Dissertation the second on the Malayalma language -1815

Dissertation the Second on the Malayalma Language എന്ന പേരിൽ മലയാള ഭാഷയെ സംബന്ധിക്കുന്ന ഒരു പുസ്തകം കണ്ടു. F.W. Ellis ആണ് രചയിതാവ്. വർഷം 1815 ആണെന്ന് കാണുന്നു. അതിനാൽ തന്നെ മലയാളത്തെ കുറിച്ചുള്ള പുസ്തകം ആയിട്ട് കൂടി ഇതിൽ മലയാളം അച്ച് ഇതിൽ ഉപയോഗിച്ചില്ല (കാരണം കേരളത്തിൽ  1820കളിൽ ബെയിലി ആണല്ലോ ആദ്യമായി അച്ച് നിർമ്മിക്കുന്നത്). എന്നാൽ ഇതിൽ തമിഴ് അച്ചുകൾ ഉപയോഗിച്ചിട്ടുണ്ട് താനും. മലയാള അക്ഷരങ്ങൾ റോമനൈസ് ചെയ്താണ് ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

 

1815-dissertation-the-second-on-the-malayalma-language
1815-dissertation-the-second-on-the-malayalma-language

40 ഓളം താളുകൾ മാത്രമുള്ള ചെറു കൃതി ആണിത്. മലയാള-തമിഴ് താരതമ്യവും, വ്യാകരണവും മലയാള നാട്ടിലെ ചില സാമൂഹ്യ കാര്യങ്ങളും എല്ലാം ഒന്ന് തൊട്ട് പോകുന്നു. പുസ്തകത്തിൽ ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കത്തെ കുറിച്ചൊക്കെ പരാമർശം ഉണ്ട്.

 

 

1772 – ആൽഫബെറ്റം ഗ്രന്ഥൊണിക്കൊ മലബാറിക്കം – ക്ലെമെൻസ് പിയനിയസ്

ആദ്യമായി മലയാളലിപി അച്ചടിച്ച പുസ്തകം എന്നാണ് ആൽഫബെറ്റം ഗ്രന്ഥൊണിക്കൊ മലബാറിക്കം (Alphabetum Grandonico Malabaricum) എന്ന കൃതിയെ ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന പുസ്തകത്തിൽ കെ.എം. ഗോവി വിശെഷിപ്പിക്കുന്നത്.

Alphabetum Grandonico Malabaricum ശീർഷകത്താൾ
Alphabetum Grandonico Malabaricum ശീർഷകത്താൾ

ആദ്യത്തെ സമ്പൂർണ്ണ മലയാളം അച്ചടി പുസ്തകമായ സംക്ഷേപവേദാർത്ഥം അച്ചടിക്കുന്നതിനു തൊട്ട് മുൻപ് 1772-ൽ തന്നെ മലയാളഭാഷയെക്കുറിച്ചും മലയാളലിപിയെക്കുറിച്ചും അതിനെ വ്യാകരണത്തെക്കുറിച്ചും അത്യാവശ്യം വിശദമായി വിശദീകരിച്ചു കൊണ്ട് ലാറ്റിൻ ഭാഷയിൽ എഴുതിയ പുസ്തകം ആണിത്. അതിനാൽ തന്നെ ആദ്യമായി അച്ചടിച്ച മലയാളവ്യാകരണഗ്രന്ഥവും ഈ ലാറ്റിൻ കൃതി ആണെന്ന് പറയാം.

മലയാളം വിക്കിപീഡിയയിലെ ആൽഫബെത്തും എന്ന ലേഖനത്തിൻ നിന്ന്

മലയാള ലിപികളുടെ വ്യത്യസ്തമായ മാതൃകകളെക്കുറിച്ച് ചർച്ചചെയ്തു് അവതരിപ്പിക്കുന്ന ആദ്യത്തെ കൃതിയാണ് ആൽഫബെറ്റം ഗ്രന്ഥൊണിക്കൊ മലബാറിക്കം സൈവ് സംസ്കൃതോണിക്കം. (Alphabetum grandonico-malabaricum sive samscrudonicum). ഒറ്റയ്ക്കൊറ്റയ്ക്കു് പ്രത്യേകം തയ്യാറാക്കിയ ‘കല്ലച്ചുകൾ'(movable type) ഉപയോഗിച്ച് ആദ്യമായി മലയാളം അക്ഷരങ്ങൾ അച്ചടിച്ചതു് ഈ പുസ്തകത്തിലായിരുന്നു.

 

ആൽഫബെറ്റം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ഗ്രന്ഥം 1772-ൽ റോമിലെ കോൺഗ്രഗേഷനിസ് ഡി പ്രൊപ്പഗാൻ്റാ ഫിഡേ  അച്ചടിച്ചു. 16×10 സെ.മീ. വലിപ്പത്തിൽ നൂറു പേജുകളുള്ള ലാറ്റിൻ ഭാഷയിൽ എഴുതപ്പെട്ട ഈ പുസ്തകത്തിൻ്റെ അവതാരിക എഴുതിച്ചേർത്തതു് അച്ചുകൂടം മാനേജരായിരുന്ന ജോൺ ക്രിസ്റ്റോഫർ അമദാത്തിയസ് ആയിരുന്നു.

28 പേജുകൾ വരുന്ന ഈ അവതാരികയിൽ മലയാളത്തിലെ ഏറ്റവും ആദ്യത്തെ മുദ്രണത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഗ്രന്ഥമലയാളം അഥവാ സംസ്കൃതം അക്ഷരമാല മലബാർ പ്രദേശത്ത് ഉപയോഗിച്ചുവരുന്ന മൂന്നു ലിപിവിന്യാസരീതികളിൽ ഒന്നാണെന്ന് അമദാത്തിയസ് സൂചിപ്പിച്ചിരിക്കുന്നു. പതിനാറു സ്വരങ്ങളും 35 വ്യഞ്ജനങ്ങളും അടങ്ങുന്ന 51 അടിസ്ഥാനലിപികളാണ് ഭാഷയിലുള്ളതെന്നും എന്നാൽ അച്ചടിയുടെ ആവശ്യത്തിന് ഇവയെ ഉൾച്ചേർത്ത 1128 അച്ചുകൾ വാർത്തെടുക്കേണ്ടി വരുന്നുവെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

അവതാരിക അവസാനിക്കുന്നത് “അലക്സാൻഡ്രിയയിലെ ക്ലെമെൻസ് പിയനിയസ് ഈ ഭാഷയിലേക്കു വിവർത്തനം ചെയ്ത ക്രിസ്തീയ വേദസാരം നമ്മുടെ അച്ചുകൂടം ഉദ്വേഗത്തോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു” എന്ന സൂചനയോടെയാണ് . ഈ വാക്യത്തിൽ ഉദ്ദേശിക്കുന്ന ക്രിസ്തീയവേദസാരം തന്നെയാണു് ആദ്യത്തെ മലയാള അച്ചടി ഗ്രന്ഥമായ സംക്ഷേപവേദാർത്ഥം. റോമിൽ നിർമ്മിച്ച മലയാളം അച്ചുകളുപയോഗിച്ച് ആദ്യമായി അച്ചടിച്ച പുസ്തകമാണു്ആൽഫബെറ്റം എന്ന വസ്തുതയും ഈ അവതാരികയിൽ കാണാം.

ഇങ്ങനെ ആദ്യമായി മലയാളം അച്ചടിച്ച ആൽഫബെറ്റം ഗ്രന്ഥൊണിക്കൊ മലബാറിക്കം എന്ന ഈ കൃതിയുടെ സ്കാനും നമുക്ക് ലഭ്യമായിരിക്കുന്നു. സ്പാനിഷ് നാഷണൽ ലൈബ്രറി സൈറ്റിൽ നിന്നാണ് ഈ ഡിജിറ്റൽ സ്കാൻ തപ്പിയെടുത്തത്. ഈ സ്കാൻ ആർക്കൈവ്.ഓർഗ് സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡൗൺലോഡ് ചെയ്യാനുള്ള കണ്ണി ഇതാ:

 

 

1841 – ജോസഫ് പീറ്റിൻ്റെ A Grammar of the Malayalim Language

ജോസഫ് പീറ്റിനെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് യുസ്തൂസ് യോസഫുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ചപ്പൊഴാണ്. അതിൽ ജോസഫ് പീറ്റ് എന്ന സി.എം.എസ്. മിഷണറിയുമായി മലയാളവ്യാകരണസംബന്ധിതമായ കാര്യങ്ങൾ യുസ്തൂസ് യോസഫ് ചർച്ച ചെയ്യുമായിരുന്നു എന്ന പരാമർശം ഉണ്ടായിരുന്നു. മിഷണറി ആയിരുന്നതിനാൽ പ്രാദേശികഭാഷയിലെ കാര്യങ്ങൾ മനസ്സിലാക്കാൻ ഒരു പണ്ഡിതനായിരുന്ന യുസ്തൂസ് യോസഫിൻ്റെ സഹായങ്ങൾ തേടിയിരുന്നു എന്നേ ഞാൻ കരുതിയിരുന്നുള്ളൂ. പക്ഷെ അതിനും അപ്പുറം 1841-ൽ തന്നെ ജോസഫ് പീറ്റ് മലയാളഭാഷയെകുറിച്ച് ഒരു വ്യാകരണഗ്രന്ഥം രചിച്ചിരുന്നു എന്നതും മറ്റും എനിക്ക് പുതിയ അറിവായിരുന്നു. ഈ പോസ്റ്റിൽ ബെഞ്ചമിൻ ബെയിലിയുടെ സമകാലീനൻ ആയ ജോസഫ് പീറ്റ് എന്ന സി.എം.എസ്.  മിഷണറി പ്രസിദ്ധീകരിച്ച മലയാളവ്യാകരണ ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് പരിചയപ്പെടുത്തുന്നത്.

Joseph_Peet_A_Grammar_of_the_Malayalim_Language_1841
  • ഈ ഗ്രന്ഥത്തിൻ്റെ പേര്:  A Grammar of the Malayalim Language, as spoken in the Principalities of Travancore and Cochin and the Districts of North and South Malabar എന്നാണ്.
  • പ്രസിദ്ധീകരണ വർഷം – 1841
  • പ്രസാധകർ: Church Mission press, Cottayam

കോട്ടയം സി.എം.എസ് പ്രസ്സിൽ അച്ചടിച്ചതിനാൽ സ്വാഭാവികമായും ബെഞ്ചമിൻ ബെയിലി നിർമ്മിച്ച അച്ചുകൾ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ മലയാളലിപികളുടെ കാര്യത്തിൽ ബെയിലിയുടെ കാര്യത്തിൽ പറഞ്ഞതിനു അപ്പുറം ഒന്നുമില്ല.

സി.എം.എസ് പ്രസ്സിൽ അച്ചടിച്ചതിനാൽ ബെയിലി പല കാര്യങ്ങളിലും ജോസഫ് പീറ്റിനെ സഹായിച്ചിട്ടൂണ്ടാകാം എന്ന് ഞാൻ കരുതുന്നു. പക്ഷെ ബെഞ്ചമിൻ ബെയിലിയുടെ പേർ ഒരിടത്തും ജോസഫ് പീറ്റ് പരാമർശിച്ചിട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. അവർ സമകാലീകരും മലയാളഭാഷയ്ക്ക് വേണ്ടി സമാനമായ പ്രവർത്തനങ്ങൾ നടത്തിയവർ ആയിട്ടു കൂടി ഇങ്ങനെയായത് അത്ഭുതപ്പെടുത്തുന്നു.

ഈ വ്യാകരണഗ്രന്ഥം 2 തരക്കാർക്ക് പ്രയോജപ്പെടും എന്ന് അദ്ദെഹം ആശിക്കുന്നുണ്ട്.

  • First, to assist strangers desirous of acquiring a knowledge of the Malayalim language.
  • Secondly and chiefly: to assist and encourage Native gentlemen acquainted with English to cultivate the study their own beautiful language, with the ultimate view of promoting general education, in the vernacular tongue, through the means of Native agency.

നിലവിൽ നമ്മൾ ഉപയോഗിക്കുന്ന അക്കരീതി യൂറോപ്യന്മാർ കൊണ്ടു വന്നതാണെന്ന പരാമർശം ഇതിലുണ്ട്. ചുരുക്കത്തിൽ മലയാളികൾക്ക് പൂജ്യം ഉപയോഗിക്കുന്ന ശീലം ഇല്ലായിരുന്നോ?

വ്യാകരണഗ്രന്ഥം ആയതിനാൽ ഇതിൻ്റെ മേൽ അധികം നിരീക്ഷണം നടത്താനുള്ള അറിവ് എനിക്കില്ല. അതിനാൽ അത് വായനക്കർക്ക് വിട്ട് തരുന്നു.

1841-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തത്തിൻ്റെ 1841-ൽ ഇറങ്ങിയ പതിപ്പിൻ്റെ സ്കാൻ തന്നെ നമുക്ക് ലഭ്യമായിരിക്കുന്നു.

രേഖയുടെ gpura.org കണ്ണി:കണ്ണി
രേഖയുടെ archive.org കണ്ണി:കണ്ണി