1787 – ആകാശങ്ങളിൽ ഇരിക്കുന്ന ഞങ്ങളുടെ വാവ…

കഴിഞ്ഞ പോസ്റ്റിൽ നമ്മൾ മലയാളം, അറബി-മലയാളം ലിപിയിൽ എഴുതിയ ഒരു പുസ്തകം പരിചയപ്പെട്ടു.

മലയാളത്തിലുള്ള കർത്തൃപ്രാർത്ഥന റോമൻ ലിപിയിൽ എഴുതിയിരിക്കുന്ന ഒരു പുസ്തകം ആണ് ഇന്ന്  പരിചയപ്പെടുത്തുന്നത്. തെക്കേ ഇന്ത്യയിലെ ഭാഷകൾ റോമൻ ലിപിയിൽ എഴുതിക്കാൻ ബാസൽ മിഷൻകാർ നടത്തിയ ശ്രമത്തെകുറിച്ചുള്ള ഒരു പുസ്തകം ഇതിനു മുൻപ് നമ്മൾ പരിചയപ്പെട്ടിരുന്നല്ലോ.

ഈ  പുസ്തകത്തിന്റെ ഔദ്യോഗിക നാമം Saggio pratico – delle lingue എന്നാണ്.  1787-ൽ ആണ് ഈ പുസ്തകം ഇറങ്ങിയിരിക്കുന്നത്. 250നു മേൽ താളുകൾ.
ml_roman

 

വിവിധ ലോകഭാഷകളിൽ ഉള്ള കർത്തൃപ്രാർത്ഥന റോമൻ ലിപിയിൽ എഴുതിയിരിക്കുകയാണ്  ഈ പുസ്തകത്തിൽ. എന്നാൽ അതത് ഭാഷകളിലെ ലിപികൾ ഇതിനായി ഉപയോഗിച്ചിട്ടല്ല താനും.

 

  • ഭാരതത്തിൽ നിന്ന് മലബാറെ (മലയാളം), തമുലിക (തമിഴ്), തെലുങിക (തെലുങ്ക്), സംസ്കൃതം, കനാറി (കന്നഡ), ഗുസറാത്ത (ഗുജറാത്തി), മരസ്ട്ട (മാറാഠി), തുടങ്ങി കുറച്ചധികം ഭാഷകളിലെ റോമൻ ലിപിയിൽ എഴുതിയ കർത്തൃപ്രാർത്ഥന കാണാം. ഇതിൽ മലയാളം എന്തിനാണ് ആദ്യം കൊടുത്തിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.
  • മലയാളത്തിലുള്ള കർത്തൃപ്രാർത്ഥന 138 ആം താളിൽ (പിഡിഎഫിലെ 142ആം താളിൽ) ആണ്.

 

  • മലയാളത്തിലുള്ള കർത്തൃപ്രാർത്ഥനയ്ക്ക് ശേഷം ഒരു ചെറിയ കുറിപ്പ് കാണുന്നുണ്ട്. അതിൽ 1772 എന്ന വർഷവും കാണാം. 1772-ൽ മലയാളലിപി അച്ചടിച്ച ആൽഫബെത്തും, സംക്ഷേപം എന്നീ പുസ്തകങ്ങളെ കുറിച്ചുള്ള പരാമർശം ആയിരിക്കും ഇതെന്ന് ഊഹിക്കുന്നു. ഈ കുറിപ്പ് ആരെങ്കിലും ഒന്ന് മലയാളത്തിലോ ഇംഗ്ലീഷിലോ ആക്കാൻ സഹായിച്ചാൽ ചിലപ്പോൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുമെന്ന് തോന്നുന്നു.
  • റോമൻ മലയാളത്തിൽ ഉള്ള വേറെ ഏതെങ്കിലും കൃതി ഉള്ളതായി ആർക്കെങ്കിലും അറിയുമോ (ഇന്ന് ഓൺലൈൻ മലയാളത്തിൽ വ്യാപകമായി ഉപയൊഗിക്കുന്ന മംഗ്ലീഷ് എന്ന മറു പേരിൽ അറിയപ്പെടുന്ന റോമൻ മലയാള കൃതികളോ പ്രവാസി മലയാളികളിൽ പലരും ഉപയോഗിക്കുന്ന റോമൻ മലയാളം അച്ചടി പുസ്തകങ്ങളും അല്ല ഉദ്ദേശിച്ചത്. കുറഞ്ഞത് 1900-ത്തിനു മുൻപ് റോമൻ മലയാളലിപി യിൽ അച്ചടിച്ച പുസ്തകങ്ങൾ ഉണ്ടോ എന്നാണ് അറിയേണ്ടത്.)
  • രേഖയുടെ gpura.org കണ്ണി:കണ്ണി
  • രേഖയുടെ archive.org കണ്ണി:കണ്ണി

 

1905 – ലൂക്കായുടെ ഇഞ്ചീൽ – അറബി മലയാളത്തിൽ ഉള്ള കൃതി

പഴയ മലയാളപുസ്തകങ്ങൾ തേടിയുള്ള യാത്ര വളരെയധികം പുതിയ വിവരങ്ങൾ ആണ് തരുന്നത്. മലയാളപുസ്തകാന്വേഷണ യാത്രയിൽ കിട്ടിയ ഒരു സവിശേഷ കൃതി എല്ലാവരുമായി പങ്ക് വെക്കുന്നു.  ഈ പ്രവാശ്യം നമുക്ക് കിട്ടിയിരിക്കുന്നത് അറബി മലയാളം ഒരു കൃതിയാണ്.

അറബി മലയാളം എന്താണെന്ന് അറിയാത്തവർക്കായി ഒരു ചെറിയ ആമുഖം.

കേരളത്തിൽ പണ്ട് കാലത്ത് കൂടുതൽ മുസ്ലീം സമുദായാംഗങ്ങളും അറബി അക്ഷരമാല മാത്രമേ പഠിച്ചിരുന്നുള്ളൂ. ഖുർആൻ പാരായണമായിരുന്നു അറബി അക്ഷരമാല പഠിക്കുന്നതിന്റെ പ്രധാന ഉദ്ദേശം. ഇവരുടെ സാഹിത്യ രചനകൾ മലയാളത്തിന്റെ രൂപവും വ്യാകരണവും ഉള്ളവ ആയിരുന്നെങ്കിലും മലയാള ലിപിക്കു പകരം അറബിമലയാളം അക്ഷരമാലയിൽ ആയിരുന്നു എഴുതിയത്. ഈ വിധത്തിൽ മലയാള മൊഴികൾ അറബി ലിപി ഉപയോഗിച്ച് എഴുതുന്ന രീതിയാണ്‌ അറബി-മലയാളം. അറബിയിലെ അക്ഷരങ്ങൾ കൂടാതെ മലയാളത്തിലെ ബാക്കി എല്ലാ അക്ഷരങ്ങൾക്കും പ്രത്യേക ലിപികൾ ഉണ്ട്. കൂടുതൽ വായനയ്ക്കായി മലയാളം വിക്കിപീഡിയയിലെ അറബി മലയാളം എന്ന ലേഖനം കാണുക.

മതപ്രചരണത്തിനായി വന്ന മിഷണറിമാർക്ക് മുസ്ലീം സമുദായാംങ്ങളുടെ ഇടയിൽ ബൈബിൾ ലഭ്യമാക്കാൻ അറബി മലയാളത്തിൽ ബൈബിൾ ഇറക്കണം എന്ന നിലയായി. ആ വിധത്തിൽ 1905-ൽ മദ്രാസ് ബൈബിൾ ഓക്സിലറി സൊസൈറ്റിയിൽ നിന്ന് ഇറങ്ങിയ ലൂക്കായുടെ ഇഞ്ചീൽ (ലൂക്കോസിന്റെ സുവിശേഷം) ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

1905 - Gospel of Luke - Arabi - Malayalam
1905 – Gospel of Luke – Arabi – Malayalam

 

എനിക്ക് അറബി മലയാളം അറിയാത്തതിനാൽ ഇതിലുള്ള എഴുത്ത് ഒന്നും ഡീകോഡ് ചെയ്യുക നടക്കില്ല. അത് അറിയുന്നവർ ചെയ്യുമല്ലോ.

“മദ്രാസ് രായപ്പേട്ട ഹെസാൻ മുലൂക് ഗാർഡൻ എന്ന സ്ഥലത്ത് മിർസ കാസിം ബേഗ് സാഹേബ് അവർകളുടെ വക ഹിദായത്ത് പ്രെസ്സ് എന്ന അച്ചുകൂട്ടത്തിൽ അച്ചടിച്ചു പ്രസിദ്ധം ചെയ്തതാകുന്നു.” എന്നാണ് ടൈറ്റിൽ പേജിലുള്ള വിവരണം എന്ന് അറബി മലയാളം വായിക്കാൻ അറിയുന്ന റസിമാൻ പറഞ്ഞു തന്നു. കൂടുതൽ കാര്യങ്ങൾ നിങ്ങൾ തന്നെ പരിശോധിക്കുമല്ലോ.

ഏതാണ്ട് 270 താളുകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്.

നിലവിൽ നമുക്ക് ലഭ്യമായിരിക്കുന്ന ഏറ്റവും പഴയ അറബി മലയാളകൃതിയുടെ സ്കാൻ ഇതാണ്. എന്നാൽ അറബി മലയാളത്തിലുള്ള ക്ലാസിക്ക് കൃതികൾ ബൈബിളുമായി ബന്ധപ്പെട്ടതല്ലല്ലോ. അറബി മലയാളത്തിലുള്ള പുസ്തകങ്ങളുടെ സ്കാനുകൾ (1961നു മുൻപ് പ്രിന്റ് ചെയ്തവ മാത്രം) ലഭ്യമാക്കാൻ അറബി മലയാളത്തിലുള്ള കൃതികൾ കൈവശം ഉള്ളവർ ഉത്സാഹിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

 

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ലൂക്കായുടെ ഇഞ്ചീൽ
  • പ്രസിദ്ധീകരണ വർഷം: 1905
  • താളുകളുടെ എണ്ണം: 270
  • അച്ചടി: മദ്രാസ് രായപ്പേട്ട ഹെസാൻ മുലൂക് ഗാർഡൻ എന്ന സ്ഥലത്ത് മിർസ കാസിം ബേഗ് സാഹേബ് അവർകളുടെ വക ഹിദായത്ത് പ്രെസ്സ് എന്ന അച്ചുകൂട്ടത്തിൽ അച്ചടിച്ചു പ്രസിദ്ധം ചെയ്തതാകുന്നു.
  • രേഖയുടെ gpura.org കണ്ണി:കണ്ണി
    രേഖയുടെ archive.org കണ്ണി:കണ്ണി

ഗുണ്ടർട്ടിൻ്റെ ബൈബിൾ പരിഭാഷ (പുതിയ നിയമം-സമ്പൂർണ്ണം) – 1868

ഇതു വരെ നമ്മൾ പരിചയപ്പെട്ട ഗുണ്ടർട്ട് കൃതികൾ നിഘണ്ടുവും ഗുണ്ടർട്ട് ഭാഗികമായി പങ്കാളിയായ കാറ്റിസം ഓഫ് മലയാളം ഗ്രാമ്മറും ആണ്. എന്നാൽ ഗുണ്ടർട്ടിന്റെ സംഭാവന നിഘണ്ടുവിലും മലയാളവ്യാകരണത്തിലും ഒതുങ്ങുന്നില്ല. ഗുണ്ടർട്ട് ഒരു മിഷണറി ആയതിനാൽ സ്വാഭാവികമായും ബൈബിളിന്റെ മലയാളപരിഭാഷയും അദ്ദേഹത്തിന്റെ സവിശേഷ താല്പര്യമുള്ള വിഷയം ആയിരുന്നു. ആ വിധത്തിൽ അദ്ദേഹം പരിഭാഷ നിർവ്വഹിച്ച് 1868-ൽ പുറത്തിറങ്ങിയ  പുതിയ നിയമം (സമ്പൂർണ്ണം) മലയാള പരിഭാഷയുടെ സ്കാൻ ആണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

The New Testament of our Lord and Saviour Jesus Christ Translated into Malayalam - Hermann Gundert
The New Testament of our Lord and Saviour Jesus Christ Translated into Malayalam – Hermann Gundert

 

 

ബൈബിൾ പരിഭാഷയിലേക്ക് വരുമ്പോൾ ഗുണ്ടർട്ടിനു മുൻപിൽ ബെയിലിയുടെ മലയാള ബൈബിൾ സമ്പൂർണ്ണമായി (പഴയ നിയമവും പുതിയ നിയമവും) ഉണ്ടായിരുന്നു. അതിനാൽ തന്നെ ഗുണ്ടർട്ടിനു കാര്യങ്ങൾ കുറച്ച് കൂടെ എളുപ്പമായിരുന്നു എന്ന് തോന്നുന്നു. ഭാഷാപരമായി പരിഭാഷ കുറച്ച് കൂടെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് കാണാം.

ഇതിനകം നമ്മൾ ബെഞ്ചമിൻ ബെയിലിയുടെ ബൈബിൾ പരിഭാഷകളുടെ സ്കാനുകൾ പരിചയപ്പെട്ടതാണല്ലോ. അതിനാൽ ബൈബിളീൻ്റെ മലയാളം മലയാളം പരിഭാഷ എന്നതിനപ്പുറം പല കാരണങ്ങൾ കൊണ്ടാണ് ഞാൻ ഇന്ന് പരിചയപ്പെടുത്തുന്ന പുസ്തകത്തിന്റെ സ്കാൻ ശ്രദ്ധേയമാകുന്നത്.

ഞാൻ ഈ സ്കാനിൽ ശ്രദ്ധിച്ച കാര്യങ്ങൾ

  • 1868-ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിലാണ് ഇത് അച്ച്ടിച്ചിരിക്കുന്നത്.
  • 650ഓളം താളുകൾ ആണ് ഇതിനുള്ളത്
  • ഇതിലെ ഭാഷ വടക്കേ മലബാറിലെ ഭാഷയോട് ചേർന്നു നിൽക്കുന്നതാണ്.
  • ഇന്ന് വളരെ വിചിത്രം ആയി തോന്നുന്ന പേരുകൾ ആണ് വിവിധ ലേഖകർക്ക് കൊടുത്തിരിക്കുന്നത്. ഉദാ: മാർക്കൻ (മർക്കോസ്), പേത്രൻ (പത്രോസ്).
  • പിന്നീട് പാതിരി മലയാളം എന്ന വിളിക്കു കാരണമായി തീർന്ന സംവൃതോകാരം ഉ കാരമായി എഴുതുന്ന രീതി ഇതിൽ കാണാം.
  • മറ്റ് ബൈബിൾ പുസ്തകങ്ങളിലേക്ക് റെഫറൻസ് വരുന്ന ഇടങ്ങളിൽ തന്നെ അത് ഏത് പുസ്തകം ആണെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ 1876ലെ ബെയിലി പരിഭാഷയിൽ കണ്ട വിധതതിൽ വിപുലമായി ഒത്തുവാക്യം കൊടുത്തിട്ടില്ല താനും.
  • ചില്ല് കൂട്ടക്ഷരം ഉണ്ടാക്കുന്ന വാക്കുകൾ ഈ പുസ്തകത്തിലും (മുൻപ് കൈയ്യെഴുത്ത് പ്രതികളിൽ ഇത് നമ്മൾ ധാരാളം കണ്ടിരുന്നു) കാണാം. പ്രത്യേകിച്ച് ൾ എന്ന ചില്ല്. ഉദാ: പിഡിഎഫ് 15 ആം താളിലെ ഞങ്ങൾക്ക () എന്ന വാക്കു കാണുക.
  • 1868-ൽ ബാസൽ മിഷൻ പ്രസ്സിൽ നിന്ന് ഇറങ്ങിയ പുസ്തകം ആയതിനാലാവാം ഈ പുസ്തകത്തിൽ ചന്ദ്രക്കല ധാരാളമായി കാണാം. 1867ലെ പുസ്തകത്തിൽ ഭാഗികമായി ചന്ദ്രക്കല വന്നത് നമ്മൾ കണ്ടതാണ്. എന്നാൽ ഇത് ഇറങ്ങി കഴിഞ്ഞ് 8 വർഷം കഴിഞ്ഞ് (1876-ൽ) ഇറങ്ങിയ പുസ്തകം ആയിട്ടു പോലും സി.എം.എസ്. പ്രസ്സിന്റെ 1876ലെ ബെയിലി ബൈബിളിൽ ചന്ദ്രക്കല ഇല്ലായിരുന്നു എന്നത് ഓർക്കുക.
  • ഈ-യുടെ എന്ന രൂപം പൂർണ്ണമായി കളത്തിൽ ഇറങ്ങിയിരിക്കുന്നു. ( എന്ന രൂപം ഞാൻ എവിടെയും കണ്ടില്ല). 1867-ൽ ലെ പുസ്തകത്തിൽ ആയിരുന്നു പ്രധാനമെങ്കിൽ, 1868 ആയപ്പോൾ യുടെ ആധിപത്യം വന്നു തുടങ്ങി എന്ന് കാണാം. ചുരുക്കത്തിൽ മീത്തൽ, യുടെ രൂപം എന്നിങ്ങനെ കുറഞ്ഞത് രണ്ട് കാര്യങ്ങളിൽ മലയാളത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രധാനവർഷമായിരുന്നു 1868 എന്ന് പറയേണ്ടി വരും എന്ന് തോന്നുന്നു.

കൂടുതൽ പ്രത്യേകതകൾ ഈ പുസ്തകത്തിൽ നിന്ന് കണ്ടെടുക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

രേഖയുടെ gpura.org കണ്ണി:കണ്ണി
രേഖയുടെ archive.org കണ്ണി:കണ്ണി