട്ടും ലഭ്യമാക്കിയിട്ടൂണ്ട്. ഇനി പറ്റുന്നിടത്തോളം പുസ്തകങ്ങൾ ഈ തരത്തിൽ ലഭ്യമാക്കണം എന്നു കരുതുന്നു.

1829നു മുൻപ് കോട്ടയം സി.എം.എസ്സ്. പ്രസ്സിൽ അച്ചടിച്ച പുസ്തകങ്ങൾ

കഴിഞ്ഞ പോസ്റ്റിൽ 1824ൽ കേരളത്തിലച്ചടിച്ച ആദ്യത്തെ മലയാള പുസ്തകമായ ചെറുപൈതങ്ങൾക്കു മുൻപ് അച്ചടിച്ച ഇടയ ലേഖനം, മറ്റു ചെറു പുസ്തകങ്ങൾ എന്നിവയൊക്കെ ഉണ്ട് എന്നും അതൊക്കെ കണ്ടെടുത്ത് ഡിജിറ്റൈസ് ചെയ്യേണ്ടതുണ്ട് എന്നു നമ്മൾ മനസ്സിലാക്കി. മലയാള അച്ചടിയുടെ ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള ഈ രചനകളുടെ അച്ചടിയുടെ വിവരം നമുക്കു 1824ലെ CMS രെജിസ്റ്ററിൽ നിന്നാണ് ലഭിച്ചത്.

എന്നാൽ തുടർന്നുള്ള വർഷങ്ങളിലെ CMS രെജിസ്റ്ററുകൾ പരിശോധിക്കുമ്പോൾ കോട്ടയത്തെ അച്ചടിയുടെ കൂടുതൽ വിശദാംശങ്ങൾ ചുരുളഴിയുകയാണ്. 1829ലെ പ്രശസ്തമായ മലയാളം പുതിയ നിയമ അച്ചടിക്കു മുൻപ് ധാരാളം പുസ്തകങ്ങൾ കോട്ടയത്ത് അച്ചടിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുകയാണ്.

1830 ലെ സി.എം.എസ്. രജിസ്റ്ററിൽ നിന്ന്
1830 ലെ സി.എം.എസ്. രജിസ്റ്ററിൽ നിന്ന്

1825, 1826, 1827, 1829, 1830 എന്നീ വർഷങ്ങളിലെ CMS രെജിസ്റ്ററുകൾ പരിശോധിച്ചപ്പോൾ അതിൽ നിന്നു ലഭിക്കുന്ന മലയാളപുസ്തകമച്ചടിയുടെ വിവരം താഴെ കൊടുക്കുന്നു.
1826-CMS Missionary Register

  • St. Mathew’s Gospel
  • Rev. Francis Spring’s translation of the New testament into Malayalim of Northern Provinces of Malayalam (translation over until Romans) Not a printed book, manuscript with Madras Auxilary Bible society )

 

1828-CMS Missionary Register (pdf page 66)

  • St. Luke’s, Gospel (5000 copies)
  • Liturgy (no details)

1829-CMS Missionary Register

  • The gospel of Luke
  • Acts of Apostles (till 17th chapter)

1830-CMS Missionary Register

  • St. Mark’s, Gospel (5000 copies)
  • 1st Corinthians (5000 copies)
  • 2nd Corinthians (5000 copies)
  • Galatians (5000 copies)
  • Ephesians (5000 copies)
  • Phlllppians (5000 copies)
  • Colossians (5000 copies)
  • 1st Thessalonians (5000 copies)
  • 2nd Thessalonians (5000 copies)
    1st Thimothy (5000 copies)
  • 2d Thimothy (5000 copies)
  • Titus and Philemon (5000 copies)
  • Hebrews (5000 copies)
  • James (5000 copies)
  • 1st Peter (5000 copies)
  • 2d Peter (5000 copies)
  • 2d and 3rd John (5000 copies)
  • Jude (5000 copies)
  • Watt’s 2d Catechism, in Malayalim (2000 copies)
  • 1 Small Tract, 11 pages (700 copies)
  • 1 Small Tract, for a Lady at tellicherry 8 pages (700 copies)
  • 1 Small Tract, for a Lady at tellicherry 8 pages (500 copies)
  • 1 Small Tract, for a Lady at tellicherry 8 pages (500 copies)

കുറഞ്ഞത് ഇത്രയും പുസ്തകങ്ങളുടെ അച്ചടിക്കു ശേഷമാണ് 1829ൽ ബെഞ്ചമിൻ ബെയിലി പ്രശസ്തമായ മലയാളം പുതിയ നിയമ പരിഭാഷ ഒറ്റ പുസ്തകമായി പുറത്തിറക്കുന്നത്. ആ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ ഇവിടെ കാണാം https://shijualex.in/malayalam_new_testament_benjamin_bailey/

അതിനു മുൻപ് ധാരാളം പുസ്തകങ്ങൾ കോട്ടയം പ്രസ്സിൽ നിന്നു പുറത്തിറങ്ങി എന്നാണ് CMS രെജിസ്റ്ററിൽ നിന്നുള്ള തെളിവുകൾ കാണിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും മലയാളം ബൈബിൾ പുതിയ നിയമ പുസ്തകങ്ങൾ പരിഭാഷ ചെയ്യുന്നതിനു അനുസരിച്ച് പുറത്തിറക്കിയ ഓരോ ചെറിയ പുസ്തകങ്ങൾ ആണെങ്കിലും അല്ലാതുള്ള മറ്റു പുസ്തകങ്ങളും ഇതിലുണ്ട് എന്നു ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ഈ പുസ്തകങ്ങൾ ഓരോന്നും 5000 കോപ്പികൾ ഒക്കെ ആണ് അച്ചടിച്ചിരിക്കുന്നത്. പക്ഷെ ഇതിൽ ഒന്നു പോലും ഇപ്പോൾ ശേഷിച്ചിട്ടില്ല എന്ന് ഖേദകരമാണ്.

ഇതിന്റെ ഒപ്പം വളരെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത ബെഞ്ചമിൻ ബെയ്‌ലിക്കു മുൻപ് വടക്കൻ കേരളത്തിൽ പ്രവർത്തിച്ച ഒരു സിഎം‌എസ് മിഷനറി ആയ ഫ്രാൻസിസ് സ്പ്രിങ് എന്ന മിഷനറിയുടെ മലയാളം ബൈബിൾ പരിഭാഷാ ശ്രമമാണ്. അദ്ദേഹം ബെയിലിക്കു മുൻപ് പുതിയ നിയമത്തിലെ റോമർക്കെഴുതിയ ലേഖനം വരെ പരിഭാഷ ചെയ്തിരുന്നു എന്നും കൈയെഴുത്തു പ്രതി മദ്രാസ് ഓക്സിലറി ബൈബിൾ സൊസൈറ്റിക്കു കൈമാറി എന്നും കാണുന്നു.

1826 ലെ സി.എം.എസ്. രജിസ്റ്ററിൽ നിന്ന്
1826 ലെ സി.എം.എസ്. രജിസ്റ്ററിൽ നിന്ന്

ചുരുക്കത്തിൽ അച്ചടി പുസ്തകങ്ങളെ പറ്റി മാത്രം തിരഞ്ഞ എനിക്കു CMS missionary റിപ്പോർട്ടുകളിൽ നിന്നു ലഭിക്കുന്ന വിവരരങ്ങൽ അസംഖ്യമാണ്. പഴയ കാലത്തെ കേരളവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഓരോ മിഷനറി റിപ്പോർട്ടിലും പരന്നു കിടക്കുകയാണ്. ഉദാഹരണത്തിനു 1826ലെ റിപ്പോർട്ടിൽ തന്നെ സി.എം.എസ് മിഷണറിമാരും സുറിയാനിക്കാരും തമ്മിലുള്ള പ്രശ്നത്തെ പറ്റി വിശദമായി റിപ്പോർട്ട് കാണാം. ഈ വിധത്തിൽ വിവിധ വിഷയങ്ങളിൽ അനേകം റെഫറൻസുകൾ വിവിധ റിപ്പോർട്ടുകളിലായി പരന്നു കിടക്കുകയാണ്. പക്ഷെ അതൊക്കെ ഉപയോഗപ്പെടുത്താൻ താല്പര്യമുള്ള ഗവേഷകർ ഉണ്ടോ എന്നറിയില്ല.