1896 – ഗുണ്ടർത്ത് പണ്ഡിതരുടെ ജീവചരിത്രം

ചന്ദ്രക്കല ഉത്ഭവവും പ്രയോഗവും എന്ന പ്രബന്ധത്തിനു ആവശ്യമായ അവലംബമായി ഞങ്ങൾ നിരവധി അച്ചടിപുസ്തകങ്ങളും കൈയെഴുത്ത് രേഖകളും ഉപയോഗപ്പെടുത്തിയിരുന്നു. അതിൽ മിക്കവാറും ഒക്കെ ഇതിനകം തന്നെ പബ്ലിക്കായി നെറ്റിൽ ലഭ്യമാണ്. എന്നാൽ  പബ്ലിക്കായി നെറ്റിൽ ലഭ്യമല്ലാത്ത കുറച്ച് സംഗതികളും ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇങ്ങനെ ലഭിച്ച പുസ്തകങ്ങളുടെ സ്കാനുകളിൽ പൂർണ്ണമായി ലഭ്യമായ പുസ്തകങ്ങൾ ഞങ്ങൾ എല്ലാവർക്കുമായി ലഭ്യമാക്കുകയാണ്. (ചില പുസ്തകങ്ങളുടെ വളരെ കുറച്ച് താളുകൾ മാത്രമായി ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. ഉദാഹരണമായി ഗുണ്ടർട്ടിൻ്റെ 1851ലെ മലയാളഭാഷാ വ്യാകരണം. ആ വിധത്തിൽ അപൂർണ്ണമായി ഞങ്ങൾക്ക് കിട്ടിയ സംഗതികൾ ഞങ്ങൾ നെറ്റിൽ ഇടുന്നില്ല. കാരണം അതൊക്കെ മൊത്തമായി ഗുണ്ടർട്ട് ലെഗസി പദ്ധതിയുടെ ഭാഗമായി താമസിയാതെ നമുക്ക് ലഭ്യമാകാൻ പോവുകയാണ്.)

ഇങ്ങനെ ഞങ്ങൾക്ക് ലഭിച്ച പൊതുസഞ്ചയ കൃതികളുടെ സ്കാൻ ചെയ്ത പതിപ്പ് എല്ലാവരുമായി പങ്ക് വെക്കുന്നതിൽ വളരെ സന്തോഷം ഉണ്ട്. അതിനു ഞങ്ങൾക്ക് ആവശ്യമായ സഹായം നൽകിയവർക്ക് ഒരിക്കൽ കൂടി നന്ദി.

ആദ്യമായി പങ്ക് വെക്കുന്നത് മംഗലാപുരം ബാസൽ മിഷൻ അച്ചുകൂടത്തിൽ നിന്ന് 1896-ൽ പുറത്തിറങ്ങിയ ഗുണ്ടർത്ത് പണ്ഡിതരുടെ ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാനാണ്. ഈ പുസ്റ്റകത്തിൻ്റെ സ്കാൻ സംഘടിപ്പിച്ചു തന്നത് കണ്ണൻ ഷണ്മുഖമാണ്. അദ്ദേഹത്തിനു പ്രത്യേക നന്ദി.

1896 – Life of Dr. H. Gundert

മലയാളത്തിൽ പുറത്തിറങ്ങിയ ആദ്യത്തെ ഗുണ്ടർട്ട് ജീവചരിത്രം ഇതാണെന്നാണ് തൊന്നുന്നത്. ഇതിനു മുൻപ് ജർമ്മനിലോ ഇംഗ്ലീഷിലോ ഗുണ്ടർട്ടിൻ്റെ ജീവചരിത്രം പുറത്തിറങ്ങിയോ എന്ന് അറിയില്ല.

ഇതിൻ്റെ രചയിതാവ് ആരാണെന്ന് പുസ്തകത്തിൽ പ്രത്യേകം രേഖപ്പെടുത്തി കാണുന്നില്ല. ബാസൽ മിഷൻ്റെ ഭാഗമായി ഇറങ്ങിയത് ആയതിനാൽ മിഷൻ്റെ  ആളുകൾ കൂട്ടായി എഴുതിയ ഒരു ഗ്രന്ഥം ആവാം ഇത്. പുസ്തകത്തിലെ ഭാഷയ്ക്ക് മൊത്തത്തിൽ മിഷൻ ഭാഷയോട് സാമ്യവും ഉണ്ട്.

പുസ്തകത്തിലെ  അച്ചടിയുടെ പ്രത്യേകതകളെ കുറിച്ച് പ്രത്യെകമായി എഴുതുന്നില്ല. അത് ഞങ്ങളുടെ പ്രബന്ധത്തിൽ കൈകാര്യം ചെയ്തിട്ടുണ്ടല്ലോ.

പുസ്തകത്തിൻ്റെ സ്കാൻ ഇവിടെ നിന്നു ലഭിയ്ക്കും:

പഴഞ്ചൊൽ മാല – ഹെർമ്മൻ ഗുണ്ടർട്ട് – 1845

ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യാൻ “Gundert legacy – a digitization  project of the University of Tuebingen”എന്ന പേരിൽ ഒരു പദ്ധതി താമസിയാതെ തുടങ്ങും എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ. ആ ശേഖരത്തിലുള്ള “ഒരആയിരം പഴഞ്ചൊൽ” “പഴഞ്ചൊൽ മാല” എന്നീ പുസ്തകങ്ങളുടെ സ്കാനുകൾ ഹൈക്കെ മോസർ പദ്ധതിയെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പിൻ്റെ ഭാഗമായി നമുക്ക് കൈമാറി (മാതൃഭൂമി വാർത്ത). ആ പുസ്തകങ്ങളിലെ  “ഒരആയിരം പഴഞ്ചൊൽ” കഴിഞ്ഞ പോസ്റ്റിൽ പരിചയപ്പെടുത്തി. ട്യൂബിങ്ങൻ ശെഖരത്തിൽ നിന്നു നമുക്ക് ലഭിച്ച രണ്ടാമത്തെ പുസ്തകമായ “പഴഞ്ചൊൽ മാല” എന്ന പുസ്തകമാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്.

1845 – പഴഞ്ചൊൽമാല

ഈ പുസ്ത്കത്തിൽ ഞാൻ ശ്രദ്ധിച്ച ചില സംഗതികൾ (കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ വായനക്കാരോട് അഭ്യർത്ഥിക്കുന്നു)

  • ഈ കൃതി 1845-ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ അച്ചടിച്ചു
  • മലയാള പഴഞ്ചൊല്ല്ലുകൾ ഉപയോഗിച്ച് ക്രൈസ്തവ മതതത്വങ്ങൾ വിശദീകരിക്കാനാണ് പുസ്തകത്തിൽ ശ്രമിച്ചിരിക്കുന്നത്. സമാന വിഷയം കൈകാര്യം ചെയ്യുന്ന പഴം ചൊല്ലുകൾ ആദ്യം പറഞ്ഞ്, പിന്നെ അതുപയോഗിച്ച് ക്രൈസ്തവമതതത്വങ്ങൾ വിശദീകരിക്കുകയാണ് പുസ്തകത്തിൻ്റെ പ്രധാന ഉദ്ദേശം. പുസ്തകത്തിൻ്റെ ഉള്ളടക്കത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ രേഖപ്പെടുത്താൻ ഈ വിഷയത്തെ കുറിച്ച് അറിവുള്ളവരോട് അഭ്യർത്ഥിക്കുന്നു.
  • പുസ്തകം മൂന്നു ഭാഗമായി തിരിച്ചിരിക്കുന്നു.
  • 1845-ൽ അച്ചടിച്ച ഈ പുസ്തകത്തിൽ മീത്തൽ രംഗപ്രവേശം ചെയ്തിട്ടില്ല. 1847-ൽ അച്ചടിച്ച സുവിശേഷകഥകൾ എന്ന പുസ്തകത്തിൽ മീത്തൽ രംഗപ്രവേശം ചെയ്യുന്നത് നമ്മൾ കണ്ടതാണ്. അതിനാൽ നിലവിൽ ഇതു വരെ നമുക്ക് കിട്ടിയ തെളിവ് വെച്ച് 1847-ൽ അച്ചടിച്ച സുവിശേഷകഥകൾ എന്ന പുസ്തകത്തിലാണ് മീത്തൽ ആദ്യമായി ഉപയോഗിച്ചതെന്ന് പറയാം. കുറച്ച് കൂടെ ഉറപ്പിച്ചു പറയാൻ ഇനി 1845നും 1847നും ഇടയിൽ ഇറങ്ങിയ മറ്റ് പുസ്തകങ്ങൾ കൂടെ കിട്ടണം.
  • ഏ, ഓ കാരങ്ങൾ ഈ പുസ്തകത്തിൽ ഉപയോഗിച്ചിട്ടില്ല.
  • മലയാള അക്കങ്ങൾ തന്നെ ഉപയോഗിച്ചിരിക്കുന്നു.

ട്യൂബിങ്ങൻ ശേഖരത്തിൽ നിന്നു ലഭിച്ച റോ സ്കാൻ പ്രോസസ് ചെയ്തു സഹായിച്ചത് മലയാളം വിക്കിപീഡിയനായ വിശ്വപ്രഭയാണ്. അദ്ദേഹത്തൊടുള്ള നന്ദി പ്രത്യേകം രേഖപ്പെടുത്തുന്നു. ട്യൂബിങ്ങൻ ശേഖരത്തിൽ നിന്നു വരുന്ന പുസ്തകങ്ങൾ ഒക്കെയും പദ്ധതി തീരുന്ന അവസാന ഘട്ടത്തിലേ എല്ലാ ഫയലുകളും പ്രോസസ് ചെയ്ത് നന്നാക്കുകയുള്ളൂ. അതു വരെ ഈ റോ സ്കാനുകൾ നമ്മുടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

ഒരആയിരം പഴഞ്ചൊൽ

ട്യൂബിങ്ങൻ സർവ്വകലാശാല ലൈബ്രറിയയിലുള്ള ഗുണ്ടർട്ട് ശെഖരം ഡിജിറ്റൈസ് ചെയ്യാൻ “Gundert legacy – a digitization  project of the University of Tuebingen”എന്ന പേരിൽ ഒരു പദ്ധതി താമസിയാതെ തുടങ്ങും എന്ന് കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നല്ലോ. ആ ശേഖരത്തിലുള്ള “ഒരആയിരം പഴഞ്ചൊൽ” “പഴഞ്ചൊൽ മാല” എന്നീ പുസ്തകങ്ങളുടെ സ്കാനുകൾ ഹൈക്കെ മോസർ പദ്ധതിയെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പിന്റെ ഭാഗമായി നമുക്ക് കൈമാറി (മാതൃഭൂമി വാർത്ത). ആ പുസ്തകങ്ങളിലെ  “ഒരആയിരം പഴഞ്ചൊൽ” എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്.

1850 - ഒരആയിരം പഴഞ്ചൊൽ
1850 – ഒരആയിരം പഴഞ്ചൊൽ
  • ഈ പുസ്തകം ലിത്തോഗ്രഫിക് രീതിയിൽ തലശ്ശേരി ബാസൽ മിഷൻ പ്രസ്സിൽ ആണ് അച്ചടിച്ചിരിക്കുന്നത്
  • അച്ചടിച്ച വർഷം 1850
  • ഗുണ്ടർട്ട് ഏതാണ്ട് 15 വർഷത്തൊളം കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച കാലയളവിൽ ശെഖരിച്ച 1000 പഴഞ്ചൊല്ലുകൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം
  • ഇതിനു മുൻപ് 1846-ൽ “അറുനൂറു മലയാളം പഴഞ്ചൊൽ”  എന്നൊരു പുസ്തകം തലശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സ്കറിയ സക്കറിയയുടെ ലിസ്റ്റിൽ കാണുന്നു. ഈ പുസ്തകം പക്ഷെ ട്യൂബിങ്ങൻ ശേഖരത്തിൽ ഇല്ല.  “അറുനൂറു മലയാളം പഴഞ്ചൊൽ”  ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ്  സ്കറിയ സക്കറിയ രേഖപ്പെടുത്തിയിരിക്കുന്നത്. അറുനൂറു മലയാളം പഴഞ്ചൊൽ എന്ന 1846-ലെ പുസ്തകം കൂടുതൽ പഴഞ്ചൊല്ലുകൾ ചേർത്ത് വിപുലീകരിച്ച്  പ്രസിദ്ധീകരിച്ചതാവാം “ഒരആയിരം പഴഞ്ചൊൽ”
  • 1850നു മുൻപുള്ള കുറച്ചധികം പുസ്തകങ്ങളുടെ സ്കാനുകൾ  നമ്മൾ ഇതിനകം പരിചയപ്പെട്ടതിനാൽ ലിപിപരമായി പ്രത്യേകിച്ചൊന്നും എടുത്തു കാണിക്കാൻ ഇല്ല. അത്ര വ്യാപകമല്ലെങ്കിലും മീത്തൽ ഈ പുസ്തകത്തിൽ ധാരാളം ഉണ്ട്. ഈ എന്ന അക്ഷരത്തിന്റെ രണ്ട് രൂപവും ഉണ്ട്. പക്ഷെ “ഈ” എന്ന രൂപം തന്നെ ആണ് കൂടുതലും. ലിത്തോഗ്രഫിക് പ്രിന്റിങ്ങ് ആയതിനാൽ അന്നത്തെ കൈയ്യെഴുത്തിലെ പോലെ  വാക്കുകൾക്ക് ഇടയിൽ സ്പേസോ ചിഹ്നങ്ങളോ ഒന്നും അങ്ങനെ ഉപയൊഗിച്ചിട്ടില്ല.

നമുക്കു ഇപ്പോൾ കിട്ടിയിരിക്കുന്ന സ്കാൻ റോ സ്കാനാണ്. ഇത് പ്രൊസസ് ചെയ്തെടുക്കാൻ സമയമെടുക്കും. പുസ്തകത്തിന്റെ സ്കാൻ ഇവിടെ നിന്ന് ലഭിക്കും.

 

സ്കൂൾ കുട്ടികളുടെ സഹായഹസ്തം

ഈ പുസ്തകം ലഭിച്ച ഉടൻ തന്നെ അത് ഡിജിറ്റൈസ് ചെയ്യാൻ തയ്യാറായി കൊല്ലം, കോട്ടയം, കണ്ണൂർ ജില്ലകളിലെ ചില കുട്ടികളും അദ്ധ്യാപകരും മുൻപോട്ട് വന്നു. അവർ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ അത് ഡിജിറ്റൈസ് ചെയ്തു. അത് മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് ചേർത്തു കഴിഞ്ഞു. അത് ഇവിടെ കാണാം. http://bit.ly/140XWLc

ഒരആയിരം പഴഞ്ചൊൽ ഡിജിറ്റൈസ് ചെയ്യാൻ സഹായിച്ച സ്കൂളുകൾ, കുട്ടികൾ, അദ്ധ്യാപകർ എന്നിവരുടെ പൂർണ്ണ വിവരം ഇവിടെ കാണാം. http://bit.ly/1azJ3ky

സ്കൂൾ കൂട്ടികളെ ഈ സവിശേഷ പദ്ധതിയിൽ അംഗമാക്കാൻ ഉത്സാഹിച്ച കണ്ണൻ മാഷിനും മറ്റ് അദ്ധ്യാപകർക്കും നന്ദി. കുട്ടികളുടെ പ്രയത്നത്താൽ സ്കാൻ കിട്ടിയതിനൊപ്പം തന്നെ യൂണിക്ക്കോഡ് മലയാളത്തിൽ അത് വിക്കിഗ്രന്ഥശാലയുടെ ഭാഗമാക്കാനും കഴിഞ്ഞു.

സായാഹ്ന ഫൗണ്ടെഷൻ

സ്കൂൾ കുട്ടികൾ ഇങ്ങനെ ഒരആയിരം പഴഞ്ചൊൽ ഡിജിറ്റൈസ് ചെയ്യുന്നു എന്ന് അറിയച്ചപ്പോൾ ഈ പുസ്തകം ടൈപ്പ് സെറ്റ് ചെയ്യാൻ തയാറായി സായാഹ്ന ഫൗണ്ടെഷനിലെ രാധാകൃഷ്ണൻ സാറും സംഘവും മുൻപോട്ട് വന്നു. വളരെ പെട്ടെന്ന് തന്നെ കുട്ടികൾ ഡിജിറ്റൈസ് ചെയ്ത ഉള്ളടക്കം ഉപയോഗിച്ച് PDF, ePUB ഫോർമാറ്റിലുള്ള ഇ-പുസ്തകങ്ങൾ നിർമ്മിച്ചു. അതിന്റെ കണ്ണികൾ താഴെ കൊടുക്കുന്നു.

സവിശേഷ മാതൃക

ഗുണ്ടർട്ട് ശെഖരം വരുന്നു എന്നത് ഉറപ്പായപ്പോൾ ചിന്തിച്ചിട്ടു പോലും ഇല്ലാത്ത ഒരു സവിശേഷമാതൃക ആണ്  ഒരആയിരം പഴഞ്ചൊലിന്റെ വിവിധ ഡിജിറ്റൽ പതിപ്പുകൾ നിങ്ങളുമായി പങ്ക് വെക്കുമ്പോൾ നടക്കുന്നത്. ജർമ്മനയിൽ നിന്ന് മലയാളപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ കിട്ടുന്നു, ആ സ്കാൻ കേരളത്തിലെ സ്കൂൾ കുട്ടികൾ ഏറ്റെടുത്ത് യൂണിക്കോഡ് മലയാളത്തിലാക്കി അത് വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്നു, ഉടൻ തന്നെ സായാഹ്ന ഫൗണ്ടേഷൻ മുൻപോട്ട് വന്ന് അത് വിവിധ രൂപത്തിലുള്ള ഇ-പുസ്തകം ആയി മാറ്റുന്നു. വിവിധ രാജ്യങ്ങളിൽ, വിവിധ പ്രായപരിധിയിൽ, വ്യത്യസ്ത മെഖലയിൽ പ്രവർത്തിക്കുന്നവർ ഒത്തു വന്നപ്പോൾ ഇതാ “ഒരു ഒരആയിരം പഴഞ്ചൊൽ” പൂർണ്ണമായി ഡിജിറ്റൽ മലയാളത്തിന്റെ അനശ്വരതയിലെക്ക് എത്തപ്പെട്ടു. എല്ലാവർക്കും നന്ദി.