1799 – Grammar of the Malabar Language – Robert Drummond

ശ്രീധരമേനോൻ്റെ  Kerala History and its Makers എന്ന പുസ്തകത്തിൽ 1799-ൽ ബോംബെയിൽ നിന്ന് പ്രസിദ്ധീകരിച്ച Grammar of the Malayalam Language എന്ന പുസ്ത്കത്തെ കുറിച്ച് ഒരു പരാമർശം ഉണ്ട്. അത് Robert Drummond എന്ന ഒരാളാണ് എഴുതിയത് എന്ന വിവരവും ഉണ്ട്. ഈ വിവരങ്ങൾ ആണ് ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ എന്നെ പ്രേരിപ്പിച്ചത്.

ഇതിനെകുറിച്ച്  വേറെ ഇടങ്ങളിൽ കുറച്ച് തപ്പിയപ്പോൾ Robert Drummond ഒരു സർജൻ ആയിരുന്നു എന്നും 1799-ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരച്ചത് എന്നും കണ്ടു. അങ്ങനെ തപ്പി പോയപ്പോൾ 1799-ൽ ബോംബെ കുറിയർ പ്രസ്സിൽ നിന്നു പ്രസിദ്ധീകരിച്ച Grammar of the Malabar Language എന്ന പുസ്തകത്തിന്റെ PDF കണ്ടെത്തി.

ഈ പുസ്തകത്തിനെ കുറിച്ച് എനിക്ക് മനസ്സിലായ കുറച്ച് വിവരങ്ങൾ പങ്ക് വെക്കുന്നു.

  • ഈ പുസ്തകത്തിന് ഏതാണ്ട് 150-ഓളം താളുകൾ ആണ് ഉള്ളത്.
  • Bhermajee Jeejebhoy എന്ന ഒരു പാർസി ആണ് മലയാളത്തിനായി അച്ചുകൾ ഉണ്ടാക്കിയത്.
  • ചതുരവടിവിലുള്ള മലയാള അക്ഷരങ്ങൾ ആണ് ഇതിൽ ഉപയൊഗിച്ചിരിക്കുന്നത്. 1811ൽ പുറത്ത് വന്ന റമ്പാൻ ബൈബിളും ഇതേ അച്ച് തന്നെ ആണ് ഉപയോഗിച്ചിരിക്കുന്നത്.
  • ഇംഗ്ലീഷിലുള്ള ഈ പുസ്തകത്തിൽ  ചില ഇംഗ്ലീഷ് വാക്കുകളിൽ “s” എന്ന അക്ഷരത്തിനു പകരം “f” നോട് സാദൃശ്യം ഉള്ള “long s” ആണ് പലയിടത്തും ഉപയോഗിച്ചിരിക്കുന്നത്.
  • “ഌ, ൡ” എന്നീ അക്ഷരങ്ങളുടെ ഉച്ചാരണവും ഉപയോഗവും ഒരുമിച്ച് അങ്ങനെ ആദ്യമായി കാണാൻ ഇടയായി.
  • “ംരം” എന്ന രൂപത്തിൽ ആണ് “ഈ” എല്ലായിടത്തും പ്രയോഗിച്ചിരിക്കുന്നത്. 19-ാം നൂറ്റാണ്ടിൻ്റെ അവസാനം വരേയും അതായിരുന്നു മലയാളത്തിൻ്റെ “ഈ”.
  • “ൻ്റെ” യുടെ വേറൊരു രൂപം കൂടി ഇതിൽ കണ്ടു. (റൻറ) എന്ന രൂപം ആണ് ഇതിൽ.
  •  “യ” ഒരു പ്രത്യേക രൂപം അവലംബിച്ചിരിക്കുന്നത് ടൈപ്പോഗ്രാഫർ അത് അത്തരത്തിൽ വരച്ചത് കൊണ്ടാണെന്ന് കരുതാം.
  • “ഴ” യുടെ ചില്ല് എന്ന് ഇന്ന് പറയുന്ന രൂപം , അനുസാരം ഇതിനെ രണ്ടിനേയും ഇന്ന് നമ്മൾ ചില്ല് (താൾ 141 കാണുക) എന്ന് പറയുന്ന ർ,ൻ,ൾ,ൻ,ൺ തിൻ്റെ ഒപ്പം തന്നെ ആണ് കൂട്ടിയിരിക്കുന്നത്. പക്ഷെ “യ” യുടെ ചില്ലിനെ കുറിച്ച് പരാമർശം കണ്ടില്ല.
  • മലയാള അക്കങ്ങൾക്കായി ഒരു അദ്ധ്യായം തന്നെ മാറ്റിവെച്ചിട്ടൂണ്ട്. (താൾ 15 മുതൽ) സാധാരണ മലയാളികൾക്ക് പൂജ്യം ഉപയോഗിക്കുന്ന ശീലം ഇല്ലായിരുന്നു എന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഈ പുസ്കത്തിലെ  മലയാള അക്കങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ എല്ലാം.
  • ഏ കാരത്തെയോ ഓ കാരത്തെയോ സ്വരങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. ഇതു രണ്ടും എപ്പോഴാണ് മലയാളഭാഷയിൽ എത്തപ്പെട്ടത്?

ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിവില്ലാത്തതിനാൽ   കൂടുതൽ നിരീക്ഷണങ്ങൾക്ക് മുതിരുന്നില്ല. ഭാഷാശാസ്ത്രത്തിൽ താല്പര്യമുള്ളവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും എന്നാണ് എന്റെ അനുമാനം.

ഇംഗ്ലീഷ് വിക്കിഗ്രന്ഥശാലയ്ക്ക് പുറമേ ഇത് മലയാളം ഗ്രന്ഥശാലയിലും വരണം എന്നാണ് എന്റെ അഭിപ്രായം.

1799-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകമാണ് മലയാളവ്യാകരണം ആദ്യമായി കൈകാര്യം ചെയ്ത ഇംഗ്ലീഷ് പുസ്തകം എന്ന് തോന്നുന്നു. ഇതിനു മുൻപ് 1772-ൽ ലാറ്റിനിൽ മലയാളവ്യാകരണഗ്രന്ഥം ഇറങ്ങിയതായി അറിയാം. അതിനു മുൻപുള്ളവയെ കുറിച്ച് അറിയില്ല.

ഈ പുസ്തകം ആരെങ്കിലും മലയാളത്തിലേക്ക് പരിഭാഷ ചെയ്തിരുന്നു എങ്കിൽ നന്നായേനെ എന്ന് തോന്നുന്നു.

ഡൗൺലോഡ് വിവരങ്ങൾ